കാശ് (Review: Kaashh)

Published on: 10/29/2012 08:20:00 AM

കാശ്: കാല്‍ക്കാശിനു കൊള്ളില്ലീ കാശ്!

ഹരീ, ചിത്രവിശേഷം

Kaashh: Chithravishesham Rating [NA/10]
നവാഗതാരായ സുജിത്തും സജിത്തും ഒരുമിച്ച് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിച്ച ചിത്രമാണ്‌ 'കാശ്'. സംഭാഷണങ്ങള്‍ എഴുതുവാനായി വാമനപുരം മണിയുമുണ്ട് ഇവര്‍ക്ക് കൂട്ടിന്. ഓ മൈ ഗോഡ് സിനിമാസിന്റെയും ഫിലിം ബ്രൂവെറിയുടേയും ബാനറില്‍ ഒ.ജി. സുനിലാണ്‌ ചിത്രത്തിനു വേണ്ടി കാശിറക്കിയിരിക്കുന്നത്. രാജീവ് പിള്ള, ബേസില്‍, ഇന്നസെന്റ്, ലീന പഞ്ചാല്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധാരാളം കാശുള്ളതുകൊണ്ടാവാം, ഈ സിനിമ പടച്ചു വിട്ടവര്‍ക്ക് പണത്തിന്റെ മൂല്യത്തെക്കുറിച്ച് കാര്യമായ ധാരണയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, സാധാരണക്കാരായ കാണികളുടെ കാര്യം അങ്ങിനെയല്ലല്ലോ! അധ്വാനിച്ചുണ്ടാക്കുന്ന അമ്പതോ അറുപതോ രൂപ ഒരു ടിക്കറ്റിനായി കൊടുക്കുമ്പോള്‍ അതിനെന്തെങ്കിലുമൊക്കെ അവള്‍ക്ക്/അവന്‌ തിരിച്ചു നല്‍കേണ്ടതല്ലേ? അങ്ങിനെയൊന്നും 'കാശ്' നല്‍കുന്നില്ലെന്നു മാത്രമല്ല, കാശിങ്ങോട്ട് തന്നാല്‍ പോലും കണ്ടിരിക്കുവാന്‍ കഴിയാത്തൊരു സാധനമാണ്‌ പകരം കിട്ടുന്നതിനാല്‍, സമയത്തിനും പണത്തിനും വില കല്‍പിക്കുന്ന ആരും ഇതു കാണുക എന്ന സാഹസത്തിനു മുതിരരുത് എന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ആകെത്തുക : NA / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: - / 10
: - / 10
: - / 10
: - / 05
: - / 05
നായകനും കൂട്ടരും കാശിനു വേണ്ടി നടത്തുന്നൊരു തട്ടിക്കൊണ്ടു പോവലും തുടര്‍ന്നുള്ള സംഭവങ്ങളുമാണ്‌ നര്‍മ്മത്തില്‍ ചാലിച്ച് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒവ്വ! തട്ടിക്കൊണ്ടു പോവലും പിന്നീടുള്ള പോലീസിന്റെ അന്വേഷണവുമൊക്കെ കോമഡിയാണ്‌, കോമഡിയായി ഉദ്ദേശിച്ച് ചേര്‍ത്തിട്ടുള്ളതൊക്കെ ട്രാജഡിയും. രണ്ടായിരത്തിയാറിലിറങ്ങിയ 'ദര്‍വാസ ബന്ദ് രഘോ' എന്ന ചിത്രത്തിന്റെ കഥ അതേപടി കടം കൊണ്ട് ഒടുവില്‍ സൗകര്യാര്‍ത്ഥം ചില മാറ്റങ്ങളോടെ അവതരിപ്പിച്ചതാണ്‌ ഈ ചിത്രം. കാര്യം ഇങ്ങിനെയാണെങ്കിലും ചിത്രത്തിന്റെ കഥയും തിരക്കഥയും തങ്ങളുടേതാണെന്ന് പറയുവാന്‍ സുജിത്തിനും സജിത്തിനും ഒരു നാണക്കേടുമില്ല! മാത്രമല്ല, കണ്ടും പറഞ്ഞും വളിച്ചു പോയ പല കോമഡികളും ചിത്രത്തില്‍ യഥേഷ്ടം ഉപയോഗിക്കുവാനുള്ള ഇരുവരുടേയും തൊലിക്കട്ടിയും അപാരം!

Cast & Crew
Kaashh

Directed by
Sujith-Sajith

Produced by
O.G. Sunil

Story, Screenplay / Dialogues by
Sujith-Sajith / Vamanapuram Mani

Starring
Rajeev Pillai, Leena Panchal, Innocent, Jayan Cherthala, Suraj Venjarammoodu, Basil, Bineesh Kodiyeri, Mehul James, Tini Tom, Dharmajan, Mamukkoya, Geetha Vijayan, Chembil Ashokan, Indrans etc.

Cinematography (Camera) by
S.B. Prijith

Editing by
Vivek Harshan

Production Design (Art) by
Mahesh Sridhar

Music / Background Score by
Sandeep Pillai, Abhiram Sundar

Lyrics by
Vayalar Sarath Chandra Varma

Make-Up by
Rajeev Angamali

Costumes by
Kumar Edappal

Action (Stunts / Thrills) by
Sharavanan E.S.

Stills by
Bijith Dharmadam

Designs by
ThoughtBlurb

Banner
Oh My God Cinemas / Film Brewery

Release Date
2012 Oct 26

Snippet Review

Seems the makers of 'Kaashh' do not know the value of cash. A total waste and not recommended to those who value their time and money.

രാജീവ് പിള്ള, ഇന്നസെന്റ്, ബേസില്‍, ലീന പഞ്ചാല്‍, ബിനീഷ് കോടിയേരി, മാമുക്കോയ; ഇങ്ങിനെ കുറേ അഭിനേതാക്കളുണ്ട് ചിത്രത്തില്‍. അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും പിന്നിലാകുവാന്‍ മത്സരമാണ്‌. അഭിനയത്തില്‍ ഇത്രയും വര്‍ഷത്തെ അനുഭവസമ്പത്തുണ്ടായിട്ടു പോലും ഇന്നസെന്റാണ്‌ ഈ മത്സരത്തില്‍ വിജയിക്കുന്നതെന്നത് ചെറിയ കാര്യമല്ല. ജയന്‍ ചേര്‍ത്തലയും ടിനി ടോമും മാമുക്കോയയുമൊക്കെ അടങ്ങുന്ന പരിചയസമ്പന്നരുടെ നിര ഇന്നസെന്റിനു തൊട്ടു പിന്നില്‍ തന്നെയുണ്ട്. അഭിനയിക്കുന്ന പടങ്ങളിലെല്ലാം പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്ന സുരാജിന്‌ ഈ പടത്തിലത് സാധിച്ചില്ല. അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ വിട്ടു കൊടുക്കണ്ടേന്ന്! ചിത്രത്തിലെ ഇരുത്തം വന്ന അഭിനേതാക്കളുടെ കാര്യം ഇങ്ങിനെയാവുമ്പോള്‍ തുടക്കക്കാരുടെ കാര്യം വിശേഷിച്ച് പറയേണ്ടതില്ലല്ലോ!

സാങ്കേതികമായും ചിത്രത്തിനൊരു മികവും പറയുവാനില്ലെന്നു മാത്രമല്ല കുറവുകളനവധി ഉണ്ടു താനും. പ്രിജിത്തിന്റെ ക്യാമറയായാലും, വിവേക് ഹര്‍ഷന്റെ സന്നിവേശമായാലും, സന്ദീപ് പിള്ളയുടേയും അഭിരാം സുന്ദറിന്റേയും പശ്ചാത്തലസംഗീതമായാലും; ഒന്നും സിനിമയെ ഒരുതരത്തിലും മെച്ചപ്പെടുത്തുന്നില്ല. ഗാനങ്ങളെഴുതിയ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയ്‍ക്കല്ലാതെ, മറ്റാര്‍ക്കും ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ ഒരു വട്ടം കേട്ടാല്‍ മനസിലാക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‍ക്ക് വിശേഷമാണ്‌ അവയുടെ സംഗീതവും ആലാപനവും. ശരവണനൊരുക്കിയ ആക്ഷന്‍ രംഗങ്ങളുടെ കാര്യവും തഥൈവ.

സുജിത്തും സജിത്തും ഇതൊരു ത്രില്ലര്‍ ചിത്രമായാണോ അതോ ഒരു കോമഡി ചിത്രമായാണോ ഉദ്ദേശിച്ചതെന്ന് ചിത്രം കഴിഞ്ഞപ്പോഴും മനസിലായില്ല. ഇതിലെ രംഗങ്ങളുടെ യുക്തിരാഹിത്യം പരിശോധിക്കുന്നതു തന്നെ യുക്തിക്കു നിരക്കാത്തതിനാലും, എല്ലാം കൂടി എഴുതിവെച്ചാല്‍ ഒരു ചെറു പുസ്‍തകത്തിനുള്ളത് ഉണ്ടാവുമെന്നതിനാലും അതിനു മുതിരുന്നില്ല. മോഹന്‍ രാഘവന്റെയും ഷാജി കൈലാസിന്റെയുമൊക്കെ സഹസംവിധായകരായിരുന്നു സുജിത്തും സജിത്തുമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സഹസംവിധായകരായി ജീവിക്കാനുള്ളത് കിട്ടുമെങ്കില്‍ ആ തൊഴിലെടുത്ത് ജീവിക്കുകയാവും സ്വതന്ത്രമായി സിനിമകളെടുത്ത് നിര്‍മ്മാതാക്കളുടേയും കാണികളുടേയും കാശ് കളയുന്നതിലും ഭേദപ്പെട്ട കാര്യം. ഏതായാലും ഇവരുടെ ചിത്രത്തിനിനിയും കയറി കാശു കളയുവാന്‍ 'കാശ്' കണ്ടവരാരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. അതോര്‍ത്തെങ്കിലും ഇത്തരം സാഹസങ്ങള്‍ക്ക് ഇരുവരുമിനിയും മുതിരില്ലെന്ന് പ്രത്യാശിക്കുന്നു.

കണ്‍ഫ്യൂഷന്‍ : '22 ഫീമെയില്‍ കോട്ടയ'മെടുത്ത ഒ.ജി. സുനിലെന്തിനാണ്‌ ഇങ്ങിനെയൊന്നിനു കാശിറക്കിയതെന്നു മനസിലാവുന്നില്ല. ഒരുപക്ഷെ, 22FK ഇത്രയുമൊരു സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് സുനില്‍ വിചാരിച്ചിരിക്കില്ല. ആ കാശിങ്ങനെയങ്ങ് പൊടിച്ചതാവാം!

5 comments :

 1. കാശ്: കാല്‍ക്കാശിനു കൊള്ളില്ലീ കാശ്!
  രാജീവ് പിള്ളയെ നായകനാക്കി നവാഗതരായ സുജിത്തും സജിത്തും ഒരുക്കിയ 'കാശി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Kaashh: A total waste! Seems the makers don't know the value of cash. #Chithravishesham
  8:50 PM - 28 Oct 12
  --

  ReplyDelete
 2. ക്ഷമയ്ക്ക് ഒരു നൊബേൽ സമ്മാനം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
  എന്നിട്ട് അത് സ്ഥിരമായി അണ്ണന്റെ വീട്ടിൽ തന്നെ വെയ്ക്കാനും നിയമ നിർമ്മാണം നടത്തണം.
  :)

  ReplyDelete
 3. ഇതിനൊക്കെ പോയി തല വക്കാന്‍, പിന്നൊരു റിവ്യൂ എഴുതാന്‍ ഹരിക്കു ഇഷ്ടം പോലെ സമയമുണ്ടെന്നു തോന്നുന്നു..?

  ReplyDelete
 4. പ്രഭുവിന്റെ മക്കള്‍ വളരെ നല്ലതെന്നു കേള്‍ക്കുന്നു ....ഹരി അതിന്റെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

  ReplyDelete
 5. final result.....
  ഹരിയുടെ കാഷ് പോയി നമ്മുടെ കാഷ് ലാഭം

  ReplyDelete