വെളിപാടിന്റെ പുസ്തകം: വെളിക്കിരുത്തേണ്ട വെളിപാടുകൾ!
ഹരീ, ചിത്രവിശേഷം
![Velipadinte Pusthakam: A film by Lal Jose starring Mohanlal, Anna Rajan, Arun Kurian, Sarath Kumar etc. Movie Review by Haree for Chithravishesham Velipadinte Pusthakam: Chithravishesham Rating [2.00/10]](https://4.bp.blogspot.com/-BwAJPW75gdE/WajHz-nVTEI/AAAAAAAANhA/s-f8nQpeWx0V1FEPnL7xSy0iDnZZkCp8wCLcBGAs/2017-08-31_Velipadinte-Pusthakam.jpg)
വിനോദമൂല്യവും കലാമൂല്യവുമുള്ള എണ്ണം പറഞ്ഞ ചിത്രങ്ങൾ പുറത്തിറങ്ങുന്ന ഇക്കാലത്തും, ഇത്രമേൽ ഭാവനാരഹിതവും അതിനപ്പുറം വെറുപ്പിക്കലുമായ ഒരു തിരനാടകമെഴുതാൻ തൊലിക്കട്ടി കാണിച്ച ബെന്നി പി. നായരമ്പലത്തിനും, വെളിയിൽ ചാടേണ്ട അതെടുത്ത് സിനിമയാക്കിയ ലാൽ ജോസിനും നല്ല നമസ്കാരം. ഒന്നുമില്ലേലും കുറച്ചു സിനിമയൊക്കെ ചെയ്തു പരിചയമുള്ളോരല്ലേ, ഇതിൽ കാണിക്കുന്ന പോലെ മാഷും കുട്ട്യോളും കൂടെ ഹോസ്റ്റലുകെട്ടാൻ പിടിക്കുന്ന പടത്തിന്റെ നിലവാരമെങ്കിലും വേണ്ടേന്ന്. ഇതൊരുമാതിരി ആരോ വെളിക്കിരിക്കാൻ പോയപ്പോളുണ്ടായ വെളിപാടിൽ പിടിച്ച പടം പോലുണ്ട്! അപ്പളും ഇപ്പളും പുറത്തു വന്ന സാധനത്തെ ഒരേ പേരിൽ വിളിക്കാം; തെറ്റില്ല!
കഥാപാത്രങ്ങളും അതഭിനയിച്ചവരും കണ്ടോണ്ടിരിക്കുന്നവരെ വെറുപ്പിക്കുന്ന കാര്യത്തിൽ 'ഞാൻ മുന്നിൽ, ഞാൻ മുന്നിൽ' എന്ന വാശിയിലായിരുന്നു. ലാലങ്ങിനെ നിറഞ്ഞു നിന്നതിനാൽ പലർക്കും അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ അവസരം ലഭിച്ചില്ലാന്നു തോന്നി. എങ്കിലും കിട്ടിയ സമയത്തു പരമാവധി വെറുപ്പിച്ച വേഷമെന്ന ഖ്യാതി സലിം കുമാറിനു തന്നെ. മോഹൻലാലിനെ അനുകരിക്കുകയാണ് അനൂപ് മേനോൻ എന്ന പരാതി ഈ സിനിമയോടെ തീരും; മറിച്ചാണിതിന്റെ സിനിമാക്കഥ. സംവിധായകൻ കട്ടു പറഞ്ഞാലും അഭിനയം തുടരുന്ന നടന വൈഭവം, കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചു സ്വയം മറക്കൽ, ക്യാമറയ്ക്കു മുന്നിലെ പരകായപ്രവേശം; കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ഇനീപ്പോ ഇതൊന്നും കണ്ടില്ല എന്നാർക്കേലും പരാതിയുണ്ടെങ്കിൽ, ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം. എന്തായാലും, ഈ പരാക്രമങ്ങളൊന്നും അഭിനയത്തിന്റെ അളവുകോലല്ല, മനോരോഗത്തിന്റെ ലക്ഷണങ്ങളാണെന്നു കൂടി സിനിമ കാണിക്കുന്നുണ്ട്. അത്രയും നല്ലത്!
“എന്റമ്മേടെ ജിമിക്കി കമ്മൽ...”, അനിൽ പനച്ചൂരാനെഴുതി, ഷാൻ റഹ്മാൻ ഈണമിട്ട്, വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും പാടിയ ഈയൊരു ക്യാമ്പസ് ഗാനം മാത്രമാണ് ചിത്രത്തിൽ ആകെ രസിപ്പിച്ചത്. അതിപ്പോ യൂട്യൂബിൽ കണ്ടാലും മതീല്ലോ, ചായ കുടിക്കാനാനെന്തിന് ചായത്തോട്ടം വാങ്ങണം! റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, വയലാർ ശരത്ചന്ദ്രവർമ്മ, സന്തോഷ് വർമ്മ - ഇവരൊക്കെ ഓരോന്നു വീതം വരി നിന്നെഴുതിയ മറ്റ് ഗാനങ്ങളൊക്കെ തഥൈവയാണെന്നു കൂടി പറയണം.
'Velipadinte Pusthakam' brings Lal Jose and Mohanlal for the first time together, and ends up being one of the worst films in the two's career!
കഥയും കഥാപാത്രങ്ങളുമൊക്കെ ഈ വണ്ണമായ സിനിമയുടെ സാങ്കേതികമേന്മ നോക്കുന്നത് ചത്തകുഞ്ഞിന്റെ ജാതകമെഴുതിക്കുമ്പോലെ യുക്തിരഹിതമായ സംഗതിയാണ്. (ജാതകം തന്നെ യുക്തിരഹിതമാണ്, അതല്ല വിഷയം.) കോമഡിയാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു, “അറിഞ്ഞില്ല... ഈ അച്ഛൻ അറിഞ്ഞില്ല...” എന്ന നെടുമുടി വേണു ട്രോളൊക്കെ ഡയലോഗാക്കീട്ടുണ്ട് സിനിമയിൽ! കണ്ടോണ്ടിരുന്നപ്പോൾ നെടുമുടി വേണുവിന്റെ തന്നെ മറ്റൊരു ട്രോളാണ് മനസിലെത്തിയത്; “കൊല്ലാരുന്നില്ലേ, അതാരുന്നില്ലേ ഇതിലും ഭേദം!” - മനസിലാവുന്നുണ്ടല്ലോ അല്ലേ?അപ്പോ എന്തു പറഞ്ഞാണിതൊന്ന് അവസാനിപ്പിക്കുക. കണ്ടു കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആരേലും 'പടം എങ്ങനുണ്ടാർന്നു?' എന്നു ചോദിച്ചാൽ സഭ്യമായ ഭാഷേൽ കൊടുക്കാനൊരു മറുപടി കിട്ടാൻ നന്നായി പാടുപെടും. താരാരാധനയല്ലാതെ മറ്റെന്തേലും കൂടി തലയ്ക്കകത്തുള്ളവരുടെ കാര്യാണ്; അവർക്കു പിന്നെ അമേദ്യവും പാൽപ്പായസമാണല്ലോ! ചുരുക്കത്തിൽ, ഈ ഓണമോ ബക്രീദോ കോഞ്ഞാട്ടയാക്കാം എന്നു നേർച്ചയുണ്ടെങ്കിൽ മാത്രം തലവെയ്ക്കുക. അങ്ങനെയൊരുദ്ദേശം ഇല്ലാത്തവർ ഇതോടുന്ന തിയേറ്ററിന്റെ ഏഴയലത്തു പോലും പോവാതിരിക്കുക.
- Cast
- Mohanlal, Anoop Menon, Anna Rajan, Arun Kurian, Sarath Kumar, Priyanka Nair, Salim Kumar, Chemban Vinod Jose, Siddique, Jude Anthany Joseph, Shivaji Guruvayoor, Alencier Ley Lopez, Krishna Kumar, Vijay Babu etc.
- Crew
- Directed by Lal Jose
- Produced by Antony Perumbavoor
- Story, Screenplay, Dialogues by Benny P. Nayarambalam
- Cinematography by Vishnu Sharma
- Film Editing by Ranjan Abraham
- Background Score, Music by Shaan Rahman
- Art Direction by Ajay Mangad
- Costume Design by Sameera Saneesh
- Makeup by Sreejith Guruvayoor
- Lyrics by Anil Panachooran, Rafeeq Ahmed, Santhosh Varma, Vayalar Sarathchandra Varma, Manu Manjith
- Stunts by Mafia Sasi
- Choreography by Prasanna
- Stills by M.K. Mohanan (Momi)
- Designs by Jissen Paul
- Banner: Aashirvad Cinemas
- Released on: 2017 Aug 31
No comments :
Post a Comment