ജേക്കബിന്റെ സ്വർഗ്ഗരാജ്യം: നമുക്കു നാമേ പണിവതു നാകം...
ഹരീ, ചിത്രവിശേഷം
![Jacobinte Swargarajyam: A film by Vineeth Sreenivasan starring Nivin Pauly, Renji Panicker, Lakshmy Ramakrishnan etc. Film Review by Haree for Chithravishesham. Jacobinte Swargarajyam: Chithravishesham Rating [6.00/10]](https://2.bp.blogspot.com/-XehCu8hkdRQ/VwkPv3VHybI/AAAAAAAAMXo/0ze1UrtTYZQ1AfZuodxlp0ywa1bvABpog/s1600/2016-04-08_Jacobinte-Swargarajyam.jpg)
ആദ്യാവസാന വേഷമാണ് ജേക്കബിന്റെ മൂത്ത പുത്രനായ ജെറിയെങ്കിലും ഒരു കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് നിവിൻ പോളിക്ക് പ്രസ്തുത കഥാപാത്രമായി അധികവും ചെയ്യാനുള്ളത്. ആദ്യപാതിയിൽ രൺജി പണിക്കരുടെ ജേക്കബും രണ്ടാം പാതിയിൽ ജേക്കബിന്റെ ഭാര്യ ഷേർളിയായി ലക്ഷ്മി രാമകൃഷ്ണനും ശ്രദ്ധ നേടുന്നു. ജേക്കബിന്റെയും ഭാര്യയുടെയും മറ്റു മക്കളായി ശ്രീനാഥ് ഭാസിയും ഐമ സെബാസ്റ്റ്യനും സ്റ്റാസെനും ഒക്കെ വരുമ്പോൾ, വിശ്വസനീയമായൊരു കുടുംബാന്തരീക്ഷം സംവിധായകനു സൃഷ്ടിച്ചെടുക്കാനായി. ഉപദേശ രൂപത്തിൽ ആദ്യ പാതിയിൽ ആവർത്തിച്ചു വരുന്ന അച്ഛൻ-മകൻ സംഭാഷണങ്ങൾ രൺജി പണിക്കരുടെ സരസതയിലാണ് കണ്ടിരിക്കാനാവുന്നത്. അച്ഛൻ-മക്കൾ കളികളിൽ നിന്നു മാറി കാര്യത്തിലേക്ക് കടക്കുമ്പോൾ, ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയെന്ന് എഴുതിക്കാണിക്കുന്നതിലപ്പുറം, ആ രീതിയിലൊരു ഗൗരവം സിനിമയ്ക്ക് കൈവരുന്നില്ല. അവിടെയാണ് ജെറിയെന്ന കഥാപാത്രം ശക്തമായ സാന്നിധ്യമാവാതെ പോയതും. ഉപകഥാപാത്രങ്ങളായി അശ്വിൻ കുമാർ, സായി കുമാർ, ടി.ജെ. രവി, ദിനേശ് പ്രഭാകർ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ ചെയ്തു. മൂന്നോ നാലോ സീനുകളിൽ തലകാണിക്കുന്ന റെബ മോണിക്ക, വിനീത് ശ്രീനിവാസൻ, അജു വർഗീസ് എന്നിവരൊക്കെ പേരിനുണ്ടെന്ന് പറയാം.
ജോമോൻ ടി. ജോണിന്റെ ക്യാമറയും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗും മുൻ ചിത്രങ്ങളിലെന്ന പോലെ ഇവിടെയും വിനീത് ശ്രീനിവാസന്റെ തുണയ്ക്കെത്തുന്നു. മനു മഞ്ജിത്ത്, ഹരിനാരായണൻ തുടങ്ങിയവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട ഗാനങ്ങളും സിനിമയ്ക്കുതകുന്നു. വിനീതും കാവ്യ അജിത്തും ചേർന്നു പാടിയ "ഈ ശിശിരകാലം..." എന്ന ഗാനവും അതിന്റെ ഈണവും ചിത്രത്തിന്റെ സ്വഭാവത്തിനും നന്നായിണങ്ങുന്നു. നടന്ന കാര്യങ്ങളിൽ അധികം വെള്ളം ചേർക്കേണ്ടെന്ന് കരുതിയാവാം, അടിയിടിയും അതിനാടകീയ രംഗങ്ങളുമൊന്നും ചിത്രത്തിലില്ല. ഇപ്പോൾ തന്നെ ഏതാണ്ട് രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ അതൊന്നുമില്ലാത്തത് നല്ല കാര്യമെന്നേ പറയാനുള്ളൂ!
'Jacobinte Swargarajyam' doesn't offer much to get excited. If one watch it without expectations, the film may end on a satisfying note.
സന്തോഷത്തോടെ വേണം 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'ത്തിലേക്ക് കടക്കുവാനെന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അങ്ങനെ സന്തോഷത്തോടെ കടന്നിരിക്കുന്നവരെ മുഷിപ്പിച്ച് വെറുപ്പിക്കുന്നില്ല എന്തായാലും ഈ ചിത്രം. അതിനപ്പുറമൊരു സിനിമാനുഭവമായൊക്കെ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' മാറുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഈ വിഷുക്കാലത്തിറങ്ങിയ ഇതര സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ കുടുംബസദസുകളെ ആകർഷിക്കാനുള്ള വകയുള്ളത് ഈയൊരു ചിത്രത്തിലാണ്. ആ ഒരു കാരണത്താൽ 'ഒന്നിൽ പിഴച്ചാൽ മൂന്നെന്ന' പഴഞ്ചൊല്ലിനെ 'ഒന്നിൽ പിടിച്ചാൽ മൂന്നെന്ന' പുതുചൊല്ലാക്കി മാറ്റിയെഴുതാൻ വിനീത് ശ്രീനിവാസനും നിവിൻ പോളിയും ഷാൻ റഹ്മാനുമെല്ലാം ചേരുന്ന കൂട്ടയ്മയ്ക്ക് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'ത്തിലൂടെ സാധിക്കുമെന്ന് കരുതാം.കടപ്പാട്: ശീർഷകത്തിന് ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 'പ്രേമസംഗീത'ത്തിലെ വരികളോട് കടപ്പാട് - "പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം; നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം; നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ."
- Cast
- Nivin Pauly, Renji Panicker, Lakshmy Ramakrishnan, Sreenath Bhasi, Aima Sebastian, Stacen, Saikumar, Ashwin Kumar, T.G. Ravi, Reba Monica John, Dinesh Prabhakar, Vineeth Sreenivasan, Aju Varghese etc.
- Crew
- Directed by Vineeth Sreenivasan
- Produced by Noble Babu Thomas
- Story, Screenplay, Dialogues by Vineeth Sreenivasan
- Cinematography by Jomon T. John
- Film Editing by Ranjan Abraham
- Background Score, Music by Shaan Rahman
- Art Direction by Jayashree Lakshmi Narayanan
- Costume Design by Sameera Saneesh
- Makeup by Hassan Vandoor
- Lyrics by Manu Manjith, B.K. Harinarayanan
- Stills by Hasif Hakeem
- Designs by KreativeKonnect
- Banner: Big Bang Entertainments
- Released on: 2016 Apr 08
No comments :
Post a Comment