ലീല: ലീലയോടു ചെയ്തത്...
ഹരീ, ചിത്രവിശേഷം
![Leela: A film by Ranjith starring Biju Menon, Vijayaraghavan, Parvathy Nambiar etc. Film Review by Haree for Chithravishesham. Leela: Chithravishesham Rating [6.00/10]](https://1.bp.blogspot.com/-_zXyuiRXtS4/Vx8HlqGK49I/AAAAAAAAMYg/fgA9dp0yJlw1br1s90u_rxTa7io-dui_wCLcB/s1600/2016-04-22_Leela.jpg)
അളവറ്റ സമ്പത്തിനുടമയായ കുട്ടിയപ്പന്റെ രീതികൾ വിചിത്രമാണ്; അതിപ്പോൾ രാവിലത്തെ ചായകുടിയായാലും, അതു കഴിഞ്ഞുള്ള പെണ്ണുപിടിയായാലും. കുട്ടിയപ്പന്റെ അത്തരമൊരു കിറുക്കിന്റെ കഥയാണ് സിനിമ പറയുന്നത്. അയാളുടെ കൊള്ളരുതായ്മകൾക്ക് കൂട്ടായി പിള്ളേച്ചനുമുണ്ട്. ആദ്യാവസാന വേഷമായ കുട്ടിയപ്പനെ തനിക്കു മാത്രം സാധ്യമായ അനായാസതയോടെ ബിജു മേനോൻ കെട്ടിയാടി. കുട്ടിയപ്പന്റെ ചെയ്തികളിലെ ശരിതെറ്റുകളെക്കുറിച്ച് ആശയകുഴപ്പമുള്ളപ്പോഴും, മാനസികമായി അയാൾക്ക് വിധേയപ്പെട്ടു നിൽക്കുന്ന പിള്ളേച്ചനെ വിജയരാഘവനും മികച്ചതാക്കി. ഒന്നോ രണ്ടോയിടത്തെ നിലവിളികൾക്കപ്പുറം സംഭാഷണമൊന്നുമില്ലാത്ത, ആദ്യാവസാനം മ്ലാനത മാത്രം മുഖത്തു കാണാനുള്ള ലീലയെ, പാർവതി നമ്പ്യാർ മോശമാക്കിയില്ല. ജഗദീഷിന്റെ അച്ഛൻ, ഇന്ദ്രൻസിന്റെ ദാസപ്പാപ്പി തുടങ്ങിയ കഥാപാത്രങ്ങളും മികവു പുലർത്തി. ചെറുവേഷങ്ങളിലെത്തുന്ന ഇതര അഭിനേതാക്കളുടെ പങ്കാളിത്തവും ചിത്രത്തിനുതകുന്നുണ്ട്.
തുടക്കക്കാരനായ പ്രശാന്ത് രവീന്ദ്രന്റെ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗിലൂടെയെത്തുമ്പോൾ സാധാരണത്തിനപ്പുറമൊരു മികവ് അനുഭവപ്പെട്ടില്ല. ദൃശ്യങ്ങൾ കാര്യമായ ചലനമുണ്ടാക്കാതിരിക്കുമ്പോൾ പലപ്പോഴും രക്ഷയ്ക്കെത്തുന്നത് കൈയ്യടക്കത്തോടെയുള്ള ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ്. അവസാനരംഗങ്ങളിൽ ഇത് വിശേഷിച്ചും പ്രകടവുമാണ്. നാടൻ പാട്ടിന്റെ ശൈലിയിൽ ബിജു മേനോന്റെ ശബ്ദത്തിലുള്ള "വട്ടോളം വാണിയാരെ..." എന്ന ഗാനവും, സമാനരീതിയിൽ ചിത്രത്തിനിടയ്ക്ക് വരുന്ന മറ്റൊന്നും സിനിമയുടെ സ്വഭാവത്തിനിണങ്ങുന്നു.
Ranjith's 'Leela' tells the story of Kuttiyappan and his fancies. Thanks to the actors for making it a watchable flick!
ഉണ്ണി ആറിന്റെ ശ്രദ്ധ നേടിയ ഒരു ചെറുകഥയാണ് 'ലീല', കഥാകൃത്തിന്റെ തന്നെയാണു തിരക്കഥ, സംവിധാനമാവട്ടെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളുമാണ്. ഇതൊക്കെ സമ്മതിക്കുമ്പോഴും, ചിത്രത്തിലെ അഭിനേതാക്കളുടെ പച്ചയിലാണ് സിനിമ കണ്ടിരിക്കാനാവുന്നത് എന്നതാണു വാസ്തവം. പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ പരിഗണിച്ചു നോക്കിയാൽ പോലും, വേറിട്ടുനിൽക്കുന്നൊരു സിനിമാനുഭവത്തേക്ക് മാറ്റിയെഴുതാൻ തിരക്കഥാകൃത്തിനോ, അങ്ങനെയൊന്നാക്കി മാറ്റാൻ സംവിധായകനോ ആയിട്ടില്ലെന്നും പറയേണ്ടി വരും. കഥ വായിച്ചവരെ സംബന്ധിച്ചിടത്തോളം, കഥാന്ത്യത്തിൽ അത്ഭുതമൊന്നും സംഭവിക്കുന്നില്ല. അതിനാൽ തന്നെ സിനിമയിൽ നിന്നും അവർക്കു ലഭിക്കുന്ന അനുഭവവും ശുഷ്കമായിത്തീരുന്നു. ചെറുകഥയിലില്ലാത്ത സിനിമയിലെ കൂട്ടിച്ചേർക്കലുകളൊന്നും ഏശുന്നില്ലെന്നു മാത്രമല്ല, പലതും സമയം തികയ്ക്കുക എന്നതിനപ്പുറം ചിത്രത്തിനൊരു ഗുണവും വരുത്തുന്നുമില്ല. സിനിമ കഴിഞ്ഞിറങ്ങുന്നവരോട് 'വല്ലതും കിട്ടിയോ?' എന്നു കുട്ടിയപ്പൻ ശൈലിയിലൊരു ചോദ്യമങ്ങ് ചോദിച്ചാൽ; വായിച്ചവർ പറയുക 'കിട്ടിയത് പൊയ് പോയെ'ന്നും വായിക്കാത്തവർ പറയുക 'ഏതാണ്ടൊക്കെ കിട്ടി'യെന്നുമാവാം. കിട്ടി ബോധിക്കുന്നവർ രണ്ടു വിഭാഗത്തിലും കുറയുമെന്ന് ചുരുക്കം.വാൽക്കഷണം: ഉണ്ണി ആറിന്റെ 'ലീല' മുൻപു വായിക്കാത്തവർ ഭാഗ്യവാന്മാർ. എന്തെന്നാൽ ഈ സിനിമ അവർക്കുള്ളതാവുന്നു. വായിച്ചിട്ടില്ലാത്തവർ, കാണാൻ ഉദ്ദേശിക്കുന്നെങ്കിൽ, തേടിപ്പിടിച്ചു വായിക്കാൻ മിനക്കെടാതെ തന്നെ പോയിക്കാണുക.
- Cast
- Biju Menon, Vijayaraghavan, Indrans, Parvathy Nambiar, Jagadeesh, Suresh Krishna, Sudheer Karamana, Muthumani, Kavitha Nair, Priyanka, Kochu Preman, Valsala Menon, Santhakumari etc.
- Crew
- Directed by Ranjith
- Produced by Ranjith
- Story, Screenplay, Dialogues by Unni R.
- Cinematography by Prasanth Raveendran
- Film Editing by Manoj Kannoth
- Background Score, Music by Bijibal
- Art Direction by Santhosh Raman
- Costume Design by S.B. Satheesan
- Makeup by Ronex Xavier
- Stills by Vishnu Thandassery
- Designs by Thought Station
- Banner: Capitol Theater
- Released on: 2016 Apr 22
No comments :
Post a Comment