കോബ്ര (Review: Cobra)

Published on: 4/16/2012 08:16:00 PM

കോബ്ര: പല്ലുപോയ ചില വിഷപ്പാമ്പുകള്‍‍!

ഹരീ, ചിത്രവിശേഷം

Cobra: A film by Lal starring Mammootty, Lal, Padmapriya, Kaniha etc. Film Review by Haree for Chithravishesham.
സിദ്ദിഖുമായി വേര്‍ പിരിഞ്ഞതിനു ശേഷം ലാല്‍ ഒറ്റയ്‍ക്ക് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ്‌ 'കോബ്ര' തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയോടൊപ്പം ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയും ചെയ്യുന്നു. എമ്പറര്‍ സിനിമാസിന്റെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ലാലു അലക്സ്, കനിഹ, പദ്മപ്രിയ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 'തെങ്കാശിപ്പട്ടണ'ത്തിലും 'തൊമ്മനും മക്കളി'ലുമൊക്കെ നാം കണ്ട സഹോദര സ്നേഹവും ഗ്ലാമറില്ലാത്തതിന്റെ കോമ്പ്ലക്സും പെണ്ണുകെട്ടുന്നതിലെ പ്രശ്നങ്ങളും ഒക്കെ ചേര്‍ന്ന അതേ ചേരുവ തന്നെയാണ്‌ രാജ(വെമ്പാല)യുടേയും കരി(മൂര്‍ഖന്റേ)യുടേയും കഥ പറയുന്ന 'കോബ്ര'യിലും ലാലെടുത്ത് പയറ്റുന്നത്. പേരിലെ ഈ ശൗര്യത്തിനപ്പുറം സിനിമയില്‍ എന്തെങ്കിലും ചെയ്യുവാന്‍ ലാലിനും സംഘത്തിനും കഴിഞ്ഞിട്ടില്ല എന്നതിനാല്‍ പല്ലുപോയ കോബ്രകളുടെ കഥയായി മാറുന്നു ചിത്രം.

ആകെത്തുക     : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 3.00 / 10
: 3.00 / 05
: 2.00 / 05
പലര്‍ പലവട്ടം എടുത്തലക്കിയ ഒരു പ്രമേയം തന്നെ ചര്‍വ്വിതചര്‍വ്വണം ചെയ്യുവാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതെന്താവാം? രണ്ടു കെട്ടിടത്തിലായി പത്തില്‍ താഴെ അഭിനെതാക്കളേയും വെച്ച് ഒരു ചിത്രം തല്ലിക്കൂട്ടുമ്പോള്‍ പുതിയ പ്രമേയമൊക്കെ ചിന്തിച്ചു പോകുവാന്‍ ആര്‍ക്കു നേരം! ചിലര്‍ ക്ലാസ്സുകളില്‍ പലവട്ടം തോറ്റുപോവുമ്പോള്‍, കൂടുതല്‍ സമയമെടുത്ത് പഠിക്കുകയാണെന്ന് കളിയായി പറയാറുണ്ടല്ലോ; അതുപോലെ ഒരേ പ്രമേയം തന്നെ പലവട്ടം എടുത്ത് പഠിക്കുകയാണോ എന്നാണ്‌ സംശയം. രണ്ടരമണിക്കൂറില്‍ കുറച്ചൊക്കെ ചിരിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെയെല്ലാം ഒരു വഴിപാടു പോലെ എല്ലാ ചിത്രങ്ങളിലും ഉള്ളതു തന്നെ.

Cast & Crew
Cobra

Directed by
Lal

Produced by
Anto Joseph

Story, Screenplay, Dialogues by
Lal

Starring
Mammootty, Lal, Padmapriya, Kanika, Lalu Alex, Babu Antony, Salim Kumar, Maniyan Pillai Raju, Jagathy Sreekumar etc.

Cinematography (Camera) by
Venu ISc

Editing by
V. Saajan

Production Design (Art) by
Prasanth Madhav

Effects by
Charles

Music by
Alex Paul

Lyrics by
Santhosh Varma

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Action (Stunts / Thrills) by
Dhilip Subbarayan, Mafia Sasi

Banner
Emperor Cinema

Release Date
April 12, 2012

മമ്മൂട്ടി വളരെ പ്രയാസപ്പെട്ട് കോമഡിയെന്ന് അദ്ദേഹം ധരിച്ചിട്ടുള്ള എന്തൊക്കെയോ ചെയ്യുന്നുണ്ട്. 'നീ ഒടുക്കത്തെ ഗ്ലാമറാടാ...' മട്ടിലുള്ള പരിഭവങ്ങളുമായി ലാലുമുണ്ട് ആദ്യാവസാനം കൂട്ടിന്‌. കനിഹയ്ക്കും പത്മപ്രിയയ്‍ക്കും പിന്നെ തങ്ങളുടെ കഥാപാത്രങ്ങള്‍ എന്താ, എതാ എന്നു തന്നെ പൂര്‍ണമായും മനസിലായിരുന്നിരിക്കില്ല; അല്ലെങ്കില്‍ മനസിലാക്കുവാനും മാത്രമൊന്നും ആ കഥാപാത്രങ്ങളില്‍ ഒന്നുമുണ്ടായിരുന്നില്ല. കഥ മുന്നോട്ടു നയിക്കുന്ന കഥാപ്രസംഗങ്ങള്‍ ഇടയ്‍ക്കിടെ നടത്തുക എന്ന ജോലിയാണ്‌ സലിം കുമാര്‍, മണിയന്‍ പിള്ള രാജു എന്നിവരുടെ വേഷങ്ങള്‍ക്ക്. ബാബു ആന്റണിയുടെ വില്ലനും ഉപദേശങ്ങളുമായി ഒപ്പമുള്ള ജഗതി ശ്രീകുമാറിന്റെ അമ്മാവന്‍ (അതോ അപ്പൂപ്പനോ?) വേഷവുമൊന്നും വിശേഷിച്ചൊരു അനക്കവും ചിത്രത്തില്‍ ഉണ്ടാക്കുന്നില്ല. സ്ഥിരമൊരു ജോക്കര്‍ വേഷത്തില്‍ ലാലു അലക്സ് കൂടിയാവുമ്പോള്‍ ചിത്രത്തിലെ താരനിര പൂര്‍ണം.

ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതു പോലെയാവും ഇനിയിതിന്റെ സാങ്കേതിക മേഖലയെക്കുറിച്ച് എന്തെങ്കിലും പറയുന്നത്. വേണുവിന്റെ ഛായാഗ്രഹണവും സാജന്റെ ചിത്രസന്നിവേശവും ചാള്‍സിന്റെ ഇഫക്ടുകളുമൊക്കെ പതിവിന്‍ പടി പോവുന്നു. സന്തോഷ് വര്‍മ്മ എഴുതി അലക്സ് പോള്‍ ഈണമിട്ട ചിത്രത്തിലെ ഏകഗാനമാവട്ടെ (ഒന്നേയുള്ളെന്നു കരുതുന്നു, ഏതായാലും കണ്ടത് ഒന്നു മാത്രം.) ശരാശരി നിലവാരത്തില്‍ പോലുമെത്തുന്നില്ല. ദിലീപ് സുബ്ബരായനും മാഫിയ ശശിയുമൊക്കെ ചേര്‍ന്നു തയ്യാറാക്കിയ സംഘട്ടന രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നൊരു പഞ്ച് ലഭിച്ചില്ല. പ്രശാന്ത് മാധവ് (കലാസംവിധാനം), സമീറ സനീഷ് (വസ്‍ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (ചമയം) എന്നിവയൊക്കെ പതിവ് രീതികളില്‍ തന്നെ പോവുന്നു. രഞ്ജിത്ത് അമ്പാടി ബാബു ആന്റണിക്കും ജഗതി ശ്രീകുമാറിനും നല്‍കിയിരിക്കുന്ന വിഗുകളൊക്കെ ബഹുവിശേഷമാണ്‌. ഇതൊക്കെ ഏത് നാടകട്രൂപ്പില്‍ നിന്നും സംഘടിപ്പിക്കുന്നോ എന്തോ!

ലാലിനോട് ഒരു ചെറിയ അപേക്ഷ മാത്രം, ഇനിയുമിത്തരം കാല്‍ക്കാശിനു ഗുണമില്ലാത്ത ചവറുകളെ സിനിമ എന്നും പറഞ്ഞ് ദയവായി തിയേറ്ററുകളിലെത്തിക്കരുത്! സിനിമ എടുത്തേ ജീവിക്കുവാന്‍ കഴിയൂ എന്നാണെങ്കില്‍, കൊള്ളാവുന്ന ആരെയെങ്കിലും കൊണ്ട് തിരക്കഥയെഴുതിക്കുക. സംവിധായകനാകുവാനും മറ്റാരെയെങ്കിലും വിളിക്കുകയാണ്‌ നല്ലത്, ഇനി സംവിധായകന്റെ കുപ്പായം ഇട്ടേ മതിയാവൂ എന്നാണെങ്കില്‍ ഒന്നോ രണ്ടോ നല്ല സഹസംവിധായകരേയും വെയ്‍ക്കുക. സിനിമയിലെ ഇത്രയും നാളത്തെ പരിചയസമ്പന്നതയുടെ പേരും പറഞ്ഞ് അവര്‍ ചെയ്യുന്നതില്‍ ഇടപെടാതിരിക്കുക എന്നതു കൂടി ചെയ്യാമെങ്കില്‍ നല്ല സിനിമകള്‍ താനേ ഉണ്ടായിക്കൊള്ളും. ഈയൊരു ബുദ്ധി അധികം വൈകാതെ തന്നെ ലാലിനുണ്ടാവും എന്നു കരുതുന്നു. അങ്ങിനെയുണ്ടാവുന്നില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറിനെ വെച്ച് പടം ചെയ്തു എന്നതു കൊണ്ടുമാത്രമൊന്നും പടമോ ലാലോ രക്ഷപെട്ടു പോവില്ലെന്ന് മൂന്നു തരം!

വാല്‍ക്കഷണം: കോട്ടയം, കോതമംഗലം എന്നിങ്ങനെ 'കോ'യില്‍ തുടങ്ങുന്ന സ്ഥലങ്ങളില്‍ മാത്രം വസിക്കുന്നവരായതിനാലത്രേ ഈ ബ്രദേഴ്സിനെ കോബ്ര എന്നു വിളിക്കുന്നത്. (കോ-ബ്രദേഴ്‍സാവാനായി സിസ്റ്റേഴ്സിനെ മാത്രമേ വിവാഹം കഴിക്കൂ എന്നുമുണ്ട്!) അങ്ങിനെയെങ്കില്‍ ഈ ബ്രദേഴ്സിന്‌ പറ്റിയ സ്ഥലം കോത്താഴമാണ്‌, അതിലുമുണ്ടല്ലോ ഒരു 'കോ'!

11 comments :

 1. മമ്മൂട്ടിയെ നായകനാക്കി ലാല്‍ ഒരുക്കിയ 'കോബ്ര'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. അങ്ങിനെയെങ്കില്‍ ഈ ബ്രദേഴ്സിന്‌ പറ്റിയ സ്ഥലം കോത്താഴമാണ്‌, അതിലുമുണ്ടല്ലോ ഒരു 'കോ'!
  ഹഹ.. :)

  ReplyDelete
 3. The end comment is simply superb "Kothazham" enjoyed it

  ReplyDelete
 4. മമ്മൂട്ടി ദുഃഖം അഭിനയിക്കുന്നത് 'പട്ടണത്തിലെ ഭൂത'ത്തിലെപ്പോലെ കോമഡി......
  അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗം സിനിമയുടെ ഭാഗമായിക്കഴിഞ്ഞു
  പിന്നെ ഹരീ ഈ സിനിമയില്‍ പുതുമയില്ലെന്നു മാത്രം പറയരുത്. ഗുസ്തി പിടിക്കാനുള്ള ഗോദയുള്ള ആശുപത്രി ഒരു പുതുമയാണ് :-)

  ReplyDelete
 5. കോബ്രയില്‍ മമ്മൂട്ടി പുതുമയൊന്നും സമ്മാനിക്കുന്നില്ല. രാജമാണിക്യത്തില്‍, തുറുപ്പുഗുലാനില്‍, മായാവിയില്‍, പോക്കിരി രാജായില്‍, ചട്ടമ്പിനാടില്‍, ഒക്കെ കണ്ട അതേ കഥാപാത്രം തന്നെ. വിദ്യാഭ്യാസമില്ല. വിവരക്കേട് ആവശ്യത്തിലധികം. തല്ല് പ്രധാന തൊഴിലാക്കിയവന്‍. എന്നാല്‍ അനുകമ്പയും കരുണയും ത്യാഗവും ആവശ്യത്തിലേറെയുള്ളവന്‍.
  മമ്മൂട്ടിയില് പ്രായത്തിന്റെ നാളങ്ങള് നന്നായി തെളിഞ്ഞു തുടങ്ങിയതിന്റെ സൂചനകളും കോബ്ര തരുന്നുണ്ട്. കിങ്ങ് ആന്റ് കമ്മീഷണറില് തെളിഞ്ഞു നില്ക്കുന്ന അത്രയും പ്രായ പ്രശ്നം കോബ്രയില് പ്രകടമല്ലെങ്കിലും ലാലു അലക്സിന്റെ മരുമകനായത് കുറച്ച് കടുപ്പമായിപോയി. സൂപ്പര് താരങ്ങളുടെ പ്രായവും കഴിവും ഉപയോഗപ്പോടുത്തുന്ന കഥാപാത്രങ്ങള്ക്കപ്പുറം യൗവനാസക്തമായ വേഷങ്ങളിലേക്ക് അവരെ ബലമായി കൊണ്ടുവരുമ്പോള് ഉള്ക്കൊള്ളാന് ബുദ്ധിമുട്ടാണ്.

  ReplyDelete
 6. അപ്പോള്‍ മൂര്‍ഖന്‍ പാമ്പിന്റെ മാളത്തില്‍ ചെന്ന് കടി വാങ്ങി അല്ലേ?
  കിളവന്‍ മെഗാസ്റ്റാറുകള്‍ വീട്ടിലിരിക്കേണ്ട സമയമായെന്ന്‍ തോന്നുന്നു.

  ReplyDelete
 7. കഷ്ടമായി. എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു...

  വാല്‍ക്കഷ്ണം ചിരിപ്പിച്ചു :)

  ReplyDelete
 8. "സന്തോഷ് വര്‍മ്മ എഴുതി അലക്സ് പോള്‍ എഴുതിയ ചിത്രത്തിലെ ഏകഗാനമാവട്ടെ ശരാശരി നിലവാരത്തില്‍ പോലുമെത്തുന്നില്ല."

  അതെങ്ങനെ? അലക്സ് പോൾ എഴുതിയിട്ടാണോ സന്തോഷ് വർമ്മ എഴുതിയത് അതോ സന്തോഷ് എഴുതിയിട്ട് അലക്സ് പോൾ എഴുതിയോ?

  ”കോബ്ര” കടിച്ചതിന്റെ ഹാങോവർ മാറിയിട്ടില്ല അല്ലേ?.....:)

  ReplyDelete
 9. ഈ കിളവന്മാരുടെ സിനിമകൾ പൊട്ടുമ്പോൾ, സത്യം പറയാമല്ലോ, ഹരീ, ഒരു സന്തോഷമാണ് തോന്നുന്നത്. എന്നാലും ഇവരൊന്നും പാഠം പടിക്കില്ലെന്ന് മാത്രം.

  ReplyDelete
 10. കോണകത്തിലും ഉണ്ടല്ലോ ഒരു കോ . അറുപതു വയസ്സ് , വിദ്യാഭ്യാസമില്ലായ്മ , നിറയെ കാശ് , വാ പൊളിച്ചാല്‍ വിവരക്കേടും വളിച്ച തമാശയും .
  ഇതാണ് എം ബി ബി എസ ബിരുദ ധാരിനികലായ നായികമാര്‍ക്ക് നായകന്മാരോട് പ്രേമം തോന്നുവാനുള്ള കാരണം . ശോ ! നമിച്ചു

  ReplyDelete