ദി ഗ്രേറ്റ് ഫാദർ: അതിമാനുഷികതയുടെ അച്ഛൻ രൂപം
ഹരീ, ചിത്രവിശേഷം
![The Great Father: A film by Haneef Adeni starring Mammootty, Anikha, Arya, Sneha, Malavika Mohanan, Miya etc. Movie Review by Haree for Chithravishesham. The Great Father: Chithravishesham Rating [5.00/10]](https://3.bp.blogspot.com/-LxZ9qVP0NOU/WN26Z7VEi_I/AAAAAAAANM4/zmSNU-a2veEgcaj1GTW08tZrF7hduaUVACLcB/2017-03-30_The-Great-Father.jpg)
കാര്യം പുതിയതൊന്നുമല്ലെങ്കിലും, സമകാലീന സാഹചര്യത്തിൽ പ്രസക്തി കൂടിവരുന്നൊരു വിഷയം, ഒരു വിനോദചിത്രത്തിലൂടെ പറയാനാണ് ഹനീഫ് അദേനിയുടെ ശ്രമം. ഡേവിഡ് നൈനാന്റെ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തെ ഭംഗിയായി അവതരിപ്പിക്കാൻ ഹനീഫിനായി. അനീതിക്ക് പാത്രമാകേണ്ടി വരുന്ന ഒരു അച്ഛന്റെ വേദനയെ നന്നായി തന്നെ പ്രതിഫലിപ്പിച്ചു ഈ ഭാഗങ്ങളിൽ മമ്മൂട്ടി. മകൾ സാറയെ അവതരിപ്പിച്ച അനിഖയും അവതരണത്തിൽ മികവു പുലർത്തിയപ്പോൾ, അച്ഛൻ-മകൾ ബന്ധം വളരെ നന്നായിത്തന്നെ തിരശീലയിൽ കാണാനായി.
എന്നാൽ പാതി കഴിയുന്നതോടെ ചിത്രത്തിന്റെ താളം തെറ്റുന്നു. അനാവശ്യമായ ഉപകഥകളും കഥാപാത്രങ്ങളുമൊക്കെയായി എന്തൊക്കെയോ കാട്ടിക്കൂട്ടലുകളായി മാറുന്നു ഡേവിഡ് നൈനാന്റെയും ഒപ്പം ആര്യ അവതരിപ്പിക്കുന്ന ഫ്രീക്കൻ പോലീസിന്റെയും അന്വേഷണയാത്രകൾ. ചുമ്മാ മന്ദഗതി നടത്തവും, കാതടിപ്പിക്കുന്ന പശ്ചാത്തലശബ്ദവും ഇടയ്ക്കിടെ ചേർത്താൽ സിനിമ 'മാസാ'വുമെന്ന ധാരണ ഹനീഫയ്ക്ക് ഉണ്ടെന്നു തോന്നി പലപ്പോഴും. ക്ലൈമാക്സിലുൾപ്പടെയുള്ള ആക്ഷൻ രംഗങ്ങൾക്കുമില്ല പറയത്തക്ക മികവ്.
മമ്മൂട്ടിയും അനിഖയും കഴിഞ്ഞാൽ, ആര്യയ്ക്കാണ് സിനിമയിൽ പ്രസക്തമായെന്തിങ്കിലും ചെയ്യാനുള്ളത്. കൂട്ടിന് മാളവികയുടെ പോലീസ് ഉദ്യോഗസ്ഥയുമുണ്ട്. സ്നേഹ അവതരിപ്പിച്ച നായികയേക്കാൾ ശ്രദ്ധ നേടുന്നത് മിയയുടെ ഡോക്ടർ കഥാപാത്രമാണ്. ഐ.എം. വിജയന്റേതുൾപ്പടെ മറ്റ് കഥാപാത്രങ്ങൾക്ക് തലകാണിച്ച് പോവുക എന്നതിൽ കവിഞ്ഞൊന്നും ചെയ്യാനില്ല. കലാഭവൻ ഷാജോണിന്റെ, പ്രചാരത്തിൽ മുന്നിൽ നിൽക്കുന്ന പത്രത്തിന്റെ മുതിർന്ന പ്രാദേശിക ലേഖകൻ വേഷം, അത്രകണ്ട് വിശ്വസനീയമായി തോന്നിയില്ല. അഭിലാഷ് ഹുസൈൻ, സന്തോഷ് കീഴാറ്റൂർ, ദീപക് പറമ്പോൾ, ബൈജു വി.കെ. തുടങ്ങിയവരൊക്കെയാണ് മറ്റ് അഭിനേതാക്കൾ.
'The Great Father' presents Mammootty in a heroic father figure, who competes with the police to make sure justice is served.
റോബി വർഗീസ് രാജിന്റെ ക്യാമറ നൽകുന്ന ദൃശ്യമികവാണ് 'ദി ഗ്രേറ്റ് ഫാദറി'ന്റെ മാറ്റേറ്റുന്ന ഒരു ഘടകം. രംഗനാഥ് രവിയുടെ ശബ്ദ സംവിധാനത്തിൽ ഉപയോഗിക്കപ്പെട്ട സുശീൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ആവിശ്യത്തിലധികം ശബ്ദമാനമാക്കി അന്തരീക്ഷം. ഗാനങ്ങൾക്ക് പ്രത്യേകിച്ചൊരു സ്ഥാനമൊന്നും സിനിമയിലില്ല; ഒരു ഗാനം മാത്രമേ മുഴുവനായുള്ളൂ, അത് തുടക്കത്തിലേ തീരും എന്നതൊരു ആശ്വാസം.മമ്മൂട്ടിയെ നായകനാക്കി അടുത്തിറങ്ങിയ സിനിമകളിൽ കണ്ടിരിക്കാൻ പാകത്തിനൊന്ന് എന്ന നിലയ്ക്ക് 'ദി ഗ്രേറ്റ് ഫാദർ' വിജയിച്ചേക്കാം. ഒരു താരാഘോഷ ചിത്രമാണ് പ്രതീക്ഷിച്ചെത്തുന്നവരെ 'ദി ഗ്രേറ്റ് ഫാദർ' നിരാശപ്പെടുത്തും. ആരാധകർക്ക് കൈയ്യടിക്കാൻ പാകത്തിന് ചില നമ്പരുകൾ അവിടവിടെയുണ്ടെങ്കിലും, ആദ്യാവസാനം അതല്ലാത്തതിനാൽ കുടുംബവുമായെത്തുന്ന പ്രേക്ഷകർക്കും സിനിമ കണ്ടിരിക്കാം എന്നതാണിതിന്റെ ഗുണവശം. അതിന്റെ മാത്രം പച്ചയിൽ എത്രനാൾ സാറയുടെ പപ്പയ്ക്ക് തിയേറ്ററുകൾ ഭരിക്കാമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
- Cast
- Mammootty, Anikha, Arya, Sneha, Malavika Mohanan, Miya, Santhosh Keezhattoor, Kalabhavan Shajon, Abhilash Hussain, I.M. Vijayan, Baiju V.K. etc.
- Crew
- Directed by Haneef Adeni
- Produced by Prithwiraj Sukumaran, Shaji Natesan, Arya, Santhosh Sivan
- Story, Screenplay, Dialogues by Haneef Adeni
- Cinematography by Roby Varghese Raj
- Film Editing by Noufal Abdullah
- Background Score Sushin Shyam
- Art Direction by Subash
- Costume Design by Stephy Xavior
- Makeup by Ronex Xavier
- Music by Gopi Sunder
- Lyrics by Hari Narayanan
- Stunts by G
- Choreography by Name
- Stills by Sreenath N. Unnikrishnan
- Designs by Collins Leophil
- Banner: August Cinema
- Released on: 2017 Mar 30
No comments :
Post a Comment