വെള്ളരിപ്രാവിന്റെ ചങ്ങാതി (Review: Vellaripravinte Changathi)

Published on: 12/31/2011 01:00:00 PM

വെള്ളരിപ്രാവിന്റെ ചങ്ങാതി: ചങ്ങായിക്കൊരു ഗുമ്മില്ല!

ഹരീ, ചിത്രവിശേഷം

Vellaripravinte Changathi: A film by Akku Akbar starring Dileep, Kavya Madhavan etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയൊന്‍പതില്‍ പുറത്തിറങ്ങിയ 'കാണാ കണ്മണി'ക്കു ശേഷം അക്കു അക്ബറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. ജി.എസ്. അനില്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, കാവ്യ മാധവന്‍, മനോജ് കെ. ജയന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചാന്ദ്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമയുള്ള പ്രമേയം സ്വീകരിക്കുവാനും അവതരിപ്പിക്കുവാനും തന്റെ മുന്‍ചിത്രത്തിലെന്ന പോലെ അക്കു അക്ബര്‍ ഈ ചിത്രത്തിലും ശ്രമിക്കുന്നെങ്കിലും, ആ ശ്രമങ്ങളില്‍ പൂര്‍ണത കൈവരിക്കുവാന്‍ കഴിയാത്തതിനാല്‍ തന്നെ ചിത്രം അത്രത്തോളം ആസ്വാദ്യകരമല്ലാതെ പോവുന്നു. പ്രമേയപരമായി ചിത്രം വ്യത്യസ്‍തവും പുതുമയുള്ളതുമാവുമ്പോഴും, സിനിമയ്‍ക്ക് പുതുമയോ വ്യത്യസ്‍തതയോ പറയുവാനില്ല എന്നു ചുരുക്കം!

ആകെത്തുക     : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 6.00 / 10
: 2.50 / 05
: 2.50 / 05
ജി.എസ്. അനില്‍ ചിത്രത്തിനായി കണ്ടെത്തിയ ആശയം നന്നെങ്കിലും അത് പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുന്നൊരു തിരനാടകമായി മാറ്റുന്നതില്‍ തികഞ്ഞ പരാജയമായി. തിരക്കഥയിലെ കുറവുകള്‍ സംവിധാനത്തിലൂടെ പരിഹരിക്കുവാന്‍ അക്കു അക്ബറിനൊട്ട് കഴിഞ്ഞതുമില്ല. തിരക്കഥാകൃത്തിന്റെ ഭാവനാദാരിദ്ര്യം ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്‌. ഒപ്പം ചില രസികന്‍ സംഭവങ്ങളും ചിത്രത്തിലങ്ങിങ്ങായി കാണുവാനുണ്ട് എന്നതും മറക്കുന്നില്ല. എഡിറ്റിംഗ് ടേബിളില്‍ റഫറന്‍സിനായി ഇംഗ്ലീഷ് ചിത്രങ്ങളുടെ ബിറ്റുകള്‍ ചേര്‍ത്തിരിക്കുന്നത് കാണിച്ചത് ഒരു ഉദാഹരണം. പഴയ കാല നടന്മാര്‍ പ്രായമായ രൂപത്തില്‍ വീണ്ടും വരുന്നയിടം മുതല്‍ സിനിമയൊരു നാടകത്തിന്റെ കെട്ടിലും മട്ടിലുമേക്ക് അക്ഷരാര്‍ത്ഥത്തില്‍ മാറിപ്പോവുകയും ചെയ്യുന്നു. രചയിതാവും സംവിധായകനും ഒരല്‍പം കുടി ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്‍തിരുന്നെങ്കില്‍ ഒരു മികച്ച സിനിമയാകുവാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന ഒരു പ്രമേയം, ഈ മട്ടിലൊരു അപക്വ സൃഷ്ടിയാക്കിയതിന്‌ ഇരുവര്‍ക്കുമിനി സ്വയം പഴിക്കാം!

Cast & Crew
Vellaripravinte Changathi

Directed by
Akku Akbar

Produced by
Arun Gosh, Bijoy Chandran

Story, Screenplay, Dialogues by
Anil G.S.

Starring
Dileep, Kavya Madhavan, Indrajith, Vijayaraghavan, Lal, Suraj Venjaramood, Mamukkoya, Maniyan Pillai Raju etc.

Cinematography (Camera) by
Vipin Mohan, Sameer Haq

Editing by
Lijo Paul

Production Design (Art) by
Gireesh Menon, Nathan Mannoor

Music by
Mohan Sithara

Lyrics by
Vayalar Sarathchandra Varma

Make-Up by
Sudevan

Costumes by
Kumar Edappal

Choreography by
Santhi

Action (Stunts / Thrills) by
Thyagarajan

Banner
Chand.Vi Creations

ഈ കാലത്തെ ഒരു സിനിമയ്‍ക്കുള്ളില്‍ നിന്നുകൊണ്ട് പത്തിരുപത് വര്‍ഷം മുന്‍പുള്ള മറ്റൊരു ചിത്രം കാണിച്ചു തരുകയാണ്‌ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യില്‍. ദിലീപ്, കാവ്യ മാധവന്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരൊക്കെ പഴയകാലത്തെ അഭിനേതാക്കളുടെ ശൈലിയിലാണ്‌ സിനിമയ്‍ക്കുള്ളിലെ സിനിമയില്‍ അഭിനയിക്കുന്നത്. നവമ്പറിലിറങ്ങിയ 'നായിക'യില്‍ ജയറാം ചെയ്‍തുവെച്ചതുപോലെ ഒരു മിമിക്രിയായില്ല ഇവരാരുടെയും അഭിനയം എന്നതാണ്‌ എടുത്തു പറയേണ്ടത്. ഷാജഹാന്‍ എന്ന നായകനെ, സത്യന്റെയോ നസീറിന്റെയോ ഒന്നും അനുകരണമാവാതെ അവതരിപ്പിക്കുവാന്‍ ദിലീപിനു കഴിഞ്ഞു. മനോജ് കെ. ജയന്റെ ബഷീര്‍ എന്ന വേഷവും മികവു പുലര്‍ത്തുന്നു. സുലേഖയായി കാവ്യ മാധവനും മോശമാവാതെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ, സിനിമയ്‍ക്കുള്ളിലെ സിനിമയില്‍ നിന്നും പുറത്തെത്തുമ്പോള്‍ ഇവരുടെയൊന്നും പ്രകടനം അത്രയ്‍ക്ക് മികവിലേക്ക് എത്തിയെന്നും പറയുവാനില്ല. ഇന്ദ്രജിത്ത് മാത്രമാണ്‌ ഈ ഭാഗങ്ങളില്‍ ശോഭിച്ചത്. സായികുമാര്‍, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, മാമുക്കോയ, ലാല്‍, സുരാജ് തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

സിനിമക്കുള്ളിലെ പഴയകാല സിനിമയിലേക്ക് പോവുമ്പോള്‍ ചിത്രം സേപിയ ടോണിലേക്കും, ചുറ്റും കറുത്ത ബോര്‍ഡറിട്ട് ചെറിയ ഫ്രയിമിലേക്കുമൊക്കെ പോവുന്നുണ്ട്. സാങ്കേതികമായി ഏറ്റവും എളുപ്പത്തില്‍ പഴമ തോന്നിപ്പിക്കുവാനായി ചെയ്‍തുവെയ്‍ക്കാവുന്ന കാര്യങ്ങളാണ്‌ ഇവയൊക്കെയും. പൊട്ടലും ചീറ്റലുമൊക്കെയുള്ള പഴയസിനിമയുടെ അനുഭവം പക്ഷെ ടോണിലെ മാറ്റം കൊണ്ടോ ബോര്‍ഡറിട്ട് കാണുന്ന ഭാഗം ചെറുതാക്കിയതുകൊണ്ടോ ലഭിക്കുന്നില്ല. ഈയൊരു കുറവ് കണക്കാക്കാതിരുന്നാല്‍ സാങ്കേതിക വിഭാഗം മൊത്തത്തില്‍ മികവ് പുലര്‍ത്തിയെന്നു പറയാം. വിപിന്‍ മോഹന്‍, സമീര്‍ ഹക്ക് എന്നിവരുടെ ഛായാഗ്രഹണം, ഗിരീഷ് മേനോനും നാഥന്‍ മണ്ണൂരും ചേര്‍ന്നു ചെയ്‍തിരിക്കുന്ന കലാസംവിധാനം, ലിജോ പോളിന്റെ ചിത്രസന്നിവേശം കുമാര്‍ എടപ്പാളിന്റെ വസ്‍ത്രാലങ്കാരം എന്നിവയൊക്കെയും സാങ്കേതിക വിഭാഗത്തില്‍ മികച്ചു നിന്നു. സുദേവന്റെ ചമയം മാത്രമാണ്‌ പരിഹാസ്യമായി മാറിയത്. സിനിമയ്‍ക്കുള്ളിലെ സിനിമയിലെ വിഗ്ഗുകളുടെയും മറ്റും ഉപയോഗം ആ കാലഘട്ടം കാണിക്കുവാനുള്ള ശ്രമമെന്നു കരുതി കണ്ണടയ്‍ക്കാമെങ്കിലും, ഈ കാലഘട്ടത്തിലെ സിനിമയിലെത്തുമ്പോള്‍ ഈ സംഗതികളൊക്കെ വളരെയേറെ മെച്ചപ്പെടേണ്ടതുണ്ടായിരുന്നു. ദിലീപ്, കാവ്യ മാധവന്‍, മനോജ് കെ. ജയന്‍, സായികുമാര്‍ തുടങ്ങിയവരുടെ പ്രായമായ വേഷങ്ങള്‍ നിറം മങ്ങിപ്പോകുവാനും ചമയത്തിലെ കുറവുകള്‍ കാരണമാണ്‌.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി മോഹന്‍ സിതാര ഈണമിട്ട മൂന്നു ഗാനങ്ങള്‍ പഴയ കാലത്തെ സിനിമാഗാനങ്ങളെ അനുസ്‍മരിപ്പിച്ച് ചിത്രത്തിലുണ്ട്. ശ്രെയ ഗോശാലും കബീറും ചേര്‍ന്ന് പാടിയ "പതിനേഴിന്റെ പൂങ്കരളില്‍..." സിനിമ കഴിഞ്ഞാലും മനസില്‍ നില്‍ക്കുന്നൊരു ഗാനമാണ്‌. പൂര്‍ണശ്രീ പാടിയ "തെക്കോ തെക്കൊരിക്കല്‍...", മഞ്ജരിയും പ്രിയ അജിയും ഒരുമിച്ചു പാടിയിരിക്കുന്ന "നാണം ചാലിച്ച മഷികൊണ്ടു..." എന്നീ ഗാനങ്ങളും സിനിമയ്‍ക്കുള്ളിലെ സിനിമയോട് ചേര്‍ന്നു പോവുന്നു. പഴയ കാല ഗാനങ്ങളുടെ ശൈലിയിലുള്ള വരികളും, ഉപകരണങ്ങളുടെ ഉപയോഗവുമൊക്കെ ഇതിലെ ഗാനങ്ങള്‍ക്ക് പഴയഗാനങ്ങളുടെയൊരു ഛായ നല്‍കുന്നുണ്ട്. ഗാനങ്ങളുടെ ചിത്രീകരണമെടുത്താല്, "പതിനേഴിന്റെ പൂങ്കരളേ..." മാത്രം സേപിയ ടോണിലേക്കോ ചെറിയ ഫ്രയിമിലേക്കോ ഒന്നും പോവാതെയാണ്‌ കാണുവാനുള്ളത്. അതെന്താണോ അങ്ങിനെ!

പൂര്‍ത്തിയായതിനു ശേഷവും പല കാരണങ്ങള്‍ കൊണ്ടും റിലീസാവാതെ പെട്ടിയില്‍ തന്നെ കഴിയുവാന്‍ വിധിക്കപ്പെട്ട ഒട്ടേറെ ചിത്രങ്ങളേയും അവയോടൊപ്പം നഷ്ടസ്വപ്നങ്ങള്‍ ബാക്കിയായ ഒട്ടേറെ സിനിമാ മോഹികളേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ഇന്നിറങ്ങുന്ന മലയാള സിനിമകളോട് താരതമ്യം ചെയ്‍താല്‍ ഒട്ടേറെ പുതുമകളുള്ള മികച്ച സൃഷ്‍ടികളാണ്‌ ഈ പെട്ടികളിലുറങ്ങുന്നത് എന്നാണ്‌ ചിത്രം പറഞ്ഞു വെയ്‍ക്കുന്നത്. എന്നാല്‍ അതിനുദാഹരണമായി എടുത്തു കാണിക്കുന്ന 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയ്‍ക്കുള്ളിലെ സിനിമയില്‍ ഈ പറയുന്ന പുതുമയോ പ്രമേയപരമായ മികവോ ഒന്നും കാണുവാനില്ല എന്നതാണ്‌ പരമാര്‍ത്ഥം. ഒരുപക്ഷെ, അത്തരത്തില്‍ പെട്ടിയില്‍ ഉറങ്ങുന്ന ഒരു നല്ല ചിത്രം തന്നെ ഈ രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ കൗതുകകരമാവുമായിരുന്നു എന്നും ചിത്രം കഴിഞ്ഞപ്പോള്‍ തോന്നി. അത്തരത്തില്‍ ചില നല്ല ചിത്രങ്ങള്‍ വെളിച്ചം കാണിക്കുവാന്‍ ഈയൊരു ചിത്രം ആര്‍ക്കെങ്കിലുമൊക്കെ പ്രേരണയാവുന്നെങ്കില്‍ അതും നല്ലതു തന്നെ. ഒരു സിനിമയെന്ന നിലയില്‍ ഏറെയൊന്നും തൃപ്തി നല്‍കില്ലെങ്കിലും, പതിവു രീതികളില്‍ നിന്നും മാറി നടക്കുന്ന ഒരു ചിത്രം എന്ന നിലയില്‍ ഈ ചങ്ങാതിക്കൊരു പ്രോത്സാഹനം നല്‍കുന്നതില്‍ തെറ്റില്ല എന്നു മാത്രം ഈ ചിത്രത്തെക്കുറിച്ച് ചുരുക്കത്തില്‍ പറയാം.

ചിന്താവിഷയം: പഴയ കാലത്തെ അനുസ്‍മരിപ്പിച്ച് പടം കാണുവാനെത്തുന്നവര്‍ക്ക് ചിത്രത്തിലെ ഗാനങ്ങളുടെ വരികളടങ്ങിയ പാട്ടു പുസ്‍തകം നല്‍കുന്നുണ്ട്. പക്ഷെ, പുസ്‍തകം അച്ചടിച്ചിരിക്കുന്നത് പുതിയ രീതിയിലാണ്‌. പഴയ അച്ചില്‍ തന്നെ പാട്ടു പുസ്‍തകം അച്ചടിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നില്ലേ?

2 comments :

 1. അക്കു അക്ബറിന്റെ സംവിധാനത്തില്‍ ദിലീപ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  @newnHaree
  #VellaripravinteChangathi: The plot is unique but sadly it doesn't make the film unique. Coming soon: bit.ly/cv-reviews #Dileep @iamkavya
  8:27 PM - 25 Dec 11 via Twitter for Android
  --

  ReplyDelete
 2. ഈ ചിത്രം കണ്ടു. ഹരിയുടെ റിവ്യൂ അക്ഷരം പ്രതി ശരിയാണ്.
  This is a failed attempt

  ReplyDelete