ഗീതാഞ്ജലി (Review: Geethaanjali)

Published on: 11/16/2013 09:02:00 AM

ഗീതാഞ്ജലി: ഒരു സിനിമാപ്രേതം!

ഹരീ, ചിത്രവിശേഷം

Geethaanjali: Chithravishesham Rating [1.75/10]
നാഗവല്ലിയുടെ കഥ പറഞ്ഞ ‘മണിച്ചിത്രത്താഴു’മായി ഫാസിൽ വന്നത് തൊണ്ണൂറ്റിമൂന്നിലാണ്. ഗംഗയിൽ നിന്നും നാഗവല്ലിയെ ഒഴിപ്പിച്ച ഡോ. സണ്ണിയെന്ന മോഹൻലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്നിനെ രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം വീണ്ടുമെത്തിക്കുന്നു പ്രിയദർശൻ ‘ഗീതാഞ്ജലി’യിൽ. ഡോ. സണ്ണിയെന്ന കഥാപാത്രത്തെയൊരു വില്പനച്ചരക്കാക്കി പ്രേക്ഷകർക്ക് പ്രസ്തുത കഥാപാത്രത്തോടുള്ള ഇഷ്ടം മുതലെടുക്കുക എന്നതിനപ്പുറം ഈ ചിത്രത്തിലെന്തെങ്കിലും ചെയ്യുവാൻ അണിയറ പ്രവർത്തകരിൽ നിന്നും ശ്രമമില്ല. എന്നാൽ ആ കഥാപാത്രത്തിനൊരു പേരുദോഷമുണ്ടാക്കാതെ ചെയ്യുവാനുള്ള മിനിമം മാന്യതയെങ്കിലും പ്രിയദർശനം കൂട്ടരും കാണിക്കേണ്ടിയിരുന്നു. ഒരു പേടിപ്പടമായി വിഭാവനം ചെയ്തിരിക്കുന്ന ‘ഗീതാഞ്ജലി’ കാണികളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം സാധിക്കുന്നുണ്ട്, ഉള്ളടക്കാത്താലല്ല മറിച്ചതിന്റെ നിലവാരത്താലാണത് സാധിക്കുന്നതെന്ന് മാത്രം!

ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 2.00 / 10
: 2.00 / 05
: 2.00 / 05
Snippet Review

'Geethaanjali', the film falls in the horror genre; but it's not the content which horrifies, it's the making itself!

പോയ വർഷം പ്രിയമണി നായികയായ ‘ചാരുലത’ എന്ന ചിത്രം മൊഴിമാറ്റി കേരളത്തിലുമെത്തിയിരുന്നു. ഇതിന്റെ കഥ കണ്ടെത്തിയ പ്രതിഭ ആരാണെങ്കിലും (സെവൻ ആർട്ട്സിന്റെയാണത്രേ കഥ!), ആ മാന്യദ്ദേഹം മേൽ പറഞ്ഞ ചിത്രം കണ്ട് വല്ലാതങ്ങ് പ്രചോദിത/ൻ ആയിട്ടുണ്ടെന്നുറപ്പ്. അഭിലാഷിന്റെ തിരക്കഥയും ഡെന്നീസ് ജോസഫിന്റെ സംഭാഷണങ്ങളും നിലവാരത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പം പിന്നിലാണ്. പേടിച്ചു പോവുന്ന കഥാസന്ദർഭങ്ങളിലും, അതിലേറെ പേടിപ്പിക്കുന്ന സംഭാഷണങ്ങളിലും ഇരുവരുടേയും പ്രതിഭയുടെ വിളയാട്ടം കാണാം. സത്യത്തിൽ ബാധ കയറിയത് ഇവരിലാണോ എന്നു പോലും ചിലപ്പോൾ കാണികൾ സംശയിച്ചു പോവും ചിത്രം കണ്ടിരിക്കുമ്പോൾ!

Cast & Crew
Geethaanjali

Directed by
Priyadarshan

Produced by
G.P. Vijayakumar

Screenplay / Dialogues by
Abilash Nair / Dennis Joseph

Starring
Mohanlal, Keerthy Suresh, Nishan, Swapna Menon, Siddique, Innocent, Nassar, Madhu, Ganesh Kumar, Harisree Ashokan etc.

Cinematography (Camera) by
Thiru

Editing by
T.S. Suresh

Production Design (Art) by
Ilayaraja

Music by
Vidyasagar

Lyrics by
O.N.V. Kurup

Make-up by
Roshan N.G.

Costumes by
Sai

Choreography by
Prasanna

Thrills by
Mafia Sasi

Stills by
Dinesh Chennai

Designs by
Collins Leophil

Banner
Seven Arts

Release Date
2013 Nov 14

ചിത്രത്തിൽ സഹകരിച്ച അഭിനേതാക്കളെക്കുറിച്ച് അധികമൊന്നും പറയാതിരിക്കുകയാണ് ഭേദം. ബാധയുണ്ടെന്ന് പറയപ്പെടുന്നയാൾ മാത്രമല്ല, മോഹൻലാലിന്റെ ഡോ. സണ്ണിയുൾപ്പടെ എല്ലാവരും ഏതാണ്ടൊരു ഉന്മാദാവസ്ഥയിലാണ്. എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ഡയലോഗുകൾ വിളിച്ചു കൂവുക എന്നതിനപ്പുറം അഭിനയിക്കുവാനൊന്നും ആരും മിനക്കെട്ടിട്ടില്ല. ചിലരഭിനയിക്കുവാൻ ശ്രമിച്ചതാവട്ടെ, ഉദാഹരണത്തിന് അനൂ‍പെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഷാൻ, നേരേ വിപരീതഫലമാണ് നൽകിയതും! മറ്റുചിലരുടെ അഭിനയം കണ്ടാൽ, ഇത്രയും മികവുറ്റ രീതിയിൽ കാസ്റ്റിംഗ് നിർവ്വഹിക്കുവാൻ മൂന്നു ദശാബ്ദക്കാലമായി സിനിമാരംഗത്തുള്ള പ്രിയദർശനല്ലാതെ ആർക്കു സാധിക്കുമെന്ന് ആരും അത്ഭുതപ്പെടുകയും ചെയ്യും!

ദൃശ്യങ്ങളിലൂടെയും പശ്ചാത്തല ബഹളങ്ങളിലൂടെയും കാണികളെ പേടിപ്പിക്കുവാൻ വേണ്ടതിലധികം ശ്രമമുണ്ട് ചിത്രത്തിലുടനീളം. പ്രതീക്ഷിക്കാവുന്ന തരികിട പരിപാടികളല്ലാതെ കലാപരമായി എന്തെങ്കിലുമൊരു മികവ് ചിത്രത്തിന്റെ സാങ്കേതികമേഖലയിലും കാണുവാനില്ല. ഒ.എൻ.വി. കുറുപ്പെഴുതി വിദ്യാസാഗർ ഈണമിട്ട രണ്ടോ മൂന്നോ ഗാനങ്ങളും ഇടയ്ക്കു വന്നു പോവുന്നുണ്ട് - അവയുടെ കാര്യവും തഥൈവ!

പ്രേതമുണ്ടോ എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരമേ ഇതൊരു സിനിമയാണോ എന്നു ചോദിച്ചാലും കിട്ടുകയുള്ളൂ - ഉറപ്പിച്ചൊരു ഉത്തരം ബുദ്ധിമുട്ടാവുമെന്ന് സാരം. തന്റെ കലാസൃഷ്ടിയോട് ഒരല്പമൊക്കെ നീതി പുലർത്തണമെന്ന് ആഗ്രഹമുള്ള ഒരു സംവിധായകനു ‘ഗീതാഞ്ജലി’ പോലെയൊന്ന് ചെയ്യുക പ്രയാസമാവും. പക്ഷെ, തനിക്കതും അതിലപ്പുറവും സാധിക്കുമെന്ന് പ്രിയദർശൻ വീണ്ടും തെളിയിക്കുന്നു ഈ ചിത്രത്തിലൂടെ! ഈ രണ്ടു വരിയിൽ ചുരുക്കി നിർത്താം ചിത്രത്തെക്കുറിച്ചുള്ള വിശേഷമത്രയും!

ചിത്രം കണ്ടിരുന്നപ്പോൾ ആശ്വാസമായത് ചില രസികന്മാരിൽ നിന്നുണ്ടായ പ്രതികരണങ്ങളായിരുന്നു. ഒടുവിൽ എല്ലാവരും കൂടി ഡോ. സണ്ണിയെ യാത്രയാക്കുന്ന വേളയിൽ കേട്ട രണ്ടെണ്ണം സാമ്പിളിനായി ചുവടെ നൽകുന്നു;
• ഡോ. സണ്ണിയോട് ഗദ്ഗദകണ്ഠനായി അനൂപ്; “നന്ദിയല്ല, ക്ഷമയാണ് ഞാൻ പറയേണ്ടത്...” - അശരീരി: “ഞങ്ങളോടാണോ? വരവു വെച്ചിരിക്കുന്നു...”
• ഡോ. സണ്ണി എല്ലാവരോടുമായി യാത്രപറഞ്ഞ്; “എന്നാൽ ഞാൻ പോയിട്ട് വരാം...” - അശരീരി: “ഇങ്ങനാണേൽ ഇനി വരണമെന്നില്ല...”
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഓർക്കുവാനുള്ളത് ഇതൊക്കെ തന്നെ!

അവസ്ഥാന്തരം: ഇന്ത്യൻ സിനിമ നൂറു വർഷം തികച്ച വേളയിൽ IBNLive നടത്തിയ പോളിലൂടെ മികച്ച സിനിമകളുടെ പട്ടികയിൽ രണ്ടാമതെത്തി ‘മണിച്ചിത്രത്താഴ്’. (വാർത്ത) ‘ഗീതാഞ്ജലി’ ഒന്നാമതെത്തും, പട്ടിക ഏറ്റവും ചവറു സിനിമകളുടേതാവണമെന്ന് മാത്രം!

15 comments :

 1. ഡോ. സണ്ണിയെന്ന കഥാപാത്രത്തെ വീണ്ടും തിരശീലയിലെത്തിച്ച പ്രിയദർശന്റെ ‘ഗീതാഞ്ജലി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ReplyDelete
 2. ഇടുക്കി ഗോൾഡ്‌ , നോർത്ത് 24 കാതം എന്നീ ചിത്രങ്ങളുടെ റിവ്യൂ പ്രതീക്ഷിച്ചിരുന്നു. തിരിച്ചു വന്നതിൽ സന്തോഷം. ഡോ. സണ്ണി എന്ന പേരിന്റെ ബലത്തിൽ പ്രേക്ഷകരെ പറ്റിക്കാൻ ശ്രമിച്ച ചിത്രത്തെ കുറിച്ചുള്ള റിവ്യൂ നന്നായിട്ടുണ്ട്.

  ReplyDelete
 3. കലൂർ ഡേന്നീസോ ഡെന്നീസ് ജോസഫോ ?

  ReplyDelete
 4. തമിഴിൽ കഞ്ചിരവം പോലത്തെ എണ്ണം പറഞ്ഞ സിനിമകൾ എടുക്കുന്ന പ്രിയൻ സാറിനു മലയാളതിനോടും മലയാളികളോടും മാത്രം എന്തെ ഒരു അവഗണന? കിലുക്കം, അദ്വൌതം എന്നീങ്ങനെ കുറെ എണ്ണം പറഞ്ഞ സിന്മകൾ എടുത്ത ഒരാളോടുള്ള ബഹുമാനം നിലനിർതി കൊണ്ട് തന്നെ പറയട്ടെ,സ്വന്തം ഭാഷയെയും സ്വന്തം നാട്ടുകാരെയും അവഗണിച്ചു ഒരാളും ഗതി പിടിയ്ക്കില്ല. കാരണം ഇദ്ദേഹത്തെ വളര്ത്തി വലുതാക്കിയത് ഹിന്ദിക്കാരൊ തമിഴരോ തെലുങ്ങരോ അല്ല. മലയാളികൾ തന്നെ ആണ്.പഴയ സിനിമ, അതിലെ കഥാപാത്രങ്ങൾ ഇതൊക്കെ പൊടി തട്ടി എടുത്തോണ്ട് വരുന്നത്ഒരു പരിധി വരെ സഹിയ്ക്കാം.ആ പരിധി വിട്ടാൽ അത് കിലുക്കം കിലുകിലുക്കം മാതിരി ആവും.ഒരു പുതിയ കഥ, പുതിയ കഥാപാത്രങ്ങൾ, പുതിയ നടന്മാര് ഈയൊരു ഫോർമുലയിൽ എന്തുകൊണ്ട് പ്രിയന സാറിനു ഒരു attempt നടത്തികൂടാ?ഫഹടിനെയോ സണ്ണി വൈനിനെയോ വെച്ച് (ന്യൂ ജനറേഷൻ ബെർമുഡ കോപ്രായങ്ങൾ ഇല്ലാതെ) ഒരു നല്ല സിനിമ പിടിച്ചു കൂടാ? മോഹ്നലലിനെ വെച്ച് തന്നെ സിനിമ എടുക്കണം എങ്കിൽ അദ്ദേഹത്തിന് യോജിച്ച കഥാപാത്രവും കഥയും ഉണ്ടെങ്കിൽ മാത്രം ചെയ്യുന്നത് ആയിരിയ്ക്കും ഭംഗി. കുറെ വര്ഷം പിന്നാക്കം നടന്നു പഴയ സണിയും ജോജിയും ഒക്കെ ആയി മാറാൻ അധെഹതിനു ഇനി കഴിയില്ല. അതുകൊണ്ട് പുതിയ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് വേണ്ടി സൃഷ്ടിയ്ക്കപ്പെടട്ടെ.അതിനു തന്നെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് പ്രിയന സാർ ചിന്തിയ്ക്കുക.

  ReplyDelete
 5. ഇത്രയും മഹത്തായ ഒരു സിനിമ എടുത്ത് നമ്മളെ "ഉത്ഗർഷ പുളകിതരാ"ക്കിയതിനു ആ മഹാനായ സംവിധായകനെ നമുക്ക് നമിക്കാം... ഇപ്പോൾ മണിചിത്രത്താഴിന്റെ തിരകഥാകൃത്തായ മധുമുട്ടത്തിനോട് നമുക്ക് കൂടുതൽ മതിപ്പ് തോന്നും. അതാണു ഗീതാഞ്ജലി കാണുന്നത് കൊണ്ടുള്ള നേട്ടം... ഹരി ചേട്ടാ "തിര" ആഞ്ഞുവീശുന്നു... കണ്ടിട്ട് എഴുതൂ....

  ReplyDelete
 6. ഇപ്പോ പഴയതുപൊലെ മോഷ്ടിച്ച് പടമെടുക്കാന്‍ സാധിക്കില്ല. 1) റെപ്യൂട്ടേഷന്‍ 2) ഗ്ലോബല്‍ വില്ലേജ് എഫക്റ്റ് 3) പുതിയ കുട്ടികള്‍ വിശാലമായ ലോകത്തെ സിനിമകള്‍ കാണുന്നു 4) മോഷ്ടിച്ചതോ അനുകരണമോ ഒക്കെ ആനെങ്കില്‍ സൈബര്‍ കൂട്ടായ്മകളില്‍ കൊന്ന് കൊലവിളിക്കും എന്ന് എല്ലാര്‍ക്കും അറിയാം. മോഷ്ടിച്ച് വച്ച സ്റ്റോക്ക് തീര്‍ന്ന കടയാണ് പ്രിയദര്‍ശന്‍

  ReplyDelete
 7. നാദിയ കൊല്ലപെട്ട രാത്രി, ചാരുലത എന്നീ സിനിമകളുമായി സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം അല്ലെങ്കിൽ നിങ്ങക്ക് എന്തോ കൊഴപ്പുണ്ട്

  ReplyDelete
 8. പടം കണ്ടു...ലാലേട്ടൻ വിളിച്ചിട്ട് നിവിൻ പൌളി ഫോണ്‍ എടുക്കാത്തത് എന്താണെന്ന് ഇപ്പോൾ മനസിലായി :)

  ReplyDelete
 9. // ഹരി ചേട്ടാ "തിര" ആഞ്ഞുവീശുന്നു... കണ്ടിട്ട് എഴുതൂ....//
  അതെ ഞാനും പ്രതീക്ഷിയ്ക്കുന്നു. കണ്ടവർ കണ്ടവർ ശോഭനയുടെ അഭിനയത്തെ കുറിച്ച് നല്ലത് ആണ് പറയുന്നത്. ശോഭന ഇതിനു മുൻപ് നടത്തിയ രണ്ടു തിരിച്ചു വരവുകൾ ഒന്ന് മാമ്പഴക്കാലം, രണ്ടാമത് സാഗർ അലിയാസ് ജാക്കി. രണ്ടും ഒന്നിനൊന്നു പടുകൂതറ സിനിമകളിലൂടെ ആയി പോയല്ലോ എന്നതില സങ്കടം ഉണ്ട്. എന്തായാലും ഈ മൂന്നാം തിരിച്ചു വരവിനെ കുറിച്ച് ഹരി എന്താണ് പറയുന്നത് എന്നറിയാൻ കൌതുകം ഉണ്ട്.

  ReplyDelete
 10. Kure BUJI eenu swayam chinthikkunnna nirooopakarum, Kalaaa kaaalangalaaayi priyan enna Directore karuthikkooottty thejo vadham cheythezhuthunna paid medias inteyum mukhathu kaaaarkkkichchu thuppi Keralathile Janam eee cinemaye sweekarichchu kazhinjirikkunnu ennathinte thelivaaanu eeee kaaaanunnathellaaam. Iniyenkilum ikkooottar onnu manassilaaakkiyaaal kollaam sadhaaarana janam cinema ennathu oru entertainment aaaayitte annum innum ennum kanakkaakkunnulllo. Logic anweshichchu nadakkunna nirooopakaro newsinu vendi enthum ezhuthippidippikkunna paid mediaso allla kaaashu mudakki cinema kaaanunna saaadhaaarana prekshakar.

  Ithraykku ka***** pinne enthina cash mudakki adhya divasam thannae poyi padam kaanunnae...thanikku ishtapettaulum illenkilum than tic kodutrh cashanu final gross collections ennokke paranju varunnae..enthu mai*** review anenkilum BO collections ayirikkum last ellarum nokkuka..Kandillae Maayamohini enna koora padathinte BO status..athre ulloo

  ReplyDelete
 11. @ vivek,
  sadhaaarana janam cinema ennathu oru entertainment aaaayitte annum innum ennum kanakkaakkunnulllo ??? Eee cinemayil evideyanu koottukara entertainment? Intervello ?

  ReplyDelete
 12. ഈ ചിത്രത്തിന്റെ ദുസ്വാദ് മാറ്റാൻ വേണമെങ്കിൽ കുറച്ചു ഇഞ്ചി ചവച്ചു കഴിക്കാം. ഷാജി കൈലാസിന്റെ പക്കൽ നല്ല അസ്സൽ ഇഞ്ചി ഉണ്ടെന്നു കേൾക്കുന്നു.

  ReplyDelete
 13. @Vivek
  മണിച്ചിത്രത്താഴ് എന്നാ മലയാളത്തിലെ എവർ ഗ്രീൻ സിനിമയും അതിലെ ഡോക്ടര സണ്ണി എന്നാ മലയാളികൾ ഒരിയ്ക്കലും മറക്കാതെ കരുത്തുറ്റ ആ കഥപാത്രത്തിന്റെ പേരും അനാവശ്യമായി ആ സിനിമയിൽ കൊണ്ട് വന്നത് കൊണ്ടാണ് ഇത്രയും വിമർശനങ്ങൾ നേരിടേണ്ടി വന്നത് (ചുമ്മാ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉള്ള ചീപ്പ്‌ നമ്പരിൽ ഒരു നല്ല ക്ലാസ്സിക്‌ സിനിമയെ കൊന്നു കളഞ്ഞില്ലേ!!!!). പകരം അതൊരു ഫ്രഷ്‌ സ്റ്റോറി ആയി അവതരിപ്പിച്ചിരുന്നു എങ്കിൽ ഇത്രുക് വിമര്ശനം വരില്ലായിരുന്നു.അത് കൊണ്ട് തന്നെ കിളിച്ചുണ്ടനും വെട്ടവും കണ്ടാലും ഒരു പക്ഷെ ഇത്രയും കലിപ്പ് തോന്നില്ല.
  ഇമ്മാതിരി ചീപ്പ്‌ പബ്ലിസിറ്റി നമ്പറുകൾക്ക് ഉള്ള അനിവാര്യമായ മറുപടി മലയാളികൾ കൊടുതിരിയ്ക്കും. അതായത് ഈ സിനിമ എട്ടു നിലയിൽ അമിട്ട് പൊട്ടുന്ന പോലെ പൊട്ടുന്നു എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്. അതിനു നിരൂപകനെ തെറി വിളിച്ചിട്ട് കാര്യമില്ല.

  ReplyDelete
 14. http://en.wikipedia.org/wiki/Alone_(2007_film)

  ഈ ലിങ്ക് വായിച്ചു നോക്കിയാൽ മനസിലാകും സംഭവിച്ചത് എന്താണ് എന്ന് . പാവം പ്രിയൻ അറിഞ്ഞില്ല , തായ്‌ ഭാഷയിൽ നിന്നുമൊക്കെ അടിച്ചു മാറ്റാൻ തമിഴ് സിനിമ വളർന്നു എന്ന് !

  ReplyDelete
 15. remix of നദിയ കൊല്ലപ്പെട്ട രാത്രി

  ReplyDelete