കസബ (Review: Kasaba)

Published on: 7/08/2016 04:54:00 PM

കസബ: എങ്ങനെയൊക്കെ തറയാകാം?

ഹരീ, ചിത്രവിശേഷം

Kasaba: Chithravishesham Rating [2.00/10]
മമ്മൂട്ടിയുടെ പോലീസ് ചിത്രങ്ങളെല്ലാം ആരാധകർക്ക് എന്നും ആവേശമാണ്. അങ്ങനെയൊരാരാധന താരത്തോടില്ലാത്തവരേയും രസിപ്പിക്കുന്ന ചില പോലീസ് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നതും വാസ്തവം. ഇതൊക്കെ പഴയകഥ. നിതിൻ രൺജി പണിക്കരെന്ന നവാഗതന്റെ രചന സംവിധാനത്തിൽ മമ്മൂട്ടി പോലീസായി വീണ്ടുമെത്തുമ്പോൾ, അതിൽ എന്തെങ്കിലുമൊക്കെയൊരു പുതുമ പ്രതീക്ഷിച്ചാൽ തെറ്റില്ലല്ലോ? എന്നാൽ കാണാൻ കിട്ടുന്നത് പണ്ടിറങ്ങിയ കുറേ തല്ലിപ്പൊളി പോലീസ് അടിപ്പടങ്ങളുടെ അസ്ഥിപഞ്ജരമാണെന്ന് വന്നാലോ? മമ്മൂട്ടിയെ തുള്ളിച്ച് നടത്തിയതു കൊണ്ടോ, പുള്ളിയുടെ ആയ പ്രായത്തിൽ മുഖത്തുവരാത്ത ഒലിപ്പീരീപ്രായത്തിൽ കാണിപ്പിച്ചതു കൊണ്ടോ സിനിമ വെറൈറ്റിയാവില്ലെന്ന് നിതിനറിയണമായിരുന്നു. അങ്ങനെയൊരു വിവരമോ വെള്ളിയാഴ്ചയോ നിതിനില്ലാതെ പോയതിന്റെ പരിണിതഫലമാണ് 'കസബ'യിലെ മമ്മൂട്ടിയുടെ പോലീസ് വേഷം. ഗുഡ്‌വിൽ എന്റർടൈന്മെന്റിസിന്റെ ബാനറിൽ ആലീസ് ജോർജ്ജാണ് ഇതിനായി കാശുമുടക്കുകയെന്ന സാഹസം കാട്ടിയിരിക്കുന്നത്.

ആകെത്തുക : 2.00 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 1.00 / 10
  • 1.00 / 10
  • 3.00 / 10
  • 2.00 / 05
  • 1.00 / 05
ഒരു പൂർണസജ്ജമായ പോലീസ് സ്റ്റേഷനു വകയില്ലാത്ത ഉൾപ്രദേശങ്ങളിലും മറ്റുമുള്ള ചെറു പോലീസ് സ്റ്റേഷനുകളത്രേ കസബ സ്റ്റേഷനുകൾ. കേരളത്തിന്റെ വടക്കേയറ്റമുള്ള അങ്ങനെയൊരു സ്റ്റേഷൻ അതിർത്തിയിൽ നടക്കുന്ന ചില നരഹത്യകൾ; അതിൽ പെട്ടുപോവുന്ന ഐ.ജി.യുടെ മകനും പ്രതിശ്രുതവധുവും. മാവോയിസ്റ്റ് അക്രമണമെന്നെഴുതി തള്ളിയ ആ കേസുകൾ രഹസ്യമായന്വേഷിക്കാനായി പണിഷ്മെന്റ് ട്രാൻസ്ഫറെന്ന വ്യാജേന അവിടെയെത്തുന്ന രാജൻ സക്കറിയ. രാജൻ പോലീസ് അന്വേഷണം തുടങ്ങുന്നതോടെ കാശുമുടക്കി ടിക്കറ്റെടുത്ത് അകത്തെത്തിയതിനു കാണികൾക്കുള്ള പണിഷ്മെന്റും ആരംഭിക്കുകയായി!

സമ്പത്ത് രാജിന്റെ വെള്ളക്കുപ്പായമിട്ട വില്ലൻ കഥാപാത്രം കണ്ടു മടുത്തതു തന്നെ. വരലക്ഷ്മി, നേഹ സക്സേന എന്നിവർ പേരിനു നായികമാർ. കൂട്ടത്തിൽ കൊള്ളാവുന്നത് അലൻസിയറിന്റെ തങ്കച്ചനും പിന്നെ ജഗദീഷിന്റെ മുകുന്ദനെന്ന പോലീസുകാരനും. സിദ്ദിഖ്, മക്ബൂൽ സൽമാൻ, ബിജു പപ്പൻ, ഷഹീൻ സിദ്ദിഖ്, ശ്രുതിബാല എന്നിങ്ങനെ കുറേപ്പേർ കൂടിയുണ്ട് ചിത്രത്തിൽ അഭിനേതാക്കളായി.

നായകൻ നിന്നിടത്തു നിന്ന് കറങ്ങുകയും, വില്ലന്മാർ നിരനിരയായി അങ്ങോട്ടോടിച്ചെന്ന് അടിമേടിക്കുകയും ചെയ്യുന്ന പതിവ് അടിയിടി പരിപാടികളിൽ ആവേശം കൊള്ളേണ്ടവർക്കാവാം. നായകന്റെ സ്ലോ മോഷൻ നടത്തവും, ക്ലോസിലും വൈഡിലും മാറിമാറിയുള്ള കട്ടുകളും, മാനറിസങ്ങളുമൊക്കെ പതിവിൻപടി രീതിയിൽ ചിത്രത്തിൽ കാണാം. ഒച്ചപ്പാടും ബഹളവുമായി രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതം അതിന്റെ പാട്ടിനു പോവുന്നുണ്ട്. ഇടയ്ക്ക് ബ്രിന്ദയൊരുക്കിയ ഒരു സംഘനൃത്തവും കൂടി ചേരുമ്പോൾ നിതിന്റെ സിനിമാബോധത്തെക്കുറിച്ച് ഏതാണ്ടൊരു രൂപം കിട്ടും.

'Kasaba' will surely create history, for the most trolled film, most hyped film, most viewed teaser film; but not as the film itself!
മമ്മൂട്ടിയുടെ 'കസബ' ചരിത്രം സൃഷ്ടിക്കുമെന്നുറപ്പ്; ഏറ്റവും ട്രോൾ ചെയ്യപ്പെട്ട ചിത്രം, ഏറ്റവും ഹൈപ്പുണ്ടാക്കിയ പടം, ഏറ്റവും കൂടുതൽ പേർ കണ്ട ടീസറുള്ള പടം എന്നിങ്ങനെയൊക്കെയാവുമെന്ന് മാത്രം. പൊതുസ്ഥലത്ത് പുകവലിക്കാമോയെന്ന് ചോദ്യം ചെയ്യുന്ന മേലധികാരിയായ ലേഡി ഓഫീസറുടെ പാന്റ്സിനുള്ളിൽ കൈയ്യിട്ട്, "I will make it up for you!" എന്നു പറയുന്ന, കോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി തനിക്കൊപ്പം റാങ്കുള്ള ഒരു പോലീസുകാരനെ പിന്നിൽ നിന്ന് പണിയാൻ പറയുന്ന, രാജൻ സക്കറിയയെന്ന പോലീസ് നായകനെ വിമർശിച്ചാൽ, ഇന്നത്തെ പോലീസിന്റെ നേർ‌ചിത്രമാണെന്ന എതിർവാദമാവാം പറയാനുള്ളത്. അതങ്ങനെയെന്ന് വാദത്തിനു സമ്മതിച്ചാലും അതാണ് ഹീറോയിസമെന്ന് ചിത്രത്തിലാഘോഷിക്കുമ്പോൾ രൺജി പണിക്കർ പണ്ട് ജോസഫ് അലക്സിനെക്കൊണ്ട് സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണമെന്നാക്രോശിപ്പിച്ചത് ആ ചിത്രത്തിലെ സബ്‌കളക്ടർക്ക് മാത്രമല്ല സിനിമാപിടുത്തക്കാരുൾപ്പടെ ആർക്കും ബാധകമാണെന്ന് നിതിൻ രൺജി പണിക്കർക്കു കത്തിയില്ലെന്ന് വ്യക്തം. ഈ ജനുസ്സിലൊരു പടം, ഇതിലും തറയായെടുക്കാൻ കഴിവുള്ള ഒരു ഡസൻ മൂത്ത സംവിധായകർ മലയാളത്തിൽ കാണും. അതിലൊരാളായി ആദ്യ ചിത്രത്തിൽ തന്നെ, അതും ഈ പ്രായത്തിൽ, മാറിയ നിതിന് ഭാവുകങ്ങൾ!

ഓഫ് ടോപ്പിക്ക്: ദോഷം പറയരുത്; ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചോണേന്ന് നിർമ്മാതാവ് ആദ്യം നല്ല സിനിമാറ്റിക്കായി പ്രാർത്ഥിക്കുന്നുണ്ട്. അതു കസറി! ;-)

Cast & Crew

Cast
Mammootty, Sampath Raj, Varalaxmi, Neha Saxena, Jagadish, Siddique, Alancier Lay Lopez, Maqbool Salmaan, Shaheen Siddique, Biju Pappan etc.
Crew
Directed by Nithin Renji Panicker
Produced by Alive George
Story, Screenplay, Dialogues by Nithin Renji Panicker
Cinematography by Sameer Haq
Film Editing by Mansoor Muthutty
Background Score, Music by Rahul Raj
Art Direction by Santhosh Raman
Costume Design by Sameera Saneesh
Makeup by Ronex Xavier
Lyrics by Name
Stunts by Stunt Siva, Mafia Sasi
Choreography by Brinda
Stills by Lebison Gopi
Designs by OldMonks
Banner: Goodwill Entertainments
Released on: 2016 July 07

No comments :

Post a Comment