C/O സൈറ ബാനു: അത്ര കെയർഫുള്ളായില്ല കാര്യങ്ങൾ!
ഹരീ, ചിത്രവിശേഷം
![C/O Saira Banu: A film by Antony Sony starring Manju Warrier, Amala Akkineni, Shane Nigam, Niranjana Anoop etc. Movie Review by Haree for Chithravishesham. C/O Saira Banu: Chithravishesham Rating [4.75/10]](https://2.bp.blogspot.com/-gSwlUISl0zI/WM4bd1lP3tI/AAAAAAAANMA/j8HaN3U--aIOZk5zSFKk9wEQYZMKxgE5ACLcB/s1600/2017-03-18_CO-Saira-Banu.jpg)
ആദ്യ പാതിയിൽ വളർത്തമ്മയായ സൈറയും മകന്റെ സ്ഥാനത്തുള്ള ജോഷ്വയും തമ്മിലുള്ള ചില രംഗങ്ങളുടെ കൗതുകവും രണ്ടാം പാതിയിൽ മഞ്ജു വാര്യരുടെ അഭിനയമികവിൽ ശ്രദ്ധ നേടുന്ന ചില മുഹൂർത്തങ്ങളും; ഇത്രയുമൊക്കെ തന്നെയേ 'C/O സൈറ ബാനു'വിൽ എടുത്തു പറയാനായുള്ളൂ. മഞ്ജു വാര്യരുടെ അഭിനയം വിശ്വാസത്തിലെടുത്ത് സംഭാഷണങ്ങൾ ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ മെച്ചമാവുമായിരുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്, സൈറയും ആനിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച ഒരുദാഹരണം. സാമാന്യബുദ്ധിയ്ക്ക് നിരക്കുന്ന കാര്യങ്ങളല്ല ആനി ജോണെന്ന ഇരുത്തം വന്ന ക്രിമിനൽ വക്കീലിന്റെ ചെയ്തികളും പിന്നെ ക്ലൈമാക്സിൽ നടക്കുന്ന കോടതി നടപടികളും. ഇത്തരം യുക്തിഭംഗങ്ങൾക്ക് ഇളവു നൽകി ശീലമുള്ളതുകൊണ്ട് വേണമെങ്കിൽ അതൊക്കെ കണ്ണടച്ച് വിടാമെന്നു മാത്രം. എങ്കിലും ഒരു കുടുംബചിത്രം എന്നതിനപ്പുറം ഒരു ത്രില്ലർ ചിത്രമായിക്കൂടി ഒരു സിനിമയെ മാറ്റാൻ ശ്രമിക്കുമ്പോൾ കുറച്ചുകൂടിയൊക്കെ ശ്രദ്ധ രചനയിൽ കൊണ്ടുവരാം. അതില്ലാത്തതിന്റെ പരിക്കുകളൊക്കെ സിനിമയ്ക്കുണ്ട് താനും.
ആനിയെന്ന ക്രിമിനൽ വക്കീലിനെ സ്ഥാപിച്ചെടുക്കാനുപയോഗിച്ച ആദ്യ കോടതി രംഗം മുതൽ അമലയുടെ പ്രകടനം നിരാശപ്പെടുത്തി. അങ്ങനെയുള്ള മുൻ രംഗങ്ങളിലൂടെയൊരു സ്ഥാപിക്കലൊന്നുമില്ലാതെ, ആകസ്മികമായി ആ കഥാപാത്രത്തെ കഥയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ ഇതിലും ഭംഗിയാവാനായിരുന്നു സാധ്യത. നിരഞ്ജന അനൂപ്, രാഘവൻ, ജോൺ പോൾ, ജോയ് മാത്യു, ജഗദീഷ്, ഗണേഷ് കുമാർ, പി. ബാലചന്ദ്രൻ, സുനിൽ സുഖദ, കൊച്ചു പ്രേമൻ എന്നിങ്ങനെ ഒട്ടേറെ അഭിനേതാക്കൾ ചെറുവേഷങ്ങളിൽ ചിത്രത്തിൽ വന്നും പോയുമുണ്ട്; കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് ബിജു സോപാനം അവതരിപ്പിച്ച സുബ്ബുവെന്ന വക്കീലാണ്. മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജിനെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ കഥാപാത്രമായ പീറ്റർ ജോർജ്ജിനു ശബ്ദം നൽകി മോഹൻലാലും ചിത്രത്തിൽ പങ്കാളിയാവുന്നു.
'C/O Saira Banu' does have an interesting plot, but the makers hardly could make it into an engaging cinematic experience!
വളർത്തു മകനാണെങ്കിലും, ചെയ്യാത്തൊരു കുറ്റത്തിൽ നിന്നും അവനെ രക്ഷിച്ചെടുക്കാനായി സാധാരണക്കാരിയായ ഒരുവൾ നടത്തുന്ന കോടതി പോരാട്ടം; എതിർഭാഗത്തുള്ളതോ അതിപ്രഗത്ഭയെന്ന് പേരെടുത്തൊരു ക്രിമിനൽ അഭിഭാഷകയും. ഒറ്റവരിയിലെഴുതുമ്പോൾ കിടിലമെന്ന് പറയാവുന്നൊരു കഥാതന്തു തീർച്ചയായും ചിത്രത്തിനുണ്ട്. എന്നാലത് തിരശീലയിലെത്തിയപ്പോൾ ശുഷ്കമായൊരു സിനിമാശ്രമം മാത്രമായി ചുരുങ്ങി. സൈറ ബാനുവിന് ജോഷ്വയോടുള്ള കരുതലിന്റെ കഥ പറഞ്ഞ ചിത്രത്തിന് അതർഹിക്കുന്ന കരുതലോടെയൊരു പരിചരണം അണിയറക്കാരിൽ നിന്നും ഉണ്ടായില്ല. അതിനാൽ തന്നെ വെറുതേ കണ്ടു മറക്കാവുന്നൊരു ശരാശരിചിത്രമായി 'C/O സൈറ ബാനു' ഒടുങ്ങുകയും ചെയ്യുന്നു.കൺഫ്യൂഷൻ തീർക്കണമേ!: സാക്ഷിമൊഴിയുൾപ്പടെയുള്ള തെളിവുകൾ എതിരായി നിൽക്കുന്ന, സമ്പത്തോ സ്വാധീനമോയില്ലാത്ത ഒരു കൊലക്കേസ് പ്രതി, പത്തു ദിവസത്തിൽ എല്ലാ കേസുകളിൽ നിന്നുമൊഴിവായി വിദേശത്തേക്ക് പറക്കാൻ സാഹചര്യമുള്ള ഏത് ഫാസ്റ്റ് ട്രാക്ക് കോടതിയാണോ ഇന്ത്യാ മഹാരാജ്യത്തുള്ളത്!
- Cast
- Manju Warrier, Amala Akkineni, Shane Nigam, Niranjana Anoop, Raghavan, Sujith Sankar, Jagadeesh, Ganesh Kumar, P. Balachandran, Joy Mathew, Indrans, John Paul, Sunil Sukhada, Biju Sopanam, Kochu Preman etc.
- Crew
- Directed by Antony Sony
- Produced by Maqtro Pictures, RV Films & Eros International
- Story / Screenplay, Dialogues by R.J. Shaan / Bipin Chandran, R.J. Shaan
- Cinematography by Abdul Rahim
- Film Editing by Sagar Dass
- Music / Background Score by Mejo Joseph
- Art Direction by Cyril Kuruvila
- Costume Design by Sameera Saneesh
- Makeup by Shaji Pulpally
- Lyrics by Harinarayanan, Gilu Joseph
- Stills by Toms TGO
- Designs by OldMonks
- Banner: Eros International
- Released on: 2017 Mar 18
No comments :
Post a Comment