അസുരവിത്ത് (Review: Asuravithu)

Published on: 1/08/2012 07:25:00 PM

അസുരവിത്ത്: സാത്താന്മാര്‍ സിനിമയെടുക്കുമ്പോള്‍!

ഹരീ, ചിത്രവിശേഷം

Asuravithu: A film by A.K. Sajan starring Asif Ali, Samvrutha Sunil, Vijayaraghavan etc. Film Review by Haree for Chithravishesham.
ഒരു ദശാബ്ദക്കാലം മുന്‍പ് 2002-ലാണ്‌ എ.കെ. സാജന്‍ 'സ്റ്റോപ്പ് വയല‍ന്‍സ്' എന്ന തന്റെ ആദ്യ ചിത്രവുമായെത്തുന്നത്. ആ ചിത്രത്തിന്റെ തുടര്‍ച്ചയായാണ്‌ 'അസുരവിത്ത്' തയ്യാറാക്കിയിരിക്കുന്നത്. എ.കെ. സന്തോഷിന്റെ രചനയായിരുന്നു (കൂട്ടത്തില്‍ ലോഹിതദാസിന്റെ വിവരണവും) ആദ്യ ചിത്രത്തിനു പിന്‍ബലമെങ്കില്‍ ഇവിടെ രചനയും എ.കെ. സാജന്റെ തന്നെ. ഇടയ്‍ക്ക് 'ലങ്ക' എന്നൊരു ചിത്രം ചെയ്‍തുവെങ്കിലും എ.കെ. സാജന്‍ രചന നിര്‍വ്വഹിച്ച 'റെഡ് ചില്ലീസി'ലൂടെയും 'ദ്രോണ 2010'-ലൂടെയുമൊക്കെയാണ്‌ മലയാളികള്‍ ഇന്ന് എ.കെ. സാജന്‍ എന്ന പേര്‌ ഓര്‍മ്മിക്കുന്നത്. തെറ്റിദ്ധാരണ വേണ്ട; ഇനി ആ പേരു കേട്ടാല്‍ തിയേറ്ററിലേക്ക് അറിയാതെ പോലും കയറാതിരിക്കുവാനാണ്‌ സാജനെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. ഏതായാലും അങ്ങിനെ ചെയ്യുന്നവരുടെ എണ്ണം കൂട്ടുവാന്‍ തക്കവണ്ണമാണ്‌ 'അസുരവിത്തി'നേയും സാജന്‍ കിളിര്‍പ്പിച്ചെടുത്തിരിക്കുന്നത്. ആസിഫ് അലി, സംവൃത സുനില്‍, വിജയരാഘവന്‍, ലെന തുടങ്ങിയവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ലീല മീഡിയ റിലീസിന്റെ ബാനറില്‍ ഷാജി താണപറമ്പിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

ആകെത്തുക     : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 2.00 / 10
: 3.00 / 10
: 3.00 / 05
: 2.00 / 05
കുറേ കൊലപാതക രംഗങ്ങള്‍, അവയ്‍ക്കിടെ കുറേ ഷോട്ടുകളും അവയുടെ ഇഫക്ട് സഹിതമുള്ള സ്ലൈഡ് ഷോ അവതരണവും; ഇതിനിടയില്‍ ചിത്രത്തിന്റെ കഥ എന്ന പേരില്‍ എന്തൊക്കെയോ നായകന്‍ ഒരു കുമ്പസാരം പോലെ പറഞ്ഞു കൂട്ടുന്നുണ്ട്. അത് സിംഹഭാഗവും ഈ കണ്ട കൊലപാതകങ്ങള്‍ക്കുള്ള കാരണങ്ങളും അവയ്‍ക്കുള്ള നായകന്റെ (വില്ലന്മാരുടേയും) ന്യായീകരണങ്ങളും മാത്രമാണ്‌. അങ്ങിനെ നോക്കുമ്പോള്‍ ഫോസില്‍ പരുവത്തില്‍ ഒരു സാധനമാണ്‌ തിരനാടകമെന്ന ഭാവത്തില്‍ ചിത്രത്തിനുള്ളത്. അതില്‍ നിന്നും സിനിമ എന്നു വിളിക്കപ്പെടുന്ന ഒരു സാധനം സൃഷ്ടിച്ചതില്‍ വേണമെങ്കില്‍ എ.കെ. സാജനെ അഭിനന്ദിക്കാം. ചിത്രം എടുത്തലക്കുന്ന പ്രമേയത്തിന്‌ 'ദി ഗോഡ്ഫാദറി'നോളം പഴക്കമുള്ളതിനാല്‍ ഫോസില്‍ എന്ന പ്രയോഗം ആ രീതിക്കും ചിത്രത്തിനു ചേരും. എന്നു കരുതി ഇത് 'ഗോഡ് ഫാദറി'ന്റെ പകര്‍പ്പാണെന്നൊന്നും ആരും ധരിച്ചേക്കല്ലേ, അത് ആനയും ഇതൊരു ആടുമാണ്‌, പല തരത്തിലും. സംവിധായകനെന്ന നിലയില്‍ പിന്നെ അവതരണത്തിലെ സ്ലൈഡുകളുടെ ക്രമം നിശ്ചയിക്കുക എന്നല്ലാതെ കാര്യമായൊന്നും സാജനു ചെയ്യേണ്ടി വന്നിരിക്കില്ല. അതിനു സാങ്കേതിക വിഭാഗത്തോട് സംവിധായകന്‍ കടപ്പെട്ടിരിക്കുന്നു.

Cast & Crew
Asuravithu

Directed by
A.K. Sajan

Produced by
Shaji Thanaparambil

Story, Screenplay, Dialogues by
A.K. Sajan

Starring
Asif Ali, Samvrutha Sunil, Vijayaraghavan, Lena, Baburaj, Ganapathy, Kalasala Babu, I.M. Vijayan, Seema G. Nair, Siddique, Rekha, Aparna Nair etc.

Cinematography (Camera) by
Vishnu Namboothiri

Editing by
Ranjith Touch River

Production Design (Art) by
Mahesh Sridhar

Background Score by
Govind Menon

Effects by
Murukesh

Music by
Alphons, Rajesh Mohan

Lyrics by
Kaithapram Damodaran Namboothiri, Rafeeq Ahmed

Make-Up by
Pattanam Shah

Costumes by
Name

Action (Stunts / Thrills) by
Thyagarajan

Banner
Leela Media Release

ചിത്രത്തിലെ നായകനുള്‍പ്പടെയുള്ള പലരും പൊരിവെയിലത്ത് ഏതെങ്കിലുമൊരു തൂണില്‍ കാലും ചാരിവെച്ച് ലാപ്‍ടോപ്പില്‍ എന്തൊക്കെയോ ചെയ്യുന്നതു കാണാം! മറ്റു ചിലപ്പോള്‍ നായകന്‍ ഫോണും പിടിച്ച് നിലാവത്ത് അഴിച്ചിട്ട കോഴിയെപ്പോലെ നടപ്പാണ്‌. എന്താണോ ഇതിന്റെയൊക്കെ അര്‍ത്ഥം! ദോഷം പറയരുത്, വിഷ്ണു നമ്പൂതിരിയുടെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ സുന്ദരങ്ങളാണ്‌. ഇത്തരം ഗഹനമായ അര്‍ത്ഥങ്ങളുള്ള ഷോട്ടുകള്‍ തലങ്ങും വിലങ്ങും ചെരിച്ചുമൊക്കെ വെട്ടിച്ചേര്‍ത്തും, വീതി കുറച്ചും, അക്ഷരങ്ങളില്‍ മാസ്ക് ചെയ്തും ഒക്കെ കാണിക്കുന്നതില്‍ രഞ്ജിത്ത് ടച്ച് റിവറിന്റെ ചിത്രസന്നിവേശവും കൂട്ടത്തില്‍ മുരുകേഷിന്റെ ഇഫക്ടുകളും സംവിധായകന്റെ സഹായത്തിനെത്തുന്നു. ശബ്ദം കേള്‍ക്കാഞ്ഞ് ഇനി ആരെങ്കിലും ഞെട്ടാതിരിക്കണ്ട എന്ന മട്ടില്‍ ഗോവിന്ദ് മേനോന്റെ ശബ്ദവിന്യാസവും പശ്ചാത്തലത്തിലുണ്ട്. റഫീഖ് അഹമ്മദും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും എഴുതി അല്‍ഫോണ്‍സും രാജേഷ് മേനോനും ചേര്‍ന്ന് ഈണമിട്ട ഗാനങ്ങളും ഉണ്ടായിരുന്നത്രേ ചിത്രത്തില്‍! അതൊന്നും കാണുവാനോ കേള്‍ക്കുവാനോ ഉള്ള ഒരു മാനസികാവസ്ഥ ഇല്ലായിരുന്നതിനാല്‍ അതെത്രമാത്രം ശരിയാണെന്നറിയില്ല. ഏതായാലും, പാട്ടെന്നു പറയുവാന്‍ പറ്റിയ ഒന്നും ഓര്‍മ്മയിലില്ല. ത്യാഗരാജന്‍ ഒരുക്കിയ ചില സംഘട്ടന രംഗങ്ങള്‍, ചെറുപ്പക്കാര്‍ ചെയ്യുന്നതിന്റെ ഒരു രസത്തില്‍ കണ്ടിരിക്കാന്‍ കൊള്ളാം എന്നതു മാത്രം ഒരു ആശ്വാസമായി പറയാം.

ബൈബിളിലെ ഒരു വചനം പോലെയാണ്‌ ആസിഫ് അലി ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. "കര്‍ത്താവേ! ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവനറിയുന്നില്ല..." എന്ന മട്ടിലുള്ള ആസിഫിന്റെ അഭിനയത്തോട് പൊറുക്കണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. ബലം പിടിച്ചുള്ള നടപ്പാണ്‌ (അതു കണ്ടാല്‍ ചിരി വരുമെങ്കിലും!) 'ഡോണാ'യുള്ള അഭിനയം എന്ന് ആസിഫ് ഏത് സ്കൂളിലാണോ പഠിച്ചത്! ബാബുരാജ്, കലാശാല ബാബു എന്നിവര്‍ അവതരിപ്പിക്കുന്ന രണ്ട് അച്ചന്മാരുണ്ട് ചിത്രത്തില്‍. ഇവരുടെ മാതിരിയുള്ള പാതിരികളും, അവരുള്ള സെമിനാരിയുമൊക്കെ ഏത് കൊച്ചിയിലാണോ എന്തോ! സംവൃത സുനിലിന്റെ മാര്‍ട്ടിയും ലെനയുടെ വയലിന്‍ ടീച്ചറുമൊക്കെ പതിവിന്‍ പടി തന്നെ. പത്താം കളമെന്ന വില്ലന്‍ സംഘത്തില്‍ തലവനായി വിജയരാഘവന്‍, അവരോട് ഒട്ടി നില്‍ക്കുന്ന പോലീസായി അനില്‍ മുരളി, ഇവരെ എതിര്‍ത്ത് മരണം വരിക്കുന്ന പോലീസായി സിദ്ദിഖ്, സിദ്ദിഖിന്റെ ഭാര്യ വേഷത്തില്‍ കുത്തേറ്റ് മരിക്കുവാന്‍ രേഖ, പിന്നെ രണ്ട് പക്ഷത്തുമായി കൊല്ലാനും ചാവാനുമായി വിധിക്കപ്പെട്ട് കുറേപ്പേര്‍, രണ്ടിലും പെടാത്ത മറ്റു ചിലര്‍; ഇങ്ങിനെ പോവുന്നു ചിത്രത്തിലെ നീണ്ട താരനിര. ഐ.എം. വിജയന്‍, അപര്‍ണ നായര്‍, സീമ ജി. നായര്‍, ഗണപതി തുടങ്ങിയവരൊക്കെ ഇവരില്‍ തിരിച്ചറിയുന്ന കൂട്ടത്തില്‍ പെടും.

ഇത്തരം പാതകങ്ങളൊക്കെ ആരോട് വാശി തീര്‍ക്കുവാനാണോ ആവോ എ.കെ. സാജന്‍ പടച്ചു വിടുന്നത്. കുറേ കൊലപാതകങ്ങള്‍ പച്ചയായി കാണിച്ചാല്‍ ക്രൈം / മാഫിയ ജനുസ്സില്‍ പെടുന്നൊരു നല്ല ചിത്രമായി എന്ന ധാരണ വല്ലതും സാജനുണ്ടെങ്കില്‍ അതു മാറ്റുന്നതു നന്ന്. കൂട്ടത്തില്‍ പറയട്ടെ, ടി.വി.യില്‍ വരുമ്പോള്‍ പോലും കഴിയുമെങ്കില്‍ ഈ ചിത്രം കുട്ടികള്‍ കാണാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അത്രമാത്രം വികലമാണ്‌ ചിത്രം മുന്നോട്ടു വെയ്‍ക്കുന്ന ആശയങ്ങളും അവയെ മനസിലേക്ക് കയറ്റി വിടുന്ന ദൃശ്യങ്ങളും! മുല്ലപ്പെരിയാറിനു വേണ്ടി ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനത്തിനു ശേഷം; സിഗരറ്റും മദ്യവുമൊക്കെ ആരോഗ്യത്തിന്‌ ഹാനികരമെന്നൊരു മുന്നറിയിപ്പൊക്കെ ആസിഫ് തന്നെ വന്നു നല്‍കുന്നുണ്ട് പടം തുടങ്ങുമ്പോള്‍! ഈ സിനിമ സമൂഹത്തിനു തന്നെ ഹാനികരമാണ്‌ എന്നൊരു തിരിച്ചറിവു കൂടി ആസിഫിനുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി പടം കഴിഞ്ഞപ്പോള്‍!

രണ്ടായിരത്തിപ്പന്ത്രണ്ട് തുടക്കം ഏതായാലും ഈ പരുവമായി! എന്താവുമോ ഇനി വരുന്ന മാസങ്ങള്‍... എല്ലാ വായനക്കാര്‍ക്കും പുതുവത്സര ആശംസകള്‍!

16 comments :

 1. എ.കെ. സാജന്റെ സംവിധാനത്തില്‍ സംവൃത സുനിലും ആസിഫ് അലിയും നായികാനായകന്മാരാവുന്ന 'അസുരവിത്തി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  @newnHaree
  #Asuravithu: #AKSajan did it again. A terrible movie by all means!
  9:17 PM - 6 Jan 12 via Twitter for Android
  --

  ReplyDelete
 2. സ്റ്റോപ്പ്‌ vilence എഴുതിയത് ak സന്തോഷ്‌ ആണ് .അല്ലാതെ ലോഹിതദാസ് അല്ല

  ReplyDelete
 3. ആദ്യ ദിവസങ്ങളില്‍ സംവിധാനം തിരകഥ ak സാജന്‍ -ak സന്തോഷ്‌ എന്നാണ് എഴുതികാനിച്ചത്.എന്നാല്‍ ചിത്രം tv യില്‍ വന്നപ്പോള്‍ തിരകഥ ak സന്തോഷ്‌ എന്നും സംവിധാനം ak സാജന്‍ എന്നും മാറ്റി കാണിച്ചു

  ReplyDelete
 4. അങ്ങനെ ഒന്നിന്റെ കൂടി കാര്യം തീരുമാനമായി

  ReplyDelete
 5. നല്ലൊരു പേര് കൊണ്ട് പോയി ചവറു കൊട്ടയിലിട്ടു,

  ReplyDelete
 6. നല്ലൊരു പേര് കൊണ്ട് പോയി ചവറു കൊട്ടയിലിട്ടു,

  ReplyDelete
 7. രണ്ടായിരത്തി പത്രണ്ടാമാണ്ടിലെ മലയാള സിനിമയുടെ തുടക്കം ഇങ്ങനെയൊക്കെയാണോ ?

  ReplyDelete
 8. സാജന്റെ ഒരേ ഒരു പടം എനിക്കിഷ്ടപ്പെട്ടത് ‘സ്റ്റോപ് വയലൻസ്’ ആയിരുന്നു. മറിച്ചഭിപ്രായം പലർക്കും ഉണ്ടാവും. എന്നിരുന്നാലും മലയാള സിനിമയിൽ ‘കൊച്ചി കൊട്ടേഷൻ’ എന്ന ഒരു തരംഗം തന്നെ ആ ചിത്രം ഉണ്ടാക്കി. അതുപോലെ ഒരു trend setter ആവും അസുരവിത്ത് എന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സാജൻ തന്റെ ക്ലാസ്സിക്കുകളായ ദ്രോണ , റെഡ് ചില്ലീസ് തുടങ്ങിയവയുടെ നിരയിലേക്ക് ഒരു പടം കൂടി പടച്ചുവിടുകയാണ് ചെയ്തത്.

  [അഭിനയത്തിന്റെ കാര്യം, എന്ത് ജാട ആയാലും പ്രിത്വിരാജ് തന്നെ ആണ് ഈ റോളുകള്‍ക്ക് കൂടുതൽ യോജിക്കുന്നത്]

  ReplyDelete
 9. ആക്ഷൻ പടം എന്ന ലേബലിൽ വന്ന കോമഡി സിനിമ. ഒറ്റയ്ക്ക് പോയാൽ ആത്മഹത്യചെയ്യാൻ തോന്നിയേക്കാം. ആരെയെങ്കിലും കൂടെ കൂട്ടിയാൽ പരസ്പരം സംസാരിച്ചിരുന്നാസ്വദിക്കാം.

  വളരെ raw ആയി ചെയ്ത നല്ലൊരു സിനിമയായിരിന്നു സ്റ്റോപ്പ് വയലൻസ്. അതിനെക്കുറിച്ച് ഓർത്തുമാത്രമാണ് ഇത് കാണാൻ ഇറങ്ങിത്തിരിച്ചത്.

  അറിയാത്തപിള്ള ചൊറിയുമ്പൊ അറിയും... :(

  ReplyDelete
 10. asif ali appol super star ayille?
  prithviraj hate group kare unaroo?
  atho ini internet ilude yule kalapripadi mathrame ullo akkoottarkku?!

  sorry for tyoing mal in english..i dont have a mal keypad software installed...

  ReplyDelete
 11. അസുരവിത്ത് എന്ന ടൈറ്റിലില്‍ നിന്ന് തന്നെ ഇതു അസുരന്മാരുടെ കഥയാണെന്ന് മാന്‍സ്സിലാക്കാം..സമൂഹത്തെ നന്നാക്കാനല്ലെന്നര്‍ത്ഥം.ഇത്തരം ഇരുണ്ടജീവിതകഥകള്‍ ഇഷ്ടപ്പെടുന്നവര്‍ കാണുന്നതാണുചിതം. ഹരി പറഞ്ഞ പോലെ പടത്തിന്റെ തുടക്കത്തില്‍ ഇതു കാണുന്നത് ഹാനികരം എന്ന് എഴുതിവെക്കുന്നത് നല്ലതാണ്.പടത്തെക്കുറിച്ചു ധാരണയില്ലാത്തവ്ര്ക്ക് ഏണീറ്റുപോകമല്ലോ

  ReplyDelete
 12. ഓർക്കുട്ട് എന്ന ഓർമ്മക്കൂട്ടിന്റെ നിരൂപണം പ്രതീക്ഷിക്കുന്നു.

  ReplyDelete
 13. റിവ്യു വായിച്ചു ചിരിച്ചു.

  ഇതിന്റെ ട്രെയിലറ് കണ്ടിരുന്നു. ഒരു റെയില്‍ പാളത്തിലൂടെ ആസിഫ് അലിയുടെ നേതൃത്വത്തില്‍ കുറേയെണ്ണം സ്ലോ മോഷനില്‍ നടന്നു വരുന്നു. ട്രെയിന്‍ വരുന്നതിനു മുന്‍പ് പാളം മെയിന്റനന്‍സ് ആയിരിക്കും എന്ന് വിചാരിച്ചു. അല്ലെങ്കില്‍ ട്രെയിനീന്ന് താഴെപോയ വല്ല ഇഞ്ചിമുട്ടായീം പെറുക്കാന്‍ തിരഞ്ഞോണ്ട് നടക്കുവായിരിക്കും.
  ഇമ്മാതിരി ക്ളിഷേ സീനുകളും കുറേ "അടിപൊളി" ഇമേജ് തെറ്റിദ്ധാരണകളും കണ്ടു മടുത്തു. സ്റ്റോപ്പ് വയലന്‍സ് തന്നെ കഷ്ടപ്പെട്ടു തീര്‍ത്തതാണ്. ആസിഫ് അലിയെ ഇഷ്ടമാണെങ്കിലും (പ്രിത്വിയെക്കാള്‍ കൊള്ളാം) ഈ പടത്തിനു തലവയ്കുന്ന പ്ര-ശ-ന-മില്ല! :-)

  ReplyDelete
 14. ഹരിയുടെ റിവ്യൂകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. ഗൗരവമുള്ള നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു വിസ്ഫോടനം. ഒരു ലൈക്‌ ബട്ടന്‍ ഇല്ലാതെ പോയല്ലോ !!!

  ReplyDelete
 15. Whoever fights monsters should see to it that in the process he does not become a monster

  nizete yude vaakukalanu...innadyamayi e blog vayichu kazhinjappo eniku ethanu parayan thonunathu..oru cinema athu etra nilavaramillathayalum athinu purakil orupadu perude advanamundu swapnangalundu.appo ethu mosham chitram aayalum athil enthenkilm chila nalla thu undavm oru shot camera angle angane enthenkilm screeninte pirakil irnnunu arkum cheyavunathe ullu e nirropanam pakshe oru cinema nirmikan ellavarkum pattuo..niroopikumbol etharam karyangal sradikuka...

  ReplyDelete