101 വെഡ്ഡിംഗ്സ്: നൂറ്റൊന്നാമതും അതേ കല്യാണക്കഥ!
ഹരീ, ചിത്രവിശേഷം
ഷാഫി കഥയെഴുതി സംവിധാനം ചെയ്തൊരു ചിത്രമെന്ന് കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്നൊരു വിഡ്ഢിച്ചിത്രം എന്നതിനപ്പുറം ആരുമൊന്നും പ്രതീക്ഷിക്കുമെന്നു തോന്നുന്നില്ല. ആ പ്രതീക്ഷകളെ സാധൂകരിക്കുന്നൊരു ചിത്രം തന്നെയാണ് ഷാഫിയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ '101 വെഡ്ഡിംഗ്സ്'. കലവൂര്‍ രവികുമാറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. റാഫിയും ഷാഫിയും ഷലീലും ബാവയുമൊക്കെ കൂടി ചേര്‍ന്നാണ് ഫിലിം ഫോക്സിന്റെ ബാനറില്‍ പടം പുറത്തെത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്, ജയസൂര്യ, ബിജു മേനോന്; ഇവര്‍ക്ക് നായികമാരായി സംവൃത സുനില്‍, ഭാമ തുടങ്ങിയവരൊക്കെയാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ആളു മാറി കല്യാണത്തിനു വരുന്നതും പിന്നെ കുറേ കശപിശകളും ഒടുവിലെല്ലാം കലങ്ങിത്തെളിയുന്നതും മലയാളത്തില്‍ നൂറ്റൊന്നു വട്ടമല്ല, അതിലധികം തവണ ആവര്ത്തിച്ചിട്ടുണ്ടാവണം. അതേ പരിപാടികളൊക്കെ തന്നെ ഒരു സമൂഹ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച്, പേര് '101 വെഡ്ഡിംഗ്സ്' (പേരിനു *മാത്രം* '
101 Dalmatians'-നോട് കടപ്പാട്!) എന്നിട്ടു എന്നതാണ് ഷാഫി ഇതില്‍ ചെയ്തിട്ടുള്ളത്. കുറച്ചു ചിരിക്കാന്‍ വകുപ്പുണ്ടെങ്കില്‍ കാശു മുതലായെന്നു കരുതുന്ന പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും മുതലാക്കാവുന്ന ഒരു ചിത്രമായി ഇതിനെ കാണാം.
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 5.00 / 10
: 6.50 / 10
: 3.00 / 05
: 2.00 / 05
ഒരു സമൂഹവിവാഹം പശ്ചാത്തലമായുണ്ട് എന്നല്ലാതെ ഈ നൂറ്റൊന്നിന്റെ* എണ്ണമൊന്നും സിനിമയില്‍ പ്രസക്തമല്ല. കണ്ടിരിക്കുന്നവര്‍ അറിയാതെ ചിരിച്ചു പോവുന്ന ചില നര്‍മ്മ മുഹൂര്ത്തങ്ങളിലാണ് ചിത്രം രക്ഷപെട്ടു പോവുന്നത്. മലയാള സിനിമകളുടെ പേരുകള്‍ ചേര്‍ത്തുവെച്ചുള്ള (ഒരു സാമ്പിള്‍: മകള്‍ 'തട്ടത്തിന് മറയത്താ'ണെങ്കിലും ഓളുടെ ബാപ്പ '22 ഫീമെയിലാ'ണ് കേട്ടാ!) ചില സംഭാഷണങ്ങളൊക്കെ രസകരമാണ്, അവയുടെ ഉപയോഗവും നന്ന്. (മകളെ കെട്ടാന്‍ പോവുന്ന പയ്യന് സുന്നത്ത് നടത്താന്‍ നടക്കുന്നൊരു ബാപ്പയെക്കുറിച്ചുള്ള പയ്യന്റെ കൂട്ടുകാരന്റെ കമന്റാണ് മുന്‍ സാമ്പിള്‍!) എന്നാലതിനപ്പുറം താത്പര്യപൂര്‍വ്വം കണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുന്നതായി മറ്റൊന്നും സിനിമയിലില്ല. പ്രവചനീയമായ കഥാഗതിയും, വല്ലാതെ ഇഴയുന്ന അവതരണവും, അനാകര്‍ഷകങ്ങളായ ഗാനങ്ങളും ഒക്കെ കൂടി ചേരുമ്പോള്‍ ഉള്ള തമാശകളുടെ രസം കൂടി പോയ്പ്പോവുകയും ചെയ്യും!
*101 വിവാഹങ്ങള്‍ കണക്കുകൂട്ടിയതു തന്നെ രസമാണ്; ഒരാള്‍ മറ്റൊരാളെ വിവാഹം കഴിക്കുമ്പോള്‍ ഷാഫി കൂട്ടുന്നത് അവിടെ ഒരു വിവാഹം എന്നല്ല, മറിച്ച് രണ്ട് വിവാഹങ്ങള്‍ എന്നാണ്. ആ രീതിയില്‍ 51 യുവാക്കള്‍ 51 യുവതികളെ വിവാഹം കഴിക്കുമ്പോള്‍ ആകെ എത്ര വിവാഹങ്ങള്‍? 101 വെഡ്ഡിംഗ്സ്; ങേ, അത് 102 അല്ലേ!? ഇനിയിപ്പോള്‍ രണ്ടു പേര് ഒരാളെ കെട്ടിക്കാണുമോ! ആര്‍ക്കറിയാം!!!
Cast & Crew
101 Weddings
Directed by
Shafi
Produced by
Rafi, Shafi, Shaleel K.A., Bava Hassainar
Story / Screenplay, Dialogues by
Shafi, Kalavoor Ravikumar
Starring
Kunchacko Boban, Jayasurya, Biju Menon, Samvrutha Sunil, Bhama, Vijayaraghavan, Sunil Sukhada, Salim Kumar, Vijesh, Suraj Venjaramoodu, Subi Suresh, Urmila Unni, Saju Kodiyan etc.
Cinematography (Camera) by
Alagappan N.
Editing by
V. Saajan
Production Design (Art) by
Joseph Nellikkal
Music / Background Score by
Deepak Dev
Lyrics by
Rafeeq Ahmed
Make-Up by
Roshan
Costumes by
S.B. Satheeshan
Action (Stunts / Thrills) by
Mafia Sasi
Choreography by
Sujatha, Sreedhar
Stills by
Jayaprakash Payyannur
Designs by
Collins Leophil
Banner
Film Folks
Release Date
2012 Nov 23
Snippet Review
Yet another brainless entertainer from Shafi. A few comedy scenes and dialogues will make you laugh, the rest is tiring.
കുഞ്ചാക്കോ ബോബന്, ജയസൂര്യ, ബിജു മേനോന് - ഇവര്‍ മൂവരുമാണ് ചിത്രത്തിലെ നായകര്‍. സ്ത്രൈണത മുന്നില്‍ നില്ക്കുന്ന പുരുഷ വേഷത്തെ അറപ്പുളവാക്കാത്ത രീതിയില്‍ അവതരിപ്പിക്കുവാന്‍ ജയസൂര്യയ്ക്കു കഴിഞ്ഞതിനാല്‍, കൂട്ടത്തില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ജയസൂര്യയുടേതാണ് എന്നു പറയാം. തന്റെ സ്ഥിരം നായക വേഷങ്ങളുടെ കെട്ടിലും മട്ടിലുമൊക്കെ കുഞ്ചാക്കോ ബോബനും, കോമഡി വില്ലനായി ബിജു മേനോനും ചിത്രത്തിലുടനീളമുണ്ട്. നായകന്റെ കൂട്ടുകാരനായെത്തുന്ന വിജേഷ് ചില നല്ല ചിരികള്‍ ഒരുക്കുന്നുണ്ട്. പേരിനു രണ്ട് നായികമാര്‍ എന്നല്ലാതെ പ്രത്യേകിച്ചൊരു പ്രാധാന്യവും സംവൃത സുനിലിന്റെയോ ഭാമയുടേയോ കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ വരുന്നില്ല. 'ഇനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി' എന്ന പഴഞ്ചൊല്ല് ഓര്‍മ്മവന്നു, സുരാജിനേയും കൂടെ സുബി സുരേഷിനെയും കണ്ടപ്പോള്‍. രണ്ടുപേരും മത്സരിച്ച് തങ്ങളുടെ വേഷം കെട്ടുകള്‍ കൊണ്ട് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. വിജയരാഘവന്, സുനില്‍ സുഖദ, സലിം കുമാര്‍ എന്നിവരുടെ അച്ഛന് വേഷങ്ങള്‍ നന്ന്. ഊര്‍മ്മിള ഉണ്ണി, സാജു കൊടിയന്‍, കൊച്ചു പ്രേമന്, വനിത കൃഷ്ണചന്ദ്രന്, വിനോദ് കെടാമംഗലം എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ ഇതര താരങ്ങള്‍.
ഇത്തരമൊരു ചിത്രത്തിന് ചേരുംപടി ചേരുന്ന പ്രവര്‍ത്തനമാണ് ചിത്രത്തിലെ സാങ്കേതിക വിഭാഗം പുറത്തെടുത്തിരിക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള പരിചരണം മലയാള സിനിമയില്‍ കാലങ്ങളായി കണ്ടുവരുന്ന രീതികളില്‍ തന്നെ. സിനിമ കാട്ടിത്തരിക എന്നതിനപ്പുറം അഴകപ്പന്റെ ക്യാമറയ്ക്ക് ചിത്രത്തില്‍ മറ്റൊന്നും ചെയ്യുവാനില്ല. ദൃശ്യവിന്യാസത്തിലോ സന്നിവേശത്തിലോ ഒന്നും ഒരു പുതുമയും ചിത്രത്തിനു തോന്നിക്കുന്നുമില്ല. റഫീഖ് അഹമ്മദ് എഴുതി ദീപക് ദേവ് ഈണമിട്ട ഗാനങ്ങള്‍ അനവസരങ്ങളിലെത്തി മടുപ്പ് കൂട്ടുന്നു എന്നല്ലാതെ സിനിമയ്ക്ക് ഗുണപ്പെടുന്നില്ല. (അതിലൊന്ന് പാടിയിരിക്കുന്നത് സംഗീതസംവിധായകനായ വിദ്യാസാഗറാണ് എന്നുമുണ്ട്.)
ഷാഫിയുടെ ഇന്നുവരെയുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ എങ്ങിനെയും ചിരിപ്പിക്കുക, അങ്ങിനെ ചിരിപ്പിച്ച് ചിരിപ്പിച്ച് തിയേറ്ററില്‍ ആളെ നിറയ്ക്കുക; ഈ ഒരൊറ്റ ലക്ഷ്യത്തില്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ്. ആദ്യ ചിത്രങ്ങളില്‍ ഇത് വളരെ ഫലപ്രദമായി നടപ്പാക്കുവാന്‍ അദ്ദേഹത്തിനായെങ്കിലും, ഒടുവിലിറങ്ങിയ '
വെനീസിന്റെ വ്യാപാരി'യൊക്കെ, കാണികളെ ചിരിപ്പിക്കുന്നതില്‍ പോലും വളരെ പിന്നിലായിരുന്നു. കലവൂര്‍ രവികുമാറിന്റെ കൂടെ ചേര്‍ന്ന്, തന്റെ ചിത്രങ്ങളില്‍ നഷ്ടപ്പെട്ടു പോയ ചിരികള്‍ തിരികെപ്പിടിക്കുവാനുള്ള ഷാഫിയുടെ ശ്രമം, നൂറ്റൊന്നാവര്‍ത്തിച്ച പ്രമേയമെങ്കില്‍ പോലും, '101 വെഡ്ഡിംഗ്സി'ല്‍ കുറേയൊക്കെ വിജയം കാണുന്നുണ്ടെന്നു പറയാം. അതൊന്നു മാത്രം മികവായി പറയാവുന്ന ഈ ചിത്രം, അതു മാത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഒട്ടൊക്കെ തൃപ്തി നല്‍കുകയും ചെയ്യും. എന്നാല്‍ അതിന്റെ മാത്രം പച്ചയില്‍ ഈ ചിത്രത്തിനൊരു 101 പോയിട്ട് 51 പോലും തിയേറ്ററില്‍ തികയ്ക്കുവാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യവുമാണ്!
മുന്‍കൂര്‍ ജാമ്യം: 'ഇനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി' എന്ന് മുകളില്‍ ഉപയോഗിച്ചത് ഒരു പഴഞ്ചൊല്ല് സന്ദര്‍ഭവശാല്‍ ഓര്‍ത്തു എന്നുമാത്രം. പ്രസ്തുത അഭിനേതാക്കളെ സംബോധന ചെയ്യുവാനായി ആ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഇനാമ്പേച്ചിയും മരപ്പട്ടിയും വഴക്കിനു വരരുതെന്ന് അപേക്ഷ! :-)
ഷാഫിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, ജയസൂര്യ, ബിജു മേനോന്, സംവൃത സുനില്‍, ഭാമ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന '101 വെഡ്ഡിംഗ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#101Weddings: Yet another brainless entertainer from #Shafi. At least, it does have some genuine comedy scenes. #Chithravishesham
6:10 PM - 24 Nov 12
--
:)
ReplyDeletee filminu 10l 5 mark my bossinu 10l 4 markum kodutha evante tholikkaty sammathikanam nirthi pode
ReplyDeleteഅത്യാവശ്യം ചിരിക്കാനുന്ടെങ്കില് പടം ഓടിയേക്കും.
ReplyDelete101 weddingsinakkal മെച്ചമായ സിനിമ my boss ആണ് അതിനെ rating 4 കൊടുത്ത എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല
ReplyDeleteഷാഫിയുടെ ചിത്രം എന്ന് കരുതി കണ്ടതാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും പ്രേക്ഷകര്‍ ചിരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്.
ReplyDelete5 മാര്‍ക്ക് കൂടി പോയോ എന്നൊരു സംശയം.
ഇന്ന് ഒരു സൂപ്പര്‍ ഹിറ്റിന് ഹരി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ധാരാളം,
ReplyDeleteതട്ടത്തില്‍ മറയത്തും, ഉസ്താദ് ഹോട്ടലും മറ്റും രക്ഷപെട്ടത് അത്തരത്തിലുള്ള കുറച്ച രംഗങ്ങള്‍ കൊണ്ട് മാത്രമല്ലേ... കഥയൊക്കെ എവിടെപ്പോയി നില്ക്കും എന്ന് ഏത് കൊച്ചു കുട്ടികല്ക്കുപോലും പറയാന്‍ പറ്റില്ലേ...
പിന്നെ ഇക്കുറി ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ കണ്ടില്ല??? ഇതുവഴി ഒന്ന് പോയപ്പോള്‍ കയറിയതാണ് അപ്പോഴാണ് ഈ വിശേഷം കാണാന്‍ കഴിഞ്ഞത്
Chirikku mathram 5 markko??
ReplyDeleteAs usual the review is very apt - Shafi is in the same track and doesn't giving any hope to change - well - Hari - what happend to face book notifications?
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteഫേസ്ബുക്കില്‍ മുന്‍പത്തെ പോലെ തന്നെ നോട്ടിഫിക്കേഷനുകള്‍ ചേര്‍ക്കുന്നുണ്ടല്ലോ? ഈ പേജ് ലൈക്ക് ചെയ്താല്‍, അവിടെ ചേര്‍ക്കുന്നവ കൃത്യമായി ലഭിക്കേണ്ടതാണ്.
--