പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (Review: Pullipulikalum Aattinkuttiyum)

Published on: 8/10/2013 09:35:00 AM

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും: ബു.ജി.യല്ലാത്തോരേ ഇതിലേ ഇതിലേ!

ഹരീ, ചിത്രവിശേഷം

Pullipulikalum Aattinkuttiyum: Chithravishesham Rating [5.25/10]
'എൽസമ്മ എന്ന ആൺകുട്ടി'ക്കു ശേഷം എം. സിന്ധുരാജിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് വീണ്ടുമെത്തുന്നു, 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയു'മായി. നമിത പ്രമോദാണ് കുഞ്ചാക്കോയ്ക്കിതിൽ നായിക; കൂടെ പുലികളായി ഇർഷാദ്, ഷിജു, ജോജു എന്നിവരുമുണ്ട്. ബാൽക്കണി 6-ന്റെ ബാനറിൽ സുൽഫി ഹാസിസും ഷെബിൻ ബക്കെറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കണ്ടും കേട്ടും പഴകിയൊരു പ്രണയകഥ തന്നെയെങ്കിലും കുട്ടനാടൻ പശ്ചാത്തലം അല്പം മടുപ്പ് കുറയ്ക്കുന്നുണ്ട്. ഒരു സിനിമ ചെയ്യണം, അത് റമസാൻ കാലത്തു തന്നെ റിലീസ് ചെയ്യണം, തിയേറ്ററിൽ ആളെ നിറയ്ക്കാനുള്ള പതിവ് കൂട്ടൊക്കെ വേണം; സംഗതി ബിസിനസാണ് - ഗതികേടു കൊണ്ടാവാം പുലിയായ ലാൽ ജോസ് സിന്ധുരാജിനോട് രചിച്ചോളാൻ പറഞ്ഞത്. അതിനോടൊപ്പം റിലീസിനോടടുപ്പിച്ച് 'ബുദ്ധിജീവികൾക്കൊന്നും തിയേറ്ററിലേക്ക് പ്രവേശനമില്ലെ'ന്നു കൂടി പറഞ്ഞു ലാൽ ജോസ് തന്റെ ബുദ്ധി തെളിയിച്ചു! (അവലംബം: മാതൃഭൂമി വാർത്ത) അല്ലെങ്കിലും സിന്ധുരാജെഴുതിയാൽ അതെത്രത്തോളം വരുമെന്ന് അറിയാത്തയാളല്ലല്ലോ ലാൽ ജോസ്!

ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 7.00 / 10
: 4.00 / 05
: 4.00 / 05
Snippet Review

There is nothing novel in the story line, but Lal Jose and crew succeeds to pull out an average entertainer out of it.

ഘടാഘടിയന്മാരും പണിയൊന്നുമെടുക്കാത്തവരും സർവ്വോപരി താന്തോന്നികളുമായ മൂന്നു പുള്ളിപ്പുലികളെ പോറ്റേണ്ട ഗതികേടിലാണ് പാവമൊരു ആട്ടിൻകുട്ടിയായ ചക്ക ഗോപൻ - ഇതാണ് സിനിമയുടെ തുടക്കം. ആ ഗോപനൊരു മുട്ടനാടായി ചേട്ടന്മാരെയും നേരെയാക്കി വില്ലനെയുമൊതുക്കി നായികയുടെ കരവും പിടിച്ച് വള്ളത്തിൽ പോവുന്നതാണ് സിനിമയുടെ ഒടുക്കം. രണ്ടരമണിക്കൂറിൽ ഇത് തുടങ്ങിയൊടുങ്ങുമ്പോൾ മിച്ചമാവുന്നത് ചിരിയുണർത്തിയ കുറച്ചു രംഗങ്ങളും പിന്നെ അതുവരെ കണ്ടിരിക്കുവാൻ പ്രേരിപ്പിച്ച ചിത്രത്തിന്റെ ദൃശ്യഭംഗിയുമാണ്. മുൻപൊരു സിനിമയിൽ ഷാഫി കുഞ്ഞാടെന്ന് വിളിച്ച ടൈപ്പ് നായകനെ ഇതിൽ ആട്ടിൻകുട്ടിയെന്ന് വിളിക്കുന്നു. അതൊക്കെതന്നെ സിന്ധുരാജിന്റെ രചനാവൈഭവം. കുട്ടനാട്ടിലൊക്കെയാണ് കഥ നടക്കുന്നതെങ്കിലും, അവിടുത്തെ ജീവിതമോ അവരുടെ പ്രശ്നങ്ങളോ ഒന്നും പോപ്കോണും കൊറിച്ചു പടം കാണുന്നവർക്കൊരു അലോസരമായി അടുത്തുകൂടി പോലും പോവാതിരിക്കുവാൻ രചയിതാവും സംവിധായകനും ശ്രദ്ധവെച്ചിട്ടുണ്ട്. (ഹൊ, മറന്നു... ഇതു ബുദ്ധിജീവികൾക്കുള്ള പടമല്ലല്ലോ!) പിന്നെ, ചിത്രീകരണ സമയത്ത് മഴ കയറി കളിച്ചതുകൊണ്ട് വീടും പുരയിടവുമൊക്കെ വെള്ളത്തിലായിരിക്കുന്നത് ചില ഷോട്ടുകളിൽ കാണാം. അത്രയെങ്കിലും കണ്ടല്ലോ, അതു തന്നെ ഭാഗ്യം!

Cast & Crew
Pullipulikalum Aattinkuttiyum

Directed by
Lal Jose

Produced by
Zulfi Hasis, Shebin Backer

Story, Screenplay, Dialogues by
M. Sindhuraj

Starring
Kunchacko Boban, Namitha Pramod, Irshad, Shiju, Joju George, Shammi Thilakan, Suraj Venjaramoodu, Harisree Ashokan, Anusree, Sivaji Guruvayoor, Dinesh Nair, KPAC Lalitha, Bindu Panicker, Reena Bhasheer, Anjana, Thesni Khan, Seema G. Nair, Ponnamma Babu, Chali Pala etc.

Cinematography (Camera) by
S. Kumar

Editing by
Ranjan Abraham

Production Design (Art) by
Gokuldas, Mohandas

Music by
Vidyasagar

Lyrics by
Vayalar Sarath Candra Varma

Make-up by
Sreejith Guruvayoor

Costumes by
Sheeba Rohan

Choreography by
Sukanya Mohan

Thrills by
Thyagarajan

Stills by
Momi

Designs by
Jissen Paul

Banner
Balcony 6 Entertainments

Release Date
2013 Aug 09

തങ്ങളോടു ചെയ്യുവാൻ പറഞ്ഞ പണി വെടിപ്പായി ചെയ്തു - അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം, കഥാപാത്രങ്ങളുടെ മേന്മയൊന്നും വിഷയമാക്കാതിരുന്നാൽ, ഈയൊരു ആശ്വാസത്തിനു വകയുണ്ട്. ചക്ക ഗോപനെന്ന തന്റെ വേഷത്തെ ഭംഗിയാക്കുവാൻ കുഞ്ചാക്കോയ്ക്കു കഴിഞ്ഞു. ഇഷ്ടം തോന്നുന്നൊരു നായികയായി നമിതയും ഒപ്പമുണ്ട്. ചിത്രത്തിന്റെ പേരിലുള്ള പ്രാധാന്യമൊന്നും കഥാപാത്രങ്ങൾക്കില്ലെങ്കിലും ഇർഷാദും ഷിജുവും ജോജുവും നല്ല പുലികളായി. കോമഡിയും ഗൗരവവും പാകത്തിനു ചേർന്നപ്പോൾ, വെറുമൊരു കോമാളി വേഷമാവാതെ, സുരാജിന്റെ മാമച്ചനെന്ന വേഷം മികച്ചു നിന്നു. ഹരിശ്രീ അശോകൻ, അനുശ്രീ, കെ.പി.എ.സി. ലളിത, ബിന്ദു പണിക്കർ, സീമ ജി. നായർ, റീന ബഷീർ - പ്രസക്തമായ സഹവേഷങ്ങളിലെത്തുന്ന ഇവരേവരും പിന്നെ വില്ലൻ റോളിൽ ഷമ്മി തിലകനും തങ്ങളുടെ ഭാഗം ഭംഗിയാക്കി. അഭിനേതാക്കളുടെ നിര ഇവിടെ തീരുന്നില്ല, നാട്ടുകാരും അയലോക്കക്കാരും പോലീസുമൊക്കെയായി ഇനിയുമുണ്ട് കുറേപ്പേർ.

ഉൾനാടൻ കുട്ടനാടും കായൽപ്പരപ്പുമൊക്കെ കണ്ണിനു വിരുന്നായി പകർത്തിയെടുക്കുവാൻ ഛായാഗ്രാഹകനായ എസ്. കുമാറിനു കഴിഞ്ഞതാണ് 'പു.പ്പു.ആ.കു'വിന്റെ എടുത്തു പറയേണ്ടുന്നൊരു മെച്ചം. ചിത്രസന്നിവേശത്തിൽ രഞ്ജൻ എബ്രഹാമും മികവു പുലർത്തുന്നു. ഗോകുൽദാസ്-മോഹൻദാസിന്റെ കലാസംവിധാനം, ശ്രീജിത്ത് ഗുരുവായൂരിന്റെയും ഷീബ റോഹന്റെയും ചമയവും വസ്ത്രാലങ്കാരവും - ഇവയൊക്കെ ചിത്രത്തിൽ ചേരേണ്ടതു പോലെ ചേരുന്നു. ത്യാഗരാജന്റെ സംഘട്ടനങ്ങൾ ആവശ്യത്തിനു മാത്രം. അടുത്തടുത്തു വരുന്ന യുഗ്മഗാനങ്ങളും പിന്നെ ചിരിപ്പിക്കാനെന്ന പേരിലുള്ള ചില ഏച്ചു ചേർക്കലുകളുമൊക്കെ ചിത്രത്തിനു ബാധ്യതയുമാണ്.

"വെള്ളം മീതെ, വള്ളം മേലെ, നീയും ഞാനും, തകതിത്തിത്താര!" എന്നിങ്ങനെ കുട്ടനാടിനോടു ചേരുന്ന വരികളുമായി വയലാർ ശരത്ചന്ദ്ര വർമ്മയും, ഗ്രാമപശ്ചാത്തലത്തിനു ചേരുന്ന ഈണങ്ങളുമായി വിദ്യാസാഗറുമൊരുമിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഏതൊരു ലാൽ ജോസ് ചിത്രത്തിലുമെന്ന പോലെ ഈ ചിത്രത്തിലും പ്രാധാന്യം നേടുന്നു. ശങ്കർ മഹാദേവനും ചിത്രയും ചേർന്നു പാടിയ "ഒറ്റത്തുമ്പി...", നജീം അർഷാദും സുജാതയും ചേർന്നാലപിച്ച "കൂട്ടിമുട്ടിയ..." എന്നീ യുഗ്മഗാനങ്ങളും ഫ്രാങ്കോയും നിഖിൽ മാത്യുവും കൂട്ടരുമൊരുമിക്കുന്ന "ഹൈ ഹൈ ഹൈലെസാ..." എന്ന ഉത്സാഹപ്പാട്ടുമൊന്നും നിരാശപ്പെടുത്തുന്നില്ല. ശങ്കർ മഹാദേവൻ 'സിന്ദൂറ'മെന്നും 'പുറിക'മെന്നും 'അന്നേറ'മെന്നുമൊക്കെ ഉച്ചരിക്കുന്നതിന്റെ കല്ലുകടി ആദ്യം പറഞ്ഞ ഗാനത്തിന്റെ ആസ്വാദ്യതയല്പം കുറയ്ക്കുന്നെന്നു മാത്രം.

കുട്ടനാട് പശ്ചാത്തലമായി ഇതുവരെ വന്ന ചിത്രങ്ങളിൽ, ചുരുക്കം ചിലതിലൊഴികെ, മറ്റൊന്നിലും അവിടുത്തെ ജീവിതമോ, അവിടുത്തെ ആളുകളോ ഒന്നും ഒരു വിഷയമേ ആവാറില്ല. ആ പതിവ് 'പു.പ്പു.ആ.കു'വും തെറ്റിക്കുന്നില്ല. ചക്കാത്തുപറമ്പെന്നോ കൈനകരിയെന്നോ ഒക്കെ പേരിനു മുന്നിൽ ചേർക്കുന്നതിലപ്പുറം കഥാപാത്രങ്ങളെ കുട്ടനാട്ടുകാരാക്കുക അത്ര എളുപ്പമല്ലല്ലോ! കുട്ടനാട്ടുകാരുടെ വാമൊഴിയെങ്കിലും ചിത്രത്തിലുണ്ടായിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു. (ഹൊ, മറന്നു... ഇതു ബുദ്ധിജീവികൾക്കുള്ള പടമല്ലല്ലോ!) ആകെമൊത്തത്തിലൊരു ആനച്ചന്തമുള്ളതുകൊണ്ടും പിന്നെ നേരം പോക്കാനായി സിനിമയ്ക്കു വരുന്നവർക്ക് അല്ലലുകളില്ലാതെ ചുമ്മാ കണ്ടിരിക്കുവാൻ പറ്റുന്നതുകൊണ്ടും, ബുദ്ധിജീവികൾ കണ്ടില്ലെങ്കിൽ പോലും, ലാൽ ജോസിന്റെ 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' ബോക്സ് ഓഫീസ് വിജയം നേടിയേക്കാം. അത്തരം വിജയങ്ങളാണ് ലാൽ ജോസ് ഉന്നം വെയ്ക്കുന്നതെങ്കിൽ ഇതൊക്കെ തന്നെയേ വർഷം പലതുകഴിഞ്ഞാലും തന്റെ സിനിമാപ്പട്ടികയിൽ കാണൂ എന്നൊന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നന്നായിരിക്കും; ആർക്ക്? ബുദ്ധിജീവികളൊന്നുമല്ലാത്ത ഞങ്ങൾ പാവം പ്രേക്ഷകർക്ക് തന്നെ; അല്ലാണ്ടാർക്ക്!

അധികപ്പറ്റ്: ലാൽ ജോസ് സാർ പറഞ്ഞ പോലെ ഈ സിനിമ ബുദ്ധിജീവികൾക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന കാര്യത്തിലൊരു ഡൗട്ടുമില്ല. എങ്ങാനുമല്പം യുക്തി ഉപയോഗിച്ചാൽ പിന്നെ പടം കണ്ടിരിക്കുവാൻ പാടാവും! ഒരു സാമ്പിൾ സന്ദർഭം - ഒരു കുട്ടനാട്ടുകാരൻ പറയുന്നു വട്ടക്കായലിൽ മുങ്ങിയാൽ പിന്നെ നോക്കണ്ട, രണ്ടീസത്തിൽ പുന്നമടത്തീരത്ത് ശവമായി പൊങ്ങിക്കോളുമെന്ന്; പിന്നെ മറ്റൊരു കുട്ടനാട്ടുകാരൻ പറഞ്ഞു കേൾക്കുന്നു, കുട്ടനാട്ടിൽ പിറന്നോരായതോണ്ട് അവരങ്ങ് കരയ്ക്കെത്തിക്കോളുമെന്ന്... ഇതിലേതാപ്പാ ശരി?

9 comments :

 1. തലച്ചോറുപയോഗിക്കാതെ കണ്ണും കാതും ഹൃദയവും കൊണ്ടു പടമാസ്വദിക്കുന്നവർക്കായി ലാൽ ജോസൊരുക്കിയ 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയു'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Mr.Haree..,Immanualine poleyulla samoohika prasakthiyulla padangalkku thankal rating koduthathu 4/10...,ee kothara padathinu thankal koduthathu 5.25/10....,pinnengane malayalam cinema nannakum...,ninkale poleyulla koora reviews idunna alukale udheshichanu Laljose Budhijeevikal ennu paranjathu...,ennittu angera kaliyakkunnuvo..?

  ReplyDelete
 3. 2.5 or 3 mark is enough 4 this film!!!!!!ithelum oru kadha sandharbhamo?shoto eduthu parayathakka oru thamasha polumo ee padathililla ,,,,lal jose mandhbudhikalkkishtapedum ennu parayunnathanu nallathennu thonunnu....

  ReplyDelete
 4. തല്ലിപ്പൊളി പടം . രണ്ടു മാര്‍ക്ക് തന്നെ അധികം ഹരീ :)
  കാശ് പോയി . ബോറടിച്ചു ചത്തു

  ReplyDelete
 5. അപ്പോള്‍ ഇതെപ്പറ്റി മനസ്സിലായി..ഇനി നീലാകാശം , Memories ഒക്കെ വരട്ടെ.

  ReplyDelete
 6. ഇതിന്‌ ഇത്രയും മാര്‍ക്ക് കൊടുത്തത് കുറച്ച് കടുപ്പമായി ഹരി... ബോറന്‍ പടം ...

  ReplyDelete
 7. ഇതു പോലൊരു വൃത്തികെട്ട പടം ലാൽ ജോസിൽ നിന്നും പ്രതീ ഷിചില്ല. ലാൽ ജോസ് എടുത്ത ഏറ്റവും അറുബോരൻ പടം. കാശു പോയി. റംസാൻ സീസണിൽ പ്രേഷകരെ വിഡ്ഢികൾ ആക്കി കാശ് അടിക്കാനുള്ള ഒരു ശ്രമം എന്നു ചരുക്കി പറയാം . ഹരി ഈ പടത്തിനു എത്ര മാർക്ക് കൊടുത്തത് ചതിയായി പോയി. റിവ്യൂ വായിച്ചിട്ടാണ് ഞാൻ സിനിമയ്ക്ക് പോയത്‌...

  ReplyDelete
 8. റേറ്റിംഗിത്രയും എത്തുവാൻ കാരണം കഥയോ കഥാപാത്രങ്ങളോ സംവിധാനമോ അല്ലല്ലോ? റേറ്റിംഗിൽ പക്ഷെ മറ്റ് ഘടകങ്ങളും കണക്കിലെടുക്കാതെയും കഴിയില്ല. ഏവരുടേയും അഭിപ്രായങ്ങൾക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 9. ഹരി, എന്തൊക്കെ പറഞ്ഞാലും ഹരി യുടെ 5.5 വും direction ലാല്ജോ സ് എന്നതും കണ്ടു കണ്ണടച്ച് പോയതാ, നല്ല പണി കിട്ടി, ബോര് പടം. നല്ലൊരു ദിവസമായിട്ടു കാശും പോയി , സമയവും പോയി

  ReplyDelete