ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Review: Left Right Left)

Published on: 6/17/2013 08:43:00 AM

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: വലതമര്‍ന്ന് ഇടതുവെട്ടി...

ഹരീ, ചിത്രവിശേഷം

Left Right Left: Chithravishesham Rating [6.25/10]
ഇടതുപക്ഷ രാഷ്ട്രീയം വിഷയമാവുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ പുതുമയല്ല. എന്നാല്‍ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിലുപരി നാട്ടിലെ അന്നന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ചിലവാകുന്ന സംഗതികള്‍ ചേര്‍ത്തു പാകപ്പെടുത്തുകയും, ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയത്തിലെ നന്മതിന്മകള്‍ അവഗണിക്കപ്പെടുകയും ചെയ്യുക എന്ന തന്ത്രം തന്നെയാണ് മിക്കപ്പോഴും മലയാളസിനിമയില്‍ പയറ്റിക്കാണാറുള്ളത്. ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയമൊന്നും കണക്കിലെടുക്കാതെ ഇടതുപക്ഷത്തെ കണ്ണടച്ചു വിമര്‍ശിക്കുമ്പോള്‍ കിട്ടുന്നൊരു സുഖം - അതു പകര്‍ന്നു നല്കുവാന്‍ ഈ വിഭാഗത്തില്‍ വരുന്ന ചിത്രങ്ങള്‍ക്കു കഴിയും എന്നതാണു പ്രസക്തമായ കാര്യം. 'ഈ അടുത്ത കാലത്തി'നു ശേഷം മുരളി ഗോപിയുടെ രചനയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സഞ്ചരിക്കുന്നതും ഈയൊരു വഴിയില്‍ തന്നെ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, ഹരീഷ് പേരാടി, ലെന, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 7.50 / 10
: 4.00 / 05
: 3.50 / 05
Snippet Review

Murali Gopy and Arun Kumar Aravind very well know what kind of a political drama will sell these days! 'Left Right Left' is nothing more, nothing less!

സഹദേവനും റോയിയും കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ പിന്തുടര്‍ച്ചക്കാര്‍, ഇടതുപക്ഷ രാഷ്ട്രീയം എന്തെന്ന്‍ അനുഭവിച്ചു വളര്‍ന്നവര്‍; ജയനാവട്ടെ പണവും അധികാരവുമുണ്ടെങ്കിലേ ജീവിക്കുവാനാവൂ എന്നു ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു പോലീസായ ഒരുവന്‍; ഇവര്‍ മൂവരിലൂടെയും സമകാലീന രാഷ്ട്രീയാവസ്ഥയെ സിനിമയാക്കി കാണിക്കുകയാണ് രചയിതാവും സംവിധായകനും. ഒരുവന്റെ കുട്ടിക്കാലവും പിന്നെ ജനിതക കൂട്ടുമാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നത് എന്നതില്‍ ചുറ്റിപ്പറ്റിയാണ് ഈ കഥാപാത്രങ്ങളെ വികസിപ്പിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചു പത്രമാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍, അതിനെ ചുറ്റിപ്പറ്റി മലയാളികള്‍ക്കുണ്ടായിരിക്കുന്ന പൊതുബോധം ഇവയോട് ചേര്‍ന്നു പോവുന്ന ഒരു തിരനാടകം എന്നതിനപ്പുറം ഒരു ചിന്തയോ അന്വേഷണമോ ചിത്രത്തിനു വേണ്ടി നടത്തിയിട്ടുണ്ടെന്ന തോന്നലില്ല. ചിത്രത്തിലെ പല രംഗങ്ങളും വിലകുറഞ്ഞ അനുകരണ സ്വഭാവത്തിലുള്ളതും, കഥാപാത്രങ്ങള്‍ പലതും പലരുടേയും അനുകരണമായി മാറുന്നതും പറയുന്ന കാര്യങ്ങളുടെ ഗൗരവം കുറയ്ക്കുകയും ചെയ്യുന്നു. തനിക്കെതിരേ അഴിമതി ആരോപിച്ച് പത്രത്തിലെഴുതുന്നവരെ (അതും ആകെ രണ്ടായിരം കോപ്പികള്‍ ചെലവാകുന്ന പത്രത്തില്‍) കൊല്ലിക്കുവാന്‍ നടക്കലാണ് വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പൊതുമിനിമം പരിപാടി - ഇതിനപ്പുറം എന്തു രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്?

Cast & Crew
Left Right Left

Directed by
Arun Kumar Aravind

Produced by
M. Renjith

Story, Screenplay, Dialogues by
Murali Gopy

Starring
Indrajith, Murali Gopy, Hareesh Peradi, Lena, Remya Nambeesan, Sethulakshmi, Vijayaraghavan, Suraj Venjaramoodu, Sreejith Ravi, Anusree, Sudheer Karamana, Saiju Kurup, Jagadish, Mamukkoya, Irshaad, Krishnaprabha etc.

Cinematography (Camera) by
Shehnad Jalaal

Editing by
Arun Kumar Aravind

Production Design (Art) by
Ajayan Chalissery

Music by
Gopi Sunder

Sound Design by
Arun S. Mani, Vishnu P.C.

Lyrics by
Rafeeq Ahmed

Make-up by
Rahim Kodungallur

Costumes by
S.B. Satheeshan

Thrills by
Thyagarajan

Stills by
Bijith Dharmadam

Designs by
Thought Station

Banner
Rejaputhra Visual Media

Release Date
2013 June 14

ഇന്ദ്രജിത്ത്, മുരളി ഗോപി, ഹരീഷ് പേരാടി - മൂവരും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. മൂക്കുകയറിട്ട് പിടിച്ചില്ലെങ്കില്‍ നാനാവിധമാക്കുന്ന സുരാജ് പോലും സംയമനത്തോടെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ പിന്നെ അധികം വിശദീകരിക്കേണ്ടതില്ലല്ലോ? കേവലം നിഴലല്ല തങ്ങളുടെ കഥാപാത്രങ്ങള്‍ എന്നതില്‍ ലെനയ്ക്കും രമ്യ നമ്പീശനും അഭിമാനിക്കാം. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ജയന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ട സേതുലക്ഷ്മിയും നന്ന്‍. ചുരുക്കം ചില കഥാപാത്രങ്ങള്‍ക്കു മാത്രം ഈ രീതിയിലൊരു മികവ് പറയുവാനില്ലാതെ പോയിട്ടുമുണ്ട്. എസ്.ആര്‍. എന്ന നേതാവിനെ വി.എസ്സാക്കി അവതരിപ്പിക്കുവാന്‍ വിജയരാഘവന്‍ വല്ലാതെ വിമ്മിട്ടപ്പെടുന്നു. ഒരു സിനിമാല താരത്തെ വേഷം ഏല്‍പ്പിക്കുകയായിരുന്നു ഇതിലും ഭേദം. ശ്രീജിത്ത് രവിയുടെ കഥാപാത്രത്തിനും ഒരു അടിസ്ഥാന സ്വഭാവമില്ലാതെ പോയി.

അഭിനേതാക്കളെ എന്നതു പോലെ തന്നെ ചിത്രത്തില്‍ സഹകരിക്കുന്ന സാങ്കേതിക വിദഗ്ദ്ധരേയും എങ്ങിനെ ചിത്രത്തിനുഗുണപ്പെടുത്തണമെന്ന് ധാരണയുള്ളൊരു സംവിധായകനാണ് അരുണ്‍ കുമാര്‍. ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ ഇതടിവരയിടുന്നു. സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളോട് എതിര്‍പ്പുള്ളവര്‍ പോലും ഇതിന്റെ പണിമികവിനെ അംഗീകരിക്കുമെന്ന് കരുതാം. ഇടയ്ക്കെപ്പോഴൊക്കെയോ ഒരല്പം ഇഴച്ചില്‍ അനുഭവപ്പെട്ടതു മാത്രം ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അരുണ്‍ കുമാറിന്റെ നോട്ടക്കുറവായി കാണാം. ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം, അജയന്‍ ചള്ളിശ്ശേരിയുടെ കലാസംവിധാനം, ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും - ഇവയൊക്കെ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊന്‍പതില്‍ തുടങ്ങി ഇങ്ങ് രണ്ടായിരത്തി പതിമൂന്നുവരെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപമാറ്റമാണ് സിനിമയില്‍ കേന്ദ്രസ്ഥാനത്തുള്ള മൂവരിലൂടെ രചയിതാവും സംവിധായകനും പറയുന്നതെന്നാണ് വെയ്പ്പ്. ഈ കാലയളവില്‍ മാറിയിട്ടുള്ള ഇടതുപക്ഷ നയങ്ങളോടുള്ള വിമര്‍ശനം പേരിനെങ്കിലും കണ്ടിരുന്നെങ്കില്‍ പിന്നേയും രസമുണ്ടായിരുന്നു. ഇതിപ്പോള്‍ ചില വ്യക്തികളെ ഉന്നം വെച്ചുള്ള വിരോധം തീര്‍ക്കലോ അല്ലെങ്കില്‍ വ്യക്തിഹത്യയോ ഒക്കെ മാത്രമായി ചിത്രം ചുരുങ്ങുന്നു. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ എന്തുണ്ടാക്കി തിയേറ്ററിലെത്തിച്ചാല്‍ വിറ്റു പോവുമെന്ന് നന്നായറിയാവുന്നവരാണിവരിരുവരും. അതിനൊപ്പിച്ചുള്ളൊരു (അ)രാഷ്ട്രീയ സിനിമ എന്നതിനപ്പുറം 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' കാര്യമായ ശ്രദ്ധയൊന്നും അര്‍ഹിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തോന്നലില്ല. കൂട്ടത്തില്‍ പറയട്ടെ, ലാളിത്യത്തിന്റെയും സുതാര്യതയുടേയും പ്രതീകമായി മൊബൈലുപയോഗിക്കാത്ത മുഖ്യമന്ത്രി വാഴുന്ന നാട്ടില്‍, ഒരു രാഷ്ട്രീയ സിനിമ എന്നാല്‍ ഇതിനപ്പുറം എന്തെങ്കിലും കാണുവാന്‍ കിട്ടുമെന്നും തത്കാലം പ്രതീക്ഷയില്ല!

ഇഷ്ട ഡയഗോള്‍: മുന്‍ വിപ്ലവ പാര്‍ട്ടി യുവജന സംഘടനാ പ്രവര്‍ത്തകന്‍ പറയുന്നു: "അവര്‍ (ബി.ജെ.പി. / ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍) അങ്ങിനെ ചെയ്യില്ലെന്ന് (വിപ്ലവ പാര്‍ട്ടി യുവജനനേതാവായ റോയിയെ വെട്ടുമെന്ന്) അന്നും ഇന്നും എനിക്കുറപ്പായിരുന്നു!" ഹേയ്, ശൂലവും വാളുമൊക്കെ ഇങ്ങിനെ കാണിക്കും എന്നേയുള്ളൂ, അവരതൊന്നും എടുത്തുപയോഗിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്!

32 comments :

 1. 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും വീണ്ടും ഒന്നിക്കുന്ന 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  Murali Gopy and Arun Kumar Aravind very well know what kind of a political drama will sell these days! #LeftRightLeft is just that!
  8:19 PM - 16 Jun 13
  --

  ReplyDelete
 2. ഇന്നലെ കണ്ടു ഈ സിനിമ.. കളിയിക്കാവിള സരസ്വതി തീയേറ്ററിൽ നിന്നും.. തീയേറ്ററിൽ ഇരുന്ന് ഉറങ്ങുന്നവരെ കണ്ടിട്ടുണ്ടെങ്കിലും, ഉറങ്ങുന്നവരുടെ കൂർക്കംവലി മറ്റുള്ളവർക്ക് ശല്യമാകുന്നത് ആദ്യമായാണ്‌ കാണുന്നത്.

  ഇനി സിനിമയെപ്പറ്റി,

  വി എസ്സും പിണറായി സഖാവും കടന്നുവന്ന വഴികൾ അരുണ്‍ കുമാറിനും മുരളി ഗോപിക്കും അറിയില്ല എന്ന് വ്യക്തം. കേരളത്തിൽ ഇടതുപക്ഷം എന്നൊന്ന് നിലനിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രം ഇറക്കാനുള്ള സാഹചര്യം പോലും ഇവർക്ക് ഇന്നുണ്ടായത്. ഇതിന് ധൈര്യം എന്നല്ല പേര്.. അറിവില്ലായ്മ എന്നതുമാത്രമാണ്. ധൈര്യം എന്നൊന്ന് പൈതൃകത്തിൽ എവിടെയെങ്കിലും അവശേഷിക്കുന്നു എങ്കിൽ.. പോയി ജയലളിതയെ വിമർശിക്കുന്ന ഒരു സിനിമ എടുത്ത് തമിഴ് നാട്ടിൽ റിലീസ് ചെയ്യ്‌..

  ഒരു സിനിമ എന്നതുമാത്രം കണക്കിലെടുത്താൽ പല രംഗങ്ങളും ഇഷ്ടമായി. മൂന്നുമണിക്കൂറോളം നീളുന്ന സിനിമയിൽ ഒരിടത്തും എനിക്ക് ഉറങ്ങാൻ തോന്നിയില്ല.. അഭിനേതാക്കളിൽ പലരും അതിശയിപ്പിച്ചു. 'പണ്ടാരം ഏതുനേരത്ത് ഇത് കാണാൻ തോന്നിയോ എന്തോ' എന്ന് തോന്നാത്ത ഒരു സിനിമ. തിരുവനന്തപുരം ഭാഷയോട് നീതി പുലർത്തിയ ആദ്യത്തെ സിനിമ എന്നും പറയാം.

  ReplyDelete
 3. This is the best review u have ever written Haree.Keepm it up

  ReplyDelete
 4. ഇതിൽ പോസിറ്റീവ് ആയി കാര്യമായൊന്നും കണ്ടില്ലല്ലോ..എന്നിട്ടും 6.25 എങ്ങിനെ കിട്ടീ ?

  ReplyDelete
 5. റിവ്യൂയും റേറ്റിംഗും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ???

  ReplyDelete
 6. റിവ്യൂ തീരെ മനസിലാവുന്നില്ല... കുറച്ചു സിമ്പിൾ ആയി എഴുത്തിക്കുടെ ... പടം കാണാൻ കൊള്ളാവോ ?

  ReplyDelete
 7. "ഇഷ്ട ഡയഗോള്‍" അല്ല "ഇഷ്ട ഡയലോഗ്"

  ReplyDelete
 8. review onnum manassilayilla....padathe kurich athra nallathonnum ithil ella....pinne engane raiting 6.5 vannu?

  ReplyDelete
 9. ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം, അജയന്‍ ചള്ളിശ്ശേരിയുടെ കലാസംവിധാനം, ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും - ഇവയൊക്കെ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്...ഇതിനാണോ ഹരീ 6.25 മാർക്ക്‌.................

  ReplyDelete
 10. edo haree nirthikkoode thanikku review ezhuthu.avante oru 6.25 / 10.keralathile nalla cinemaye snehikkunnavar ee chithram eatteduthu kazhinju. xcellent movie im d recent time
  thattathin marayath enna chithrathinu 8/10 kodutha thante moonnam kida review ezhuthinodu ividaarkkum no interest.

  ReplyDelete
 11. ഇത് ഒരു സിനിമ നിരൂപണം ആണോ ?

  ന്യൂ ജെനെരെഷൻ സിനിമകളോടുള്ള താങ്കളുടെ തികഞ്ഞ പുച്ചവും ഈ ലേഖനത്തിൽ കാണാം ..
  സിനിമകൾ ചർച്ച ചെയ്യേണ്ടത് ഇപ്പോഴത്തെ സാമൂഹിക വ്യവസ്തയെയാണ്, അത് പ്രതിനിധാനം ചെയ്യേണ്ടത് ഇന്നിനെയാണ് ..അവിശ്വസ്തയായ ഭാര്യയെയും, പണത്തിനു പുറകെ പോകുന്ന പെണ്ണിനേയും വരച്ചു കാണിക്കുന്നത് ഇന്നത്തെ കേരളത്തെ ആണ് .. ഈ ഇടെ പുറത്ത് വന്ന വാർത്തകൾ മാത്രം പരിശോധിക്കുക ... കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച് കാമുകന്റെ കൂടെ പോകുന്ന കേസുകൾ സർവസാധാരണമായിരിക്കുന്നു, ലീന മറിയ പോളും , സരിത s നായരും നമ്മുടെ പേപ്പറുകളിൽ നിറഞ്ഞു നില്കുന്നു .. ഇവയൊക്കെ ഒരു സിനിമയിൽ ചർച്ച ചെയ്താൽ അതിനോട് പുച്ഛം ..

  ReplyDelete
 12. i have been going through various reviews for the past few years....to be frank, i haven't read such a pathetic review....the review is totally biased.... the film really stands out among all the political thrillers out there....there's something seriously wrong with the reviewer....watch this film for some incredible performances and some really gritty moments..

  ReplyDelete
 13. സിനിമ നിരൂപണത്തിന്റെ തോലിട്ട ഈ അസഹിഷ്ണുതയോട് ഞാനും സഹതപിക്കുന്നു. അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളുന്നു. അയ്യേ.. :(

  ReplyDelete
 14. കീഴ് കമന്റുകള്‍ മേല്‍ കമന്റുകള്‍ക്കും മേല്‍ കമന്റുകള്‍ കീഴ് കമന്റുകള്‍ക്കും മറുപടിയാവുമെന്ന് കരുതുന്നു. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
  --

  ReplyDelete
 15. ഹരീ

  ഈ സിനിമ പൂര്‍വ്വ / സമകാലിക രാഷ്ട്രീയ സിനിമകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് തന്നെ കരുതുന്നു .
  ഇന്നത്തെ ഇടതുപക്ഷത്തിന്റെ നഷ്ടപ്പെട്ട പ്രസക്തി വലിച്ചുനീട്ടാതെ , ഗിരിപ്രഭാഷണങ്ങള്‍ ഇല്ലാതെ നന്നായി പറയുന്നുണ്ട് ഈ സിനിമ എന്നാണു കണ്ടപ്പോള്‍ തോന്നിയത് . ഇടതുപക്ഷതിനകത്തെ "ഇടത്തെയറ്റം" എന്ന് മേനി നടിക്കുന്ന അവസരവാദികള്‍ക്കും തന്‍കാര്യം നോക്കികള്‍ക്കും പോലും യഥാര്‍ത്ഥത്തില്‍ ഒരു പ്രായോഗികമായി ഇടതാവാന്‍ കഴിയാത്തതിന്റെ , "പാവപ്പെട്ടവന്റെ" (ശരിക്കും സാമാന്യജനത്തിന്റെ ) താല്പര്യം സംരക്ഷിക്കുവാന്‍ കഴിയാത്തതിന്റെ ഗതികേട് / കഴിവില്ലായ്മ ഈ സിനിമ തുറന്നു കാണിക്കുന്നു . ഇടത് പക്ഷത്തെ "വലത് പക്ഷം" സത്യത്തില്‍ എന്ത് മഹത്തായ തത്വ സംഹിതയെ / പരിസ്ഥിതി നയത്തെ / പൊതുജന താല്പര്യത്തെ ആണ് മുറുകെ പിടിക്കുന്നത് എന്ന് അറിയുവാന്‍ ഈ സിനിമ തന്നെ വേണം എന്നില്ല . പക്ഷെ ഈ സിനിമ ചുരുങ്ങിയ സമയം കൊണ്ട് അത് പ്രസന്റ് ചെയ്യുന്നു . ചില മിമിക്രികള്‍ ഒക്കെ സഹിക്കേണ്ടി വന്നു എന്നത് സത്യം തന്നെ . പക്ഷെ അത് സിനിമയുടെ അന്തസത്തയുടെ മാറ്റ് കുറക്കുന്നില്ല

  ReplyDelete
 16. നീ ഏത് കോപപിലെ നിരൂപകനാട പുല്ലേ .......ഒരു ബുദ്ധി ജീവി ഇറങ്ങിയിരിക്കുന്നു ...നിന്റെ
  നിരൂപണത്തിന്റെ ആവശ്യമില്ല ഞങ്ങള്ക്ക് അറിയാം നല്ല പടം ഏത മോശം പടം ഏതാന്നു .......... അവന്റെ ഒരു റിവ്യൂ.............വല്ല പണിയും എടുത്ത് ജീവിക്കടാ ......... നല്ല പടങ്ങളെ
  നിരൂപിച് നശിപ്പിക്കാതെ .........................

  ReplyDelete
 17. ഇത് തന്നെയാണ് റിവ്യൂ എഴുതേണ്ട ശരിയായ രീതി. അല്ലാതെ ആരെയെങ്കിലും ഒക്കെ സുഖിപ്പിയ്ക്കാനായി സിനിമയെ ചുമ്മാ പുകഴ്തുന്നതിലോ അല്ലെങ്കിൽ നാല് പേരുടെ വില കുറഞ്ഞ കയ്യടികൾക്ക് വേണ്ടി ഓരോ രണ്ടു വരികള്ക്കും ഇടയിലും അളിഞ്ഞ കോമഡി കുത്തി തിരുകുന്നതിലോ ഒന്നുമല്ല കാര്യം. നിരൂപകൻ അയാളുടെ ജോലി (നിരൂപിയ്ക്കുക) ഭംഗിയായി ചെയ്യുന്നത് കൊണ്ട് ഒരു നല്ല സിനിമയും ഇവിടെ നശിച്ചു പോവാനോന്നും പോവുന്നില്ല. ഹരി തുടര്ന്നും എഴുതുക Best of Luck .........

  ReplyDelete
 18. Haree - those who think the movie reviews does not suit the taste of them - please leave the page -

  Haree is doing a good task and keep up the good work- please continue writing...........

  ReplyDelete
 19. 25 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്ന ഏറ്റവും മികച്ച സിനിമയാണത്‌. അതിനെ നിര്‍ബന്ധമായും രാഷ്ട്രീയ സിനിമ എന്ന്‌ കാണാന്‍ ശ്രമിക്കുന്നത്‌ അല്‌പത്തം മാത്രമാണ്‌. എന്തും ചായക്കടയിലെ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കുന്ന മലയാളിയുടെ ഒരു കുഴപ്പമാണത്‌. അതനപ്പുറത്ത്‌ നല്ലൊരു സമൂഹത്തിന്റെ കഥ പറഞ്ഞ സിനിമയായും ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റിനെ കാണാം.

  വളരെ ഗൌരവത്തോടെ കണ്ടിരുന്ന review ആയിരുന്നു. ഇനി കാണില്ല.നിങ്ങളുടെ വാക്ക് കേട്ട് എത്ര നല്ല സിനിമകള്‍ ജനം കാണാതെ പോകുന്നു. ഒരു വര്ഷം മുഴുവനും അധ്വാനിച്ചു ഒരു സിനിമ റിലീസ് ചെയുമ്പോള്‍ , എ.സി സ്റ്റുഡിയോയില്‍ ഇരുന്നു 10 മിനിട്ട് കുറെ സാഹിത്യ ഭാഷ ചേര്‍ത്ത് വിലയിരുത്തി അങ്ങ് ഇരുത്തുക ആണ് പതിവ്. നിങ്ങളുടെ ഇ നിരൂപണത്തെ ഞങ്ങള്‍ review ചെയ്താല്‍ പിന്നെ ഇ പണിക്ക് പോലും കൊള്ലാതെ വരും നിങ്ങള്‍. കാശു മുടക്കി ടികെറ്റ്‌ എടുത്തു ഇങ്ങനെ എല്ലാ സിനിമയും വെറുതെ കാണാതെ ആ കാശിനു വല്ല കപ്പലണ്ടി മിട്ടായി എങ്ങാനും വാങ്ങി കഴിക്കു, വയറിലെങ്കിലും കിടക്കട്ടെ.

  ഇത്ര നല്ല നിരീക്ഷനമുള്ള ആളാണോ നത്തോലി ഒരു ചെറിയ മീനല്ല , തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീരമാണ് ക്ലാസ്സിക്‌ ആണ് എന്നൊക്കെ വിളിച്ചു പറഞ്ഞത്. പലര്‍ക്കും പല നിയമം പാടില്ല , എല്ലാവര്ക്കും ഒരേ നിയമം. രഞ്ജിത്തിന്റെ സ്പിരിറ്റ്‌ പോലെ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ പോലും ഇദ്ദേഹത്തിനു below average ആണ്. ഏതായാലും ഷാജി കൈലാസിനും രണ്‍ജി പണിക്കര്‍ക്കും അഭിമാനിക്കാം. അവരുടെ തട്ട് പൊളിപ്പന്‍ ചിത്രങ്ങളെ ഈ മികച്ച ചിത്രവുംയാണല്ലോ താരതമ്യം ചെയ്തത്.

  ഇത്ര നല്ല ഒരു കലാസൃഷ്ടിയെ രാഷ്ട്രീയ അന്ധത മൂലം വിമര്‍ശിക്കുന്നവരോട് ,,സിനിമ രണ്ടു കണ്ണും ഉപയോഗിച്ച് കാണാന്‍ ഉള്ളതാണ് , ഇടതു കണ്ണ് കൊണ്ട് മാത്രം സിനിമ കാണുന്നവര്‍ക്ക് ചില്ലറ അസ്വാരസ്യങ്ങള്‍ തോന്നുക സ്വാഭാവികം മാത്രം,അത് തിരകഥാകൃത്തിന്‍റെ തെറ്റല്ല അപ്രിയസത്യങ്ങളെ ഉന്മൂലനം ചെയ്ത് മാത്രം മുന്നേറാനുള്ള പരാജിത ശ്രമങ്ങളും അതിനുള്ള പ്രതിവിധിയും സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ ചിലരെങ്കിലും ധൈര്യം കാണിക്കുന്നതും അത് ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് കാണുന്നതിലുള്ള കണ്ണുകടി മാത്രമെന്നെ പറയാനാവൂ.

  ReplyDelete
 20. ഇതില്‍ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ സിനിമയല്ല എന്നൊക്കെ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംവിധായകനും കഥാകൃത്തും ആണയിടുന്നുണ്ടായിരുന്നു. അതെന്തോ ആവട്ടെ. ലേഖകനെ സംബന്ധിച്ചിടത്തോളം ഇതു രാഷ്ട്രീയം (അരാഷ്ട്രീയതയിലേക്കാണ് ചിത്രത്തിന്റെ പോക്കെങ്കിലും) ചര്‍ച്ച ചെയ്യുവാന്‍ ശ്രമിക്കുന്ന ഒരു സിനിമ തന്നെയാണ്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ എങ്ങിനെ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നു എന്നതൊക്കെയാണ് സിനിമയുടെ വിഷയമെന്നൊക്കെ വാദത്തിന് പറയാമെങ്കിലും, ഉന്നം വെയ്ക്കുന്നത് ആരെയാണ് / എന്തിനെയാണ് എന്നതും വ്യക്തം. ഇതൊക്കെ തന്നെയാണ് മുന്‍പിറങ്ങിയിട്ടുള്ള പല രാഷ്ട്രീയ സിനിമകളിലും കാണുവാന്‍ കിട്ടുന്നത്. പിന്നെ ഇവിടെ മേക്കിംഗ് ഭംഗിയായി ചെയ്തിട്ടുണ്ട് എന്നു മാത്രം. ('വീണ്ടും കണ്ണൂര്‍' പോലെയുള്ളവയുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ വിശേഷിച്ചും.)

  കൂട്ടത്തില്‍ പറയട്ടെ; ഇവിടെ 6.25 നല്കിയ ചിത്രമാണിത്. പ്രമേയത്തിന്റെ കാര്യത്തിലൊഴികെ ഇതര മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു ചിത്രമായാണ് വിലയിരുത്തിയിട്ടുള്ളതും. ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  എവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 21. ഇടതുപക്ഷത്തിനെതിരെ - അതായത് വ്യക്തമായി പറഞ്ഞാല്‍ പിണറായിക്കെതിരെ - എന്ത് പറഞ്ഞാലും ആഘോഷിക്കപ്പെടുന്ന "യഥാര്‍ത്ഥ ഇടതന്മാരുടെ" സമൂഹത്തില്‍ ഇത്തരം സിനിമകള്‍ കൊണ്ടാടപ്പെടുന്നത് അവയുടെ മേന്മയെക്കാള്‍ അവ ആഘോഷിക്കപ്പെടനം എന്നുള്ള അവരുടെ സ്വാര്‍ത്ഥ താല്പര്യത്തിന്റെ പുറത്താണ്.
  സാങ്കേതികമായി നല്ല ചിത്രം.
  നിഷ്പക്ഷമല്ല, ഇടതുപക്ഷ വിരുദ്ധം എന്ന് തന്നെ പറയാം.. കാരണം മുരളി ഗോപിയുടെയും അരുണ്‍ കുമാറിന്റെയും രാഷ്ട്രീയം എന്തെന്ന സൂചനകള്‍ "ഈ അടുത്ത കാലത്ത്" കാണിച്ചു തന്നതാണ്.
  നല്ല റിവ്യൂ..

  ReplyDelete
 22. @Haree N
  സുഹൃത്തേ, കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ (1988 മുതൽ) കേരളത്തില്‍ വന്ന ഏറ്റവും മികച്ച സിനിമ ആണ് ഇത് എന്നൊക്കെ പറയുന്നവരുടെ വില കുറഞ്ഞ ജല്പനങ്ങള്ക്ക് മറുപടി പറയേണ്ട കാര്യം താങ്കളെ പോലെ ഒരു വ്യക്തിയ്ക്ക് ഇല്ല. 6.25 മാർക്ക്‌ പോര പോലും. ഇവരുടെ ഒക്കെ അഭിപ്രായങ്ങള്ക്ക് ചെവി കൊടുക്കാൻ നിന്നാൽ പിന്നെ ഇവിടെ ഇറങ്ങുന്ന എല്ലാ സിനിമയ്ക്കും 8 മാർക്കിൽ കൂടുതൽ കൊടുക്കേണ്ടി വരും. കാരണം എല്ലാ സിനിമയ്ക്കും കാണുമല്ലോ ഇത് പോലെ കുറെ അഭ്യുദയകാംക്ഷികൾ. അതുകൊണ്ട് ഇമ്മാതിരി കമന്റുകൾ ഒക്കെ അര്ഹിയ്ക്കുന്ന അവഗണനയോടെ പുചിച്ചു തള്ളുക.

  ReplyDelete
 23. ഈ റിവ്യൂ വായിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ഇവിടെ ഇരുന്നു പുലഭ്യം പറയാതെ ഒഴിവായോ പോവുക . നേരെ ചൊവ്വേ പറയാന്‍ വല്ലതും ഉണ്ട്നെകില്‍ പറയുക . ഹരീയുടെ എഴുത്തിനെയും അതിന്റെ ക്വാളിറ്റിയെയും പറ്റി നന്നല്ലാതെ മറിച്ചോരഭിപ്രായവും ഇല്ല . വീക്ഷണങ്ങളില്‍ ഭിന്നതയുണ്ടാവും . വായിക്കുന്നവന്റെയും സിനിമയെടുക്കുന്നവന്റെയും കാണുന്നവരുടെയും എല്ലാം ഇഷ്ടത്തിനെഴുതാന്‍ അല്ലല്ലോ ചിത്രവിശേഷം ഹരീ നടത്തുന്നത് .

  വിഷയത്തിലേക്ക് : കൊണ്ഗ്രസ്സിനെ വിമര്‍ശിച്ചാല്‍ അതില്‍ അരാഷ്ട്രീയത ഇല്ല . ബി ജെ പി യെ വിമര്‍ശിച്ചാലും ഇല്ല .

  സി പി എമ്മിനെ വിമര്‍ശിച്ചാല്‍ , അതിന്റെ വര്‍ത്തമാനകാല നയസമീപനങ്ങളെ തുറന്നു കാണിച്ചു വിശദീകരണം ചോദിച്ചാല്‍ "അരാഷ്ട്രീയത" ആരോപിക്കപ്പെടുന്നു . എന്തുകൊണ്ട് ?? അങ്ങിനെയുല്ലവര്‍ക്കും ഒരു രാഷ്ട്രീയം ഉണ്ട് എന്നത് മറക്കരുത്

  ReplyDelete
 24. Worst review ...please stop this job ....i was a regular visitor of this page .. from today onwards ill never visit this page..u better go n treat ur attitude. ...
  Vishnu

  ReplyDelete
 25. യുനിവേര്സിററ്റി NSS വളണ്ടിയെര്സി നു ഇച്ചിരി മാര്ക്ക് ‌ ഡിഗ്രി ടോട്ടല്‍ ഗ്രേഡിനൊപ്പം ഇട്ടുകൊടുക്കും എന്ന വൈകി ഉദിച്ചപ്പോള്‍ വിട്ടു ബസ്‌.. പകുതിക്ക് ഒരാള്‍ വിളിച്ചു പറഞ്ഞു ചലാന്‍ ഒരു 198 അടക്കേണ്ട കണക്ക്‌.. ഡിം..കളിമാറി, പഴ്സ് സ്ഥിരം ദാരിദ്ര്യം പറയുന്നു..! അവിടെ ഇറങ്ങി. ആകെ ഉള്ള കാശിനു പടം കാണാം.. ‘പഠനത്തേക്കാള്‍ വലുതാണു പടം’.. മച്ചാനെ വിളിച്ചു..അങ്ങേരു എഞ്ചിനീയറിംഗ് എക്സാം എഴുതാതെ മലപ്പുറത്ത് നിന്ന് മുങ്ങി നടപ്പാണ്.. പിന്നെ മഴയും കൊണ്ട് ബൈക്കില്‍ മചാനും ഞാനും നൂറു..നൂറ്റിപ്പത്തു.. നൂറു..നൂറ്റിപ്പത്തു.. ഒരു ‘കിങ്ങും’ വലിച്ചു നമ്മള്‍ കയറുമ്പോള്‍ ശീതികരിച്ച ആ ഹാളിലെ നീലവെളിച്ചത്തില്‍ ആകെ ആറുപേര്‍.. മൂന്ന് കഴിഞ്ഞ കാലങ്ങളെ മനസിലാക്കി തന്നുള്ള ഫ്ലാഷ്ബാക്ക്‌സ്.. കൈതേരി സഹദേവന്‍, വട്ടു ജയന്‍, റോയി ജോസഫ് ചെ ഇവര്‍ ഉണ്ടാകുന്നത്..ഗോപിയനിസം തകര്ത്താ ടിയ സ്ക്രിപ്റ്റ്‌. ആന്റി‍കമ്മ്യൂണിസം, പഴയ പ്രസ്ഥാനത്തിന്റെ, ഉയരെ..ഉയരെ പാറിപ്പറന്ന ചെങ്കൊടിയെ പറ്റി.. ഇന്നത്തെ നാടിന്റെഥ അവസ്ഥയില്‍ ആ പ്രസ്ഥാനത്തിന് പറ്റിയ ശേഷിക്കുറവ്(മുരളി ഗോപിയുടെ ചെ റോയ്‌ കാരെക്ടര്‍ ഫിഗര്‍ ‘ഇടതു ഭാഗം തളര്ന്ന. ഒരാളായാണ്) റോയ്‌ എന്നത് ഒരുകാലത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയ യുവനേതാവ്‌.. കാലം പാര്ട്ടി യെ വളര്ത്തി യും പിളര്ത്തി യും തളര്ത്തി യും.. ആ പ്രസ്ഥാനത്തിന്റെല ഇന്നത്തെ അവസ്ഥ.. അമരത്തിലെ രണ്ടു സഖാക്കള്‍.. ഇവിടത്തെ ഭരണവ്യവസ്ഥയിലുള്ള ആത്മരോഷമാന്നു സിനിമ.. സിനിമ ഒരു നക്സലിസം വരെയായി ചിലയിടങ്ങളില്‍.. വട്ടുജയന്‍ എന്ന ഇന്ദ്രജിത്തിന്റെപ റോളും നന്നായി.. പ്രതേകിച്ചു അവസാന ഭാഗങ്ങളില്‍ ഇന്ദ്രജിത്ത് എന്ന നടന്റെന റേഞ്ച് മനസിലാക്കാന്‍ പറ്റും.. രണ്ടാം പകുതിയില്‍ കുറച്ചു വലിച്ചു നീട്ടലുകള്‍ എങ്കിലും കാലം ആവശ്യപെടുന്ന സിനിമ എന്നാണ് ഉദേശശുദ്ധിയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.. പടം കണ്ടു കഴിഞ്ഞാല്‍ ലെഫ്റ്റ് ഈസ്‌ റൈറ്റ്..? എന്ന ചോദ്യവുമായി മടങ്ങാം.. ആ എന്ഡിറങ്ങിലെ ലെനയുടെ ഡയലോഗും.. മുരളി അണ്ണോ.. പടം സംഭവമാണ്..! ‘ഈ അടുത്ത കാലത്ത്’ കണ്ട നല്ല പൊളിറ്റിക്കല്‍ ത്രില്ലെര്‍: ചങ്കൂറ്റമുള്ള ആണുളുടെ പടം..! എന്റെു രാഷ്ട്രീയം ഇടതിലല്ല.. പക്ഷെ ഒരുകാലത്തെ ആ പ്രസ്ഥാനത്തെ നോക്കി ഞാനും ഉറക്കെ വിളിക്കും ലാല്സലാം.. അത് തന്നെയാണ് ഒരര്ത്ഥഞത്തില്‍ അണിയറയും ചെയ്തത്.. പടം എനിക്ക് നന്നായി ബോധിച്ചേ.. ലാല്സ്ലാം സഖാക്കളെ..!
  റേറ്റിംഗ്: 4/5

  സിനിമ ഒരു സമൂഹമെന്ന നിലയിൽ കേരളീയരുടെ അസംസ്‌കൃതവും പലപ്പോഴും പ്രാകൃതവുമായ ജീവിതത്തിന്റെ ചരിത്രമാണത്. സ്വന്തം നിലയേക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്ത മലയാളി എന്ന വിചിത്രമൃഗത്തെ ഒരു കൂറ്റൻ കണ്ണാടിക്കു മുന്നിലേക്ക് തള്ളിനീക്കി നിർത്തുന്നു. കണ്ണുള്ളവർ കാണട്ടെ".

  ReplyDelete
 26. എന്തുവാടേ ഇതു? ഇതിന്റെ പേരാണോ നിരൂപണം? ഇതിനെയൊക്കെ ഒരു റിവ്യൂ എന്നു പറയാന്‍ പറ്റുമോ? സത്യസന്ധമായി നിരൂപണം നടത്തൂ മാഷേ... സിനിമയെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇങ്ങനെ സിനിമയെക്കുറിച്ച് വിമര്‍ശനം നടത്താന്‍ കഴിയില്ല.ഒരു സിനിമയ്ക്ക് പിന്നിലെ അധ്വാനത്തെ ഇങ്ങനെ വില കുറച്ചു കാണാനും കഴിയില്ല.എത്രയോ ആളുകളുടെ സ്വപ്നമാണ് ഒരു സിനിമ.

  ഇങ്ങനെ നിരൂപണ വ്യവസായികള്‍ കൂടിക്കൂടി സിനിമയേക്കാള്‍ വലിയ ഒരു വ്യവസായമായിതീരുമോ എന്നാണിപ്പോഴെന്റെ പേടി.

  ഇങ്ങനെ സിനിമ ഇറങ്ങി ഒരാഴ്ച കഴിയും മുമ്പേ നെഗറ്റീവ് റിവ്യൂ പടച്ചു വിടുന്നത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. സിനിമ ചീത്തയാണെങ്കില്‍ക്കൂടെയും അത് അച്ചു നിരത്തി പരസ്യപ്പെടുത്തരുത് എന്നാണെന്റെ അഭ്യര്‍ത്ഥന.

  നിഷ്ക്കളങ്ക മുകില്‍വര്‍ണ്ണ|||.........സമ്മതിക്കണം മൊതലാളീ...........കഷ്ടം തന്നെ .... മലയാളസിനിമാ പ്രേക്ഷകര് എത്ര മാത്രം അധപതിച്ചു എന്ന് മനസ്സിലായി. പൈങ്കിളി ന്യൂ ജനറേഷൻ തരികിട സിനിമകൾ കണ്ടു കണ്ടു മലയാളിയുടെ ആസ്വാദനശേഷി മരവിച്ച എന്തായാലും ഈ സിനിമയ്ക്കു വിവരമുള്ളവർ എഴുതിയ റിവ്യൂ കൂടി വായിക്കുന്നത് നല്ലതായിരിക്കും .

  ചുമ്മാ ആഴ്ചയിൽ ...അല്ലെങ്കിൽ മാസത്തിൽ ഓരോ പടം വെച്ച് സംവിധാനം ചെയുന്ന ചേട്ടന്മാരെ ...എന്തിനാ ...വെറുതേ ......
  2 വർഷം കൂടുമ്പോൾ ഇതുപോലെ ഒരെണ്ണം ...ഒരൊറ്റ എണ്ണം ചെയ്താൽ പോരെ !

  ഇനി സിനിമയെക്കുറിച്ച്. ഇതാണ് മക്കളെ സിനിമ! അതിശക്തം | അത്ഭുതകരമായ ധൈര്യം | കയ്യടക്കം " പോയി കാണണം നല്ല സിനിമ എന്നും മലയാളികൾ നെഞ്ചിൽയേറ്റി താലോലിക്കും. അരുണ്‍ കുമാർ അരവിന്ദ് മുൻപെടുത്ത രണ്ടു സിനിമകളും ആദ്യ ദിവസം തന്നെ കാണുകയും ഇഷ്ടപെടുകയും ചെയ്തിട്ടും LRL കാണാൻ 3 ദിവസം വൈകിയത് എനിക്ക് രാഷ്ട്രീയ സിനിമകളോട് വല്ല്യ താൽപര്യമില്ലാത്തത്‌ കൊണ്ടാണ്. എന്നാലും സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് പടം കാണാൻ പോയി. ശക്തമായ ഒരു ഭാഷയാണ് മുരളീ ഗോപി സിനിമയ്ക്ക് വേണ്ടി ചമച്ചത്. വളഞ്ഞ വഴിയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു സുരക്ഷിതനാകുന്ന രീതിക്കുമപ്പുറത്ത് സധൈര്യം കേരളത്തിലെ ഇടതു പാർട്ടി കമ്മ്യൂണിസത്തെ മറന്നതിന്റെ ദൃഷ്ടാന്തങ്ങൾ വിളിച്ചു പറയുന്നു തിരക്കഥാകൃത്ത്. ഈ ശക്തി മലയാള സിനിമയിൽ കാണാനാകുന്നതു വളരെ വിരളമായാണ്. ചില വര്‍ത്തമാന കാല സത്യങ്ങള്‍ ഒരിക്കലും തെളിയിക്കാന്‍ കഴിയാത്തവയാണ് എന്ന വേദനയാര്‍ന്ന യാഥാര്‍ത്ഥ്യം കാര്യ കാരണ സഹിതം അവതരിപ്പിക്കുന്നു സിനിമയില്‍ .ഏതെങ്കിലും പർട്ടിയുടെയോ നേതാവിന്റെയോ കാൽകീഴിലല്ല വിപ്ലവം .ഓരോ മനുഷ്യ്ന്റെഉം മനസ്സിൽ ആണ് വിപ്ലവകാരി എന്ന നയത്തി ലുടെ കഥ പറഞ്ഞ ഇപ്പൊ തോന്നുന്നു കണ്ടില്ലായിരുന്നെങ്കിൽ അതൊരു നഷ്ടമായേനെ എന്ന്! തിരകഥ, സംവിദാനം, അഭിനയം തുടങ്ങി എല്ലാ മേഘലകളിലും ഇത്ര മികവ് പുലർത്തിയ ഒരു മലയാള സിനിമ 'ഈ അടുത്ത കാലത്തൊ'ന്നും കണ്ടിട്ടില്ല.

  ReplyDelete
 27. // 25 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്ന ഏറ്റവും മികച്ച സിനിമയാണത്‌. //
  // ഇനി സിനിമയെക്കുറിച്ച്. ഇതാണ് മക്കളെ സിനിമ! അതിശക്തം | അത്ഭുതകരമായ ധൈര്യം | കയ്യടക്കം " പോയി കാണണം നല്ല സിനിമ//
  ഹരി ഇവിടെ സിനിമയ്ക്ക് വേണ്ടിയുള്ള മാർക്കറ്റിംഗ് / advertisement ഒക്കെ അനുവദിച്ചു തുടങ്ങിയോ?
  'Boost is the secret of my energy'
  'lifebuoy എവിടെയുണ്ടോ അവിടെയാണ് ഉന്മേഷം'
  'ഗാഥാ (ജാം) you are my sweet heart'
  എന്നൊക്കെ പറയുന്ന പോലെ പരസ്യ വാചകങ്ങൾ ആണല്ലോ ഇപ്പോൾ റിവ്യൂവിന്റെ താഴെ കൂടുതലും കാണുന്നത്.
  // വിവരമുള്ളവർ എഴുതിയ റിവ്യൂ കൂടി വായിക്കുന്നത് നല്ലതായിരിക്കും .//
  ഹരി കേട്ടല്ലോ അല്ലെ? ഇനി മുതൽ വിവരം ഉള്ളവർ എഴുതുന്നത്‌ വായിച്ചു പഠിച്ചു അത് പോലെ എഴുതുക. എന്നിട്ട് ഓരോ റിവ്യൂവിലും "ഞാൻ കാറിൽ തീയട്ടെരിൽ വന്നപ്പോൾ watchman ഗേറ്റ് തുറന്നു തന്നു, പിന്നെ ചായ കൊണ്ട് വന്നു തന്നു, പിന്നെ റ്റൊഇലെട്ടിൽ പോയി, എന്റെ സുന്ദരിയായ ഭാര്യ അടുത്തിരുന്നു ചിരിച്ചു" എന്നിങ്ങനെ ഓരോന്നൊക്കെ എഴുതി പിടിപ്പിച്ചു നാട്ടുകാരെ ചിരിപ്പിയ്ക്കുക.

  ReplyDelete
 28. സമകാലീന രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ തോലിപോളിച്ചുകാനിക്കുന്ന ഒരു ചിത്രം ആണിത് ... നിരൂപകന്റെ എതിര്‍പ്പ് രാഷ്ട്രീയചായ്വിലൂടെ ആണ് . എന്തിനും ഏതിനും അഭിപ്ര്യസ്വതന്ദ്രതെ ക്കുറിച്ച് അലരുന്നവ്രാര്‍ ഇപ്പോള്‍ ഈ സിനിമക്ക് എതിരെ രംഗത്ത്‌ വരുന്നു... കഷ്ട്ടം ....

  ReplyDelete
 29. ഈ സിനിമയിൽ സംഗ പരിവരാത്തെ വെള്ള പൂശി നാട്ടിൽ ആക്രമണങ്ങൾ നടത്തുനത് ഇടതു പക്ഷമാണ് എന്ന് പറയാൻ ശ്രെമിക്കുന്ന മുരളി ഗോപി യുടെ ചേതോ വികാരം മനസിലാകുന്നില്ല ? അത് അയാളുടെ അഭിപ്രായ / വ്യക്തി / കലാക്കാരന്റെ സ്വാതന്ത്രം ആയിരിക്കാം , പക്ഷെ അത് സത്യങ്ങളെ വളച്ചൊടിച്ചു കൊണ്ടാകരുത്

  ReplyDelete
 30. Mukilvarnan's comments made me curious about his varnanam. Interestingly your blog is quite impressive. Like the way you write and your style. There is some uniqueness in your writing and I'm eagerly waiting for the next chapters. Having said that, I'm not marketing your blog here or promoting it in anyway. Just throwing some nice words to appreciate the effort and share the genuine feel I had while reading. Hope you get it ;). Cheers.

  ReplyDelete
 31. @Maveric Kewl
  ഇവിടെ റിവ്യൂ നടത്തുന്ന Mr ഹരിയെ പോലെ ഞാൻ ഒരു പ്രഫഷണൽ എഴുതുകാരൻ അല്ല. അത് എഴുതിയ എനിക്കും വായിച്ചു നോക്കിയ താങ്കള്ക്കും അത് അറിയാം.
  // Interestingly your blog is quite impressive. Like the way you write and your style. There is some uniqueness in your writing and I'm eagerly waiting for the next chapters.//
  മുകളിൽ എഴുതിയത് സീരിയസ് ആയിട്ട് ആണെങ്കിലും ശരി, ഭംഗിവാക്ക് ആണെങ്കിലും ശരി, sarcasm ആണെങ്കിലും ശരി അത് വായിച്ചു നോക്കിയതിനു നന്ദി. ഇവിടെ അതിനെ കുറിച്ച് പറയുന്നതിലും നല്ലത് താങ്കള്ക് പറയാനുള്ളത് അവിടെ തന്നെ പറയുന്നതല്ലേ നല്ലത്? (പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും). എന്തായാലും ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 32. Good Movie , infact a must to watch if you can enjoy serious movies..Watch it neutral, anyone can understand the marketing strategy behind the villian resembling a political leader.

  ReplyDelete