ഗോഡ്സ് ഓൺ കൺ‌ട്രി (Review: God's Own Country)

Published on: 5/11/2014 11:14:00 AM

ഗോഡ്സ് ഓൺ കൺ‌ട്രി: ചെകുത്താന്മാരുടെയും!

ഹരീ, ചിത്രവിശേഷം

God's Own Country: Chithravishesham Rating [5.50/10]
മൂന്നു കഥാവഴികൾ, അതതിൽ വരുന്ന കഥാപാത്രങ്ങൾ, ഇടയ്ക്കെവിടെയൊക്കെയോ കൂട്ടിമുട്ടിയുള്ള അവരുടെ സഞ്ചാരം - മലയാള സിനിമ സമീപകാലത്തു ശീലിമാക്കിയ മൾട്ടി-ലീനിയർ വഴിക്കാണ് ‘ഗോഡ്സ് ഓൺ കൺ‌ട്രി’യുടെയും സഞ്ചാരം. ഒട്ടേറെ കഥാപാത്രങ്ങൾ വന്നു പോവുന്ന ചിത്രത്തിൽ ശ്രീനിവാസനും ഫഹദും ലാലും നന്ദുലാലും മൈഥിലിയും ലെനയുമെല്ലാമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം വാസുദേവ് സനൽ സംവിധാനം ചെയ്തിരിക്കുന്നു. ‘ഫ്രൈഡേ’, ‘നേരം’, ‘24 കാതം നോർത്ത്’ എന്നിങ്ങനെ ഒറ്റ ദിവസത്തെ കഥ പറയുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെയും കൂട്ടാം. ചിത്രത്തിന്റെ അടിക്കുറിപ്പായ ‘A Rare Emotional Day’ മേൽ പറഞ്ഞവയ്ക്കും വേണമെങ്കിൽ ചേർക്കാമെന്നതിനാൽ സിനിമയുടെ പ്രമേയം അത്രയ്ക്ക് 'rare' ഒന്നുമല്ലെന്ന് പറയേണ്ടി വരും!

ആകെത്തുക : 5.50 / 10

 • കഥയും കഥാപാത്രങ്ങളും
 • സംവിധാനം
 • അഭിനയം
 • സാങ്കേതികം
 • പാട്ട് / നൃത്തം / ആക്ഷന്‍
 • 4.50 / 10
 • 4.50 / 10
 • 7.00 / 10
 • 3.00 / 05
 • 3.00 / 05
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറി മാറി കഥ പറഞ്ഞു പോവുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുവാൻ സാധ്യതയേറെയാണ്. അത്രകണ്ട് കൈയ്യടക്കം അവതരണത്തിൽ കാണുവാനില്ലെങ്കിലും, അധികം പരിക്കുകളില്ലാതെ കാര്യം സാധിച്ചിട്ടുണ്ട് രചയിതാക്കളും സംവിധായകനും. ദൈവത്തിന്റെ സ്വന്തം നാടെന്നു പറയപ്പെടുന്ന കേരളം അങ്ങിനെയല്ലാതെയാവുന്നെങ്കിൽ, അതിനു ചില സാമൂഹിക കാരണങ്ങൾ സിനിമയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനപ്പുറം കാര്യമായ ശ്രദ്ധയൊന്നും സിനിമ നേടുന്നില്ല. പല കഥാപാത്രങ്ങളേയും അല്ലെങ്കിൽ സന്ദർഭങ്ങളേയും അവതരിക്കപ്പെടുമ്പോൾ തന്നെ, ഇനിയിപ്പോ കഥ ഏതുവഴിക്കാവും പോവുകയെന്ന് അനുമാനിക്കുവാൻ ഏതും പ്രയാസമില്ല. പരിചിതമായ സാഹചര്യങ്ങൾക്കപ്പുറത്തേക്ക് കഥയേയോ കഥാപാത്രങ്ങളേയോ കൊണ്ടു പോകുവാൻ സിനിമയിൽ ശ്രമമില്ലാത്തത്, ആ നിലയ്ക്ക് ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നുമുണ്ട്.

അഭിനേതാക്കളുടെ നീണ്ട നിരയിൽ ലാലും ഫഹദും മൈഥിലിയയും അഭിനയമികവിൽ ശ്രദ്ധ നേടുമ്പോൾ മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങളായ ശ്രീനിവാസന്റെയും ലെനയുടേയും വേഷങ്ങൾ അത്ര ശോഭിച്ചതുമില്ല. സുധീർ കരമനയും നന്ദുലാലും മണിക്കുട്ടനും ജയരാജ് വാര്യരുമൊക്കെ തങ്ങളുടെ ചെറുവേഷങ്ങൾ ഭംഗിയാക്കി. കുറച്ചു നാളായി മലയാള സിനിമയിൽ സജീവമായി കാണാത്ത വിജയകുമാർ, ഉഷ, അഞ്ജു അരവിന്ദ് തുടങ്ങിയവരേയും ‘ഗോഡ്സ് ഓൺ കൺ‌ട്രി’യിൽ കാണാം. "ഉമ്മച്ചിക്കുട്ടിയെ നായരു കെട്ടിയത് സിനിമയിൽ കണ്ടപ്പോ എല്ലാരും കയ്യടിച്ചു; പക്ഷെ, ജീവിതത്തിലായപ്പോൾ..." - ഈയൊരൊറ്റ ഡയലോഗ് ഫഹദിന്റെ കഥാപാത്രത്തിനു നൽകാനായി മാത്രമെന്നു തോന്നി ഇഷ തൽ‌വാറിനെ ഈ പടത്തിലെടുത്തത്.

ഒന്നിലേറെ വാഹന അപകടങ്ങളും, കുറച്ചധികം ആക്ഷൻ രംഗങ്ങളുമൊക്കെ ചിത്രത്തിലുണ്ട്. കണ്ടിരിക്കുന്നവരെ ഒന്നു കുടയുന്ന തരത്തിൽ, എന്നാൽ വിശ്വസനീയതയ്ക്ക് കുറവു വരാതെ അവയൊരുക്കിയതിനു രാജശേഖറും സംഘവും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ചിത്രീകരണവും സന്നിവേശവും അത്ഭുതങ്ങളൊന്നും കാട്ടുന്നില്ല, സാധാരണം മാത്രം. ഇടയ്ക്കിടെ അനാവശ്യമായി ചേർത്തിരിക്കുന്ന ചില ചില്ലറ ഗ്രാഫിക്സ് തരികിടകൾ ഒഴിവാക്കുകയായിരുന്നു ഭേദം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും വഴിപാടു തീർക്കലായി. ഇത്തരം സിനിമകളിലെ കഥാപാത്രങ്ങൾ വണ്ടിയോടിച്ചു പോവുമ്പോൾ സ്ഥിരം കടന്നുവരാറുള്ള പാട്ടുകളുടെ ശൈലി വിടാതെയെത്തുന്ന രണ്ടു പാട്ടുകളുമുണ്ട് സമയം പാഴാക്കുവാനായി ചിത്രത്തിൽ.

തിന്മയുടെ ഭാഗത്തുള്ളവർക്കെല്ലാം ഒടുക്കം പണി കിട്ടുകയും, നന്മ മനസിലുള്ളവരൊക്കെ വല്ല വിധേനയും രക്ഷപെടുകയും ചെയ്യുമെന്ന സാമാന്യധാരണ ഊട്ടിയുറപ്പിച്ചാണ് പടം അവസാനിക്കുന്നത്. മുൻ വിധികളോടെ ചിലരെ നോക്കിക്കാണുന്ന സമൂഹത്തിനോട് അത് പാടില്ലെന്ന് പറയുന്നതൊക്കെ നല്ലത്; എന്നാൽ സമരക്കാരിലേക്ക് നോട്ടുമഴ പെയ്യിക്കുകയും ഒപ്പം സമരം കൊണ്ടു കാര്യമില്ലെന്നു കുറുപ്പെഴുതിയിടുകയും ചെയ്യുന്ന നായകനൊക്കെ അധികപ്പറ്റാണെന്നും പറയാതെ വയ്യ. ദൈവങ്ങളുടെ മാത്രമല്ല ഈ നാട്, ചെകുത്താന്മാരുടെ കൂടെയാണെന്നും; അതിനാൽ ചില്ലറ വില്ലത്തരമൊക്കെ കൈയ്യിലുണ്ടെങ്കിലേ പിടിച്ചു നിൽക്കാനൊക്കൂ എന്നും കൂടിയല്ലേ സിനിമ പറയാതെ പറയുന്നതെന്നും സംശയിക്കാം. കൂടുതൽ പ്രതീക്ഷയൊന്നും ഇല്ലാതെ പോവുക, ‘ഗോഡ്സ് ഓൺ കൺ‌ട്രി’യൊരു മോശം അനുഭവമായിരിക്കില്ല,; വിശേഷിച്ചും പ്രത്യക്ഷ ദൈവങ്ങളുടെ സ്വന്തം നാട്ടിൽ നടക്കാത്ത ചിലതൊക്കെ നടക്കുന്നതായി സിനിമയിലെങ്കിലും കാണാമെന്നതിനാൽ!

Cast & Crew

Cast
Fahadh Faasil, Sreenivasan, Lal, Mythili, Lena, Nandulal, Vijayakumar, V.K. Sreeraman, Manikkuttan, Vishnupriya, Sudheer Karamana, Lakshmipriya, Jayaraj Warrier, Isha Talwar, Sivaji Guruvayoor, Jaffer Idukki, Anju Aravind, Usha, Nelson, etc.
Crew
Directed by Vasudev Sanal
Produced by Anto Joseph
Story, Screenplay, Dialogues by Arun Gopinath, Anish Francis, Praveen Kumar
Cinematography by Arvind Krishna, Arun James
Film Editing by Ratheesh Raj
Music, Background Score by Gopi Sunder
Art Direction by M. Bawa
Costume Design by Pradeep Kadakkassery
Makeup by Rasheed Ahammed
Lyrics by Anu Elizabeth Jose, Arun Gopinath
Stunts by Rajashekhar
Stills by Vibin Velayudhan
Designs by Antony Stephens
Banner: Anto Joseph Film Company
Released on: 2014 May 09

2 comments :

 1. ഗോഡ്സ് ഓൺ കൺ‌ട്രി: ചെകുത്താന്മാരുടെയും!
  വാസുദേവ് സനലിന്റെ സംവിധാനത്തിൽ നിവാസനും ഫഹദും ലാലും നന്ദുലാലും മൈഥിലിയും ലെനയുമെല്ലാം പ്രധാന കഥാപാത്രങ്ങളാവുന്ന ‘ഗോഡ്സ് ഓൺ കൺ‌ട്രി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ReplyDelete
 2. തിന്മയുടെ ഭാഗത്തുള്ളവർക്കെല്ലാം ഒടുക്കം പണി കിട്ടുകയും, നന്മ മനസിലുള്ളവരൊക്കെ വല്ല വിധേനയും രക്ഷപെടുകയും ചെയ്യുമെന്ന സാമാന്യധാരണ ഊട്ടിയുറപ്പിച്ചാണ് പടം അവസാനിക്കുന്നത്

  പിന്നെ അങ്ങനെ അല്ലെ വേണ്ടത്? സിനിമയിൽ പോലും ഇത് നടക്കാതായാൽ അപ്പോഴല്ലേ ഇവിടം ശരിക്കും ഗോഡ്സ് ഓണ്‍ കണ്ട്രി അല്ലതാവുന്നത് . ഇതിനെ ഒക്കെ വിമർശിക്കുന്നവർ ചെകുത്താൻമാർ തന്നെ

  ReplyDelete