മകരമഞ്ഞ് (Review: Makaramanju)

Published on: 10/03/2011 07:12:00 AM
Makaramanju: A film by Lenin Rajendran starring Santhosh Sivan, Karthika Nair, Nithya Menon etc. Film Review by Haree for Chithravishesham.
ഒടുവിലത് സംഭവിച്ചു! എന്താണ്‌ കാര്യമെന്നല്ലേ, 'രാത്രിമഴ'ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ എഴുതി സംവിധാനം ചെയ്ത 'മകരമഞ്ഞ്' കേരളത്തില്‍ റിലീസ് ചെയ്തു. ഇപ്പ ഇറക്കും, ഇപ്പ ഇറക്കും എന്നു പറഞ്ഞു പേടിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായേ! കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‍കാരം നേടിയ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗ്രീന്‍ സിനിമയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ പ്രധാന കഥാപാത്രങ്ങളായ രാജാ രവി വര്‍മ്മയായും പുരൂരവസ്സായും വേഷമിടുന്ന ചിത്രത്തില്‍ കാര്‍ത്തിക നായര്‍, നിത്യ മേനോന്‍ തുടങ്ങിയവര്‍ നായികമാരാവുന്നു. രാജാ രവി വര്‍മ്മയുടെ 'ഉര്‍വ്വശിയും പുരൂരവസ്സും' എന്ന ചിത്രത്തെ മുന്‍നിര്‍ത്തി, ആ കാലഘട്ടത്തിലെ രാജ രവി വര്‍മ്മയെ, ഭാവനയുടെ കൂടി പിന്‍ബലത്തോടെ അവതരിപ്പിക്കുകയാണ്‌ ലെനിന്‍ രാജേന്ദ്രന്‍ ഈ ചിത്രത്തിലൂടെ.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 2.00 / 05
: 3.00 / 05
പ്രമേയപരമായി വ്യത്യസ്തമായ ഒരു ചിത്രമാണിതെന്ന് മുകളില്‍ പറഞ്ഞ ചിത്രത്തിന്റെ കഥാതന്തു വായിക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍, ഒറ്റവരിയില്‍ പറയുമ്പോള്‍ മനോഹരമെന്നു തോന്നുന്ന ഈ കഥാതന്തു, തീര്‍ത്തും അപക്വമായ അവതരണത്തിലൂടെ, തികച്ചും സാധാരണമായ ഒരു ചിത്രമായി മാറുന്ന കാഴ്ചയാണ്‌ 'മകരമഞ്ഞ്' കാണികള്‍ക്ക് സമ്മാനിക്കുന്നത്. വല്ലാതെ ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയില്‍ ഒരു പ്രയോജനവുമില്ലാത്ത രംഗങ്ങള്‍ അനവധിയാണ്‌. ഇതിനു പുറമേ‌, കാര്‍ത്തിക മുതല്‍ മല്ലിക കപൂര്‍ വരെ നീളുന്ന നായികമാരുടെ ശരീരവടിവു കാട്ടുവാന്‍ മാത്രം ഉദ്ദേശിച്ചുള്ള ഷോട്ടുകളുടെ ആധിക്യവും കാണികളെ മുഷിപ്പിക്കും. രാജാ രവി വര്‍മ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും പറയുവാനോ കാണിക്കുവാനോ ഇല്ല, എങ്കില്‍ പിന്നെ രവി വര്‍മ്മയുടെ മോഡലുകളെന്ന പേരില്‍ കുറച്ചു പെണ്ണുങ്ങളേയും അവരുടെ ശരീരഭാഗങ്ങളേയും കാണിച്ച് സമയം തികയ്‍ക്കാം എന്നാവാം സംവിധായകന്‍ കണക്കുകൂട്ടിയത്! ദോഷം പറയരുത്, രാജാ വര്‍മ്മയുടെ വചനങ്ങളായി കുറേ വരികള്‍ അവിടെയും ഇവിടെയുമൊക്കെ പറഞ്ഞു പോവുന്നുണ്ട്.

Cast & Crew
Makaramanju

Directed by
Lenin Rajendran

Produced by
Green Cinema

Story, Screenplay, Dialogues by
Lenin Rajendran

Starring
Santhosh Sivan, Karthika Nair, Lakshmi Sharma, Nithya Menon, Jagathy Sreekumar, Mallika Kapoor, Poorna, Chithra Iyer, Saiju Kurup etc.

Cinematography (Camera) by
Madhu Ambat

Editing by
Mahesh Narayanan

Production Design (Art) by
Gokul Das

Audiography by
N. Harikumar

Music by
Ramesh Narayanan

Lyrics by
Kavalam Narayana Panicker, K. Jayakumar

Make-Up by
Pattanam Rasheed

Costumes by
S.B. Satheesan

Effects by
Murukesh

Choreography by
Madhu Gopinath, Saji Vakkom

Banner
Sree Gokulam Movies

സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കു പകരം സന്തോഷ് ശിവനെ കാണുന്നതിന്റെ ഒരു പുതുമ ചിത്രത്തിനുണ്ട്. ബിജു മേനോന്റെ ശബ്ദം കൂടിയാവുമ്പോള്‍ രാജാ രവി വര്‍മ്മ എന്ന കഥാപാത്രം ചിത്രത്തില്‍ ശ്രദ്ധ നേടുകയും ചെയ്യുന്നു. കാര്‍ത്തിക നായര്‍ കാര്യമായ അഭിനയമൊന്നും ചിത്രത്തില്‍ ചെയ്തിട്ടില്ലെങ്കിലും ആവശ്യത്തിലുമധികം ശരീരപ്രദര്‍ശനത്തിന്‌ തയ്യാറായിട്ടുണ്ട്. ലക്ഷ്മി ശര്‍മ്മ, മല്ലിക കപൂര്‍ തുടങ്ങിയവര്‍ക്കും ഇതല്ലാതെ മറ്റൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. രാജാ രവി വര്‍മ്മയുടെ പ്രശസ്‍ത ചിത്രമായ 'മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടി'യായി എത്തുന്ന നിത്യ മേനോനാണ്‌ കൂട്ടത്തില്‍ മനസില്‍ നില്‍ക്കുന്ന ഒരു നായികാ കഥാപാത്രം. ജഗതി ശ്രീകുമാര്‍, പൂര്‍ണ അഥവാ ഷംന കാസിം, ചിത്ര അയ്യര്‍, സൈജു കുറുപ്പ് എന്നിവരൊക്കെ മറ്റു ചില വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണം ചിത്രത്തിന്‌ പ്രത്യേകിച്ചൊരു ഭാവവും നല്‍കുവാന്‍ ഉതകുന്നില്ല. മഹേഷ് നാരായണന്‌ ചിത്രസന്നിവേശത്തില്‍ ചെയ്യുവാനിനിയുമേറെ ബാക്കിയാണ്‌. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, എസ്.ബി. സതീശന്റെ വസ്‍ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയ്ക്കൊന്നും സ്വാഭാവികത പറയുവാനില്ല. പുരികം വെട്ടി നേര്‍പ്പിച്ച്, തലമുടി ഷാം‍പൂവിട്ട് സ്ട്രൈറ്റന്‍ ചെയ്ത നായികയെ ഉര്‍വ്വശിയായോ അല്ലെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ പെണ്‍കുട്ടിയായോ, ഉള്‍ക്കൊള്ളുക പ്രയാസകരം. നിത്യ മേനോനു മാത്രം ഈ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല. കാവാലം നാരായണ പണിക്കര്‍, കെ. ജയകുമാര്‍, ചന്ദ്രന്‍ നായര്‍ എന്നിവരെഴുതി രമേഷ് നാരായണന്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ കേള്‍വിക്ക് നന്നെന്നു തോന്നി. ഹരിഹരന്‍, സുജാത എന്നിവര്‍ പാടിയ "കാണുവാനേറെ വൈകി..." എന്ന ഗാനം കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു. മഞ്ജരിയുടെ ശബ്ദത്തിലുള്ള "മോസോ ബതിയ..." എന്ന ഗാനവും ശ്രദ്ധേയം.

ഭൂതകാലത്തിലുള്ള ഒരു കഥ പറയുമ്പോള്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. അവയില്‍ പ്രാഥമികമായി വരുന്നതാണ്‌, വര്‍ത്തമാനകാലത്തെ ദ്യോതിപ്പിക്കുന്ന ദൃശ്യ സൂചകങ്ങള്‍ ഒഴിവാക്കുക എന്നുള്ളത്. പഴയ കാലത്തെ സൂചിപ്പിക്കുവാന്‍ പഴയ മോഡല്‍ കാറും കുതിര വണ്ടിയും കാണിക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ അല്‍പം അകലെയായി ഒരു ഓട്ടോറിക്ഷ കിടക്കുന്നത് അശ്രദ്ധ കൊണ്ടുണ്ടായ അബദ്ധമെന്നു കരുതി നമുക്ക് കണ്ണടയ്‍ക്കാം. എന്നാല്‍ മറ്റൊരിടത്ത്, ഒരു കഥകളി വേഷം സ്ക്രീനില്‍ നോക്കി അലറുന്നതും പിന്നീട് കളികഴിഞ്ഞ് മടങ്ങുന്നതും കാണിക്കുന്നുണ്ട്. രാജാ രവി വര്‍മ്മയുടെ കാലത്തെ കഥകളിയുടെ ആഹാര്യം ഇന്നു കാണുന്നതേയല്ല എന്നൊരു നേരിയ ബോധമെങ്കിലും ഉള്ള സംവിധായകന്‍ അത്തരമൊരു രംഗം സിനിമയില്‍ ചേര്‍ക്കുമോ? അന്താരാഷ്‍ട്ര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍, കേരളത്തില്‍ നിന്നുള്ള ഒരു പടമായിട്ടും ഒരു കഥകളി എവിടെയെങ്കിലും വന്നില്ലെങ്കില്‍ ഒരു കുറവായി പോയാലോ എന്നൊരു മൂഢ ധാരണയല്ലാതെ അതു ചേര്‍ത്തതിന്‌ എന്ത് ന്യായീകരണമാണുള്ളത്? നട്ടുച്ച സമയത്ത് ഒരു കഥകളി വേഷം അങ്ങിനെ നടക്കുവാനുള്ള സാധ്യതയുടെ യുക്തിയൊക്കെ കൂടി ആലോചിച്ചാല്‍ സംവിധായകന്റെ ചിന്താശേഷിയെക്കുറിച്ച് ആരും സംശയിച്ച് പോവുകയും ചെയ്യും!

ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷനുകളാണ്‌ പരിഹാസ്യത തോന്നിപ്പിക്കുന്ന മറ്റൊന്ന്. തിരുവനന്തപുരത്തെയും കൊച്ചിയിലേയും പ്രധാനപ്പെട്ട സായാഹ്ന പാര്‍ക്കുകള്‍ പരിചയമുള്ള ആര്‍ക്കും രണ്ട് നൂറ്റാണ്ട് മുന്‍പുള്ള ബോംബെയായി മറ്റും കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പിടികിട്ടും. ഇതിനൊക്കെ പുറമേയാണ്‌ ചിത്രത്തില്‍ പലയിടത്തും പശ്ചാത്തലമായി കേള്‍പ്പിക്കുന്ന കഥകളി സംഗീതത്തിന്റെ കാര്യം. (കഥകളി അടുത്തെവിടെയോ നടക്കുന്നു എന്ന മട്ടിലാണ്‌ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത് എന്നു കൂടി മനസിലാക്കുക.) ഇത്തരമൊരു ചിത്രത്തിനു പശ്ചാത്തലമായി "ലജ്ജാവതിയേ!" കേള്‍പ്പിച്ചാല്‍ എങ്ങിനെയിരിക്കും? അതേ ചേര്‍ച്ചക്കുറവ് ഇന്നു പാടി കേള്‍ക്കുന്ന ശൈലിയിലുള്ള കഥകളി സംഗീതം രണ്ട് നൂറ്റാണ്ട് മുന്‍പുള്ള ഒരു കഥ പറയുമ്പോള്‍ കേള്‍പ്പിക്കുന്നതിലുമുണ്ട്. ചുരുക്കത്തില്‍ ഇത്തരമൊരു ചിത്രം ഒരുക്കുവാനുള്ള അറിവോ പാകതയോ ലെനിന്‍ രാജേന്ദ്രനെന്ന സംവിധായകനുണ്ട് എന്നു കരുതുവാന്‍ വയ്യ. ഇതേ മട്ടില്‍ കാലത്തിനു പിന്നോട്ടു പോയ സംവിധായകന്റെ മുന്‍ ചിത്രങ്ങളായ 'സ്വാതി തിരുനാള്‍', 'കുലം' എന്നീ ചിത്രങ്ങളും ഇത്തരം ദോഷങ്ങളില്‍ നിന്നു മുക്തമല്ല. (കൂട്ടത്തില്‍ പറയട്ടെ; 'സ്വാതി തിരുനാള്‍' ഒരു സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമായിരുന്നു എന്നു പറയുകയാണ്‌ ഭേദം!)

സിനിമയുടെ വിഷയം എന്തുമായിക്കൊള്ളട്ടെ, അവ എടുക്കുന്നതില്‍ മലയാളത്തിലെ സംവിധായകര്‍ കാട്ടുന്ന അനാസ്ഥയ്‍ക്ക്, അല്ലെങ്കില്‍ ഉദാസീനതയ്ക്ക്, അതുമല്ലെങ്കില്‍ എളുപ്പപ്പണികള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ്‌ ഈ സിനിമ. എന്തിനാണ്‌ ഇത്രയും മനുഷ്യാധ്വാനവും പാഴാക്കി ഇമ്മാതിരിയുള്ള കെട്ടുകാഴ്ചകള്‍ എടുത്തുവെയ്‍ക്കുന്നതെന്ന് സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാവാത്ത കാര്യമാണ്‌. ഒന്നുകില്‍ ആവശ്യമായ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം, ഭംഗിയായി ചെയ്യാമെന്നുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങളെടുക്കുവാന്‍ ഉദ്യമിക്കുക; അതല്ലെങ്കില്‍ കൊക്കിലൊതുങ്ങാത്ത ഇത്തരം വിഷയങ്ങളൊക്കെ സിനിമയാക്കുവാന്‍ മുതിര്‍ന്ന് പരിഹാസ്യനാവാതിരിക്കുക. ഇതിലേതെങ്കിലുമൊന്ന് ചെയ്യുവാനുള്ള വിവേകം ലെനിന്‍ രാജേന്ദ്രന്‍ ഇനിയെങ്കിലും കാണിക്കണമെന്ന് മാത്രമാണ്‌ ഇതു (കൂടി) കണ്ടുപോയ ഒരാളെന്ന നിലയില്‍ സംവിധായകനോട് അപേക്ഷിക്കുവാനുള്ളത്!

8 comments :

 1. ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ സന്തോഷ് ശിവന്‍, കാര്‍ത്തിക നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'മകരമഞ്ഞി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #Makaramanju: The theme is good and the thread is new, but the treatment makes it pretty ordinary! Coming soon: bit.ly/cv-reviews
  1 Oct via web
  --

  ReplyDelete
 2. ലെനിൻ രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്തു എന്നുള്ള പ്രയോഗം തെറ്റാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹം തിരക്കഥ "എഴുതാറില്ലത്രേ".

  ReplyDelete
 3. what kind of review is this?
  or s t due to the lack od\f story or nething worth mentioning in the movie that u have written something like this haree..?

  ReplyDelete
 4. പടം കണ്ടിരുന്നു .റിവ്യൂവില്‍ പറയുന്ന അത്ര മോശം ആയി തോന്നിയില്ല .പിന്നെ തെറ്റുകള്‍ ഉണ്ട് ,അത് ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരുന്നേനെ .കഥയില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും ഇല്ലാത്ത ആദ്യപകുതി കണ്ടിരിക്കാന്‍ പറ്റുന്നത് ദൃശ്യ ഭംഗി കൊണ്ടും രമേഷ് നാരായണന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ടും മാത്രമാണ് .എനിക്ക് മാര്‍ക്ക് ഇടാന്‍ അറിയില്ല എങ്കിലും എന്റെ personal rating പറയാം, 7/10.

  ReplyDelete
 5. പിരീഡ് സിനിമ എടുക്കുന്നത് വല്യ പണിയാണ് അതിന് പോകാതിരിക്കുകയാണ് നല്ലതെന്ന് തോന്നും ഇത്തരം ചിലതൊക്കെ വായിച്ചാല്‍

  ReplyDelete
 6. വളരെ മോശം വിലയിരുത്തലായിപ്പോയിത്.
  ഹരി ആരോടോ പ്രതികാരം തീര്‍ക്കുമ്പോലുണ്ട് ഈ വിലയിരുത്തലും റേറ്റിംഗും.
  മകരമഞ്ഞ് ഈ പറയുന്നത്രയും മോശം സിനിമയൊന്നുമല്ല. ചില താത്പര്യങ്ങളുടെ പുറത്താണോ ഹരി മാര്‍ക്ക് നല്‍കുന്നത്?
  ഈ ചിത്രത്തെ തെരഞ്ഞുപിടിച്ച് തകര്‍ക്കണമെന്ന് ഉദ്ദേശത്തോടെ എഴുതിയതുപോലെ തോന്നി.

  പുതിയ കഥകളി സംഗീതം ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റ്? അങ്ങനെയെങ്കില്‍ പുതിയ വാദ്യോപകരണങ്ങളോ രവിവര്‍മ്മയ്ക്ക് ശേഷമുള്ള സംഗീതമോ ഉപയോഗിക്കുന്നതും തെറ്റല്ലേ!

  ഇടയ്ക്കുണ്ടാകുന്ന ചില നല്ല പരിശ്രമങ്ങളെയെങ്കിലും നന്നായിപ്പറഞ്ഞില്ലെങ്കിലും മുളയിലേ തച്ചുടയ്ക്കല്ലേ.

  ReplyDelete
 7. പ്രമേയത്തിലെ പുതുമയും രമേഷ് നാരായണന്റെ സംഗീതവും ഒഴിച്ചു നിര്‍ത്തിയാല്‍ അഭിനന്ദനീയമായി ഏറെയൊന്നും പറയുവാനില്ല ഈ ചിത്രത്തില്‍. മധു അമ്പാട്ടിന്റെ ഛായാഗ്രഹണത്തിലെ ചില ഫ്രയിമുകളൊക്കെ കൊള്ളാമെങ്കിലും മൊത്തത്തില്‍ ചിത്രത്തിന്‌ ഛായാഗ്രഹണം എന്തു മികവു നല്‍കി എന്നു നോക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുന്നതുമില്ല. അടുത്തൊരു കഥകളി നടക്കുന്നു എന്നമട്ടില്‍ കഥകളി സംഗീതം പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നതും പുതിയൊരു വാദ്യോപകരണം പശ്ചാത്തലസംഗീതം ഒരുക്കുവാന്‍ ഉപയോഗിക്കുന്നതും രണ്ടും രണ്ടാണ്‌ എന്നു മനസിലാക്കുമല്ലോ! അതിനാല്‍ തന്നെ കഥകളി സംഗീതത്തിന്റെ ആ കാലത്തെ ശൈലി ഉപയോഗിക്കേണ്ടത് അനിവാര്യമെന്ന് കരുതുന്നു. ഇങ്ങിനെയുള്ള കാര്യങ്ങളൊക്കെയും ശ്രദ്ധിച്ച് ഒരു പിരീഡ് സിനിമ എടുക്കുവാന്‍ കഴിയില്ലെങ്കില്‍ അതിനു പോവാതിരിക്കുക തന്നെ നല്ലത്! :) [അറിവില്‍ പെട്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞുവെന്നു മാത്രം. മറ്റ് സംഗീതവും നൃത്തവുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതുപോലെ പലപ്പോഴും കഥാപാത്രങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ വരുന്നുണ്ട്. അതൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്ന കാലത്തിനോട് ചേര്‍ന്നു പോവുന്നതാണോ എന്ന് ആ മേഖലകളുമായി പരിചയമുള്ളവര്‍ക്ക് ഒരുപക്ഷെ പറയുവാന്‍ സാധിച്ചേക്കും.]

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  ReplyDelete