കിസ്‌മത്ത് (Review: Kismath)

Published on: 8/05/2016 07:22:00 PM

കിസ്‌മത്ത്: വിധിമതം നിരസിച്ചീടാമോ!

ഹരീ, ചിത്രവിശേഷം

Chithravishesham Rating: [6.50/10]
നിസംഗത അതിക്രമങ്ങളേക്കാൾ ക്രൂരമാണെന്ന ഒറ്റവരിയിലാണ് നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടിയുടെ രചന-സംവിധാനത്തിലിറങ്ങിയ 'കിസ്‌മത്തി‘ന്റെ തുടക്കം. അതെന്തുകൊണ്ട് ക്രൂരമാവുന്നെന്ന കാട്ടിത്തരലാണെന്നു പറയാം ഒറ്റവരിയിൽ ഈ സിനിമ. ഇതൊരു സിനിമയ്ക്കായെഴുതിയ കഥയല്ല, നടന്നൊരു സംഭവമാണെന്ന് സിനിമാപ്പേരിനടിയിൽ തന്നെ കുറിച്ചിട്ടുണ്ട്. അവിടെയാണീ ചിത്രം കൂടുതൽ പ്രസക്തമാവുന്നതും. സമൂഹത്തിന്റെ പൊതു രീതികളെ അപ്പാടെ നിരാകരിക്കുന്ന ഇർഫാനും അനിതയും അവരുടെ പ്രണയവും - ഇതിലൂന്നി ചില കാര്യങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. അതിലദ്ദേഹം ഒട്ടൊക്കെ വിജയിക്കുന്നിടത്താണ് കാണികളുടെ കിസ്‌മത്തു നന്നാവുന്നത്. കളക്ടീവ് ഫെയ്സ് വണ്ണിന്റെയും പട്ടം സിനിമ കമ്പനിയുടെയും സംയുക്ത ബാനറിൽ ഷൈലജ മണികണ്ഠനാണ് ചിത്രത്തിന്റെ നിർമ്മാണം.

ആകെത്തുക : 6.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 5.00 / 10
  • 6.00 / 10
  • 6.00 / 10
  • 4.50 / 05
  • 4.50 / 05
പൊന്നാനിയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് സംരക്ഷണം തേടിയെത്തുന്ന ഇർഫാനും അനിതയിലുമാണ് സിനിമ തുടങ്ങുന്നത്. ഇവരും ഇവരുടെ പ്രശ്നങ്ങളും മാത്രമല്ല; വാദി പ്രതിയാവുന്ന, നിരപരാധി അപരാധിയാവുന്ന, ജാതി സമവാക്യങ്ങൾ കാര്യങ്ങൾ നിശ്ചയിക്കുന്ന ആ സ്റ്റേഷനിലെ ഇവരുടെ കാത്തിരിപ്പിൽ ചുറ്റും നടക്കുന്ന കാര്യങ്ങളും സിനിമയുടെ ഭാഗമാണ്. വിദ്യാർത്ഥി സൗഹൃദ സ്റ്റേഷനാണെന്നൊക്കെ ബോർഡെഴുതി വെച്ചിട്ടുണ്ടെങ്കിലും അത്ര സൗഹാർദപരമല്ല കാര്യങ്ങളെന്ന്, പഠിത്തം കഴിഞ്ഞു സ്വയം തൊഴിലെടുത്ത് ജീവിക്കുന്ന ഇർഫാനും ദളിത് ഗവേഷകയായ അനിതയ്ക്കും വഴിയേ മനസിലാവുന്നു. ഇവരിരുവരും ഒന്നിക്കുമോ അതോ പിരിയുമോ എന്നതിനപ്പുറത്തേക്ക്, ഒരു പകലന്തിയായി നേരം വെളുക്കുമ്പോൾ, കാര്യങ്ങൾ പോവുന്നിടത്ത് സിനിമയും തീരുന്നു.


ആദ്യം അഭിനേതാക്കളെയൊക്കെ തീരുമാനിച്ച ശേഷം, അവരെ വെച്ചു പടം പിടിക്കാനല്ല; കഥാപാത്രങ്ങൾക്കു ചേരുന്ന അഭിനേതാക്കളെ ഉപയോഗിക്കാൻ സംവിധായകൻ മനസുവെച്ചതിനുണ്ട് ഈ സിനിമയുടെ മികവിലൊരു പ്രധാന പങ്ക്. ചിരിക്കേണ്ടിടത്ത് ചിരിച്ചും, ഇടിക്കേണ്ടിടത്ത് ഇടിച്ചും, നയത്തിൽ പെരുമാറേണ്ടിടത്ത് അങ്ങനെ ചെയ്തും തനിക്ക് തട്ടുകേടുണ്ടാവാതെ സ്റ്റേഷനിലെ കാര്യങ്ങൾ നീക്കുന്ന വിനയ് ഫോർട്ടിന്റെ സബ് ഇൻസ്പെക്ടറാണ് ഏറെ ശ്രദ്ധേയം. ഇർഫാന്റെ അരക്ഷിതാവസ്ഥ ഭംഗിയായി പ്രതിഫലിപ്പിച്ച് ഷെയിൻ നിഗവും അവസരത്തിനൊത്തുയർന്നു. അനിതയായി ശ്രുതി മേനോൻ മോശമായില്ല. സുനിൽ സുഖദ, ബിനോയ് നമ്പാല, അശോക് കുമാർ, അലൻസിയർ, സുരഭി ലക്ഷ്മി തുടങ്ങി അനുബന്ധവേഷങ്ങളിലെത്തിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.


പോലീസ് സ്റ്റേഷനിലും ചുറ്റുവട്ടത്തിലുമായാണ് സിനിമയുടെ ഭൂരിഭാഗമെങ്കിലും ദൃശ്യങ്ങൾ വിരസമായിപ്പോവാതെ കാക്കാൻ ക്യാമറ ചലിപ്പിച്ച സുരേഷ് രാജനു കഴിഞ്ഞു. സിനിമയാവശ്യപ്പെടുന്ന സ്വാഭാവികത പരിസരങ്ങളിലും അഭിനേതാക്കളിലും കൊണ്ടൂവരാനും പിന്നണിയിൽ പ്രവർത്തിച്ചവർക്കായി. ഇവയ്ക്കൊപ്പം ചിത്രസംയോജനത്തിലും ശബ്ദസംവിധാനത്തിലുമെല്ലാം ചിത്രമാവശ്യപ്പെടുന്ന മികവ് ചേരുമ്പോൾ സാങ്കേതികമായും ചിത്രം മുന്നിലാണ്.

Though a love story, 'Kismath' takes a realistic approach and the director succeeds to make it an engaging affair for the most part.
സുമേഷ് പരമേശ്വരന്റെ പശ്ചാത്തലസംഗീതവും, അദ്ദേഹത്തോടൊപ്പം സുഷിൻ ശ്യാം, ഷമേജ് ശ്രീധർ എന്നിവരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ഗാനങ്ങളും ചിത്രത്തിനു നന്നായുതകുന്നു. മൊയിൻ‌കുട്ടി വൈദ്യരുടെ "ആനേ മദനിപ്പൂ..." എന്ന ഗാനത്തോടൊപ്പം പൊന്നാനിയെ ദൃശ്യങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് 'കിസ്‌മത്ത്' തുടങ്ങുന്നത്. ഇർഫാൻ - അനിത പ്രണയത്തിനു കൂട്ടായി റഫീഖ് അഹമ്മദിന്റെ “നിളമണൽത്തരികൾ...“ എന്നു തുടങ്ങുന്ന ഗാനവും, പിന്നീട് അൻവർ അലിയുടെ "ഖിസ പാതിയിൽ..." എന്ന ഗാനവും ചിത്രത്തിൽ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. മധുശ്രീയുടെ ശബ്ദത്തിൽ ഒടുക്കമുള്ള "ചിലതു നാം..." എന്ന ഗാനവും കേൾവിക്കു നന്ന്.

ഇർഫാന്റെയും അനിതയുടെയും പ്രണയം, സിനിമയിൽ പറഞ്ഞൂവെയ്ക്കുന്ന അതേ തീവ്രതയിൽ, അനുഭവിപ്പിക്കാൻ കഴിയാഞ്ഞത് 'കിസ്‌മത്തി'ന്റെ പോരായ്മയായി അവശേഷിക്കുന്നു. 'അനക്കെന്താടാ ആ ചെറുമി പെണ്ണായിട്ട്?' എന്നു ചോദ്യം ചെയ്യുന്ന ഇക്കയോടുള്ള വാശിയിൽ കേറിയേൽക്കുന്നതിനപ്പുറത്തേക്ക് ഇർഫാന്റെ പ്രണയം ചിത്രത്തിൽ വരുന്നില്ല. അതിനാൽ തന്നെ വലിയൊരു ദുരന്തമായി ചിത്രം തീരുമ്പോഴും നിസംഗഭാവത്തിൽ കണ്ടിറങ്ങാൻ കാണികൾക്കാവുന്നു. ഇവരുടെ പ്രണയത്തെ മഹത്വവൽക്കരിക്കാനെന്ന വണ്ണം നായികയുടെ ഏകാംഗജീവിത്തിലൂടെയൊരു ഓട്ടപ്രദക്ഷിണം ഒടുവിലായി കാട്ടിയതും കല്ലുകടിയായി. ഒരു പക്ഷെ, നടന്ന കാര്യങ്ങളപ്പടി യഥാതഥം കാട്ടുകയെന്ന നിർബന്ധത്തിലാവാം ഷാനവാസ് ബാവക്കുട്ടി ഈ വഴി തേടിയത്. ഇങ്ങിനെ ചില പോരായ്മകൾ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ ഇതിലുമധികം മെച്ചമായൊരു സിനിമാനുഭവമായി മാറാനുള്ള വക 'കിസ്‌മത്തി'ലുണ്ടായിരുന്നു. ഈ സിനിമയുടെ കിസ്‌മത്തിൽ ഇത്രയേ പറഞ്ഞിട്ടുള്ളൂ എന്നു കരുതി ഇനിയിപ്പോൾ സമാധാനിക്കാം.

Cast & Crew

Cast
Shane Nigam, Shruthy Menon, Vinay Forrt, Alancier Ley Lopez, Binoy Nambala, Vijayan Karanthoor, Ashok Kumar, Sunil Sukhada, Jayaprakash Kuloor, Sajitha Madathil, P. Balachandran,Anil Nedumangad, Abu Valayamkulam etc.
Crew
Directed by Shanavas K. Bavakkutty
Produced by Shailaja Manikandan
Story, Screenplay, Dialogues by Shanavas K. Bavakkutty
Cinematography by Suresh Rajan
Film Editing by Ajith Kumar B.
Background Score by Sumesh Parameswar
Art Direction by Nagaraj
Costume Design by Mashar Hamsa
Makeup by R.G. Wayanadan
Lyrics by Anwar Ali, Rafeeq Ahammed, Moinkutty Vaidyar
Music by Sumesh Parameswar, Shamej Sreedhar
Stills by Name
Designs by Old Monks
Banner: Collective Phase One, Pattom Cinema Company
Released on: 2016 July 29

No comments :

Post a Comment