മാനസാന്തരപ്പെട്ട യെസ്ഡി: കാണാനും വേണം മനസിനൊരു ദ്രുമ്യത!
ഹരീ, ചിത്രവിശേഷം
![Maanasaandarapetta Yezdi: A film by Arun Omana Sadanandan starring P. Balachandran, Indrans, Jayan Cherthala, Aneesha Ummer etc. Film Review by Haree for Chithravishesham. Maanasaandarapetta Yezdi: Chithravishesham Rating [6.00/10]](https://4.bp.blogspot.com/-CNDLES2JV7c/VwBWy3Jtr_I/AAAAAAAAMWk/tVqrAGT8v9YBzQO9colCUTwEfmeasMj2Q/s1600/2016-04-01_M%2527petta-Yezdi.jpg)
രണ്ടു കാലഘട്ടങ്ങൾ. തൊണ്ണൂറുകളെ പ്രതിനിധാനം ചെയ്ത് ചെത്തനാപ്പിയും കൂട്ടരും. ഈ നൂറ്റാണ്ടിലെത്തുമ്പോൾ പീലിപ്പോസും പിന്നെയൊരു ഇടവക വികാരിയും. ഇവർക്കിടയിലൂടെ ഓടിത്തളർന്ന് എഴുപതുകളിൽ പുറത്തിറങ്ങിയ ഒരു യെസ്ഡി ബൈക്ക്. ഇവരൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സിനിമയുടെ കഥയെന്താണെന്ന് ചോദിച്ചാൽ അതു പറഞ്ഞു കൊടുക്കുക അത്ര എളുപ്പമാവില്ല. സിനിമ കാഴ്ചയുടെ കലയാവുന്നത് ചിത്രത്തിൽ കണ്ടറിയാം. സിനിമയിൽ കണ്ടതും കേട്ടതുമൊക്കെ മറന്ന് പുറത്തെത്തുമ്പോൾ മനസിൽ മിച്ചം നിൽക്കുന്നതെന്താണോ അതാണാ സിനിമയെന്നു പറയാതെ പറയുകയല്ലേ 'മാനസാന്തരപ്പെട്ട യെസ്ഡി'യിലൂടെ സംവിധായകനെന്നും സംശയിക്കാം. കാരണം, പുറത്തെത്തുമ്പോൾ എന്താണ് കണ്ടുകഴിഞ്ഞതെന്ന് മൊത്തത്തിൽ കൃത്യമായി ഓർത്തെടുക്കുക അത്ര എളുപ്പമല്ലെന്നതു തന്നെ. പക്ഷെ, എന്തൊക്കെയോ ചില വികാരങ്ങൾ ബാക്കി നിൽക്കുകയും ചെയ്യും!
സിനിമയുടെ ഏറിയ പങ്കും പകൽ വെളിച്ചത്തിൽ പുറത്തു നടക്കുന്നതായതിനാൽ ലൈറ്റ് യൂണിറ്റിന്റെ അഭാവം അത്രകണ്ട് പ്രശ്നമല്ല. കൂടിയ കോൺട്രാസ്റ്റിലും സാച്യുറേഷനിലുമാണ് മിക്ക സിനിമകളുമെങ്കിൽ, ഇവിടെ മറ്റൊരു ദൃശ്യസ്വഭാവമാണ് കാണാനുള്ളത്. നാടൻ റേസിന്റെയൊരു വേറിട്ട സുഖം നൽകാനാവാം ക്യാമറയുടെ ദ്രുതസഞ്ചാരങ്ങളും കടുംകട്ടുകളും ഇഫക്ടുകളുമൊക്കെ ധാരാളമായി ചേർത്ത് ബൈക്കോട്ട രംഗങ്ങളുടെ പൊലിമകൂട്ടാനും ശ്രമമില്ല. സ്ഥിരം മാതൃകകളിൽ നിന്നും ഏറെ മാറിനിൽക്കുന്നതാണ് പശ്ചാത്തലസംഗീതവും ഗാനങ്ങളും. സിനിമയ്ക്കിടയിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്ന "മഴയുടെ ചിറകടിമേളം..." എന്ന ഗാനം പോലും മറ്റൊരവസരത്തിലൊരു കേൾവിക്ക് ഉതകുമോ എന്നു സംശയമാണ്. സിനിമയിങ്ങനെ മാറ്റത്തിന്റെ ഗിയറുമാറ്റി കുതിക്കുമ്പോൾ, കാണാനിരിക്കുന്നവർ അവരുടെ കാഴ്ചശീലങ്ങളും മാറ്റിവെയ്ക്കാതെ വയ്യല്ലോ? അങ്ങിനെ ചെയ്താൽ ഒരു പക്ഷെ രുചിച്ചില്ലെങ്കിലും അരുചിയെങ്കിലും തോന്നില്ല. അതിനു തയ്യാറല്ലെങ്കിൽ ചിത്രം കണ്ടിരിക്കാൻ നിങ്ങൾ പാടുപെട്ടെന്നും വരാം.
The film certainly make you feel that 'drumyatha' in you. Take a seat in this race on Yezdi with an open mind, it won't make you feel disappointed!
സംവിധായകൻ അരുൺ സദാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ ചലച്ചിത്ര മേഖലയിലെ ആശാൻമാർ, അവർ പറഞ്ഞുവെച്ചതിനെയും ചെയ്തുവെച്ചതിനെയും കുറിച്ചൊക്കെ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുകയെന്നൊരു വേറിട്ട ശൈലി ചിത്രത്തിന്റെ പ്രചരണത്തിൽ കാണാനായി. അഭിനേതാക്കളുടെ ഫോട്ടോകൾ ഉപയോഗിക്കാതെ, പൂർണമായും വരച്ചുണ്ടാക്കിയ പോസ്റ്ററുകളിലുമുണ്ട് വ്യത്യസ്തത. ഈ സമീപനങ്ങളുടെയൊക്കെയൊരു വിപുലീകരണമാണെന്നു പറയാം ഈ സിനിമ. അതായത് അടിമുടി മാറ്റം കൊണ്ടുവരാനുള്ള ശ്രമം ചിത്രത്തിലും ആദ്യന്തമുണ്ട്. ചിലയിടത്തൊക്കെ കൈവിട്ട കളിയാണെങ്കിലും, വേറിട്ടൊരു സിനിമാനുഭവമായി 'മാനസാന്തരപ്പെട്ട യെസ്ഡി' മാറുന്നു. ഇതര ബിഗ് ബജറ്റ് താരചിത്രങ്ങൾക്കൊപ്പം ഓടിത്തുടങ്ങുന്ന ഈ യെസ്ഡിയിലേറാൻ മനസിനല്പം 'ദ്രുമ്യത'യുള്ളവർ തയ്യാറാവുക. അത്തരമൊരു സമീപനമുണ്ടെങ്കിൽ 'മാനസാന്തരപ്പെട്ട യെസ്ഡി'യെന്ന ഈ പന്തയത്തിൽ ധൈര്യമായി കാശു വെയ്ക്കാം, തുറന്ന മനസോടെ കണ്ടാൽ തിയേറ്ററിൽ നിന്നും പരിക്കില്ലാതെയിറങ്ങുകയും ചെയ്യാം.തൊടുകുറി: എന്താണീ ദ്രുമ്യതയെന്ന് അന്തംവിടുന്നവരോട്. നിഘണ്ടു പരതണ്ട, അതിൽ കാണില്ല. ചില വാക്കുകളങ്ങനെയാണ്, പറഞ്ഞു മനസിലാക്കാനാവില്ല. പക്ഷെ ചിത്രം കണ്ടാൽ മനസിലാവും. അങ്ങനെ കണ്ടറിയാനും വേണമൊരു ദ്രുമ്യതയെന്നു മാത്രം! ;-)
- Cast
- P. Balachandran, Indrans, Jayan Cherthala, Arun Omana Sadanandan, James Elia, Aneesha Ummer, Appunni Sasi, Aromal etc.
- Crew
- Directed by Arun Omana Sadanandan
- Produced by Arun Omana Sadananadan, C.K. Sadananadan
- Story, Screenplay, Dialogues by Arun Omana Sadanandan
- Cinematography by Akhil Sasidharan
- Film Editing by Jithin Mohan
- Background Score by Baiju Dharmajan
- Art Direction by Arun Sugathan
- Costume Design by Rajesh Mohan, Ambili
- Makeup by Rasheed Ahammed
- Lyrics by S. Rameshan Nair
- Music by Baiju Dharmajan
- Stunts by Name
- Choreography by Name
- Stills by Lijo Jerard
- Designs by Art Hrishi Project
- Banner: Water Farm
- Released on: 2016 April 01
No comments :
Post a Comment