സിനിമ കമ്പനി (Review: Cinema Company)

Published on: 7/31/2012 07:43:00 AM

സിനിമ കമ്പനി: കമ്പനിയൊക്കെ കൊള്ളാം, പക്ഷെ പടം പോര!

ഹരീ, ചിത്രവിശേഷം

രണ്ടായിരത്തിപ്പത്തില്‍ 'പാപ്പീ അപ്പച്ചാ'യുമായാണ്‌ മമാസ് രചയിതാവും സംവിധായകനുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതില്‍ നിന്നും ഏറെയൊന്നും 'സിനിമ കമ്പനി'യിലെത്തുമ്പോഴും മമാസ് മെച്ചപ്പെടുന്നില്ല. പക്ഷെ, പുതുതായി എന്തെങ്കിലുമൊക്കെ ചെയ്യുവാനൊരു ശ്രമം മമാസിന്റെ ഭാഗത്തു നിന്നുണ്ടായതിനെ ഗുണകരമായി കാണുന്നു. പുതുമുഖങ്ങളായ ബേസിലും സഞ്ജീവും ശ്രുതിയും ബദ്രിയുമൊക്കെയാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മമാസ് തന്നെ രചന നിര്‍വ്വഹിച്ച ഈ ചിത്രം വൈറ്റ് ലാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണമായ ഒരു ചലച്ചിത്രാനുഭവമൊന്നും ചിത്രം നല്‍കുന്നില്ലെങ്കിലും, ചില പുതുമകളൊക്കെ പേരിനെങ്കിലും പറയുവാന്‍ ചിത്രത്തിനുണ്ട് എന്നതും കാണാതെ പോവുന്നില്ല. പുതുതായി ചലച്ചിത്രരംഗത്തേക്ക് വരുന്ന സംവിധായകരുടെ / രചയിതാക്കളുടെ / അഭിനേതാക്കളുടെ വിഷമസന്ധികളൊക്കെ ചെറുതോതിലെങ്കിലും പ്രതിപാദിക്കപ്പെടുന്നൊരു ചിത്രം എന്നതും ഇങ്ങിനെയൊരു അഭിപ്രായത്തിനു ഹേതുവായുണ്ട്.

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.50 / 10
: 3.50 / 05
: 2.00 / 05
ഒരു തരത്തില്‍ ഇതൊരു പരീക്ഷണ ചിത്രമാണ്‌. യുവതീയുവാക്കളെ പ്രത്യേകം അഭിമുഖമൊക്കെ നടത്തി തിരഞ്ഞെടുത്ത്, അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി പുറത്തിറക്കിയിരിക്കുന്ന ഈ സിനിമയെങ്ങിനെ രൂപം കൊണ്ടുവെന്നതു തന്നെ സിനിമയുടെ കഥയായും പരിണമിക്കുന്നു. കാണികളുടെ നിരുത്തരവാദപരമായ ആസ്വാദന ശീലങ്ങള്‍ (എന്നു മമാസ് കാണുന്നത്, പറഞ്ഞ സംഗതികളോട് യോജിപ്പില്ല), സിനിമകള്‍ മോശമാകുവാന്‍ ഒരു പരിധിവരെ കാരണമാവുന്ന അണിയറയിലെ നീക്കുപോക്കുകള്‍; ഇതൊക്കെ ചര്‍ച്ചയ്‍ക്കെടുക്കുന്നുണ്ട് മമാസ് ഈ ചിത്രത്തില്‍. എന്നാല്‍ ഇവയൊക്കെ ചേരുന്ന തിരനാടകം കാണുന്ന പ്രേക്ഷകരെ പരിക്ഷീണരാക്കുവാന്‍ മാത്രം ഉതകുന്നതാണ്‌. ചില സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ വാചകങ്ങളുമൊക്കെ കൊള്ളാമെങ്കിലും ചിത്രത്തിനൊരു പൂര്‍ണത നല്‍കുവാന്‍ ഇതിലുമേറെ പരിശ്രമം മമാസില്‍ നിന്നും ഉണ്ടാവേണ്ടിയിരുന്നു. ഒരു പ്രത്യേക നടനെ ഉന്നം വെച്ചുള്ള രംഗങ്ങളും, അയാളെ മോശമായി കാട്ടുവാനായി ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങളുമൊക്കെ തറ പരിപാടിയായിപ്പോയി! പ്രസ്‍തുത നടന്റെ സിനിമയിലെ തീരുമാനങ്ങളെ വിമര്‍ശിക്കാം, പക്ഷെ വ്യക്തിപരമായ അവഹേളനത്തിലേക്ക് അതു മാറുമ്പോള്‍, മമാസിന്റെ തന്നെയാണ്‌ വിലയിടിയുന്നത്.

Cast & Crew
Cinema Company

Directed by
Mamas

Produced by
Fareed Khan

Story, Screenplay, Dialogues by
Mamas

Starring
Basil, Sanjeev, Shruthi, Badri, Sanam, Nithin, Lakshmi, Baburaj, Lalu Alex, Shibla, Swasika, Krishna, Kottayam Nazeer, T.P. Madhavan, Narayanankutty, Ambika Mohan, Biju Paravur etc.

Cinematography (Camera) by
Jibu Jacob

Editing by
Sreekumar Nair

Production Design (Art) by
Sunil Lavanya

Music / Background Score by
Alphons Joseph

Lyrics by
Rafeeq Ahmed, Santhosh Varma, Jagmeet Bal

Make-Up by
Rahim Kodungallur

Costumes by
Rasaq Thirur

Fight by
Mafia Sasi

Banner
Whitesands Media House

Release Date
2012 July 27

ചിത്രത്തിനു വേണ്ടി മമാസ് കണ്ടെത്തിയ അഭിനേതാക്കളില്‍ ശ്രുതി ഒഴികെ മറ്റാരും പറയത്തക്ക മികവിലേക്ക് വന്നില്ല. മറ്റൊരു അവസരം അവര്‍ക്ക് ലഭിക്കുമെങ്കില്‍ അതിലവര്‍ക്ക് മെച്ചപ്പെടുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. പാറു അഥവാ പാര്‍വ്വതിയായി ശ്രുതി ചിത്രത്തിനു നല്‍കുന്ന ഊര്‍ജ്ജമാണ്‌ ചിത്രത്തിന്റെ ജീവന്‍. അമിതാഭിനയം ഇടയ്ക്കൊക്കെ പ്രശ്നമാവുന്നത് ഒരല്‍പം കൂടി പരിചയം നേടുന്നതോടെ പരിഹരിക്കപ്പെടുമെന്നും കരുതാം. ബാബു രാജ്, ലാലു അലക്സ്, കോട്ടയം നസീര്‍ എന്നിവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ കഴിയും പോലെ ഭംഗിയാക്കി. ടി.പി. മാധവന്‍, അംബിക മോഹന്‍, ശിബ്‍ല, സ്വാസിക, കൃഷ്ണ എന്നിവരൊക്കെയാണ്‌ ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിബു ജേക്കബ് പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് പുതുമയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും ചില ക്യാമറ സഞ്ചാരങ്ങളൊക്കെ ആകര്‍ഷകമെന്നു തോന്നി. ആകാശത്ത് സിനിമ പ്രൊജക്ട് ചെയ്‍ത് കാണിക്കുന്നതു പോലെയുള്ള തരികിട പരിപാടികള്‍ ഒഴിവാക്കാമായിരുന്നു. ചിലയിടങ്ങളിലെ വെളിച്ചക്രമീകരണവും തൃപ്തികരമായി അനുഭവപ്പെട്ടില്ല. ഇടയ്‍ക്കുവരുന്ന ഇത്തരം ചില കല്ലുകടികള്‍ മാറ്റി നിര്‍ത്തിയാല്‍, സാങ്കേതിക മേഖല മെച്ചപ്പെട്ട രീതിയില്‍ സംവിധായകനെ പിന്തുണച്ചുവെന്നു പറയാം. 'തിക്ക് റാപ്പെ'ന്ന ആശയമൊക്കെ കൊണ്ടുവന്നെങ്കിലും അല്‍ഫോണ്‍സിന്റെ സംഗീതം ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തിനെന്തെങ്കിലും ഗുണം ചെയ്തുവെന്ന തോന്നലില്ല. റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയും ജഗ്‍മീത് ബാലുമൊക്കെയാണ്‌ ഗാനങ്ങളുടെ രചന.

തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലില്‍ കണ്ടുമുട്ടുന്ന നാലു പേര്‍, വ്യത്യസ്‍ത മേഖലകളില്‍ നിന്നെങ്കിലും സിനിമ അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്നു, അവരൊരുമിച്ചൊരു സിനിമ പിടിക്കുന്നു, അവരഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതൊക്കെ തരണം ചെയ്യുവാനുള്ള നാല്‍വരുടേയും പെടാപ്പാടുകള്‍; സിനിമ പറയുന്ന കഥയ്‍ക്ക് ചില പുതുമകളൊക്കെ തീര്‍ച്ചയായും അവകാശപ്പെടാം. അതൊരു തിരനാടകമാക്കി ചിത്രീകരിച്ചു വന്നപ്പോള്‍ ഈ പുതുമകളൊക്കെയും നിഷ്‍പ്രഭമായി മാറിയെന്നു മാത്രം. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കെന്ന കാരണത്തില്‍ വീടുവിട്ടിറങ്ങി ബാനറെഴുതി ജീവിക്കുന്ന (അച്ഛനുമമ്മയും ചിലവിനു കൊടുക്കുന്ന പണം അനാഥാലയത്തിനു നല്‍കുകയും ചെയ്യുന്നുണ്ട്) കഥാപാത്രത്തെയൊക്കെ സൃഷ്ടിച്ച മമാസിനെ നമിക്കുകയേ നിവര്‍ത്തിയുള്ളൂ! സിനിമയ്‍ക്കു വേണ്ടി എഴുതി തുടങ്ങിയ കഥ 'സിനിമ കമ്പനി'യിലെ അംഗങ്ങളുടെ തന്നെ ജീവിതത്തില്‍ സത്യമായി ഭവിക്കുന്നു, അതു തന്നെയാണ്‌ ഈ ചിത്രത്തിന്റെ കഥയും. സിനിമയ്‍ക്കുള്ളിലെ സിനിമ സൂപ്പര്‍ ഹിറ്റായെന്നൊക്കെയാണ്‌ പറഞ്ഞു വെയ്‍ക്കുന്നതെങ്കിലും, ആ എഴുതിയത് മാത്രം യഥാര്‍ത്ഥത്തില്‍ സംഭവിക്കുവാന്‍ ഒരു സാധ്യതയും കാണുന്നില്ല!

വാല്‍ക്കഷണം: ഇടയ്‍ക്കൊരു സംവിധായകന്‍ വന്ന് പറയുന്ന കാര്യങ്ങളൊക്കെ 'പാപ്പീ അപ്പച്ച'യില്‍ മമാസ് കേട്ട പഴികള്‍ക്കുള്ള മറുപടിയാണെന്നു തോന്നി. "എന്നെക്കൊണ്ട് ഇതൊക്കെയേ പറ്റൂ, വേണേ കണ്ടിട്ടു പോടേ! നീയൊക്കെ എന്തൊക്കെ കുറവുകള്‍ പറഞ്ഞാലും പടം സൂപ്പര്‍ ഹിറ്റാണ്‌, അതു മതി." ചിത്രത്തിലെ സംവിധായകന്റെ ഈയൊരു മനോഭാവം തന്നെയാണ്‌ മമാസിന്റേതുമെങ്കില്‍ പ്രതീക്ഷയ്‍ക്കു വകയില്ല.

5 comments :

 1. 'പാപ്പീ അപ്പച്ച'യ്‍ക്ക് ശേഷം മമാസ് ഒരുക്കുന്ന 'സിനിമ കമ്പനി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #CinemaCompany speaks about making of a film. May not be a fully engaging film, but still a good watch. #Chithravishesham
  9:09 PM - 28 Jul 12 via Twitter for Android

  * Now I do feel, the tweet 'May not be a fully engaging film, but still a good watch.' is not appropriate for this film. 'With support from his crew and actors, Mamas manages to make the film just watchable, nothing more.' would have been better.
  --

  ReplyDelete
 2. //ഒരു പ്രത്യേക നടനെ ഉന്നം വെച്ചുള്ള രംഗങ്ങളും, അയാളെ മോശമായി കാട്ടുവാനായി ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങളുമൊക്കെ തറ പരിപാടിയായിപ്പോയി! പ്രസ്‍തുത നടന്റെ സിനിമയിലെ തീരുമാനങ്ങളെ വിമര്‍ശിക്കാം, പക്ഷെ വ്യക്തിപരമായ അവഹേളനത്തിലേക്ക് അതു മാറുമ്പോള്‍, മമാസിന്റെ തന്നെയാണ്‌ വിലയിടിയുന്നത്.//

  cant agree more.I would have given an average rating for the film if the director hadn't resorted to settling his personal scores against a particular actor through this film.at a time when innovative yet entertaining films like thattathina nd usthad hotel are getting made,people like mammas try to get success through short cuts by playing t to the galleries..now the guy(mammas) has started to give publicity for his film by alleging that the fans of the actor whom he had ridiculed are trying to sabotage his film..!what the h....!

  ReplyDelete
 3. //ഒരു പ്രത്യേക നടനെ ഉന്നം വെച്ചുള്ള രംഗങ്ങളും, അയാളെ മോശമായി കാട്ടുവാനായി ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങളുമൊക്കെ തറ പരിപാടിയായിപ്പോയി! പ്രസ്‍തുത നടന്റെ സിനിമയിലെ തീരുമാനങ്ങളെ വിമര്‍ശിക്കാം, പക്ഷെ വ്യക്തിപരമായ അവഹേളനത്തിലേക്ക് അതു മാറുമ്പോള്‍, മമാസിന്റെ തന്നെയാണ്‌ വിലയിടിയുന്നത്.//

  പടം കണ്ട എല്ലാവരും ഇതുതെന്നെയാണ് ഏറ്റവും വലിയ നെഗറ്റീവ് ആയി പറയുന്നത്.

  ReplyDelete
 4. ഏത് പ്രത്യേക നടന്‍? ഇതെന്താ മനോരമയോ? കാര്യങ്ങള്‍ തുറന്നു പറഞ്ഞാലെന്താ?

  ReplyDelete
 5. എന്തരായാലും നല്ല പടം കേട്ടാ.പക്ഷെ ആ പ്രിഥ്വിരാജിനെ വലിച്ചു കീറി ഒട്ടിച്ചത് ശരിയായില്ല. വ്യക്തിഹത്യ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. അതോഴിച്ചു ബാക്കിയെല്ലാം കൊള്ളാം.

  ReplyDelete