ഊഴം: ഉന്നം തെറ്റിയ രണ്ടാമൂഴം!
ഹരീ, ചിത്രവിശേഷം
![Oozham: A film by Jeethu Joseph starring Prithviraj Sukumaran, Neeraj Madhav, Divya Pillai, V. Jayaprakash, Pasupathy etc. Movie Review by Haree for Chithravishesham. Oozham: Chithravishesham Rating [5.75/10]](http://4.bp.blogspot.com/-3fWp323Jd2A/V9JQV3XLXcI/AAAAAAAAMlw/mY6kUnyS5wkT31Ee-ZsQTfsktj7ZM-iCACLcB/2016-09-08_Oozham.jpg)
സത്യസന്ധനായൊരു സാധാരണ സർക്കാർ ജീവനക്കാരൻ. അയാളുടെ ചില ഇടപെടലുകളൊരു വലിയ കമ്പനിക്ക് തലവേദനയാവുന്നു. അയാളെയും കുടുംബത്തെയും പിന്നെ കുടുംബസുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെയും തീർത്ത് കമ്പനിക്കാർ സ്വസ്ഥമാവുന്നു. സ്ഥലത്തില്ലാത്തതിനാൽ ഒഴിവാക്കപ്പെടുന്ന മകനും ദത്തുപുത്രനും മകന്റെ പ്രതിശ്രുത വധുവും ചേർന്ന് ഈ മരണങ്ങൾക്ക് ഉത്തരവാദിയാവരെ കണ്ടെത്തി പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കഥയൊക്കെ പഴയതു തന്നെ, കാര്യങ്ങൾ പലതും യുക്തിസഹവുമല്ല. എന്നാൽ ഇവരുടെ പ്രതികാര രീതികളിൽ ചില പുതുമകളൊക്കെ കൊണ്ടുവന്നിട്ടുണ്ട് ജീത്തു ജോസഫ്. ചെയ്യാനുള്ളത് പറഞ്ഞു കേൾപ്പിക്കാനൊന്നും നിൽക്കാതെ, നേരിട്ടു ചെയ്തു തീർക്കുകയാണ് നായകനും സംഘവും. അനാവശ്യ വാചകമടികൾക്കൊന്നും മുതിരുന്നില്ലെന്ന് സാരം. കുറേപ്പേരിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന നായകന്റെ ഇടയ്ക്കിടെയുള്ള ഓർമ്മകളായാണ് 'ഊഴ'ത്തിൽ സംവിധായകൻ കഥ പറയുന്നത്. ഈ ഓട്ടത്തിനോ അതിനിടയ്ക്കുള്ള അടിയിടിക്കോ ഒന്നും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാൽ അത്യാവശ്യം നന്നായി മുഷിപ്പിക്കും ഈ ഭാഗങ്ങൾ. പിന്നെ ക്ലൈമാക്സിന്റെ മെച്ചത്തിൽ, ഒടുക്കമല്പം ആശ്വാസത്തോടെ തിയേറ്റർ വിടാം കാണികൾക്കെന്നു മാത്രം.
പൃഥ്വിരാജും നീരജ് മാധവനും ദിവ്യ പിള്ളയും - ഇവർ മൂവരുമാണ് പ്രതികാരത്തിനായി തുനിഞ്ഞിറങ്ങുന്നവർ. തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ ചെയ്യാൻ ഇവർ മൂവർക്കുമായി. ഇവർക്കു കാര്യങ്ങളത്ര എളുപ്പത്തിൽ വിട്ടു കൊടുക്കാതെ, ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലന്മാരായി ജയപ്രകാശും പശുപതിയും തങ്ങളുടെ ഭാഗവും ഭംഗിയാക്കി. ഗൗരവക്കാരനായ അച്ഛൻ, സ്നേഹനിധിയായ അമ്മ, കളിയും ചിരിയുമായി കൂട്ടുകൂടുന്ന അനിയത്തി - ബാലചന്ദ്ര മേനോനും സീതയും രസ്ന പവിത്രനുമൊക്കെ കൃത്യമായി ചേരുന്നുണ്ട്, ഇത്തരം സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന മാതൃകാകഥാപാത്രങ്ങളിൽ!
'Oozham', Jeethu Joseph's second association with Prithviraj, after a successful first attempt - 'Memories' in 2013, fail to live up to the expectations.
ഷംദത്ത് സൈനുദീന്റെ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ ടോണി മാഗ്മിത്തിന്റെ ഇഫക്ടുകൾക്കൊപ്പം വരുന്ന ഭാഗങ്ങൾ കണ്ണെടുക്കാതെ കണ്ടിരിക്കാൻ കാണികളെ പ്രേരിപ്പിക്കും. ഇടയ്ക്കിടെയുള്ള ഓട്ടങ്ങളും, പിന്നൊരാവശ്യവുമില്ലാതെ വരുന്ന ഗാനങ്ങളുമൊക്കെ എടുത്തുകളയാൻ ജീത്തു തയ്യാറായിരുന്നെങ്കിൽ കൂടുതൽ നന്നായേനേ! ശബ്ദ സംവിധാനത്തിന്റെ കാര്യത്തിലും ചിത്രം പിന്നോക്കമാണ്. ഇവയൊക്കെ ചേർന്ന് നൽകേണ്ടുന്ന ആ ഒരു മുറുക്കം 'ഊഴ'ത്തിൽ അനുഭവിക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തിയത്.ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ത്രില്ലർ ജനുസ്സിലെ ചിത്രങ്ങളെടുത്താൽ, ഒടുവിലാവും 'ഊഴ'ത്തിന്റെയിടം. ഈയൊരു കഥാതന്തുവിനെ കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന വിധത്തിൽ മൂർച്ചയുള്ളൊരു തിരക്കഥയാക്കി മാറ്റാൻ ജീത്തു മിനക്കെട്ടിരുന്നെങ്കിൽ 'ഊഴ'ത്തിന്റെ കഥ മറ്റൊന്നായേനേ. ചുരുക്കത്തിൽ, ഒരു ത്രില്ലർ ചിത്രത്തിന്റെ രുചി നൽകുന്നുണ്ട് 'ഊഴം', പക്ഷെ ജീത്തുവിന്റെ മുൻചിത്രങ്ങൾ കണ്ട് മെച്ചപ്പെട്ടൊരു സിനിമാനുഭവം പ്രതീക്ഷിച്ചെത്തുന്ന കാണികളെ തൃപ്തിപ്പെടുത്താനത് മതിയാവുന്നില്ലെന്ന് മാത്രം.
- Cast
- Prithviraj Sukumaran, Neeraj Madhav, V. Jayaprakash, Pasupathy, Divya Pillai, Rasna Pavithran, Balachandra Menon, Seetha, Kishor Satya, Irshad, etc.
- Crew
- Directed by Jeethu Joseph
- Produced by G. George, Anto Padinjarekkara, Jinu Mathew
- Story, Screenplay, Dialogues by Jeethu Joseph
- Cinematography by Shamdat Sainudeen
- Film Editing by Ayoob Khan
- Background Score by Name
- Art Direction by Saburam
- Costume Design by Linta Jeethu
- Makeup by Rahim Kodungallur
- Lyrics by Samthosh Varma, Amit Kumaren
- Music by Anil Johnson
- Vfx by Tony Magmyth
- Stunts by Name
- Choreography by Name
- Stills by Ananthu Krishna
- Designs by Collins Leophil
- Banner: Fine Tune Pictures
- Released on: 2016 Sep 08
No comments :
Post a Comment