മയക്കം എന്ന (Review: Mayakkam Enna)

Published on: 12/01/2011 11:02:00 AM
Mayakkam Enna: A film by Selvaraghavan starring Dhanush, Richa Gangopadhyay, Sunder Ramu etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ പുറത്തിറങ്ങിയ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിനു ശേഷം ശെല്‍വരാഘവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ്‌ 'മയക്കം എന്ന'. സംവിധായകന്റെ സഹോദരനായ ധനുഷ്, തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന റിച്ച ഗംഗോപാധ്യായ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഓം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെമിനി ഫിലിം സര്‍ക്യൂട്ടാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫറുടെ വിവിധ ജീവിതഘട്ടങ്ങളിലൂടെയുള്ളൊരു സഞ്ചാരമായി 'മയക്കം എന്ന'യെ കാണാം. അയാളുടെ വ്യക്തിജീവിതവും തൊഴില്‍ മേഖലയും കൂടി ഇഴചേര്‍ന്നു പോവുമ്പോഴുണ്ടാവുന്ന അസ്വാരസ്യങ്ങളും പ്രതീക്ഷകളും ഉയര്‍ച്ചകളുമൊക്കെയാണ്‌ ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നത്.

ആകെത്തുക     : 6.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.50 / 10
: 6.50 / 10
: 8.00 / 10
: 3.00 / 05
: 3.00 / 05
സാധാരണ തമിഴ് ചിത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുന്നൊരു പരിചരണമാണ്‌ ഈ ചിത്രത്തിനു വേണ്ടി കഥാകഥനത്തിലും അവതരണത്തിലും ശെല്‍വരാഘവന്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രം കഴിഞ്ഞാലും ചിത്രത്തിലെ പലതും കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്നതും ഈയൊരു പരിചരണത്തിന്റെ മികവിലാണെന്നു കാണാം. കാര്‍ത്തിക് സ്വാമിനാഥന്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതവും തൊഴിലും സമാന്തരമായും ഇടയ്‍ക്കിഴചേര്‍ന്നും ചിത്രത്തില്‍ വിഷയമാവുന്നു. ഇതില്‍ ജീവിതഭാഗങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്തപ്പോള്‍, തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പലതും തീരെ യുക്തിരഹിതമായി അനുഭവപ്പെട്ടു. കാര്‍ത്തിക് പകര്‍ത്തിയ ഒരു ഫോട്ടോ മറ്റൊരാള്‍ അയാളുടെ പേരില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സ്വന്തം ചിത്രമാണെന്ന് തെളിയിക്കുവാന്‍ കാര്‍ത്തിക്കിന്‌ സാധിക്കില്ല എന്ന മട്ടിലുള്ള അവതരണം, തമിഴ് നാട്ടില്‍ കിടക്കുന്ന കാര്‍ത്തിക്കിന്‌ ബ്രേക്ക് നല്‍കുന്നത് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഒരു ആനയുടെ ചിത്രം; ഇങ്ങിനെ പലതുമുണ്ട് എടുത്തു പറയത്തക്കതായി. ഇപ്രകാരമുള്ള കല്ലുകടികള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു അനുഭവമായി 'മയക്കം എന്ന' മാറുമായിരുന്നു.

Cast & Crew
Mayakkam Enna

Directed by
K. Selvaraghavan

Produced by
Gemini Film Circuit

Story, Screenplay, Dialogues by
K. Selvaraghavan

Starring
Dhanush, Richa Gangopadhyay, Sunder Ramu, Raviprakash, Mathivanan Rajendran, Pooja Balu, Soni Barring, Shilpi Kiran, Rajiv Choudhry etc.

Cinematography (Camera) by
Ramji

Editing by
Kola Bhaskar

Production Design (Art) by
Name

Music / Backgroun Score by
G.V. Prakash Kumar

Lyrics by
Selvaraghavan, Dhanush

Make-Up by
Name

Costumes by
Name

Choreography by
Name

Action (Stunts / Thrills) by
Name

Banner
Aum Productions

കാര്‍ത്തിക് സ്വാമിനാഥന്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ വ്യത്യസ്‍ത അവസ്ഥകള്‍ ധനുഷ് മികവോടെ അവതരിപ്പിച്ചിരിക്കുന്നു. യാമിനി എന്ന വേഷത്തില്‍ റിച്ച ഗംഗോപാധ്യയും ധനുഷിനോട് ഒപ്പമെത്തുന്നു. റിച്ചയ്‍ക്കു വേണ്ടി ശബ്ദം നല്‍കിയ ദീപ വെങ്കട്ടിന്റെ ഡബ്ബിംഗിനും യാമിനിയെന്ന കഥാപാത്രത്തിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ധനുഷിനും റിച്ചയുടേയും പരസ്‍പരധാരണയോടെയുള്ള അഭിനയത്തിന്റെ നിറവിലാണ്‌, കാര്‍ത്തിക്കും യാമിനിയും ചേര്‍ന്നു വരുന്ന പല രംഗങ്ങളും ജീവസ്സുറ്റതാവുന്നാത്. ഒരുപക്ഷെ, തീര്‍ത്തും വിരസമായി മാറിയേക്കാമായിരുന്ന ചില രംഗങ്ങള്‍ പോലും ഇരുവരും ചേര്‍ന്ന് തന്മയത്വത്തോടെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഇതര വേഷങ്ങളില്‍ സുന്ദര്‍ രമേശ് എന്ന കൂട്ടുകാരനായി സുന്ദര്‍ രാമു തരക്കേടില്ലെന്നു പറയാം. രവിപ്രകാശ് അവതരിപ്പിച്ച മാധേഷ് കൃഷ്ണ‍സ്വാമി എന്ന ഫോട്ടോഗ്രാഫറുടെ കഥാപാത്രം, ചിത്രത്തിലെ ഇതര കഥാപാത്രങ്ങളെ അപേക്ഷിച്ച് ശുഷ്കമായ സൃഷ്ടിയായിരുന്നു, അഭിനേതാവിനും കാര്യമായൊന്നും ചെയ്യുവാന്‍ കഴിഞ്ഞതുമില്ല. മതിവണ്ണന്‍ രാജേന്ദ്രന്‍, പൂജ ബാലു, സോണി ബാറിംഗ്, ശില്‍പി കിരണ്‍ തുടങ്ങി മറ്റു കഥാപാത്രങ്ങളായി എത്തുന്നവര്‍ക്ക് കാര്യമായ പ്രാധാന്യമൊന്നും ചിത്രത്തില്‍ കൈവരുന്നില്ല.

ചിത്രത്തിലെ സാങ്കേതിക മേഖലകളെടുത്താല്‍; ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറയുന്ന സിനിമയുടെ ഛായാഗ്രഹണത്തില്‍ ഇതിലുമേറെ സാധ്യതകളുണ്ടായിരുന്നു എന്നു തോന്നി. പലയിടങ്ങളിലും, പ്രത്യേകിച്ചും കാര്‍ത്തിക്കിന്റെ ഫോട്ടോഗ്രഫി ശ്രമങ്ങളില്‍, ഛായാഗ്രാഹകനെന്ന നിലയില്‍ കാര്യമായൊരു സംഭാവനയും നല്‍കുവാന്‍ രാംജിക്ക് സാധിച്ചില്ല. അതേസമയം തന്നെ മറ്റു പലയിടങ്ങളിലും ഛായാഗ്രഹണം മികവിലേക്കെത്തുകയും ചെയ്തു! ചില ഷാര്‍പ്പ് കട്ടുകള്‍ ചിത്രത്തിന്റെ മൂഡിനു ചേരുന്നതെങ്കിലും, പലയിടത്തുമുള്ള ചിത്രത്തിന്റെ മന്ദഗതിക്കും കോല ഭാസ്‍കറിന്റെ ചിത്രസന്നിവേശം കാരണമാണ്‌. കലാസംവിധാനം, വസ്‍ത്രാലങ്കാരം, ചമയം, ജി.വി. പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതം തുടങ്ങിയ ഇതര മേഖലകള്‍ താരതമ്യേന കൂടുതല്‍ മികച്ചു നില്‍ക്കുന്നു. ശെല്‍വരാഘവനും ധനുഷും ചേര്‍ന്നെഴുതി ജി.വി. പ്രകാശ് കുമാര്‍ ഈണമിട്ട ഗാനങ്ങളില്‍; രചയിതാക്കള്‍ തന്നെ പാടിയിരിക്കുന്ന "കാതല്‍ എന്‍ കാതല്‍...", നരേഷ് അയ്യര്‍, സൈന്ധവി എന്നിവരുടെ ശബ്ദത്തിലുള്ള "നാന്‍ സൊന്നതും മഴ...", സൈന്ധവിയും ജി.വി. പ്രകാശ് കുമാറും ചേര്‍ന്നാലപിച്ച "പിറൈ തേഡും..." എന്നീ ഗാനങ്ങളൊക്കെയും ആകര്‍ഷകമാണ്‌, ചിത്രത്തിലിവയുടെ ഉപയോഗവും നന്ന്. ധനുഷ് പാടിയിരിക്കുന്ന "വോഡ വോഡ വോഡ..." എന്നൊരു ഗാനമുണ്ട് അല്‍പം വെറുപ്പിക്കുന്നതായി, ഈ ഗാനരംഗവും കണ്ടിരിക്കുക പ്രയാസം.

കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലാത്ത പ്രമേയമാണെങ്കില്‍ തന്നെയും, അവതരണത്തില്‍ വരുത്താവുന്ന സാധ്യതകള്‍ കണ്ടെത്തി ഉപയോഗിക്കുക വഴി ചിത്രത്തിനൊരു പുതുമ അനുഭവപ്പെടുത്തുവാന്‍ ശെല്‍വരാഘവന്‌ കഴിഞ്ഞു. മുകളില്‍ സൂചിപ്പിച്ചതുപോലെ തിരക്കഥയില്‍ പലയിടത്തുമുള്ള വിള്ളലുകള്‍ രസം കൊല്ലിയാണെങ്കിലും, സിനിമയുടെ അവതരണ രീതിയുടെ ബലത്തില്‍ അവയെയൊക്കെ മറികടക്കുന്നതില്‍ ഒരു പരിധിവരെ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ധനുഷിന്റെയും റിച്ചയുടേയും അഭിനയമികവില്‍ ചിത്രം പ്രേക്ഷകരുടെ മനസില്‍ കുറച്ചു കാലമെങ്കിലും തങ്ങി നില്‍ക്കുകയും ചെയ്യും. ഇവയെല്ലാം കാരണമായി 'മയക്കം എന്ന' മയക്കം വരാതെയിരുന്നു കാണുവാന്‍ കാണികള്‍ക്കും കഴിയുന്നുണ്ട്. ഇതൊക്കെ പറയുമ്പോഴും, സാധാരണ മസാല ചിത്രങ്ങളില്‍ നിന്നൊരു വേറിട്ടൊരു ആസ്വാദന ശീലം പ്രേക്ഷകരില്‍ നിന്നും ചിത്രം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ എത്ര നാള്‍ ഈ ചിത്രത്തിന്‌ തിയേറ്ററുകളില്‍ ആയുസ്സുണ്ടാവുമെന്നതും കണ്ടറിയേണ്ടതുണ്ട്.

ഒരുപക്ഷെ, 'മയക്കം എന്ന'യിലെ കാര്‍ത്തിക്കിലൂടെ ധനുഷിന്‌ രണ്ടാമതൊരു ദേശീയ പുരസ്‍കാരം കിട്ടിയാല്‍ അത്ഭുതപ്പെടുവാനില്ല, കൂട്ടത്തില്‍ റിച്ചയ്‍ക്കുമുണ്ട് അതേ സാധ്യത.

10 comments :

 1. ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ്, റിച്ച ഗംഗോപാധ്യായ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന 'മയക്കം എന്ന' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #MayakkamEnna: Not a fancy theme, rough at times. A haunting experience for sure. Coming soon chithravishesham.com @dhanushkraja @richyricha
  29 Nov via web

  #MayakkamEnna: Both the leading actors; @dhanushkraja and @richyricha deserves applause for their amazing performance.
  29 Nov via
  web
  --

  ReplyDelete
 2. Thanks Hari.Nice to know that there is another good tamil movie.

  ReplyDelete
 3. 1000 times better than prithviraj's comic acts....

  ReplyDelete
 4. I am surprised you wrote about this movie. Not seeing any reviews from your side, for movies like Aadukalam, Mynaa, Engeyum Eppothum and many others, (but only for those routine Tamil ones), I was under the impression you are yet another Malayaalee who do not want to speak good about Tamil. Sorry if I was wrong.

  Agree with most of your comments, except that your ratings could have been better. Having given above 7 for even movies like My name is Khan and recently Indian Rupee and Pranayam(a pure copy), Mayakkam Enna deserves better.

  Inspite of expecting a minimum intelligence from the audience, the movie is so far doing well too in Tamil Nadu. For sure not in Kerala.
  Inspite of all our literary superiority, Tamil Nadu audience reacts better to good movies. The success of so many off beat movies prove that. They deserve good movies and they do get better movies.

  ReplyDelete
 5. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  അന്യഭാഷാ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്ക് പലപ്പോഴും മലയാളം സിനിമാ വിശേഷങ്ങളെ അപേക്ഷിച്ച് വായനക്കാര്‍ നന്നേ കുറവാണ്‌. (പിന്നെയും വായനക്കാരുള്ളത് കൊമേഴ്‍സ്യല്‍ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കാണ്‌.) പലപ്പോഴും സിനിമ കണ്ടുവെങ്കില്‍ തന്നെയും എഴുതുവാനായി സമയം കണ്ടെത്തുവാന്‍ മടിയാവുന്നതും അതുകൊണ്ടു തന്നെ. ഇതു തന്നെ 29-നു കണ്ടതിനു ശേഷം എഴുതാതെ ഇരിക്കുകയായിരുന്നു, ഇന്നിപ്പോള്‍ അവിചാരിതമായി സമയം കിട്ടിയതിനാല്‍ എഴുതിയെന്നു മാത്രം. മറ്റൊരു പ്രശ്നമുള്ളത് ഓഫ് ബീറ്റ് ചിത്രങ്ങള്‍ പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാവും കേരളത്തിലെ തിയേറ്ററുകളിലെത്തുന്നത് എന്നതാണ്‌. മറ്റെല്ലായിടവും റിവ്യൂവും വന്ന് ചിത്രത്തിന്റെ പുതുമയേ പോയതിനു ശേഷം അതിനെക്കുറിച്ച് എഴുതുവാനും തോന്നാറില്ല. അതേ സമയം, മലയാളം ചിത്രങ്ങളെ കഴിവതും ഒഴിവാക്കാതിരിക്കണം എന്നുമാണ്‌ ആഗ്രഹിക്കുന്നത്. തിരക്കഥയിലെ പരാധീനതകള്‍ കാര്യമായി തന്നെ ചിത്രത്തെ ബാധിച്ചിട്ടുണ്ട് എന്നതു തന്നെയാണ്‌ ഇതിലെ റേറ്റിംഗ് കുറയുവാനുള്ള കാരണവും.

  ഓഫ്: ചിത്രങ്ങളുടെ റേറ്റിംഗുകള്‍ തമ്മില്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഈ റേറ്റിംഗ് എന്ന സംഗതിയേ വലിയ അര്‍ത്ഥമൊന്നുമില്ലാത്ത ഒന്നാണെന്ന് നല്ല ധാരണയുമുണ്ട്. :)
  --

  ReplyDelete
 6. shahsshaheen....


  veruthe kittunna avasarangalil okke prithviraj nu kottunnathu niruthi koote?
  thankalude abhiparayam shari akam,thettakam,athinu entanu ivide prasakthi?
  s mayakkam enna a comedy movie?

  ReplyDelete
 7. റിവ്യൂ നന്നായിട്ടുണ്ട് .
  പൊതുവേ ഇതേ അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് കേട്ടത് .

  കാണാന്‍ സാധിച്ചില്ല .
  കണ്ടിട്ട് അഭിപ്രായം പറയാം .

  ReplyDelete
 8. //ധനുഷ് പാടിയിരിക്കുന്ന "വോഡ വോഡ വോഡ..." എന്നൊരു ഗാനമുണ്ട് അല്‍പം “വെറുപ്പിക്കുന്നതായി”, ഈ ഗാനരംഗവും കണ്ടിരിക്കുക പ്രയാസം.//

  ഭാഷയില്‍ ഒരു തിരുവനന്തപുരം ടച്ച്..! ;-)

  ReplyDelete
 9. വളരെ നല്ല സിനിമ അഭിനയിക്കാന്‍ കഴിവുണ്ടെന്ന് ധനുഷ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, താങ്കള്‍ പറഞ്ഞ കല്ലുകടിയോടു ഞാനും യോജിക്കുന്നു അവസാനത്തെ സീനിലെങ്കിലും അവന്റെഫോട്ടോ മോഷ്ട്ടിച്ചതിനെ പറ്റി പരാമര്‍ശിക്കാമായിരുന്നു

  ReplyDelete