ചട്ടക്കാരി (Review: Chattakkari)

Published on: 9/14/2012 08:26:00 AM

ചട്ടക്കാരി: ശശിയെന്ന നായകനും 'ശശി'യാവുന്ന പ്രേക്ഷകരും!

ഹരീ, ചിത്രവിശേഷം

Chattakkari: Chithravishesham Rating [2.50/10]
പമ്മന്റെ കഥയ്‍ക്ക് തോപ്പില്‍ ഭാസി തിരനാടകമെഴുതി സേതുമാധവന്‍ 1974-ല്‍ കൊട്ടകയിലെത്തിച്ച 'ചട്ടക്കാരി'യുടെ പുനരാവിഷ്‍കാരം - ലക്ഷ്‍മിയുടെ സ്‍ഥാനത്ത് പൂര്‍ണ അഥവാ ഷംന കാസിം ജൂലിയാവുന്ന പുതിയ 'ചട്ടക്കാരി'യെക്കുറിച്ചാണ്‌ ഈ വിശേഷം. 'രതിനിര്‍വ്വേദ'ത്തിനു ശേഷം രേവതി കലാമന്ദിറിന്റെ ബാനറില്‍ തന്റെ പണി തുടരുന്നു (നിര്‍മ്മാതാവ് എന്നാണ്‌ ടൈറ്റിലുകളില്‍) സുരേഷ് കുമാര്‍‍. ഹേമന്ത് മേനോന്‍, ഹരികൃഷ്ണന്‍, സുവര്‍ണ, ഇന്നസെന്റ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഷം‍നയുടെ ശരീരവും ശ്രെയയുടെ ശാരീരവും - ഇതല്ലാതെ മറ്റൊന്നും ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. എം. ജയചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച് ശ്രെയ ഗോശാല്‍ പാടിയ ഗാനങ്ങളും, ഷംന കാസിമിന്റെ തരക്കേടില്ലാത്ത ജൂലിയായുള്ള പ്രകടനവും - ഇതു രണ്ടിനുമായി സിനിമ കാണേണ്ടതുണ്ടോ എന്നതാണിവിടെ ഉയരുന്ന ചോദ്യം. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന ഉത്തരത്തിനനുസരിച്ച് വായനക്കാര്‍ക്ക് ഈ സിനിമയ്‍ക്ക് തല വെയ്‍ക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാം. 'ഉണ്ട്' എന്നു കരുതുന്നവര്‍ ചിത്രം കണ്ടതിനു ശേഷം വിശേഷം വായിക്കുക, തെല്ലൊരു ആശ്വാസം ലഭിച്ചേക്കും! :)

ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 0.00 / 10
: 3.50 / 10
: 2.50 / 05
: 4.00 / 05
അച്ഛന്റെ തഴമ്പ് കണ്ട് തനിക്കുമാകുമെന്നു കരുതി സിനിമ പിടിക്കാനൊരു മകന്‍ തുനിഞ്ഞാല്‍ എങ്ങിനെയിരിക്കും? സംശയമെന്ത്, 'ചട്ടക്കാരി'യെപ്പോലെയിരിക്കും! കഥയെഴുതിയ പമ്മനേയോ തിരക്കഥയെഴുതിയ തോപ്പില്‍ ഭാസിയേയോ ഇനി പറഞ്ഞിട്ടു കാര്യമില്ല. അവര്‍ പണ്ടെങ്ങോ എഴുതി വെച്ചതെടുത്തൊരു സിനിമയായി പിന്നെയുമിറക്കുമ്പോള്‍ അതു വിറ്റു പോകുവാന്‍ പൂര്‍ണയെ മൈക്രോ സ്കേര്‍ട്ടുടുപ്പിച്ച് നടത്തിയാല്‍ / കിടത്തിയാല്‍ മാത്രം മതിയാവില്ലെന്നൊരു വെളിവ് സന്തോഷിനോ സുരേഷ് കുമാറിനോ ഉണ്ടായില്ല എന്നതാണ്‌ ഈ ചിത്രമിങ്ങനെയൊരു ദുരന്തമായി തീരുവാന്‍ മുഖ്യകാരണം. സിനിമയുടെ ഭാഷയോ വ്യാകരണമോ അറിയാത്ത, എന്ത് എവിടെ എങ്ങിനെ പറയണമെന്നറിയാത്ത, ഒരു തുടക്കക്കാരന്‍ പണി പഠിച്ചു തുടങ്ങിയ ഒരു സൃഷ്ടി; ഇങ്ങിനെയൊരു വിശേഷണമാണ്‌ ഈ 'ചട്ടക്കാരി'ക്കു ചേരുക. വെയിലത്ത് പാറപ്പുറത്ത് കുനിച്ചു കിടത്തിയും, കുഞ്ഞിന്റെയുടുപ്പ് പെട്ടിയിലാക്കുവാനെന്ന ഭാവേന കുനിച്ചു നിര്‍ത്തിയും നായികയുടെ മാറിടത്തിന്റെ തൂക്കം നോക്കലല്ല, ചുരുങ്ങിയ പക്ഷം അതുമാത്രമല്ല (ചിത്രമിതായതു കൊണ്ട് അതിനും വേണം സംവിധായകനൊരു കഴിവ്, അവിടെയുമില്ല സന്തോഷിനൊരു ഔചിത്യം!), സംവിധാനപ്പണിയെന്നെങ്കിലും ചുരുങ്ങിയ പക്ഷം പടമെടുക്കുവാനിറങ്ങും മുന്‍പ് സന്തോഷ് സേതുമാധവന്‍ മനസിലാക്കേണ്ടിയിരുന്നു. ഇനി ചിത്രത്തില്‍ ആവശ്യമുള്ളയിടങ്ങളിലാവട്ടെ മര്യാദയ്ക്കൊരു ചുംബനം പോലും കാണിക്കുവാനുള്ള ധൈര്യവും സന്തോഷിനുണ്ടായില്ല.

Cast & Crew
Chattakkari

Directed by
Santosh Sethumadhavan

Produced by
G. Suresh Kumar

Story / Screenplay, Dialogues by
Pamman / Thoppil Bhasi

Starring
Poorna (Shamna Kasim), Hemanth Menon, Suvarna Mathew, Harikrishnan, Sukumari, Malu Raveendranath, Innocent, Prem Kumar, Kalasala Babu etc.

Cinematography (Camera) by
Vinod Illampally

Editing by
Ajith Kumar

Production Design (Art) by
Mahesh Sridhar

Music / Background Score by
M. Jayachandran

Lyrics by
Rajeev Alunkal, Murukan Kattakkada

Make-Up by
P.V. Sankar

Costumes by
Sheeba Rohan

Choreography by
Kumar Santhi

Stills by
Anu Pallickal

Designs by
Jissen Paul

Banner
Revathy Kalaamandhir

Release Date
2012 September 13

Snippet Review

A few good songs and an above average performance from Poorna (Shamna Kasim) - apart from these two, nothing remains to mention in this film. The question here is, do you want to watch this film for these two?

ജൂലി എന്ന കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍, കഴിയുന്നത്ര 'തുറന്ന'ഭിനയിക്കുവാനൊക്കെ പൂര്‍ണ തയ്യാറായിട്ടുണ്ട്. പക്ഷെ, അതു സിനിമയ്‍ക്കുതകും വിധം ഉപയോഗപ്പെടുത്തുവാനുള്ള ശേഷി സംവിധായകനില്ലാതെ പോയി. എന്തായാലും സംവിധായകന്‍ ഉദ്ദേശിച്ചതിലും മികവോടെ പൂര്‍ണ ജൂലിയെ അവതരിപ്പിച്ചിട്ടുണ്ട് എന്നേ സംവിധായകന്‍ ഓ.കെ. പറഞ്ഞ മറ്റു കഥാപാത്രങ്ങളുടെ അവതരണം കാണുമ്പോള്‍ തോന്നുകയുള്ളൂ. ഈ ചിത്രത്തില്‍ കാണുവാനെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഷംനയുടെ മേനിയഴക് മാത്രമാണെന്നും പറയേണ്ടി വരും. (അതിനിപ്പോള്‍ സിനിമയുടെ പോസ്റ്ററുകള്‍ / യൂട്യൂബിലെ വീഡിയോകള്‍ കണ്ടാലും മതിയാവും!) സുരതസമയത്തു പോലും എന്തെങ്കിലുമൊരു ഭാവം മുഖത്തു വരാതെ നോക്കുവാന്‍ ഹേമന്ത് മേനോന്‍ ശ്രദ്ധിച്ചിട്ടുണ്ട്. (ഇനി ഇതാണോ ആത്മനിയന്ത്രണം പാലിച്ചുള്ള അഭിനയം?) ജൂലിയെ കാമിക്കുകയാണ്‌ ശശി എന്നാണ്‌ വെയ്പ്പ് - പക്ഷെ ഹേമന്തിന്റെ ശശിക്കാവട്ടെ കാമത്തോടെയൊന്ന് ജൂലിയെ നോക്കുവാന്‍ പോലും ആവതില്ല! (പക്ഷെ, അവളെ ഭോഗിച്ച് ഗര്‍ഭിണിയാക്കിയെന്ന് കാണുന്നവര്‍ വിശ്വസിച്ചോളണം. എന്തോ ഒരു മൃഗം ഏവരുടെ ഉള്ളിലും ഉറങ്ങിക്കിടപ്പുണ്ടെന്നല്ലേ, അങ്ങനെ വല്ലതുമായിരിക്കും!) ഹരികൃഷ്ണന്റെ റിച്ചാര്‍ഡെന്ന മറ്റൊരു ജൂലീകാമുകന്‍ ഏതു നേരവും സൈക്കിളിലാണ്. അതു ചവിട്ടുമ്പോഴും നായികയോട് പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോഴുമൊക്കെ പുള്ളിക്കെന്തോ പോയ അണ്ണാന്റെ ഭാവമാണ്! സുവര്‍ണയും ഇന്നസെന്റും കലാശാല ബാബുവും എന്നിങ്ങനെ മറ്റുള്ളവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കാര്യവും കണക്കാണ്. പ്രേം കുമാറിന്റെയൊക്കെ അഭിനയം കണ്ടിട്ട് എഡിറ്റിംഗ് ടേബിളില്‍ പോലും ഒഴിവാക്കുവാന്‍ സംവിധായകനു തോന്നിയില്ലെന്നതാണ്‌ അത്ഭുതം. ഇമ്മാതിരി കുറച്ചു പേരല്ലാതെ മറ്റാരും ഭൂമുഖത്തേ ഇല്ലെന്ന മട്ടിലാണ്‌ സംവിധായകന്‍ സിനിമ കൊണ്ടു പോവുന്നതും.

കുഞ്ഞിന്റെ തുണി ബാഗില്‍ നിറയ്‍ക്കുന്നതിനും കത്തുപൊട്ടിച്ച് വായിച്ച് കീറിക്കളയുന്നതിനും ഒരു മിനിറ്റോളം നീണ്ട ഷോട്ടെടുക്കുന്ന സംവിധായകന്‌ ജൂലിക്ക് മകനോടുള്ള ബന്ധം കാണിക്കുവാന്‍ സെക്കന്റുകള്‍ മതി. എന്തോ ഒരു പരവേശം കാണിച്ച ജൂലിയുടെ അച്ഛന്‍ അടുത്ത ഷോട്ടില്‍ പൂര്‍ണ ഉല്ലാസവാന്‍; അതേ രീതിയില്‍ മറ്റൊരു ഇടത്ത് പരവേശം, അടുത്ത ഷോട്ടില്‍ മരിച്ചിട്ട് രണ്ടു ദിവസമായെന്ന കഥാപാത്രങ്ങളുടെ വര്‍ത്തമാനം. ഷോട്ടുകളേയും സീനുകളേയുമൊക്കെ കുറിച്ച് മിനിമം ധാരണ വേണമല്ലോ സംവിധായകന്. അതില്ലാത്തത് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തെ വല്ലാതെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണത്തിന്റെ മെനയിലാണ്‌ ചിത്രം കണ്ടിരിക്കുവാന്‍ പരുവത്തിലാവുന്നത്. സന്തോഷ് സേതുമാധവന്റെ രീതിക്ക് ചിത്രസന്നിവേശം ചെയ്യുവാന്‍ അജിത്ത് കുമാര്‍ പാടുപെട്ടിരിക്കാം. കാലം സൂചിപ്പിക്കുവാനാവണം (ഏതോ ഒരു പഴയകാലം) രണ്ട് പഴയ മോഡല്‍ കാറുകള്‍ സിനിമയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. മഹേഷ് ശ്രീധറിന്റെ കലാസംവിധാനം ഇതിനപ്പുറമൊന്നും സിനിമയ്‍ക്കായി ചെയ്തിട്ടില്ല. (ലണ്ടനിലേക്ക് പോവുന്നവരെന്തിനാണ്‌ കട്ടിലും കണ്ണാടിയും വരെ ഇറക്കി ഉമ്മറത്ത് ചെരിച്ചു വെയ്‍ക്കുന്നതെന്ന് മനസിലായില്ല. സംവിധായകന്‍ വീടു വിട്ടു പോവുന്നു എന്നേ പറഞ്ഞിട്ടുണ്ടാവുള്ളൂ, ലണ്ടനിലേക്കാണെന്ന് പറഞ്ഞിരിക്കില്ല! മഹേഷ് നേരേ വീടു മാറുന്ന സെറ്റപ്പൊക്കെ ഒരുക്കി! :-D) വസ്‍ത്രാലങ്കാരത്തിലും ചമയത്തിലുമൊക്കെയുണ്ട് ഇങ്ങിനെ പറഞ്ഞു ചിരിക്കുവാന്‍ വകയേറെ. വലിച്ചു വാരി എഴുതുവാന്‍ താത്പര്യമില്ലാത്തതിനാല്‍ നിര്‍ത്തുന്നു.

ഈ ചിത്രത്തില്‍ മികച്ചത് എന്നു പറയാവുന്നത് രാജീവ് ആലുങ്കലെഴുതി എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ തയ്യാറായിട്ടുള്ള ഗാനങ്ങളാണ്. (പശ്ചാത്തല സംഗീതവും ജയചന്ദ്രന്‍ തന്നെ. അതു കാര്യമായ ശല്യമൊന്നും ചെയ്യാതെയങ്ങ് പോവുന്നുണ്ട്.) ശ്രെയ ഗോശാല്‍ ആലപിച്ച "കുറുമൊഴിയുടെ കൂട്ടിലെ", "നിലാവേ നിലാവേ..." (ഇടയ്ക്ക് കുറച്ചിടങ്ങളില്‍ സുധീപ് കുമാറിന്റെ ശബ്ദവും കേള്‍ക്കാം) എന്നിവ തന്നെ കൂട്ടത്തില്‍ മികച്ചവ. രാജേഷ് കൃഷ്ണനും സംഗീത ശ്രീകാന്തും പാടിയിരിക്കുന്ന "ഓ! മൈ ജൂലി...", ചിത്രയുടെ ശബ്ദത്തില്‍ "ആനന്ദലോല..." എന്നീ ഗാനങ്ങളും നന്ന്.

രതിച്ചേച്ചി, ജൂലി, ക്ലാര... - സിനിമയെ സൂചിപ്പിക്കുവാനാവുന്ന നായിക കഥാപാത്രങ്ങള്‍ ഇങ്ങിനെ ചിലതൊക്കെയേ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളൂ. ജി. സുരേഷ് കുമാര്‍ ഇവരെ പുതു നടിമാരിലൂടെ പുനരുജ്ജീവിപ്പിക്കുമ്പോള്‍‍, ഇവരുടെ ശരീരം കാണിച്ച് കാശുണ്ടാക്കുക എന്നല്ലാതെ 'മലയാളത്തിലുണ്ടായ ക്ലാസിക്കുകള്‍ പുതുതലമുറക്കായി വീണ്ടുമൊരുക്കുന്നു' എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‍കാണ്. ചുരുങ്ങിയപക്ഷം ഇമ്മാതിരി അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കുവാനെങ്കിലും ജി. സുരേഷ് കുമാരനു തിരുവുള്ളമുണ്ടാവണം. അതല്ലെങ്കില്‍ സംവിധായകന്റെ അച്ഛന്‍ യഥാര്‍ത്ഥ സേതുമാധവനുള്‍പ്പടെയുള്ള പോയ കാല ചലച്ചിത്ര പ്രവര്‍ത്തകരോടും ആസ്വാദകരോടും ചെയ്യുന്ന വലിയൊരു അനീതിയാവും ഈ പുനരാവിഷ്‍കാര സിനിമകള്‍. ചുരുക്കത്തില്‍, ചിത്രത്തിലെ നായകന്റെ പേര്‌ - ശശി - ഈ പടം കണ്ടവര്‍ക്കാണ്‌ കൂടുതല്‍ ചേരുക. അങ്ങിനെ കാശുമുടക്കി ശശിയായവര്‍ക്കായി ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് വിശേഷം അവസാനിപ്പിക്കുന്നു! :-)

അശരീരി: 'ആന്തരാക്സ്, കൂന്തരാക്സ്! തള്ളേ, കലിപ്പുകള്‌ തീരണില്ലല്ല്!'

ബോധോദയം: ഈ സന്തോഷ് സേതുമാധവനു പകരം സന്തോഷ് മാധവനെ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ പടം ഇതിലും മെച്ചമായേനേം!

9 comments :

 1. പൂര്‍ണയെ ജൂലിയാക്കി സന്തോഷ് സേതുമാധവന്റെ സംവിധാനത്തില്‍ 'ചട്ടക്കാരി' വീണ്ടുമെത്തുന്നു. പ്രസ്തുത ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Chattakkari: Songs and #Poorna, the film belongs to them. But, it's not worth to watch the film for these alone. #Chithravishesham
  9:06 PM - 13 Sep 12
  --

  ReplyDelete
 2. ഹരിയുടെ റിവ്യൂ ഒക്കെ വായിച്ചാണ് ഞാന്‍ ഇപ്പൊ പടം കാണണോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നത്. ഇതും ഒരു തീരുമാനം ആയി.
  സന്തോഷ് സേതുമാധവനു പകരം സന്തോഷ്‌ പണ്ഡിറ്റ്‌ ആയാലോ? :D

  ReplyDelete
 3. ചിന്തിക്കായ്‍കയല്ല. പക്ഷെ, പണ്ഡിറ്റിന്റെ ശശിക്ക് ഒരു ജൂലിയൊന്നും മതിയാവില്ല, 8 ജൂലിയെങ്കിലും വേണം - പിന്നെ 8 പാട്ട്, 8 സ്റ്റണ്ട്... ഈ തിരക്കഥവെച്ചൊരു പടമെടുക്കാന്‍ പുള്ളി സമ്മതിക്കുമെന്ന് തോന്നുന്നില്ല. :)
  --

  ReplyDelete
 4. ലക്ഷ്മിയും സോമനും അടൂർ ഭാസിയും (മോഹന്റെ കാര്യം പോകട്ടേ. ചിലപ്പോൾ ഹേമന്ത് മേനോനാവും ഭേദം!) തകർത്തഭിനയിച്ച "ചട്ടക്കാരി"യുടെ സ്ഥാനത്താണോ ഇതു കാണേണ്ടി വരിക? കഷ്ടം!


  "ജൂലീ... യേസ് ഡാർലിംഗ്..." പോലെ ഒരു പാട്ടു് ഇതിലുണ്ടോ? ശശിയുടെ "യുവാക്കളേ, യുവതികളേ..." പാടുന്ന പെങ്ങളോ?

  ReplyDelete
 5. സന്തോഷ് മാധവനെ ആണോ അതോ സന്തോഷ് പണ്ഡിറ്റിനെ ആണോ ഇറക്കേണ്ടേ??!!!!

  ReplyDelete
 6. hari chettaa enthaithu nammude kuttikal tamizhilum teluguvilum poyi meni pradarsanam cheyyunnu ivide cheyyunnilla enna janangalude parathi matan ivide thanne pradarsipikumbol athine ethirkukayano cheyyendathu?

  ReplyDelete
 7. രതിച്ചേച്ചി, ജൂലി, ക്ലാര... - സിനിമയെ സൂചിപ്പിക്കുവാനാവുന്ന നായിക കഥാപാത്രങ്ങള്‍ ഇങ്ങിനെ ചിലതൊക്കെയേ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളൂ. ജി. സുരേഷ് കുമാര്‍ ഇവരെ പുതു നടിമാരിലൂടെ പുനരുജ്ജീവിപ്പിക്കുമ്പോള്‍‍, ഇവരുടെ ശരീരം കാണിച്ച് കാശുണ്ടാക്കുക എന്നല്ലാതെ 'മലയാളത്തിലുണ്ടായ ക്ലാസിക്കുകള്‍ പുതുതലമുറക്കായി വീണ്ടുമൊരുക്കുന്നു' എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‍കാണ്.

  Can't agree more..

  ReplyDelete
 8. ഇവിടെ മൊബൈലും ബ്ലൂ ടൂതും ഉള്ളപ്പോള് എന്തിനായിരുന്നു ഈ സാഹസം

  ReplyDelete
 9. Oh! my julie sung by Sangeetha Srikant not sreekumar

  ReplyDelete