അന്നയും റസൂലും (Review: Annayum Rasoolum)

Published on: 1/05/2013 08:41:00 AM

അന്നയും റസൂലും: മൗത്താണ് മുഹബ്ബത്ത്!

ഹരീ, ചിത്രവിശേഷം

Annayum Rasoolum: Chithravishesham Rating [8.00/10]
'അന്നയും റസൂലും' - പേരു സൂചിപ്പിക്കും പോലെ അന്നയുടേയും റസൂലിന്റെയും പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയം. പക്ഷെ, കേവലമൊരു പ്രണയകഥ എന്ന വിശേഷണത്തില്‍ ഒതുങ്ങുന്നില്ല രാജീവ് രവിയുടെ ആദ്യ സംവിധാന സംരംഭം. സംവിധായകന്റെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനാവും ജി. സേതുനാഥും ഒരുമിച്ച് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. ഡി-കട്ട്സ് ഫിലിം കമ്പനിയുടെ ബാനറില്‍ കെ. മോഹനന്‍, വിനോദ് വിജയന്‍ എന്നിവരോരുമിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഫഹദ് ഫാസില്‍, ആന്‍ഡ്രിയ ജെറെമിയ, സണ്ണി വെയിന്‍ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍. അന്നയിലോ റസൂലിലോ അവരുടെ സുഹൃത്തുക്കളിലോ പ്രതിയോഗികളിലോ ഒക്കെയായി നമ്മെത്തന്നെ കണ്ടെത്തുവാന്‍ നാമോരോരുത്തര്‍ക്കും കഴിഞ്ഞേക്കാം. അന്നയുടേയും റസൂലിന്റെയും പ്രണയവും, ഇവരിരുവരുടേയും ചുറ്റുമുള്ളവരുടേയും നൊമ്പരങ്ങളും വേദനകളുമെല്ലാം, കാഴ്ചക്കാരുടെയും നേരനുഭവമാക്കിയാണ് ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതെന്ന്‍ ചുരുക്കം.

ആകെത്തുക : 8.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 8.50 / 10
: 4.50 / 05
: 4.00 / 05
കാഴ്ചയുടെ കലയാണ് സിനിമ - ഇതടിവരയിടുന്നതാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അന്നയുടേയും റസൂലിന്റേയും പ്രണയമാണ് സിനിമയുടെ പശ്ചാത്തലമെന്നത് നേര് - എന്നാല്‍ 'അന്നയും റസൂലും' അതു മാത്രവുമല്ല. അതില്‍ കൊച്ചിക്കാരുടെ ജീവിതമുണ്ട്, അവരുടെയിടയിലെ പ്രണയങ്ങളും സൗഹൃദങ്ങളും വിരോധവും പകയുമുണ്ട്, നിസ്സഹായതകളുണ്ട്, അതിജീവനങ്ങളുണ്ട്. നായകന്‍ നായിക എന്നിങ്ങനെയുള്ള എടുത്തുകാട്ടലുകള്‍ അപ്രസക്തമാക്കുന്ന തരത്തിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ നിര്‍മ്മിതി. മുങ്ങാംകുഴിയിട്ട് പോയി വെള്ളത്തിനടിയില്‍ ചെന്ന്‍ കണ്ണുതുറന്നാല്‍ ഇഷ്ടപ്പെടുന്നവളെ കാണാമെന്ന് റസൂലിന് പറഞ്ഞു കൊടുക്കുന്ന കഥാപാത്രമായാലും, ഇടയ്ക്കിടെ ചില പൊട്ടിത്തെറി സംസാരങ്ങളുമായി വരുന്ന മോളി കണ്ണമാലിയുടെ കഥാപാത്രമായാലും - എപ്രകാരമാണ് അവയൊക്കെ സിനിമയോട് ചേര്‍ന്ന് പോവുന്നതെന്ന് നോക്കുക! ചുരുക്കം ചില രംഗങ്ങളിലൂടെ, ചില വാചകശകലങ്ങളിലൂടെ അവരെയൊക്കെ വിദഗ്ദ്ധമായി രേഖപ്പെടുത്തുവാനും രചയിതാക്കള്‍ക്ക് കഴിഞ്ഞു.

Cast & Crew
Annayum Rasoolum

Directed by
Rajeev Ravi

Produced by
K. Mohanan, Vinod Vijayan

Story / Screenplay, Dialogues by
Rajeev Ravi / Santhosh Echikkanam, G. Sethunath

Starring
Fahadh Faasil, Andrea Jeremiah, Sunny Wayne, Soubin Shahir, Shine Tom Chacko, Srinda Ashab, Aashiq Abu, P. Balachandran, Ranjith, M.G. Sasi, Joy Mathew etc.

Cinematography (Camera) by
Madhu Neelakantan

Editing by
B. Ajithkumar

Production Design (Art) by
Nagaraj

Sound Design by
Tapas Nayak

Music by
K

Lyrics by
Anwar Ali, Rafeeq Thiruvallur

Make-Up by
Manoj

Costumes by
Sameera Saneesh

Action (Stunts / Thrills) by
Shyam Kaushal

Stills by
Premlal Pattazhi

Designs by
Collins Leophil

Banner
D-Cutz Film Company

Release Date
2013 Jan 04

Snippet Review

The film will make you feel pain of love and life, as experienced by Anna and Rasool in the film. In simple words, a film not to be missed!

രചയിതാക്കള്‍ എഴുതിവെച്ചത് പകര്‍ത്തിവെയ്ക്കുക എന്നതിനപ്പുറം സംവിധായകന്റെ ഇടപെടലുകള്‍ ഏതൊക്കെ രീതിയില്‍ ഒരു സിനിമയില്‍ സാധ്യമാവുമെന്ന് കണ്ടറിയുവാനാവും ഈ ചിത്രത്തില്‍. അന്നയുടെ വിവാഹത്തലേന്ന്, ജയിലിലാവുന്ന റസൂലിന്റെ നിസഹായതയും ഒറ്റപ്പെടലും അനുഭവപ്പെടുത്തുന്ന ജയിലിനുള്ളിലെ ദൃശ്യം, അതിനോട് തൊട്ടുവരുന്ന ജങ്കാറില്‍ നില്‍ക്കുന്ന റസൂലിന്റെ ഇക്കയുടെ ഒരു ഷോട്ട്- ഇങ്ങിനെ ഉദാഹരിക്കുവാന്‍ എത്ര വേണമെങ്കിലുമുണ്ട് രാജീവ് രവിയെന്ന സംവിധായകന്റെ സ്പര്‍ശമറിയുന്ന രംഗങ്ങള്‍. എല്ലാം പറഞ്ഞു തരുവാന്‍ നില്‍ക്കാതെ, ദൃശ്യങ്ങളിലൂടെ സംവേദിക്കുവാനാണ് സംവിധായകന്‍ കൂടുതലും ശ്രമിച്ചിട്ടുള്ളതെന്നതും എടുത്തു പറയേണ്ടതുണ്ട്. പലപ്പോഴും, കാണിക്കാത്തത് പലതും ഊഹിക്കേണ്ടതായും വരും. ചിത്രത്തിന്റെ പോരായ്മകള്‍ ആലോചിച്ചാല്‍; ചിത്രത്തിലാദ്യാവസാനം സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തേക്കൊണ്ട് നടത്തിക്കുന്ന വിവരണങ്ങള്‍ ഇത്രത്തോളം വേണ്ടിയിരുന്നില്ല എന്നു തോന്നി. വിശേഷിച്ചും ചിത്രത്തിന്റെ തുടക്കത്തിലുള്ളത്. ചിലയിടങ്ങളിലെങ്കിലും ചിത്രത്തിനുള്ള ഇഴച്ചിലും, അത് കാരണമായി വന്ന ദൈര്‍ഘ്യവും ചിത്രം നല്‍കുന്ന അനുഭവത്തെ ലയിപ്പിക്കുന്നുണ്ട്. ഇതേ അനുഭവം, അതിന്റേതായ സമഗ്രതയില്‍, രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ മാത്രമെടുത്ത് കാണികള്‍ക്ക് നല്കുവാന്‍ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിരുന്നെങ്കില്‍, മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നായി 'അന്നയും റസൂലും' മാറുമായിരുന്നു.

ഓരോ കഥാപാത്രത്തിനും യോജിച്ച അഭിനേതാക്കളെ നിശ്ചയിക്കുക, അവരില്‍ നിന്നും സിനിമയ്ക്കുതകുന്ന പാടവം പുറത്തെത്തിക്കുക - 'അന്നയും റസൂലും' വിജയിക്കുന്നെങ്കില്‍, അതിന് ഇതുമൊരു പ്രധാന കാരണമാണ്. എത്ര അനായാസമായാണ് ഫഹദ് ഫാസില്‍ റസൂലായി ചിത്രത്തില്‍ മാറിയിരിക്കുന്നതെന്ന് എഴുതി ഫലിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല. ശരീരഭാഷയിലും നോട്ടത്തിലും ഭാവത്തിലും ഭാഷയിലുമൊക്കെ റസൂലായി ആദ്യാവസാനം തികഞ്ഞ പൂര്‍ണതയോടെ ഫഹദ് മാറുന്നുണ്ടെന്ന് മാത്രം പറയുന്നു. ശക്തമായ നായികയെന്നാല്‍ മലയാള സിനിമയില്‍ പലപ്പോഴും ഉച്ചത്തില്‍ സംസാരിക്കുന്ന, ആണുങ്ങളോട് തട്ടിക്കയറുന്ന കഥാപാത്രങ്ങളാണ്. ഇവിടെയാണ് അന്ന വ്യത്യസ്തയാവുന്നത്. അന്നയ്ക്കിത്തില്‍ സംഭാഷണങ്ങള്‍ വളരെ പരിമിതമാണ്, ഉള്ളവ തന്നെ ഏതാണ്ട് രഹസ്യം പറയുന്ന മട്ടിലുമാണ്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ആന്‍ഡ്രിയ ജെറെമിയയിലൂടെ അന്ന വാചാലയാവുന്നത്. ആഖ്യാതാവിന്റെ റോളില്‍ സണ്ണി വെയിന്‍, ഇതര വേഷങ്ങളില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഷ്രിന്ദ അഷാബ് തുടങ്ങിയവരും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നു. റസൂലിന്റെ ഇക്കയായി ആഷിക് അബു, ബാപ്പയായി രഞ്ജിത്ത് തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധ നേടുന്നുണ്ട്.

കാഴ്ചയുടെ കലയായി സിനിമ മാറുമ്പോള്‍, കാഴ്ചയുടെ ഉത്സവം തന്നെ അതിനായൊരുക്കുവാന്‍ മധു നീലകണ്ഠന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. കഥാസന്ദര്‍ഭങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന ഫ്രയിമുകള്‍, ഒഴുക്കോടെയുള്ള ക്യാമറ ചലനങ്ങള്‍, ഇരുളു കൂടി ചേരുന്ന പ്രകാശക്രമീകരണങ്ങള്‍ - ഇങ്ങിനെ പലതുകൊണ്ടും ദൃശ്യപരമായും ചിത്രം മികച്ചു നില്ക്കുന്നു. ബി. അജിത്ത്കുമാറിന്റെ ചിത്രസന്നിവേശമാവട്ടെ ഒഴുക്കൊട്ടും നഷ്ടമാവാതെ പ്രസ്തുത ദൃശ്യങ്ങളെ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. കലാസംവിധാനം, വസ്ത്രാലങ്കാരം, ചമയം എന്നീ മേഖലകളും കഥാപാത്രങ്ങളോടും കഥാസന്ദര്‍ഭങ്ങളോടും ചേര്‍ന്ന് പോവുന്നു. ജീവനുള്ള കഥാപാത്രങ്ങളായി അന്നയും റസൂലും മറ്റുള്ളവരുമൊക്കെ അനുഭവപ്പെടുണെങ്കില്‍, ഈ മേഖലകാളില്‍ പ്രവര്‍ത്തിച്ചവരോടും നാം കടപ്പെട്ടിരിക്കുന്നു. കാണികളുടെ കണ്ണു നനയിക്കുവാനായുള്ള വാചകമടികളോ, കരച്ചിലുകളോ ഒന്നുമില്ല ചിത്രത്തില്‍. പക്ഷേ, സിനിമ വൈകാരികമായി മനസിനെ തൊടുക തന്നെ ചെയ്യും. തത്സമയം പകര്‍ത്തിയ ശബ്ദങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള തപസ് നായിക്കിന്റെ ശബ്ദസംവിധാനത്തിനുമുണ്ട് അതില്‍ വലിയൊരു പങ്ക്. അന്‍വര്‍ അലിയും റഫീഖ് തിരുവള്ളൂരും എഴുതി കെ ഈണമിട്ട ഗാനങ്ങള്‍ പോലും സിനിമയ്ക്കൊരു മൂഡ് നല്കുക എന്നതിനല്ലാതെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല. "സമ്മിലൂനി..." എന്ന ഗാനമെടുക്കുക - വെറുതേ കേള്‍ക്കുമ്പോള്‍ ആ ഗാനം എത്രപേര്‍ക്ക് രുചിക്കുമെന്നറിയില്ല. എന്നാല്‍, റസൂലിന്റെ മനസിന്റെ വിലാപം പ്രേക്ഷകരിലെത്തിക്കുവാന്‍ ആ ഗാനം സിനിമയില്‍ ഉണ്ടാവുക തന്നെ വേണം.

ഡിജിറ്റല്‍ ചിത്രീകരണം ഉപയോഗിച്ചതിനാല്‍ പലയിടത്തും വളരെ പ്രകടമായി വന്ന നോയിസും, പൈറസി തടയുവാനായി ചേര്‍ത്തിട്ടുള്ള അങ്ങിങ്ങ് തെളിയുന്ന അടയാളക്കറയും കാഴ്ചയ്ക്ക് അരോചകമായിരുന്നു. ഈ രീതിയില്‍ അടയാളക്കറ സിനിമയുടെ ആദ്യാവസാനം, അലോസരപ്പെടുത്തും വിധം, പലപ്പോഴും ഫ്രയിമിന്റെ സുഖം തന്നെ കളയും വിധം, ചേര്‍ക്കുന്നതിനോട് കടുത്ത എതിര്‍പ്പുണ്ട്. നേരിട്ടുള്ള കാഴ്ചയില്‍ അദൃശ്യമാവുകയും ക്യാമറ ഉപയോഗിച്ച് വീണ്ടും പകര്‍ത്തുമ്പോള്‍ മാത്രം കാണുകയും ചെയ്യുന്ന തരത്തിലുള്ള അടയാളക്കറ ഉപയോഗപ്പെടുത്തുകയാവും അഭികാമ്യം.

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ചലച്ചിത്ര സംരംഭങ്ങളിലൂടെ ശ്രദ്ധ നേടിയ ഛായാഗ്രാഹകനാണ് രാജീവ് രവി. അവയില്‍ അനുരാഗ് കാശ്യപിന്റെ 'ദേവ് ഡി' മുതലുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നു. അത്തരം ചിത്രങ്ങള്‍ നല്‍കിയ സിനിമാപരിചയമാവാം അന്നയുടേയും റസൂലിന്റെയും കഥ ഈ രീതിയില്‍ മലയാളത്തില്‍ പറയുവാന്‍ രാജീവ് രവിക്ക് ധൈര്യവും പ്രചോദനവുമായത്. മലയാളസിനിമയില്‍, വിശേഷിച്ചും വാണിജ്യസിനിമയില്‍, തീരെ ഉപയോഗിച്ചിട്ടില്ലാത്ത കഥാഘടനയും പരിചരണവും ആദ്യ കാഴ്ചകളില്‍ ചില ആസ്വാദകരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം. ആ അലോസരപ്പെടുത്തലാണ് സത്യത്തില്‍ ഈ സിനിമയുടെ വിജയം. വാണിജ്യസിനിമയുടെ രീതികള്‍ക്കുള്ളില്‍ കലാമൂല്യമുള്ള സിനിമകളും സാധ്യമാണ് എന്നതിനൊരു തെളിവായാണ് ഈ ചിത്രത്തെ ലേഖകന്‍ കാണുന്നത്. സിനിമകളെ ഇഷ്ടപ്പെടുന്നവരേവരും ഈ പുതുവര്‍ഷത്തിലെ ആദ്യ സിനിമാക്കാഴ്ച അന്നയ്ക്കും റസൂലിനുമൊപ്പമാക്കുക.അങ്ങിനെയെങ്കില്‍ അതൊരുപക്ഷെ, മലയാളത്തില്‍ കൂടുതല്‍ കാഴ്ചയ്ക്കുതകുന്ന സിനിമകള്‍ ഉണ്ടാകുവാന്‍ തന്നെ നിമിത്തമായേക്കാം. ആ ഒരു പ്രതീക്ഷയുടെ സുഖകരമായ പുതപ്പിലേക്കാണ് 'സമ്മിലൂനി...' എന്ന ഇശല്‍ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്.

സങ്കടം: പറയുന്നതില്‍ ഖേദമുണ്ട്; പക്ഷെ സിനിമകള്‍ കാണുവാന്‍ മലയാളികള്‍ പക്വത നേടേണ്ടിയിരിക്കുന്നു എന്നതൊരു നഗ്നസത്യം മാത്രം! പലഭാഗങ്ങളിലും ഉയര്‍ന്ന കൂവലും, കമന്റുകളും (ചിലപ്പോള്‍ കൈയ്യടികള്‍ പോലും) പടത്തിന്റെ 'മൂഡ്' തന്നെ നഷ്ടപ്പെടുത്തി! :-(

42 comments :

 1. രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന, ഫഹാദും ആന്‍ഡ്രിയയും ഒരുമിക്കുന്ന 'അന്നയും റസൂലും' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #AnnayumRasoolum: The film will make you feel the pain of love and life. Not to be missed. #Chithravishesham
  10:00 PM - 4 Jan 13
  --

  ReplyDelete
 2. nalla review ..agree with you.fahad's career best performance.but the film was bit too lengthy failed to engage viewers inbetween,especially after the first half.

  ReplyDelete
 3. അപ്പോള്‍ പാട്ടുകള്‍ ഒന്നുംതന്നെ സിനിമയില്‍ ഉപയോഗിച്ചില്ലേ...നല്ല പാട്ടുകള്‍ ആണല്ലോ..Zammaluni എനിക്ക് ഇഷ്ട്ടപെട്ട ഒരുപട്ടാണ്

  ReplyDelete
 4. A very good review Haree.

  An exceptional effort from Rajeev Ravi, Santhosh and team.

  ReplyDelete
 5. ഭാഗ്യം, അടുത്താഴ്ച നാട്ടില്‍ വരുന്നതുകൊണ്ട് ഒരു നല്ല സിനിമ കാണാം. നന്ദി ഹരീ.

  ReplyDelete
 6. ഇതില്‍ ഏത് ആണ് ശരി

  http://malayalam.oneindia.in/movies/review/2013/annayum-rasoolum-drags-review-1-106848.html

  ReplyDelete
 7. ബാലരാമക്കഥകളിലെന്ന പോലെ 'ഒരിടത്ത് അന്ന എന്ന പേരുള്ള ഒരു കൃസ്ത്യാനി പെണ്കുട്ടി ഉണ്ടായിരുന്നു. അവള്‍ സുന്ദരിയായിരുന്നു...' എന്ന മട്ടിലാവണം സിനിമ എന്നു കരുതുന്നവരെ ചിത്രം തൃപ്തിപ്പെടുത്തണമെന്നില്ല. അങ്ങിനെയുള്ളവര്‍ സിനിമ കണ്ടാല്‍ ഏതാണ്ട് വണ്‍ ഇന്ത്യയിലെ റിവ്യൂവര്‍ കണ്ട പോലെയുമിരിക്കും! :-) (അങ്ങിനെയൊരു സ്റ്റോറിലൈന്‍ അവിടെ വായിക്കുകയും ചെയ്തു. അങ്ങിനെയൊരു കഥ മാത്രവും സിനിമയില്‍ കണ്ടവര്‍ ഉണ്ടെന്ന് മനസിലാക്കുവാനായി.)

  ഏത് ശരിയെന്ന്‍ കണ്ടു തന്നെ തീരുമാനിക്കൂ... ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 8. സംഭവമൊക്കെ നല്ലത് തന്നെ.. പക്ഷെ നീട്ടി നീട്ടി ചിത്രം ആകെ ബോറായി മാറി എന്നാണ് പൊതുവെയുള്ള അഭിപ്രായം... വേഗതയുടെ കാലത്ത് കയ്യില്‍ കിട്ടിയ കഥയെ ഒതുക്കത്തില്‍ പറയാന്‍ സാധിക്കാത്തത് സംവിധായകന്റെ പോരായ്മയല്ലേ.... എത്ര നല്ല സംഭവമായാലും ആവശ്യമില്ലാതെ നീളം കൂടിപ്പോയാല്‍ അത് ആസ്വദിക്കാന്‍ സാധിക്കുമോ... അത്രയ്ക്ക് നീട്ടിപ്പറയാന്‍ മാത്രമുള്ള കഥയൊന്നും ഈ ചിത്രത്തില്‍ ഉണ്ടെന്നും തോന്നിയില്ല... ഒരു രണ്ടര മണിക്കൂറില്‍ ഈ കഥ അവതരിപ്പിച്ചിരുന്നെങ്കില്‍ നന്നാവുമായിരുന്നു... ഇത് പക്ഷെ അസഹനീയമായിപ്പോയി....... ക്യാമറ, അഭിനയം, സംഭാഷണങ്ങള്‍, പ്രമേയത്തിന്റെ കരുത്ത് ഇതൊന്നും മറന്നുകൊണ്ടല്ല ഈ പറയുന്നത്....
  രാജീവ് രവി തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ഒന്ന് കാണുന്നത് നന്നായിരിക്കും.. അത് അടുത്ത ചിത്രത്തിന് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും...

  ReplyDelete
 9. റഫീക്ക് തിരുവള്ളൂർ ആണ്, തിരുവല്ലൂരല്ല.
  കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ഒരു പഞ്ചായത്ത്.

  ReplyDelete
 10. തട്ടത്തിന്‍ മറയത്തു- ആണ് നാട്ടുകാര്‍ക്ക് വേണ്ടത്‌...., മെലോഡ്രാമ.
  പക്ഷെ, അന്നയില്‍ ജിവിതമുണ്ട്, അതിന്‍റെ താളമുണ്ട്..... പ്രണയമുണ്ട്, അതിന്‍റെ ഗന്ധമുണ്ട്... എത്ര മനോഹരമായാണ് കഥാപാത്രങ്ങള്‍ അതില്‍ ജീവിക്കുന്നത്‌!!... .ആവശ്യമില്ലാതെ ഒരല്‍പം പോലും നീളം കൂടിയിട്ടില്ല... ഒരുപാടു ജിവിതങ്ങള്‍ക്കിടയിലാണ് ഒരു പ്രണയം പറയുന്നത്... എവിടെയാണ് കട്ട്‌ ചെയ്തു മാറ്റുക? തട്ടത്തിന്‍ മറയത്തില്‍ തൊലിപുറത്ത് പുരട്ടിയ പ്രണയം ഒട്ടും ഹൃദയത്തിലേക്ക് ഇറങ്ങുന്നില്ല... ഇവിടെ അന്നയുടെ , റസൂലിന്‍റെ പ്രണയം സംഭാഷണങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകളായി മാറുന്നു.....

  ReplyDelete
 11. നല്ല റിവ്യൂ ഹരീ... ബാംഗ്ലൂരില്‍ ഇറങ്ങിയാല്‍ കാണണം...

  ReplyDelete
 12. കണ്ടാല്‍ മനുഷ്യന് nervous break down വരുത്തുന്ന ഈ ആഭാസം, സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് കെട്ടിയിറക്കിയ നീലക്കൊടുവേലി ആണന്ന മട്ടില്‍ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ലജ്ജയില്ലേ എന്ന് ഞാന്‍ ഹരിയോട് ചോദിച്ചു പോവുകയാണ് . ഫഹദ് ഫാസില്‍ , സണ്ണി വെയിന്‍ എന്നീ മിടുമിടുക്കന്മാരെ കയ്യില്‍ കിട്ടിയിട്ടും കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ waste ആക്കിക്കളഞ്ഞ സംവിധായകന്റെയും കഥാകൃത്തുക്കളുടെയും ബൌദ്ധിക ഷണ്ഡത്വം അല്ല ഹരി കണ്ടത് എന്നത് എന്നില്‍ അത്ഭുതം ജനിപ്പിക്കുന്നു .തട്ടതിന്‍ മറയത്ത് പൈങ്കിളി ആണങ്കില്‍ ഈ കോപ്പിലെ ഞരമ്പ് രോഗത്തിന് എന്ത് പറയും ? കന്നി മാസത്തില്‍ ചില ജീവികള്‍ മണപ്പിച്ചു നടക്കുന്നത് പോലെ നായികയുടെ പുറകെ ഒരു മടുപ്പും ഇല്ലാതെ കാലത്തും വൈകിട്ടും ഒരനുഷ്ടാന കല എന്ന പോലെ നായകന്‍ നടന്നോട്ടെ , ഒരു പരാതിയും ഇല്ല .പക്ഷെ ആ ട്രിപ്പുകള്‍ മുഴുവന്‍ കാണികളെ കാണിച്ചേ അടങ്ങൂ എന്ന് വാശി പിടിച്ചതെന്തേ സംവിധായകലൂ ?കയ്യില്‍ കാര്യമായിട്ട് ഒന്നും ഇല്ല അല്ലിയോ? അവസാനം കന്യാസ്ത്രിയെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടു വരുന്ന പോലുള്ള മനോഹര കാഴ്ചയും (ഇരു വശത്തും രണ്ടു കോണ്‍സറ്റബിള്‍ കന്യാസ്ത്രികളുടെ അകമ്പടി സഹിതം ) .സഹോദരാ സംവിധായകാ , കഥാകൃത്ത് എച്ചിക്കാനമേ കേട്ടാലും - സംവിധാനം , തിരക്കഥാരചന തുടങ്ങി മൂളയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള ജോലി തന്നെ വേണം എന്ന് കുട്ടികളെ പോലെ നിര്‍ബന്ധം പിടിക്കരുത്.നമ്മുടെ നാട്ടില്‍ പണിക്കൊരു കുറവും ഇല്ല. സിനിമാ ഫീല്‍ഡില്‍ ഇരുന്നു ഈ വക വൈകൃതങ്ങള്‍ പടച്ചു വിടുന്നതിനേക്കാള്‍ എത്ര നല്ലതാണ് വാര്‍ക്കപ്പണി , ഓട മാന്തല്‍ മുതലായ മേഖലകളില്‍ നിങ്ങളുടെ സര്‍ഗ്ഗ ശേഷി പ്രകടിപ്പിക്കുന്നത്.

  ReplyDelete
 13. Awesome review by The HIndu and Sify and many more: http://www.thehindu.com/todays-paper/tp-national/tp-kerala/no-dancing-dupattas-just-eyes-that-speak/article4278849.ece

  പച്ചയായ ഒരു പ്രണയാവിഷ്കാരം - അതാണ്‌ അന്നയും റസൂലും . തട്ടതിന്‍ മറയത്ത് പോലെയുള്ള പൈങ്കിളികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രം ദഹിക്കണമെന്നില്ല. ദിവസങ്ങള്‍ കഴിയുന്തോറും ആളുകള്‍ ഈ ചിത്രത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടു വരുന്നു. അതാണ്‌ ഒരു നല്ല ചിത്രത്തിന്റെ കഴിവ്.

  ReplyDelete
 14. നല്ല റിവ്യൂ ഹരീ... ബാംഗ്ലൂരില്‍ ഇറങ്ങിയാല്‍ കാണണം...

  ഹി ഹി ഹി... കക്ഷി പടം കണ്ടില്ലെങ്കിലും റിവ്യു നല്ല റിവ്യൂ ഹരീ

  ReplyDelete
 15. ഇതില്‍ ഒരു പച്ച പ്രണയാവിഷ്കാരവും ഇല്ല.അണ്ണാന്‍ മാങ്ങാപ്പഴം ഉറിഞ്ചുന്നത് പോലെ നായകന്‍ നായികയുടെ ചുണ്ട് കടിചൂമ്പുന്നത് ഒരു പുതുമ ആയി വേണമെങ്കില്‍ പറയാം.( സാധാരണ മലയാളം സിനിമകളില്‍ ഇല്ലാത്തതും അത് കൊണ്ട് തന്നെ മുന്‍നിരയില്‍ നിന്ന് സീല്‍ക്കാരങ്ങളും ഓട കമന്‍റുകളും ഇഷ്ടം പോലെ കിട്ടുന്നതും കേള്‍ക്കാന്‍ ആയി)

  ReplyDelete
 16. ചിലർക്ക് മായാമോഹിനികളാണ് പഥ്യം. പറഞ്ഞിട്ട് കാര്യമില്ല.

  ReplyDelete
 17. പ്രണയവും ജീവിതവും ഫീല്‍ ചെയ്യിക്കുക സിനിമയില്‍ വളരെ ദുര്‍ഘടമാണ് . അത് സാധിച്ചതാണ് ഈ സിനിമയുടെ വിജയം.

  ReplyDelete
 18. Well said Hari. I agree to your points . I and my friends loved the movie very much. Really a great movie by Rajeev Ravi and mind blowing performance by Fahad. It's one of the rare movies which honestly portrays the heart of the common people of Kochi. It may not be digestive to those people who still figure On-screen Romance as Bollywood pulp. The movie is a bit long, but I felt like it was necessary considering the nature/treatment of the movie, and keeps the audience hold on to the atmosphere of the story.

  After all it's a treat to watch and I recommend it to everyone who loves good and serious cinema.

  ReplyDelete
 19. പടത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്ന് കേള്‍ക്കുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ നല്ല അഭിപ്രായം പറയുന്നതും അതുകൊണ്ട് കൂടിയാവാം.

  ReplyDelete
 20. നന്നായിട്ടുണ്ട് റിവ്യൂ.
  മനോഹരമായ ചിത്രം. സിനിമ അനുഭവിപ്പിക്കുന്നു.


  (രാജീവ് രവി തട്ടത്തിൻ മറയത്ത് കാണണമെന്നും അതിൽ നിന്ന് ഒരുപാട് പഠിക്കണമെന്നും മുൻപാരോ പറഞ്ഞ കമന്റ് കണ്ടല്ലോ!! ‘നെല്ലിക്കാത്തളം’ ഇപ്പോഴും ചികിത്സാ വിധിയായി എവിടെയെങ്കിലും ഉണ്ടോന്നറിയില്ല. ഉണ്ടെങ്കിൽ കമന്റിട്ട വ്യക്തി അതൊന്ന് പരീക്ഷികുക്ന്നത് നന്നായിരിക്കും) ;)

  ReplyDelete
 21. തട്ടത്തിന്‍ മറയത്തിനും (നല്ല സ്വയമ്പന്‍/അഴകൊഴമ്പന്‍ പൈങ്കിളി) സെയിം റേറ്റിംഗ് ആയിരുന്ന സ്ഥിതിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ലാതെയേ ഇതും (എപ്പോഴെങ്കിലും) കാണുകയുള്ളു. ബൈ ദ ബൈ ഉസ്താദ് ഹോട്ട്ല്‍ ഇഷ്ടപെട്ടായിരുന്നു കേട്ടോ..ദുല്‍ക്കര്‍ അവനോടു തന്നെ റിലേറ്റീവായി മെച്ചപെട്ടു എന്നു‌ം സമ്മതിക്കുന്നു :-)

  ReplyDelete
 22. good feeling movie. but story is unbelievable in last part.
  oru tragedy film aakkenamaayirunno... oru good ending mathiyaayirunnu.
  sound live record cheythuthanneyaanu hollywoodil pala padangalum irakkunnathu. ithil dialogue polum palappozhum kelkkaan pattunnilla.
  lighting is excellent (especially in night shots).
  enikkoru samshayam ella pennungalum ingane aano?

  ReplyDelete
 23. ദൈവമേ... One India റിവ്യൂ വായിച്ചു പടം കാണുന്നവര്‍ ഒക്കെ ഉണ്ടോ കേരളത്തില്‍??

  ReplyDelete
 24. ഫഹദ് ഫാസില്‍ എന്നാ കഴിവുള്ള ചെറുപ്പക്കാരന് "ബെര്‍മുഡ"യില്‍ നിന്നും "ന്യൂ ജനറേഷന്‍" കൊപ്രായങ്ങളില്‍ നിന്നും "അവിഹിത" ബന്ധങ്ങളില്‍ നിന്നും ഒക്കെ ഒരു മോചനം ലഭിയ്ക്കുന്ന കാലത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്. ഈ സിനിമ അതിനൊരു തുടക്കമാണോ എന്ന് എനിയ്ക്കറിയില്ല. നേരെ മറിച്ചു ഇതും ഒരു ന്യൂ ജനറേഷന്‍ ആണെങ്കില്‍ ഞാന്‍ വിട്ടു.

  ReplyDelete
 25. തട്ടതിന്‍ മറയത് കുറെയൊക്കെ പൈങ്കിളി തന്നെയാണ്. അത് എനിയ്ക്കും തോന്നി. പക്ഷെ ഒരു കാര്യം അതിനേക്കാള്‍ ഒന്നാം തരം പൈങ്കിളി ആയ "നന്ദനം" എന്നാ സിനിമ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും over rated movies ന്റെ ലിസ്റ്റില്‍ പെടും. രഞ്ജിത്ത് എന്നാ പേര് ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു അത് ആരും തുറന്നു പറയുന്നില്ല മാത്രമല്ല അത് ഇപ്പോഴും ക്ലാസ്സിക്‌ എന്ന് വാഴ്ത്തപ്പെട്ടു കൊണ്ടിരിയ്ക്കുന്നു.

  ReplyDelete
 26. നന്നായി ഹരീ.

  അപ്പോള് 2013 ലെ ആദ്യ ഹിറ്റ് ഒരു പക്ഷേ ഈ ചിത്രമകണം അല്ലേ?

  ReplyDelete
 27. 'തട്ടത്തിന്‍ മറയത്തി'ന്റെ പൈങ്കിളിത്തത്തെ സംബന്ധിച്ചൊക്കെ ആ സിനിമയുടെ പേജില്‍ തന്നെ കുറേ ചര്‍ച്ച നടന്നതാണ്. പ്രസ്തുത ചിത്രം മോശമാണ് എന്നു കരുതുന്നില്ല, എന്നാലതുകൊണ്ട് ഈ സിനിമ അത് പോലെ വേണമെന്ന്‍ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല താനും. അതിന്റേതായ നിലയ്ക്ക് അതും ഇതിന്റേതായ നിലയ്ക്ക് ഇതും എനിക്കിഷ്ടമാണ്. ഒന്നിനെച്ചൊല്ലി മറ്റൊന്നിനെ നല്ലതാക്കുകയോ മോശമാക്കുകയോ ചെയ്യേണ്ടതുണ്ട് എന്നു തോന്നലില്ല.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
  --

  ReplyDelete
 28. @Haree
  താങ്കളുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് തന്നെ പറയുകയാണ്‌. ന്യൂ ജനറേഷന്‍ സിനിമകളുടെ കാര്യത്തില്‍ അങ്ങ് ഒരുപാട് ലിബറല്‍ ആവുന്നു എന്ന് പറയാതെ വയ്യ. എന്തെന്നറിയില്ല ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് മിനിമം 70% എന്നാ ഒരു രീതിയിലാണ് താങ്കള്‍ മാര്‍ക്ക്‌ ഇടുന്നത്.

  ReplyDelete
 29. Heard that no make up was used in this movie. And some scenes were shot with hidden cams in the real crowd. The actors spent time to be the part of the local public and they were allowed to behave as characters.
  Though this movie may lack the conventional entertainment modules of Indian movies, this is the most realistic love story ever made in Indian Cinema.

  Doesn't matter whether its new generation or Old Gen, we need these kinds of quality movies.
  After a long time a good movie worth watching more than once ( especially if you are/were a lover)

  ReplyDelete
 30. **pls read my previous comment as 'this is one of the most realistic love stories ever made in Indian Cinema.'
  (I was unable to edit the comment once its posted.)

  ReplyDelete
 31. മാറുന്ന കാലത്തിന്റെ സിനിമയാണ് അന്നയും റസൂലും.. പരമ്പരാഗതമായ മലയാള സിനിമാ വ്യാകരണങ്ങളെ ഈ സിനിമ അപ്പാടെ പൊളിച്ചെഴുതുന്നു. അഭിനയത്തിലും അവതരണത്തിലും സ്വഭാവികത നിറഞ്ഞു നില്‍ക്കുന്ന ഈ ചിത്രം മലയാള ചലച്ചിത്രകാരന്‍മാര്‍ക്ക് പുതിയ ഒരു പാഠപുസ്തകം കൂടിയാണ്. വിദേശഭാഷാ സിനിമകളില്‍ കണ്ട സ്വാഭാവികതയുടെ താളം മലയാളത്തില്‍ വരുന്നതിന്റെ കാഴ്ച ഈ ചിത്രം സമ്മാനിക്കുന്നു. മധു നീലകണ്ഠന്റെ ക്യാമറാകാഴ്ചകളും കാതിനിമ്പമാര്‍ന്ന് വന്ന് പോകുന്ന ഈരടികളും വല്ലാത്തൊരു അനുഭൂതിയാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ഫഹദ്, ആന്‍ഡ്രിയ, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ആഷിഖ് അബു, ജോയ് മാത്യു തുടങ്ങിയ പേരറിയുന്നതും അറിയാത്തതുമായ ഒരുപാട് മുഖങ്ങള്‍ അഭിനയത്തിന്റെ സ്വാഭാവിക താളം പങ്കുവെയ്ക്കുന്നു. നിശ്ബ്ദതയുടെ സൗന്ദര്യവും പ്രണയത്തിന്റെ ആഴവും സിനിമ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു... അങ്ങനെ അന്നയും റസൂലും മലയാളത്തിലെ വെറിട്ട കാഴ്ചയാവുകയും ചെയ്യുന്നു......
  എങ്ങനെ സിനിമയെടുക്കണമെന്ന് അന്നയും റസൂലും പഠിപ്പിക്കുമ്പോള്‍ എങ്ങിനെ സിനിമ എടുക്കരുതെന്നും ഈ ചിത്രം പഠിപ്പിച്ചു തരുന്നു.....
  മികച്ച ആദ്യ പകുതിയ്ക്ക് ശേഷം ചിത്രത്തിന്റെ നിലവാരം താഴേക്ക് വരുന്നു... ക്ലൈമാക്‌സിലെത്തുമ്പോള്‍ അത് സേതു എന്ന തമിഴ് ചിത്രത്തിന്റെ ക്ലൈമാക്‌സാവുന്നു.. പക്ഷെ ഇതൊന്നുമല്ല അന്നയും റസൂലും എന്ന ചിത്രത്തെ തകര്‍ക്കുന്നത്...
  ്അന്നയുടെയും റസൂലിന്റെയും പ്രണയം പറഞ്ഞു തീര്‍ക്കാന്‍ എത്ര സമയം വേണമെന്ന് മനസ്സിലാക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും അണിയറ പ്രവര്‍ത്തകരും പരാജയപ്പെട്ടു എന്നതാണ് സത്യം. നീളം കൂടിയപ്പോള്‍ ആളുകള്‍ തിയേറ്ററില്‍ പലപ്പോഴും കൂവി... ഈ കൂവല്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം അല്‍പ്പം കുറച്ച് അവതരിപ്പിക്കാമായിരുന്നു.. പക്ഷെ അതുണ്ടായില്ല.. തിയേറ്ററിലെ പ്രതികരണങ്ങള്‍ തിരിച്ചറിഞ്ഞ് ചിത്രത്തില്‍ കത്രിക കയറ്റേണ്ട അവസ്ഥ അണിയറ പ്രവര്‍ത്തകര്‍ക്കു വന്നു. പക്ഷെ പ്രേക്ഷകനോടുള്ള വല്ലാത്തൊരു ക്രൂരതയായി അത് മാറി.. ചിത്രം പലയിടത്തും മുറിഞ്ഞു പോകുന്നു. അതോടെ ചിത്രത്തിന് തുടര്‍ച്ച നഷ്ടപ്പെടുന്നു.. അങ്ങനെ ആളുകള്‍ വീണ്ടും കൂവാന്‍ തുടങ്ങുന്നു.. നല്ലൊരു ചിത്രത്തിന് കത്രിക പ്രയോഗത്തിലൂടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വരിക എന്നത് വല്ലാത്ത ദുഖകരമാണ്....
  അന്നയും റസൂലും എന്ന ചിത്രത്തിന്റെ അവതരണത്തില്‍ എല്ലായിടത്തും പുതുമകള്‍ കൊണ്ടുവന്ന എന്ന സംവിധായകന് ഇക്കാര്യത്തില്‍ വന്ന പിഴവ് നല്ലൊരു ചിത്രത്തിന്റെ സൗന്ദര്യം നഷ്ടമാവുന്നതിലേക്ക് വഴിതെളിച്ചു.....
  അങ്ങനെ അന്നയും റസൂലും ചില കാര്യങ്ങള്‍ പറഞ്ഞു തരുന്നു.. എങ്ങിനെ സിനിമ എടുക്കണം എന്നും എങ്ങിനെ എടുക്കരുതെന്നും.....

  ReplyDelete
 32. @nomad
  അഭിവാദ്യങ്ങള്‍ ചേട്ടാ...അഭിവാദ്യങ്ങള്‍....ആയിരം ആയിരം അഭിവാദ്യങ്ങള്‍...തല്ലിപ്പൊളി സിനിമയെ വാഴ്ത്തിപ്പാടാന്‍ ഇറങ്ങിയിരിയ്ക്കുകയാണ് കുറെ വിവരം കേട്ടവന്മാര്‍.
  ഇറങ്ങിയിരിയ്ക്കുന്നു കുറെസംവിധായകരും കഥാകൃത്തുക്കളും പിന്നെ ആടിന്റെ മുഖമുള്ള കുറെ ഇളിയന്‍ നായകന്മാരും....ഫൂ....ഒരു ഫഹദ് ഫാസില്‍...ഇവനൊക്കെ സിനിമയില്‍ വന്നത് ഇവന്റെ അപ്പന്റെ മുകളിലുള്ള പിടിപാട് കൊണ്ടാണ് എന്നത് ഇത്രയും കാലത്തെ അഭിനയം കൊണ്ട് തെളിയിച്ചതാണ്. ഒരു അളിഞ്ഞ ഭാവം അല്ലാതെ എന്തൂട്ട് അഭിനയ ശേഷിയാണ് ഉള്ളത് ഇവന്??ഇവന്റെ അതേ കാലത്ത് അരങ്ങില്‍ വന്ന പ്രിത്വിരാജിനെ പോലെ ഉള്ള മിടുക്കന്മാര്‍ അരങ്ങു തകര്‍ക്കുന്നു. എന്നിട്ട് ഇവന്‍ എന്ത് നേടി? അകം, ചാപ്പ കുരിശു, 22 ഫെമലെ എന്നിവയിലെ കാല്‍ക്കാശിനു കൊള്ളാത്ത വൃത്തികെട്ട അഭിനയം. ഇവന്റെ അതെ നുകത്തില്‍ കെട്ടാം നമ്മുടെ വല്യ തമ്പ്രാന്റെ പൊന്നുംകുട്ടി ആയ ദുല്‍ഹാര്‍ കുഞ്ഞപ്പനെയും. ഈ കാല്‍ കാശിനു കൊള്ളാത്ത അവന്മാരൊക്കെ എന്ന് അഭിനയം നിര്‍ത്തുന്നോ അന്ന് രക്ഷപ്പെടും മലയാള സിനിമ. മലയാള സിനിമയില്‍ നാളെയുടെ ഒരു താരം അല്ലെങ്കില്‍ ഒരു നല്ല യുവനടന്‍ ഉണ്ടെങ്കില്‍ അത് പ്രിത്വിരാജ് മാത്രമാണ്. അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ മറ്റു യുവനടന്മാരെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞത് ഇവന്മാരുടെ ഏതെങ്കിലും ഒരുത്തന്റെ കാതില്‍ പോയെങ്കില്‍ അവനൊക്കെ എന്നെ നന്നായേനെ. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചത് "അയാളും ഞാനും തമ്മില്‍" എന്നാ ചിത്രത്തില്‍ പ്രിത്വിരാജ് ആണ്. അതിനു ഒരു വോട്റെടുപ്പിന്റെയും ആവശ്യമില്ല.

  ReplyDelete
 33. @ഉണ്ണിക്കണ്ണന്‍ : താങ്കളുടെ കമന്റില്‍ നിന്നും താങ്കളൊരു പ്രിത്വിരാജ് വിരോധിയാണെന്നു വ്യക്തമാണ്. " ഒരു ചിത്രത്തെ പറ്റിയുള്ള ആരോഗ്യകരമായ ചര്‍ച്ച നടക്കുകയാണ് . നമുക്ക് പ്രിത്വിരാജിനെ ഇവിടെ വെറുതെ വിടുന്നതല്ലേ നല്ലത് ?

  ഫഹദിന്റെ കഴിവ് എല്ലാവരും അംഗീകരിച്ചതാണ്. അതിലും കഴിവുള്ള ഒരു നടനാണ്‌ താനെന്നു പ്രിത്വിരാജുപോലും പറയില്ല.

  ReplyDelete
 34. @Satheesh Haripad
  //ഫഹദിന്റെ കഴിവ് എല്ലാവരും അംഗീകരിച്ചതാണ്. അതിലും കഴിവുള്ള ഒരു നടനാണ്‌ താനെന്നു പ്രിത്വിരാജുപോലും പറയില്ല.//
  ഹി...ഹി...ഹി...പ്രിത്വിയ്ക്ക് അത്ര വകതിരിവ് ഉണ്ടെന്നു പെറ്റ തള്ള പോലും പറയൂല മാഷെ...
  @ഉണ്ണിക്കണ്ണന്‍
  ആഹാ...എത്ര മനോഹരമായ കമന്റ്‌!!!!!!!

  ReplyDelete
 35. സിനിമ കൊള്ളാം. തീയറ്ററിന്റെ പ്രശ്നമാണോ എന്നറിയില്ല ശബ്ദം പലപ്പോഴെങ്കിലും കേള്‍ക്കാന്‍ തന്നെ പറ്റുമായിരുന്നില്ല. ഫഹദിനെ ഇത്രയധികം ഓടിപ്പിക്കെണ്ടിയിരുന്നില്ല. കഥയില്‍ പലയിടത്തും ഏച്ചു കൂട്ടിയത് അനുഭവപ്പെടുന്നുണ്ടായിരുന്നു. ആഷിക് അബു നല്ല നടനാണ്‌. പഴയ പാട്ടുകള്‍ ഉപയോഗിച്ചത് നല്ലത് തന്നെ. എങ്കിലും പാട്ടുകല്‍ക്ക്ക് ശേഷം വരുന്ന സീനുകലുമായി ചിലപ്പോഴെങ്കിലും പൊരുത്തപ്പെടാനാവാതെ പലതും ഏച്ചു കൂട്ടിയത് പോലെ തോന്നി. എനിക്ക് 6/10 rating ആണ് കൊടുക്കാന്‍ തോന്നിയത്..

  ReplyDelete
 36. //മലയാള സിനിമയില്‍ നാളെയുടെ ഒരു താരം//
  തട്ടേല്‍ കയറി പത്തു വര്ഷം കഴിഞ്ഞു Young super star എന്നൊക്കെ വിശേഷണം ഏതോ വിവരം കേട്ടവന്മാര് ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ഇത്രയൊക്കെ ആയിട്ടും "നാളെയുടെ താരം" എന്നാ വിശേഷണം വേണമോടാ വിവരം കെട്ടവനേ???

  ReplyDelete
 37. പടം കണ്ടു കഴിഞ്ഞപ്പോള്‍ നല്ല ദേഷ്യമാണ് വന്നത്. ശപിക്കപ്പെട്ട ഒരു സമൂഹവും അതിന്റെ ഉള്ളില്‍ വേദനിച്ചു തകരുന്ന ജീവിതങ്ങളും. പൊട്ട പടം, കാശ് പോയി എന്നൊക്കെ വിചാരിച്ചു തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോന്നു. പക്ഷെ രണ്ടു ദിവസമായി ഈ സിനിമ മനസ്സില്‍ നിന്ന് മഞ്ഞുപോവുന്നില്ല. ഇപ്പൊ ആ പാട്ടുകളും സീനുകളും ഒക്കെ ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്- This was indeed a good movie!

  ReplyDelete
 38. @ഉണ്ണിക്കു, മാനത്തു നിന്നും പൊട്ടി മുളച്ച താങ്കളുടെ പ്രിഥ്വി- ഹീറോ, തെജാഭായ് മുതലായ ചിത്രങ്ങളിലൂടെ നിലം തൊടാത്ത നായകനാണ് എന്ന് തെളിയിച്ചതാണ്. കുറെ പടങ്ങള്‍ വാരി വലിച്ച് അഭിനയിച്ച് ഉണ്ടാക്കി. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ പ്രിഥ്വിരാജിന് പകരം വേറെ ആര് വന്നിരുന്നെങ്കിലും ആ ചിത്രം കുറച്ചൂടെ നന്നായേനെ. ആ ചിത്രം ലാല്‍ ജോസിന്‍റെ മാത്രമാണ്. കുറെ മസിലും പെരുപ്പിച്ചു നടക്കുന്ന അവനെ ഫഹദുമായി താരതമ്മ്യം ചെയ്യല്ലേ മാഷേ. ഈ ചിത്രം കണ്ട നല്ലൊരു ഭാഗം "സിനിമാ പ്രേമികളും' (Not Fans Lovers) പറഞ്ഞത് ഫഹദിനെ മലയാളത്തില്‍ ആവശ്യമുണ്ടെന്നു തന്നെയാണ്. അല്ലെങ്കിലും നിലത്തു നിക്കുന്ന, മണ്ണില്‍ നിന്നും ഉയരുവാന്‍ താല്പര്യമില്ലാത്ത നടന്മാരെ മലയാളികള്‍ എന്നും അംഗീകരിച്ചിട്ടെയുള്ളൂ..

  ReplyDelete
 39. ഈ പടം കഴിഞ്ഞപ്പോൾ തോന്നിയത് എന്തെ ഇതിത്ര പെട്ടെന്ന് തീര്ന്നത് എന്നാണ്. I would've happily watched even if the movie was 4 hours long. I wanted to see more of Anna, more of Rasool and more of Kochi.

  ReplyDelete