ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള (Review: Njandukalude Nattil Oridavela)

Published on: 9/02/2017 08:05:00 AM

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള: ഇടവേളയിൽ ഇടർച്ചയില്ലാതെ!

ഹരീ, ചിത്രവിശേഷം

Njandukalude Nattil Oridavela: Chithravishesham Rating [7.50/10]
'പ്രേമ'ത്തിലൊരു ചെറു റോളിലും പിന്നെ 'സഖാവി'ൽ നിവിനോടൊപ്പമൊരു മുഴുനീള റോളിലും പ്രത്യക്ഷപ്പെട്ട അൽ‌ത്താഫ് സലിം, ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന നിവിൻ പോളി ചിത്രത്തിലൂടെ. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവ് എന്നതിനാൽ, ആ നിലയ്ക്കും നിവിൻ പോളി ചിത്രമെന്ന വിശേഷണം യോജിക്കും. എന്നാൽ നിവിൻ പോളി നായകനായി മുൻ‌പിറങ്ങിയ 'നേര'മോ 'പ്രേമ'മോ അതുമല്ലെങ്കിൽ 'ജേക്കബ്ബിന്റെ സ്വർഗരാജ്യ'മോ ഒക്കെപ്പോലെയൊരു ചിത്രമല്ലിതെന്നും ഓർക്കുക. പോളി ജൂനിയർ പിൿചേഴ്സാണ് ബാനർ. ജോർജ്ജ് കോരയ്ക്കൊപ്പം ചിത്രത്തിന്റെ രചനയിലും അൽത്താഫ് പങ്കാളിയാണ്.

ആകെത്തുക : 7.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 7.50 / 10
  • 7.50 / 10
  • 8.00 / 10
  • 4.00 / 05
  • 3.00 / 05
ഗൌരവതരമായ വിഷയങ്ങൾ അതിന്റെ അന്തഃസത്ത നഷ്ടമാവാതെ സിനിമയിൽ കൊണ്ടുവരിക ശ്രമകരമാണ്. അതു തന്നെ സരസമായി ചെയ്യുക എന്നത് അതിലേറെ ശ്രമകരമാണ്. സമകാലീന പ്രസക്തിയുള്ള അത്തരമൊരു വിഷയം, നർമ്മത്തിന്റെ മേമ്പൊടിയോടെ, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയിൽ. വിലകുറഞ്ഞ ഹാസ്യമല്ല, മറിച്ച് കഥാഗതിയിൽ സാന്ദർഭികമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള, അവസരത്തിൽ നിന്നും മാറ്റി നോക്കിയാൽ പ്രത്യേകിച്ചൊന്നും തോന്നാത്തതരം നർമ്മമാണിതിൽ കാണാനാവുക. കഥ വേഗത്തിൽ തന്നെയാണ് പോവുന്നതെങ്കിലും, അതിന്റെ ഒഴുക്ക് ശാന്തമാണ്. ചിത്രത്തിനു സ്വീകരിച്ചിരിക്കുന്ന ഈയൊരു സമീപനം ഇടയ്ക്കല്പം മുഷിപ്പിക്കുമെന്നതൊഴിച്ചാൽ, രചനയിലും സംവിധാനത്തിലും അൽത്താഫ് മികച്ചു നിൽക്കുന്നു.

ശാന്തികൃഷ്ണ അവതരിപ്പിക്കുന്ന ഷീല ചാക്കോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ലാൽ, നിവിൻ പോളി, സൃന്ദ അർഹാൻ, അഹാന കൃഷ്ണ, സിജു വിത്സൺ, കെ.എ. ആന്റണി എന്നിവരൊക്കെ ഷീലയുടെ കുടുംബത്തിലെ വിവിധ അംഗങ്ങളായും; ഐശ്വര്യ ലക്ഷ്മി, കൃഷ്ണ ശങ്കർ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ഷറഫുദീൻ എന്നിവരൊക്കെ ഇവരോരോരുത്തരോടും ബന്ധപ്പെട്ടു നിൽക്കുന്നവരായും ചിത്രത്തിലുണ്ട്. ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് ഇവരോരുത്തരും പുറത്തെടുത്തിട്ടുള്ളത് എന്നത് സിനിമയുടെ മാറ്റേറ്റുന്നു.

മുകേഷ് മുരളീധരൻ പകർത്തി ദിലീപ് ഡെന്നീസ് ചേർത്തുവെച്ചിരിക്കുന്ന ദൃശ്യങ്ങൾ സിനിമയ്ക്കുതകുന്നു. ഇടയ്ക്ക് ചിലയിടങ്ങളിൽ സംഭാഷണങ്ങളേക്കാൾ ഉച്ചത്തിലായി എന്നതു വിട്ടു കളഞ്ഞാൽ, ജസ്റ്റിൻ വർഗീസ് തയ്യാറാക്കിയ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് യോജിച്ചു നിന്നു. നിവിൻ പോളി നായകനായതു കൊണ്ടും, പുള്ളിക്കിടയ്ക്കൊരു പ്രേമം വരുന്നതു കൊണ്ടും മാത്രം വരുന്നൊരു പാട്ടാണ് "എന്താവോ, ഇതെന്താവോ...". എന്തായാലും പുള്ളിയുടെ പ്രേമം സിനിമയ്ക്കൊരു വിഷയമല്ലാത്തതിനാൽ, “എന്തിനാണോ, ഇതെന്തിനാണോ...” എന്നാരേലും മാറ്റി മൂളിയാലതിൽ തെറ്റു പറയാനില്ല.

'Njandukalude Nattil Oridavela' discusses a relevant topic in a lighter vein without spoiling the plot or over dramatizing the content.
ഈ സിനിമയെക്കുറിച്ച് എത്രയും കുറവറിഞ്ഞ് കാണാൻ കയറുന്നോ അത്രയും നല്ലത്. അതിനാൽ കഥയുടെയൊരു സൂചന പോലും ഇവിടെ പറയുന്നില്ല. കാമ്പൊന്നുമില്ലാത്ത കുറേ വാചകമടിയും കണ്ടുമടുത്ത കഥാ‍സന്ദർഭങ്ങളുമൊക്കെ ഒഴിവാക്കി, അർത്ഥവത്തായ സിനിമകളെഴുതി അത് തിരശീലയിലെത്തിക്കാൻ കഴിവുള്ളൊരു യുവനിര ഇവിടെയുണ്ടെന്ന് ഈ ചിത്രം അടിവരയിടുന്നു. സിനിമാരംഗത്തുള്ള തലമുതിർന്ന അമ്മാവന്മാർക്കിനിയും അങ്ങിനെയൊരു വെളിപാടുണ്ടാവുന്നില്ല, അവരിപ്പോഴും അവർക്കാകെയറിയാവുന്ന തരികിടകൾ പയറ്റുന്നത് കാണേണ്ടിവരുന്നു എന്നൊരു ഗതികേടിനിടയിൽ, ഇത് നൽകുന്നയാശ്വാസം ചെറുതല്ല. എന്തായാലും, ഈ ഓണക്കാലത്തൊരു സിനിമ കാണാൻ ആലോചിക്കുന്നെങ്കിൽ, ആദ്യം ടിക്കറ്റെടുക്കേണ്ടത് 'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള'യെടുക്കുന്ന ഷീല ചാക്കോയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന അൽത്താഫ് സലിം ചിത്രത്തിനു തന്നെയെന്നതിൽ സംശയിക്കാനില്ല.

Cast & Crew

Cast
Shanthi Krishna, Lal, Nivin Pauly, Krishna Shankar, Ahaana Krishna, Siju Wilson, Srinda Arhaan, Aishwarya Lekshmi, Sharafudheen, K.A. Antony, Dileesh Pothan, Saiju Kurup etc.
Crew
Directed by Althaf Salim
Produced by Nivin Pauly
Story, Screenplay, Dialogues by George Kora, Altaf Salim
Cinematography by Mukesh Muraleedharan
Film Editing by Dileep Dennis
Background Score, Music by Justin Varghese
Art Direction by Sabu Mohan
Costume Design by Stephy Xaviour
Makeup by Ronex Savior
Lyrics by Santhosh Varma
Stills by Hasif Hakeem
Designs by Old Monks
Banner: Pauly Jr Pictures
Released on: 2017 Sep 01

No comments :

Post a Comment