ഹീറോ (Review: Hero)

Published on: 5/26/2012 11:14:00 AM

ഹീറോ: ഈ ഹീറോ പടമൊരു സീറോ!‌

ഹരീ, ചിത്രവിശേഷം

A film by Diphan starring Prithviraj, Yami Gautam, Anoop Menon etc. Film Review by Haree for Chithravishesham.
'പുതിയ മുഖ'ത്തിനു ശേഷം പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ആക്ഷന്‍ ചിത്രവുമായി സംവിധായകന്‍ ദീപന്‍ വീണ്ടുമെത്തുന്നു 'ഹീറോ'യിലൂടെ. ശ്രീകാന്ത്, അനൂപ് മേനോന്‍, യാമി ഗൗതം തുടങ്ങിയ മുന്‍നിര താരങ്ങളും പൃഥ്വിരാജിനോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. സെവന്‍ ആര്‍ട്ട്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി വിനോദ് ഗുരുവായൂര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു. ഒരു ഹീറോയുടെ കഥ പറയുവാന്‍ തുനിഞ്ഞിട്ട് പടമൊരു സീറോയായി മാറിയ പരിതാപകരമായ അവസ്ഥയിലാണ്‌ ഈ ചിത്രമുള്ളത്. കാശുമുടക്കി ടിക്കറ്റുമെടുത്ത് കാണുവാനെത്തുന്നവരോട് സാമാന്യമര്യാദയെങ്കിലും സിനിമ ചെയ്യുന്നവര്‍ കാട്ടേണ്ടതുണ്ട്. ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു മര്യാദയൊന്നും കാണികളോടില്ലെന്നു മാത്രമല്ല കാണാനെത്തുന്നവരെ അവഹേളിക്കുന്നതിനു സമമാണ്‌ ചിത്രത്തിലെ ഓരോ രംഗവും!

ആകെത്തുക     : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 3.00 / 10
: 2.50 / 05
: 1.50 / 05
കഥയോ തിരക്കഥയോ ഒന്നും അത്ര ശക്തമല്ലാതിരുന്നിട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കുവാന്‍ പാകത്തിനൊരു ആക്ഷന്‍ ചിത്രമാക്കി മാറ്റിയതിനാല്‍ 'പുതിയ മുഖ'ത്തിലൂടെ അല്‍പം പ്രതീക്ഷ നല്‍കിയ ഒരു സംവിധായകനായിരുന്നു ദീപന്‍. ലഭ്യമായ അഭിനേതാക്കളേയും സാങ്കേതികപ്രവര്‍ത്തകരേയും വിദഗ്ദ്ധമായി ഉപയോഗിച്ചാണ്‌ ദീപനത് ആ ചിത്രത്തില്‍ സാധിച്ചെടുത്തത്. ആ ഒരു കൈയ്യടക്കം 'ഹീറോ'യിലെത്തുമ്പോള്‍ ദീപനില്‍ കാണുവാനില്ല. സിനിമയുടെ അണിയറക്കഥകള്‍ക്ക് കാര്യമായ പുതുമയൊന്നുമില്ലെങ്കിലും ഒരു ആക്ഷന്‍ ചിത്രത്തിനു സാധുവായ ഒരു കഥാതന്തു ചിത്രത്തിനുണ്ട്. എന്നാലത് തിരനാടകമായി വികസിപ്പിച്ചതും പിന്നീടതിന്റെ അവതരണവുമൊക്കെ തീര്‍ത്തും പാളി. നായകനെ അവതരിപ്പിക്കുന്ന സംഘട്ടന രംഗമാവട്ടെ, നായകനു നിശ്ചയിച്ചിട്ടുള്ള ആദ്യ ഗാനരംഗമാവട്ടെ, നായകനെ തകര്‍ക്കുവാനുള്ള വില്ലന്റെ ശ്രമങ്ങളാവട്ടെ; ഇങ്ങിനെ ചിത്രത്തിന്റെ ഏതു ഭാഗമെടുത്താലും രചയിതാവിന്റെ ഭാവനാരാഹിത്യം പ്രകടമാണ്‌. കുറച്ചൊക്കെ മലയാളസിനിമ കണ്ടു ശീലമുള്ള ആര്‍ക്കും അടുത്തതായി ചിത്രത്തിലെന്തു സംഭവിക്കുമെന്ന് സുഖമായി ഊഹിക്കാം. അങ്ങിനെയല്ലാതെ എന്തെങ്കിലുമൊന്ന് സിനിമയില്‍ സംഭവിക്കാതിരിക്കുവാന്‍ രചയിതാവ് നന്നായി അധ്വാനിച്ചിട്ടുമുണ്ട്! മഷിയിട്ടു നോക്കിയാലും പേരിനൊരു പുതുമ പോലും ചിത്രത്തിലെവിടെയും കണ്ടെടുക്കുവാന്‍ കഴിയരുതെന്ന നിര്‍ബന്ധബുദ്ധിയും ഈ സിനിമയെഴുതിയപ്പോള്‍ രചയിതാവിന്‌ ഉണ്ടായിരുന്നിരിക്കണം.

Cast & Crew
Hero

Directed by
Diphan

Produced by
G.P. Vijayakumar

Story, Screenplay, Dialogues by
Vinod Guruvayoor

Starring
Prithviraj, Srikanth, Yami Gautam, Anoop Menon, Thalaivasal Vijay, Bala, Nedumudi Venu, Tini Tom, Anil Murali, KPAC Lalitha, Sudheer Karamana, Kottayam Nazeer, Anoop Chandran, Jaffer Idukki, Indrans, Malavika, Sarayu etc.

Cinematography (Camera) by
Bharani K. Dharan

Editing by
Samjith Mhd.

Production Design (Art) by
Gireesh Menon

Music by
Gopi Sundar

Effects by
Murukesh

Lyrics by
Shibu Chakravarthy, Anil Panachooran

Make-Up by
Ratheesh Ambady

Costumes by
S.B. Satheesan

Choreography by
Kala, Shoby Paul Raj

Action (Stunts / Thrills) by
Kanal Kannan

Banner
Seven Arts International Ltd.

Release Date
2012 May 25

ആക്ഷന്‍ ചിത്രങ്ങളുടെ പിന്നാമ്പുറ കഥ പറയുന്നതെന്ന് അവകാശപ്പെടുന്ന 'ഹീറോ'യില്‍ കഥയില്ല മറിച്ച് കുറേ സംഘട്ടന രംഗങ്ങളും അവയിലേക്ക് നയിക്കുവാനായി കെട്ടിച്ചമച്ച കുറേ രംഗങ്ങളും മാത്രമേയുള്ളൂ. കഥയിലൊരു ഭാഗമാവാതെ ഒറ്റയ്‍ക്കൊറ്റയ്‍ക്ക് നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അവയെ ശരിയായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാനാവാത്ത അഭിനേതാക്കള്‍; ഇവയൊക്കെ കൂടിയാവുമ്പോള്‍ യാതൊരു താത്പര്യവും ഒരിടത്തും ചിത്രത്തോട് കാണികള്‍ക്കുണ്ടാവുന്നില്ല. തലൈവാസല്‍ വിജയുടെ ധര്‍മ്മജനെന്ന സ്റ്റണ്ട് മാസ്റ്ററും അനൂപ് മേനോന്റെ ആദിത്യനെന്ന സംവിധായകനും മാത്രമാണ്‌ പിന്നെയും കഥാപാത്രങ്ങളെന്ന തോന്നലെങ്കിലുമുണ്ടാക്കുന്നത്. പൃഥ്വിരാജ്, യാമി ഗൗതം, ശ്രീകാന്ത്, ബാല തുടങ്ങിയ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആരും തന്നെ മികച്ചത് എന്നു പറയാവുന്ന പ്രകടനമൊന്നും പുറത്തെടുക്കുന്നില്ല. പേരിനു കുറേ താരങ്ങള്‍ എന്നതിനപ്പുറം മറ്റുള്ളവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനുമില്ല.

സംവിധായകന്‍ ദീപനേക്കാള്‍ സംഘട്ടനരംഗങ്ങള്‍ തയ്യാറാക്കിയ കനല്‍ കണ്ണനാവും ചിത്രത്തില്‍ സിംഹഭാഗത്തിന്റെയും ചിത്രീകരണത്തിന്‌ നേതൃത്വം നല്‍കിയിരിക്കുക. കാണുന്നവര്‍ കണ്ട് ക്ഷീണിക്കുന്നത്രയുമധികം ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അവയൊക്കെ ആവശ്യത്തിനു മാത്രമായി കുറച്ചിരുന്നെങ്കില്‍ തന്നെ പാതിസമയവും ലാഭിക്കാമായിരുന്നു, കാണുന്നവര്‍ക്ക് പാതി സമാധാനം കിട്ടുകയും ചെയ്യുമായിരുന്നു. ഭരണി കെ. ധരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇഫക്ടുകളുടേയും മന്ദഗതിയുടേയും ധാരാളിത്തത്തില്‍ സാം‍ജിത്ത് ചേര്‍ത്തുവെച്ചതും കാണികളുടെ ക്ഷമ പരീക്ഷിക്കുവാന്‍ മാത്രം ഉതകുന്നതായി. ഷിബു ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനും എഴുതി ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളും അനവസരത്തിലെത്തി മുഷിപ്പിക്കുന്നവയാണ്‌. "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാല"ന്റെ വികൃതാനുകരണമൊക്കെ പ്രേക്ഷകരെ ശരിക്കും വെറുപ്പിക്കുക തന്നെ ചെയ്യും.

ഒരു സിനിമ ചെയ്യുമ്പോള്‍; അതിന്റെ കേന്ദ്രസ്ഥാനത്തുള്ള സംവിധായകന്‌, അല്ലെങ്കില്‍ അതിന്റെ വിപണിമൂല്യത്തിനു ഹേതുവായ നായകന്‌‌, അതല്ലെങ്കില്‍ ചിത്രത്തിന്റെ രചയിതാവിന്‌, അതുമല്ലെങ്കില്‍ കാശിറക്കുന്ന നിര്‍മ്മാതാവിന്‌; ഇവരിലാര്‍ക്കെങ്കിലുമൊക്കെ സിനിമയെന്തെന്ന ധാരണയും ഒരല്‍പം സാമാന്യബോധവുമൊക്കെ ഉണ്ടെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ മലയാളസിനിമയില്‍ സംഭവിക്കില്ല. ഇതില്‍ ആകെ കൊള്ളാവുന്നതായി തോന്നിയത് ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകളും പിന്നെ ഒടുക്കമുള്ള അണിയറ ദൃശ്യങ്ങളുമാണ്‌. ഇടയിലുള്ളതെല്ലാം കൂടി വെട്ടിച്ചുരുക്കി ഒരൊന്നര മണിക്കൂറില്‍ പടം തീര്‍ത്തിയിരുന്നെങ്കില്‍ എത്രയോ നന്നാവുമായിരുന്നു! അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെങ്കിലും ഈ ചിത്രത്തിവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് അല്‍പം വീണ്ടുവിചാരം ഉണ്ടാകുവാന്‍ സീറോയായിപ്പോയ ഈ 'ഹീറോ' കാരണമാവുമെങ്കില്‍ അതൊന്നുമാത്രമാവും ഈ ചിത്രം കാരണമായി സംഭവിക്കുന്ന ഒരേയൊരു നല്ല കാര്യം!

വാല്‍ക്കഷണം: 'ഹീറോ'യെന്ന പേരിനു പകരം നായകന്റെ വിളിപ്പേരായ 'ടാര്‍സന്‍ ആന്റണി' എന്നു തന്നെ മതിയായിരുന്നു ചിത്രത്തിന്റെ പേരും. ചിത്രത്തിന്റെ നിലവാരത്തിന് ഏതാണ്ടു ചേരുന്നൊരു പേരാവുമായിരുന്നു അപ്പോളത്! പൃഥ്വിരാജ് ഇന്‍ & ആസ് 'ടാര്‍സന്‍ ആന്റണി', ആ പറച്ചിലു തന്നെ എത്ര സുഖകരം!

12 comments :

 1. 'പുതിയ മുഖ'ത്തിനു ശേഷം പൃഥ്വിരാജ് നായകനാവുന്ന ദീപന്‍ ചിത്രം, 'ഹീറോ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  ‪#Hero‬: A terrible film by all means. Pathetic performance by the director ‪#Diphan‬ and crew. ‪#Prithviraj‬
  8:33 AM - 26 May 12 via web
  --

  ReplyDelete
 2. ഹരിയേട്ടാ........ നിങ്ങളോട് ഞാന്‍ ഒരിക്കലും പൊറുക്കില...ഇതിനു മാത്രം ദ്രോഹം ഒന്നും ഞാന്‍ ചെയ്തില്ല ..
  എന്നെയും കൂടി എന്തിനാ ഈ പടത്തിനു പോയത് ?? ബോര്‍ അടിച്ചു ചത്ത്‌...ഈ രണ്ടു മാര്‍ക്കു അനൂപ്‌ മേനോനും തൈവസല്‍ വിജയ്കും ആയിരിക്കും..
  ആരും ഈ പടം കണ്ടു കാശു കളയണ്ട .....

  ReplyDelete
 3. നിനക്കങ്ങനെ തന്നെ വേണം ഷാറോണേ...

  ReplyDelete
 4. ആദരാഞ്ജലികള്‍ ഹരി :-P

  ReplyDelete
 5. രണ്ടു കൊല്ലം മുന്‍പാണ് ഈ പടം ഇറങ്ങിയിരുന്നതെന്കില്‍ അന്നത്തെ കട്ടമസാല പ്രേക്ഷകര്‍ പോയി കണ്ടു കയ്യടിചേനെ. ഇന്ന് മലയാളി പ്രേക്ഷകന് വിവരം വച്ച്. ഇത്തരം തട്ടിക്കൂട്ട് സംഭവങ്ങളൊന്നും അതെത് വലിയ സ്റ്റാര്‍ ആയാലും വിലപ്പോവില്ല.
  ഇത് വിജയിക്കുമെന്ന് പ്രിത്വിരാജിനു പോലും വിശ്വാസം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതൊക്കെ കഴിഞ്ഞ വര്ഷം കമ്മിറ്റ് ചെയ്തതാണെന്നും ഇതൊക്കെ കഴിഞ്ഞു ഇനി new generation type പടങ്ങളുടെ ഭാഗമാകാനാണ് താല്പര്യം എന്നും പ്രിതിരാജ്‌ ഈയിടെ ടിവിയില്‍ പറഞ്ഞിരുന്നു.
  നന്നായാല്‍ അവനുതന്നെ കൊള്ളാം.

  ReplyDelete
 6. കഴിഞ്ഞ ദിവസം ഒരു ലൊക്കേഷനിൽ വെച്ച് ഒരു പ്രൊഡക്ഷൻ കണ്ട്രോളറെ കണ്ടു സംസാരിച്ചു. സിനിമകളുടെ കാര്യങ്ങളെക്കുറീച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ഈ അടുത്ത കാലത്ത് അതായത് കഴിഞ്ഞ കുറേ വർഷങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ കിട്ടിയ സിനിമയേതെന്ന് അറിയ്യോ? ഞാൻ അതിശയിച്ചു നിന്നപ്പോൾ അദ്ദേഹം മുഴുവനാക്കി “ മായാമോഹിനി” എനിക്കു വിശ്വാസം വരാതായപ്പോൾ അദ്ദേഹം മെയിൻ സെന്റേർസിലെ കണക്കുകൾ നിരത്തി. ഈ റിവ്യൂ എഴുതുമ്പോഴേക്കും മായാമോഹിനി മിനിമം 7 കോടിക്കപ്പുറം ഗ്രോസ്സ് കളക്ഷൻ നേടിയിരിക്കും. സ്ത്രീകളും കുട്ടികളുമാണത്രേ സിനിമയുടെ പ്രധാന പ്രേക്ഷകർ.!!!!

  http://www.m3db.com/node/28224

  പറയാന്‍ പറ്റില്ല, ഈ സിനിമയായിരിക്കും ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ കാശ് വരുന്നത് Like pokkiriraja.

  ReplyDelete
 7. മലയാളത്തില്‍ ഒരു പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും , ഈ ഹീറോ തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യുമ്പോള്‍ ഓടും ...!' മനസ്സു കൊണ്ട് ഇത് പറയുന്നത് ആന്റണിയാണ് ... ! ആന്റണിയെ അറിയില്ലേ ? ആന്റണി ആണ് ഇവിടെ ഹീറോ ...! " പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളൂ ...!" ഇത് പുതിയമുഖം പ്രിത്വിരാജപ്പന്റെ അധികം ആര്‍ക്കും ഇഷ്ടമല്ലാത്ത പഴയ മുഖം ...! ഇന്ത്യന്‍ റുപ്പീ ഒരു മാറ്റവും വരുത്തിയില്ല എന്ന് തോന്നുന്നു ...! തമിഴ് സിനിമകളിലെ ഫ്ലോപ്പ് നായകന്‍ ശ്രീകാന്ത് ഇതില്‍ ഫ്ലോപ്പ് നായകനായി തന്നെ അഭിനയിക്കുന്നു ... ഒരു ആന്റി-ഹീറോ ആയി ...!! പാട്ടിന്റെ മൂഡ്‌ നോക്കാതെ ശോക ഗാനത്തിന് വരെ നൃത്ത ചുവടുകള്‍ വയ്ക്കുന്ന രീതി പ്രിത്വിരാജ് ഇനിയെങ്കിലും അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കാം ... അല്ലാതെ ഓവര്‍ ഹീറോയിസം കാണിച്ചു ഇതുപോലുള്ള സിനിമയില്‍ അഭിനയിച്ചാല്‍ മലയാള സിനിമയില്‍ നിന്നും അദ്ദേഹം കൂടുതല്‍ അകലും ... ഒരു സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റ്‌ ആയി ..ഒരു ഡ്യൂപ്പ് ആയി പ്രധാന കഥാപാത്രം ഉണ്ടെങ്കില്‍ അയാള്‍ക്ക്‌ എന്ത് സംഭവിക്കുമോ, അത് തന്നെ " ഹീറോ " യിലും സംഭവിച്ചിരിക്കുന്നു ... ! ഒരു സിനിമയില്‍ മസ്സിലുകളുടെ പങ്ക് എന്താണ് എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരും ..! ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ആക്ഷന്‍ രംഗങ്ങള്‍ ..! ചുരുക്കി പറഞ്ഞാല്‍ പണ്ട് ബാബു ആന്റണി നായകനായി അഭിനയിച്ച സിനിമകളുടെ അതെ സ്റ്റാന്‍ഡേര്‍ഡ് .. അതെ പാറ്റെര്ന്‍ ...! ഈ ഹീറോ ഒരു സീറോ ആണെന്ന് ആരും പറയരുതേ ... ഒരു ആഴ്ച എങ്കിലും ഈ ഹീറോ ഓടുന്നത് കാണണേ ..!! അയ്യപ്പാ .... !!! www.abiprayam.com

  ReplyDelete
 8. praveen..stop abusing prithviraj by calling him names here..f the mvie s bad,yu can say that..but y abusing the kead actor by calling him names?

  ReplyDelete
 9. praveen...
  aru boran padam aya bodygurad hindi yilum,tamililum were big hits..so anything can happen!

  ReplyDelete
 10. ഇതിന്റെ ക്ലിപ്പുകളും പാട്ടുമൊക്കെ കണ്ടപ്പോ തന്നെ ഇത്രയൊക്കെയേ ഉണ്ടാകൂ എന്ന് തോന്നിയിരുന്നു

  ReplyDelete
 11. ഹീറോ എന്നാ സിനിമ കണ്ടെങ്കിലും മോഹന്‍ലാലും മമ്മുട്ടിയും പ്രിതിരജിനെ വിളിച്ചു അഭിനന്ദിക്കും എന്ന് കരുതാം ഈയിടെ ഇറങ്ങിയാ കാസനോവയും കിംഗ്‌ ഉം ഒക്കെ ഈ ഹീറോ യെ വെച്ച് നോകുമ്പോള്‍ എത്രയോ ഭേദം ആണ് പ്രിതിരാജ് ഫാന്സ് പറയുന്നപോലെ ഹീറോ പോട്ടെ സിംഹാസനം വരുനുണ്ടേ അതാ ഞങ്ങള്‍ പറഞ്ഞ മലയാള സിനിമയുടെ ക്ലാസ്സിക്‌ എന്റെര്ട്രൈനെര്‍

  ReplyDelete
 12. ramdas..
  king and the commisioner ano,casi ano hero ano better?
  tough call,i know,but still i think hero is marginaly better than the other two..coz hero is only 2.4 hrs long..i.e 10 mins shorter than knc...

  ReplyDelete