ഹസ്ബന്റ്സ് ഇന്‍ ഗോവ: ഗോവയിലെത്തിയ പേക്കൂത്ത്!
ഹരീ, ചിത്രവിശേഷം
സജി സുരേന്ദ്രന് - കൃഷ്ണ പൂജപ്പുര കൂട്ടുകെട്ടിന്റെ '
ഹാപ്പി ഹസ്ബന്റ്സ്' കണ്ട് ഹാപ്പിയായി തിയേറ്റര്‍ വിട്ട എത്രയാളുകള്‍ ഉണ്ടാവുമെന്ന് സംശയമാണ്. പക്ഷെ, പടം കാശു വാരി. അതിനാലാവാം UTV മോഷന്‍ പിക്ചേഴ്സിനും നിര്‍മ്മാതാക്കളായ റോണി സ്ക്രൂവാലയ്ക്കും സിദ്ദാര്‍ത്ഥ് റോയ് കപൂറിനും ഹസ്ബന്റ്സിന്റെ രണ്ടാം വരവില്‍ താത്പര്യം തോന്നിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി പിന്നെ ലാലും - ഇവരാണ് ഈ ചിത്രത്തിലെ ഹസ്ബന്റ്സ്. ഭാമ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, പ്രവീണ - യഥാക്രമം ഇവര്‍ ഹസ്ബ്ന്റ്സിന്റെ പങ്കാളികളാവുന്നു. കഴിഞ്ഞ ചിത്രത്തില്‍ മലേഷ്യയിലായിരുന്നു ഹസ്ബന്റ്സിന്റെ പേക്കൂത്തെങ്കില് ഇത്തവണയത് ഗോവയിലാക്കിയിട്ടുണ്ട്. പോരാഞ്ഞ് ഇതിനിടയിലൊരു ട്രയിന്‍ യാത്രയും. ഹസ്ബന്റ്സും പിന്നാലെ അവരുടെ ഭാര്യമാരുമൊക്കെ ഗോവയിലെത്തുന്നെങ്കിലും, ഈ സിനിമയും അതിന്റെ പ്രേക്ഷകരും എങ്ങുമെങ്ങുമെത്തുന്നില്ല.
ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 1.50 / 10
: 4.00 / 10
: 3.50 / 05
: 1.50 / 05
ഭാര്യമാരറിയാതെ ഗോവ ചുറ്റാനിറങ്ങുന്ന മൂന്ന് ഹസ്ബന്റ്സുമ്മാര്, വഴിയില്‍ അവര്‍ക്കൊപ്പം ചേരുന്ന നാലാമതൊരാള്‍, ഗോവയിലെത്തി ഇവര്‍ പെടുന്നൊരു കുരുക്ക്, ആ കുരുക്കില്‍ നിന്നും അവരെ രക്ഷപെടുത്തുന്ന ഭാര്യമാര്‍, വേണ്ടാവിചാരങ്ങളെല്ലാം ഉപേക്ഷിച്ച് നല്ല പിള്ളകളായി മാറുന്ന ഭര്ത്താക്കന്മാര് - കഥാതന്തുവൊക്കെ പഴയതു തന്നെ. ആകെ വരുന്ന മാറ്റങ്ങള്‍ ചില അഭിനേതാക്കളിലും പിന്നെ കഥ നടക്കുന്ന ഇടങ്ങള്‍ക്കുമാണ്. കാണികളെ ചിരിപ്പിക്കുവാന്‍ ആദ്യാവസാനം രചയിതാവും സംവിധായകനും പെടാപ്പാട് പെടുന്നെങ്കിലും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് തിയേറ്ററില്‍ ചിരി പൊട്ടിയത്. കുറഞ്ഞപക്ഷം, ഭാര്യമാരുടെ പീഢനരീതികള്ക്കെങ്കിലും ഒരു പുതുമയുണ്ടായിരുന്നെങ്കില് പിന്നെയും രസമുണ്ടായിരുന്നു. ഇതതുമില്ല! ഒള്ളതു പറയാമല്ലോ, പടത്തിന്റെ അവസാനം ട്രയിനിന്റെ ദൃശ്യത്തില്‍ നിന്നും നേരേ ക്യാമറ സെറ്റിലേക്കിറങ്ങിയതായിരുന്നു ചിത്രത്തില്‍ ഏറ്റവും രസിപ്പിച്ച രംഗം. ആ രസത്തിനായി അതുവരെ കണ്ടിരിക്കുക എന്നതാണ് കാണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.
Cast & Crew
Husbands in Goa
Directed by
Saji Surendran
Produced by
Ronnie Screwvala, Siddharth Roy Kapoor
Story, Screenplay, Dialogues by
Krishna Poojapura
Starring
Lal, Jayasurya, Indrajith, Asif Ali, Rima Kallingal, Bhama, Remya Nambeesan, Praveena, Kalabhavan Mani, Innocent, Suraj Venjaramoodu, Sarayu etc.
Cinematography (Camera) by
Anil Nair
Editing by
Manoj
Production Design (Art) by
Sujith Raghav
Music by
M.G. Sreekumar
Background Score by
Bijibal
Sound Design by
Rajakrishnan
Lyrics by
Shibu Chakravarthy
Make-Up by
Pradeep Rangan
Costumes by
Kumar Edappal
Choreography by
Prasanna
Stills by
Aghosh Vyshnavam
Designs by
Antony Stephen
Banner
UTV Motion Pictures
Release Date
2012 Sep 21
Snippet Review
Husbands and wives might have reached Goa, but the film and its audience reach nowhere!
അഭിനയത്തെക്കുറിച്ച് പറയുകയാണെങ്കില്‍ - ഹമ്മേ! ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു, എല്ലാവരും കൂടി കോമഡി അഭിനയിച്ചങ്ങ് കാണാനിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുകയാണ്. നാല് ഹസ്ബന്റ്സിന്റെ കോമഡി പോരാഞ്ഞാവണം സുരാജിനേയും ഇറക്കുന്നുണ്ട് ഇവര്‍ക്കിടയിലേക്ക്. ആകെ ഒരു മിനിറ്റേ ഉണ്ടായിരുന്നുള്ളൂ എന്നതു കൊണ്ടു കൂടിയാവാം, നെല്‍സണിന്റെ വേഷം തരക്കേടില്ലെന്നു തോന്നി. ഇന്നസെന്റൊക്കെ വന്നു വന്ന് അഭിനയിക്കാന്‍ മറന്ന മട്ടാണ്. കലാഭവന്‍ മണിയുടെ പോലീസുകാരന് യഥാര്‍ത്ഥത്തില്‍ ഗൗരവക്കാരനായാണോ അതോ ഗൗരവമഭിനയിക്കുന്ന കോമാളിയായാണോ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ഭാര്യമാര്‍ക്കും ഹസ്ബന്റ്സിന്റെ ഗോവന്‍ പെണ്സുഹൃത്തുക്കള്ക്കുമൊക്കെ കാര്യമായി ചിത്രത്തിലൊന്നും ചെയ്യേണ്ടതില്ല. ഹസ്ബന്റ്സിനെ സഹിക്കാമെങ്കില്‍ പിന്നെ അവരുടെ ഭാര്യമാരെ സഹിക്കുവാനാണോ പാട്!
അനില്‍ നായര്‍ പകര്‍ത്തിയ വര്‍ണശബളമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. ഇത്തരമൊരു ചിത്രത്തിനിണങ്ങുന്ന രീതിയിലുള്ള ഒരു സന്നിവേശശൈലിയാണ് മനോജ് സ്വീകരിച്ചിരിക്കുന്നതും. ഇന്ത്യന്‍ റയില്‍വേയുടെ ബോഗി ഇത്രയും വെടുപ്പോ എന്നാദ്യം സംശയിച്ചെങ്കിലും, ഒടുവില്‍ സുജിത്ത് രാഘവിന്റെ കരവിരുതാണത് എന്നറിഞ്ഞപ്പോള്‍ സമാധാനമായി. അവസാന ഭാഗമില്ലെങ്കിലും ബോഗിക്ക് പുറത്തേക്ക് തലനീട്ടുന്ന രംഗങ്ങളില്‍ നിന്നുമിത് ഊഹിക്കാം. സജി സുരേന്ദ്രന്റെ ഭാവനകള്ക്കൊപ്പിച്ച് ഇതര സാങ്കേതിക വിഭാഗങ്ങളും ചിത്രത്തില്‍ ചേര്‍ന്നു പോവുന്നുണ്ട്. ഷിബു ചക്രവര്‍ത്തി എഴുതി എം.ജി. ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തില്‍ സഹിക്കേണ്ട മറ്റൊരു ഘടകം. കൂട്ടത്തില്‍ 'നമ്പര്‍ 20 മദ്രാസ് മെയിലി'ലെ "പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..." എന്ന ഗാനവും ഒരുവഴിക്കാക്കിയിട്ടുണ്ട്.
ഇനിയിപ്പോ ഗോവ കാണാം എന്നാഗ്രഹിച്ചും 'ഹസ്ബന്റ്സ് ഇന്‍ ഗോവ' കാണുവാന്‍ ഉദ്യമിക്കേണ്ടതില്ല. 'ഹസ്ബന്റ്സ് ഇന്‍ കോവളം' എന്നു പേരിട്ടാലും ഈ സിനിമ ഇതുപോലെ തന്നെ കാണിക്കാം. ഇടയ്ക്ക് സ്ഥലം ഗോവയെന്നു കാണിക്കുന്ന റയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിന്റെ ഷോട്ട് മാത്രം ഒഴിവാക്കിയാല്‍ മതിയാവും. സിനിമയുടെ പേരിലും പിന്നെ സ്റ്റേഷന് ബോര്ഡിലുമല്ലാതെ ചിത്രത്തിലെവിടെയും ഗോവ കാണാനില്ലെന്നു ചുരുക്കം. ഇനിയിപ്പോ ഹസ്ബന്റ്സിനെ എങ്ങോട്ടു കെട്ടിയെടുക്കുവാനാണ് സജി സുരേന്ദ്രന്റെയും കൃഷ്ണ പൂജപ്പുരയുടേയും അടുത്ത പദ്ധതിയെന്നറിയില്ല. നവതരംഗ ചിത്രങ്ങളില്‍ ആരും കേട്ടിട്ടേ ഇല്ലാത്ത ആശ്ലീല വാക്കുകളുടെ ആധിക്യമായതു കൊണ്ടു പിന്നെ 'കുടുബ പ്രേക്ഷകര്‍'ക്ക് കാണാന്‍ പറ്റിയതായി ഇമ്മാതിരി പടങ്ങളൊക്കെ തന്നെയല്ലേയുള്ളൂ! പിള്ളേര് കണ്ടു പഠിക്കേണ്ട സാരോപദേശ കഥകളാണല്ലോ ഇവയൊക്കെയും! അതുകൊണ്ടു തന്നെ 'ഹസ്ബന്റ്സ് ഇന്‍ ഗോവ'യും കാശുവാരുമെന്നും സജിയും കൃഷ്ണയും മറ്റൊരു ഹസ്ബന്റ്സ് കഥയുമായി വീണ്ടും വരുമെന്നും ന്യായമായും പ്രതീക്ഷിക്കാം!
വാല്‍ക്കഷണം: ഇതെന്താണ് പഴയ സിനിമകളിലെ കഥാപാത്രങ്ങളെ പുനര്ജീവിപ്പിക്കുന്നതാണോ പുതിയ ട്രെന്‍ഡ്? 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ തങ്ങള്‍, ദേ ഇവിടെ ടി.ടി.ഇ. നാടാര്‍!
മറ്റൊരു ഹസ്ബന്റ്സ് കഥയുമായി കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും - 'ഹസ്ബന്റ്സ് ഇന്‍ ഗോവ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#HusbandsInGoa: Husbands and wives might have reached Goa, but the film and its audience never reach anywhere! #Chithravishesham
6:55 PM - 22 Sep 12
--
"നവതരംഗ ചിത്രങ്ങളില്‍ ആരും കേട്ടിട്ടേ ഇല്ലാത്ത ആശ്ലീല വാക്കുകളുടെ ആധിക്യമായതു കൊണ്ടു പിന്നെ 'കുടുബ പ്രേക്ഷകര്‍'ക്ക് കാണാന്‍ പറ്റിയതായി ഇമ്മാതിരി പടങ്ങളൊക്കെ തന്നെയല്ലേയുള്ളൂ! " - ഹ ഹ ഇതു രസിച്ചു!!
ReplyDeleteഈ പടം കണ്ടു വെറുതെ സമയം പാഴാക്കല്ലേ ....ഇതിനു കൊടുത്തിരിക്കുന്ന Rating-3 വളരെ കൂടുതലാണ്...തുടക്കമുതല്‍ അവസാനം വരെ ബോറടിക്കുന്ന സിനിമ....
ReplyDeleteതല്ലിപ്പൊളി പടം ... ഗോവയില്‍ കുറെ കോപ്രായങ്ങള്‍ .... ശേഷം പടം എങ്ങനെ അവസാനിപ്പിക്കാം എന്ന് അവര്‍ക്ക് വലിയ കണ്ഫ്യൂഷന് ഉണ്ടായിരുന്നെന്ന് തോന്നുന്നു.. എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഒപ്പിച്ചു....
ReplyDelete"ഒള്ളതു പറയാമല്ലോ, പടത്തിന്റെ അവസാനം ട്രയിനിന്റെ ദൃശ്യത്തില്‍ നിന്നും നേരേ ക്യാമറ സെറ്റിലേക്കിറങ്ങിയതായിരുന്നു ചിത്രത്തില്‍ ഏറ്റവും രസിപ്പിച്ച രംഗം. ആ രസത്തിനായി അതുവരെ കണ്ടിരിക്കുക എന്നതാണ് കാണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി" --exactly---
ReplyDelete2004 ലില്‍ പുറത്തിറങ്ങിയ ഹിന്ദി ഫിലിം Masti യുടെ തനി copy ആണ് Husbands in Goa .Happy husbands സും ഒരു ഹിന്ദി ഫിലിം ന്റെ തനി കോപ്പി ആയിരുന്നലോ, No Entry എന്ന ഫിലിം ആയിരുന്നു അത് .എന്തായാലും കൃഷ്ണ പുജപുരകും(writter ),Saji Surendran നും husbands ന്റെ മുന്നാം ഭാഗം ഒരുകുവാന്‍ അതികം കഷ്ട്ടപെടെണ്ടി വരിലാ,കാരണം "Grand Masti "എന്ന പേരില്‍ Masti യുടെ രണ്ടാം ഭാഗം വരുന്നുണ്ട്.
ReplyDelete||||||||||വാല്‍ക്കഷണം: അടുത്ത priyadarshan ആവാനാണോ Saji Surendran ന്റെ ശ്രമം .........
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDelete'Masti' ഞാന്‍ കണ്ടിട്ടില്ല, വിക്കിയില്‍ പ്രസ്തുത സിനിമയുടെ പ്ലോട്ട് വായിച്ചിട്ട് അതിന്റെ തനിപ്പകര്‍പ്പാണ് ഇതെന്ന് തോന്നുന്നില്ല. ഒരുപക്ഷെ, ആദ്യ ഭാഗങ്ങളില്‍ ചില സമാനതകള്‍ കാണാമെന്നു മാത്രം.
--
അവസാനം ഷൂട്ടിംഗ് ലൊക്കേഷന്‍ കാണിക്കുന്നത് മാത്രമാണ് ഈ പടത്തില്‍ ആകെ കാണാന്‍ കൊള്ളാവുന്ന സീന്‍!!. ..
ReplyDelete"ബ്യൂട്ടിഫുള്‍ " നൊസ്റ്റാള്‍ജിയയില്‍ "തിരോന്തരംലോഡ്ജ് "കാണാന്‍ കയറി, ലോഡ്ജിന്റെ അണിയറക്കാരുടെ തന്തക്കും തള്ളക്കും വിളിച്ച് ഇറങ്ങിപ്പോയ കുടുംബങ്ങള്‍ക്ക് ധൈര്യമായി കാണാന്‍ പറ്റുന്ന ചിത്രം,സിനിമയെ വിനോദം മാത്രമായി കാണുന്ന പ്രേക്ഷകര്‍ ഈ ചിത്രം മിസ്സ് ചെയ്യരുത്
ReplyDelete