ബാംഗ്ലൂർ ഡെയ്സ് (Review: Bangalore Days)

Published on: 6/01/2014 01:15:00 PM

ബാംഗ്ലൂർ ഡെയ്സ്: ജീവിതമുണ്ട് ഈ ദിനങ്ങളിൽ...

ഹരീ, ചിത്രവിശേഷം

Bangalore Days: Chithravishesham Rating [6.75/40]
“തുടക്കം മാംഗല്യം, പിന്നെ ജീവിതം...” - ചിത്രത്തിലെ ഗാനം പറയുമ്പോലെ നായികയുടെ വിവാഹത്തോടെയാണ് ‘ബാംഗ്ലൂർ ഡെയ്സി’ ന്റെ തുടക്കം, പിന്നെ സിനിമ കാട്ടുന്നതാവട്ടെ ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെടുന്ന അവളുടെയും ഒപ്പം അവളുടെ ഉറ്റസുഹൃത്തുക്കളായ കസിൻ പയ്യന്മാരുടെയും ജീവിതവും. നായിക ദിവ്യയായി നസ്രിയയെത്തുമ്പോൾ അവളുടെ കസിൻസിനെ നിവിൻ പോളിയും ദുൽക്കർ സൽമാനും, ഭർത്താവിനെ ഹഹദ് ഫാസിലും ചിത്രത്തിൽ അവതരിപ്പിക്കുന്നു. അൻവർ റഷീദ് എന്റർടൈന്മെന്റിന്റെയും വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ബാനറിൽ അൻ‌വർ റഷീദും സോഫിയ പോളും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും അഞ്ജലി മേനോൻ. ബാംഗ്ലൂർ സ്വപ്നങ്ങളുമായി പഠനകാലം ചിലവിട്ട ദിവ്യയും കസിൻ‌സും ഒടുവിൽ ബാംഗ്ലൂരിലെത്തുന്നു. ശരിക്കും അവർ സ്വപ്നം കണ്ടൊരു ബാംഗ്ലൂർ ജീവിതമാണോ അവരെയവിടെ കാത്തിരിക്കുന്നത്? ചെറിയ ചെറിയ സസ്പെൻസുകൾ ഇടയ്ക്കിടെ ചേർത്തുവെച്ചൊരു കാഴ്ചയായി ഇവരുടെ ജീവിതം മാറിമറിയുന്നു ‘ബാംഗ്ലൂർ ഡെയ്സി’ൽ.

ആകെത്തുക : 6.75 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • പാട്ട് / നൃത്തം / ആക്ഷന്‍
  • 5.00 / 10
  • 7.00 / 10
  • 8.00 / 10
  • 4.50 / 05
  • 2.50 / 05
ഏതെങ്കിലുമൊരു കഥാപാത്രത്തെയോ ആ കഥാപാത്രവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളേയോ ചുറ്റിപ്പറ്റിയല്ല ചിത്രം മുന്നേറുന്നത്. അടുത്ത സുഹൃത്തുക്കളായിരിക്കുമ്പോഴും, കേന്ദ്ര കഥാപാത്രങ്ങളായ മൂന്നു പേരുടേയും ജീവിതം മൂന്നു വഴിക്കാണു പോണത്. മൂവരേയും അവതരിപ്പിക്കലും അവരുടെ കളികളും മറ്റുമായി ആദ്യ ഭാഗം അല്പം മുഷിയുമ്പോഴും, ഇടവേളയ്ക്കു ശേഷം വളരെ ഭംഗിയായി കഥ കൊണ്ടുപോയി പറഞ്ഞവസാനിപ്പിക്കുവാൻ രചനയും സംവിധാനവും നിർവ്വഹിച്ച അഞ്ജലി മേനോനു കഴിഞ്ഞു. കഥയുടെ മികവിലുപരി, അതൊരു തികഞ്ഞ വിനോദക്കാഴ്ചയ്ക്ക് ഉതകും വിധം അവതരിപ്പിച്ചതിലാണ് അഞ്ജലിയുടെ വിജയം എന്നും പറയാം. ഇന്നത്തെ യുവതീയുവാക്കളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ജീവിതരീതിയും സ്വഭാവവിശേഷങ്ങളുമൊക്കെ ഒട്ടൊരു നർമ്മത്തിൽ പൊതിഞ്ഞു കാട്ടുന്ന ചിത്രം, ആരുടെയെങ്കിലും പക്ഷം പിടിച്ച് ശരി തെറ്റുകൾ നിർവ്വചിക്കുവാൻ മുതിരുന്നില്ല എന്നതും ആശ്വാസകരം.

വ്യക്തതയും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുവാൻ അഭിനേതാക്കൾ മിക്കവർക്കുമായി. പ്രസരിപ്പു നിറഞ്ഞ ചെറുപ്പക്കാരി കഥാപാത്രം നസ്രിയയുടെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഛായയിൽ തന്നെ. എന്നാൽ, ചിത്രം പുരോഗമിക്കുമ്പോൾ കഥാപാത്രമാവശ്യപ്പെടുന്ന ഗൌരവം നൽകുവാൻ നസ്രിയയ്ക്കു കഴിഞ്ഞത് ദിവ്യയെ വേറിട്ടു നിർത്തുന്നു. പക്വമായ അഭിനയശൈലിയിൽ ഫഹദ് ഫാസിൽ മതിപ്പുളവാക്കുമ്പോൾ, കുട്ടനായി നിവിൻ പോളിയും ശ്രദ്ധ നേടുന്നു. സാറ എന്ന റേഡിയോ ജോക്കിയായി പാർവതി തിളങ്ങുമ്പോൾ, തനിക്കു കിട്ടിയ ചെറിയ ഭാഗം ഭംഗിയാക്കി നിത്യ മേനോനും സാന്നിധ്യമറിയിക്കുന്നു. ഇവർക്കിടയിൽ അത്രകണ്ട് ശോഭിക്കാതെ പോയത് ദുൽക്കർ സൽമാന്റെ ബൈക്ക് റൈഡറായ അജുവെന്ന അർജ്ജുനാണ്. കഥാപാത്രത്തിനു ചേരുന്ന രൂപഭാവങ്ങളൊക്കെ ഉള്ളപ്പോഴും ദുൽക്കറിന്റെ അജുവിനു ജീവനില്ലാതെ പോയി പലപ്പോഴും. കൂട്ടിന് മീനാക്ഷി എന്ന വേഷത്തിൽ ഇഷ തൽ‌വാറുമുണ്ട്. ‘തട്ടത്തിൻ മറയത്തി’ലെ പെണ്ണിന്റെ ഹാങ്ങോവറിനപ്പുറം ഇഷയ്ക്ക് ചിത്രത്തിലിടം നേടുവാൻ കഴിയുന്നില്ല. സിജോയ് വർഗീസ്, വിജയരാഘവൻ, കല്പന, മണിയൻ പിള്ള രാജു, പ്രവീണ, കല്പന, വിനയ പ്രസാദ് തുടങ്ങിയവരൊക്കെയാണ് ചിത്രത്തിലെ ഇതര അഭിനേതാക്കൾ.

'Bangalore Days' promises a roller coaster ride; well, for the most part it is and will hopefully make your day! Go on, enjoy this fun ride full of love, care and laughter.
സമീർ താഹിറിന്റെ ദൃശ്യങ്ങൾ ചിത്രത്തിനു ചെയ്യുന്ന സഹായം ചെറുതല്ല. വിശേഷിച്ചും ബൈക്കോട്ട മത്സരമൊക്കെ വരുന്ന അവസാനഭാഗങ്ങൾ ഒന്നാന്തരമായി അനുഭവപ്പെട്ടു. പ്രവീൺ പ്രഭാകർ അവയൊക്കെ വേണ്ടും വിധം ചേർത്തൊരുക്കിയിട്ടുമുണ്ട്. പശ്ചാത്തല സംഗീതത്തിൽ ഗോപി സുന്ദർ മികവു കാട്ടുമ്പോഴും ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളും വല്ലാതെ നിരാശപ്പെടുത്തുന്നു. ഇതിലും മികച്ച ഗാനങ്ങളും അവയുടെ ചിത്രീകരണവും തീർച്ചയായും ആവശ്യപ്പെടുന്നുണ്ട് ഈ ചിത്രം. ആദ്യാവസാനം പശ്ചാത്തലത്തിൽ ഇടയ്ക്കിടെ ഉപയോഗിച്ചിരിക്കുന്നതിനാൽ, “തുടക്കം മാംഗല്യം...” എന്ന ആദ്യഗാനത്തിന്റെ ഈണം മാത്രം കാണികളുടെ കൂടെപ്പോരും.

മൂവർ സംഘത്തിന്റെ ബാംഗ്ലൂർ ജീവനത്തിന്റെ കഥ പറയുവാൻ മൂന്നു മണിക്കൂറിനടുത്ത് സംവിധായിക എടുക്കുമ്പോഴും, ഒടുവിലെ ഭാഗങ്ങളുടെ മികവിൽ അതൊരു പ്രശ്നമായി ഭൂരിപക്ഷത്തിനും ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ അനുഭവപ്പെടില്ല. ഓർത്തെടുത്ത് പറയാവുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും ചിലതുണ്ട് ചിത്രത്തിൽ. പക്ഷെ, അതൊക്കെ ഇവിടെ പറഞ്ഞു രസം കളയുവാൻ മുതിരുന്നില്ല - ചിത്രത്തിൽ കണ്ടു തന്നെ രസിക്കേണ്ടവയാണ് അവയൊക്കെ. ബന്ധുക്കളായ മൂന്നു സുഹൃത്തുക്കളുടെ കഥയാണിതെങ്കിലും, പല മട്ടിലുള്ള മനുഷ്യബന്ധങ്ങളും അവയുടെ ഇഴയടുപ്പവും, പരസ്പര സ്നേഹവും വിശ്വാസവുമൊക്കെ അവതരിക്കപ്പെടുമ്പോൾ ജീവിതം തന്നെയാണ് സിനിമയിൽ തെളിയുന്നത്. ഒപ്പം, യുവത്വം ആഘോഷമാക്കുന്ന ഒരു ഉല്ലാസയാത്രയുമാണ് ചിത്രം ആദ്യാ‍വസാനം. അധികം കാത്തിരിക്കാതെ ആദ്യ ദിനങ്ങളിൽ തന്നെ കാണേണ്ട ഒന്നായി ‘ബാംഗ്ലൂർ ഡെയ്സ്’ മാറുന്നതും ഇവയൊക്കെ കൊണ്ടു തന്നെ.
മുന്നറിയിപ്പ്: കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളുമൊക്കെ വിശദീകരിച്ചെഴുതിയുള്ള റിവ്യൂകൾ വായിക്കാതെ തന്നെ ഈ ചിത്രം കാണുവാൻ പോവുക. ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം, അതൊക്കെ വായിക്കുന്നത് കാര്യമായി തന്നെ ആസ്വാദനത്തെ ബാധിച്ചുവെന്നു വരാം.

Cast & Crew

Cast
Nazriya Nazim, Nivin Pauly, Dulquer Salmaan, Fahadh Faasil, Parvathy Menon, Nithya Menen, Isha Talwar, Sijoy Varghese, Vijayaraghavan, Kalpana, Rekha, Maniyan Pillai Raju, Praveena, Prathap Pothen, Vinaya Prasad, Sajid Yahiya etc.
Crew
Directed by Anjali Menon
Produced by Anwar Rasheed, Sophia Paul
Story, Screenplay, Dialogues by Anjali Menon
Cinematography by Sameer Thahir
Film Editing by Praveen Prabhakar
Background Score & Music by Gopi Sunder
Art Direction by Sunil Babu
Costume Design by Pampa Biswas
Makeup by Ronex Xavier
Lyrics by Santhosh Varma, Rafeeq Ahmed
Stunts by Jolly
Choreography by Brinda
Stills by Anup Chacko
Designs by Thought Station
Banner: Anwar Rasheed Entertainment, Weeked Blockbusters
Released on: 2014 May 30

No comments :

Post a Comment