സാന്‍വിച്ച് (Review: Sandwich)

Published on: 10/17/2011 06:41:00 AM
Sandwich: A film by M.S. Manu starring Kunchakko Boban, Richa Panai, Ananya etc. Film Review by Haree for Chithravishesham.
ലെനിന്‍ രാജേന്ദ്രന്‍, ഷാജി കൈലാസ് എന്നിവരോടൊപ്പം സഹസംവിധായകനായി തുടങ്ങിയ എം.എസ്. മനു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു 'സാന്‍വിച്ച്' എന്ന ചിത്രത്തിലൂടെ. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ എം.സി. അരുണ്‍, സുധീപ് കാരാട്ട് എന്നിവരൊരുമിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ രതീഷ് സുകുമാരന്റെയാണ്‌ കഥ-തിരക്കഥ-സംഭാഷണങ്ങള്‍. ഐ.ടി. തൊഴിലാളിയായ സായി എന്ന നായകവേഷത്തില്‍ കുഞ്ചാക്കോ ബോബന്‍; നായികമാരായി റിച്ച പനായ്, അനന്യ; മറ്റൊരു പ്രധാന വേഷത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ അഭിനേതാക്കളില്‍ പ്രമുഖര്‍. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സായിയുടെ വാഹനം ഒരു അപകടത്തില്‍ പെടുന്നു. ആ അപകടത്തില്‍ നഗരത്തിലെ ഒരു കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ട ഗുണ്ടയുടെ അനുയായികള്‍ സായിയെ അപായപ്പെടുത്തുവാന്‍ തുനിയുമ്പോള്‍, എതിര്‍ ചേരിയിലുള്ളവര്‍ സായിയുടെ രക്ഷയും ഏറ്റെടുക്കുന്നു. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍ ('സാന്‍വിച്ച്' എന്ന പേര്‌ അങ്ങിനെയാണ്‌ അന്വര്‍ത്ഥമാവുന്നത്.) പെട്ടപോലെയാവുന്നു സായിയുടെ അവസ്ഥ. ഈ ഊരാക്കുടുക്കിനുള്ളില്‍ നിന്നും സായി എങ്ങിനെ രക്ഷപെടുന്നു എന്നതാണ്‌ സിനിമയുടെ ഇതിവൃത്തം.

ആകെത്തുക     : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 2.50 / 10
: 3.00 / 10
: 3.00 / 05
: 2.00 / 05
പുതുമയുള്ള, കാണികളില്‍ താത്പര്യമുണര്‍ത്തുന്ന മട്ടില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നൊരു കഥാതന്തു കണ്ടെത്തുവാന്‍ രതീഷ് സുകുമാരന്‌ കഴിഞ്ഞു. എന്നാലത് നന്നായി വികസിപ്പിക്കുവാനൊട്ട് ആയതുമില്ല. ഈയൊരു കഥാതന്തു ഗൗരവത്തോടെ അവതരിപ്പിക്കണമോ അതോ നര്‍മ്മത്തിലൂടെ അവതരിപ്പിക്കണമോ എന്നതായിരുന്നിരിക്കണം രതീഷിന്റെ മുന്‍പിലുണ്ടായിരുന്ന ചോദ്യം. ഒടുവില്‍ രതീഷ് എഴുതി വന്നപ്പോളത് രണ്ടും കെട്ടൊരു പരുവത്തിലായി മാറിപ്പോയത് ചിത്രത്തിന്റെ (പ്രേക്ഷകരുടേയും) ദുര്‍വിധി! സായി എന്ന നായക കഥാപാത്രത്തിന്റെ വീട്, കുടുംബം, ജോലി എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചിത്രത്തിന്റെ കുറേഭാഗം യാഥാര്‍ഥ്യങ്ങളോട് ഇണങ്ങി നില്‍ക്കുമ്പോള്‍; നായ്‍ക്കര്‍ എന്ന വേഷവും അയാളുടെ പശ്ചാത്തലവും മറ്റും ഉള്‍പ്പെടുന്ന വേറേ കുറേ ഭാഗങ്ങള്‍ തികഞ്ഞ ഫാന്റസിയാണ്‌. എന്നാലിവ രണ്ടും* തമ്മില്‍ വല്ല ചേര്‍ച്ചയുമുണ്ടോ, അതൊട്ടില്ല താനും! സാഹചര്യങ്ങള്‍ കൊണ്ട് ഗുണ്ടകളുടെ തലവനായി മാറുകയും എന്നാലതിനുള്ള പാങ്ങില്ലാതിരിക്കുകയും ചെയ്യുന്ന മുരുകനണ്ണന്‍ എന്ന കഥാപാത്രവും, ചിരിപ്പിക്കുന്ന ചില സംഭാഷണ ശകലങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ മികവൊന്നും കഥ-തിരക്കഥ-സംഭാഷണ രചനയില്‍ രതീഷിന്‌ അവകാശപ്പെടുവാനില്ലെന്ന് ചുരുക്കം.
ഇതു രണ്ടിന്റേയും ഇടയില്‍ പെട്ടു പോവുന്ന പ്രേക്ഷകരുടെ അവസ്ഥയെ ദ്യോതിപ്പിക്കുവാനും 'സാന്‍വിച്ച്' എന്ന പേരുതകും!

Cast & Crew
Sandwich

Directed by
M.S. Manu

Produced by
M.C. Arun, Sudeep Kara't

Story, Screenplay, Dialogues by
Ratheesh Sukumaran

Starring
Kunchacko Boban, Richa Panai, Ananya, Suraj Venjaramood, Vijayakumar, Lalu Alex, K.B. Ganesh Kumar, P. Sreekumar, Saari, Kottayam Nazeer, Indrans, Biju Pappan etc.

Cinematography (Camera) by
Pradeep Nair

Editing by
Donmax

Production Design (Art) by
Boban

Effects by
Murukesh

Background Score by
Bose Santhosh

Music by
Jayan Pisharadi

Lyrics by
Murukan Kattakkada

Make-Up by
Jayachandran

Costumes by
Shibu Parameswaran

Choreography by
Shoby Paulraj

Banner
Line of Colors

അഭിനേതാക്കളില്‍ മുരുകനണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകുമാറാണ്‌ മുന്നില്‍ നില്‍ക്കുന്നത്. സായി എന്ന നായകവേഷം തന്റെ സ്ഥിരം രീതിയില്‍ അവതരിപ്പിച്ചു എന്നതിനപ്പുറം കുഞ്ചാക്കോ ബോബന്റെ ഭാഗത്തു നിന്നും കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍ കാര്യമായൊന്നും ഉണ്ടായിട്ടില്ല. നായികമാരില്‍ അനന്യ തന്റെ വേഷത്തോട് നീതിപുലര്‍ത്തിയെങ്കില്‍, റിച്ച പനായ് ഇനിയും താന്‍ അഭിനയം പഠിക്കുവാനുണ്ടെന്നു തെളിയിച്ചു. ഉപ്പായി മാപ്ലയുടെ മീശയും കസവു തുന്നിയ ഷര്‍ട്ടുമൊന്നും ഇല്ലായിരുന്നെങ്കില്‍ നായ്‍ക്കരെന്ന കഥാപാത്രമായി മാറുവാന്‍ സുരാജ് വെഞ്ഞാറമ്മൂട് വിയര്‍ത്തേനേ! ലാലു അലക്സ്, കെ.ബി. ഗണേഷ് കുമാര്‍, പി. ശ്രീകുമാര്‍, ശാരി, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍ തുടങ്ങി മറ്റു ചില അഭിനേതാക്കളും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. അച്ഛന്‍, അമ്മ, ചേച്ചി എന്നൊക്കെ പറയുന്നുണ്ടെങ്കിലും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളൊന്നും പറച്ചിലിനപ്പുറത്തേക്ക് വളരുന്നില്ല. അഭിനേതാക്കളേക്കാളുപരി സംവിധായകന്റെ പിടിപ്പുകേടാണെന്നു പറയാം കഥാപാത്രങ്ങളുടെ ഈ ബന്ധമില്ലായ്മ.

"പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനേ..." എന്നീ ഗാനങ്ങള്‍ക്കായി കലാസംവിധായകന്‍ ബോബന്‍ ഒരുക്കിയിരിക്കുന്ന സെറ്റുകളും അതിന്റെ ചിത്രീകരണവും നന്ന്. പ്രദീപ് നായറിന്റെ ഛായാഗ്രഹണവും ഡോണ്‍മാക്സിന്റെ എഡിറ്റിംഗും താരതമ്യേന തരക്കേടില്ലെന്നു പറയാം. ഷോബി പോള്‍രാജിന്റ നേതൃത്വത്തില്‍ നൃത്തരംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ചുവടുകളും കാണുവാന്‍ രസമുണ്ട്. കഞ്ചാക്കോ ബോബനും അനന്യയും ഭംഗിയായി ഗാനരംഗത്തില്‍ ചുവടുവെയ്‍ക്കുന്നുമുണ്ട്. മുരുകന്‍ കാട്ടാക്കട, സ്മിത പിഷാരടി എന്നിവരെഴുതി ജയന്‍ പിഷാരടി ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ ഇവയുടെയൊക്കെ മികവുകൊണ്ട് കണ്ടിരിക്കാമെന്നല്ലാതെ കേട്ടിരിക്കുവാന്‍ കൊള്ളാവുന്നവയെന്ന് തോന്നിയില്ല. ജയചന്ദ്രന്റെ ചമയവും ഷിബു പരമേശ്വരന്റെ വസ്‍ത്രാലങ്കാരവുമൊക്കെ പതിവിന്‍പടി പോവുന്നു.

സഹസംവിധായകന്‍ എന്ന നിലയില്‍ തനിക്കുള്ള പരിചയം മുതലാക്കി ചിത്രത്തില്‍ സാങ്കേതിക മികവ് കൈവരിക്കുവാന്‍ എം.സി. മനുവിന്‌ സാധിച്ചു. എന്നാല്‍ അതിനപ്പുറം ഒരു ചിത്രത്തിനു വേണ്ട കലാപരമായ അംശങ്ങളിലൊന്നും കാര്യമായൊരു മികവും കൈവരിക്കുവാന്‍ മനുവിന്‌ കഴിഞ്ഞില്ലെന്നു മാത്രമായി ചിത്രം വല്ലാതെ മുഷിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മെച്ചപ്പെട്ട സിനിമകള്‍ നല്‍കുവാന്‍ മനുവിന്‌ കഴിഞ്ഞേക്കാം. അങ്ങിനെയൊരു പ്രതീക്ഷ ആദ്യ ചിത്രത്തിലൂടെ നല്‍കി എന്നതിനപ്പുറം ഒന്നുമാകുവാന്‍ എം.സി. മനുവിന്റെ 'സാന്‍വിച്ചി'ന്‌ കഴിയുന്നില്ല.

സിനിമയുടെ പേരു കണ്ട് 'സോള്‍ട്ട് & പെപ്പര്‍' പോലെയൊരു ഫുഡീ ചിത്രമാണ്‌ 'സാന്‍വിച്ച്' എന്നു ധരിക്കേണ്ട. രണ്ട് കാര്യങ്ങളുടെ ഇടയില്‍ പെട്ടുപോവുന്ന അവസ്ഥയെ സൂചിപ്പിക്കുവാനും 'sandwiched' എന്നു പറയാറുണ്ട്. സാന്‍വിച്ചിന്റെ ആ അര്‍ത്ഥമാണ്‌ സിനിമയുടെ ടൈറ്റിലിനു ചേരുന്നത്, അതല്ലാതെ ആഹാര സാധനത്തിന്റെ പേരായല്ല!

7 comments :

 1. കുഞ്ചാക്കോ ബോബന്‍, റിച്ച പനായ്, അനന്യ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. മനു സംവിധാനം ചെയ്ത 'സാന്‍വിച്ചി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. നന്നായിട്ടുണ്ട് ഹരീ . . . താങ്ക്യു

  ReplyDelete
 3. ചേട്ടാ... വീരപുത്രന്റെ റിവ്യു ഉടനെ വേണേ...

  ReplyDelete
 4. ഇതിനും rating മൂന്നോ ഹരി??!!

  ReplyDelete
 5. എന്തൊക്കെയായാലും പതിവ് മസാല ചേരുവകളിലൊന്നും പെടാതെ മാറി നടക്കാൻ പുതിയ സംവിധായകർ ശ്രമിക്കുന്നു എന്നതുതന്നെ ഒരു ആശ്വാസമാണ്.

  ReplyDelete
 6. അഭിനയം മോശമായതിനു തീയേറ്ററിൽ കൂവൽ കേട്ടത് കുറേ കാലത്തിനു ശേഷമാണ്.
  നായിക ജ്വല്ലറി പരസ്യത്തിൽ തന്നെ നിന്നാൽ മതിയാരുന്നു. ആ പേരെങ്കിലും നിന്നേനെ.

  ReplyDelete
 7. ഈ പടവും സാന്വിച്ചായി അല്ലേ ഭായ്

  ReplyDelete