ഞാന്‍ സ്റ്റീവ് ലോപ്പസ്: 'ഞാനും' സ്റ്റീവ് ലോപ്പസ്!
ഹരീ, ചിത്രവിശേഷം
![Njan Steve Lopez: A film by Rajeev Ravi starring Farhaan Faasil, Ahaana Krishna, Sujith Shankar etc. Malayalam Film Review by Haree for Chithravishesham. Njan Steve Lopez: Chithravishesham Rating [7.25/10]](http://2.bp.blogspot.com/-uLUL0eA8XWI/U-l4Vz5UD5I/AAAAAAAALDQ/VmtSWSQeK4w/s1600/2014-08-08_Njan-Steve-Lopez.jpg)
ഒരു കഥ പറഞ്ഞു തീര്‍ക്കുക എന്നതിനപ്പുറം ചിലതൊക്കെ യഥാതഥം കാണിച്ചു തരിക എന്നതിനാണു ചിത്രത്തില്‍ ഊന്നല്‍. അതിനാല്‍ തന്നെ സ്റ്റീവ് കാണുന്നതേ നാം കാണുന്നുള്ളൂ, അവന് കേള്‍ക്കുന്നതേ നാം കേള്ക്കുന്നുമുള്ളൂ. സ്റ്റീവുമായി ബന്ധപ്പെടുത്തുവാന്‍ കഴിയാത്ത ഒരു ദൃശ്യം പോലുമില്ല ചിത്രത്തില്‍. ആവശ്യത്തിനു മാത്രം രംഗങ്ങള്‍, അവയില്‍ കൃത്യമായി ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങള്‍ - സിനിമ ഒരു ദൃശ്യകലയായി അനുഭവപ്പെടുത്തുന്നുണ്ട് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. ചിത്രത്തിലെ കഥാപാത്രങ്ങള്‍, അവര്‍ ഓരോരുത്തര്‍ക്കുമുണ്ട് അവരുടേതായ നന്മ-തിന്മകള്. അന്നയും റസൂലുമായി രാജീവ് രവി നടന്നത് ഫോര്‍ട്ട് കൊച്ചിയിലായിരുന്നെങ്കില്‍, തിരുവനന്തപുരം സിറ്റിയും പരിസരങ്ങളുമാണ് സ്റ്റീവ് ലോപ്പസിന്റെ ലോകം. ആ ലോകത്തിന്റെ കഥകൂടിയായി സിനിമ പരിണമിക്കുന്നുമുണ്ട്.
നായകനോ നായികയോ അല്ല, മറിച്ച് മറ്റ് ചില കഥാപാത്രങ്ങളാണ് സിനിമയില്‍ ശക്തമായ സാന്നിധ്യമാവുന്നത്. ഒരു ഗുണ്ടയും ഭര്‍ത്താവും അച്ഛനുമോക്കെയായി വിവിധ ഭാവങ്ങളിലെത്തുന്ന ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കര്‍ തന്നെ ഇവരില്‍ മുന്‍പന്തിയില്‍. അനില്‍ നെടുമങ്ങാട് (ഫ്രെഡി), വിനായകന് (പ്രതാപന്), അലന്‍സീര്‍ (ജോര്‍ജ് ലോപ്പസ്), ജയിംസ് എല്ല (മോഹനന്), അഭിജ (ഹരിയുടെ ഭാര്യ അഞ്ജലി) തുടങ്ങിയവരും സ്വാഭാവികതയില്‍ ശ്രദ്ധ നേടുന്നു. ഇവരോടു തട്ടിച്ചു നോക്കുമ്പോള്‍ ലോപ്പസിനെ ഇതിലും മികച്ച രീതിയില്‍ അവതരിപ്പിക്കേണ്ടിയിരുന്നില്ലേ എന്ന് ന്യായമായും സംശയിക്കാം. എങ്കിലും, അധികവും നിസംഗഭാവത്തിലെത്തുന്ന ലോപ്പസിനെ, അമിതാഭിനയമൊന്നും നടത്താതെ മോശമാവാതെ കാത്തു ഫര്ഹാന്. അഞ്ജലിയായി അഹാനയും അരങ്ങേറ്റം ഭംഗിയാക്കി.
നായകന് വല്ലാത്തൊരു മാനസികാവസ്ഥയില്‍ വീടുവിട്ടിറങ്ങുമ്പോള് പശ്ചാത്തലമായി വരുന്ന "മുത്തുപ്പെണ്ണേ മോഹനമേ..." ഗാനത്തിനോടത്ര പ്രതിപത്തിയില്ല; തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ പ്രസ്തുത ഗാനം ന്യായീകരിക്കപ്പെടുന്നുണ്ട് എങ്കില്‍ പോലും. സിദ്ധാര്‍ഥ് മേനോന്റെ ശബ്ദത്തില്‍ "തെരുവുകള്‍ നീ..." എന്ന ഗാനം കേള്‍വിക്ക് ഉതകുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ 'അന്നയും റസൂലി'ലെയും ഗാനരംഗത്തിന്റെ ആവര്‍ത്തനം മാത്രം - അതില്‍ ബോട്ടെങ്കില്‍ ഇവിടെ ബസ്! പപ്പുവിന്റെ ക്യാമറ സിനിമയുടെ താളത്തിനു ചേരും വിധം കാഴ്ചകള്‍ പകര്‍ത്തിയിട്ടുണ്ട്. അക്രമങ്ങളും മറ്റും സിനിമയില്‍ വരുമ്പോഴും, മാഫിയ ശശിയുടെയും അന്പ് അറിവിന്റെയും സഹായത്തില്‍ പക്വതയോടെ കാട്ടുവാന്‍ സംവിധായകന് മനസുവെച്ചതും ശ്രദ്ധേയം.
"നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമത്രേ ഓരോ കലാപത്തിന്റെയും കാതല്‍..." - അല്‍ബേര്‍ ക്യമ്യുവിന്റെ ഈയൊരു വാചകത്തെ സിനിമയില്‍ ധ്വനിപ്പിക്കുവാനുള്ള ശ്രമം, അതില്‍ സംവിധായകന് വിജയിക്കുവാനായതാണ്, സഹജീവികളുടെ വേദനകള്‍ തന്റെ വേദനകളായി കാണുവാന്‍ ശ്രമിക്കുന്നവരെക്കൊണ്ട് 'ഞാനും' ഒരു സ്റ്റീവ് ലോപ്പസാണല്ലോ എന്നു ചിന്തിപ്പിക്കുന്നത്. ചിത്രത്തിനൊടുക്കം ചിലരെ വേദനിപ്പിച്ചേക്കാം, മറ്റു ചിലരെ അരിശം കൊള്ളിക്കാം, ഇനിയും ചിലരെ നിസംഗതയില്‍ നിന്നുണരാന്‍ പ്രേരിപ്പിച്ചേക്കാം - ഏത് രീതിയിലും ഒരു വട്ടം കൂടി സിനിമ ഓര്‍ത്തെടുക്കുവാനും, പറഞ്ഞു വെച്ച കാര്യങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുവാനുമുള്ള വക നല്‍കുന്നുണ്ട് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. കാണാതിരുന്നാല്‍, ഒരു പക്ഷെ തന്റെ തന്നെ ഉള്ളിലേക്കൊരു തിരിഞ്ഞു നോട്ടത്തിനുള്ള അവസരമാവാം നിങ്ങള്‍ കൈവിട്ടു കളയുന്നത്!
- Cast
- Farhaan Faasil, Ahaana Krishna, Sujith Shankar, Alancier, Abhija, Anil Nedumangad, James Elia, Mini K.S., Chinnu Kuruvilla, Dr. Ambikasuthan, Vinayakan etc.
- Crew
- Directed by Rajeev Ravi
- Produced by Madhu Neelakandan, Alan McAlex, Madhukar R. Musle
- Story / Screenplay, Dialogues by Rajeev Ravi / Rajesh Ravi, Santhosh Echikkanam, Geethu Mohandas
- Cinematography by Pappu
- Film Editing by B. Ajithkumar
- Background Score by Chandran Veyattummal
- Art Direction by Nagaraj
- Costume Design by Biju Nilamamood
- Makeup by Pradeep Rangan
- Lyrics by Anwar Ali, Anoop Mohandas, Rahul Madhusoodanan
- Music by Shahabaz Aman
- Stunts by Mafia Sasi, Anbu Arivu
- Stills by Name
- Designs by OldMonks
- Banner: Collective Phase One
- Released on: 2014 Aug 08
No comments :
Post a Comment