പുതിയ തീരങ്ങള്‍: പുതുമ തീണ്ടാ തീരങ്ങള്‍!
ഹരീ, ചിത്രവിശേഷം
കടലും കടല്‍ തീരവുമൊക്കെ പശ്ചാത്തലമാവുന്ന ഒരുപിടി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ 'ചെമ്മീനും', 'അമര'വും പോലെ ചിലതൊക്കെ മലയാളികളുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുകയും ചെയ്യുന്നു. പക്ഷെ, സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ക്യാമറ കടല്‍ തീരങ്ങളിലേക്ക് ഇതുവരെ കടന്നു ചെന്നിട്ടില്ലെന്നു തോന്നുന്നു. ആ കുറവ് നികത്തുകയാണ് '
പുതിയ തീരങ്ങളെ'ന്ന തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകന്. സ്ഥിരമായി നന്മയുള്ള ഗ്രാമാന്തരീക്ഷങ്ങളില്‍ കിടന്നു കറങ്ങുകയാണ് തന്റെ സിനിമകളെന്ന പരാതി തീര്‍ക്കുവാനാണോ ഇത്തവണ സത്യന് റൂട്ട് മാറ്റിപ്പിടിക്കുന്നതെന്നും സംശയിക്കാം. താന്‍ തന്നെ തിരക്കഥയെഴുതുക എന്ന സമീപകാല രീതി വിട്ട് ബെന്നി പി. നായരമ്പലത്തിനെയാണ് ആ ജോലി ഏല്‍പ്പിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെയൊരു പ്രത്യേകത തന്നെ. ആന്‍ മെഗ മീഡിയയുടെ ബാനറില്‍ നീറ്റാ ആന്റോയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നമിത പ്രമോദും നിവിന്‍ പോളിയും നായികാനായകന്മാരാവുന്ന 'പുതിയ തീരങ്ങളി'ല്‍ നെടുമുടി വേണുവാണ് മറ്റൊരു പ്രസക്ത വേഷത്തിലെത്തുന്നത്. തിരക്കഥയെഴുതുവാന്‍ ആളെവെച്ചു, കടലോരം പശ്ചാത്തലമാക്കി, തുടക്കക്കാരായ നടീനടന്മാര്ക്ക് അവസരം നല്കി - 'പുതിയ തീരങ്ങ'ളൊരുക്കുവാന് ഇത്രയൊക്കെ ചെയ്തിട്ടും സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ വന്നപ്പോളിതിലും പുതുമ തീണ്ടാപ്പാടകലെ തന്നെയായെന്നു മാത്രം!
ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 2.00 / 10
: 5.50 / 10
: 1.50 / 05
: 1.50 / 05
സ്ത്രീപീഢനങ്ങളുടെ ഈ കാലത്ത് ഒരു മകളെ വളര്‍ത്തി വലുതാക്കുന്നതില്‍ അച്ഛന്മാരനുഭവിക്കുന്ന, വിശേഷിച്ചും അമ്മയില്ലെങ്കില്‍, ആധിയോ മറ്റോ ആണ് രചയിതാവ് ചിത്രത്തിനു വിഷയമാക്കിയിരിക്കുന്നത്. ഇങ്ങിനെയേതാണ്ടൊരു രൂപം ലഭിക്കുമെന്നല്ലാതെ ചിത്രം കണ്ടിറങ്ങുമ്പോള്‍ കാണികളുടെ മനസില്‍ കാര്യമായൊന്നും അവശേഷിക്കുകയില്ല. നര്‍മ്മത്തിനു വേണ്ടിയോ അല്ലെങ്കില്‍ 'പച്ച' മനുഷ്യരെ കാണിക്കുവാന്‍ വേണ്ടിയോ ഒക്കെ ചേര്‍ത്തിരിക്കുന്ന പല രംഗങ്ങളും മുഴച്ചു നില്ക്കുന്നു. പല കഥാപാത്രങ്ങളും സിനിമയ്ക്ക് അനിവാര്യതയല്ലെന്നതോ പോട്ടെ, പുട്ടിനു പീരയെന്ന പോലെ ഉപയോഗിച്ചിട്ടുള്ള അവരുടെ കഥകളും തനി ക്ലീഷേകളാണ്. (പ്രണയം അറിയിക്കുവാനാവാത്ത വിക്കുള്ളയൊരു യുവാവ്, അയാള്‍ക്ക് ഉപദേശം നല്‍കുന്നൊരു ചെറിയ പയ്യന്, പണ്ടെങ്ങോ കാണാതെ പോയ കാമുകനെയോര്‍ത്ത് കഴിയുന്നൊരു അമ്മായി, പണി ചെയ്യുവാന്‍ മടിയുള്ളൊരു തുറക്കാരന് ഇങ്ങിനെ പോവുന്നു...) ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ മെച്ചം കൊണ്ട് ഇവയൊന്നും അത്രകണ്ട് മുഷിപ്പിച്ചില്ല എന്നതു മാത്രമാണൊരു ആശ്വാസം.
Cast & Crew
Puthiya Theerangal
Directed by
Sathyan Anthikkad
Produced by
Neeta Anto
Story, Screenplay, Dialogues by
Benny P. Nayarambalam
Starring
Namitha Pramod, Nedumudi Venu, Nivin Pauly, Innocent, Mallika, Siddique, Chembil Ashokan, Molly Kannamaly, Sidharth Siva, Dharmajan, Gopakumar etc.
Cinematography (Camera) by
Venu ISC
Editing by
K. Rajagopal
Production Design (Art) by
Joseph Nellikkal
Music by
Ilaiyaraaja
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Pandyan
Costumes by
S.B. Satheesan
Choreography by
Brinda
Stills by
Momi
Designs by
Jissen Paul
Banner
Ann Mega Media
Release Date
2012 Sep 27
Snippet Review
Changed the backdrop to a seashore, employed a screenwriter, included fresh faces - Sathyan did all these to bring some freshness in 'Puthiya Theerangal', but alas, in vain!
അനാഥയായി തുറയില്‍ വളര്‍ന്ന്, പള്ളിക്കൂടത്തിന്റെ പടി പോലും കാണാതെ, ആണുങ്ങളെപ്പോലെ കടലില്‍ പോയി മീന്‍ പിടിക്കുന്നൊരു തന്റേടിയായ പെണ്ണാണ് ചിത്രത്തിലെ നായികയായ താമര. ഈയൊരു നായികയെ വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ നമിത പ്രമോദിനായോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. പിന്നെ, നമിതയുടെ ആദ്യശ്രമം എന്നൊരു പരിഗണന കൂടി നല്കിയാല് മോശമാക്കിയില്ല എന്നൊരാശ്വാസത്തിനു പറയാം. ആകെയുള്ള ചിരിയും ചില ചില്ലറ മാനെറിസങ്ങളുമൊക്കെയായി നിവിന്‍ പോളി ഈ പടത്തിലും രക്ഷപെട്ടു പോവുന്നു. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെടുമുടി വേണു, ഒരല്പം ആയാസപ്പെട്ടാണെങ്കിലും, തന്റെ ഭാഗം ഭംഗിയാക്കി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളേക്കാള്‍ ചിത്രത്തില്‍ തിളങ്ങുന്നത് സഹനടീനടന്മാരാണ്. അതിപ്പോള്‍ ചേമ്പില്‍ അശോകനായാലും ധര്മ്മജനായാലും മല്ലികയായാലും വിറോണിയമ്മായിയെ അവതരിപ്പിച്ച മോളി കണ്ണമാലിയായാലും; എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ഇന്നസെന്റ്, സിദ്ധാര്‍ത്ഥ് ശിവ, തുടക്കത്തിലല്പ നേരം സിദ്ദിഖ്, ഗോപകുമാര്‍ - ഇങ്ങിനെ മറ്റു ചിലരേയും ചിത്രത്തില്‍ കാണാം.
സിനിമയ്ക്കു വേണ്ടി വേണു ചെയ്ത ഛായാഗ്രഹണം അക്രമമായിപ്പോയി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സിനിമയിലെ പകല്‍ സമയമുള്ള പുറംദൃശ്യങ്ങളില് ബഹുഭൂരിപക്ഷവും പ്രകാശാധിക്യത്തില് വെളുത്തു പോയിരിക്കുന്നു. (രാത്രികാല ദൃശ്യങ്ങളിലും മറ്റും ശരിയായ പ്രകാശമാണ് തോന്നിയതെന്നതിനാല് തിയേറ്റര്‍ പ്രൊജക്ഷന്റെ കുഴപ്പമാണിതെന്ന് കരുതുന്നില്ല.) പലയിടങ്ങളിലും നോയിസും വളരെ പ്രകടമായി വരുന്നു. മനസില്‍ നില്ക്കുന്ന ഒരൊറ്റ ദൃശ്യം പോലും ചിത്രത്തില്‍ ചേര്‍ക്കുവാനും വേണുവിനായില്ല. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ക്കുമില്ല പുതുമയേതും. അറുബോറന്‍ ഗാനരംഗങ്ങള്‍ കൂടിയാവുമ്പോള്‍ സിനിമയ്ക്കിടയില്‍ ഗാനങ്ങള്‍ വരുന്നത് അസഹ്യത കൂട്ടുന്നതേയുള്ളൂ.
സത്യന് അന്തിക്കാടിന്റെ കഥ പറയുന്ന ശൈലി ഈ ചിത്രത്തിലെത്തുമ്പോള്‍ നന്നേ മുഷിപ്പിക്കുന്നു. ചിത്രത്തിലെ നായികയും നായകനും ഒരുമിക്കുന്ന സൗഹൃദ / പ്രണയ രംഗങ്ങളൊക്കെ കണ്ടിരിക്കുവാന്‍ പാടാണ്. 'അച്ഛന്റെ രോദനം' കേട്ട ഒരഞ്ചാറ് ചിത്രങ്ങളെങ്കിലും ഈ അടുത്ത കാലത്ത് മലയാളത്തിലുണ്ടായിട്ടുണ്ട്. അതിലൊക്കെ കണ്ട അച്ഛനേയും മകളേയുമൊക്കെയേ ഇതിലും കാണുവാനുള്ളൂ. നെടുമുടി വേണു അവതരിപ്പിക്കുന്ന കെ.പി. എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ചില ഭാഗങ്ങളില്‍ സിനിമയോട് ചെറിയൊരു താത്പര്യം തോന്നിപ്പിക്കും. അതിനെ വേണ്ടും വണ്ണും പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ തന്നെ ഈ സിനിമ എത്രയോ മെച്ചമാവുമായിരുന്നു! ഒടുക്കം അതു കൊണ്ടു ചെന്നെത്തിക്കുന്നതാവട്ടെ പ്രതീക്ഷിക്കാവുന്ന ഇടങ്ങളിലൊക്കെ തന്നെയും. ചുരുക്കത്തില്‍; നിലവില്‍ തുടര്‍ന്നു വരുന്ന രീതി വിട്ട്, കഥ പറയുന്ന ശൈലി തന്നെ ഒന്നു മാറ്റിപ്പിടിച്ചാല്‍ ഒരു പക്ഷെ സത്യന് അന്തിക്കാടിനും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും ഗുണകരമാവുമെന്നാണ് പുതുമ തീണ്ടാത്ത ഈ 'പുതിയ തീരങ്ങളും' ഓര്‍മ്മപ്പെടുത്തുന്നത്.
ഇന്നത്തെ (നാളത്തെയും) ചിന്താവിഷയം: സത്യത്തില്‍ സത്യന് അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഇതൊക്കെ തന്നെയാണോ? ഒരേ അച്ചിലിങ്ങനെ വാര്ത്തിറക്കുന്ന ചിത്രങ്ങള്‍ കാണുന്നതില്‍ എന്താനന്ദമാണ് ഈ പറയുന്ന സത്യന്റെ കുടുംബ പ്രേക്ഷകര്‍ക്ക് കിട്ടുന്നതെന്ന് അലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല!
ബെന്നി പി. നായരമ്പലം രചന നിര്‍വ്വഹിച്ച് സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ നമിത പ്രമോദും നിവിന്‍ പോളിയും നായികാനായകന്മാരാവുന്ന 'പുതിയ തീരങ്ങ'ളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇന്നലെ ഈ ചിത്രം ചങ്ങനാശ്ശേരി അഭിന തിയറ്ററില്‍ ഇരുന്നു കണ്ടു.
ReplyDeleteതിയേറ്ററില്‍ പോയി ആളുകള്‍ ചിത്രം കാണാത്തത് എന്തെന്ന് നേരിട്ട് മനസിലായി.
ചിത്രത്തില്‍ ആദ്യം പെണ്‍കുട്ടിയെ കാണിക്കുമ്പോള്‍ മുതല്‍ തീരും വരെ ഉള്ള കാണികളുടെ തെറി പറച്ചില് സഹിച്ചു കൊണ്ട്
ഈ കുടുംബചിത്രം കാണേണ്ടി വന്നു. ഇത് ഇങ്ങനെ എങ്കില്‍ ബാച്ചിലര്‍ പാര്‍ടിക്ക് എന്ത് തെറി ആകും ഉണ്ടായിരുന്നത് എന്ന് ആലോചിച്ചു പോയി.
ഫാമിലി ആയി ചിത്രം കാണേണ്ടി വന്നവര്‍ ഈ മുഴുതെറികള് സഹിച്ചു പടം കാണേണ്ടി വന്നു.
ചിത്രമോ പുതുമ ഒന്നുമില്ലാത്ത ഒരു ബോറന് പടവും. സത്യന് അന്തിക്കാട് ഇനിയും ഒരുപാടു തീരങ്ങള്‍ കാണേണ്ടി ഇരിക്കുന്നു..
തിരക്കഥഎഴുതുക എന്നത് തനിക്ക് അറിയാന്‍ വയ്യാത്ത പണിയാണെന്ന് തിരിച്ചറിവ് ഉണ്ടായതിന് സത്യന് അന്തിക്കാട് പ്രതേകം അഭിനന്ദനം അര്‍ഹിക്കുന്നു
ReplyDelete<>
ReplyDelete“നീറ്റാ ആന്റോ” അല്ലേ നിർമ്മാണം? തിരക്കിനിടയിൽ തെറ്റിപ്പോയതാണോ? പടം അസ്സൽ ബോർ.
സത്യന് അന്തിക്കാടിന്റെ നല്ല സൃഷ്ടികള്‍ വിസ്മരിക്കുന്നില്ല... പക്ഷേ ഈയിടേ , കഴിഞ്ഞ ഒരു പത്തു വര്‍ഷത്തില്‍ ആ ഗണത്തില്‍ പെടുത്താവുന്ന സിനിമകള്‍ ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്..
ReplyDelete"സ്വന്തം കുടുംബ പ്രേക്ഷകര്‍ എന്നൊരു മൂഢ സ്വര്‍ഗത്തിലാണ്" സത്യന് അന്തിക്കാട്..
ഈ തിരിച്ചറിവ് അദ്ദേഹത്തിന് പെട്ടെന്നുണ്ടാവട്ടെ എന്നു മാത്രം ആശംസിക്കുന്നു....
കുറെ കാലങ്ങള്‍ ആയുള്ള സത്യന് അന്തിക്കാടിന്റെ സിനിമകള്‍ അത്ര മികവു പുലര്തുന്നില്ലെങ്കിലും അത്ര നിശിതമായി വിമര്ഷിയ്ക്കപ്പെടെണ്ട സംവിധായകന് അല്ല അദ്ദേഹം. അമല്‍ നീരദിനെ പോലെയുള്ളവന്മാരുടെ സ്ലോ മോഷന്‍ കോപ്രായങ്ങളും നിര്‍ഗുണ പരബ്രഹ്മങ്ങള്‍ ആയ ചില ന്യൂ ജനറേഷന് പുലികളുടെ ബെര്മുഡവാലന്മാരെയും സഹിയ്ക്കേണ്ട എന്നുള്ളത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ സത്യന് ചിത്രങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. അതുകൊണ്ടാണ് മിയ്ക സത്യന് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വിജയം കാണുന്നത്.
ReplyDelete3/10 എന്നാ റിവ്യൂ നല്കാന് മാത്രം കൂറയാണ് പടം എന്ന് എനിക്ക് തോന്നിയില്ല. ക്ലൈമാക്സ് എച്ചുകെട്ടലാണ്. അത് സമ്മതിക്കുമ്പോള്‍ തന്നെ പടം ഒരു വിധം കുഴപ്പമില്ലാത്ത, കണ്ടിരിക്കാവുന്ന ഒന്ന് തന്നെയാണ് എന്നാണെന്റെ അഭിപ്രായം. പിന്നെ സ്ഥിരം സത്യന് സിനിമകളിലെ "ഉപദേശം" എലെമെന്റ് ഇതിലില്ല എന്നത് എടുത്തു പറയേണ്ടുന്നതാണ്.
ReplyDeleteപിന്നെ മറ്റൊന്ന് സിദ്ധാര്‍ത്ഥ ശിവ, നമിത പ്രമോദ് എന്നിവര്‍ നല്കുന്ന പ്രതീക്ഷയാണ്. നെടുമുടി വേണുവും നന്നായിത്തന്നെ അഭിനയിച്ചു.
ReplyDeleteഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനം മോളി കണ്ണമാലിയുടെതാണ്. മലയാള സിനിമയുടെ അഭിമാനമായ സ്വഭാവ നടീനടന്മാരുടെ ഗണത്തില്‍ തീര്‍ച്ചയായും ഈ നടി ഭാവിയില്‍ ഉള്‍പ്പെടും.
'പോലീസുകാര്‍ക്കൊക്കെ എന്തുമാകാമല്ലോ' എന്ന അച്ചുവിന്റെ അമ്മയിലെ ഡയലോഗാണ്, മുകില്‍ വര്‍ണ്ണന്റെ കമന്റ് കണ്ടപ്പോള്‍ തോന്നിയത്.
ReplyDeleteസത്യന് അനിതിക്കടായാലും, അമല്‍ നീരദ് ആയാലും ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാതെ വന്നാല്‍ പറയാതിരിക്കാന്‍ ആകുമോ?
രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട് ഇത്രയും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് സത്യന് അന്തിക്കാട് തന്നെ ആണ്. അവിടെ തന്നെ അദ്ദേഹത്തിന് പാളിച്ചകള്‍ തുടങ്ങി. വിനോദയാത്രയും, ഭാഗ്യദേവതയും തരക്കേടില്ലെന്ന് തോന്നി. മോഹന്‍ലാലിന്റെ താരസാനിധ്യം മൂന്നു ചിത്രങ്ങളെ കുറച്ചെങ്കിലും രക്ഷപെടുത്തി. പുതിയതീരങ്ങളില് ബെന്നി പി നായരംബലതിനും കാര്യമായി ഒന്നും കഴിഞ്ഞില്ല.. സത്യന് അന്തിക്കാടിന്റെ ചിത്രങ്ങളുടെ ശക്തി അതിന്റെ മികച്ച തിരക്കഥകള്‍ക്ക് തന്നെ ആയിരുന്നു. ആ മികച്ച തിരക്കഥകളും അദ്ധേഹത്തിന്റെ കഴിവും കൂടി ആയപ്പോള്‍ മികച്ച സിനിമകള്‍ നമുക്ക് ലഭിച്ചു. അദ്ധേഹത്തിന്റെ നല്ല ചിത്രങ്ങള്‍ നോക്കിയാല്‍ അത് അറിയാന്‍ സാധിക്കും. ബ്ലെസിയെ പോലെ സ്വയം തിരക്കഥ എഴുതി ഫിലോസഫി പറയാന്‍ ശ്രമിച്ചു മിക്കതും ഏശാതെ പോയതാണ് സത്യം (വിനോദയാത്രയിലെ അത്തരം ശ്രമം നല്ലത് തന്നെ ആയിരുന്നു എന്ന് സമ്മതിക്കുന്നു).
@sahridayan
ReplyDeleteഎടൊ സഹൃദയാ, തനിയ്ക്ക് കണ്ണിനു വല്ല കുഴപ്പവും......... I mean ..........വല്ല തിമിരമോ അങ്ങനെ വല്ലതും ഉണ്ടോ? അതോ തലയ്ക്കു നല്ല സുഖമില്ലേ ആവോ? ഞാന്‍ എഴുതിയതും അതിനു താന്‍ തന്ന മറുപടിയും തമ്മില്‍ ഒരു ബന്ധവും കാണുന്നില്ല. അത് കൊണ്ട് ചോദിയ്ക്കുന്നതാനെ.
//സത്യന് അനിതിക്കടായാലും, അമല്‍ നീരദ് ആയാലും ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാതെ വന്നാല്‍ പറയാതിരിക്കാന്‍ ആകുമോ?//
താന്‍ ധൈര്യമായിട്ട് പറയടോ മാഷേ. ആരേലും വേണ്ട എന്ന് പറഞ്ഞോ? അല്ലെങ്കില്‍ ആരെങ്കിലും തന്റെ അണ്ണാക്കില്‍ തുണി തിരുകി വെച്ചിട്ടുണ്ടോ? അത് പോലെ തന്നെയാണ് എനിയ്ക്കും എന്റെ അഭിപ്രായം തുറന്നു എഴുതാന്‍ ഒരു ന്യൂ ജനറേഷന് കൊഞ്ഞാണന്മാരുടെയും no objection certificate ആവശ്യമില്ല. താന്‍ ഇവിടെ നിരത്തിയ ചിത്രങ്ങള്‍ ഒന്നും തന്നെ മഹത്തരം ആണെന്ന് ഞാന്‍ പറഞ്ഞോ? ന്യൂ ജനറേഷന് വാലാസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭേദം എന്നല്ലേ പറഞ്ഞുള്ളൂ? അങ്ങനെ ഒരു അഭിപ്രായം പറയുന്നതിന് വേണ്ടി "ഓള് കേരള ബെര്മുടവാല അസോസിയേഷന് സെക്രട്ടറി" യ്ക്ക് അപേക്ഷ സമര്‍പ്പിച്ചു മുന്‍കൂര്‍ സമ്മതം വാങ്ങിയ്ക്കണം എന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ എന്റെ തെറ്റ് മനസ്സിലാക്കുന്നു. ഇനി മുതല്‍ അങ്ങനെ ചെയ്തോളാം പോരെ?
നല്ല സന്ദേശങ്ങള്‍ നല്കുന്ന സിനിമകള്‍ ചെയ്തിരുന്ന സത്യന് അന്തിക്കാട് ഇപ്പോള്‍ അത് എടുക്കതത്തിന്റെ കാര്യം മനസിലായി.
ReplyDeleteഎത്ര നല്ലത് പറഞ്ഞാലും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകും..