മോസയിലെ കുതിര മീനുകൾ: മീനുകൾക്ക് കനം പോര!
ഹരീ, ചിത്രവിശേഷം
![Mosayile Kuthira Meenukal: A film by Ajith Pillai starring Asif Ali, Sunny Wayne, Janani Iyer, Swati Reddy etc. Film Review by Haree for Chithravishesham. Chithravishesham Rating [4.75/10]](http://4.bp.blogspot.com/-gw2vjCer4Gk/U2hNnr2k3gI/AAAAAAAAKuc/YuvN7gqgTMQ/s1600/2014-05-01_Mosayile-Kuthira-Meenukal.jpg)
ആദ്യപാതിയിൽ അലക്സിന്റെയും അക്ബറിന്റെയും ജയിൽ ചാട്ടവും രണ്ടാം പാതിയിൽ അക്ബറിന്റെ മീൻ പിടുത്തവുമാണ് 'മോസയിലെ കുതിരമീനുകൾ' കാട്ടിത്തരുന്നത്. ആസിഫ് അലിയുടെ അലക്സ് എന്ന കഥാപാത്രത്തിനെയൊക്കെ കഥയിൽ സ്ഥാപിച്ചെടുക്കാൻ തുടക്കത്തിൽ കുറേയേറെ സമയം കളയുന്നുണ്ട് രചനയിലും പങ്കുള്ള സംവിധായകൻ. കാഴ്ചകൾ കാണിക്കുക എന്നതിനപ്പുറം പ്രത്യേകിച്ചൊരു ഉദ്ദേശവും പറയുവാനില്ലാത്ത രംഗങ്ങളിലൂടെയുള്ള ചിത്രത്തിന്റെ പോക്ക്, അവ കണ്ടിരിക്കുവാൻ താത്പര്യമില്ലാത്തവർക്ക് മുഷിച്ചിലായി മാറാം. വെറുതേ ക്യാമറയുമായി ലക്ഷദ്വീപിൽ പോയി കാഴ്ചകൾ പകർത്തി വന്നാൽ അത് മറ്റൊരു ‘സഞ്ചാരി’യാവും സിനിമയാവില്ല; അതൊഴിവാക്കാനായി പേരിനൊരു കഥയുണ്ട് എന്നല്ലാതെ അതിലൊരു കഥയില്ല!
ആസിഫ് അലിയുടെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് അലക്സ് എങ്ങിനെയാവും എന്നൂഹിക്കുക പ്രയാസമില്ല. അതിനപ്പുറം എന്തെങ്കിലും ചെയ്യുവാനുള്ള അഭിനയ കൌശലമൊന്നും ആസിഫിന്റെ പക്കലുണ്ടെന്നും തോന്നലില്ല. അക്ബറായെത്തിയ സണ്ണി വെയ്ൻ അതിശയിപ്പിക്കുന്നില്ല, നിരാശപ്പെടുത്തുന്നുമില്ല. ദീനയെന്ന കഥാപാത്രം ജനനി അയ്യർ അഭിനയിച്ചു വന്നപ്പോൾ ‘ദയനീയ’യായെങ്കിൽ സ്വാതി റെഡ്ഢിയുടെ തട്ടമിട്ട പെൺകുട്ടി കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെ പോവുന്നു. അധികസമയമൊന്നും സ്ക്രീനിൽ വരുന്നില്ലെങ്കിലും ഉള്ളത് ഭംഗിയാക്കുവാൻ ജോജോയ്ക്കും ജിജോയ്ക്കുമായി. നെടുമുടി വേണു, നിഷാന്ത് സാഗർ തുടങ്ങി മറ്റു ചിലരും തലകാണിച്ചു പോവുന്നുണ്ട് ചിത്രത്തിൽ.
ആദ്യാവസാനം കൈവരിക്കുവാനായ സാങ്കേതികമികവിലാണു ചിത്രം തടി കഴിച്ചിലാക്കുന്നതെന്ന് പറയാം. അഭിനന്ദൻ രാമാനുജനം പകർത്തിയ ദൃശ്യങ്ങൾ, വിശേഷിച്ചും കഥ ദ്വീപിലേക്ക് കുടിയേറുന്ന രണ്ടാം പാതിയിലെ ദൃശ്യങ്ങൾ, തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ ദൃശ്യങ്ങൾക്കു വേണ്ടി ചേർത്ത ദൃശ്യങ്ങൾ സിനിമ എന്ന നിലയ്ക്ക് ബാധ്യതയാവുന്നുമുണ്ട്. കാഴ്ചസുഖം ഒന്നുകൊണ്ടു മാത്രം, ഒരു പരിധിക്കപ്പുറം കാണികളെ പിടിച്ചിരുത്തുവാൻ കഴിയുമെന്ന് കരുതുന്നത് പരാമാബദ്ധമാണ്.
കേവലം കാഴ്ചകൾക്കപ്പുറം ദ്വീപസമൂഹത്തിലെ ജീവിതവും ഭൂസവിശേഷതകളുമെല്ലാം ഏതെങ്കിലുമൊക്കെ രീതിയിൽ സിനിമയുടെ അവിഭാജ്യഘടകങ്ങളായി വന്നിരുന്നെങ്കിൽ കൂടുതൽ ശ്രദ്ധ നേടുമായിരുന്നു ചിത്രം. നിലവിൽ ഈ കഥ കോഴിക്കോടു പോയും പറയാം എന്നതാണു സ്ഥിതി. എന്നിരുന്നാലും, കുറഞ്ഞപക്ഷം പ്രേക്ഷകരുടെ മേൽ കുതിരകേറുന്നെങ്കിലുമില്ല എന്നതിനാൽ, ഒരിക്കൽ വേണമെങ്കിൽ കണ്ടു മറക്കാം ‘മോസയിലെ കുതിരമീനു’കളെ.
പൊതുവിജ്ഞാനം: മോസയെന്നാൽ വലിയ തിരയെന്നും, കുതിരമീനെന്നാൽ കൊമ്പൻ മത്സ്യം (Swordfish) എന്നുമാണു ലക്ഷദ്വീപിലെ ആളുകൾ അർത്ഥമാക്കുന്നതെന്ന് ചിത്രം നമ്മെ പഠിപ്പിക്കുന്നു.
- Cast
- Asif Ali, Sunny Wayne, Janani Iyer, Swati Reddy, Jijoy, Joju George, Nishanth Sagar, Nedumudi Venu, Chemban Vinod etc.
- Crew
- Directed by Ajith Pillai
- Produced by Niyas Ismail
- Story, Screenplay / Dialogues by Ajith Pillai, Vipin Radhakrishnan / Ajith Pillai
- Cinematography by Abinandhan Ramanujam
- Film Editing by Ratheesh Raj
- Art Direction by M. Bawa
- Costume Design by Dhanya Balakrishnan
- Makeup by Hasan Vandoor
- Lyrics by P.S. Rafeeque, Suhail Koya
- Music by Prashanth Pillai
- Stills by Jeo Jomey
- Designs by Eli Media
- Banner: Frames Inevitable
- Released on: 2014 May 01
No comments :
Post a Comment