5 സുന്ദരികള്‍ (Review: 5 Sundarikal)

Published on: 6/25/2013 06:36:00 AM

5 സുന്ദരികള്‍: അഞ്ചില്‍ മൂന്നും സുന്ദരികള്‍!

ഹരീ, ചിത്രവിശേഷം

5 Sundarikal: Chithravishesham Rating [7.00/10]
മലയാളസിനിമയില്‍ ആന്തോളജി ചിത്രങ്ങള്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. രഞ്ജിത്തും കൂട്ടരും ഒരുക്കിയ 'കേരള കഫെ'യാണ് ഇതിനു മുന്‍പ് ശ്രദ്ധ നേടിയ ഒരു ചിത്രസമാഹാരം. ഇതേ ജനുസ്സില്‍ വരുന്ന മറ്റൊരു ചിത്രമാണ് '5 സുന്ദരികള്‍'. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നീ സംവിധായകരുടെ 'സേതുലക്ഷ്മി', 'ഇഷ', 'ഗൗരി', 'കുള്ളന്റെ ഭാര്യ', 'ആമി' എന്നീ ഹൃസ്വചിത്രങ്ങളാണ് യഥാക്രമം ഇവരൈവരുടേതായി ഈ സമാഹാരത്തിലുള്ളത്. ഓരോ ചിത്രവും പുരോഗമിക്കുന്നത് നായികമാരെ ചുറ്റിപ്പറ്റിയാണ് എന്നതൊഴിച്ചാല്‍ ഈ ചിത്രങ്ങള്‍ തമ്മില്‍ പരസ്പരബന്ധമില്ല. നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, കാവ്യ മാധവന്‍, റീനു മാത്യൂസ്, ഹണി റോസ്, ബിജു മേനോന്‍, ബേബി അനിക, മാസ്റ്റര്‍ ചേതന്‍ തുടങ്ങി ഒട്ടേറെ യുവ/ബാല താരങ്ങള്‍ ഈ അഞ്ച് ഹൃസ്വചിത്രങ്ങളിലായി വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ആകെത്തുക : 7.25 / 10
സേതുലക്ഷ്മി
ഇഷ
ഗൗരി
കള്ളന്റെ ഭാര്യ
ആമി
: 7.50 / 8
: 3.50 / 8
: 4.50 / 8
: 6.50 / 8
: 7.00 / 8
Snippet Review

Each film has a beauty in the lead, but only three of them will make you say 'beautiful'!

സേതുലക്ഷ്മി

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ ആദ്യ ചിത്രമാണ് '5 സുന്ദരികളി'ല്‍ ആദ്യമെത്തുന്ന സുന്ദരി. എം. മുകുന്ദന്റെ 'ഫോട്ടോ'യെന്ന ചെറുകഥയെ ആധാരമാക്കി ശ്യാം പുഷ്കറും മുനീര്‍ അലിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരനാടകം ഒരുക്കിയിരിക്കുന്നത്. മലയാളസിനിമയില്‍ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാവുമ്പോള്‍ പലപ്പോഴും പരിചയസമ്പന്നരായ സംവിധായകര്‍ക്കു പോലും അടിതെറ്റാറുണ്ട്. ഇവിടെ ഷൈജു ഖാലിദ് വിജയിക്കുന്നതും അവിടെത്തന്നെ. സേതുലക്ഷ്മിയേയും കൂട്ടുകാരനേയും മികവോടെ അവതരിപ്പിച്ച ബേബി അനികയും മാസ്റ്റര്‍ ചേതനുമാണ് ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കുന്നത്. കെട്ടുകാഴ്ചകളോ വാചകമേളകളോ ഇല്ലാതെ തന്നെ ഒരു സാമൂഹികപ്രശ്നം മികവോടെ അവതരിപ്പിക്കുവാന്‍ സംവിധായകനായി എന്നതാണ് പ്രധാനം. ക്യാമറ ഇത്രത്തോളം വ്യാപകമാവുന്നതിനും മുന്‍പ്, ഫോട്ടോയെടുപ്പ് സ്റ്റുഡിയോകളില്‍ മാത്രം സംഭവിച്ചിരുന്ന കാലത്താണ് സിനിമയിലെ കഥ നടക്കുന്നത്. ആ കാലഘട്ടം അനുഭവവേദ്യമാക്കുന്നതില്‍ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ കൈവരിച്ച മികവും അഭിനന്ദനീയം.

Cast & Crew
5 Sundarikal

Directed by
Shyju Khalid / Sameer Thahir / Aashiq Abu / Amal Neerad / Anwar Rasheed

Produced by
Amal Neerad Productions

Story, Screenplay, Dialogues by
M. Mukundan, Shyam Pushkar, Muneer Ali / Siddharth Bharathan / Abhilash Kumar, Amal Neerad / Unni R. / Hashir Muhammad

Starring
Anika, Chethan, Guru Somasundaram / Isha Sharvani, Nivin Pauly / Kavya Madhavan, Biju Menon, Tini Tom, Rimi Tomy, Shine Tom Chacko, Jayasurya / Dulquer Salman, Reenu Mathews, Jinu Ben, Muthumani / Fahadh Faasil, Asmitha Sood, Honey Rose, Chemban Vinod Jose, Vinayakan etc.

Cinematography (Camera) by
Alby / Shyju Khalid / Rajeev Ravi / Ranadive / Amal Neerad

Editing by
Vivek Harshan / Praveen Prabhakar

Production Design (Art) by
Joseph Nellickal / Prasanth Madhav / Gokul Das

Sound Design by
Tapas Nayak

Music by
Gopi Sundar / Bijibal / Prashant Pillai / Yakzan Gary Pereira

Lyrics by
Kavalam Narayana Panicker / Rafeeq Ahmed / Sunil Raj Sathya

Make-up by
Manoj Angamali

Costumes by
Sameera Saneesh, Praveen Varma

Stills by
Shaheen Thaha, Mirash K.T., Vishnu Thandassery

Designs by
Yellowtooth

Banner
Amal Neerad Productions

Release Date
2013 June 22

ഇഷ

'കടുവയെ പിടിക്കുന്ന കിടുവ' എന്നൊക്കെ പറയുമ്പോള്‍ തോന്നുന്നൊരു കൗതുകം നല്‍കുന്ന ഒരു ചിത്രമായി 'ഇഷ'യെന്ന സമീര്‍ താഹിര്‍ ചിത്രത്തെ കാണാം. അതിനപ്പുറമൊരു മികവൊന്നും ഇഷ ശര്‍വാണിയും നിവിന്‍ പോളിയും നായികാനായകന്മാരാവുന്ന ഈ ചിത്രത്തിനു പറയുവാനില്ല. സിദ്ധാര്‍ത്ഥ് ഭരത്തിന്റെ രചനയ്ക്കുമില്ല എടുത്തു പറയേണ്ടൊരു മികവ്.

ഗൗരി

ഒരു ആന്തോളജി ചിത്രമായാല്‍ അതിലൊന്നൊരു പ്രേതസിനിമയാവണം എന്ന നിര്‍ബന്ധമോ മറ്റോ ഉണ്ടോ എന്നറിയില്ല. അങ്ങിനെയില്ലായെങ്കില്‍ ആഷിക് അബുവിന്റെ 'ഗൗരി'യെങ്ങിനെ ഇതിലൊരു ചിത്രമായി എന്നു മനസിലാക്കുവാന്‍ പാടാണ്. അമല്‍ നീരദിന്റെ ആശയത്തില്‍ നിന്നും അഭിലാഷ് കുമാറാണ് ഈ ചിത്രത്തിന്റെ തിരനാടകം മിനഞ്ഞിരിക്കുന്നത്. കാവ്യ മാധവന്‍, ബിജു മേനോന്‍, ഷൈന്‍ ടോം ചാക്കോ, ടിനി ടോം, റിമി ടോമി; ഇവരൊന്നും പോരാഞ്ഞു ജയസൂര്യയും ചിത്രത്തിനൊടുവില്‍ ജീപ്പില്‍ വന്നിറങ്ങുന്നു. ഇത്രയും അഭിനേതാക്കളെ ഉപയോഗിച്ചിട്ടും ആഷികിന് ഇങ്ങിനെയൊരു ചിത്രമേ നല്‍കുവാനായുള്ളൂ എന്നതു ഖേദകരമായി. എന്താണ് ചിത്രം കൊണ്ടു സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് ചിന്തിച്ചാല്‍ പെട്ടൊന്നൊരു ഉത്തരം ലഭിക്കണമെന്നുമില്ല.

കുള്ളന്റെ ഭാര്യ

ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ 'റിയര്‍ വിന്‍ഡോ' എന്ന ചിത്രത്തിലെ നായകനെ അനുസ്മരിപ്പിക്കുന്നു ചിത്രത്തിലെ മുകള്‍ നിലയിലെ ഒരു മുറിയില്‍ വീല്‍ ചെയറിലിരുന്ന് ചുറ്റുപാടും നിരീക്ഷിക്കുന്ന ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം‍. എന്നാല്‍, ഇവിടെ ആ കഥാപാത്രം കാണുന്ന കാഴ്ചകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. അതു പലപ്പോഴും മലയാളി സമൂഹത്തിലെ കപട സദാചാരബോധങ്ങളുടേയും പരകാര്യ തത്പരതയുടേയും ജീര്‍ണചിന്തകളുടേയും ഒക്കെയൊരു പ്രതിഫലനമാണ്. ഈ കാഴ്ചകളെ പരത്തിപ്പറഞ്ഞാണ് ഉണ്ണി ആര്‍. തിരക്കഥ നിറച്ചിരിക്കുന്നത്. കൂടുതല്‍ മികച്ചൊരു പ്രമേയ പരിചരണം തീര്‍ച്ചയായും ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്. കുള്ളന്റെ ഉയര്‍ത്തിപ്പിടിച്ച കുടയ്ക്കു ചുവട്ടിലെ ശൂന്യതയുടെ ആഴം ഒടുവില്‍ അനുഭവപ്പെടുത്തുവാന്‍ സംവിധായകനായി എന്നതു കൊണ്ടു മാത്രം ഈ കുറവുകള്‍ മറന്നും ചിത്രത്തെ സ്നേഹിക്കുവാന്‍ കാണികള്‍ താത്പര്യപ്പെടുമെന്ന് കരുതാം.

ആമി

ജീവിതമെന്നത് ഒരു കടങ്കഥയും ജീവിതത്തിലെ ഓരോ യാത്രയും അവയ്ക്കുത്തരം തേടിയുള്ള യാത്രയുമാണെന്ന തിരിച്ചറിവാണ് അന്‍വര്‍ റഷീദിന്റെ 'ആമി' നല്‍കുന്നത്. ഹാഷിര്‍ മുഹമ്മദിന്റെ രചന. ഇതര ചിത്രങ്ങളില്‍ നായിക പ്രാധാന്യത്തോടെ അവതരിക്കപ്പെടുന്നെങ്കില്‍ ഇവിടെ ആമിയെത്തുന്നത് 'എന്റെ ഖല്‍ബെ'ന്ന നായകന്റെ ഫോണ്‍ബുക്ക് എന്‍ട്രിയായാണ്. ഫഹദ് ഫാസില്‍ തന്റെ പതിവ് ശൈലിയില്‍ ചിത്രത്തിലെ നായകനായ അജ്മലിനെ മികവുറ്റതാക്കുമ്പോള്‍ ഹണി റോസ്, വിനോദ് ജോസ്, വിനായകന്‍ എന്നിവര്‍ തന്താങ്ങളുടെ ചെറുവേഷങ്ങളോടും നീതി പുലര്‍ത്തുന്നു. അമല്‍ നീരദിന്റെ ഛായാഗ്രഹണ മികവും ആമിക്ക് തുണയായി. വിശേഷിച്ചും 'ആയിരം പൂട്ടിന് അരമുറി തേങ്ങ'യുടെ ഉത്തരം മാനത്തു നോക്കിയും 'ഇടയ്ക്കിടെ നീളുകയും ചുരുങ്ങുകയും ചെയ്യുന്ന സാധന'ത്തിന്റെ ഉത്തരം നിലത്തു നോക്കിയും കണ്ടറിയുന്ന അജ്മലിനെ അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മനോഹരമായിരുന്നു. അവസാനഭാഗങ്ങള്‍ തീര്‍ത്തും അപ്രസക്തമായത് 'ആമി'യിലൊരു കുറവായി അവശേഷിക്കുകയും ചെയ്യുന്നു.

'5 സുന്ദരികളി'ല്‍ ചിലതത്രത്തോളം സുന്ദരമല്ലെങ്കിലും, സേതുലക്ഷ്മിയും കുള്ളന്റെ ഭാര്യയും ആമിയുമൊക്കെ മനസില്‍ അവശേഷിക്കുക തന്നെ ചെയ്യും. ഈ മൂന്നു ചിത്രങ്ങളിലെ സുന്ദര നിമിഷങ്ങള്‍ കണ്ടറിയുവാന്‍ മാത്രം ഈ '5സുന്ദരിക'ളെ തിയേറ്ററില്‍ പോയി കാണാം.

ചിന്താകുഴപ്പം: അഞ്ചുപേര്‍ ചേര്‍ന്ന് തങ്ങളുടെ സൗഹൃദമാഘോഷമാക്കുവാന്‍ ഒരു ആന്തോളജി, അതു മനസിലായി. പക്ഷേ, ഇതേതു രീതിയിലാണ് ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷത്തെ രേഖപ്പെടുത്തുന്നത്? ഇതിപ്പോള്‍ ഒരു സിനിമയെടുക്കുന്ന ഏതൊരാള്‍ക്കും പറയാവുന്നതല്ലേയുള്ളൂ തന്റെ ചിത്രം നൂറാം വാര്‍ഷികത്തിന്റെ ആഘോഷമാണെന്ന്?

13 comments :

 1. അഞ്ചു സംവിധായകര്‍ ചേര്‍ന്ന് 'അഞ്ചു സുന്ദരികളു'ടെ കഥ പറയുമ്പോള്‍ ആ സുന്ദരിമാരുടെ വിശേഷവുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. കള്ളന്റെ ഭാര്യ അല്ല കുള്ളന്റെ ഭാര്യ

  ReplyDelete
 3. The story idea of Gauri is from Amal Neerad.

  ReplyDelete
 4. പിശകുകള്‍ തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി. :)
  --

  ReplyDelete
 5. ഇക്കൊല്ലം തന്നെ മറ്റൊരു ആന്തോളജി സിനിമ ഇറങ്ങിയിരുന്നു: http://www.m3db.com/node/30904

  ReplyDelete
 6. Good review Haree...
  @Maveric Kewl
  ക്ഷമിയ്ക്കണം പ്രിയ സുഹൃത്തേ. എന്റെ ബ്ലോഗ്ഗിൽ താങ്കള് എഴുതിയ കമന്റ്‌ വൈകിയാണ് ശ്രദ്ധയിൽ പെട്ടത്. (എന്തോ email alert ശരിയായി വർക്ക്‌ ചെയ്യുന്നില്ല, ഇനി മുതൽ ശ്രദ്ധിച്ചോളാം). താങ്കളുടെ കമന്റ്‌ അവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്. നന്ദി... തുടര്ന്നും എഴുതുക. അടുത്ത episode ഒരു ആഴ്ചയ്ക്കുള്ളിൽ. Keep on hwatching !!!!!!! BTW ഈ സിനിമ കണ്ടില്ലേ?

  ReplyDelete
 7. Expected a lot from Samir Thahir - Isha - Nivin Pauly combination. Anyways good to see that at least 3 stories are above average.

  ReplyDelete
 8. " ഒരു സിനിമയെടുക്കുന്ന ഏതൊരാള്‍ക്കും പറയാവുന്നതല്ലേയുള്ളൂ തന്റെ ചിത്രം നൂറാം വാര്‍ഷികത്തിന്റെ ആഘോഷമാണെന്ന്?"

  - ശരിയാണ്. പക്ഷെ മറ്റാരും അങ്ങനെ പറഞ്ഞില്ലല്ലോ.

  കേരളാകഫെയില്‍ നിന്ന് അന്‍വര്‍ റഷീദ്‌ എന്ന പോലെ ഷൈജു ഖാലിദ് എന്ന സംവിധായകന്റെ കണ്ടെത്തല്‍ വേദിയാകുന്നു അഞ്ചു സുന്ദരികള്‍. . ഇനിയും അദ്ദേഹത്തില്‍ നിന്നും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 9. @Maveric Kewl
  Next episode released. Please read and give your valuable inputs. I am writing it here because I don't have any other option to inform you and also you told you are eagerly waiting :)

  ReplyDelete
 10. ഗൗരി എന്ന സിനിമയിൽ കഥ എങ്ങിനെ അവസാനിപ്പിക്കണം എന്നത് കഥാകൃത്തിനോ സംവിധായകനോ അറിയാതെ പോയി എന്ന് തോന്നി. ഒരു ദുരന്തത്തെ ആദ്യമാദ്യം ഒരു തമാശ മാത്രമായി കാണുകയും സമയം നീങ്ങവേ അത് ആകാംക്ഷയിലേക്കും ഉത്കണ്ഠയിലേക്കും ഡിപ്രഷനിലേക്കും ഒക്കെ മാറുന്ന ഒരു തീം, സത്യത്തിൽ ഏറെ സാധ്യതയുള്ള ഒന്നായി തോന്നി. പക്ഷെ അത് ഒരുക്കിയ രീതി അത്ര നന്നായില്ല എന്നാണ് ആ സിനിമയുടെ പരാജയം.

  ReplyDelete
 11. Haree - on vacation or what - Not seeing any new film reviews.

  ReplyDelete
 12. എന്താണ് ഈ ബ്ലോഗിലെ ചിത്രങ്ങൾ പലതും നെഗറ്റീവ് ആയി കാണുന്നത്? ഉദാഹരണം: http://2.bp.blogspot.com/-iGOdQuQ29mE/UcjuLloyl_I/AAAAAAAAJqM/wzpN7DZFvsE/2013-06-22_5-Sundarikal.png

  ReplyDelete
 13. നെഗറ്റീവായി കാണുക? ഇവിടെ ശരിയായി തന്നെയാണ് കാണുന്നത്. എന്താണ് പ്രശ്നമെന്ന് മനസിലായില്ല.

  അടുത്തിടെയായി എഴുതേണ്ട കാര്യമുള്ള ചിത്രങ്ങളൊന്നും മലയാളത്തില്‍ ഇറങ്ങിയതായി തോന്നുന്നില്ല... അതുകൊണ്ട് ഒന്നും എഴുതിയില്ല എന്നു മാത്രം. :-) Thanks for checking.
  --

  ReplyDelete