വേട്ട (Review: Vettah)

Published on: 2/27/2016 10:15:00 AM

വേട്ട: കാട്ടിക്കൂട്ടൽ മാത്രമീ വേട്ട!

ഹരീ, ചിത്രവിശേഷം

Vettah: Chithravishesham Rating [3.25 / 10]
ഒരു സാധാരണക്കാരൻ ഇവിടുത്തെ പോലീസ് സംവിധാനത്തെ കൗശലപൂർവം ഉപയോഗിച്ച് ലക്ഷ്യം നേടുന്ന'എ വെനസ്‌ഡേ!'യിൽ നിന്നും പ്രചോദനം നേടിയാവാം അരുൺലാൽ രാമചന്ദ്രൻ 'വേട്ട'യ്ക്ക് കഥയെഴുതിയതും രാജേഷ് പിള്ളയത് സിനിമയാക്കിയതും. ചില ആനുകാലിക സംഭവങ്ങൾ പ്രതിപാദിക്കുന്നൊരു സിനിമയൊരുക്കിയതിൽ ഇരുവരെയും അഭിനന്ദിക്കാം, പക്ഷെ കഥ പറഞ്ഞു വരുമ്പോൾ യുക്തി കൈമോശം വരുന്നു പലപ്പോഴും. ഇതിനൊപ്പം ബാലിശമായ ചില വാദങ്ങൾ ഉയർത്തി ഞെക്കിപ്പഴുപ്പിച്ച അവസാനം കൂടിയാവുമ്പോൾ 'വേട്ട'യാടപ്പെടുന്ന അവസ്ഥയിലാവുന്നു പാവം പ്രേക്ഷകർ! ഹനീഫ് മുഹമ്മദ് നിർമ്മാതാവുന്ന ഈ ചിത്രം റെഡ് റോസ് ക്രിയേഷൻസിന്റെയും രാജേഷ് പിള്ള ഫിലിംസിന്റെയും ബാനറിലാണ് പൂർത്തിയാക്കിയത്.

ആകെത്തുക : 3.25 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 2.00 / 10
  • 3.00 / 10
  • 4.00 / 10
  • 2.00 / 05
  • 2.00 / 05
ശ്രീബാല ഐ.പി.എസ്. എന്ന പോലീസ് ഉദ്യോഗസ്ഥ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കേസിനെക്കുറിച്ചു പറയുന്നതാണ് സിനിമ. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന മെൽവിൻ ഫിലിപ്പിലൂടെ ചിത്രം പുരോഗമിക്കുന്നു. ഇന്ദ്രജിത്തിന്റെ സൈലക്സ് എബ്രഹാം തന്റെ മേലുദ്യോഗസ്ഥയ്ക്ക് കൂട്ടിനുണ്ട്. അറിയപ്പെടുന്നൊരു സിനിമാതാരത്തിന്റെ തിരോധാനമന്വേഷിക്കുന്ന ശ്രീബാലയും സൈലക്സും, അന്വേഷണവഴിയിൽ തങ്ങളെത്തന്നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ കഥാപരിസരം. ഇവിടെയാരാണ് വേട്ടയാടപ്പെടുന്നത് അല്ലെങ്കിൽ ആരാണ് വേട്ടയാടുന്നത് എന്ന ചോദ്യത്തിനുത്തരമാണ് കഥാന്ത്യം.


എഴുതിക്കൊടുത്ത ഡയലോഗുകൾ ഉരുവിടുക എന്നതിനപ്പുറം എന്തെങ്കിലും അഭിനേതാക്കളിൽ നിന്നും ചിത്രം ആവശ്യപ്പെടുന്നില്ല. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പുക്കുന്ന മഞ്ജു വാര്യരായാലും കുഞ്ചാക്കോ ബോബനായാലും ഇന്ദ്രജിത്തായാലും പിന്നെ ചെറുവേഷങ്ങളിലെത്തുന്ന മറ്റുള്ളവരായാലും; ഈ വാചകമടിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നുമില്ല. ഒരപകടത്തിനു ശേഷം കിളി പോയ അവസ്ഥയിലാണ് തന്റെ കഥാപാത്രമെന്നതിനാൽ, വിജയരാഘവൻ മാത്രം ഇതിനൊരു അപവാദമായുണ്ട്.


കഥാപാത്രങ്ങൾ വട്ടം കൂടിയിരുന്ന് സംസാരിക്കുന്നതാണ് സിനിമയുടെ അധികഭാഗവും എന്നതിനാൽ ക്യാമറ ചലിപ്പിച്ച അനീഷ്‌ലാലിനോ പിന്നീടത് എഡിറ്റ് ചെയ്ത അഭിലാഷിനോ അധികം ബുദ്ധിമുട്ടേണ്ടി വന്നിരിക്കില്ല. അതുകൊണ്ടു തന്നെ വിശേഷിച്ചൊന്നും അവയെക്കുറിച്ച് പറയാനുമില്ല. ഷാൻ റഹ്‌മാൻ ഈണമിട്ട ഗാനങ്ങളിലൊന്ന് ഒച്ചപ്പാടാണ്. മറ്റൊന്ന് കേട്ടിരിക്കാമെങ്കിലും സിനിമയ്ക്കിടയിൽ ആവശ്യമായി തോന്നിയില്ല. സംവിധായകൻ ഒട്ടും ശ്രദ്ധിച്ചില്ലെന്ന് തോന്നുമാറ് ചെയ്തിരിക്കുന്ന പശ്ചാത്തലബഹളം കാണികളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ട് ആദ്യാവസാനമുണ്ട്.

The makers of 'Vettah' could be credited for bringing some recent issues into the plot, other than that the film fails to impress altogether.
'ജീവിതമൊരു വേട്ടയാണ്, അവിടെ വേട്ടയാടണോ അതോ വേട്ടയാടപ്പെടണോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണെ'ന്ന ഗംഭീരമായ വാചകമൊക്കെ ആദ്യം പറയുന്നെങ്കിലും, പ്രത്യേകിച്ചു സാംഗത്യമൊന്നും ഇതിനു സിനിമയിലില്ല. ആണുങ്ങൾ എന്തൊക്കെ അറിഞ്ഞാലും അറിയാത്ത ഒന്നുണ്ട്, അത് പെണ്ണാണ്; വഞ്ചിക്കുന്നവരാണ് പെണ്ണുങ്ങൾ - ഇങ്ങിനെ ചില കുനിഷ്ട് ന്യായങ്ങളിലാണ് സിനിമയുടെ കഥ കെട്ടിപ്പൊക്കിയിരിക്കുന്നത്. എല്ലാം വളരെ കണിശമായ അസൂത്രണമാണെന്ന് പറയുന്നെങ്കിലും, നടന്നാൽ നടന്നു എന്നമട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇങ്ങിനെ ചില ഗംഭീര വാചകങ്ങളിടയ്ക്കിടെയിട്ടാലോ അല്ലെങ്കിൽ ഇല്ലാത്ത നിഗൂഢത ഉണ്ടെന്ന് ഭാവിച്ചാലോ ഒന്നും ഒരു ചിത്രം ത്രില്ലറാവില്ല. ഈയൊരു തിരിച്ചറിവ് അടുത്ത വേട്ടയ്ക്കിറങ്ങും മുൻപെങ്കിലും അരുൺലാലിനും രാജേഷിനുമുണ്ടാവുമെന്ന പ്രത്യാശയിൽ നിർത്തുന്നു.

UPDATE: കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികത്സയിലായിരുന്ന ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു. രാജേഷ് പിള്ളയ്ക്ക് 'ചിത്രവിശേഷ'ത്തിന്റെ ആദരാഞ്ജലികൾ. വാർത്തയുടെ ലിങ്ക്. രണ്ടാം ചിത്രമായ 'ട്രാഫിക്കി'ലൂടെയാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധ നേടിയത്.

Cast & Crew

Cast
Manju Warriar, Kunchacko Boban, Indrajith Sukumaran, Sandhya, Deepak Parambol, Rony David Raj, Prem Prakash, Kottayam Nazir, Vijayaraghavan, Sanusha Santhosh, Baby Akshara Kishore, Baby Nandana Sajan, Irshad, Santhosh Keezhattoor etc.
Crew
Directed by Rajesh Pillai
Produced by Haneef Mohammad
Written by Arunlal Ramachandran
Cinematography by Anishlal R.S.
Film Editing by Abhilash Balachandran
Background Score by Name
Art Direction by Cyril Kuruvila
Costume Design by Sreya Aravind
Makeup by Shaji Pulpally
Lyrics by Harinarayanan, Manu Manjith
Music by Shaan Rahman
Stunts by Run Ravi
Stills by Sinat Savier
Designs by Old Monks
Banner: Red Rose Creations & Rajesh Pillai Films
Released on: 2016 Feb 26

No comments :

Post a Comment