ഒരു മുത്തശ്ശി ഗദ: ഒരു ഗലഗലക്കൻ ഗദ!
ഹരീ, ചിത്രവിശേഷം
![Oru Muthassi Gadha: A film by Jude Anthany Joseph starring Rajini Chandy, Bhagyalakshmi, Suraj Venjaramoodu, Lena, Aparna Balamurali etc. Movie Review by Haree for Chithravishesham Oru Muthassi Gadha: Chithravishesham Rating [7.50/10]](https://4.bp.blogspot.com/-FH1NaqhX55Y/V9qgxwsoFFI/AAAAAAAAMmQ/bBxokswYxAQ2qElVofZw9Iubkj6eoYKPwCLcB/2016-09-14_Oru-Muthassi-Gadha.jpg)
വീട്ടിലുള്ളവരെയും വീട്ടിൽ ജോലിക്കെത്തുന്നവരെയും എന്തിന് ചുറ്റുവട്ടത്തുള്ളവരെപ്പോലും വിറപ്പിച്ചു നിർത്തുന്ന ലീലാമ്മയെന്ന റൗഡി മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. ആ മുത്തശ്ശിക്കു കൂട്ടായൊരു ന്യൂജെൻ മുത്തശ്ശിയെത്തുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. ജീവിതത്തിൽ ചെയ്യാൻ ബാക്കിവെച്ച കാര്യങ്ങൾ ചെയ്തു തീർക്കാനായി രണ്ടു പേരും കൂടി ഉദ്യമിക്കുന്നതും, അതിനൊപ്പം നടക്കുന്ന സംഭവപരമ്പരകളുമൊക്കെയാണ് സിനിമയിൽ പിന്നെ കാണാനുള്ളത്. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രായമായ അച്ഛനമ്മമാരെന്ന മുഖവുരയോടെ തുടങ്ങുന്ന സിനിമ ഒടുക്കമെത്തുമ്പോൾ, അവർ കൂടി സഹകരിച്ചാൽ, അവരൊരു പ്രശ്നമേയല്ലെന്ന് പറഞ്ഞു വെയ്ക്കുന്നു.
നിവിൻ പോളി നൽകിയ കഥാതന്തുവിൽ നിന്നുമാണ് ജൂഡ് ചിത്രത്തിനു കഥ മെനഞ്ഞിരിക്കുന്നത്. എങ്കിലും, ചിത്രത്തിൽ തന്നെ സൂചനയുള്ളതു പോലെ, രണ്ടായിരത്തിയേഴിൽ പുറത്തിറങ്ങിയ 'ദി ബക്കറ്റ് ലിസ്റ്റെ'ന്ന ഇംഗ്ലീഷ് ചിത്രവും ജൂഡിനു പ്രചോദനമായിരിക്കണം. അവിശ്വസനീയതകൾ ചിലയിടത്തുണ്ടെങ്കിലും, മലയാളിയുടെ സാമൂഹിക പരിസരങ്ങൾക്കിണങ്ങും വിധം ആ ഒരു ആശയത്തെ പരുവപ്പെടുത്തി, അതും രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെ പറയാൻ, ജൂഡ് കാണിച്ച ധൈര്യം അഭിനന്ദനീയം തന്നെ. അത് ഭംഗിയായി ചെയ്തുവെയ്ക്കാനായി എന്നത് ജൂഡിലെ സംവിധായകന്റെ മാറ്റേറ്റുകയും ചെയ്യുന്നു.
കൃത്യമായ കാസ്റ്റിംഗും, ഓരോരുത്തരുടെയും മികവോടെയുള്ള പ്രകടനവും - ഇതു രണ്ടുമാണ് ചിത്രത്തിന്റെ മികവിനു പിന്നിലെ പ്രധാന ഘടകങ്ങൾ. രജനി ചാണ്ടിയുടെ ലീലാമ്മയും ഭാഗ്യലക്ഷ്മിയുടെ സൂസമ്മയും - രണ്ടു മുത്തശ്ശിമാരും ചിത്രത്തിൽ കസറി. സുരാജ് വെഞ്ഞാറമ്മൂടിന്റെ മറ്റൊരു നല്ല കഥാപാത്രത്തെയും ഇതിൽ കാണാം. ലെന, അപർണ, ബംഗാളി ബാബുവിനെ അവതരിപ്പിച്ച അപ്പു, വിജയരാഘവൻ, രമേഷ് പിഷാരടി തുടങ്ങി മറ്റ് പ്രധാന വേഷങ്ങളിലെത്തിയവരും മോശമായില്ല. ഒരുപക്ഷെ, ഏറ്റവുമധികം അതിഥി താരങ്ങൾ അണിനിരന്ന ചിത്രമെന്ന റെക്കാർഡും ഇതിനാവും; അത്രയധികം പേരുണ്ട് ഒറ്റ രംഗത്തിലോ ഗാനത്തിലോ വന്നു പോവുന്നവരായി ഈ ചിത്രത്തിൽ!
'Oru Muthassi Gadha' follows the director's previous movie 'Ohm Shanthi Oshaana' in the way it is told and succeeds to captivate the viewers for a second time.
ജൂഡിന്റെ കഥപറച്ചിലിനു ചേരും വിധം വിനോദ് ഇല്ലമ്പള്ളി പകർത്തിയ ദൃശ്യങ്ങൾ, അവയുടെ മികവോടെയുള്ള ലിജോ പോളിന്റെ മിശ്രണം, കൂട്ടിന് രസം കളയാതെ ഷാൻ റഹ്മാന്റെ സംഗീതമുപയോഗിച്ചു ചെയ്തു ചേർത്ത പശ്ചാത്തല ശബ്ദസംവിധാനം - 'ഒരു മുത്തശ്ശി ഗദ'യുടെ പിന്നണിയിൽ അധ്വാനിച്ചവരുടെ ശ്രമങ്ങളും അഭിനന്ദനീയം. ലീലാമ്മയുടെ ആദ്യകാല പ്രണയത്തിന് അകമ്പടിയായാണ്, വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ചേർന്നു പാടിയഭിനയിച്ച "തെന്നൽ നിലാവിന്റെ..." എന്നു തുടങ്ങുന്ന ചിത്രത്തിലെ ഏകഗാനമെത്തുന്നത്.ഇതൊരു സിനിമയായി മാത്രമല്ല, മറിച്ച് സിനിമയ്ക്ക് പുറത്തേക്ക് സിനിമ പറയുന്ന ആശയം പ്രചരിപ്പിക്കാനും കൂടി ഉദ്ദേശമുള്ളതിനാലാവാം തുടക്കത്തിലും ഒടുക്കത്തിലുമായി ലാൽ ജോസിനെക്കൊണ്ടൊരു ഉദ്ഘാടനവും പിന്നൊരു അനുമോദന പ്രസംഗവുമൊക്കെ ചെയ്യിച്ചത്. എന്തായാലും സിനിമയിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് തോന്നിയത് ഈ രണ്ടു രംഗങ്ങൾക്കാണ്, പിന്നെ എന്തോ നിർബന്ധ ബുദ്ധിപോലെ 'ഓം ശാന്തി ഓശാന'യിലേക്ക് ബന്ധപ്പെടുത്തിയ രംഗത്തിനും. എന്നാൽ ചിത്രം മൊത്തത്തിലെടുക്കുമ്പോൾ ഇവ വിട്ടുകളയാവുന്നതേയുള്ളൂ. എന്തു തന്നെയായാലും, 'ഓം ശാന്തി ഓശാന'യുടെ ഓർമ്മയിൽ ജൂഡിന്റെ ഈ ചിത്രത്തിനു ടിക്കറ്റെടുക്കുന്നവരെ ഒട്ടും നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല ആഹ്ലാദിപ്പിക്കുകയും ചെയ്യും ഈ'യൊരു മുത്തശ്ശി ഗദ'.
- Cast
- Rajini Chandy, Bhagyalakshmi, Suraj Venjaramoodu, Lena, Aparna Balamurali, Appu, Vijayaraghavan, Ramesh Pisharadi, Rajeev Pillai, Vineeth Sreenivasan, Renji Panicker, Lal Jose etc.
- Crew
- Directed by Jude Anthany Joseph
- Produced by Mukesh R. Mehtha, A.V. Anoop
- Story / Screenplay, Dialogues by Nivn Pauly / Jude Anthany Joseph
- Cinematography by Vinod Illampally
- Film Editing by Lijo Paul
- Background Score, Music by Shaan Rahman
- Art Direction by Sunil Lavanya
- Costume Design by Sameera Saneesh
- Makeup by Ronex Xavier
- Lyrics by B. Harinarayanan
- Stills by Lijo Kunjappan
- Designs by Yaser Ali
- Banner: AVA Productions
- Released on: 2016 Sep 14
No comments :
Post a Comment