ഇവിടെ: എവിടെയുമെത്താത്തൊരിവിടെ!
ഹരീ, ചിത്രവിശേഷം
![Ivide: A film by Shyamaprasad starring Prithviraj Sukumaran, Nivin Pauly, Bhavana, Prakash Bare etc. Malayalam Film Review by Haree for Chithravishesham. Ivide: Chithravishesham Rating [5.75/10]](http://3.bp.blogspot.com/-yvTQlry_0nw/VWpm8MlmPKI/AAAAAAAALzg/DXIKOvClEVw/s1600/2015-05-29_Ivide.jpg)
ഒന്നോ രണ്ടോ രംഗങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, സിനിമ പൂര്‍ണമായും നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്, വരുണ്‍ ബ്ലേക്കെന്ന (പൃഥ്വിരാജ്) പോലീസുദ്യോഗസ്ഥന്റെ തൊഴിലും ജീവിതവുമാണ് സിനിമയുടെ പ്രമേയം. ഒരു ഇന്ത്യന്‍ ഐ.ടി. കമ്പനിയുടെ നായകത്വം വഹിക്കുന്ന ക്രിഷ് ഹെബ്ബാര്‍ (നിവിന്‍ പോളി), അയാളിലേക്ക് അടുക്കുന്ന വരുണിന്റെ മുന്‍ഭാര്യ റീന മാത്യൂസ് (ഭാവന); ഇവരിലൂടെ കൂടിയാണ് വരുണിനെ പ്രേക്ഷകര്‍ മനസിലാക്കുന്നത്. ഔട്ട് സോഴ്സിംഗ് മൂലമായി അറ്റ്ലാന്റയിലെ അമേരിക്കന്‍ തൊഴിലിടങ്ങളിലുണ്ടാവുന്ന അരക്ഷിതാവസ്ഥ, അവിടെ നേട്ടം കൊയ്യുന്ന വിദേശ(അഥവാ ഇന്ത്യന്‍)കമ്പനികള്‍; ഈ സാഹചര്യത്തിന്റെ സന്തതിയായി ഒരു സീരിയല്‍ കില്ലര്‍ - അയാളുടെ വേട്ടക്കാരനും ഇരകളും കൂടിയാണ് ഈ മൂന്നു കഥാപാത്രങ്ങള്‍. കഥാതന്തു തീര്‍ച്ചയായും പുതുമയുള്ളതാണ്, എന്നാലത് തിരനാടകമായി വന്നപ്പോള്‍ പലയിടത്തും പിഴച്ചു.
The makers of the film tries their best to make it different. But, how far did they succeed to make it an engaging experience is what makes one doubtful.
കഥാപാത്രത്തിന്റെ പിരിമുറുക്കം നന്നായി അനുഭവപ്പെടുത്തുന്നുണ്ട് വരുണ്‍ ബ്ലേക്കായെത്തുന്ന പൃഥ്വിരാജ്. പതിവ് പ്രേമനായക വേഷങ്ങളില്‍ നിന്നുമൊരു മാറ്റമാണ് നിവിന്‍ പോളിയുടെ ക്രിഷ്. സ്ഥിരം വേഷങ്ങളിലെ അനായാസത നിവിന്‍ പോളിയുടെ ക്രിഷില്‍ കണ്ടില്ല. ബന്ധങ്ങളെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്രിഷ് എന്ന കഥാപാത്രത്തിന് ഈയൊരു കൃത്രിമത്വം ഗുണമായെന്നും പറയാം. ഭാവന പതിവിന്‍പടി. പ്രകാശ് ബാരെ ഉള്‍പ്പടെ ചെറുറോളുകളിലെത്തുന്ന ഇതര വിദേശ/സ്വദേശ അഭിനേതാക്കളുടെ അഭിനയത്തെക്കുറിച്ച് വിശേഷിച്ചൊന്നും പറയാനില്ല. കൂടുതല്‍ സമയവും വരുണും ക്രിഷുമാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം എന്നതിനാല്‍ ഇവര്‍ കാരണമായി സിനിമയ്ക്ക് അധികം പരിക്കുകളില്ല. സിനിമയുടെ സ്വഭാവത്തിനിണങ്ങുന്ന എറിക് ഡിക്കിന്‍സണിന്റെ ദൃശ്യപരിചരണത്തിനും ശബ്ദകോലാഹലമാവാത്ത ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും പ്രേക്ഷകരെ സിനിമയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.കുറ്റവാളിയെത്തേടിയുള്ള വരുണിന്റെ അന്വേഷണം ചിത്രത്തിന്റെ പ്രധാന ഭാഗമാണ്, അവിടെയാണ് രചയിതാവിനും സംവിധായകനും അടിതെറ്റുന്നതും. ഇടയ്ക്കൊരു കഥാപാത്രത്തെ തെറ്റിദ്ധരിപ്പിക്കാനായി തിരുകുക, മറ്റൊരു കഥാപാത്രത്തെ കുറ്റവാളിയായി പ്രേക്ഷകര്‍ കരുതുന്ന വിധത്തില്‍ ചില സാഹചര്യങ്ങളൊരുക്കുക, ഒടുവില്‍ അതുവരെ ചിത്രത്തിലില്ലാത്ത ഒരാള്‍ പ്രതിയാവുക - മലയാളത്തിലെ അപസര്‍പ്പക സിനിമകളില്‍ കാലങ്ങളായി തുടരുന്ന രീതികള്‍ തന്നെയാണ് ഇതിലും ആവര്‍ത്തിക്കുന്നത്. കുറ്റവാളിയുടെ പ്രവര്‍ത്തന രീതി (modus operandi) അവലോകനം ചെയ്താണ് അന്വേഷകന് കുറ്റവാളിയിലെത്തുന്നത് - എന്നാലോ അത്തരം നിരീക്ഷണങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നാണ് ഒടുവില്‍ മനസിലാക്കേണ്ടത്. ഏച്ചുകെട്ടല്‍ അനുഭവപ്പെടുത്തുന്ന പരിണാമഗുപ്തികൂടിയാവുമ്പോള് എങ്ങുമെങ്ങുമെത്താതെ ചിത്രം അവസാനിക്കുന്നു; അപ്പോഴും അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പലതും ബാക്കിയാണ് താനും!
തിരക്കഥയില്‍ കുറച്ചു നന്നായി ശ്രദ്ധ നല്കിയിരുന്നെങ്കില് ഏറെ മികച്ചതാക്കാനാവുമായിരുന്ന ഒരു പശ്ചാത്തലം തന്റെ കഥാപാത്രങ്ങളിലൂടെ ചിത്രത്തില്‍ സൃഷ്ടിക്കാനായി എന്നതില്‍ ശ്യാമപ്രസാദിന് ആശ്വസിക്കാം. അതിനപ്പുറം എവിടെയുമെത്തുന്നില്ല ഈ 'ഇവിടെ'.
- Cast
- Prithviraj Sukumaran, Nivin Pauly, Bhavana, Prakash Bare, Jia Patel, Dhanish Karthik, Deepti Nair, Sathi Premji, Haridev, Sunil Veettil, Shaun Xavier, Tim Naddy, Juan Alexander, Kirstein Gilbert, Robin Cole etc.
- Crew
- Directed by Shyamaprasad
- Produced by Dr. S. Sajikumar
- Story, Screenplay, Dialogues by Ajayan Venugopalan
- Cinematography by Eric Dickinson
- Film Editing by Manoj
- Background Score by Gopi Sunder
- Art Direction by Alex Richards
- Costume Design by Sarah Otto Wang, Sachi Masuda
- Makeup by Danielle Rotelle, Lintu Holman
- Lyrics by Rafeeq Ahammed
- Sound Design by Jaun Pablo, Peter R. Portales
- Designs by Old Monks
- Banner: Dharmik Films, Rajmati films
- Released on: 2015 May 29
No comments :
Post a Comment