ഗ്രാമം (Review: Gramam)

Published on: 8/14/2012 08:23:00 AM

ഗ്രാമം: പണ്ടെങ്ങാനുമായിരുന്നെങ്കില്‍ വിപ്ലവം, ഇതിപ്പോള്‍ സമയനഷ്ടം!‌

ഹരീ, ചിത്രവിശേഷം

Gramam: Chithravishesham Rating(2.50/10)
മോഹന്‍ ശര്‍മ്മ എന്ന അഭിനേതാവ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ്‌ 'ഗ്രാമ'ത്തിലൂടെ. ചിത്രത്തിന്റെ രചന, നിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതിനൊപ്പം ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ ശര്‍മ്മ തന്നെ. സംവൃത സുനില്‍, നിഷാന്‍, നെടുമുടി വേണു, സുകുമാരി തുടങ്ങിയവരൊക്കെയാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളില്‍. മലയാളത്തോടൊപ്പം 'നമ്മ ഗ്രാമം' എന്ന പേരില്‍ തമിഴിലും ഈ ചിത്രം തയ്യാറാക്കിയിരുന്നു. തമിഴ് ചിത്രത്തിന്റെ പേരില്‍ സുകുമാരിക്ക് ഈ ചിത്രത്തിലെ പ്രകടനത്തിന്‌ 2010-ലെ മികച്ച സഹനടിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. പ്രസ്‍തുത ചിത്രത്തിലൂടെ ഇന്ദ്രന്‍സ് ജയന്‌ മികച്ച വസ്‍ത്രാലങ്കാരത്തിനുള്ള പുരസ്‍കാരവും ലഭിച്ചു. ആ വര്‍ഷത്തെ കേരള ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച കഥയ്‍ക്കുള്ള പുരസ്‍കാരം മലയാളം പതിപ്പിനും ലഭിക്കുകയുണ്ടായി. പക്ഷെ, ഈ പറയുന്ന അവാര്‍ഡുകളുടെ പകിട്ടൊന്നും ചിത്രത്തിനില്ല എന്നതാണ്‌ വാസ്‍തവം. മറിച്ച് എന്തിന്റെ പേരിലാണ്‌ ഇതിനൊക്കെ മികച്ച കഥയ്‍ക്കുള്ള അവാര്‍ഡെന്ന സംശയമാണ്‌ സിനിമ കഴിയുമ്പോള്‍ മിച്ചമാവുക.

ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 4.00 / 10
: 3.00 / 05
: 1.00 / 05
സ്വാതന്ത്ര്യ ലബ്ദിയോടടുത്ത്, മുപ്പതുകളിലും നാല്‍പതുകളിലുമായാണ്‌ സിനിമയ്‍ക്ക് ആധാരമായ കഥ നടക്കുന്നത്. കഥ എന്നു പറയുമ്പോള്‍ ഒരു തമിഴ് ബ്രാഹ്മണ ഗ്രാമത്തിലെ ഒരു പ്രമാണിയുടെ കുടുംബത്തിലെ ചില സംഭവങ്ങളാണ്‌ പ്രതിപാദ്യം. ഒരു പക്ഷെ അമ്പതുകളിലോ അറുപതുകളിലോ ഇതേ പ്രമേയം സിനിമയായിരുന്നെങ്കില്‍ വിപ്ലവമെന്നോ മറ്റോ വിളിക്കാമായിരുന്നു. പക്ഷെ, ഇന്ന് ആ കാലഘട്ടത്തിലെ അനാചാരങ്ങളും മറ്റും തുറന്നു കാണിക്കുന്നൊരു സിനിമയുടെ സാംഗത്യം എന്താണെന്ന് മനസിലാവുന്നില്ല. അത്രമേല്‍ പ്രസക്തമായ ഒരു വിഷയവും ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. കഥയെന്നു പറയുവാന്‍ കാര്യമായൊന്നുമില്ല എന്നത് കണ്ടില്ലെന്നു വെച്ചാലും ചിത്രത്തിന്റെ തിരനാടകം ഈ മട്ടിലൊക്കെ തയ്യാറാക്കുവാന്‍ ഈ കാലത്തും ആളുണ്ടെന്നതാണ്‌ അത്ഭുതം! ഈ പറഞ്ഞത് നിര്‍ബന്ധമില്ലെന്നു വെച്ചാലും, സിനിമ കണ്ടിരിക്കുവാനൊരു പ്രേരണയായി എന്തെങ്കിലുമൊക്കെ വേണമല്ലോ? അങ്ങിനെയൊന്നും ഈ ചിത്രത്തില്‍ കണ്ടെത്തുവാനായില്ല എന്നതിനാല്‍ തന്നെ സമയനഷ്ടവും ധനനഷ്ടവുമാണ്‌ ചിത്രം കാണുവാന്‍ കയറുന്നവരെ കാത്തിരിക്കുന്നത്.

Cast & Crew
Gramam

Directed by
Mohan Sharma

Produced by
Mohan Sharma

Story, Screenplay, Dialogues by
Mohan Sharma

Starring
Mohan Sharma, Samvrutha Sunil, Nishan, Nedumudi Venu, Sukumari, Y.G. Mahendraa, Nalini, Fathima Babu, Krupa Nandakumar etc.

Cinematography (Camera) by
Madhu Ambat

Editing by
B. Lenin

Production Design (Art) by
M. Bava

Music by
B.M. Sundaram

Make-Up by
Jayan Mohan

Costumes by
Indrans Jayan

Banner
Gunachithra Movies

Release Date
2012 Aug 10

ചിത്രത്തില്‍ കേന്ദ്രസ്ഥാനത്തുള്ള മണിസാമിയായി മോഹന്‍ ശര്‍മ്മ, മണിസാമിയുടെ വിധവയായ അമ്മയായി സുകുമാരി, ചെറുപ്പത്തിലേ വിധവയായ തുളസിയായി സംവൃത സുനില്‍, മണിസാമിയുടെ മകനായി നിഷാന്‍ തുടങ്ങി ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കള്‍ എല്ലാവരും തന്നെ തങ്ങളുടെ വേഷം മികച്ചതാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ആ ശ്രമങ്ങളെല്ലാം ജലരേഖയായി മാറുന്നതാണ്‌ സിനിമയില്‍ കാണുവാനുള്ളത്. കഥാപാത്ര നിര്‍മ്മിതിയിലെ തകരാറുകള്‍ കാരണമായി ഈ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരുടെ മനസിലിടം നേടുന്നില്ല.

സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ വ്യക്തിഗത മികവാണ്‌ ചിത്രത്തെ കാഴ്ചയ്ക്കെങ്കിലും ഒരു സിനിമയാക്കുന്നത് എന്നു പറയാം. എന്നാലതിനു പോലും ചിത്രത്തെ രക്ഷിച്ചെടുക്കുവാന്‍ കഴിയുന്നുമില്ല. ഇത്തരമൊരു ചിത്രത്തില്‍ മധു അമ്പാട്ടിന്റെ ഛായാഗ്രഹണത്തിന്റെ സ്വഭാവം എന്താണെന്ന് ഒരു മിനിമം ധാരണ അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും. സമാനമായ രീതികളില്‍ തന്നെയാണ്‌ ഈ ചിത്രത്തിലും അദ്ദേഹത്തിന്റെ ക്യാമറ ചലിക്കുന്നത്. അധികവും ഒരു അഗ്രഹാരത്തിന്റെ ചുറ്റുവട്ടങ്ങള്‍ക്കുള്ളിലാണ്‌ കഥ പുരോഗമിക്കുന്നത് എന്നത് കലാസംവിധായകന്‍ എം. ബാവയ്‍ക്ക് വളരെ സഹായകരമായിട്ടുണ്ടാവണം. ജയന്‍ മോഹനോടും (ചമയം), ഇന്ദ്രന്‍സ് ജയനോടും (വസ്‍ത്രാലങ്കാരം) ചേര്‍ന്ന് സിനിമ നടക്കുന്ന കാലഘട്ടത്തെ വിശ്വസനീയമായി വരച്ചിടുവാന്‍ എം. ബാവയ്‍ക്ക് കഴിഞ്ഞു. ഇടയ്‍ക്കെപ്പോഴൊക്കെയോ ചില ഗാനങ്ങളും വന്നു പോവുന്നുണ്ട്. അവയ്‍ക്കും വിശേഷിച്ചൊരു പ്രാധാന്യം ചിത്രത്തില്‍ കരുതുവാനില്ല.

മുപ്പതുകളിലേയും നാല്‍പ്പതുകളിലേയും ഒരു തമിഴ് ബ്രാഹ്മണഗ്രാമം ചിത്രീകരിക്കുക എന്നതല്ലാതെ സംവിധായകന്‍ മറ്റെന്തെങ്കിലും ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. ഇടയ്‍ക്കിടെ ഓരോ പ്രത്യേക ഉദ്ദേശങ്ങള്‍ക്കായി അവിടെയുമിവിടെയും ചില രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥയുമായോ അല്ലെങ്കില്‍ മുന്നും പിന്നുമുള്ള രംഗങ്ങളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല ഈ ഭാഗങ്ങള്‍ക്ക്. മുറ്റത്ത് പാട്ടിന്റെ താളം മുറുകുമ്പോള്‍, മുകളില്‍ കിടപ്പറയില്‍ മണിസാമിയുടെ സംബന്ധം പുരോഗമിക്കുന്നത് മാറി മാറി കാണിച്ചാല്‍ അത് അവാര്‍ഡ് പടമാവുമോ! അത്തരത്തിലെന്തൊക്കെയോ ധാരണകളില്‍ മനഃപൂര്‍വ്വം കൊണ്ടുവന്നിരിക്കുന്ന ചില സംഗതികളും ചിത്രത്തെ പരിഹാസ്യമാക്കുന്നു. ഇത് മൂന്നു ചിത്രങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ്‌ എന്നാണ്‌ വാര്‍ത്തകളില്‍ (ആധാരം: Frames of memory - The Hindu) നിന്നും മനസിലാവുന്നത്. ഏതായാലും ഈ 'ഗ്രാമ'ത്തെ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് അതിനു മുതിരേണ്ടതുണ്ടോ എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പിന്നെ, ആളോള്‌ കാണാനല്ല അവാര്‍ഡ് നേടാനാണ്‌ സിനിമ പിടിക്കുന്നതെങ്കില്‍ നടക്കട്ടെ. പക്ഷെ, ദയവായി അതൊന്നും തിയേറ്ററുകളിലെത്തിച്ച് ബുദ്ധിമുട്ടിക്കരുത് എന്നൊരു അപേക്ഷയുണ്ട്.

ഓഫ് ടോപ്പിക്ക്: കുറഞ്ഞപക്ഷം പോസ്റ്ററുകളെങ്കിലും മര്യാദയ്‍ക്ക് തയ്യാറാക്കാമായിരുന്നു. ഒരു പോലെ ഫോക്കസിലായ ചിത്രങ്ങള്‍ പോലുമല്ല പലതിലും ഉപയോഗിച്ചിരിക്കുന്നത്! ഇതിനും പുറമേയാണ്‌ മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ വചനങ്ങളും. ചുരുക്കത്തില്‍, പോസ്റ്ററുകള്‍ കാണുന്നവരാരും ഈ പടമോടുന്ന തിയേറ്റര്‍ കാണില്ലെന്നു സാരം!

7 comments :

 1. മോഹന്‍ ശര്‍മ്മയുടെ സംവിധാനത്തില്‍ സംവൃത സുനിലും നിഷാനും നായികാനായകന്മാരാവുന്ന 'ഗ്രാമ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #Gramam: The film would have been a revolution if it was released in fifties or sixties. Now it's only a waste of time. #Chithravishesham
  9:38 PM - 11 Aug 12 via Twitter for Android
  --

  ReplyDelete
 2. ഈ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ പ്രത്യേകം എഴുതിയിരിക്കുന്നത് കണ്ടോ? "Awards Awards Awards" എന്ന്? "വേണ്ടാ വേണ്ടാ വേണ്ടാ " എന്ന് ആണ് മനസ്സില്‍ നമ്മളത് വായിക്കുക!!

  ReplyDelete
 3. ആരാ ഈ മോഹന്‍ ശര്‍മ്മ? അറബിക്കഥ എന്ന സിനിമയിലെ വില്ലന്‍ റോളില്‍ അഭിനയിച്ചയാളാണോ?

  ReplyDelete
 4. കുബേരന്‍ എന്ന സിനിമയില്‍ മോഹന്‍ ശര്‍മ അഭിനയിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അവസാനം, വില്ലനെ കൊല്ലുന്ന നാട്ടുപ്രമാണി ആയി അഭിനയിച്ചത് ഇദ്ദേഹം തന്നെ അല്ലെ?

  ReplyDelete
 5. the movie s supposed to be a trilogy..the previous trilogy in mal was rishivamsham,i believe the second and third part f the mvie never saw light f the day...!

  ReplyDelete
 6. mohan sarma is the hero of the evergreen movie CHATTAKKARI

  ReplyDelete
 7. ചട്ടക്കാരി ഉൾപ്പടെപല ചിത്രങ്ങളിലെയും നായകൻ, സിൽമാനടി ലക്ഷ്മിയുടെ മുൻകാല ഭർത്താവും ഐശ്വര്യയുടെ അച്ഛനും, സർവ്വോപരി മായാ വിശ്വനാഥിന്റെ ചുണ്ട് കടിച്ചു പറിച്ച മഹാൻ എന്ന് അവർ തന്നെ വിശേഷിപ്പിച്ച വിശിഷ്ട വ്യക്തിത്വവും ഇദ്ദേഹം തന്നെയല്ലേ?

  ReplyDelete