നിർണായകം: ബാക്കിയാവുന്നത് നിരാശ മാത്രം!
ഹരീ, ചിത്രവിശേഷം
![Nirnayakam: A film by V.K. Prakash starring Asif Ali, Nedumudi Venu, Prem Prakash etc. Film Review by Haree for Chithravishesham. Nirnayakam: Chithravishesham Rating [3.00/10]](http://2.bp.blogspot.com/-QPXBYGmSDsQ/VXJ-SsQs7NI/AAAAAAAAL2Q/zyqlVT_BTSE/s1600/2015-06-05_Nirnayakam.jpg)
സംവിധായകന്റെയും രചയിതാക്കളുടെയും ഉദ്ദേശശുദ്ധി അംഗീകരിച്ചു കൊടുക്കാം. പക്ഷെ, ഉദ്ദേശശുദ്ധി കൊണ്ടു മാത്രം ഒരു സിനിമ സിനിമയാവില്ലല്ലോ! സർക്കാർ സംവിധാനങ്ങളുടെ പരാജയം, അതെങ്ങിനെ സാധാരണക്കാരന്റെ ജീവിതത്തെ ക്ലേശകരമാക്കുന്നു അല്ലെങ്കിൽ തകർത്തു കളയുന്നു - ഉദാഹരണങ്ങൾ നമുക്കു ചുറ്റു നിന്നും കണ്ടെത്തുവാൻ ഏറെ പണിപ്പെടേണ്ടി വരില്ല. അങ്ങിനെ ചില യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ച, അരമുക്കാൽ മണിക്കൂർ ദൈർഘ്യം വരുന്ന ഡോക്യുമെന്ററിയായായോ മറ്റോ തയ്യാറാക്കിയിരുന്നെങ്കിൽ ഇതിലുമധികം ഗുണപ്പെടുമായിരുന്നു. ഇതിപ്പോൾ സിനിമയെന്നു പേരും എന്നിട്ടു കുറേപ്പേരുടെ പ്രസംഗങ്ങളുടെ വീഡിയോ ഷോയും. ഈ (അധിക)പ്രസംഗികളെല്ലാം കഥാപാത്രങ്ങളാകയാൽ അവരെ പരിചയപ്പെടുത്തലാണ് സിനിമയുടെ ബാക്കിഭാഗം.
ആസിഫ് അലിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലേതെന്ന് ചിലേടത്തൊക്കെ ചിലർ പറഞ്ഞു കണ്ടു. കാര്യമായ അഭിനയത്തിനൊന്നും പുള്ളിക്ക് ഇട നൽകാത്തതിനാൽ അധികം പരിക്കുകളില്ല എന്നതു സത്യം. അതിനദ്ദേഹത്തെ ഇങ്ങനെ കളിയാക്കണോ! ചില കഥാപത്രങ്ങളിൽ സിനിമ നിന്നു കറങ്ങുന്നു എന്ന പരാതി ഒഴിവാക്കാനാവും, ഒരു കഥാപാത്രത്തിനുമില്ല സിനിമയിൽ പ്രാധാന്യം. നെടുമുടി വേണു തന്റെ സ്ഥിരം 'ഇവിടെയൊന്നും കിട്ടിയില്ല, ഇവിടാരുമൊന്നും തന്നില്ല...' ശൈലിയിൽ കുറേയേറെ വാചകക്കസർത്ത് ചിത്രത്തിൽ നടത്തുന്നുണ്ട്. പ്രേം പ്രകാശിന്റെ വക്കീൽ വേഷമാണ് കൂട്ടത്തിൽ മെച്ചം. ടിസ ചോപ്രയും മാളവിക മോഹനും പേരിനു നായികമാരായി ചിത്രത്തിലുണ്ട്. 'ഞങ്ങളുടെ കുടുംബകാര്യത്തിലെന്താടോ ഒരു ഔട്ട്സൈഡറിനു കാര്യ' മെന്ന മകന്റെ ശക്തമായ ചോദ്യത്തിൽ പരുങ്ങുന്ന, നായകന്റെ അമ്മയുടെ നിലവിലെ ജീവിതപങ്കാളി, പ്രകാശ് ബാരെയുടെ മോഹനെന്ന കഥാപാത്രത്തിനാണ് ചിത്രത്തിൽ ടോപ്പ് ക്ലീഷെ അവാർഡ്! സുധീർ കരമന, ലെന അഭിലാഷ്, റിസബാവ, സനൂഷ, അശോകൻ, ഗോപകുമാർ, സൈജു കുറുപ്പ് എന്നിങ്ങനെ ചെറുവേഷങ്ങളിൽ ഇനിയുമുണ്ട് അഭിനേതാക്കൾ ചിലർ.
'Nirnayakam' handles a socially relevant issue for sure, but that's the only good thing one can say about it. At the end, the film proves it yet again, good intention alone does not make a fine film.
വി.കെ. പ്രകാശിന്റെ ഭൂരിഭാഗം ചിത്രങ്ങളുടെയും കാര്യത്തിലെന്ന പോലെ, സാങ്കേതികമായി ചിത്രം മികവു പുലർത്തുന്നു. അതുകൊണ്ടു വിശേഷിച്ചു കാര്യമൊന്നുമില്ല എന്നു മാത്രം. സന്തോഷ് വർമ്മയെഴുതി എം. ജയചന്ദ്രൻ ഈണമിട്ട രണ്ടു പാട്ടുകൾ ഇടയ്ക്കെപ്പോഴൊക്കെയോ വന്നു പോവുന്നുണ്ട്. ചിത്രം മൊത്തത്തിൽ മടുപ്പിക്കുന്നതിലുമധികം മടുപ്പിക്കാൻ രണ്ടു പാട്ടുകൾക്കെങ്ങനെ കഴിയാൻ! ആസിഫ് അലിയുടെ മുഖത്തോ അനക്കമൊന്നും വരില്ല, ദേഹമെങ്കിലും അനങ്ങണമല്ലോ എന്നു കരുതി സംവിധായകൻ കൈയ്യിൽ നിന്നിട്ടതാണോ എന്നു സംശയം തോന്നുന്ന രീതിയിൽ മാഫിയ ശശി ഒരുക്കിയ രണ്ടു തല്ലുകളും ചിത്രത്തിലുണ്ട്.സംവിധായകനും രചയിതാക്കളും ഇനിയിപ്പോ ഒന്നുകൂടി ഒന്നാലോചിക്കണം, കഥാപാത്രങ്ങൾ പറഞ്ഞു കേൾപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധതയ്ക്കപ്പുറം എന്താണ് ഈ ചിത്രത്തിലുള്ളതെന്ന്. എന്തിനായിരുന്നു ഏതാണ്ട് അരമണിക്കൂറെടുത്ത് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പട്ടള ബിൽഡ്-അപ്പെന്ന്, എന്തിനായിരുന്നു വേർപിരിഞ്ഞ അച്ഛനമ്മയും പിന്നെ അച്ഛനു ബ്ലഡ് ക്യാൻസറുമെന്ന്, എന്തിനായിരുന്നു ഒടുവിലെ സോഷ്യൽ മീഡിയ പ്രചരണമെന്ന്, ഇങ്ങനെ പറയുവാനുദ്ദേശിക്കുച്ച വിഷയവുമായി പുലബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾ കുത്തിനിറച്ചൊരു സിനിമ തങ്ങളെടുത്തതെന്ന് - ഇതൊക്കെ ചിന്തിക്കാവുന്നതാണ് മൂവർക്കും. അങ്ങിനെയൊരു പുനർവിചിന്തിനത്തിനു മൂവരും തയ്യാറാവുമോ ഇല്ലയോ എന്നതാണ് മലയാള സിനിമ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിർണായകം, വിശേഷിച്ചും ഇവർ തുടർന്നും സിനിമകളുമായി വരുമെന്നതിനാൽ!
വാൽക്കഷ്ണം: 'സാധാരണക്കാരന്റെ ശബ്ദം, അതിനേക്കാൾ ശക്തിയുള്ള ഒന്നുമില്ല!' എന്നാണു ചിത്രത്തിന്റെ പരസ്യവാചകം. പടം പിടിച്ച സമയത്ത് സംവിധായകനിത് ബോധ്യമുണ്ടായിരുന്നെങ്കിൽ ഈ പരിപാടി കാണിക്കുമായിരുന്നോ? ഇനിയും ബോധ്യം വന്നിട്ടില്ലെങ്കിൽ അധികം വൈകാതെയത് ബോധ്യപ്പെടാനാണ് സാധ്യത.
- Cast
- Asif Ali, Prem Prakash, Nedumudi Venu, Malavika Mohan, Tisca Chopra, Sudheer Karamana, Lena Abhilash, Saiju Kurup, Prakash Bare, Sanusha, M.R. Gopakumar, Rizabawa, Shankar Ramakrishnan, Anoop Chandran, Krishna etc.
- Crew
- Directed by V.K. Prakash
- Produced by Josmon Simon, Rajesh George
- Story, Screenplay, Dialogues by Bobby - Sanjay
- Cinematography by Shehnad Jalal
- Film Editing by Mahesh Narayanan
- Background Score by Ouseppachan
- Art Direction by Sajith Krishna, Manu Thachettu
- Costume Design by Liji Preman
- Makeup by Rajesh Nenmara
- Lyrics by Santhosh Varma
- Music by M. Jayachandran
- Stunts by Mafia Sasi
- Stills by Anas Padannayil
- Designs by Collins Leophil
- Banner: Jayaraj Films
- Released on: 2015 June 05
No comments :
Post a Comment