ഉസ്‍താദ് ഹോട്ടല്‍ (Review: Ustad Hotel)

Published on: 7/02/2012 08:34:00 AM

ഉസ്‍താദ് ഹോട്ടല്‍: മനസുനിറയ്‍ക്കുമൊരു സിനിമ!

ഹരീ, ചിത്രവിശേഷം

Ustad Hotel: Chithravishesham Rating (7.50/10)
മേജിക് ഫ്രയിംസിന്റെ ബാനറില്‍ 'ട്രാഫിക്ക്', 'ചാപ്പാ കുരിശ്' എന്നീ ചിത്രങ്ങള്‍ മലയാളിക്കു നല്‍കിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം, 'കേരള കഫെ'യിലെ 'ബ്രിഡ്ജി'നു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം, 'കേരള കഫെ'യിലെ തന്നെ 'ഹാപ്പി ജേര്‍ണി', 'മഞ്ചാടിക്കുരു' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലി മേനോന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം, ഹിറ്റായി മാറിയ 'സെക്കന്റ് ഷോ'യ്ക്കു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന രണ്ടാമത് ചിത്രം; ഇങ്ങിനെ വിശേഷണങ്ങള്‍ പലതുണ്ട് 'ഉസ്‍താദ് ഹോട്ടലി'ന്‌. ഈ പ്രതീക്ഷകളോടൊക്കെയും നീതി പുലര്‍ത്തുവാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്നതാണ്‌ 'ഉസ്‍താദ് ഹോട്ടലി'ന്റെ വിജയം. പ്രസക്തമായൊരു വിഷയം, വിരസമായൊരു ഡോക്യുമെന്ററി ചിത്രമായി മാറിപ്പോവാതെ അവതരിപ്പിക്കുവാനും അഞ്ജലിക്കും അന്‍വറിനുമായി. ഒരു പക്ഷെ, മലയാളത്തില്‍ നല്ലനടപ്പ് ഉപദേശിക്കുന്ന ചിത്രങ്ങളെടുക്കുവാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നവര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്‌ 'ഉസ്‍താദ് ഹോട്ടലി'ന്റെ നടത്തിപ്പ് എന്നു പറഞ്ഞാലതിലും തെറ്റു പറയുവാനില്ല.

ആകെത്തുക : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 8.00 / 10
: 7.00 / 10
: 4.50 / 05
: 4.50 / 05
താജ് ഹോട്ടലിലെ പാചക ജോലി ഉപേക്ഷിച്ച് അശരണര്‍ക്ക് അന്നം നല്‍കുകയെന്ന ദൗത്യം സ്വയമേറ്റെടുത്ത നാരായണന്‍ കൃഷ്ണനിലേക്കാണ്‌ തികച്ചും വിഭിന്നമായൊരിടത്തു നിന്നും അഞ്ജലി മേനോന്‍ സിനിമയെ നയിക്കുന്നത്. യുക്തിഭദ്രമായ അല്ലെങ്കില്‍ കുറ്റമറ്റൊരു തിരക്കഥയാണ്‌ ചിത്രത്തിന്റേതെന്ന് അഭിപ്രായമില്ലെങ്കിലും, മികവു പുലര്‍ത്തുന്ന ചില സന്ദര്‍ഭങ്ങളും രസകരമായി ഒരുക്കിയിരിക്കുന്ന സംഭാഷണങ്ങളും ഈ കുറവുകളെ കണ്ടില്ലെന്നു വെയ്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഹോട്ടലൊന്നു പുതുക്കിയെടുക്കുവാന്‍ പലരില്‍ നിന്നും പിരിവെടുക്കേണ്ടി വരുന്ന ഉടമയ്‍ക്ക് നിസ്സാരമായി ഏഴെട്ട് ലക്ഷം ബാങ്കിലടയ്‍ക്കുവാനാവുകയും അതിനൊരു വിശദീകരണവും ഉണ്ടാവാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ആസ്വാദനത്തെ ബാധിക്കാതിരിക്കുന്നെങ്കില്‍ അത് അന്‍വര്‍ റഷീദിന്റെ സംവിധാനമികവൊന്നു കൊണ്ടു മാത്രമാണ്‌. അത്രയും മനോഹരമായ ഒരു ദൃശ്യഭാഷ്യം ചമയ്‍ക്കുവാന്‍ അന്‍വര്‍ റഷീദിനു ചിത്രത്തില്‍ കഴിഞ്ഞെന്നു സാരം.

Cast & Crew
Ustad Hotel

Directed by
Anwar Rasheed

Produced by
Listin Stephen

Story, Screenplay, Dialogues by
Anjali Menon

Starring
Dulquer Salmaan, Nithya Menon, Thilakan, Siddique, Mamukkoya, Maniyan Pillai Raju, Lena Abhilash, Bhagath Manuel, Kunchan, Jinu Jose, Praveena, Asif Ali (Cameo) etc.

Cinematography (Camera) by
S. Lokanathan

Editing by
Praveen Prabhakar

Production Design (Art) by
Biju Chandran

Music / Background Score by
Gopi Sunder

Sound Design by
Rajakrishnan

Effects by
Arun Seenu

Lyrics by
Rafeeq Ahmed

Make-Up by
Jayesh Piravam

Costumes by
Sameera Saneesh

Choreography by
Shankar

Banner
Magic Frames

Release Date
2012 June 30

ഉസ്‍താദ് ഹോട്ടലിന്റെ നടത്തിപ്പുകാരന്‍ കരീമായെത്തുന്ന തിലകന്‍ തന്നെയാണ്‌ അഭിനേതാക്കളില്‍ ശ്രദ്ധാകേന്ദ്രം. കരീമിനെ അവതരിപ്പിക്കുവാന്‍ തിലകനല്ലാതെ ഇന്ന് മലയാളസിനിമയില്‍ മറ്റൊരു നടനില്ല എന്നു പറഞ്ഞാലും ഒട്ടും അധികമാവില്ല. ആദ്യ ചിത്രത്തില്‍ നിന്നും 'ഉസ്താദ് ഹോട്ടലി'ലെ ഫൈസിയിലെത്തുമ്പോള്‍ ദുല്‍ക്കര്‍ സ‍ല്‍മാനിലെ അഭിനേതാവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അത്ഭുതങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും ഫൈസിയെ 'കൂളാ'യി അവതരിപ്പിക്കുവാന്‍ ദുല്‍ക്കറിനു സാധിച്ചു. നിത്യ മേനോന്‍ അനായാസതയോടെ ചെയ്ത ഒരു വേഷമെന്ന നിലയ്‍ക്കാവും ചിത്രത്തിലെ സാഹിന ഓര്‍മ്മിക്കപ്പെടുക. പ്രധാനപ്പെട്ട മറ്റു വേഷങ്ങളിലെത്തുന്ന സിദ്ദിഖ്, മാമുക്കോയ, മണിയന്‍ പിള്ള രാജു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഭഗത് മാനുവല്‍, കുഞ്ചന്‍, ലെന അഭിലാഷ്, ജിനു ജോസ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ലോകനാഥന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളൊക്കെയും കണ്ണുകള്‍ക്കു വിരുന്നാണ്. കടലിലേക്കു നോക്കി സുലൈമാനി തിളപ്പിക്കുന്ന കരീം, മഴയത്ത് വാനിനുള്ളില്‍ ഫൈസിയും കരീമും സംസാരിച്ചിരിക്കുന്നതിന്റെ പിന്‍കാഴ്ച - ഇങ്ങിനെ ചിത്രം കഴിഞ്ഞിറങ്ങുമ്പോഴും മനസില്‍ മായാതെ നില്‍ക്കുന്ന കാഴ്ചകള്‍ (ഫ്രയിമുകള്‍) ഒട്ടേറെയുണ്ട് ചിത്രത്തില്‍. ഫൈസിയുടെ ചില ഓര്‍മ്മകള്‍, പ്രേക്ഷകര്‍ കാണുന്ന ദൃശ്യങ്ങളാവാതെ ഫൈസിയുടെ കാഴ്ചയായി തന്നെ കാണിക്കാമായിരുന്നില്ലേ എന്നൊരു പരിഭവം മാത്രമേ ക്യാമറയെക്കുറിച്ച് പറയുവാനുള്ളൂ. ചില്ലറ ഇഫക്ടുകളോടെ അവയിലേക്കുള്ള പോയി വരവിനും അത്ര സുഖം തോന്നിയില്ല. ലൈബ്രറിയിലുള്ള ശബ്ദലിഖിതങ്ങള്‍ ആവശ്യാനുസരണം ചേര്‍ക്കുന്നതിനപ്പുറം ഓരോ ചിത്രത്തിനും ചേരുന്ന രീതിയില്‍ അവ പ്രത്യേകം ചെയ്‍തെടുക്കുന്നതിന്റെ ഭംഗി വിളിച്ചോതുന്നതാണ്‌ ഗോപി സുന്ദറൊരുക്കിയ പശ്ചാത്തല സംഗീതവും രാജാകൃഷ്ണന്റെ ശബ്ദസംവിധാനവും. ചിത്രസന്നിവേശം, കല, ചമയം, വസ്‍ത്രാലങ്കാരം തുടങ്ങിയ ഇതര സാങ്കേതിക മേഖലകളും ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ പങ്കു ചേരുന്നു. ഷാമില്‍ വരച്ച് സനത്ത് ഒരുക്കിയ ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകളും ആകര്‍ഷകം. കഥയുടെ ഒരു ഭാഗം തന്നെ ഇരുവരും ചേര്‍ന്ന് ടൈറ്റിലുകളിലൂടെ പറഞ്ഞു തീര്‍ക്കുന്നു!

കഥാസന്ദര്‍ഭങ്ങളോട് ഇടയാതെ ചേരുന്ന ഏതാനും ഗാനങ്ങളുമുണ്ട് ചിത്രത്തില്‍; റഫീഖ് അഹമ്മദിന്റെ രചന, ഗോപി സുന്ദറിന്റെ സംഗീതം. അന്ന കതരിന പാടിയ "അപ്പങ്ങളെപ്പങ്ങളെമ്പാടും..." എന്ന ഗാനത്തിലെ വരികള്‍ കൊണ്ട് കവിയുടെ ഉദ്ദേശമെന്തെന്ന് മനസിലായില്ലെങ്കിലും, പടം കഴിയുമ്പോളും ഈരടികള്‍ കാണികളുടെ ചുണ്ടിലുണ്ടാവും. ഹരിചരണ്‍ പാടിയ "വാതിലില്‍ ആ വാതിലില്‍...", നരേഷ് അയ്യരും അന്ന കതരീനയും ചേര്‍ന്നു പാടിയ "മേല്‍ മേല്‍ മേല്‍...", നരേഷ് അയ്യരുടെ ശബ്ദത്തിലുള്ള "സുബാനള്ള..." എന്നീ ഗാനങ്ങളും കേള്‍വിക്കുതകുന്നവ തന്നെ.

ബാക്കി പറയുവാനുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറം ഇടവേള വരെയുള്ള ഭാഗങ്ങളില്‍ കാര്യമായൊന്നും ചിത്രത്തില്‍ സംഭവിക്കുന്നില്ല. മുന്നൊരുക്കത്തിനായി ഇത്രയും നേരം കളയണമായിരുന്നോ എന്നാണു സംശയം. എന്താണ്‌ ചിത്രത്തിന്റെ കഥയെന്നൊന്ന് ചുരുക്കിയെഴുതിയാല്‍ ഇടവേള കഴിഞ്ഞുള്ള ഭാഗങ്ങളാവും തൊണ്ണൂറു ശതമാനവുമെന്നത് ഈ സംശയത്തിന്‌ അടിവരയിടുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സംവിധാനമികവിലാണ്‌ ഈ ഭാഗങ്ങളൊക്കെയും മുഷിച്ചിലാവാതെ തീരുന്നത്. എന്നാല്‍ ഈ കുറവുകളെയൊക്കെ അപ്രസക്തമാക്കുന്ന വശ്യത ഇടവേളയ്‍ക്കു ശേഷമുള്ള രംഗങ്ങള്‍ക്കുണ്ട്. ഈ ഭാഗങ്ങളിലൂടെ ചിത്രം മുന്നോട്ടൂ വെയ്‍ക്കുന്ന സോദ്ദേശപരമായ ആശയങ്ങളും കാണികളെ സ്പര്‍ശിക്കും. സിനിമയിലെ ഒരു വാചകമൊന്ന് മാറ്റി പറഞ്ഞാല്‍; തിയേറ്റര്‍ നിറയ്‍ക്കുന്ന സിനിമകളെടുക്കുവാനൊക്കെ പലര്‍ക്കും സാധിക്കും. പക്ഷെ, കാണികളുടെ മനസു നിറയ്‍ക്കുന്ന സിനിമകളെടുക്കുന്നതിലാണ്‌ കാര്യം. അതു പലപ്പോഴും സംഭവിക്കാറില്ല. അതിനൊരു അപവാദമായി 'ഉസ്‍താദ് ഹോട്ടലൊ'രുക്കിയ അന്‍വര്‍ റഷീദിനും കൂട്ടര്‍ക്കും മനസു നിറഞ്ഞൊരു കൈയ്യടി!

ഇന്നത്തെ ചിന്താവിഷയം: കരീമിന്‌ ഇന്ത്യയിലെ ഒട്ടുമിക്കവാറും എല്ലാ ഭാഷകളും അറിയാമെന്നു പറയുമ്പോള്‍ ഫൈസിയുടെ ചോദ്യം: "ഇംഗ്ലീഷറിയാമോ?" അതിനുള്ള മറുപടി: "ഇംഗ്ലീഷതിന്‌ ഇന്ത്യയുടെ ഭാഷയാണാ...." - തിയേറ്ററില്‍ കൈയ്യടി. ഭാഷ ഉണ്ടായത് വിദേശത്തായിരിക്കാം, എന്നാലിന്ന് സത്യത്തില്‍ ഇംഗ്ലീഷും ഇന്ത്യയുടെ ഭാഷ തന്നെയല്ലേ?

31 comments :

 1. സം‍വിധാനം: അന്‍വര്‍ റഷീദ്, രചന: അഞ്ജലി മേനോന്‍, അഭിനേതാക്കള്‍: ദുല്‍ക്കര്‍ സല്‍മാന്‍, നിത്യ മേനോന്‍, തിലകന്‍; 'ഉസ്‍താദ് ഹോട്ടലി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  ‪#UstadHotel‬: The film simply fills your heart. A must watch. Coming soon in ‪#Chithravishesham‬. http://bit.ly/cv-reviews
  9:27 PM - 1 Jul 12 via Twitter for Android
  --

  ReplyDelete
 2. താങ്കളുട് നിരൂപണം വായിച്ചു സിനിമ കാണുന്ന പരിപാടി സ്പിരിറ്റിനെ പറ്റി എഴുതിയത് വായിച്ചതോടെ നിറുത്തി....ലാല്‍ സലാം സഖാവെ

  ReplyDelete
 3. സ്പിരിറ്റിന്റെ റിവ്യൂ വായിച്ചതില്‍പിന്നെ ഈ ബ്ലോഗിനോടുള്ള വിശ്വാസം അല്പം കുറഞ്ഞിട്ടുണ്ട് .. എന്തായാലും ഈ മൂവി ഒന്ന് കണ്ടുനോക്കട്ടെ.. :)

  ReplyDelete
 4. സുഹൃത്തേ, സ്പിരിറ്റ്‌ നെ പറ്റി ഹരി എഴുതിയതില്‍ എന്താണ് തെറ്റ് ??? നൂറു ശതമാനം ശരി ആണ് !!

  നല്ല റിവ്യൂ ഹരി ! പോയന്റ് ഒരു എട്ട്കൊടുത്താലും തെറ്റില്ലായിരുന്നു. ഇതാണ് സിനിമ !

  ReplyDelete
 5. തീര്‍ച്ചയായും കാണും. സിനിമ പ്രേമികള്‍ക്കെന്തായാലും ഇത് ഉത്സവ കാലം.

  അപ്രിയ സത്യം വിളിച്ചു പറയുന്ന എല്ലാവരുടെയും വിഷമ സന്ധി ചിത്ര വിശേഷത്തെയും കാത്തിരിക്കുന്നു. സ്പിരിറ്റ്‌ റിവ്യൂ ഇപ്പോഴും ലാല്‍ ആരാധകര്‍ മറന്നിട്ടില്ല എന്ന് ഇവിടെത്തെ കമന്റുകള്‍ തെളിയിക്കുന്നു.

  പക്ഷെ ഇത്തരം സത്യസന്ധമായ റിവ്യൂകള്‍ക്ക് വേണ്ടിയാണു ഞാനും വേറെ കുറേ പേരും ഇവിടെ വരുന്നത്. അഭിനന്ദനങ്ങള്‍, ഹരീ.

  ReplyDelete
 6. "അപ്പങ്ങളെപ്പങ്ങളെമ്പാടും..." എന്ന ഗാനത്തിലെ വരികള്‍ കൊണ്ട് കവിയുടെ ഉദ്ദേശമെന്തെന്ന് മനസിലായില്ലെങ്കിലും..............ഈ ഗാനം മലബാറിലെ ഒരു നാടന്‍ പാട്ടാന്നെനാണ് പറഞ്ഞു കേട്ടത് .so വരികളിലെ പ്രശ്നം നമുക്ക് മറക്കാം

  ReplyDelete
 7. ഹരീ ആ പാട്ടിന്‍റെ കാര്യം, ഒരു കാലത്ത് കേരളത്തില്‍ (മലബാറില്‍) വളരെ പ്രശസ്തമായ ഒരു പാട്ടാണ്
  " അപ്പെങ്ങളെമ്പാടും ചുട്ടമ്മായി
  മരുമോനെ വീട്ടില്‍ വിളിച്ചമ്മായി
  അപ്പാടെ അപ്പങ്ങള്‍ ഓരോതരം
  അറയില്‍ ചുമന്ന് വരുന്നമ്മായി "

  അതൊന്ന് റീമിക്സ് ചെയ്തതായിരിക്കും ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍
  ഇത് ആ പാട്ടിന്‍റെ മറ്റൊരു വേര്‍ഷന്‍ (വരികള്‍ മാറ്റാതെ)

  http://www.youtube.com/watch?v=6t9uL2ajiGA

  ReplyDelete
 8. റിവ്യൂവിനു നന്ദി. ഈ പടം തീർച്ചയായും കാണും.
  പിന്നെ, ചിന്താവിഷയത്തെപറ്റി: ഇന്ന് ഇംഗ്ലീഷും ഇന്ത്യയുടെ ഭാഷ തന്നെ എന്ന് മാത്രമല്ല, “മേഘാലയ“ സംസ്ഥാനത്തിന്റെ “ഔദ്യോഗിക ഭാഷ“ കൂടിയാണ് ഇംഗ്ലീഷ് :)

  -Abhilash

  ReplyDelete
 9. റിവ്യൂന് നന്ദി ഹരീ...
  ഇന്നലെ ഈ പടം കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നു. തിയേറ്ററിലും പരിസരത്തും കണ്ട വൻ ജനത്തിരക്ക് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു...ഇന്ന് വീണ്ടും പോയി നോക്കണം....

  ReplyDelete
 10. sathyam parayalo..mikkavarum ella cinemayum kaanarundu...ivide vannu review vaayikkarum undu...thallu koodan vararilla enne ullu...Hari paranjathokke ethandu sathyam aayi aanu thonniyittullathum....pakshe oru kaaryam parayam, ithinu munpum Hari nalla marks kodutha chithrangal ellam kollam ennu thooniyittundengilum aa oru craziness thonniyittalrunnu, pakshe ee chithram valare angu ishttapettu poyi...ellam perfect aaya pole oru feeling...direction,writing,lead cast,songs and BGM everything...lead cast nu parayumbol mahatharamayo abhinayamo, kadhaa paathra srishtiyo alla..avar screenil varumbol ulla oru ithu...thilakan kalakki, hari paranja pole nithya menon ee role cheytha easiness, thatzzz great..enthayalum chila scenes sarikkum haunt cheyyunnundu...aake motham valare nalla oru padam...dhayavu cheythu ee padathine new generation cinema ennu vilikkaruthu...nammude new generation chettanmar oru divasam 3 neram poyi kaanatte..atleast padikkuka engilum cheyyalo enthanu direction ennu

  ReplyDelete
 11. i like the comedy scene in pardha( in mini lorry) .
  what a creativity

  ReplyDelete
 12. ENGLISH is the official language of NAGALAND.
  like MALAYALAM in KERALA.
  Lena vannu faisy ye kandappol faisy karanju , appol lena 7 lakhs koduthu. that's ok.
  ithrayum sentimental scenes aayittu koodi last scenes ottum bore adi undaayirunnilla , maathramalla manassil thattukayum cheythu. especially HUMAN EXCRETA eating.

  ReplyDelete
 13. Haree ,I fully supports ur reviews on ustad hotel as well as spirit ...I dont why people blame you so much for spirit review ..what was there so special in it ...Just a documentary that also what everybody knows ,there was nothing new or special in spirit ...Just because the film is made by an ace director doesnt make it good anyways ...Me and my friends who watched the movie had the same opinion as in ur review...I think the spirit makers can better watch ustad hotel and learn how to convey a good message in a good way ...

  ReplyDelete
 14. എന്തായാലും ഒരു കാര്യം എനിക്കറിയാം ഹരിടെ rating അനുസരിച്ച് ഞാന്‍ കണ്ട സിനിമകള്‍ ഒന്നും മോശം ആയിരുന്നില്ല. സ്പിരിറ്റ്‌ എന്തായാലും രഞ്ജിത് ന്റെ അടുത്തകാല സിനിമകളുടെ
  ഒരുനിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല ... കാശ് മേടിച്ചു എഴുതന്ന review നു അത്ര സത്യസന്ധധ കാണുകയില്ല. അഭിനന്ദങ്ങള്‍ ഹരീ...

  ReplyDelete
 15. ഹരിയുടെ 7.5 മാര്‍ക്ക് കിട്ടിയ്‌ ഈ ചിത്രം എന്തായാലും കാണണം 'ഒരു പക്ഷെ, മലയാളത്തില്‍ നല്ലനടപ്പ് ഉപദേശിക്കുന്ന ചിത്രങ്ങളെടുക്കുവാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നവര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്‌' ഇതെനിക്ക് ഇഷ്ടപ്പെട്ടു സ്പിരിടിനെ പറ്റി രഞ്ജിത്ത് തന്നെ പറഞ്ഞു ഇതൊരു docu fiction സിനിമ ആണെന്ന് പക്ഷെ ഹരി പറഞ്ഞപ്പോള്‍ പലര്‍ക്കും പിടിക്കുന്നില്ല

  ReplyDelete
 16. ലിസ്ടിന്‍ സ്റ്റീഫെന്‍, അന്‍വര്‍ , അഞ്ജലി - ഈ ടീമില്‍ നിന്നും എന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നത് അതുതന്നെയാണ് ഉസ്താദ് ഹോട്ടല്‍ എന്നറിയുന്നതില്‍ ഒരു മലയാള സിനിമാപ്രേമി എന്നാ നിലയില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.

  പതിവ് കാഴ്ചകളില്‍ തന്നെ വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടിരുന്ന, വാണിജ്യലക്ഷ്യങ്ങള്‍ മാത്രം നോക്കി സിനിമയെടുക്കാന്‍ ഇറങ്ങുന്ന പുതുനിരനിര്‍മാതാക്കളില്‍ നിന്നും മലയാളത്തിന്റെ മാനം കാത്ത, അതിനുള്ള ചങ്കൂറ്റം ഇപ്പോഴും കാണിക്കുന്ന ലിസ്റ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  അന്‍വര്‍ റഷീദ്‌ - അദ്ദേഹത്തിന്റെ കാലിബര്‍ നാം ' ബ്രിഡ്ജ്' ഇല്‍ കണ്ടതാണ് . കൂടുതല്‍ ഒരു വിശദീകരണവും ആവശ്യമില്ല . പിന്നെ പുതുമലയാളസിനിമയില്‍ കുറച്ചു നാളുകള്‍ കൊണ്ട് തന്നെ ഒരു ശക്തമായ ഒരു സ്ത്രീ സാന്നിധ്യം ആയി മാറിയ അഞ്ജലി മേനോന്‍.
  ഈ ചിത്രം ഓരോ മലയാളി പ്രേക്ഷകനും തീയേറ്ററില്‍ പോയി കണ്ടു ഒരു വലിയ വിജയമാക്കുകയും അത് മറ്റു സിനിമാക്കാര്‍ക്ക്‌ പ്രചോദനം ആകുകയും ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കാം.

  ReplyDelete
 17. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  "അപ്പങ്ങളെമ്പാടും..." പാട്ടിനെക്കുറിച്ചുള്ള വിവരത്തിനു നന്ദി. യഥാര്‍ത്ഥ വരികള്‍ ഒരു ആശയം നല്‍കുന്നുണ്ട്, പക്ഷെ സിനിമയിലേത് എന്താണ്‌ പറഞ്ഞു വെയ്‍ക്കുന്നതെന്ന് ഒരു പിടിയുമില്ല. അതു സൂചിപ്പിച്ചെന്നു മാത്രം.

  ഇംഗ്ലീഷ് ഇപ്പോള്‍ ഇന്ത്യയുടേയും ഭാഷ തന്നെ. എന്നാല്‍ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം അങ്ങിനെ പറയുന്നതില്‍ തെറ്റൊന്നുമില്ല. ആ കഥാപാത്രത്തിന്റെ അനുഭവജ്ഞാനത്തില്‍ അങ്ങിനെ പറഞ്ഞു, അത്ര തന്നെ. പക്ഷെ, അതിനിത്ര കൈയ്യടി വരുവാന്‍ എന്താവാം കാരണം? ഇംഗ്ലീഷ് ഇന്ത്യയുടെ ഭാഷയല്ല എന്നു പറയുന്നതില്‍ ആഹ്ലാദത്തിനു വകയുള്ളതു പോലെ. ഇംഗ്ലീഷിനിയും നമ്മുടെ ഭാഷയായി നമ്മള്‍ അംഗീകരിച്ചിട്ടില്ലേ?

  ഓഫ്: 'സ്പിരിറ്റി'ന്റെ കഥയൊക്കെ എപ്പഴേ കഴിഞ്ഞു! ;-) :-p
  --

  ReplyDelete
 18. പടം ഇവിടെ വന്നിട്ട് വേണം കാണാന്‍.... എന്തായാലും കണ്ടിരിക്കും...

  ReplyDelete
 19. What a direction yaar - Dear Mr Anwar rasheed, where were you man?

  ReplyDelete
 20. tharakedillath oru cinema athramathram

  ReplyDelete
 21. സിനിമ കണ്ടു !!ഹരിയെട്ടന്റെ നിരൂപനങ്ങളൊക്കെ വായിക്കാറുണ്ട് ആദ്യമായിട്ടാ കമന്റു ഇടുന്നത് !! നിങ്ങള്‍ പറഞ്ഞ നിരൂപണം കണ്ടാണ്‌ കൂട്ടുകാരേം കൂട്ടി പടത്തിനു പോയത് !!അവര്‍ തല്ലാത്തത് ഭാഗ്യം !!!
  ബോറന്‍ പടം ഇതിലെന്ത പുതുമ ! മുന്‍പ് ഇറങ്ങിയ പലപടങ്ങളിലും കണ്ടു മടുത്ത പ്രമേയം !! നമുക്ക് ഗസ്സ് ചെയ്യാം അടുത്ത സീന്‍ എന്താണെന്നു!! ലാസ്റ്റ് ഇറങ്ങിയ വാദ്യാര്‍ എന്ന പടത്തില്‍ പോലും ഇതേ സംഭവം തന്നെ അല്ലേ !! അവിടെ സ്കൂള്‍ എവിടെ ഹോട്ടല്‍ !!!
  പിന്നെ സ്പിരിറ്റ്‌ നിരൂപണം വല്ലാതെ വിഷമിപ്പിച്ചു !! അത് വളരെ നല്ല പടമായിരുന്നു

  ReplyDelete
 22. ഹരിയേട്ടാ,
  റിവ്യൂവിനോട്‌ പൂര്‍ണമായും യോജിക്കുന്നു.
  "യുക്തിഭദ്രമായ അല്ലെങ്കില്‍ കുറ്റമറ്റൊരു തിരക്കഥയാണ്‌ ചിത്രത്തിന്റേതെന്ന് അഭിപ്രായമില്ലെങ്കിലും, മികവു പുലര്‍ത്തുന്ന ചില സന്ദര്‍ഭങ്ങളും രസകരമായി ഒരുക്കിയിരിക്കുന്ന സംഭാഷണങ്ങളും ഈ കുറവുകളെ കണ്ടില്ലെന്നു വെയ്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഹോട്ടലൊന്നു പുതുക്കിയെടുക്കുവാന്‍ പലരില്‍ നിന്നും പിരിവെടുക്കേണ്ടി വരുന്ന ഉടമയ്‍ക്ക് നിസ്സാരമായി ഏഴെട്ട് ലക്ഷം ബാങ്കിലടയ്‍ക്കുവാനാവുകയും അതിനൊരു വിശദീകരണവും ഉണ്ടാവാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ആസ്വാദനത്തെ ബാധിക്കാതിരിക്കുന്നെങ്കില്‍ അത് അന്‍വര്‍ റഷീദിന്റെ സംവിധാനമികവൊന്നു കൊണ്ടു മാത്രമാണ്‌."
  "ബാക്കി പറയുവാനുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറം ഇടവേള വരെയുള്ള ഭാഗങ്ങളില്‍ കാര്യമായൊന്നും ചിത്രത്തില്‍ സംഭവിക്കുന്നില്ല. മുന്നൊരുക്കത്തിനായി ഇത്രയും നേരം കളയണമായിരുന്നോ എന്നാണു സംശയം. എന്താണ്‌ ചിത്രത്തിന്റെ കഥയെന്നൊന്ന് ചുരുക്കിയെഴുതിയാല്‍ ഇടവേള കഴിഞ്ഞുള്ള ഭാഗങ്ങളാവും തൊണ്ണൂറു ശതമാനവുമെന്നത് ഈ സംശയത്തിന്‌ അടിവരയിടുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സംവിധാനമികവിലാണ്‌ ഈ ഭാഗങ്ങളൊക്കെയും മുഷിച്ചിലാവാതെ തീരുന്നത്."

  മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കും തോന്നിയത് അത് കൊണ്ട് തന്നെ 6 / 10 ഇല്‍ കൂടുതല്‍ rating എനിക്കും തോന്നിയില്ല. ( അല്ലെങ്കില്‍ ഇതേ ഗണത്തില്‍ പെടുന്ന ട്രാഫിക്‌,ഇന്ത്യന്‍ റുപീ, ആദാമിന്റെ മകന്‍ അബു തുടങ്ങിയ മെസ്സേജ് oriented സിനിമകളോടുള്ള നീതികേടാവും അത് )
  അന്‍വര്‍ റഷീദ് ന്റെ direction സിനിമയെ രക്ഷിച്ചു എന്ന് തന്നെ പറയാം. അത്രയ്ക്ക് brilliant ആയിരുന്നു. ഗോപി സുന്ദര്‍ ന്റെ BGM ഉം outstanding ആയിരുന്നു.ഒരു വെല്ലുവിളി നിറഞ്ഞ character അല്ലെങ്ങില്‍ കൂടി dulquar നന്നായി ചെയ്തു. ഫഹദ് ഫാസില്‍ ആയിരുന്നെങ്കില്‍ കുറെ കൂടി നന്നായേനെ എന്നൊരു അഭിപ്രായവും ഉണ്ട് .
  പിന്നെ ഒരു ചെറിയ suggestion : സിനിമയെ റിവ്യൂ ചെയ്യുമ്പോള്‍ Categorize ചെയ്തു എഴുതിയാല്‍ rating ഇല്‍ ഉള്ള ഈ തമ്മില്‍ തല്ലു കുറെയൊക്കെ ഒഴിവാക്കാം ( eg :drama, action, Thriller, comedy etc) . അപ്പോള്‍ ആ category ഇല്‍ കൊടുക്കാവുന്ന മികച്ച rating ഉം കൊടുക്കാന്‍ സാധിച്ചേക്കും. :)

  ReplyDelete
 23. തീര്‍ച്ചയായും. സിനിമയുടെ ജനുസ്സരിച്ചു മാത്രമേ രണ്ടു വിലയിരുത്തലുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ (അങ്ങിനെ ചെയ്യണമെന്നുണ്ടെങ്കില്‍) എന്തെങ്കിലും അര്‍ത്ഥമുള്ളൂ. ഓരോ സിനിമയും വിലയിരുത്താറുള്ളത് അതേത് വിഭാഗത്തില്‍ പെടുന്നു എന്നു നോക്കി തന്നെയുമാണ്‌. അതെടുത്തു പറയുന്നില്ല എന്നു മാത്രം. അത് തിരിച്ചറിഞ്ഞ് താരതമ്യപ്പെടുത്തുന്നതും പെടുത്താത്തതുമൊക്കെ ഓരോരുത്തരുടേയും യുക്തിക്കു വിടുന്നു.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 24. യുക്തിരാഹിത്യങ്ങളുടെ ആഘോഷമായ ഈ കത്തി സാധനത്തിനു ഏഴര rating കൊടുക്കാന്‍ ഹരിക്ക് എങ്ങനെ തോന്നി?

  ReplyDelete
 25. പടം കണ്ടു, ഇഷ്ടപ്പെട്ടു. ധൈര്യമായി കുടുംബത്തോടൊപ്പം കാണാവുന്ന സിനിമ. പിന്നെ, ഞാന്‍ വെറുതെ നോട്ടുചെയ്ത ഒന്നു രണ്ടു കാര്യങ്ങള്‍: ഫൈസി തന്റെ മൊബൈല്‍ നമ്പര്‍ ലണ്ടന്‍ കാമുകിയോട് പറയുന്നുണ്ട്. എന്റെ സീറ്റിനു അപ്പുറം ഇരുന്ന ഒരു പെണ്‍കുട്ടി ആ നമ്പര്‍ തന്റെ മൊബൈലില്‍ സേവ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു! പിന്നെ, ഉസ്താദ്‌ ഹോട്ടലിലെ മുപ്പത്തഞ്ച് രൂപയുടെ ബിരിയാണി മുന്നൂറ്റമ്പത് രൂപക്കാണ് സ്റ്റാര്‍ വില്‍ക്കുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍, ഉസ്താദ്‌ ഹോട്ടലിലെ വിലനിലവാരപ്പട്ടികയില്‍ ബിരിയാണി നൂറ്റിഎഴുപതു രൂപയാണ്! തെളിവ് ഇതാ: http://www.kerala9.com/malayalam/v/malayalam+movies/Usthad+Hotel+Malayalam+Movie+Stills/usthad+hotel+movie+photos00.JPG.html

  ReplyDelete
 26. മമ്മൂട്ടിയുടെ മകന്റെ അഭിനയം മെച്ചപ്പെട്ടു , തരക്കേടില്ല . എന്നൊക്കെ പറയുന്നവരുണ്ടാകാം . എന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍ emotional ആവാതെ , മുഖം കൊണ്ട് അമിതമായ നവരസങ്ങള്‍ കാണിക്കാതെ തന്മയത്വത്തോടെ അഭിനയിക്കുക എന്നതും ഒരു വലിയ കാര്യമാണ് . ഒരു തരം controlled emotions . Thats Good .

  ReplyDelete
 27. സെക്കന്റ് ഷോ എന്ന ചവറു പടത്തിനു നല്ല റേറ്റിംഗ് കൊടുത്തതില്‍ പിന്നെ ഇപ്പോ റേറ്റിംഗ് കണ്ടു പടം കാണാന്‍ അല്പം മടിയാണ്..പ്രത്യേകിച്ച് ദുല്‍ക്കറിന്റെ ഒക്കെ ഫാഫാഫിനയം ആണെങ്കില്‍.... :-)
  ഫ്രീ ആണെങ്കില്‍ ഇതിനു തലവയ്കാം എന്ന് കരുതുന്നു.

  ReplyDelete
 28. സെക്കന്റ്‌ ഷോക്ക് എഴേകാലും കോപ്പും, ഉസ്താദിന് എഴരേം കോപ്പും. ഹരീടെ റൂട്ട് പിടി കിട്ടി. ഒരു നല്ല നിരൂപകന്‍ ആവണമെങ്കില്‍ ആദ്യം ഈ വിധേയന്‍ syndrome ഉരിഞ്ഞു കളയുക .

  ReplyDelete
 29. ഞാന്‍ മമ്മൂട്ടി ഫാന്‍ അല്ല. അത് കൊണ്ട് അങ്ങേരെടെ പിന്‍ബലത്തില്‍ വന്ന ദുല്കരിന്ടെ സിനിമ കാണാന്‍ ഒട്ടും താല്പര്യം ഇല്ലാരുന്നു. പിന്നെ ഫ്രണ്ട് എല്ലാം നല്ലത് പറയുന്നത് കേട്ട് തലയില്‍ തോര്തിട്ടു സിനിമ കാണാന്‍ പോയി. മാക്സിമം തെറ്റുകള്‍ കണ്ടു പിടിക്കാന്‍ നോക്കി. പക്ഷെ സിനിമ ആദ്യം മുതല്‍ ഞാന്‍ ആസ്വദിച്ചു മുസ്ലിം മ്യൂസിക്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു .തിലകന്റെ നിഴല്‍ വെട്ടം കാണിക്കുമ്പോള്‍ തന്നെ ഉസ്താദ്‌ ഹോട്ടലില്‍ ഫൈസി എത്രയും പെട്ടെന്ന് എത്താന്‍ ഞാന്‍ ആഗ്രഹിച്ചു.അത് കൊണ്ട് തന്നെ ഗള്‍ഫ്‌ സീന്‍സ് എനിക്ക് അലസോരം ആയിട് തോന്നി.ദുല്കരിന്ടെ അഭിനയം തെറ്റ് പറയാന്‍ ഞാന്‍ ആരുമല്ല.ഇട് അദ്ദേഹത്തിന്റെ നോര്‍മല്‍ മന്നെരിസം അല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു .കാരണം ൨൦ വയസ്സ് വരെ പെണ്‍കുട്ടികളുടെ കൂടെ മാത്രം കഴിഞ്ഞ അനിയന്‍ സ്വതവേ നാണം കുനുങ്ങിയും അല്പം മന്ദിപ്പും കാണും എന്ന് തന്നെയാണ് എന്റെ വിശ്വാസം.പിന്നെ ബിരിയാണി 170 രൂപ ആകുന്നതു ഉസ്താദ്‌ ഹോട്ടല്‍ ദുല്കരിന്ടെ ഉപദേശത്തില്‍ പുതിയതക്കുംബോലാണ്.ഹോട്ടല്‍ ലഭാതിലാകണം എന്നാ ദുല്കരിന്ടെ വാശിയില്‍.. .മേലില്‍ പറഞ്ഞ ലിങ്ക് ഫോട്ടോ അവര്‍ ഹോട്ടല്‍ ഉസ്താദ്‌ പുതുക്കു പണിയുമ്പോള്‍ ഉള്ള ഫോട്ടോ ആണ്.മൊത്തത്തില്‍ സിനിമ സൂപ്പര്‍... . ...അവസാനം ശ്രീമതി അഞ്ജലി മേനോന്‍ നല്‍കിയ മെസ്സേജ് അല്പം ഹെവി ആയി പോയെങ്കിലും. ഒരുപാടു മനസ്സുകളെ അത് മാറ്റട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉസ്താദ് ഹോട്ടല്‍ 8/10, ഒരു ബഷീര്‍ ചെറു കഥ വായിച്ചാ പോലെ, സുന്ദരമായത് .

  ReplyDelete
 30. Narayan Krishnan sankalpa kathapathram alla...

  watch this video

  http://youtu.be/rAl_0JaDJqY

  ReplyDelete