ആകസ്മികം (Review: Aakasmikam)

Published on: 12/30/2012 10:51:00 AM

ആകസ്മികം: വെറുമൊരു പാഴ്ശ്രമം!

ഹരീ, ചിത്രവിശേഷം

Aakasmikam: Chithravishesham Rating [2.00/10]
തൊണ്ണൂറുകളുടെ തുടക്കത്തില്‍ 'സവിധം', 'ആധാരം' തുടങ്ങിയ ചില ചിത്രങ്ങളിലൂടെ സംവിധായകനായി തുടങ്ങിയതാണ് ജോര്‍ജ്ജ് കിത്തു. പിന്നീടും ചില ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയെങ്കിലും അവയൊന്നും കാര്യമായ ശ്രദ്ധ നേടുകയുണ്ടായില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം 'ആകസ്മിക'വുമായി ജോര്‍ജ്ജ് കിത്തുവരുമ്പോള്‍ അതൊരു നല്ല തിരിച്ചുവരവാകും എന്നായിരുന്നു സിനിമ കാണുവാന്‍ കയറുമ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷ. യുവസാഹിത്യകാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രനാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്നതും ഇങ്ങിനെ പ്രതീക്ഷിക്കുവാന്‍ ഒരു കാരണമാണ്. എന്നാല്‍, അതൊക്കെ ഇങ്ങിനെ ആമുഖമെഴുതാന്‍ മാത്രമേ ഉതകുകയുള്ളൂ, ഈ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താണ് എന്നു തിരിച്ചറിയുവാന്‍ സിനിമ തുടങ്ങി പത്തു മിനിറ്റാവാണ്ട. അത്രയും അപക്വമായാണ് അണിയറപ്രവര്‍ത്തകര്‍ ഈ സിനിമ എടുത്തുവെച്ചിരിക്കുന്നത്. സിദ്ദിഖും ശ്വേത മേനോനും അശ്വിന്‍ മേനോനുമൊക്കെ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രം എക്സലന്‍സ് സിനിമ ഇന്റര്‍നാഷണലിന്റെ ബാനറില്‍ മോനു പഴയാടത്ത് നിര്‍മ്മിച്ചിരിക്കുന്നു.

ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 5.00 / 10
: 1.00 / 05
: 1.00 / 05
ഇന്നു മലയാളത്തില്‍ സജീവമായ ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സുഭാഷ് ചന്ദ്രന്‍; പക്ഷേ തിരക്കഥ രചന അദ്ദേഹത്തിനു പറഞ്ഞിട്ടുള്ളതല്ല എന്നതിന് ഒന്നാന്തരം തെളിവാകുന്നു ഈ സിനിമ. അദ്ദേഹത്തിന്റെ 'ഗുപ്തം - ഒരു തിരക്കഥ' എന്ന രചനയാണ് ഈ സിനിമയ്ക്ക് അവലംബം. നല്ലൊരു കഥാതന്തു ചിത്രത്തിനുണ്ട്, പക്ഷേ അതൊരു സിനിമയാക്കുവാനുള്ള പാടവം രചയിതാവിനോ സംവിധായകനോ ഇല്ലാതെ പോയി! അനാവശ്യമെന്ന് പ്രത്യക്ഷത്തില്‍ തന്നെ തോന്നുന്ന രംഗങ്ങള്‍, അതിലേക്കു മാത്രമായി ചില കഥാപാത്രങ്ങള്‍, പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ക്കു പോലും അനുഭവപ്പെടുന്ന അപൂര്‍ണത, ഇതിനൊക്കെ പുറമേ സാങ്കേതികമായുള്ള പിഴവുകളും; ഒരു ചിത്രമൊരു ദുരന്തവും പ്രേക്ഷകര്‍ക്കൊരു ദുരിതവുമാകുവാന്‍ വേറെന്തു വേണ്ടൂ! എന്നിരുന്നാലും, സംവിധാനരംഗത്ത് ഇത്രയൊക്കെ പരിചയസമ്പന്നനായ ജോര്‍ജ്ജ് കിത്തുവിന്റെ സംവിധാനത്തില്‍ ഒരു രംഗം തന്നെ ചിത്രത്തിന്റെ രണ്ടു സമയത്ത്, രണ്ടു പേരിലൂടെ കാണിക്കുമ്പോള്‍ രംഗത്തെ കഥാപാത്രങ്ങളുടെ സ്ഥാനവും ചലനങ്ങളുമൊക്കെ രണ്ടു രീതിയിലാവുക എന്നു പറഞ്ഞാല്‍ അത് മാപ്പാക്കാവുന്നതല്ല. ചിത്രത്തിന്റെ കേന്ദ്രബിന്ദു പ്രസ്തുത രംഗമാണെന്ന്‍ കൂടി ഇതിനോട് ചേര്‍ത്തു പറയേണ്ടതുണ്ട്.

Cast & Crew
Aakasmikam

Directed by
George Kithu

Produced by
Monu Pazheyadathu

Story, Screenplay, Dialogues by
Subhash Chandran

Starring
Siddique, Shweta Menon, Ashwin Menon, Shobha Mohan, Baby Nikhitha, Praveena, Jagathy Sreekumar, Madhupal, Devan etc.

Cinematography (Camera) by
M.D. Sukumaran

Editing by
C.R. Vijayakumar

Production Design (Art) by
Thyagu Thayanoor

Effects by
Raj Marthandam

Background Score by
Rajamani

Music by
Anil Gopalan

Lyrics by
Anil Kumar Pillai

Make-Up by
Jayamohan

Stills by
Sreeni Manjeri

Designs by
Collins Leophil

Banner
Excellence Cinema International

Release Date
2012 Dec 28

Snippet Review

What a crap! Poor script and poor direction completely spoiled a good thread!

ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തിയ സിദ്ദിഖ്, ശ്വേത മേനോന്‍, അശ്വിന്‍ മോഹന്‍ കൂടാതെ ചെറുതെങ്കിലും പ്രസക്തമായ വേഷങ്ങളിലെത്തുന്ന ശോഭ മോഹന്‍, ബേബി നിഖിത, പ്രവീണ തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കുവാന്‍ കഴിയും പോലെ ശ്രമിച്ചിട്ടുണ്ട്. തിരനാടകത്തിലെ കുറവുകളും അവതരണത്തിലെ അപക്വതയും ആ ശ്രമങ്ങളെ പൂര്‍ണതയിലെത്തിച്ചില്ല എന്നു മാത്രം. ജഗതി ശ്രീകുമാറിന്റെ പള്ളീലച്ചനായ സ്കൂള്‍ പ്രിന്‍സിപ്പാള്‍ കഥാപാത്രത്തിന്റെ ചെയ്തികള്‍ കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമായില്ല. (സ്വവര്‍ഗാനുരാഗിയാണ് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് വ്യക്തമായി കാണിക്കുക; ഇതൊരുമാതിരി അങ്ങുമിങ്ങും തൊടാതെ...) ദേവന്‍, മധുപാല്‍ പിന്നെ പേരറിയാത്ത മറ്റു ചിലരും കൂടിയുണ്ട് അഭിനേതാക്കളായി ചിത്രത്തില്‍.

പ്രധാന വിഷയത്തെ ഫോക്കസിലാക്കി ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്തുവാനും, ക്യാമറ ഇടയ്ക്കിടെ ചാടി കളിക്കാതെ സൂമും പാനും ചെയ്യുവാനുമൊന്നും ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള എം.ഡി. സുകുമാരന് കഴിയുന്നില്ല എന്നു പറഞ്ഞാല്‍ എന്തൊരു കഷ്ടമാണ്! ഫ്രയിമുകള്‍ പോലും പലപ്പോഴും അരോചകമായാണ് അനുഭവപ്പെട്ടത്. അവയുടെ സന്നിവേശത്തിലുമുണ്ട് കല്ലുകടികള്‍. മോശം ദൃശ്യങ്ങള്‍ സിനിമയില്‍ ഇപ്പോഴും അവശേഷിക്കുന്നതിന് വേണമെങ്കില്‍ ചിത്രസന്നിവേശകനെ പഴിക്കാം. പക്ഷേ, ഇങ്ങിനെയെങ്കിലും അതൊന്ന്‍ ഒപ്പിച്ചുവെയ്ക്കുവാന്‍ സി.ആര്‍. വിജയകുമാര്‍ ഒരുപക്ഷേ ഏറെ പണിപ്പെട്ടിരിക്കാം! ചമയത്തെക്കുറിച്ചും വസ്ത്രാലങ്കാരത്തെക്കുറിച്ചുമൊന്നും ഇവിടെ പറയേണ്ടതുണ്ടെന്ന് തന്നെ തോന്നലില്ല. അവയൊക്കെ എത്രയൊക്കെ നന്നായാലും, കാണുവാന്‍ കിട്ടുന്നത് ഇതാണെങ്കില്‍ പിന്നെന്ത് വിശേഷം! അനില്‍ കുമാര്‍ പിള്ള എഴുതി അനില്‍ ഗോപാലന്‍ ഈണമിട്ട ഗാനങ്ങള്‍ക്കുമില്ല വിശേഷിച്ചൊരു മികവും. അവ സിനിമയില്‍ നന്നായി ഉപയോഗിക്കുവാനൊരു ശ്രമമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു. ഇതതുമില്ല!

വളരെ പ്രാഥമികമായുള്ള കഥാതന്തു ആരിലും താത്പര്യമുണര്‍ത്തുവാന്‍ പര്യാപ്തമാണ്. അത് തിരനാടകമാക്കി വികസിപ്പിച്ചപ്പോള്‍ വന്നിട്ടുള്ള സൂക്ഷ്മതക്കുറവ്, ചില കാര്യങ്ങലെങ്കിലും യുക്തിക്ക് നിരക്കാത്ത തരത്തിലും ആയിട്ടുണ്ട്. ഒരു പെണ്‍കുട്ടി, കേവലം കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ വീട്ടിലേക്ക് വെറുതേ ഒരു ദിവസം വന്നു കയറുന്നതെന്തിന് എന്നതിനു പോലും ചിത്രം തൃപ്തികരമായ ഒരുത്തരവും നല്‍കുന്നില്ല. (ആ പെണ്‍കുട്ടി അങ്ങിനെ വരുന്നതാണ് സിനിമയുടെ കഥ ഉണ്ടാകുവാനുള്ള കാരണം തന്നെ എന്നുമോര്‍ക്കുക!) ചിലപ്പോള്‍ ആകസ്മികമായി ആ കുട്ടിക്കങ്ങിനെ തോന്നി എന്നതാവാം സിനിമയുടെ പേരിങ്ങനാകുവാന്‍ കാരണം. പിന്നെ; ഇന്നത്തെ തലമുറയിലെ കുട്ടികള്‍, അത് ആണായാലും പെണ്ണായാലും, സിനിമയില്‍ കാണിക്കുന്നതിലും വീണ്ടുവിചാരത്തോടെ പ്രവര്‍ത്തിക്കുമെന്ന് തന്നെ കരുതുന്നു. സുഹൃത്തായൊരു പെണ്‍കുട്ടി വീട്ടില്‍ വന്നാലുടനെ തന്നെ മാതാപിതാക്കള്‍ തല്ലുമെന്ന് മകന്‍ കരുതുന്നതും അത്ര വിശ്വസനീയമായി തോന്നിയില്ല. ഏതായാലും, പേര് അന്വര്‍ത്ഥമാക്കും വിധം ആകസ്മികമായി വന്നു പോയൊരു ചിത്രമായി പുതുവര്‍ഷം കാണാതെ തന്നെ 'ആകസ്മിക'ത്തിന് മടങ്ങാം!

ഹാപ്പി ന്യൂ ഇയര്‍: 'അസുരവിത്ത്' കണ്ടാണ് 2012 തുടങ്ങിയത്. അതിനോടു കിടപിടിക്കുന്ന ഒന്നു തന്നെ കണ്ട് വര്‍ഷം അവസാനിപ്പിക്കുവാനായതില്‍ "നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു?". ഏവര്‍ക്കും പുതുവത്സരാശംസകള്‍! :-)

8 comments :

 1. ജോര്‍ജ്ജ് കിത്തുവിന്റെ സംവിധാനത്തില്‍ സിദ്ദിഖ്, ശ്വേത മേനോന്‍, അശ്വിന്‍ മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ആകസ്മിക'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Aakasmikam: What a crap! Poor script and poor direction completely spoiling a good thread! #Chithravishesham
  2:12 PM - 29 Dec 12
  --

  ReplyDelete
 2. ഞാന്‍ പകുതി വരെ കടിച്ചു പിടിചിരുന്നിട്ടു ഇറങ്ങി പോന്നു . കഷ്ടം !

  ReplyDelete
 3. ഹായ് ഹരി ഇയാള്‍ എന്തിനാ ഈ പടം കണ്ടു ഈ വര്ഷം അവസാനിപ്പിക്കുന്നെ ആ ബാവൂട്ടിയെ ഒന്ന് പോയി കണ്ട സന്തോഷത്തോടെ ഈ വര്ഷം അവസാനിപ്പിചൂടെ ?

  ReplyDelete
 4. hareeeeeeeeeeeeeewhy cant u add d review of bavootiyude namathil.........................we are waiting

  ReplyDelete
 5. we are waiting for bavuttiude namathil review

  ReplyDelete
 6. ഭാഗ്യം ഇവിടെ റിലീസ് ആയിട്ടില്ല

  ReplyDelete
 7. waiting for review of bavuttiyude namathil...

  ReplyDelete
 8. Haree, Mammutty padangal kanal nirthiyo? No reviews for Face2Face and Bavooty yet.

  ReplyDelete