കേരളത്തിന്റെ പതിനാറാമത് ചലച്ചിത്രമേളയ്ക്ക് കൊടിയിറക്കം!
ചിത്രവിശേഷം

16h IFFK, Dec 09-16 2011
Suvarna Chakoram (Best Film)
The Colors of the Mountain (Los colores de la montaña)
Rajatha Chakoram (Best Director)
Hamid Reza Aligholian [Flamingo No. 13]
Rajatha Chakoram (Best Debut Director)
Sebastián Hiriart [A Stone's Throw Away (A tiro de piedra)]
Rajatha Chakoram (Audience Prize)
The Painting Lesson (La lección de pintura)
Best Film (FIPRECI)
Future Lasts Forever (Gelecek Uzun Sürer)
Best Malayalam Film (FIPRECI)
Adaminte Makan Abu
Best Asian Film (NETPAC)
At the End of It All (Abosheshey)
Best Malayalam Film (NETPAC)
Adaminte Makan Abu
Hassankutty Award (Best Indian Debut Director)
Salim Ahmed [Adaminte Makan Abu]
Media Awards
Print: P.S. Jayan (Mathrubhumi) / R. Rins (Metro Vartha)
Radio: All India Radio
Visual: Sreeja (Indiavision) / Augustine Sebastian (Reporter)
Online: Yentha.com / MetroMatinee.com
Theater Awards
Best Theater (Technical Features): Sree Padmanabha Theater
Best Theater (Fecilities): New Theater
കൂവലും കൈയ്യടിയും നേടി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
സദസ്യരുടെ കൂക്കുവിളിയില്‍ തുടങ്ങി കയ്യടിയില്‍ അവസാനിച്ച പ്രസംഗമായിരുന്നു സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റേത്. മന്ത്രി പ്രസംഗിക്കുവാനെഴുന്നേറ്റപ്പോള് തന്നെ ഒരു കൂട്ടമാളുകള്‍ കൂവിയത് മന്ത്രിയെ നന്നായി പ്രകോപിപ്പിച്ചു. അത് അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം കാണാമായിരുന്നു. കൂവിവിളിക്കാനായി വരുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫെസ്റ്റിവലില്‍ പ്രവേശനമുണ്ടാകില്ലെന്നും സിനിമ കാണാന്‍ വരുന്നവര്‍ക്കു മാത്രമേ പാസ് നല്‍കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഏതു മാനദണ്ഡപ്രകാരമാണ് യഥാര്ഥപ്രേക്ഷകനെ കണ്ടെത്തുക എന്നു മാത്രം മന്ത്രി പറഞ്ഞില്ല. പരിപാടി അലങ്കോലമാക്കാനും ഗണേഷ്കുമാറിനെ തെറിവിളിക്കാനുമായി ക്വട്ടേഷനെടുത്തു ചിലര്‍ വന്നതാണെന്നും അതു തനിക്കറിയാമെന്നും പറഞ്ഞ മന്ത്രി തന്നെ കൂവിയാലും വേദിയിലിരിക്കുന്ന പ്രിയദര്ശന് ഉള്‍പ്പെടെയുള്ള പ്രമുഖ സിനിമാപ്രവര്‍ത്തകരെ ആക്ഷേപിക്കരുതെന്നും പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അതുപക്ഷേ, മാന്യമായിരിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നത്തോട് അനുഭാവം പ്രകടിപ്പിച്ച് മാന്യമായി പ്രതിഷേധിച്ചവരെ അനുമോദിക്കുന്നു. ചലച്ചിത്രോല്‍സവ വേദിയില്‍ സ്ത്രീകള്‍ക്കു നേരേയുണ്ടായ പെരുമാറ്റങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഏതുതരം വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ചലച്ചിത്രോല്സവത്തിനിടയില് ഉണ്ടായ ചില സംഭവവികാസങ്ങളെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിയില്‍ വൈകാതെ അഴിച്ചുപണി നടത്തുമെന്നു മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ മേളയുടെ മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ തുടങ്ങുമെന്നും അതിനു താന്‍ തന്നെ നേതൃത്വം നല്‍കുമെന്നും പറഞ്ഞു. ലോകസിനിമയുടെ പരിച്ഛേദം തന്നെയായിരിക്കും അടുത്ത മേള. രതിചിത്രങ്ങള്‍ കാണാന്‍ വരുന്നവരാണ് പ്രശ്നമുണ്ടാക്കുന്നത്. ബോഡി പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍നിന്ന് അക്കാര്യം വ്യക്തമാണ്. മന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍ കൂവിയവരൊന്നും പ്രസംഗം തീര്‍ന്നപ്പോള്‍ കൂവിയില്ല. മറിച്ച് കയ്യടികള്‍ ഉയരുകയും ചെയ്തു.മോഹന്‍ രാഘവനെ അനുസ്മരിച്ചൊരു മേള
'ടി.ഡി. ദാസന്, Std: VI. B' എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടുകയും പിന്നീട് അകാലത്തില്‍ നമ്മെ വിട്ട് പിരിയുകയും ചെയ്ത സംവിധായകന് മോഹന്‍ രാഘവനെ ഉചിതമായ രീതിയില്‍ അനുസ്മരിച്ചൊരു മേള കൂടിയായിരുന്നു ഇത്. മോഹന്‍ രാഘവന്റെ പേരിലായിരുന്നു മേളയുടെ ഓപ്പണ്‍ ഫോറം വേദി അറിയപ്പെട്ടത്. മോഹന്‍ രാഘവനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചുമുള്ള ലേഘനങ്ങള് ഉള്‍പ്പെട്ട 'മോഹന്‍ രാഘവന്: ഒരോര്മപുസ്തകം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മേളയുടെ അവസാന ദിനങ്ങളിലൊന്നില്‍ നടന്നു. മോഹന്‍ രാഘവനേയും അദ്ദേഹത്തിന്റെ സിനിമയേയും ഈ രീതിയില്‍ ഓര്‍മ്മിക്കുവാന്‍ ചലച്ചിത്ര അക്കാദമി തയ്യാറായത് വളരെ ഉചിതമായി.'ഒരു നല്ല സിനിമ' എന്ന തലക്കെട്ടില്‍ ചിത്രവിശേഷത്തിലെ കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ലേഖനത്തിന്റെ ഒടുവില്‍ ഇംഗ്ലീഷില്‍ സ്പെല്ലിംഗ് തെറ്റിച്ച് 'Chithravisesham' എന്നൊരു പരാമര്‍ശം മാത്രമാണ് ലേഖനത്തിന്റെ ഉറവിടത്തെക്കുറിച്ചൊരു സൂചനയായി കാണുവാനുള്ളത്. മറ്റ് കുറിപ്പുകള്‍ക്കെല്ലാം തലക്കെട്ടിനു ചുവട്ടില്‍ തന്നെ ലേഖകന്റെ പേര് (ചിലതിനൊക്കെ ഒടുവിലായി പ്രസിദ്ധീകരിച്ച തീയതിയും പ്രസിദ്ധീകരണത്തിന്റെ പേരും വെബ് വിലാസവുമുള്‍പ്പടെ നല്‍കിയിട്ടുണ്ട്) നല്‍കിയിടത്താണ് 'അജ്ഞാതകര്‍തൃക'മായി ചിത്രവിശേഷത്തിലെ കുറിപ്പ് ചേര്‍ത്തിരിക്കുന്നത്. ലേഖനം ഉള്‍പ്പെടുത്തുന്നതിനു മുന്‍പായി എന്തെങ്കിലും ചോദിക്കുകയോ അതിനു ശേഷം എന്തെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല എന്നതും ഖേദകരമായി. മാതൃഭൂമി ബുക്സ് പോലെയുള്ള പ്രസാധകര് ഈ രീതിയില്‍ നിരുത്തരവാദപരമായി പെരുമാറുന്നത് ഒട്ടും ഭൂഷണമല്ല എന്നുമാത്രം ഇതിനെക്കുറിച്ച് പറയുന്നു.
മേളയിലെ സിനിമകള്‍
കഴിഞ്ഞ കാല മേളകളെ അപേക്ഷിച്ച് ശുഷ്കമായ ചിത്രങ്ങളായിരുന്നു ഈ മേളയില്‍ ഉണ്ടായിരുന്നത്. ഒന്നോ രണ്ടൊ ചിത്രങ്ങളെങ്കിലും വളരെയേറെ ശ്രദ്ധ നേടുകയും അതുവഴി അവ ചലച്ചിത്രമേളയുടെ മുഖമുദ്രയായി അല്ലെങ്കില്‍ ഓര്‍മ്മച്ചിത്രങ്ങളായി, മാറുന്ന പതിവും ഇവിടെ തെറ്റി. അങ്ങിനെയൊരു ശ്രദ്ധ നേടുവാന്‍ തക്കവണ്ണം മികവുള്ള ഒരു ചിത്രവും മേളയില്‍ പ്രദര്‍ശിക്കപ്പെട്ടില്ല എന്നു വേണം പറയുവാന്‍. ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട അസ്ഗര്‍ ഫര്‍ഹദിയുടെ ഇറാനിയന്‍ ചിത്രം 'എ സെപ്പറേഷന്‍' (A Separation / Jodaeiye Nader az Simin), സെമിഹ് കപ്ലാഗൊലു ചിത്രങ്ങളില്‍ ഉള്‍പ്പെട്ട 'ഹണി' (Honey / Bal), മത്സരവിഭാഗത്തില്‍ പങ്കെടുത്ത പാബ്ലോ പെറെല്മാന്റെ ചിലിയില്‍ നിന്നുമുള്ള ചിത്രം 'ദി പെയിന്റിംഗ് ലെസണ്' (The Painting Lesson / La leccion de Pintura), ലോകസിനിമ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഡൊമിനിക് മോളിന്റെ സ്പാനിഷ് ചിത്രം 'ദി മങ്ക്' (The Monk / Le moine) തുടങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് എടുത്തു പറയാവുന്നവയായി മേളയിലുണ്ടായിരുന്നത്.മേളയിലെ തിയേറ്ററുകള്‍
ഫെസ്റ്റിവലിന്റെ അവിഭാജ്യ ഘടകങ്ങളായ തിയേറ്ററുകളെക്കുറിച്ച് കൂടി ഒന്നു പരാമര്‍ശിക്കാതിരുന്നാല്‍ ഈയൊരു വിശേഷം അപൂര്‍ണമാവും. മേളയ്ക്ക് ആതിഥ്യം വഹിച്ച പത്തു തിയേറ്ററുകളില്‍ കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ തിയേറ്റര്‍ ഒരുക്കിയ മികച്ച കാഴ്ചാനുഭവമാണ് എടുത്തു പറയേണ്ടതായുള്ളത്. തിയേറ്റിനു മുന്നില്‍തന്നെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മാതൃകയും തിരുവിതാംകൂറിന്റെ അംഗീകൃതമുദ്രയായിരുന്ന ശംഖും കൂടാതെ ആനച്ചമയങ്ങളും ഒരുക്കിയാണ് പത്മനാഭ ഡെലിഗേറ്റ്സിനെ സ്വീകരിച്ചത്. ഒപ്പം ക്ഷേത്രത്തെപ്പറ്റിയും ശംഖുമുദ്രയെപ്പറ്റിയുമുള്ള ലഘുവിവരണവും പ്രദര്‍ശിപ്പിച്ചിരുന്നു. തിയേറ്ററിനുള്ളിലും ഒരു മായികപ്രപഞ്ചം തന്നെയായിരുന്നു. മേളയോടനുബന്ധിച്ച് 2K പ്രൊജക്ടര്‍ സ്ഥാപിച്ചതിലൂടെ കൂടുതല്‍ തെളിച്ചമുള്ള ദൃശ്യങ്ങളാണ് ശ്രീപത്മനാഭയുടെ വെള്ളിത്തിരയില്‍ പതിഞ്ഞത്. മേളയില്‍ മറ്റൊരു തിയേറ്ററിലും 2K പ്രൊജക്ഷന് ഉണ്ടായിരുന്നില്ല. ഏതാനും മാസം മുമ്പ് മള്‍ട്ടിപ്ലക്സ് രീതിയില്‍ നവീകരിച്ച തിയേറ്ററിനുള്ളില്‍ പ്രദര്ശനസമയത്തുടനീളം മികച്ച ശീതീകരണസംവിധാനവും സുഗന്ധം പരത്തുന്ന അന്തരീക്ഷവുമാണ് ഒരുക്കിയിരുന്നത്. അതോടൊപ്പം ഓരോ പ്രദര്‍ശനത്തിനും മുമ്പായി ഒരുക്കിയ ഒന്നേകാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള ലേസര്‍ഷോയും പ്രതിനിധികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. നിറങ്ങളുടെ ഒരു മായിക നൃത്തത്തിനു നടുവിലാണ് ഈ സമയം പ്രേക്ഷകര്‍. തിയേറ്റര്‍ ഉടമകള്‍ക്കും മേളയിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതിലപ്പുറം മേളയുടെ നടത്തിപ്പില്‍ ഗുണപരമായി ഇടപെടുവാന്‍ കഴിയും എന്നതിനു തെളിവുകൂടിയാണ് ശ്രീ പത്മനാഭയുടെ പ്രവര്‍ത്തന ശൈലി. മേളയിലെ മികച്ച തിയേറ്ററിനുള്ള പുരസ്കാരം മന്ത്രി ശ്രീപത്മനാഭയ്ക്കു നല്കിയപ്പോള് സദസ്സിലുയര്‍ന്ന കയ്യടി തിയേറ്ററിനുള്ള പ്രേക്ഷകരുടെ കൂടി അംഗീകാരത്തിനു തെളിവാണ്. പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചത് ന്യൂ തിയേറ്ററിനാണ്. അവര്‍ അവാര്‍ഡു വാങ്ങിയപ്പോഴാകട്ടെ നിറുത്താതെ കൂവലാണുയര്ന്നത്. ഈയൊരു പ്രേക്ഷകവികാരം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ ഉള്‍പ്പടെ നവീകരിക്കുവാനുള്ള മനസ് ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ അതും മേളയുടെ ഒരു വിജയമെന്നു തന്നെ കരുതാം.വിവാദങ്ങളോടെ തുടങ്ങി, വിവാദങ്ങളില്‍ മുങ്ങി, വിവാദങ്ങളോടെ തന്നെ അവസാനിച്ച ഒരു മേളയ്ക്കാണ് ഇവിടെ തിരശീല വീണിരിക്കുന്നത്. 2012 ഡിസംബറിലെ പതിനേഴാമത് ചലച്ചിത്രമേളയ്ക്ക് വീണ്ടുമൊരു ഒത്തുചേരലിനു വാക്കുറപ്പിച്ച് ചലച്ചിത്രാസ്വാദകര്‍ അവരവരുടെ നാടുകളിലേക്ക് മടക്കമായി. ഇത്തവണ വന്ന വീഴ്ചകള്‍ പരിഹരിച്ച്, നല്ല സിനിമകളുടെ പതിനേഴാമത് മേളയ്ക്കായി നമുക്ക് കാത്തിരിക്കാം.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--