ഇടി (Review: IDI)

Published on: 8/15/2016 12:29:00 PM

ഇടി: അടിതെറ്റി വീണൊരിടി!

ഹരീ, ചിത്രവിശേഷം

IDI: Chithravishesham Review [Rating:3.5/10]
കാണികളുടെ ക്ഷമ പരീക്ഷിക്കുന്ന, ഒപ്പം ബുദ്ധിയെ പരിഹസിക്കുകയും ചെയ്യുന്ന സിനിമകൾ മലയാളത്തിൽ അപൂർവതയല്ല. നായകൻ കാക്കിയിടുന്ന അത്തരമൊന്ന് പോയമാസത്തിലുമൊന്ന് കണ്ടതേയുള്ളൂ. അതിന്റെ ക്ഷീണം മാറും മുന്നേ ദേണ്ടെ വരുന്നു അടുത്തത്. ജയസൂര്യയാണിതിൽ നായകൻ, നവാഗതനായ സാജിദ് യാഹിയയാണ് എഴുത്തും സംവിധാനവും. മലയാളത്തിലെ ജനപ്രിയ പോലീസ് ചിത്രങ്ങൾ കണ്ട് ഉത്തേജിതനായി, ബുദ്ധിയുറയ്ക്കും മുൻപേ തലയിൽ പോലീസ് തൊപ്പിയുറച്ചു പോയ ദാവൂദ് ഇബ്രാഹിമെന്ന ഇൻസ്പെക്ടറിന്റെ കഥയാണ് 'ഇടി' പറയുന്നത്. സിനിമകളിലെ പോലീസിന്റെ രീതികളിലാണ് ഇയാളുടെ ചിന്തയും പ്രവർത്തിയും, എന്തിന് സ്വപ്നങ്ങൾ പോലും. മാജിക് ലാന്റേൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജാസ് ഇബ്രാഹിമും അരുണുമൊരുമിച്ചാണ് 'ഇടി'യ്ക്കായി കാശുപൊടിച്ചിരിക്കുന്നത്.

ആകെത്തുക : 3.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 1.00 / 10
  • 3.00 / 10
  • 5.00 / 10
  • 2.50 / 05
  • 2.50 / 05
സംഗതി സ്പൂഫാണോ സീരിയസാണോ എന്നൊരു പിടിത്തം നൽകാത്ത വിധമാണ് സംവിധായകൻ 'ഇടി'യുടെ കഥ പറയുന്നത്. നായകന്റെ സ്വപ്നങ്ങളൊക്കെ മാസാണ്; യഥാർത്ഥത്തിൽ സംഭവിക്കുന്നതാവട്ടെ, നേരേ തിരിച്ചും. അങ്ങനെയിരിക്കുമ്പോൾ ഇന്റർപോളിനു പോലും പിടികൊടുക്കാത്ത കൊടുംഭീകരൻ നായകന്റെ ഓണം‌കേറാമൂലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലെത്തിപ്പെടുന്നു. സ്ഥലത്തെ പ്രധാന വില്ലന്മാരായ, കിണ്ടിയും കോഴിയും മോഷ്ടിച്ചു ജീവിക്കുന്ന ചിലരുടെ സഹായത്തോടെ കൊടുംഭീകരനെ സിമ്പിളായി തീർക്കുകയാണ് നമ്മടെ നായകൻ. സിനിമയുടെ തുടക്കത്തിൽ ഒന്നോ രണ്ടോ വട്ടം സംഭവിക്കുന്ന പോലെ; ആരേലുമിപ്പോൾ നായകനെ വിളിച്ചുണർത്തും, അതോടെ തീരുമീ പാതകമെന്ന പ്രതീക്ഷയിൽ കാണികളിരിക്കും. അതുണ്ടാവുമോ ഇല്ലയോ എന്നതാണ് പടത്തിലെ സസ്പെൻസ്!


ആന മുക്കുന്നതു പോലെ താൻ മുക്കിയാൽ എങ്ങിനിരിക്കുമെന്ന് സ്വപ്നം കണ്ടുനോക്കിയ ശേഷം, കൊള്ളാമെങ്കിൽ ശരിക്കും മുക്കാനൊരു ആട് തുനിയന്നതു പോലെയൊരു സംഭവമാണ് ജയസൂര്യയുടെ ഇതിലെ മാസ് പോലീസ് വേഷം. പുള്ളിയുടെ ഒരാഗ്രഹമല്ലേ, നടക്കട്ടെന്ന് കരുതാം. കൊടുങ്കാട്ടിൽ മരം നട്ടാൽ അതൊരു വല്യ കാര്യമല്ല, മരുഭൂമിയിൽ നടുന്നതാണ് മിടുക്കെന്നൊക്കെ പറഞ്ഞാണ് ഐ.ഐ.എം.-ൽ പഠിച്ച, സ്വയരക്ഷയ്ക്ക് പ്രത്യേക പരിശീലനം നേടിയ ശിവദ അവതരിപ്പിക്കുന്ന നായികയുടെ വരവ്. ഇനാമ്പേച്ചിക്ക് കൂട്ടായി വരേണ്ടത് മരപ്പട്ടി തന്നെയാണല്ലോ! തെറ്റിദ്ധരിക്കണ്ട, പറഞ്ഞത് കഥാപാത്രങ്ങളുടെ കാര്യമാണ്. ദോഷം പറയരുത്, ജോജു ജോർജ്ജും സുനിൽ സുഖദയും മോളി കണ്ണമാലിയും സാജൻ പുള്ളുരുത്തിയുമൊക്കെ ചേർന്ന് ചില്ലറ ചിരിക്കുള്ള വകയൊക്കെ സിനിമയിൽ ഉണ്ടാക്കിയിട്ടുണ്ട്.


കാര്യം നായകൻ സ്വപ്നം കാണുന്നതായാലും, ക്യാമറയും എഡിറ്റിംഗും സൗണ്ടുമെല്ലാം ചെയ്തല്ലേ പറ്റൂ. ഒരു കുറവും വരുത്താത്തെ തന്നെ എല്ലാരും പണിഞ്ഞിട്ടുണ്ട്; കണ്ട് കണ്ണു കഴയ്ക്കും, കേട്ട് ചെവിയടയ്ക്കും. എഴുതി ഈണമിട്ടവർ പാട്ടെന്ന് പറയുന്ന, മറ്റുള്ളോരെക്കൊണ്ട് പറയിപ്പിക്കുന്ന ചില സംഗതികൾ ഇടയ്ക്കിടെ വന്നു പോവുന്നുണ്ട്. സിനിമ കണ്ടിരിക്കുമ്പോൾ, മറ്റ് ബഹളങ്ങൾക്കിടയിലൊരു ബഹളം എന്നതിനപ്പുറമൊരു ബുദ്ധിമുട്ട് പ്രത്യേകിച്ച് തോന്നിയില്ല. സിനിമയിലൊരു കഥാപാത്രത്തെക്കൊണ്ട് സംവിധായകൻ പറയിപ്പിക്കുന്നു, ഇതൊരുമാതിരി പാണ്ടിപ്പടം പോലെയായല്ലോ എന്ന്. തിരിച്ചറിവുകൾ എപ്പോളും നല്ലതാണ്, കാര്യം കൊതിക്കെറുവ് പരിഹാസരൂപത്തിൽ എഴുതിപ്പോയതാണെങ്കിലും.

In 'IDI', the director tries to make a mass out of a spoof or vice versa, and ends up making something which is neither a spoof nor a mass!
'ഇടി'യിൽ ഏറ്റവും രസമായി തോന്നിയത് തുടക്കത്തിലെ ടൈറ്റിലുകളാണ്. വെറുതേ പേരെഴുതി കാണിക്കാതെ, നല്ലവണ്ണം മിനക്കെട്ടാണ് അവ തയ്യാറാക്കിയത്. എന്തു ചെയ്യാം; ട്യൂഷൻ ക്ലാസിലെ ടെസ്റ്റ് പേപ്പറിനു നൂറിൽ നൂറുണ്ട്; പക്ഷെ, സ്കൂളിൽ കൊല്ലപ്പരീക്ഷയ്ക്ക് തോറ്റുപോയെന്ന് പറഞ്ഞ പോലായി മൊത്തത്തിൽ പടം. തമിഴ് മാസ് സിനിമകളെ അനുകരിച്ച് ഊർജ്ജം കളയാതെ, തങ്ങൾക്ക് പറ്റുന്ന എന്തെങ്കിലും ചെയ്യുകയാവും സാജിദിനും, അതുപോലെ ജയസൂര്യയ്ക്കും അഭികാമ്യം. അത്തരമൊരു വിവേകത്തിലേക്ക് ഇരുവർക്കുമുണരാൻ 'ഇടി'ക്ക് കിട്ടുന്ന പ്രതികരണങ്ങൾ സഹായിക്കട്ടെയെന്ന പ്രാർത്ഥനയിൽ നിർത്തുന്നു.

Cast & Crew

Cast
Jayasurya, Sshivada Nair, Yog Japee, Joju George, Saiju Kurup, Sunil Sukhada, Molly Kannamaly, Sajan Palluruthy, Madhupal, Vijayakumar, Vanitha Krishnachandran etc.
Crew
Directed by Sajid Yahiya
Produced by Dr. Ajaz Ibrahim, Arun
Story, Screenplay / Dialogues by Sajid Yahiya / Arouz Irfan
Cinematography by Sujith Sarang
Film Editing by Shameer Muhammed
Background Score, Music by Rahul Raj
Art Direction by Rajeev Kovilakam
Costume Design by Praveen Varma
Makeup by Ronex Xavier
Lyrics by Manu Manjith
Stunts by Action 'G'
Stills by Anup Chacko
Designs by Oldmonks
Banner: Magic Lantern Productions
Released on: 2016 Aug 12

No comments :

Post a Comment