7th ഡേ (Review: 7th Day)

Published on: 4/14/2014 03:19:00 PM

7th ഡേ: അവസാന നിമിഷമൊരു തിരിച്ചെഴുത്ത്!

ഹരീ, ചിത്രവിശേഷം

7th Day: Chithravishesham Rating [6.25/10]
ഒരു ക്രിസ്തുമസ് രാത്രിയില്‍ തുടങ്ങി ഏഴു നാളുകളിലായി അഞ്ചു ചെറുപ്പക്കാരിലൂടെ വികസിക്കുന്നു നവാഗതനായ ശ്യാംധറിന്റെ '7th ഡേ'. ആറു നാള്‍ പണിയെടുത്ത് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്ന പോലെ, ആറുനാള്‍ അന്വേഷണവുമായി നടക്കുന്ന നായകന്റെ ശ്രമങ്ങള്‍ സഫലമാവുന്ന ആ ഏഴാം നാളിലാണ് അഖില്‍ പോള്‍ രചന നിര്‍വ്വഹിച്ച '7th ഡേ'യുടെ ചുരുളഴിയുന്നത്. അവിടെ കാണികളെ ഞെട്ടിക്കുവാനായി എന്നയിടത്താണു ചിത്രത്തിന്റെ വിജയം. എന്നാലോ, അതിനൊരു അസംഭവ്യതയോ അല്ലെങ്കില്‍ അവിശ്വസനീയതയോ പറയുവാനുമാവില്ല. കണ്ടിറങ്ങുമ്പോള്‍ ചിത്രമൊന്നു കൂടി തിരിച്ചോര്‍ത്തെടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും അവസാന മിനിറ്റിലെ ഈ തകിടം മറിച്ചില്‍.

ആകെത്തുക : 6.25 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • പാട്ട് / നൃത്തം / ആക്ഷന്‍
  • 5.00 / 10
  • 6.00 / 10
  • 7.00 / 10
  • 4.00 / 05
  • 3.00 / 05
കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും മറ്റുമായി നേരം കളയാതെ, ടൈറ്റിലുകള്‍ക്കൊപ്പം തന്നെ നേരിട്ട് ചിത്രത്തിലേക്ക് കടക്കുന്നു രചയിതാവ്. കാണികള്‍ അറിയേണ്ടതെല്ലാം വഴിയെ അറിയിച്ചു തരുന്ന ഈ രീതി ചിത്രത്തിനു ചെറിയൊരു നിഗൂഢതയൊക്കെ നല്‍കുന്നുണ്ട്. ചിത്രത്തിന് തുണയാവുന്ന അവസാന മിനിറ്റ് ഒഴിവാക്കിയാല്‍, കാര്യമായ പുതുമകളൊന്നും ചിത്രം ബാക്കിയാക്കുന്നില്ല എന്നതാണു ചിത്രത്തിന്റെ പ്രധാന കുറവ്. ചില ക്ലീഷേകളും നാടകീയമായ വായ്മൊഴികളും ഒക്കെ ഇടയ്ക്കുണ്ട് എന്നുമാത്രമല്ല ഉത്തരം കിട്ടാത്ത ചിലതൊക്കെ ചിത്രത്തില്‍ അവഷേഷിക്കുകയും ചെയ്യുന്നു. എങ്കിലും, മലയാളത്തിലെ ത്രില്ലറുകളെടുത്താല്‍ താരതമ്യേന ഭേദപ്പെട്ടൊരു തിരനാടകമാണ് ചിത്രത്തിനുള്ളത്. ആത്മഹത്യയെന്ന്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ മോര്‍ച്ചറിയില്‍ നിന്ന് കൊണ്ടുവന്ന ശവം കെട്ടിപ്പൊതിഞ്ഞു തന്നെ വെള്ളച്ചാട്ടത്തില്‍ എറിയുവാന്‍ തുനിയുന്ന മാതിരി നോട്ടക്കുറവുകള്‍ (മോര്‍ച്ചറിയില്‍ നിന്നെടുക്കുമ്പോള്‍ ശവം പൊതിഞ്ഞിരിക്കുന്നത് വെള്ളത്തുണിയില്‍, അത് പിന്നെ വെള്ളച്ചാട്ടത്തിനു മുകളിലെത്തുമ്പോള്‍ ഇരുണ്ട കമ്പിളി തുണിയോ മറ്റോ ആവുന്നു എന്നൊരു വിശേഷവുമുണ്ട്!) ചിത്രത്തില്‍ ചിലതുണ്ടെങ്കിലും കാര്യമായ പരിക്ക് ചിത്രത്തിനവ നല്‍കാത്തതിനാല്‍ വിട്ടു കളയാം.

പ്രത്യക്ഷമായും പരോക്ഷമായും ആദ്യാവസാനം ചിത്രത്തില്‍ നിറയുന്ന പൃഥ്വിരാജ് തന്നെയാണ്‌ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം. സസ്പെന്‍ഷനിലായ ഡേവിഡ് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനെ വിശ്വസനീയമാക്കുവാന്‍ പൃഥ്വിരാജിനു സാധിച്ചു. നായകനൊത്തൊരു വില്ലനെയും തിരക്കഥാകൃത്ത് കഥയില്‍ കരുതിയത് പൃഥ്വിയെ നന്നായി തുണച്ചു എന്നും പറയാം. തനിക്കു കിട്ടുന്ന തുമ്പുകള്‍ വെച്ചു ഡേവിഡ് തോമസ് പിന്തുടരുന്ന നാല്‍വരെ അവതരിപ്പിച്ച അനു മോഹന്‍, ടോവിനോ തോമസ്, പ്രവീണ്‍ പ്രേം, ജനനി അയ്യര്‍ തുടങ്ങിയവരും മോശമായില്ല, എന്നാല്‍ ആരും എടുത്തു പറയാവുന്ന മികവിലേക്ക് ഉയര്‍ന്നതുമില്ല. വിനയ് ഫോര്‍ട്ടിന്റെ ഷാനെന്ന കഥാപാത്രമാണ്‌ ഇതര വേഷങ്ങളില്‍ മികച്ചു നില്‍ക്കുന്നത്. വി.കെ. ബിജു, ജോയ് മാത്യു, യോഗ് ജപീ, സുനില്‍ സുഖദ, ലക്ഷ്മിപ്രിയ തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍ ചെറിയ ചില വേഷങ്ങളില്‍.

'ദൃശ്യ'ത്തില്‍ താന്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കുറവ് നികത്തിയാണു സുജിത്ത് വാസുദേവന്റെ ഈ ചിത്രത്തിലെ ഛായാഗ്രഹണം. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ജോണ്‍ കുട്ടിയുടെ സന്നിവേശവും ചേരുമ്പോള്‍ ചിത്രത്തിനൊരു 'ഫീല്‍' ലഭിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തില്‍ നിന്നും തെറിച്ചു നില്‍ക്കാതെ ചില ഗാനങ്ങളെ ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞു എന്നതും പ്രസക്തം.

പൃഥ്വിരാജിന്റേതായി അടുത്തിറങ്ങിയ പോലീസ് സിനിമകള്‍ കാരണമായി പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നില്ല എന്നതാണു '7th ഡേ'യുടെ വിജയം. 'മെമ്മറീസും', 'മുംബൈ പോലീസു'മൊക്കെ ആസ്വദിച്ചവര്‍ക്ക് തീര്‍ച്ചയായും നിരാശപ്പെടേണ്ടി വരില്ല ശ്യാംധറിന്റെ ഏഴാം നാള്‍ കണ്ടാല്‍. തികച്ചും സാധാരണമായ ഒരു അന്ത്യം എന്ന തോന്നലുണ്ടാക്കിയതിനു ശേഷം, അവസാനത്തെ ഒരൊറ്റ മിനിറ്റിലുള്ള തകിടം മറിച്ചിലിലാണു ചിത്രത്തിന്റെ ജീവനെന്നു പറയാം. ഏഴു നാളും ഏഴാഴ്ചകളും പിന്നിട്ട് തിയേറ്ററുകളില്‍ എഴുപത് തികയ്ക്കുവാനുള്ള കെല്‍പ് ചിത്രത്തിനതു നല്‍കുകയും ചെയ്യുന്നുണ്ട്, വിശേഷിച്ചും ഒപ്പമിറങ്ങിയ പടങ്ങള്‍ പലതും നനഞ്ഞ പടക്കങ്ങളായി പൊട്ടുക കൂടി ചെയ്യുമ്പോള്‍!

Cast & Crew

Cast
Prithviraj, Anu Mohan, Tovino Thomas, Vinay Forrt, Praveen Prem, Janani Iyer, V.K. Biju, Sunil Sukhada, Lakshmipriya, Chembil Ashokan, Yog Japee, Joy Mathew etc.
Crew
Directed by Syamdhar
Produced by Shibu G. Suseelan
Story, Screenplay, Dialogues by Akhil Paul
Cinematography by Sujith Vaassudev
Film Editing by John Kutty
Background Score / Music by Deepak Dev
Sound Design by Renganaath Ravee
Art Direction by Banglan
Costume Design by Arun Manohar
Makeup by Renjith Ambadi
Stills by Hasif Hakeem
Designs by FridayPeeps
Banner: Movie Junction
Released on: 2014 Apr 12
ഓഫ് ടോപ്പിക്ക്: എന്നാലും മോറിയാര്‍ട്ടി എന്നൊക്കെ വില്ലനു പേരിട്ടത് അക്രമമായിപ്പോയി! എന്നാല്‍ പിന്നെ നായകനു ഷെര്‍ലക് എന്നുകൂടി പേരിട്ടൂടായിരുന്നോ! ഹല്ല പിന്നെ...

No comments :

Post a Comment