ബാച്ച്‍ലര്‍ പാര്‍ട്ടി (Review: Bachelor Party)

Published on: 6/18/2012 07:32:00 AM

ബാച്ച്‍ലര്‍ പാര്‍ട്ടി: പണി പാമ്പായും പട്ടിയായും മാത്രമല്ല, സിനിമയായും കിട്ടും!

ഹരീ, ചിത്രവിശേഷം

Bachelor Party: Chithravishesham Rating (3.75/10).
രണ്ടായിരത്തിപ്പത്തിലെ 'അന്‍വറി'നു ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'ബാച്ച്‍ലര്‍ പാര്‍ട്ടി'. ചിത്രത്തിന്റെ ഛായാഗ്രഹകനായും കൂടാതെ വി. ജയസൂര്യയോടൊപ്പം നിര്‍മ്മാണത്തിലും അമല്‍ നീരദിന്റെ പേരു കാണാം. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‍മാന്‍, വിനായകന്‍, കലാഭവന്‍ മണി, നിത്യ മേനോന്‍ തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സന്തോഷ് എച്ചിക്കാനം, ഉണ്ണി ആര്‍. എന്നിവരൊരുമിച്ച് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്‌ പൂര്‍ത്തിയായിരിക്കുന്നത്. തന്റെ തന്നെ മുന്‍ ചിത്രങ്ങളുടെ കെട്ടിലും മട്ടിലുമൊക്കെ തന്നെയാണ്‌ അമല്‍ നീരദ് 'ബാച്ച്‍ലര്‍ പാര്‍ട്ടി'യും സംഘടിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലുമൊരു വിദേശചിത്രത്തിന്റെ തിരനാടകം അതേപടി മലയാളീകരിക്കുക, എന്നിട്ടതിനെ ദൃശ്യമികവിന്റെയും ഇഫക്ടുകളുടേയും ധാരാളിത്തത്തില്‍ വലിച്ചു നീട്ടി അവതരിപ്പിക്കുക, വെടിയും പുകയുമൊക്കെ ചേര്‍ത്തു കുറേ ഒച്ചപ്പാടും കൂടിയാവുമ്പോള്‍ അമല്‍ നീരദ് ചിത്രം തയ്യാര്‍!

ആകെത്തുക     : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.50 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
'സിന്‍ സിറ്റി'യാണേ ഇതിന്റെ പ്രചോദനമെന്ന് അമല്‍ നീരദ് ആണയിടുന്നെങ്കിലും ഹോങ്ങ് കോങ്ങ് ചിത്രമായ 'എക്സൈല്‍ഡി'ന്റെ നേര്‍ പകര്‍പ്പാണ്‌ ഈ ചിത്രമെന്ന് യഥാര്‍ത്ഥ ചിത്രത്തിന്റെ കഥാതന്തുവെന്ന് ഓടിച്ചു വായിച്ചാല്‍ തന്നെ മനസിലാക്കാം. ജോണി തോ സംവിധാനം ചെയ്ത 'എക്‍സൈല്‍ഡ്' പോലും ശരാശരി ക്രൈം ത്രില്ലറെന്നതിനപ്പുറം ഒരു മതിപ്പുണ്ടാക്കുന്നില്ല. അതു ചില മാറ്റങ്ങളോടെ (എന്നുവെച്ചാല്‍ റെസ്റ്റൊറന്റില്‍ നടക്കുന്നൊരു സംഭവം തിയേറ്ററിലാക്കും, ഒരു ഫോട്ടോ കാണിച്ച് കൂട്ടുകാരെന്ന് പറയുന്നിടത്ത് കുട്ടിക്കാലമൊക്കെ ചിത്രീകരിച്ച് ഒരു പാട്ടു ചേര്‍ക്കും; ഇങ്ങിനെയുള്ള മാറ്റങ്ങള്‍) മലയാളത്തിലേക്ക് മൊഴിമാറ്റി വന്നപ്പോള്‍ ആത്മാവു നഷ്ടപ്പെട്ടൊരു ഗതിയും പരഗതിയുമില്ലാത്ത ചലച്ചിത്രാഭാസം മാത്രമായി 'ബാച്ച്‍ലര്‍ പാര്‍ട്ടി'. സന്തോഷ് എച്ചിക്കാനവും ഉണ്ണി ആറും ചേര്‍ന്നെഴുതിയ സംഭാഷണങ്ങളുടെ പച്ചയേ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കുള്ളൂ. എത്രയൊക്കെ അശ്ലീലമാക്കമോ അത്രയും ചെയ്‍തിട്ടുള്ളതിനാല്‍ അതു കുറേയൊക്കെ യുവപ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യും. ഇതല്ലാതെ കുറേ വെടിയും പുകയും കൊലയുമൊക്കെ ചേര്‍ത്താണ്‌ ചിത്രത്തിന്റെ സമയം തികയ്‍ക്കുന്നത്. സംവിധായകനെന്ന നിലയില്‍ അമല്‍ നീരദ് ഒരു തികഞ്ഞ പരാജയമാണെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് ഈ പാര്‍ട്ടി ചിത്രം.

Cast & Crew
Bachelor Party

Directed by
Amal Neerad

Produced by
Amal Neerad, V. Jayasurya

Dialogues by
Santhosh Etchikkanam, Unni R.

Starring
Indrajith, Asif Ali, Nithya Menon, Rahman, Kalabhavan Mani, Vinayakan, Ashish Vidyarthi, John Vijay, Jinu Joseph, Lena, Sunil Sukhada, Kochu Preman, Thesni Khan etc.

Cinematography (Camera) by
Amal Neerad

Editing by
Vivek Harshan

Production Design (Art) by
Joseph Nellikkal

Music / Background Score by
Rahul Raj

Sound Design by
Tapas Nayak

Lyrics by
Rafeeq Ahmed

Make-Up by
Ranjith Ambady

Costumes by
Praveen Varma

Choreography by
Dinesh Kumar

Action (Stunts / Thrills) by
Anal Arasu

Banner
Amal Neerad Productions

Release Date
2012 June 15

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ക്കു യോജിക്കുന്ന അഭിനേതാക്കളെ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു എന്നതാണ്‌ സാങ്കേതികത്തികവ് ചിത്രത്തിനുണ്ടാക്കുവാനുള്ള ശ്രമങ്ങളൊഴിച്ച് സംവിധായകനെന്ന നിലയില്‍ അമല്‍ നീരദ് ചെയ്ത ഒരേയൊരു നല്ല കാര്യം. ബെന്നി (റഹ്‍മാന്‍), അയ്യപ്പന്‍ (കലാഭവന്‍ മണി), ഗീവര്‍ഗീസ് (ഇന്ദ്രജിത്ത്), ടോണി (ആസിഫ് അലി), ഫക്കീര്‍ (വിനായകന്‍) എന്നീ അഞ്ചുപേരാണ്‌ കഥയുടെ കേന്ദ്രം. വ്യത്യസ്ത സ്വഭാവമുള്ള ഇവരഞ്ചു പേരെ മനോഹരമാക്കുവാന്‍ അഭിനേതാക്കള്‍ ഐവര്‍ക്കുമായി. അതേ സമയം തന്നെ നിത്യ മേനോന്റെ നീതു, ലെനയുടെ അമ്മ വേഷം, ജോണ്‍ വിജയുടെ പ്രകാശ് കമ്മത്ത് തുടങ്ങിയ വേഷങ്ങളൊന്നും കാര്യമായ മതിപ്പുണ്ടാക്കുന്നുമില്ല. ആശിഷ് വിദ്യാര്‍ത്ഥിയുടെ ചെട്ടിയാര്‍ വേഷത്തിനുമൊരു പുതുമ പറയുവാനില്ല. പോസ്റ്ററുകളിലൊക്കെ സജീവമായുണ്ടെങ്കിലും, പൃഥ്വിരാജും രമ്യ നമ്പീശനും ഏറെ സമയം ചിത്രത്തിലില്ല.

അമല്‍ നീരദിന്റെ ക്യാമറ പതിവുപോലെ ഓരോ രംഗവും മനോഹരദൃശ്യങ്ങളായി നമുക്കു കാട്ടിത്തരുന്നു. ചിലയിടങ്ങളിലെങ്കിലും 'എക്സൈല്‍ഡ്' അനുകരിക്കുവാനാണ്‌ ശ്രമമെന്നത് ഛായാഗ്രാഹകനെന്ന നിലയില്‍ അമല്‍ നീരദിന്റെ മാറ്റു കുറയ്‍ക്കുന്നു. വിവേക് ഹര്‍ഷന്‍ അമല്‍ നീരദിന്റെ താത്പര്യം പോലെ തന്നെ എല്ലാം മന്ദതാളത്തില്‍ സന്നിവേശിപ്പിച്ചിട്ടുമുണ്ട്. ഓരോ രംഗവും അനങ്ങി അനങ്ങി തീരുമ്പോഴേക്ക് കണ്ടിരിക്കുന്നവര്‍ രണ്ട് കോട്ടുവായെങ്കിലും വിട്ടുപോവും എന്നൊരൊറ്റ പ്രശ്നമേ ഇതിനുള്ളൂ! പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആദ്യാവസാനം ഇങ്ങിനെ ചിത്രം ഇഴച്ചുവെച്ചാല്‍ സാങ്കേതികമായി ചിത്രത്തിന്റെ ഔന്നിത്യം കൂടും എന്ന തെറ്റിദ്ധാരണ അമല്‍ നീരദിനുണ്ടോ എന്നു ന്യായമായും സംശയിക്കാം. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും ഒപ്പം രഞ്ജിത്ത് അമ്പാടി (ചമയം), പ്രവീണ്‍ വര്‍മ്മ (വസ്‍ത്രാലങ്കാരം) എന്നിവരുടെ ശ്രമങ്ങളും ചിത്രത്തിന്റെ മികവുയര്‍ത്തുന്നവയാണ്‌. സ്റ്റണ്ട് ഡയറക്ടറുടെ പേരുകള്‍ക്ക് പുറമേ; പുകയൊരുക്കിയത്, തോക്കും പൊട്ടാസും ഒരുക്കിയത് എന്നിങ്ങനെയുള്ള വിഭാഗങ്ങളും ക്രെഡിറ്റ്സില്‍ പ്രാധാന്യത്തോടെ കണുവാനായി. ഇവയൊക്കെ ചേര്‍ന്നുള്ള ചില വിഷ്വല്‍ തരികിടകള്‍ക്കപ്പുറം ഒന്നുമാകുവാന്‍ ഈ ബഹുതാര ചിത്രത്തിനാവുന്നില്ല എന്നതാണ്‌ ഇതിന്റെയൊക്കെ ബാക്കിപത്രം.

രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും അതുപയോഗിച്ചുള്ള തപസ് നായികിന്റെ ശബ്ദസംവിധാനവും ചിത്രത്തിനൊരു മുതല്‍കൂട്ടാണ്‌. ദിനേശ് കുമാറിന്റെ നൃത്തസംവിധാനത്തില്‍ രമ്യ നമ്പീശന്‍ പാടി ചുവടുവെയ്‍ക്കുന്ന "വിജനസുരഭി...", ടോണി - നീതു പ്രണയ-വിവാഹ-ദാമ്പത്യ രംഗങ്ങള്‍ക്ക് പശ്ചാത്തലമായി ശ്രെയ ഗോശാലും നിഖില്‍ മാത്യുവും ചേര്‍ന്നു പാടിയിരിക്കുന്ന "പാതിരയോ പകലായ്..."; റഫീഖ് അഹമ്മദെഴുതി രാഹുല്‍ രാജ് ഈണമിട്ട ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങളും ആസ്വാദ്യകരം. സുനില്‍ മത്തായിയുടെ ശബ്ദത്തില്‍ "ബാച്ച്‍ലര്‍ ലൈഫാണഭയമെന്റയ്യപ്പ!" എന്നു തുടങ്ങുന്ന ടൈറ്റില്‍സിനോടൊപ്പമുള്ള ഗാനം കൗതുകകരമാണ്‌. പത്മപ്രിയ നായകന്മാരോടൊപ്പം നരകത്തില്‍ നൃത്തം‍വെയ്ക്കുന്ന ഒടുവിലെ "കപ്പ കപ്പ കപ്പപ്പുഴുക്ക്..." ഗാനം സാമാന്യം നല്ല ബോറായി. പത്മപ്രിയക്ക് ചേരാത്ത വേഷവും ചുവടുകളും കൂടിയാവുമ്പോള്‍ തികഞ്ഞ അശ്ലീലം!

ഈ പാര്‍ട്ടിയൊന്ന് തീര്‍ന്ന് വീട്ടില്‍ പോവാമെന്നു കരുതി ആക്ഷമരായിരിക്കുന്നവരെ ഒടുക്കം നരകം വരെ കാണിച്ചേ അമല്‍ നീരദ് യാത്രയാക്കുന്നുള്ളൂ. യുവതലമുറയെ ലക്ഷ്യം വെയ്‍ക്കുന്നതിനാലാവാം; ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അശ്ലീല സംഭാഷണങ്ങളും, ശരീരപ്രദര്‍ശനവും, രക്തച്ചൊരിച്ചിലും എല്ലാം ചേര്‍ത്ത് സാധാരണ മലയാളം പടങ്ങളെ അപേക്ഷിച്ച് എരിവും പുളിയുമൊക്കെ അല്‍പം കൂട്ടിയാണ്‌ അമല്‍ നീരദ് 'ബാച്ച്‍ലര്‍ പാര്‍ട്ടി' ഒരുക്കിയിരിക്കുന്നത്‍. പക്ഷെ, ഇതൊക്കെ കൊണ്ടുമാത്രം ഒരു പടം രക്ഷപെടില്ലെന്ന പാഠം അമല്‍ നീരദ് ഈ പാര്‍ട്ടിയോടെ പഠിക്കുമെന്നു കരുതാം!

ഇന്നത്തെ ചിന്താവിഷയം: ഇതേ മട്ടില്‍ തുടരുവാനാണ്‌ ഭാവമെങ്കില്‍, ഒരേ റൂട്ടിലോടുന്ന പാണ്ടിലോറിയെന്നോ മറ്റോ ആരെങ്കിലും അമല്‍ നീരദിന്റെ ചിത്രങ്ങളെ അധികം വൈകാതെ തന്നെ വിശേഷിപ്പിക്കുന്നതു കേള്‍ക്കാം. സ്ലോ മോഷന്‍ = അമല്‍ നീരദ് എന്ന മട്ടിലൊരു ആത്മപ്രശംസ സ്വന്തം ചിത്രത്തില്‍ ചേര്‍ക്കുവാനൊക്കെ തൊലിക്കട്ടിയുള്ളപ്പോള്‍ അങ്ങിനെയാരെങ്കിലും പറഞ്ഞാലും കാര്യമുണ്ടോ എന്നും സംശയമാണ്‌.

25 comments :

 1. അമല്‍ നീരദ് സംവിധാനം ചെയ്‍ത ബഹുതാരചിത്രം 'ബാച്ച്‍ലര്‍ പാര്‍ട്ടി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  ‪#BachelorParty‬: People waits to see the end of the party, but it never gets over until they see the real hell.
  2:16 PM - 15 Jun 12 via Twitter for Android.
  --

  ReplyDelete
 2. എന്നിട്ടും ഇതിനു കൊടുത്ത മാര്‍ക്ക് 3.75..???

  ReplyDelete
 3. സഹോദരാ ബാച്ചലര്‍ പാര്‍ട്ടിക്ക് 3.75 മാര്‍ക്കും സ്പിരിടിനു 3.5 മാര്‍ക്കും നല്‍കാന്‍ കാണിച്ച ചങ്കൂറ്റത്തിനെ എന്ത് വിളിക്കണം?

  ReplyDelete
 4. Dear Hari, I have been a regular follower of chithravishesham for ages. I am disappointed with your review on Spirit. I am not sure what made you to feel bachelor party is a better movie than spirit? Do you honestly think bachelor party's script is better than spirit's? If so, I am sorry to say that you have some personal vengeance against spirit. Thank you for reading my comment. -

  ReplyDelete
 5. Hari, its the time start thinking about the consistency in giving ratings.

  ReplyDelete
 6. രണ്ട് ചിത്രങ്ങള്‍ തമ്മില്‍, പ്രത്യേകിച്ചും അവ രണ്ടും രണ്ട് ജനുസ്സില്‍ പെടുമ്പോള്‍, താരതമ്യങ്ങള്‍ അപ്രസക്തമാണ്‌. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കില്‍ 'ബാച്ച്‍ലര്‍ പാര്‍ട്ടി'ക്കാണ്‌ അല്‍പം മുന്‍തൂക്കം. [കഥയും കഥാപാത്രങ്ങളും] എന്ന വിഭാഗത്തില്‍ 'സ്പിരിറ്റി'ന്‌ 2.00 നല്‍കിയപ്പോള്‍ 'ബാച്ച്‍ലര്‍ പാര്‍ട്ടി'ക്ക് 1.00 നല്‍കിയിരിക്കുന്നു. വിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് വായിച്ചാലും 'ബാച്ച്‍ലര്‍ പാര്‍ട്ടി'യുടെ രചന 'സ്പിരിറ്റി'നേക്കാള്‍ നന്ന് എന്ന് സൂചന തരുന്നതാണെന്ന തോന്നലില്ല. ചിലരെങ്കിലും ആ രീതിയില്‍ മനസിലാക്കുന്നത് കൗതുകകരമാണ്‌. :)

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 7. ആദ്യം മമ്മൂട്ടി നടന്നു എന്തിനെന്ന് ആര്‍ക്കും മനസിലായില്ല .... ഒരു പുതു സ്റ്റൈല്‍ കണ്ടു ...എങ്ങനെയോ വിജയിച്ചു....
  രണ്ടാമത് മോഹന്‍ലാല്‍ നടന്നു ....അതും എന്തിനെന്ന് ആര്‍ക്കും മനസിലായില്ല ...
  മൂന്നാമത് പൃഥ്വി നടന്നു .....അതും എന്തിനെന്ന് ആര്‍ക്കും മനസിലായില്ല
  നാലാമത് ആസിഫലി നടക്കുന്നു...... തഥൈവ.....
  ഇനി അഞ്ചാമത് ആരെയാണോ നടത്താന്‍ പോകുന്നത്........

  ReplyDelete
 8. സംവിധായകനെന്ന നിലയില്‍ അന്‍വര്‍ നീരദ് ഒരു തികഞ്ഞ പരാജയമാണെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് ഈ പാര്‍ട്ടി ചിത്രം.

  സംവിധാനം: 6.00 / 10

  pinne ithrem markum koduthu very good
  cinemaye vellunna vilayiruthal

  ReplyDelete
 9. "ജോണി തോ സംവിധാനം ചെയ്ത 'എക്‍സൈല്‍ഡ്' പോലും ശരാശരി ക്രൈം ത്രില്ലറെന്നതിനപ്പുറം ഒരു മതിപ്പുണ്ടാക്കുന്നില്ല."
  >
  I don't agree with your remarks about the film "Exiled" .

  In Rotten-tomatoes it holds 82% rating. That makes it "must watch" . If Amal Neerad can't do justice to the original story, it is his inefficiency and failure as a director.

  ReplyDelete
 10. കഥയും കഥാപാത്രങ്ങളും (1.00 / 10), സംവിധാനം (1.50 / 10), അഭിനയം (6.00 / 10), സാങ്കേതികം (3.50 / 05), പാട്ട് / നൃത്തം / ആക്ഷന്‍ (3.00 / 05) - ഇങ്ങിനെയൊന്നുമല്ല കാണുന്നതെങ്കില്‍ അത് ബ്രൗസര്‍ ശരിയായി കാണിക്കാത്തതു തന്നെയാവണം. :)

  Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.
  --

  ReplyDelete
 11. വെറുതെ അല്ല വെറും നൂറു രൂപ വെച്ചിട്ട് പോലും രണ്ടു കൊല്ലമായി ആരും ഒരു പരസ്യം പോലും ഈ ചത്തവിശേഷത്തില്‍ ചെയ്യാത്തത് ...

  ReplyDelete
 12. ഹലോ മിസ്റ്റര്‍ ഹരി........

  താങ്കള്‍ക്ക് കാലിക്കറ്റ് യൂനിവേര്‍സിറ്റിയിലോ മറ്റോ ആണോ പണി...? അല്ല താങ്കളുടെ മാര്‍ക്കിടല്‍ കണ്ടിട്ട് ചോദിച്ചതാണ്.3.75 കൊടുക്കാന്‍ മാത്രം ഇത്ര മനോഹരമായി ആരാ ചേട്ടന് ഈ പടം കണ്ടു കഥ പറഞ്ഞു തന്നത്? പോയി പടം കണ്ടിട്ട് മാര്‍ക്ക് ഇടടോ.
  താങ്കളുടെ മാര്‍ക്കിടലില്‍ ഉള്‍പ്പെടുത്തേണ്ട കാറ്റഗറികള്‍..:

  1.ഭക്തിപരം
  2.തമാശ
  3.കണ്ണീര്‍
  4.സദാചാരം.....

  .കഷ്ടം.

  "എന്താടോ താന്‍ നന്നാവാത്തത്?"

  ReplyDelete
 13. enikku eshtamaayathu narakathile song um athile varikalum, aa song il cinema avasaanippichathum aanu.

  ReplyDelete
 14. "സംവിധായകനെന്ന നിലയില്‍ അന്‍വര്‍ നീരദ് ഒരു തികഞ്ഞ പരാജയമാണെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് ഈ പാര്‍ട്ടി ചിത്രം"
  ഇത് മൂന്നാമത്തെ വരയാ. ബിഗ്ബിയും സാഗര്‍ ഏലിയാസും നേരത്തെ രണ്ടെണ്ണം വരച്ചാര്‍ന്നു.

  ReplyDelete
 15. ഒരു സംവിധായകന്‍ എന്ന നിലയില്‍ അമല്‍ നീരദ്‌ ഒരു തികഞ്ഞ പരാജയം ആണെന്ന് ഹരി തന്നെ പറയുന്നു. എന്നിട്ടും സംവിധാനത്തിന് 6 മാര്‍ക്ക്‌!!!!! ഹരീ സിനിമകള്‍ റേറ്റ് ചെയ്യുമ്പോള്‍ genre വച്ച് റേറ്റ് ചെയ്യുന്നതാകും നല്ലത്. ഹരിയുടെ ratings-ല്‍ ഒരു consistency ഇല്ലായ്മ തീര്‍ച്ചയായും പ്രകടമാകുന്നുണ്ട്.

  ReplyDelete
 16. Exiled കണ്ടതാണ്. നല്ലൊരു പ്ലോട്ട് ഉണ്ടായിട്ടും അതിനു ചേര്‍ന്ന ഒരു പിരിമുറുക്കം തിരക്കഥയില്‍ ഉണ്ടാക്കാന്‍ കഴിയാതെപോയ ഒരു ചിത്രമാണത് . അതെടുത്ത്‌ മലയാളത്തില്‍ കൊണ്ടുവന്നു എന്തിനായിരുന്നു ഈ സാഹസം?

  "സ്ലോ മോഷന്‍ = അമല്‍ നീരദ്" എന്നൊക്കെ പടത്തില്‍ എഴുതി കാണിക്കുന്നുണ്ടോ?

  ReplyDelete
 17. ശെടാ! സംവിധാനത്തിനിവിടെ ആര്‌ 6.00 നല്‍കി? ശരിക്കും എന്താണ്‌ പ്രശ്നം? ഈ കമന്റ് കാണുമല്ലോ?

  എഴുതിക്കാണിക്കുന്നില്ല. പക്ഷെ അതിലൊരു കഥാപാത്രം ഇങ്ങിനെ പറയുന്നു: "ഇതിങ്ങനെ സ്ലോ മോഷനില്‍ കാണിക്കാന്‍, ഇതെന്തോന്ന് അമല്‍ നീരദ് ചിത്രമോ?" (ഏകദേശം ഈ അര്‍ത്ഥം)
  --

  ReplyDelete
 18. veruthe pareyelle cinima kandittu parayoo

  ReplyDelete
 19. Ente abhiprayathil Rating correct anu, Spirit njan kandittilla.

  ReplyDelete
 20. chithra viseshathinte rating kandu filminu povunna aalaayirunnu njan,,,,ee sitnte viswaasam kalanju,,,mlecham

  ReplyDelete
 21. എന്തായാലും മലയാള സംഗീതം രക്ഷപെടുമെന്ന് തോന്നുന്നു.. എന്തെങ്കിലും അര്‍ത്ഥമില്ലാത്ത വരികള്‍ എഴുതി അതിന്റെ ഇടയ്ക്കിടെ കപ്പപ്പുഴുക്കെന്നോ മാങ്ങച്ചമ്മന്തി എന്നോ എഴുതി ബഹളങ്ങളോടെ പാടിയാല്‍ പാട്ട് ഹിറ്റ്‌ ആകുന്ന അവിയല്‍ സംസ്കാരത്തിലേക്കും ഉള്ള പോക്കും എവിടെ ചെന്നെത്തും?

  ReplyDelete
 22. @Haree
  താങ്കളുടെ പല അഭിപ്രായങ്ങളോടും വ്യക്തിപരമായി യോജിയ്ക്കാന്‍ കഴിയുന്നില്ലെങ്കിലും റിവ്യൂ എഴുതുക എന്നാ പ്രോഫ്ഫഷനോടുള്ള താങ്കളുടെ attitude നെ ഞാന്‍ appreciate ചെയ്യുന്നു. മറ്റു പല വെബ്‌ സൈട്ടുകളിലെയും പോലെ ആളുകളുടെ കയ്യടി കിട്ടാന്‍ വേണ്ടി താങ്കള്‍ എഴുതുന്നില്ല എന്നതാണ് എന്നെ ആകര്ഷിയ്ക്കുന്നത്. indulekha.com ലെ G കൃഷ്ണമൂര്‍ത്തി എന്നാ reviewer അത്തരത്തില്‍ കയ്യടി കിട്ടാന്‍ വേണ്ടി മാത്രം ഓരോന്ന് കുത്തി തിരുകി കാര്യങ്ങള്‍ നാഷകൊഷമാക്കുന്ന രീതിയില്യ്ക്ക് അധപതിച്ചു കഴിഞ്ഞു. എന്നാല്‍ താങ്കള്‍ ഇതിനെ വളരെ professional ആയിത്തന്നെ approach ചെയ്യുന്നു, അതില്‍ എനിയ്ക്ക് സന്തോഷമുണ്ട്. പിന്നെ താങ്കള്‍ക്കു new generation movies നോട് വലിയ താല്പര്യം ആണെന്ന് തോന്നുന്നു. second show , 22FK കൊടയം എന്നീ പടങ്ങളുടെ രേടിംഗ് കണ്ടപ്പോള്‍ തോന്നിയതാണ്. അപ്പോള്‍ പിന്നെ ശരി, കാര്യങ്ങള്‍ നടക്കട്ടെ.

  ReplyDelete
 23. ബാച്ച്ലര്‍ പാര്‍ട്ടി : ജീവിക്കാന്‍ എന്തിനു പാട് പെടുന്നു മരിക്കാന്‍ എത്ര എളുപ്പം

  ReplyDelete