സ്വപ്‍ന സഞ്ചാരി (Review: Swapna Sanchari)

Published on: 11/26/2011 09:35:00 AM
Swapna Sanchari: A film by Kamal starring Jayaram, Samvrutha Sunil, Innocent etc. Film Review by Haree for Chithravishesham.
'ഗദ്ദാമ'യ്‍ക്കു ശേഷം കെ. ഗിരീഷ് കുമാര്‍ രചന നിര്‍വ്വഹിച്ച് കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്‌ 'സ്വപ്‍ന സഞ്ചാരി'. നീണ്ടയൊരു കാലയളവിനു ശേഷം കമലിന്റെ സംവിധാനത്തില്‍ ജയറാം നായകനായി വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. (1998-ല്‍ പുറത്തിറങ്ങിയ 'കൈക്കുടന്ന നിലാവാ'ണ്‌ ജയറാം-കമല്‍ കൂട്ടുകെട്ടിലുണ്ടായ അവസാന ചിത്രം.) മികവുറ്റ കുടുംബചിത്രങ്ങളുടെ സംവിധായകനും കുടുംബചിത്രങ്ങളുടെ നായകനും ഒന്നിക്കുമ്പോള്‍ ഒരു കുടുംബചിത്രം തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്? പ്രതീക്ഷ തെറ്റുന്നില്ല, വൈകാരികതയും നാടകീയ സംഭവങ്ങളുമൊക്കെ വേണ്ടുവോളമുള്ള അതിഭാവുക സീരിയല്‍ തന്നെയാണ്‌ 'സ്വപ്‍ന സഞ്ചാരി'. ട്രൂ ലൈന്‍ സിനിമാസിന്റെ ബാനറില്‍ ഇമാനുവേല്‍ തങ്കച്ചനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആകെത്തുക     : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
മദ്യവുമായും ബിവറേജസ് കോര്‍പ്പറേഷനുമായും ബന്ധപ്പെട്ട ചില സരസസംഭാഷണങ്ങള്‍, അവയൊഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും ശുഷ്‍കമാണെന്ന് പറയേണ്ടിവരും കെ. ഗിരീഷ് കുമാറിന്റെ രചന. എന്താണ്‌ സംഭവിക്കുവാന്‍ പോവുന്നതെന്ന് ഒരെകദേശ ധാരണ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കിട്ടും, പിന്നെയതൊക്കെ എപ്പോള്‍ സംഭവിക്കും എന്നു കാത്തിരുന്നു മടുത്തുപോവും കാണികള്‍. കമലിന്റെ സംവിധാന പരിചയമൊന്നു കൊണ്ടുമാത്രം, ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരുന്നില്ല എന്നതാണ്‌ ആകെയുള്ളൊരാശ്വാസം. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍, പ്രത്യേകിച്ചൊരു യുക്തിയും കാണുവാനാവാത്ത കഥാസന്ദര്‍ഭങ്ങള്‍ ഇവയൊക്കെ ചിത്രത്തിനു പരാധീനതയായുണ്ട്. ജയചന്ദ്രന്‍ നായരെന്ന നായകന്‍ ഗള്‍ഫില്‍ ബിസിനസ് ചെയ്തു ധനികനായെന്നു പറയുമ്പോള്‍, ഇവിടെ തികഞ്ഞൊരു മന്ദബുദ്ധിയായാണ്‌ ഓരോന്നിലും തലവെയ്‍ക്കുന്നത്. ഒരുപക്ഷെ, അങ്ങിനെയുള്ളവരുണ്ടാവാം; എന്നാല്‍ അതിനൊരു വിശ്വസനീയത സിനിമ കാണുമ്പോള്‍ തോന്നുന്നില്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ.

Cast & Crew
Swapna Sanchari

Directed by
Kamal

Produced by
Emmanuel Thankachan

Story, Screenplay, Dialogues by
K. Gireesh Kumar

Starring
Jayaram, Samvrutha Sunil, Innocent, Salim Kumar, Harisree Ashokan, Anu Emmanuel, Krupa Nandakumar, Irshad, Jagathy Sreekumar, Sivaji Guruvayoor, V.K. Sreeraman, Meera Nandan, Bhama etc.

Cinematography (Camera) by
Alagappan N.

Editing by
K. Rajagopal

Production Design (Art) by
Cyril Kuruvila

Music by
M. Jayachandran

Lyrics by
Rafeeq Ahmed

Make-Up by
Pandyan

Costumes by
Anil Chemboor

Audiography by
Tapas Nayak

Sound Effects by
Arun Seenu

Banner
True Line CInema

നായകനായെത്തുന്ന ജയറാം തന്റെ പതിവ് രീതികളില്‍ തന്നെയെങ്കിലും, മുഖം കൊണ്ടുള്ള കോപ്രായങ്ങളില്‍ മിതത്വം പാലിച്ചിട്ടുണ്ട് എന്നതൊരു ഗുണമായി പറയാം. ജയറാം ചിത്രങ്ങളുടെ ഒരു പ്രധാന അസഹ്യത അദ്ദേഹത്തിന്റെ മുഖത്തു വിരിയുന്ന രസങ്ങളാണല്ലോ, അതിനാലിത് പ്രസക്തമാണെന്നു കരുതുന്നു. ഇന്നസെന്റിന്റെ അച്ഛന്‍ വേഷം, സംവൃത സുനിലിന്റെ ഭാര്യ വേഷം, ഹരിശ്രീ അശോകനും സലിം കുമാറും അവതരിപ്പിക്കുന്ന സുഹൃത്തുക്കള്‍, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കപടശാസ്‍ത്ര ജ്യോതിഷി; ഇങ്ങിനെ നീളുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളേയും മലയാളത്തില്‍ തന്നെ ഇറങ്ങിയിട്ടുള്ള പല ചിത്രങ്ങളിലൂടെ നാമെല്ലാവരും കണ്ടിട്ടുള്ളതു തന്നെ. കാര്യമായ പുതുമയൊന്നും ഇവരാരുടേയും അവതരണത്തിലും പറയുവാനില്ല. ജയചന്ദ്രന്‍ നായരെന്ന നായകന്റെ മകളായി വേഷമിട്ട അനു ഇമാനുവേലെന്ന (നിര്‍മ്മാതാവിന്റെ മകളാവാം) പുതുമുഖം, തരക്കേടില്ലാതെ പോയെന്നു പറയാം. ഇര്‍ഷാദ്, ശശി കലിംഗ, ജയരാജ് വാര്യര്‍, ശിവാജി ഗുരുവായൂര്‍, വി.കെ. ശ്രീരാമന്‍ എന്നിങ്ങനെ മറ്റു ചില അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മീര നന്ദന്‍, ഭാമ തുടങ്ങിയവര്‍ അതിഥിതാരങ്ങളായി അല്‍പനേരത്തേക്ക് തലകാണിക്കുകയും ചെയ്യുന്നുണ്ട്.

അളഗപ്പന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ സൗന്ദര്യവും കെ. രാജഗോപാലിന്റെ ചിത്രസന്നിവേശ മികവുമാണ്‌ ഒരു ടെലിവിഷന്‍ സീരിയല്‍ നിലവാരത്തില്‍ നിന്നും ഈ സിനിമയെ ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍‍. സിറില്‍ കുരുവിള ഒരുക്കിയിരിക്കുന്ന കഥാപരിസരങ്ങള്‍, പാണ്ഡ്യന്റെയും അനില്‍ ചെമ്പൂരിന്റെയും മേക്കപ്പിലേയും വസ്‍ത്രാലങ്കാരത്തിലേയും ശ്രമങ്ങള്‍ എന്നിവയും ശരാശരിയിലും മികവു പുലര്‍ത്തുന്നുണ്ട്. റഫീഖ് അഹമ്മദ് രചന നിര്‍വ്വഹിച്ച് എം. ജയചന്ദ്രന്‍ ഈണമിട്ട ഒന്നു രണ്ട് ഗാനങ്ങളുണ്ട് ചിത്രത്തില്‍. പ്രതീക്ഷിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷിക്കുന്ന അതേ മട്ടിലുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുമോ അതോ മുഷിപ്പിക്കുമോ? അത്യാവശ്യം മലയാള സിനിമ കാണുന്ന ഏതൊരാള്‍ക്കും പാട്ടും സന്ദര്‍ഭവും പറഞ്ഞാല്‍ എന്താവും ദൃശ്യങ്ങളെന്ന് ഭാവനയില്‍ കാണാവുന്നതേയുള്ളൂ. ഗാനരംഗങ്ങളുടെ കാര്യം ഇങ്ങിനെയെങ്കിലും; സുദീപ് കുമാറും ചിത്രയും ചേര്‍ന്നു പാടിയ "വെള്ളാരം കുന്നിലേറി...", ശ്രെയ ഗോശാലിന്റെ "കിളികള്‍ പാടും..." എന്നീ ഗാനങ്ങള്‍ കേള്‍വിക്ക് ഉതകുന്നവയാണ്‌.

മൊത്തത്തിലെടുത്തു നോക്കിയാല്‍, സംവിധാനമായാലും അഭിനേതാക്കളുടെ പ്രകടനമായാലും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ മികവായാലും ശരാശരിയിലും മേലെയാണ്‌. എന്നാലിവയൊന്നും മതിപ്പുളവാക്കുന്നൊരു ചിത്രമായി 'സ്വപ്‍ന സഞ്ചാരി'യെ മാറ്റുന്നില്ല. ഇത് സ്ഥിരം സമവാക്യങ്ങള്‍ വിട്ട് മറ്റൊന്നെഴുതുവാന്‍ കെല്‍പ്പില്ലാത്ത തിരക്കഥാകൃത്തിന്റെയും, അത്തരത്തിലൊരു കഥയേയോ കഥാകാരനെയോ കണ്ടെത്തുവാന്‍ കഴിയാത്ത സംവിധായകന്റെയും പരാജയമെന്നു തന്നെ പറയേണ്ടിവരും. മലര്‍പ്പൊടിക്കാരന്റെ സ്വപ്‍നമെന്നോ മൂഷികസ്‍ത്രീ വീണ്ടും മൂഷികസ്‍ത്രീയായെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ജയചന്ദ്രന്‍ നായരുടെ 'സ്വപ്‍ന സഞ്ചാരം' ശ്രദ്ധ നേടണമായിരുന്നെങ്കില്‍ മറ്റൊരു തരത്തിലുള്ള പരിചരണം തീര്‍ച്ചയായും ആവശ്യമായിരുന്നു. അതില്ലാത്തതിനാല്‍ തന്നെ എപ്പോഴെങ്കിലും ടിവിയില്‍ വരുമ്പോള്‍ പാതിമയക്കത്തില്‍ കണ്ടുതീര്‍ക്കുവാന്‍ പറ്റിയൊരു സാധനം എന്നല്ലാതെ മറ്റൊന്നുമാകുവാന്‍ ഈ സഞ്ചാരത്തിനു കഴിയുന്നില്ല!

ഇന്നത്തെ ചിന്താവിഷയം: "മൂന്നാലാഴ്‍ചകള്‍ ഓരോ സമരത്തിന്റെയും പേരു പറഞ്ഞ് മലയാളസിനിമകളൊന്നും ഇറങ്ങാത്തതിനാല്‍ സ്വസ്ഥതയുണ്ടായിരുന്നു." എന്ന് മലയാളത്തിലൊരു പടമിറങ്ങിയാല്‍ കാണാതെ ഉറക്കം വരാത്ത സിനിമാഭ്രാന്തന്മാര്‍ പറഞ്ഞാല്‍ അതില്‍ അതിശയമുണ്ടോ? :)

6 comments :

 1. ഒരിടവേളയ്‍ക്കു ശേഷം കമലിന്റെ നായകനായി ജയറാമെത്തുന്നു; 'സ്വപ്‍ന സഞ്ചാരി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #SwapnaSanchari: The same old feel-good-at-the-end melodrama, with nothing new to offer. Coming soon: bit.ly/cv-reviews #Jayaram #Kamal
  12 hours ago via web
  --

  ReplyDelete
 2. അങ്ങിനെ മറ്റൊരെണ്ണം കൂടി...

  ReplyDelete
 3. ഈ കമലിന് എന്ത് പറ്റി ഇതുപോലത്തെ പൊട്ടപടങ്ങള്‍ ഒക്കെ ചെയ്യാന്‍
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 4. ഹരി ഭായി.
  ഏകദേശം ഒരു വര്‍ഷത്തോളമായി താങ്കളുടെ റിവ്യുകള്‍ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. "അപൂര്‍വരാഗം" എന്ന സിനിമയെ ഓണ്‍ലൈനില്‍ ചിലര്‍ എഴുതി തോല്‍പ്പിക്കുന്നത്‌ കണ്ടപ്പോള്‍ അതിന് ഒരു അവവാദം താങ്കള്‍ മാത്രമായിരുന്നു. അന്നുമുതലാണ് ഞാന്‍ താങ്കളുടെ വായനക്കാരനായത്. ഇപ്പോള്‍ ഒരു വിയോജനക്കുറിപ്പ് ഇവിടെ ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഭായിക്ക് വേണമെങ്കില്‍ എന്നെ ഒന്ന് കളിയാക്കുകയും ആവാം. എന്തായാലും എനിക്ക് പറയാനുള്ളത് ഒന്ന് കേള്‍ക്കൂ.
  ഭായി ഇംഗ്ലീഷ് സിനിമകളെ അടിസ്ഥാനമാക്കി റിവ്യൂ എഴുതുന്നതാണ് ഈയിടെ കണ്ടുവരുന്നത്‌. അല്ലെങ്കില്‍ തമിഴ്. ഇതൊക്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി മലയാള ചിത്രങ്ങള്‍ക്ക് മൂന്ന് മാര്‍ക്കെങ്കിലും കിട്ടുന്നത് വളരെ വലുതാണ്‌. അല്ലേ ഭായി ? ചിത്രവിശേഷം എന്ന പേര് തന്നെ നമ്മുടെ മലയാളം ആകുമ്പോള്‍ ഇതര ഭാഷകളിലുള്ള സിനിമകളുമായി ഭായി നമ്മുടെ കൊച്ചു സിനിമകളെ താരതമ്യം ചെയ്യരുത്. നമ്മുടെ കൊച്ച് ഭാഷയ്ക്ക് അങ്ങനെയുള്ള സിനിമകളെ പറ്റൂ. ഇത് ഭായിക്കും അറിയാവുന്നതാണല്ലോ? ഭായിക്ക് പറയാം സലിം കുമാറിന് അവാര്‍ഡ് കിട്ടിയ പടത്തിന് ഏഴ് മാര്‍ക്ക് കൊടുത്തല്ലോ എന്ന് . അപ്പോള്‍ ഭായി ഏഴ് മാര്‍ക്ക് കൊടുത്ത ഇംഗ്ലീഷ് ചിത്രവും സലിംകുമാറിന്റെ ചിത്രവും ഒരേ നിലവാരത്തിലുള്ളതാണോ ? അല്ല എന്ന് ഭായിക്കും അറിയാം, എനിക്കും അറിയാം, എല്ലാവര്‍ക്കും അറിയാം.മലയാള സിനിമകളെ അങ്ങനെ തന്നെ കാണാന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ കുടുംബസമേതം കണ്ടിരിക്കാവുന്ന, യാതൊരു താരജാടകളും ഇല്ലാത്ത, മുഷിച്ചിലില്ലാത്ത, കാണുന്നവരെ അധികം വടിയാക്കാത്ത ഈ കൊച്ചു ചിത്രത്തിന് അതിന്റെ പോരായ്മകള്‍ ഉള്‍ക്കൊണ്ടുതന്നെ ഒരു അഞ്ച് മാര്‍ക്കിനുള്ള അര്‍ഹതയുണ്ട്. (ഭായി അഞ്ചുമാര്‍ക്കില്‍ കൂടുതല്‍ കൊടുത്ത ചില തമിഴ് ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഇന്റര്‍വെല്ലിനുശേഷം ഉറങ്ങിപ്പോയിട്ടുണ്ട് )

  ['ദി അഡ്‍വെഞ്ചേഴ്‍സ് ഓഫ് ടിന്‍ടിന്‍: സംവിധായകനും നിര്‍മ്മാതാവിനും ഏറെയൊന്നും അഭിമാനിക്കുവാന്‍ 'ദി അഡ്‍വെഞ്ചേഴ്‍സ് ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യുണീക്കോണി'ലില്ലെങ്കിലും ] എന്നിട്ടും മാര്‍ക്ക് ഏഴ് !!

  സ്നേഹത്തോടെ ഒരു അനുജന്‍.

  ReplyDelete
 5. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  ടിന്‍ടിന്‍ ചിത്രം സംവിധായകനും നിര്‍മ്മാതാവിനും അഭിമാനിക്കുവാന്‍ ഏറെയൊന്നുമില്ല എന്നു പറഞ്ഞത് ശരിയായല്ല ഉള്‍ക്കൊണ്ടിട്ടുള്ളത് എന്നു തോന്നുന്നു; ഇരുവരും ഇതുവരെ ചെയ്തിട്ടുള്ള സിനിമകളെടുത്തു നോക്കിയാല്‍, അഭിമാനിക്കത്തക്കതായ ഒന്നായി ഇതു മാറുന്നില്ല എന്നേയുള്ളൂ, അല്ലാതെ സംവിധാനം മോശമായി എന്നില്ല. താരതമ്യം ചെയ്യുക എന്നൊരു ഉദ്ദേശം ചിത്രവിശേഷങ്ങള്‍ക്കില്ല എന്നു കൂടി സുചിപ്പിക്കുന്നു, അങ്ങിനെയല്ല വിശേഷങ്ങളൊന്നും എഴുതുവാറുള്ളതും.
  --

  ReplyDelete
 6. സ്വപ്നസഞ്ചാരി ഫാമിലി ആയി കണ്ടിരിക്കാന്‍ പറ്റിയ നല്ലൊരു ചിത്രം തന്നെ ആണ്. ഞങ്ങള്‍ ജനിക്കെണ്ടിയിരുന്നത് അമേരിക്കയില്‍ ആയിരുന്നു എന്ന രീതിയില്‍ ആണ് ഇവിടെ ചിലപ്പോള്‍ അഭിപ്രായങ്ങള്‍ പറയുന്നത് എന്ന് തോന്നി പോകുന്നു.

  ReplyDelete