ത്രീ ഡോട്ട്സ് (Review: 3 Dots)

Published on: 3/27/2013 09:34:00 AM

ത്രീ ഡോട്ട്സ്: കുത്താന്‍ സുഗീതും കൊള്ളാന്‍ പ്രേക്ഷകരും!

ഹരീ, ചിത്രവിശേഷം

3 Dots: Chithravishesham Rating[3.50/10]
ആദ്യ ചിത്രമായ 'ഓര്‍ഡിനറി'യുടെ 'എക്സ്ട്രാ ഓര്‍ഡിനറി' ഓട്ടത്തിനു ശേഷം സംവിധായകന്‍ സുഗീത് കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് '3 ഡോട്ട്സ്'. 'ഓര്‍ഡിനറി'യിലാണ് തന്റെ രാശി എന്നു കരുതിയാവാം അതേ പേരിലുള്ള ബാനറില്‍ സതീഷിനൊപ്പം നിര്‍മ്മാണത്തിലും സുഗീത് പങ്കാളിയാണ്. കുഞ്ചാക്കോ ബോബനും ബിജു മേനോനുമൊപ്പം മൂന്നാമനായി പ്രതാപ് പോത്തനും എത്തുന്നു. ജനനി അയ്യര്‍, അഞ്ജന മേനോന്‍ എന്നീ നായികമാര്‍ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ മാസ്റ്റര്‍ വിവശ്വനും സിനിമയിലുണ്ട്. കുഞ്ചാക്കോ - ബിജു കൂട്ടുകെട്ട്, രണ്ടു നായികമാര്‍, നല്ലവനെന്ന് മറ്റുള്ളവര്‍ കരുതുന്ന വില്ലന്‍, അണിയറപ്രവര്‍ത്തകര്‍ - ഇങ്ങിനെ ഒന്നാം ചിത്രത്തിലെ ഘടകങ്ങളെല്ലാം ഇവിടെയും സുഗീത് ചേര്‍ത്തുവെയ്ക്കുന്നു. എന്നാലെന്തു ചെയ്യാം, പുതുമയില്ലാത്ത പ്രമേയവും ഒട്ടും ആകര്‍ഷകമായി അനുഭവപ്പെടാത്ത അവതരണവും ചേരുമ്പോള്‍ പ്രേക്ഷകനിട്ടാവുന്നു പേരിലെ മൂന്നു കുത്തുകളും!

ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 4.00 / 10
: 3.50 / 05
: 2.50 / 05
Snippet Review

Seems the 'extra-ordinary' run of his first film 'Ordinary' encouraged Sugeeth to take the audience for granted and the outcome is strictly ordinary!

പല സിനിമകളുടെ അവിടവും ഇവിടവും ചുരണ്ടിയുണ്ടാക്കിയതാണ് ചിത്രത്തിന്റെ കഥയെന്ന്‍ മനസിലാക്കുവാന്‍ അധികം തലപുകയ്ക്കേണ്ട കാര്യമൊന്നുമില്ല. 'റാംജിറാവ് സ്പീക്കിംഗും', 'സരോജ'യുമാണ് പ്രധാനമായി പറയാവുന്ന ചിത്രങ്ങള്‍. ഇതൊക്കെ ചേര്‍ത്തു രാജേഷ് രാഘവന്‍ മെനഞ്ഞ തിരക്കഥയാവട്ടെ ഒരു നനഞ്ഞ പടക്കം പോലെ ഉദ്ദേശിച്ച ഫലമൊന്നും നല്കുന്നുമില്ല. എന്തെങ്കിലും ഒരു താത്പര്യം കാണികള്‍ക്ക് ചിത്രത്തിലുണ്ടാക്കുവാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞില്ല. ആദ്യഭാഗത്ത് വരുന്ന ചുരുക്കം ചില നര്‍മ്മ രംഗങ്ങള്‍ ചിരിപ്പിക്കുന്നുണ്ട് എന്നതു മാത്രമുണ്ട് ഒരു മികവായി പറയാന്‍.

Cast & Crew
3 Dots

Directed by
Sugeeth

Produced by
Satish, Sugeeth

Story / Screenplay, Dialogues by
Sugeeth / Rajesh Raghavan

Starring
Kunchakko Boban, Biju Menon, Pratap Pothen, Narain, Master Vivaswan, Janani Iyer, Anjana Menon, Krishnakumar, Niyas Bakkar, Dharmajan, Vanitha Krishnachandran, Narayanan Kutty etc.

Cinematography (Camera) by
Faisal Ali

Editing by
V. Saajan

Production Design (Art) by
Suresh Kollam

Music by
Vidyasagar

Background Score by
Anil Johnson

Effects by
Murukesh

Lyrics by
Rajeev Nair, V.R. Santhosh

Make-Up by
Ranjith Ambadi

Costumes by
Sakhi

Choreography by
Sujatha

Action (Stunts / Thrills) by
Anbu Arivu

Stills by
Sinat Savier

Designs by
Jayan Narayanan

Banner
Ordinary Films

Release Date
2013 Mar 22

തണ്ടും തടിയുമുള്ള എന്നാല്‍ പഠിപ്പോ വിവരമോ ഇല്ലാത്ത കഥാപാത്രം = ബിജു മേനോന്‍ എന്നാണ് മലയാള സിനിമയിലെ ഇന്നുപയോഗിക്കുന്ന ഒരു സൂത്രവാക്യം. കുറേയൊക്കെ അത് ഈ ചിത്രത്തിലും വിജയിക്കുന്നുണ്ട്. അതിനപ്പുറം ബിജു മേനോന് എന്തെങ്കിലും ഈ ചിത്രത്തില്‍ ചെയ്യുവാനില്ല. തന്റെ സ്ഥിരം 'ചോക്ലേറ്റ്' രൂപ ഭാവാദികളില്‍ കുഞ്ചാക്കോയേയും, അത്ര പ്രധാന്യമൊന്നുമില്ലാത്ത മൂന്നാമനായി പ്രതാപ് പോത്തനേയും ചിത്രത്തില്‍ കണ്ടിരിക്കാം. മാസ്റ്റര്‍ വിവശ്വന്റെ കുട്ടിത്തം കുറച്ചൊക്കെ ചിത്രത്തെ രസകരമാക്കുന്നുണ്ട്. പല നായികമാരുടേയും അഭിനയമൊക്കെ കണക്കാണെങ്കിലും, അവരുടെ ഗാനരംഗങ്ങളിലെ നൃത്തച്ചുവടുകളും ഭാവങ്ങളുമൊക്കെ രസകരമായി തോന്നാറുണ്ട്. ജനനി അയ്യര്‍ക്ക് അഭിനയത്തോടൊപ്പം ഇവയും വഴങ്ങുന്നില്ല. (ഗാനരംഗങ്ങളിലൊന്നും അദ്ദേഹത്തിന്റെ മുഖം ക്ലോസപ്പില്‍ വരാതെ ഒഴിവാക്കുവാന്‍ എഡിറ്ററും സംവിധായകനും മനസുവെച്ചിട്ടുണ്ടെന്നും വ്യക്തം.) രണ്ടാം നായികയായ അഞ്ജന മേനോനാണ് പിന്നേയും ഭേദം. നിയാസ് ബെക്കറും കടവുള്‍ സുരേഷായെത്തിയ അഭിനേതാവും അല്‍പമല്ല കുറച്ചേറെ 'ഓവറാ'ണ് പലപ്പോഴും. കൃഷ്ണകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, നാരായണന്‍കുട്ടി, ധര്‍മ്മജന്‍ എന്നിവരൊക്കെയാണ് ഇതര വേഷങ്ങളില്‍.

ഫൈസല്‍ അലിയുടെ ഛായാഗ്രഹണ മികവില്‍ ചിത്രം കാഴ്ചയ്ക്ക് ചന്തമുള്ളതാവുന്നു. സാജന്റെ ചിത്രസന്നിവേശവും സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും സഖിയുടെ വസ്ത്രാലങ്കാരവുമെല്ലാം ഇതിനു സഹായവുമാണ്. സുജാതയുടെ നൃത്തച്ചുവടുകള്‍ ഗാനങ്ങളെ, വിശേഷിച്ചും "എന്തിനെന്ത്..." എന്ന ഗാനത്തെയും മറ്റും ആകര്‍ഷകമാക്കുന്നുണ്ട്. കാണാന്‍ കൊള്ളാം എന്നതിനപ്പുറം രാജീവ് നായരും വി.ആര്‍. സന്തോഷുമെഴുതി വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ചിത്രത്തിനേറെയൊന്നും ഗുണം ചെയ്യുന്നില്ല. ദൃശ്യങ്ങള്‍ക്കോ ഈണത്തിനോ വിശേഷിച്ചൊരു പുതുമയും അനുഭവപ്പെടാത്ത "കണ്ണില്‍ കണ്ണില്‍ മിന്നും..." എന്ന പ്രണയഗാനമൊക്കെ അത്യാവശ്യം നന്നായിത്തന്നെ കാണികളെ ഇരുത്തി മുഷിപ്പിക്കുന്നുണ്ട്.

'3 ഇഡിയറ്റ്'സും 'ഇഡിയറ്റ്'സുമൊക്കെ വന്നു പോയതിനാലാവാം രണ്ട് I ഒഴിവാക്കി IDIOTS-നെ സുഗീത് DOTS ആക്കിയത്. അങ്ങിനെയാക്കിയപ്പോള്‍ രണ്ടു കാര്യം കൂടിയങ്ങ് ചിത്രത്തില്‍ നിന്നും പോയി - Interest-ഉം Intelligence-ഉം. പല സിനിമകളുടെ കഥ ചുരണ്ടി യുക്തിക്ക് നിരക്കാത്തൊരു കഥയുണ്ടാക്കി സുഗീത് ആദ്യം കുത്തി, പിന്നെയത് കഴിയുന്നത്ര മുഷിപ്പനാക്കി രാജേഷും കുത്തി, ഒടുക്കമത് ഈ മട്ടില്‍ സംവിധാനിച്ച് സുഗീത് തന്നെ മൂന്നാമതും കുത്തി; മൂന്നു കൂത്തും ചേര്‍ത്തു നോക്കുമ്പോള്‍ ഇനിയും ഇമ്മാതിരി കുത്തുകള്‍ തുടരുമെന്നാണോ ധരിക്കേണ്ടത്? ഗവിയും കെ.എസ്.ആര്‍.ടി.സി.-യും ഗവി ബോയുടെ തമാശകളുമൊക്കെ ചേര്‍ന്നപ്പോള്‍ 'ഓര്‍ഡിനറി'ക്ക് ഒരു പുതുമയൊക്കെ തോന്നിയിരുന്നു, അതാണ് 'ത്രീ ഡോട്ട്സി'ല്‍ എത്തിയപ്പോള്‍ സുഗീത് നഷ്ടമാക്കിയത്. അത്തരം നഷ്ടങ്ങള്‍ സഹിച്ച് സുഗീതിനെ എത്രനാള്‍ പ്രേക്ഷകര്‍ സഹിക്കുമെന്ന് കണ്ടറിയണം!

സാരോപദേശം: ചിത്രത്തിലെ കുട്ടി വീട്ടു ജോലിക്ക് നില്‍ക്കുന്നയാളോട് കാട്ടുന്ന മനോഭാവവും അതിന് മുതിര്‍ന്നവര്‍ നല്‍കുന്ന പ്രോത്സാഹനവും - നിത്യവും പല കുടുംബങ്ങളിലും കാണുന്നത് തന്നെ - തികച്ചും അരോചകമാണ്. അയാളുടെ കണ്ണില്‍ കുത്തുമ്പോഴോ അല്ലെങ്കില്‍ അയാളെ ചവിട്ടുമ്പോഴോ ഏതെങ്കിലുമൊരു മുതിര്‍ന്ന കഥാപാത്രം അരുതെന്ന് പറഞ്ഞ് കുട്ടിയെ തിരുത്തിയെങ്കിലെന്ന് വെറുതേ ആശിച്ചു പോയി!

8 comments :

 1. 'ഓര്‍ഡിനറി'ക്കു ശേഷം കുഞ്ചാക്കോ - ബിജു കൂട്ടുകെട്ടില്‍ വീണ്ടുമൊരു സുഗീത് ചിത്രം; 'ത്രീ ഡോട്ട്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഒരുപാട് നല്ല വേഷങ്ങളിലൂടെയും അഭിനയ മുഹുര്തങ്ങളിലൂടെയും മലയാളികളുടെ മനസ്സില് ഇടം നേടിയ പ്രശസ്ത നടി സുകുമാരി മിനിഞ്ഞാന്നു ചെന്നൈയിൽ വെച്ച് നിര്യാതയായി. നികത്താനാവാത്ത നഷ്ടം ഉണ്ടാക്കികൊണ്ട് നമ്മെ വിട്ടു പോയ ആ അഭിനയ പ്രതിഭയ്ക്ക് കേരളത്തിലെ എല്ലാ നല്ല സിനിമ പ്രേമികളുടെയും പേരില് ആദരാഞ്ജലികൾ സമര്പ്പിച്ചു കൊള്ളുന്നു.

  ReplyDelete
 3. ഒരു ചിത്രം ഹിറ്റ്‌ ആയാല്‍ പിന്നെ അതിന്‍റെ ചുവട് പിടിച്ചാ മുന്നോട്ടുള്ള പ്രയാണം ..,അതിനൊരു അടികിട്ടുന്നത് നല്ലതാ. ഹാങ്ങ്‌ ഓവര്‍ മാറും. നല്ല റിവ്യൂ

  ReplyDelete
 4. ഹരി മാര്ക്സ് 100 ഇല ഇടുന്നതാണ് നല്ലതാണു .ഹരിക്ക് കുറേക്കൂടി സ്പേസ് കിട്ടും 10 ഇലെ മാര്ക്സ് ഇടുന്നതിനു പല പരിമിതികള ഉണ്ട്

  ReplyDelete
 5. അദ്ദേഹം എന്ന പദത്തിനു സ്ത്രീലിംഗം ഇല്ല അല്ലെ ലേഖകാ?
  കന്യകയ്ക്ക് പുല്ലിംഗം ഇല്ലാത്ത പോലെ..
  >>>
  ജനനി അയ്യര്‍ക്ക് അഭിനയത്തോടൊപ്പം ഇവയും വഴങ്ങുന്നില്ല. (ഗാനരംഗങ്ങളിലൊന്നും അദ്ദേഹത്തിന്റെ മുഖം ക്ലോസപ്പില്‍ വരാതെ ഒഴിവാക്കുവാന്‍ എഡിറ്ററും സംവിധായകനും മനസുവെച്ചിട്ടുണ്ടെന്നും വ്യക്തം.) >>>>
  സാരോപദേശം നന്നായി. അത് പോലെ പിച്ചക്കാരോടും പല സിനിമികളും കാണിക്കുന്നത് അനീതിയാണ് . ഉദാ: കല്യാണരാമൻ -ഇലെ മുട്ട സീൻ,
  താപ്പനയിലെ പാട്ടിനിടയ്ക്കു മമ്മൂട്ടി പിച്ചക്കാരന്റെ കാലിൽ ചവിട്ടുന്ന സീൻ.

  ReplyDelete
 6. @Haree
  firefox ആണ് ഉപയോഗിയ്ക്കുന്നത്. ഹോം പേജിൽ recent കമന്റ്സ് ലിസ്റ്റ് കാണാൻ കഴിയുന്നില്ല.എന്തെങ്കിലും settings ന്റെ പ്രശ്നം ആണെങ്കിൽ ദയവു ചെയ്തു പറഞ്ഞു തരിക.ഇവിടെ "ഏതോ ഒരു സിനിമയിൽ പ്രത്വിരജിന്റെ അഭിനയം പോര" എന്ന് പറഞ്ഞതിന് ഹരിയെ വിനീത വിധേയാൻ ആക്കി മുദ്ര കുത്താൻ ശ്രമിച്ച ഒരു നപുംസകം പഴയൊരു (ലക്കി സ്റ്റാർ) പേജിൽ മാർച്ച്‌ 30 നു എനിയ്ക്കെതിരെ എഴുതിയ ചില കമന്റ്സ് കാണാതെ/ശ്രദ്ധിയ്ക്കാതെ പോയത് കൊണ്ടാണ് ചോദിയ്ക്കുനത്. എന്തായാലും അവനുള്ള മറുപടി ഇന്ന് കയ്യോടെ കൊടുത്തിട്ടുണ്ട്‌. ഇതാ ലിങ്ക് http://www.chithravishesham.com/2013/03/review-lucky-star.html

  ReplyDelete
 7. Good review - '3 ഇഡിയറ്റ്'സും 'ഇഡിയറ്റ്'സുമൊക്കെ വന്നു പോയതിനാലാവാം രണ്ട് I ഒഴിവാക്കി IDIOTS-നെ സുഗീത് DOTS ആക്കിയത്. അങ്ങിനെയാക്കിയപ്പോള്‍ രണ്ടു കാര്യം കൂടിയങ്ങ് ചിത്രത്തില്‍ നിന്നും പോയി - Interest-ഉം Intelligence-ഉം. Hats off to your eye for detail. Keep up the good work.

  ReplyDelete
 8. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  'അദ്ദേഹം' എന്ന വാക്ക് പുല്ലിംഗമാണ് എന്നാര് പറഞ്ഞു? അത് സ്ത്രീകളെ സൂചിപ്പിക്കുവാനും ഉപയോഗിക്കാം. (പകരം 'അവര്‍' എന്നാണ് പൊതുവേ കാണാറ്. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.)

  Recent Comments വിഡ്ജറ്റ് എല്ലാ ബ്രൌസറുകളിലും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ!
  --

  ReplyDelete