ഇന്ത്യന്‍ റുപ്പി (Review: Indian Rupee)

Published on: 10/06/2011 08:28:00 PM
Indian Rupee: A film by Ranjith starring Prithviraj, Rima Kallingal, Thilakan etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍, കലാമൂല്യമുള്ളൊരു ചിത്രമായി പരക്കെ വിലയിരുത്തപ്പെടുകയും, വിവിധ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുകയും [2010-ലെ മികച്ച ചിത്രമായി 'ചിത്രവിശേഷം' വായനക്കാര്‍ തിരഞ്ഞെടുത്ത ചിത്രവും ഇതു തന്നെ!] ചെയ്‍തതിനോടൊപ്പം തന്നെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റി'നു ശേഷം രഞ്ജിത്ത് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഇന്ത്യന്‍ റുപ്പി'. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നായകവേഷത്തിലെത്തുന്ന പൃഥ്വിരാജിനോടൊപ്പം തിലകന്‍, റീമ കല്ലിങ്കല്‍, ടിനി ടോം തുടങ്ങിയവരൊക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പൃഥ്വിരാജ് വിരോധികളുടെ നിര്‍ത്താതെയുള്ള കൂവല്‍, അതിനിടയില്‍ രഞ്ജിത്തിന്റെ ആരാധകരുടെ കൈയ്യടി, തിലകനുള്ള കൈയ്യടി; ചിത്രം തുടങ്ങി പത്തോ പതിനഞ്ചോ മിനുറ്റു കഴിഞ്ഞതോടെ ഇതൊക്കെയും ശാന്തം. സാവധാനം തുടങ്ങി, വേഗത കൈവരിച്ച്, പിന്നെ പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്നൊരു ത്രില്ലിംഗ് എന്റര്‍ടൈനറായി 'ഇന്ത്യന്‍ റുപ്പി'യെ കാണാം. ഒപ്പം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില സാമൂഹിക വിഷയങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശ വിധേയവുമാവുന്നു.

ആകെത്തുക     : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 7.00 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും കോടീശ്വരനാകുവാന്‍ സ്വപ്നം കണ്ടു നടക്കുന്ന തൊഴിലില്ലാ യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായകനായ ജയപ്രകാശ് എന്ന ജെ.പി. എന്നാല്‍ ജെ.പി.യുടെ വഴി സ്ഥിരം സിനിമകളില്‍ കാണുന്ന കൊട്ടേഷന്‍ പണിയല്ല. മറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്‌. അതിലൂടെ വരുന്ന കോടികളുടെ കമ്മീഷനാണ്‌ ജെ.പി.യുടെ സ്വപ്നങ്ങളില്‍ നിറയുന്നത്. ജെ.പി.-യുടേയും അയാളോട് ബന്ധപ്പെട്ടു നില്‍ക്കുന്ന വിവിധ കഥാപാത്രങ്ങളുടേയും ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയൊരു ചങ്ങലയിലെ കണ്ണികള്‍ കണക്കെ ബന്ധപ്പെട്ടു കിടക്കുന്നു. അവയെ ബന്ധിപ്പിക്കുന്നതാവട്ടെ ലക്ഷങ്ങള്‍ മൂല്യമുള്ള ഇന്ത്യന്‍ രൂപയും! വ്യത്യസ്തമായ ഈയൊരു കഥാതന്തുവിനെ, പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുവാന്‍ തക്കവണ്ണം രസകരമായി അവതരിപ്പിക്കുവാനായി എന്നയിടത്താണ്‌ രഞ്ജിത്തിലെ രചയിതാവ് വിജയം കാണുന്നത്. മനസില്‍ തങ്ങി നില്‍ക്കുന്ന ചില കഥാപാത്രങ്ങളാലും അവരെ ഭംഗിയായി വരച്ചിടുന്ന കഥാസന്ദര്‍ഭങ്ങളാലും സമ്പന്നമാണ്‌ ചിത്രം. പ്രാഞ്ചിയേട്ടനെ വ്യത്യസ്തമാക്കിയത് തൃശൂര്‍ ഭാഷയാണെങ്കില്‍ ഇവിടെ അത് കോഴിക്കോടന്‍ ഭാഷയാണ്‌. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, കോഴിക്കോടന്‍ സംസാരവുമായി വരുന്ന നായകന്‍ ഇടക്കിടെ കോഴിക്കോട് ഭാഷയിലല്ലാതെ സാഹിത്യം തുളുമ്പുന്ന ഡയലോഗടിക്കും എന്നത് ചിലപ്പൊഴൊക്കെ രസച്ചരട് മുറിക്കുന്നു. നായകന്‍ കോഴിക്കോടന്‍ ഭാഷയിലാണ് വാക്‍പയറ്റെങ്കിലും, നായകന്റെ ബന്ധുജനങ്ങളൊക്കെ സാധാരണ മലയാളത്തിലാണ്‌ സംസാരമെന്നതിലുമുണ്ട് ഒരു ചേര്‍ച്ചക്കുറവ്. തറയിലെ ടൈലിളക്കിയും ചിത്രത്തിനു പിന്നിലെ ഭിത്തിയിലൊരു അറയുണ്ടാക്കിയുമൊക്കെ തന്നെയാണ്‌ ഇപ്പഴും സമ്പന്നര്‍ കള്ളപ്പണം സൂക്ഷിക്കുന്നതെന്ന് ചിത്രത്തില്‍ കണ്ടപ്പോള്‍ വിചിത്രമായി തോന്നി. അതുപോലെ തന്നെ പെട്ടെന്നു കയറിവരുന്ന ഒരാളോട് ജയപ്രകാശിന്റെ അളിയന്‍ വിസ്തരിച്ച് ജെ.പി.-യുടെ ജീവചരിത്രം, നല്ലതും കെട്ടതുമെല്ലാമുള്‍പ്പടെ, വിളമ്പുന്നതിലുമുണ്ട് അസ്വാഭാവികത. ഇത്തരം ചില ന്യൂനതകള്‍ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചു പോയി ചിത്രം കണ്ടു തീര്‍ന്നപ്പോള്‍!

Cast & Crew
Indian Rupee

Directed by
Ranjith

Produced by
Prithviraj, Shaji Nadeshan, Santosh Sivan

Story, Screenplay, Dialogues by
Ranjith

Starring
Prithviraj, Thilakan, Tini Tom, Jagathy Sreekumar, Mamukkoya, Rima Kallingal, Lalu Alex, Revathi, Seenath, Kalpana, Mallika, Babu Namboothiri, Biju Pappan, Sadiq, Shammi Thilakan, Sivaji Guruvayoor, Asif Ali (cameo), Fahad Fazil (cameo) etc.

Cinematography (Camera) by
S. Kumar

Editing by
Vijay Shankar

Production Design (Art) by
Santhosh Raman

Music / Background Score by
Shahabaz Aman

Lyrics by
Mullanezhi, V.R. Santhosh

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Banner
August Cinema

ചിത്രത്തില്‍ നായക സ്ഥാനത്തുള്ള ജയപ്രകാശ് എന്ന കഥാപാത്രം പൃഥ്വിരാജിന്‌ നന്നായിണങ്ങുന്നു. തികഞ്ഞ കൈയ്യടക്കത്തോടെ അദ്ദേഹം ആ കഥാപാത്രത്തെ ചെയ്ത് വിജയിപ്പിച്ചിട്ടുമുണ്ട്. കാച്ചിക്കുറുക്കിയ ചില സംഭാഷണങ്ങളും നൊമ്പരപ്പെടുത്തുന്ന ചില മുഹൂര്‍ത്തങ്ങളുമൊക്കെ തിലകന്റെ അച്യുത മേനോനെ വേറിട്ടു നിര്‍ത്തുന്നു. പ്രാധാന്യമുള്ളൊരു മുഴു നീള വേഷം ചെയ്യുവാന്‍ കിട്ടിയ അവസരം സി.എച്ച്. എന്ന വേഷത്തിലെത്തിയ ടിനി ടോം ഭംഗിയായി വിനിയോഗിച്ചു. അത്യാവശ്യം പിശുക്കും മറ്റു ചില സ്വഭാവ വിശേഷതകളുമൊക്കെയുള്ള പണക്കാരനായെത്തുന്ന ജഗതി ശ്രീകുമാറും തന്റെ വേഷം മികച്ചതാക്കി. ചിത്രത്തില്‍ കാര്യമായ പ്രാധാന്യമൊന്നും വരുന്നില്ലെങ്കിലും നായികയായ റീമ കല്ലിങ്കലും; ഇതര സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റീജ വേണുഗോപാല്‍ (മല്ലിക), സീനത്ത്, കല്‍പന, രേവതി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ലാലു അലക്സ്, ശശി കലിംഗ, മാമുക്കോയ, ഷമ്മി തിലകന്‍, സാദിഖ്, ശിവാജി ഗുരുവായൂര്‍, ബിജു പപ്പന്‍, ബാബു നമ്പൂതിരി തുടങ്ങിയ ഇതര അഭിനേതാക്കളും മോശമായില്ല. ചിത്രത്തിന്റെ ഒടുവിലെത്തുന്ന ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ പോലും ചിത്രത്തിനൊരു അധികപ്പറ്റാവുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.

എസ്. കുമാറിന്റെ ക്യാമറയും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ചേരുമ്പോള്‍ ദൃശ്യപരിചരണത്തിന്റെ കാര്യത്തില്‍ ചിത്രം മികവിലേക്കെത്തുന്നു. ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഒപ്പം മുരുകേഷിന്റെ ഇഫക്ടുകളും ഈ ദൃശ്യങ്ങളുടെ മാറ്റു കൂട്ടുകയും ചെയ്യുന്നു. കഷ്ടിച്ചൊരു മുപ്പതു രൂപപോലുമുണ്ടോ നിന്റെ കൈയ്യിലെന്ന് നായകന്റെ അമ്മ നായകനോട് ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്; എന്നാലത്രയ്‍ക്കൊരു ദാരിദ്ര്യമൊന്നും നായകന്റെ വീട്ടില്‍ കെട്ടിലും മട്ടിലുമൊന്നും കാണുവാനില്ല. നായകന്റെയല്ലാതെ മറ്റൊരു വരുമാനവും ആ വീട്ടിലേക്ക് വരുന്നുണ്ടെന്നും പറയുന്നില്ല. അങ്ങിനെ നോക്കുമ്പോള്‍ കലാസംവിധായകനായ സന്തോഷ് രാമന്‌ കുറച്ചു കൂടി ശ്രദ്ധിച്ച് നായകന്റെ വീട് ഒരുക്കാമായിരുന്നു. ചിത്രത്തിലെ മറ്റിടങ്ങള്‍ കഥാഗതിയോട് ചേര്‍ന്നു പോവുന്നു. സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടിയുടെ ചമയവും പതിവുപോലെ മികവ് പുലര്‍ത്തുന്നുണ്ട്. മുല്ലനേഴിയും വി.ആര്‍. സന്തോഷും രചന നിര്‍വ്വഹിച്ച് ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ പ്രസക്തമല്ല. വിജയ് യേശുദാസ് പാടിയിരിക്കുന്ന ചിത്രത്തിലെ പ്രധാനഗാനമായ "ഈ പുഴയും..." എന്ന ഗാനം അനാവശ്യമായിരുന്നു എന്നു മാത്രമല്ല, ഗാനരംഗം വല്ലാതെ മുഷിപ്പനുമായിപ്പോയി! എം.ജി. ശ്രീകുമാറും സുജാതയും ചേര്‍ന്നു പാടിയ "അന്തിമാനം..." എന്ന ഗാനം ചിത്രത്തിനൊടുക്കം ടൈറ്റിലുകള്‍ക്കൊപ്പമാണ്‌ വരുന്നത്. ആല്‍ബത്തില്‍ ചേര്‍ക്കുവാനൊരു ഗാനം എന്നതിനപ്പുറം ഒരു പ്രാധാന്യം അതിനും നല്‍കേണ്ടതില്ല.

ഒരു സംവിധായകന്‍ തന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി അഭിനേതാക്കളെ മാറ്റിയെടുക്കുമ്പോള്‍ അതൊരു സംവിധായകന്റെ ചിത്രമാവുന്നു; മറിച്ച് താരങ്ങള്‍ക്കു വേണ്ടി കഥാപാത്രങ്ങളെ ഒരുക്കുമ്പോഴോ, അത് താരങ്ങളുടെ ചിത്രം മാത്രവുമാവുന്നു. ഈ പറഞ്ഞതിനെ ആധാരമാക്കിയാല്‍, പൂര്‍ണമായുമൊരു സംവിധായകന്റെ ചിത്രം തന്നെയാണ്‌ 'ഇന്ത്യന്‍ റുപ്പി' എന്നുറപ്പിച്ചു പറയാം. തന്റെ സിനിമയിലെ കഥാപാത്രങ്ങളായി അഭിനേതാക്കള്‍ ഓരോരുത്തരേയും മാറ്റിയെടുക്കുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു എന്നതു തന്നെയാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. സംവിധായകന്റെ മനസറിഞ്ഞ് ഈ കഥാപാത്രങ്ങളെയൊക്കെയും അവതരിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തിയ അഭിനേതാക്കളും പിന്നില്‍ സഹകരിച്ച സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ ചിത്രത്തിന്റെ മികവില്‍ പങ്കാളികളാണ്‌. ചുരുക്കത്തില്‍; രഞ്ജിത്തിന്റെ കിരീടത്തിലൊരു പൊന്‍തൂവലായ പ്രാഞ്ചിയേട്ടനെപ്പോലെ, നൂറു ദിനം തിയേറ്ററുകളില്‍ നിറഞ്ഞോടുവാനും മറ്റൊരു തൂവലാകുവാനും 'ഇന്ത്യന്‍ റുപ്പി'ക്ക് കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങള്‍ ആദ്യ ദിനം കാണുവാന്‍ പോയാല്‍ ആരാധകരാണ്‌ ശല്യമെങ്കില്‍ പൃഥ്വിരാജിന്റെ ചിത്രം കാണുവാന്‍ പോയാല്‍ വിരോധികളുടേതാണ്‌ ശല്യം! എന്തൊരു ഗതികേടാണെന്ന് നോക്കണേ! ഇതിലൊന്നും പെടാത്ത സാദാ പ്രേക്ഷകര്‍ തന്നെയാണ്‌ ഇത് രണ്ടായാലും സഹിക്കേണ്ടതെന്ന് ആരാധകരും വിരോധികളുമൊക്കെ ഒന്നോര്‍ത്താല്‍ കൊള്ളാം!

35 comments :

 1. 'പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റി'നു ശേഷം രഞ്ജിത്തിന്റെ രചന-സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍ റുപ്പി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #IndianRupee: Another feather in the cap of #Ranjith. #Prithviraj just perfect for the role. Coming soon: bit.ly/cv-reviews
  2 hours ago via web
  --

  ReplyDelete
 2. വളരെ പെട്ടെന്ന് റിവ്യൂ എഴുതി തീര്‍ക്കണം എന്ന് കരുതി എഴുതിയതു പോലുണ്ടല്ലോ... എന്തായാലും രഞ്ജിത്തിന്‍റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കട്ടെ എന്ന് ആഗ്രഹിക്കാം,
  ടിനി ടോമിനെ ശരിക്കും രഞ്ജിത്ത് ഉപയോഗിച്ചു എന്നത് സന്തോഷം, സിനിമാക്കരില്‍ നിന്നും ഒരുപാട് അവഹേളനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് അയാള്‍ക്ക്.....

  ReplyDelete
 3. ഇന്ന് ആദ്യത്തെ ഷോ തന്നെ കണ്ടു വളരെ നല്ല ഫിലിം ..രഞ്ജിത്തിന്റെ തിരക്കഥ നീറിപ്പിടിക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നീതിശാസ്ത്രത്തില്‍ തന്നെയാണ് .ഇന്ത്യന്‍ റുപീ ഇന്നത്തെ സമകാലിക യാഥാര്‍ത്യങ്ങളുടെ നേര്‍ചിത്രമാണ്..നല്ല റിവ്യൂ 7 മാര്‍ക്ക്‌ ഞാന്‍ പ്രതീക്ഷിച്ചു ,ഹരീ പറഞ്ഞത് പോലെ ഇതൊരു രഞ്ജിത്തിന്റെ സിനിമ തന്നെയാകുന്നു നക്ഷത്രങ്ങളെ അപ്രത്യക്ഷമാക്കെണ്ടതും സംവിധായകര്‍ തന്നെ ആണ് ഇത്തരം സിനിമകള്‍ മലയാള സിനിമയ്ക്കു മൂല്യം ഉയര്‍ത്താന്‍ കഴിയുമെന്നും രഞ്ജിത്ത് തന്നെ മാറ്റി വെട്ടുന്ന ഈ വഴി മറ്റുള്ളവരും ഈറെടുക്കുന്ന നാള്‍ വിദൂരമല്ല

  ReplyDelete
 4. വീണ്ടും സംവിധായകന്‍ തന്നെയാണ് താരം എന്ന് രഞ്ജിത്ത് തെളിയിച്ചു അല്ലെ .

  രാജപ്പന്‍ കുറിച്ചുള്ള കമന്റ്സ് കണ്ടു കണ്ടു ഇപ്പൊ facebook തന്നെ തുറക്കാന്‍ മടിയായി തുടങ്ങി .ഇനി എന്തായാലും അതിനൊരു കുറവ് വരും എന്ന് പ്രതീക്ഷിക്കാം .

  ReplyDelete
 5. Nalla cinema.. ishtappettu orupaaadu...

  ReplyDelete
 6. saw it from q cinemas...very gud mvie..we shud promote movie like this..prithviraj, yu proved that yu are an ACTOR....!

  ReplyDelete
 7. റിവ്യൂ നന്നായി ഹരീ.

  തന്നെ ക്രൂരമായി ആക്രമിച്ചവർക്ക് പ്രിത്വിരാജിന്റെ ഒരു ചുട്ട മറുപടിയായിതന്നെ ഇന്ത്യൻ റുപ്പിയെ കാണാം. രഞ്ജിത്തിനെപോലെയൊരു സംവിധായകന്റെ ചിത്രത്തിൽ ( പ്രത്യേകിച്ചും പ്രാഞ്ചിയേട്ടൻ പോലൊരു പടം അദ്ദേഹത്തിൽ നിന്നും പുറത്തു വന്നതിനു ശേഷം) ഒരു നടനിൽ നിന്നും പ്രതീക്ഷിക്കേണ്ട പക്വമായ അഭിനയവും ആത്മാർത്ഥതയും ഒട്ടും കുറയാതെ നൽകാൻ പ്രിത്ഥ്വിരാജിൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അഭിനന്ദിക്കുക തന്നെ വേണം.

  നടന്മാരെ നോക്കാതെ ഏത് ചിത്രമായാലും അത് നല്ലതാണെങ്കിൽ പ്രോത്സാഹിപ്പിക്കുകയാൺ ഒരു നല്ല പ്രേക്ഷകൻ ചെയ്യേണ്ടത്.

  ReplyDelete
 8. സിനിമ എനിക്കും ഇഷ്ട്ടപ്പെട്ടു. QCinemas ല്‍ നിന്നാണ് കണ്ടത്‌. പൈസ മുതലായി എന്ന് പറയാം. പ്രിത്വിയുടെ ഏറ്റവും മികച്ച റോള്‍. പ്രിഥ്വി വിരോധികളായ സദ്ഗുണസമ്പന്നന്‍മാര്‍ തീയേറ്ററില്‍ ഉണ്ടായിരുന്നത് കൊണ്ട് കൂവല്‍ തൊഴിലാളികളുടെ ക്ഷാമം ഉണ്ടായിരുന്നില്ല .

  ReplyDelete
 9. നായകന്‍ സംസാരിക്കുന്നത് കോഴിക്കോടന്‍ ഭാഷയാണ്‌. ഞാനൊക്കെ സംസാരിക്കുമ്പോള്‍ ഏറിയ പങ്കും കടന്നു വരുന്ന പല പ്രയോഗങ്ങളും , വീട്ടില്‍ പലപ്പോഴും ഉപയോഗിക്കുന്ന പല പദങ്ങളും സിനിമയില്‍ വരുന്നുണ്ട്. തൃശൂര്‍ ഭാഷയുടെ നീട്ടല്‍ ഒന്നും ഇല്ല.

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

  ശരി തന്നെ! ഭാഷ കോഴിക്കോട്ടുകാരുടേതാണ്‌ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. [അല്ലെങ്കില്‍ തന്നെ കോഴിക്കോട് നടക്കുന്ന കഥയില്‍ തൃശൂര്‍ ഭാഷ സംസാരിപ്പിക്കുന്നതെന്തിന്!] പ്രശ്നം അപ്പോഴും വാലിഡാണെന്ന് കരുതുന്നു. നായകന്‍ മാത്രമൊരു വീട്ടില്‍ ആ ഭാഷ സംസാരിക്കുമോ?

  മുന്‍പെഴുതിയപ്പോള്‍ വിട്ടുപോയ ഒരു പോയിന്റ് കൂടി ചേര്‍ത്തിട്ടുണ്ട്: "അതുപോലെ തന്നെ പെട്ടെന്നു കയറിവരുന്ന ഒരാളോട് ജയപ്രകാശിന്റെ അളിയന്‍ വിസ്തരിച്ച് ജെ.പി.-യുടെ ജീവചരിത്രം, നല്ലതും കെട്ടതുമെല്ലാമുള്‍പ്പടെ, വിളമ്പുന്നതിലുമുണ്ട് അസ്വാഭാവികത."
  --

  ReplyDelete
 11. വളരെപ്പെട്ടെന്ന് ഒരു വിലയിരുത്തല്‍! നന്നായി.
  കള്ളപ്പണക്കാര്‍ ഇപ്പോള്‍ ചുവരിലെ ചിത്രത്തിനടിയില്‍ പണം സൂക്ഷിക്കരുതെന്നുണ്ടോ ഹരീ? ഹരിയുടെ കാഴ്ചപ്പാടില്‍ മാത്രമുള്ളതല്ലല്ലൊ ജീവിതം. സ്വിസ്‌ബാങ്കില്‍ അക്കൌണ്ടില്ലാത്തവര്‍ ഇങ്ങനെയൊക്കെ തന്നെയാകും പണം സൂക്ഷിക്കുക.(അല്ലെങ്കില്‍ പിന്നെങ്ങനെ?)

  മറ്റുദേശത്തുനിന്നുള്ളവരോട് സംസാരിക്കുമ്പോള്‍ പൊതുവെ ആള്‍ക്കാര്‍ അവരുടെ പ്രാദേശികഭാഷ ഒഴിവാക്കി അച്ചടിഭാഷ ശ്രമിക്കാറുണ്ട്.
  (“പ്രാഞ്ചിയേട്ടന്റെ” നിരൂപണത്തില്‍ പുണ്യാളന്റെ തലയെക്കുറിച്ചും ഇത്തരത്തില്‍ ധാരണയില്ലാത്ത വിലയിരുത്തല്‍ വന്നിട്ടുണ്ട്.

  ReplyDelete
 12. റിവ്യൂവിനു നന്ദി. അടുത്ത ആഴ്ചയെ കാണാന്‍ പറ്റൂ... കണ്ടിട്ടു അഭിപ്രായം പറയാട്ടൊ...

  സസ്നേഹം
  സലില്‍ ദൃശ്യന്‍

  ReplyDelete
 13. "കഷ്ടിച്ചൊരു മുപ്പതു രൂപപോലുമുണ്ടോ നിന്റെ കൈയ്യിലെന്ന് നായകന്റെ അമ്മ നായകനോട് ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്; എന്നാലത്രയ്‍ക്കൊരു ദാരിദ്ര്യമൊന്നും നായകന്റെ വീട്ടില്‍ കാണുവാനില്ല."

  വീട്ടില്‍ ദാരിദ്രം ഇല്ലെങ്കിലും ആ വീട്ടില്‍ ഉള്ള ഒരാളുടെ കയ്യില്‍ ചിലപ്പോള്‍ ഒരു രൂപ പോലും ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.
  അത് കൊണ്ട് അങ്ങനെ പറയുന്നതില്‍ കഴമ്പില്ല.. മലയാള സിനിമ സൂപ്പര്‍ സ്ടരുകളെ ഉണ്ടാക്കാതെ നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു..

  ReplyDelete
 14. നല്ല പടം.. രഞ്ജിത്ത് നിരാശപെടുതിയില്ല..സമകാലിക വിഷയങ്ങളും വിമര്‍ശനങ്ങളും രഞ്ജിത്ത് രസകരമായി അവതരിപ്പിക്കുന്നു...പ്രിത്വിയും തിലകനും ടിനിടോമും കലക്കി.. ഒരു ഗാനരംഗ ചിത്രീകരണം മാത്രം കല്ലുകടിയായി..(ഡോക്ടര്സ് മീറ്റിനു നായകന്‍ പാടുന്നത്)

  ReplyDelete
 15. ഇവിടെ സഹൃദയന്‍ പറഞ്ഞ പോയിന്റ് വാലിഡ്‌ ആണ്... നമ്മുടെ ഇടയില്‍ തന്നെ എത്ര പേരുണ്ട് അങ്ങനെ...വീട്ടില്‍ കഞ്ഞി വെച്ചു കഴിയാനുള്ള ആസ്തി ഉണ്ടെങ്കിലും ഒരു മുപ്പതു രൂപ തികച്ചു എടുക്കാനുണ്ടാവില്ല എന്നത് സത്യം. അങ്ങനെ പലരെയും എനിക്ക് അറിയാം.
  കല്ലുകടികള്‍ ഒരുപാടുണ്ട് . പ്രത്യേകിച്ച് പ്രാഞ്ചിയേട്ടനേക്കാള്‍ അധികമായി തന്നെ. പ്രാഞ്ചിയേട്ടന്‍ കഴിഞ്ഞു വരുന്ന സിനിമയാവുമ്പോള്‍ അല്‍പ്പം കൂടി പെര്‍ഫെക്ഷന്‍ ആരും പ്രതീക്ഷിക്കും . അതിവിടെ തീരെ ഇല്ല. രഞ്ജിത്തിന്റെ എഴുത്ത് തന്നെ മതി ഈയൊരു സിനിമയെ വാണിജ്യപരമായി ഒരു വിജയത്തിലെത്തിക്കാന്‍ എന്നിട്ട് പിന്നെയും കച്ചവടപരമായ നീക്കുപോക്കുകള്‍ സിനിമയില്‍ കാണുമ്പോള്‍ അത് കല്ലുകടി തെന്നയാണ്. രഞ്ജിത്ത് സിനിമയായതുകൊണ്ടാവും രാത്രിയിലെ എല്ലാ ഷോയും ഹൌസ് ഫുള്‍ ആയിരുന്നു. ഒരു തീയേറ്ററില്‍ ഒന്നര മണിക്കൂര്‍ ക്യൂ നിന്ന് ടിക്കറ്റ്‌ കിട്ടാണ്ടേ അടുത്ത തീയേറ്ററില്‍ പോയി മൂന്നു മണിക്കൂറ് കാത്തു നിന്നാണ് സിനിമ കണ്ടത്‌!!!. നിറഞ്ഞ കയ്യടികള്‍ കണക്കിലെടുക്കാമെങ്കില്‍ സിനിമ ഹിറ്റാവും. എന്തായാലും മലയാള സിനിമയുടെ 2011 ഉഷാര്‍. അഞ്ചു നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. :)

  ReplyDelete
 16. സിനിമയില്‍ നിന്നും മനസിലാവുന്നത്; നായകന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ്‌ കുടുംബം നില്‍ക്കുന്നത്, നായകനാവട്ടെ കാര്യമായ വരുമാനമൊന്നും സി.എച്ചുമായി ചേര്‍ന്ന് ഉണ്ടാക്കുവാനും കഴിയുന്നില്ല. വളരെ പരിതാപകരമായ അവസ്ഥയാണ്‌ ഇവരുടെ ഓഫീസിന്റേത്. എന്നാല്‍ വീടോ, പെയിന്റും വാര്‍ണീഷുമൊക്കെ അടിച്ച് പുതുപുത്തന്‍ പോലെയും! ഈയൊരു വൈരുദ്ധ്യമാണ്‌ കലാസംവിധായകന്‍ കുറച്ചു കൂടി വീടിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്നു പറയുവാന്‍ കാരണം. [അതല്ലാതെ ദാരിദ്ര്യമില്ലാത്ത ഒരാളുടെ കൈയ്യില്‍ 30 രൂപ എടുക്കാനില്ല എന്നു പറഞ്ഞു എന്നതായിരുന്നില്ല അവിടെ പറയുവാന്‍ ഉദ്ദേശിച്ച പോയിന്റ്.]

  ആ വരികള്‍ അല്‍പം ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട് എന്നു തോന്നുന്നു. അതിനാല്‍ ഇങ്ങിനെ മാറ്റിയെഴുതി: എന്നാലത്രയ്‍ക്കൊരു ദാരിദ്ര്യമൊന്നും നായകന്റെ വീട്ടില്‍ കെട്ടിലും മട്ടിലുമൊന്നും കാണുവാനില്ല. നായകന്റെയല്ലാതെ മറ്റൊരു വരുമാനവും ആ വീട്ടിലേക്ക് വരുന്നുണ്ടെന്നും പറയുന്നില്ല. അങ്ങിനെ നോക്കുമ്പോള്‍ കലാസംവിധായകനായ സന്തോഷ് രാമന്‌ കുറച്ചു കൂടി ശ്രദ്ധിച്ച് നായകന്റെ വീട് ഒരുക്കാമായിരുന്നു.
  കടുപ്പിച്ച ഭാഗം പുതുതായി ചേര്‍ത്തത്.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
  --

  ReplyDelete
 17. നായകന്റെ കൈയ്യില് പൈസ എടുക്കാനില്ല എന്നുള്ളത് ഒരു സാമാന്യതത്വമായേ കാണേണ്ടതുള്ളൂ. നമ്മളില് പലരും പുറമെ അണിഞ്ഞൊരുങ്ങിയാലും പണമില്ലാത്ത സന്ദര്ഭങ്ങള് ധാരാളമായുണ്ടായിട്ടുണ്ട്. ആ ചോദ്യം ഒരു സാമാന്യചോദ്യം എന്നു മാത്രമേ ഉദ്ദേശിക്കേണ്ടതുള്ളൂ.
  പിന്നെ കോഴിക്കോടന് ഡയലോഗ്.... ചിത്രം ഫുള് കോഴിക്കോടന് ഡയലോഗ് പറഞ്ഞാല് കേരളത്തിലെ മറ്റുള്ളവര്ക്ക് മനസ്സിലാക്കാന് പ്രയാസമാണ്. ചിത്രത്തിന്റെ വാണിജ്യപരമായ വിജയത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്തു വന്നാലും കൈയ്യിലെ പണം പോകാനായി ഇവിടത്തെ പ്രൊഡ്യൂസര്മാര് ശ്രമിക്കുമോ മാത്രവുമല്ല ഇത്തരം ചിത്രങ്ങള് വിജയിക്കേണ്ടത് ആവശ്യമാണ്.
  ചെറിയ ചെറിയ അസ്വാഭാവികതകള് ചിത്രത്തിലുണ്ട്. ഗാനങ്ങള് ഒഴിവാക്കാമായിരുന്നു. എന്നിരുന്നാലം സബ്ജക്ട് കഥയായി പറയുന്നതില് രഞ്ജിത് വളരെയേറെ മികവ് പുലര്ത്തിയിരിക്കുന്നു.

  ReplyDelete
 18. നായകന്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍ എന്ന നിലയില്‍, സാധാരണക്കാരുമായി കൂടുതല്‍ ബന്ധപെടുന്നത് മൂലം സ്വന്തം വീട്ടിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കോഴിക്കോടന്‍ ശൈലിയില്‍ സംസാരിക്കുന്നതു യുക്തിഭദ്രം തന്നെയാണ്. മാതാപിതാക്കള്‍ കോട്ടയംകാരാണെങ്കിലും, ഞാന്‍ ജനിച്ചത്‌ കൊച്ചിയില്‍, അമ്പതു കൊല്ലത്തോളമായി കൊച്ചിയില്‍ ആയിട്ട്, സുഹൃത്തുക്കള്‍ ഏറെയും തനി കൊച്ചിക്കാര്‍, എന്നാല്‍ എന്റെ വീട്ടുകാര്‍ കോട്ടയം ഭാഷയിലും, ഞാന്‍ അല്പം കൊച്ചി ശൈലി കലര്‍ന്ന ഭാഷയിലും ആണ് സംസാരിക്കുന്നത്.

  ReplyDelete
 19. ചിത്രം ശരാശരിയാണ്.ഇവിടെ കേട്ടിഘോഷികുന്ന പലതും ചിത്രത്തിനില്ല .അടുത്ത കാലത്ത് വേറെ നല്ല ചിത്രങ്ങള്‍ ഒന്നും ഇല്ലാത്തതാകും അതിന്റെ കാരണം .രാജുമോന്റെ കോഴിക്കോടന്‍ ഭാഷ തീരെ പോര .തിലകനെ പകുതിക്ക് ശേഷം എന്ത് ചെയ്യണമെന്നു അറിയാതെ രഞ്ജിത്ത് വിഷമിക്കുന്നത് കാണാമായിരുന്നു .രഞ്ജിത്തിനെ റേഞ്ച് വളരെ കുറവാണു .ഡയലോഗ് ഒരു കുറവുമില്ല ,രാജുമോനെ പോലെതന്നെ .മുമ്പ് ഒരു അവാര്‍ഡ്‌ കൊടുക്കാത്തതിന്റെ പേരില്‍ kg ജോര്‍ജ് ഇനെ കുറെ ചീത്ത പറഞു,.യവനികയും ഇരകളും പോലുള്ള ചിത്രം എടുക്കാന്‍ രഞ്ജിത്ത് രണ്ടാമതും ജനിക്കണം .കലമുല്യമുള്ള average എന്ന് പറയാവുന്ന ചിത്രങ്ങള്‍ മാത്രമേ രഞ്ജിത്ത് ചെയ്തിടുള്ള്.outstanding എന്ന് പറയാവുന്ന ഒന്നും അയാളുടെ ക്രെഡിറ്റ്‌ ഇല ഇല്ല .വിനയനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി തിലകനെ വിലക്കുന്നതിലെ പ്രധാന കളിക്കാരന്‍ രഞ്ജിത്ത് ആയിരുന്നു .ആ മനസാക്ഷി കുത്ത് കാരണമാകും മൂപര് നല്ലൊരു റോള്‍ കൊടുത്തത് .ഇത്രയും പറയാന്‍ കാരണം രഞ്ജിത്തിന്റെ ഗുണഗണങ്ങള്‍ പലരും വാഴ്ത്തിയത് കണ്ടാണ്‌

  ReplyDelete
 20. എവിടെ പലരും പ്രഞ്ചിയെട്ടനെ ഒരു ലോക ക്ലാസ്സിക്‌ തന്നെ ആക്കിയിട്ടുണ്ട് .അവരോടു സഹതപിക്കാനേ കഴിയൂ .പലേരി മാണിക്യത്തിന്റെ തിരക്കഥ യുടെ ക്രാഫ്റ്റ് എനികിഷ്ടപെട്ടു .പക്ഷെ ചിത്രം gp രാമചന്ദ്രന്‍ പറയുന്ന പോലെ മണ്ണിനും പെണ്ണിനും മുസ്ലിംകള്‍ കേതിരെയുള്ള ഒരു ചിത്രമായി മാറി ."അലിഗറില്‍ പഠിച്ച ഒരു മുസ്ലിം എത്ര അപകട കാരിയനെന്നു ചിത്രം നമുക്ക് മനസിലാക്കി തന്നു ".(gp രാമചന്ദ്രന്‍ ).ടി പി രാജീവനെ പോലെയുള്ളവര്‍ കാലിക്കറ്റ്‌ university ഇല ഉള്ളിടതോലും university ഗുണം പിടിക്കില്ല .അവിടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ചെയ്യുന്ന ദ്രോഹം പോരന്നാണ് മൂപ്പര്‍ മാതൃഭുമിയില്‍ മനുഷ്യരെ കൊല്ലാന്‍ നോവല്‍ എഴുതുന്നത്‌ .ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌ എന്നാ നിശ്ചയം മൂപര്‍ക്കുണ്ട് (ആയില്ലേ ബുദ്ധിജീവി ).കുഞ്ഞാലിമരക്കാര്‍ എന്നാ ചിത്രത്തിന് രാജീവന്‍ തിരകഥ എഴുതുന്നുണ്ടാത്രേ ,ജയരാജ്‌ സംവിധാനം എന്നും കേള്‍കുന്നു .എത്രയും പെട്ടെന്ന് നാട് വിടുന്നതാണ് ആരോഗ്യത്തിന് നല്ലത്

  ReplyDelete
 21. "യവനികയും ഇരകളും പോലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ രഞ്ജിത്ത് രണ്ടാമതും ജനിക്കണം"..അത് കല കലക്കന്‍ ! എന്റെ പോന്നു ക്രിഷേ ഇത് മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍മാരുടെ കാലമാ..പലതും കാണേണ്ടതായും, കേള്‍ക്കേണ്ടതായും പിന്നെ വായിച്ചു മരിക്കേണ്ടതായും വരും.

  ReplyDelete
 22. @krish...
  താങ്കളുടെ സിനിമ ആസ്വാദന നിലവാരം ഇവിടെ എങ്ങും ഉള്ളവര്‍ക്ക് ആര്‍ക്കും മനസ്സിലാവില്ല എന്നാ തോന്നുന്നേ...
  താങ്കളുടെ അഭിപ്രായത്തിലെ ഒരു 10 "ക്ലാസിക്" സിനിമയുടെ പേര് ഒന്ന് പറയാമോ....പോയി കാണാന..ഇനി "ക്ലാസ്സിക്‌" വിഭാഗത്തില്‍ 10 എണ്ണം തികഞ്ഞോ എന്നറിയില്ല...

  ReplyDelete
 23. //യവനികയും ഇരകളും പോലുള്ള ചിത്രം എടുക്കാന്‍ രഞ്ജിത്ത് രണ്ടാമതും ജനിക്കണം//

  yavanika and irakal already happened..so wats the point in making movies like that again?

  let ranjith make whatever movies which he feels lyk making....anyways i will go and watch whatever he makes.....(he/his movies hasnt disappointed me in the last 4-5 years)

  ReplyDelete
 24. krish said... "അവിടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ചെയ്യുന്ന ദ്രോഹം പോരന്നാണ് മൂപ്പര്‍ മാതൃഭുമിയില്‍ മനുഷ്യരെ കൊല്ലാന്‍ നോവല്‍ എഴുതുന്നത്‌. ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌ എന്നാ നിശ്ചയം മൂപര്‍ക്കുണ്ട്"
  ടിപി രാജീവനെ താങ്കള്‍ക്ക് മനസ്സിലാകുന്നില്ല എന്നുകരുതി എല്ലാവരേയും ആ ഗണത്തില്‍ പെടുത്തേണ്ട. ഇവിടെ രാജീവനെ മനസ്സിലാക്കുന്ന ധാരാളം പേരുണ്ട്.
  “പലേരിമാണിക്യത്തിലും” ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന “കെ.ടി എന്‍ കോട്ടൂരിലും”
  ദുരൂഹതകാണുന്ന വായനക്കാരോട് എഴുത്തുകാരന് എന്ത് ചെയ്യാന്‍ കഴിയും? നിങ്ങള്‍ക്ക് ഒരു കലാസൃഷ്ടി മനസ്സിലായില്ല എന്നത് കലാകാരന്റെ കുറ്റമാകുന്നതെങ്ങ്നെ?

  താങ്കളുദ്ധരിക്കുന്ന ജി പി രാമചന്ദ്രനെപ്പോലുള്ള നിരൂപകരാണ് മോശം സിനിമയെടുക്കുന്നവരെക്കാള്‍ അപകടകാരികള്‍, എന്തിലും മതത്തിന്റെ കണ്ണടയിലൂടെ വികൃതമായി നോക്കിക്കാണുന്നവര്‍.

  ReplyDelete
 25. @sanal
  കേരള കുറസോവ രഞ്ജിത്ത് തന്നെ തിരകഥ എഴുതിയ ക്ലാസ്സിക്‌ ചിത്രങ്ങള്‍ ഇതാ .നസ്രാണി ,ഉസ്താദ് ,നരസിംഹം ,അമ്മകിളിക്കൂട് ,റോക്ക് ആന്‍ഡ്‌ റോള് ,മിഴി രണ്ടിലും(ദിലീപിന്റെ ഡേറ്റ് കിട്ടിയപ്പോള്‍ ചിത്രം തന്നെ രഞ്ജിത്ത് മാറ്റി ,പാവം ഇന്ദ്രജിത്ത് പെരുവഴിയിലായി ),പ്രജാപതി ,ചന്ദ്രോത്സവം ,രുദ്രാക്ഷം ,.ഇതില്‍ പ്രജാപതിയും ചന്ദ്രോത്സവവും ,റോക്ക് ആന്‍ഡ്‌ രോല്ലും എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ആണ് രഞ്ജിത്ത് ട്രാക്ക് മാറ്റിയത് .

  ReplyDelete
 26. @ak saiber
  താങ്കള്‍ രാജീവന്റെ ആരാധകന്‍ ആണ് എനരിന്നതില്‍ സന്തോഷം .രാജീവന്റെ കവിതകള്‍ എനിക്കും ഇഷ്ടമാണ് .കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത കുത്തി നിറച്ചത് കൊണ്ട് മാത്രം ഒരു നോവല്‍ മികച്ചതാകുമോ? മാതൃഭൂമി മൂപരെ നന്നായി promote ചെയ്യുനുണ്ട് .മുമ്പ് m കൃഷ്ണന്‍ നായര്‍ ചൂണ്ടി കാണിച്ച പോലെ മാതൃഭുമിയില്‍ മാത്രം എഴുതിയിരുന്ന ഒരു വിശ്വ സാഹിത്യ കാരനാണ് ഉണ്ണികൃഷ്ണന്‍ പുതൂര്.പുതൂരിന്റെ നാലാംകിട നോവല്‍ വായിക്കാനായിരുന്നു ഒരു കാലത്ത് വായനകാരന്റെ വിധി .അതിന്റെ ഫലമോ ,വരിക്കാരുടെ എണ്ണത്തിലുള്ള വന്‍ കുറവ് .അത് മാതൃഭൂമി തിരികെ പിടിച്ചത് ബിപാഷയുടെ തുടകള്‍ കൊണ്ടാണ് .ബിപാഷ ,സുസ്മിത ,ജയഭാരതി ,ഷീല ,രതിനിര്‍വേദം ,തകര തുടങ്ങിയവര്‍ മാതൃഭുമിയില്‍ ചുറ്റി കളിച്ചു .ശാരദ കുട്ടി ,ഇന്ദുമേനോന്‍ (ഇവളുടെ കഥകള്‍ വായിച്ചാല്‍ anatomy പുസ്തകം വായികുന്നത് പോലെയാണ് ,പ്രത്യേകിച്ച് reproductive system ,മുഴുവനും ലിംഗം യോനി മുതലായവ വായിച്ചു പ്രേക്ഷകര്‍ കുടുങ്ങും ),മുതലായവര്‍ തകര്‍ത്തു ,circulation പഴയ പടിയായി .രാജീവന്റെ നോവല്‍ വെറും ശരാശരി ആയിട്ടാണ് എനിക്ക് തോന്നിയത് .പിന്നെ gp രാമചന്ദ്രന്‍ ,താങ്കള്‍ അദേഹത്തിന്റെ എന്തെങ്ങിലും വായിച്ചിട്ട് ഡയലോഗ് അടികുന്നതാണ് നല്ലത് .സിനിമയിലെ സവര്‍ണ്ണ പ്രത്യയ ശാസ്ത്രത്തെ എതിര്കുന്നത് കൊണ്ട് പലര്ക്കും അദ്ധേഹത്തെ പിടിക്കാറില്ല .

  ReplyDelete
 27. @nikhil menon
  നാന്‍ യവനികയും ഇരകളും remake ചെയ്യണമെന്നല്ല പറയുന്നത് .രഞ്ജിത്തിനെ ബടായി അത്രയ്ക്കുണ്ട് .ഒരു മുറിമൂക്കന്‍ രാജാവാണ് ബ്ലെസ്സിയും രഞ്ജിത്തും .നേരത്തെ പറയുന്ന പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ള കഴിവൊന്നും ഇവര്കില്ല .വേറെ നല്ല ആരും ഇല്ലാത്തതു കൊണ്ട് ഇവര്‍ കുരസോവമാരായി വിലസുകയാണ് .outstanding എന്ന് പറയാവുന്ന ഒരു ചിത്രവും രഞ്ജിത്ത് ചെയ്തിടില്ല ,ഇനി ചെയ്യുമെന്ന് തോന്നുന്നുമില്ല

  ReplyDelete
 28. താന്നെന്തോ ഭയങ്കര ത്യാഗം ചെയ്ത പോലെയാണ് രഞ്ജിത്ത് നടക്കുന്നത് .വാസ്തവം എന്താണെന്നു വെച്ചാല്‍ മെഗാ ഹിറ്റ്‌ ആകുമെന്ന് കരുതി ചെയ്ത അഞ്ചാറ് പടങ്ങള്‍ എട്ടു നിലയില്‍ പൊട്ടി (പ്രജാപതി ,നസ്രാണി ,കയ്യൊപ്പ് ,ചന്ദ്രോത്സവം ,റോക്ക് ആന്‍ഡ്‌ റോള് .അമ്മകിളികൂട് ,മിഴി രണ്ടിലും തുടങ്ങിയ ചിത്രങ്ങള്‍ ഫ്ലോപ്പേ ആയി .ബ്ലാക്ക്‌ ഒരു average മാത്രമായി .)തന്റെ പഴയ ഗിമിക്കുകള്‍ എല്കുന്നില്ല എന്ന് രണ്ജിതിനു മനസ്സിലായി .അപ്പോഴാണ് ബുദ്ധനു ബോദോധയം വന്ന പോലെ രഞ്ജിത്ത് മഹാ ത്യാഗി ആയി മാറിയത് .മമ്മൂട്ടി അവാര്‍ഡ്‌ കിട്ടും എന്നാ പ്രതീക്ഷയില്‍ ഫ്രീ ആയി അഭിനയിക്കാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ ശുക്രന്‍ തെളിഞ്ഞു.പിന്നെ തുടങ്ങി ഡയലോഗ് .വേറെ നല്ല സിനിമകള്‍ ഇറങ്ങാത്തതും രക്ഷയായി .തന്റെ പ്രഞ്ചിയെട്ടനെ ഒഴിവാക്കി അബുവിന് അവാര്‍ഡ്‌ കിട്ടിയപ്പോഴാണ് രഞ്ജിത്തിന്റെ അല്പത്തരം പിന്നെയും പുറത്തു ചാടിയത്‌ .മമ്മൂട്ടി കാണു അവാര്‍ഡ്‌ കിട്റെണ്ടാതെത്രേ .സലിം കുമാറിന്റെ അഭിനയം പോര പോലും .ഇതേപോലെ kg ജോര്‍ജ് ചെയര്‍മാന്‍ ആയിരികുമ്പോള്‍ അവാര്‍ഡ്‌ കിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നേരെയും കുറച്ചു ചാടി.

  ReplyDelete
 29. @ak saiber
  മലയാളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മാഫിയ പ്രസിദ്ധീകരണമാണ് മാതൃഭൂമി .എങ്ങനെ അകാതിരിക്കും,ചന്ദ്രനും ഗംഗധരനുമല്ലേ നടത്തുന്നത് .സ്വന്തം അച്ഛന്‍ ചേന സ്വാമിയേ സ്വതന്ത്ര സമര സേനാനി ആകകിയവരന് ഇവര്‍ ,പണമുന്ടെങ്ങില്‍ ഇവിടെ ആരെയും എന്തുമാക്കാം .r ഉണ്ണി യുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എഡിറ്റര്‍ കമല്‍ റാം സജീവനെ ഇവര്‍ വിലക്കി (ഉണ്ണി തന്റെ rss connections കുംബസരിച്ചതാണ് പ്രശ്നമായത് ).എന്തിനു c രാധാകൃഷ്ണനെ ഒതുക്കാന്‍ വരെ ഇവര്‍ ശ്രമിച്ചു .നീണ്ട കാലം പത്രാതിപര്‍ ആയിരുന്ന mt കും അതില്‍ പങ്കു ഉണ്ട് .m ലീലാവതി "അപ്പുവിന്റെ അന്വേഷണങ്ങള്‍" എഴുത്തും വരെ c രാധാകൃഷ്ണനെ കണ്ടില്ലെന്നു നടിക്കാനാണ് മാതൃഭൂമി ശ്രമിച്ചത് .ഏത് നിലക്ക് നോക്കിയാലും mt യെക്കാള്‍ മുന്നില്‍ നില്‍കുന്ന ആളാണ് c രാധാകൃഷ്ണന്‍ .mt ഇക്ക് വേണ്ടി മത്രുഭുമിയാണ് കരുക്കള്‍ നീക്കിയത് .ഇപ്പോള്‍ അവര്‍ രാജീവനില്‍ കാണുന്ന ഗുണം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയാണ് .പരമാവതി promote ചെയ്യാന്‍ നോക്കുന്നുണ്ട് .sponsored റിവ്യൂ കളും അഭിമുകങ്ങളും വന്നു കൊണ്ടിരിക്കുകയാണ്

  ReplyDelete
 30. • താന്‍ ചെയ്തു വന്ന ചേരുവകളിലുള്ള ചിത്രങ്ങള്‍ സ്വീകരിക്കപ്പെടാതെ പോയപ്പോള്‍ മറ്റൊരു ചേരുവയിലേക്ക് മാറുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു എന്നത് നിസ്സാരമാണ്‌ എന്നു തോന്നുന്നില്ല. അത്രയെങ്കിലും പ്രതിഭ അദ്ദേഹത്തിനുണ്ട് എന്നു സമ്മതിക്കാതെ തരമില്ല.

  • മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ രഞ്ജിത്താണ്‌ എന്നൊന്നും കണക്കാക്കേണ്ടതില്ല; പക്ഷെ, അടുത്ത കാലത്തിറങ്ങിയവയില്‍ മികച്ച ചിത്രങ്ങളെടുത്താല്‍ അതില്‍ രഞ്ജിത്തിന്റെ ചിത്രങ്ങളുമുണ്ടാവും, അവയില്‍ തന്നെ മിക്കവയും സാമ്പത്തികമായും വിജയിച്ചു. ആ തരത്തില്‍ രഞ്ജിത്തിന്‌ രഞ്ജിത്തിന്റേതായ ഒരു സ്ഥാനം മലയാള സിനിമാലോകത്തില്‍ ഉണ്ട് എന്നു തന്നെ കരുതുന്നു. അത് മറ്റാരുടെയെങ്കിലും മേലെയാണോ താഴെയാണോ എന്നതൊക്കെ അപ്രസക്തം!

  • രഞ്ജിത്തിനെ അര്‍ഹതയില്ലാതെ മാധ്യമങ്ങള്‍ പുകഴ്‍ത്തുന്നുണ്ടെങ്കില്‍‍‍, ഇത്തരം ഇകഴ്‍ത്തലുകള്‍ അതേ നാണയത്തിന്റെ മറുവശമാണെന്നും കാണാം. രണ്ടിനും കാര്യമായ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ല. ഇന്നു തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളില്‍ രഞ്ജിത്തിന്റേത് കൊള്ളാമോ മോശമാണോ; ഇതിലപ്പുറമൊന്നും (രഞ്ജിത്ത് മുറിമൂക്കന്‍ രാജാവാണൊ, രഞ്ജിത്ത് മലയാളത്തിന്റെ കുറസോവയോ തുടങ്ങിയ ചോദ്യങ്ങള്‍) സിനിമകാണുവാനെത്തുന്ന ബഹുഭൂരിപക്ഷത്തിനും വിഷയമാണെന്നു തോന്നുന്നില്ല.

  കമന്റുകള്‍ വായിച്ചു വന്നപ്പോള്‍ തോന്നിയത് കുറിച്ചുവെന്നു മാത്രം. :)
  --

  ReplyDelete
 31. ചര്‍ച്ച ഓടോ ആകുകയാണ്.
  തിരുവനന്തപുരം ടെക്നൊപാര്‍ക്കില്‍ ജോലിചെയ്യുമ്പോള്‍ യേശുദാസ് വിരോധികളായ ചില കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അവരുടെ നിലപാടിനെ ന്യായീകരിക്കാ‍ന്‍ പ്രമുഖരായ ഗസല്‍ ഗായകരെയോ ശാസ്ത്രീയ സംഗീതജ്ഞരെയോ കുറിച്ച് വാതോരാതെ അവര്‍ പറഞ്ഞുകൊണ്ടിരിക്കും. തങ്ങള്‍ വളരെ ഉയര്‍ന്ന ഗാനാസ്വാദകരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. യേശുദാസിന്റെ വ്യക്തി എന്നനിലയിലെ മോശം കാര്യങ്ങളും പറയും. പക്ഷെ ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടത്തതിന്റെ കാരണങ്ങളില്‍ നിന്നവര്‍ ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കും.
  ക്രിഷും അതുതന്നെ ചെയ്യുന്നു.

  എനിക്ക് രാജീവനോട് അരാധനയില്ല. അദ്ദേഹത്തിന്റെ എഴുത്ത് ഇഷ്ടമാണ്. രഞ്ജിത്തിന്റെയും ജോര്‍ജിന്റേയും പല സിനിമകളും ഇഷ്ടമാണ്. രണ്ടുപേരും പൊട്ടപ്പടങ്ങളും എടുത്തിട്ടുണ്ട്. എങ്കിലും എനിക്ക് രണ്ടുപേരോടും ബഹുമാനമാണ്.

  മുന്‍പ് മാതൃഭൂമിയില്‍ Desmond Morrisന്റെ “നഗ്നനാരി“ പരമ്പരയായിവന്നപ്പോള്‍ അതിലെ ഗുഹ്യരോമങ്ങളെക്കുറിച്ചുള്ള അദ്ധ്യായം മാത്രം തെരഞ്ഞുപിടിച്ച് വായിച്ച് വരികയ്ക്ക് വിമര്‍ശിച്ചുകൊണ്ട് കത്തെഴുതിയവരുണ്ട്. അവര്‍ മുടിമുതല്‍ കാല്‍‌വരെയുള്ള മറ്റ് ഭാഗങ്ങളെ വിവരിച്ചത് കണ്ടതേയില്ല.

  മാതൃഭൂമി ആഴ്ചപ്പതിപ്പിനെ സാംസ്കാരിക മാഫിയ എന്നും സി രാധാകൃഷ്ണന്‍ എംടിയെക്കാള്‍ വലിയ എഴുത്തുകാരനെന്നും GP മഹാനായ നിരൂപകനാണെന്നുമൊക്കെ അഭിപ്രയപ്പെടാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ ഗോസിപ്പുകള്‍ വസ്തുതകളാക്കി എഴുതിപ്പിടിപ്പിക്കല്ലേ, ദയവായി....

  ReplyDelete
 32. outstanding എന്ന് പറയാവുന്ന ഒരു ചിത്രവും രഞ്ജിത്ത് ചെയ്തിടില്ല ,ഇനി ചെയ്യുമെന്ന് തോന്നുന്നുമില്ല //

  krish..
  thats yur opinion,but dont think that everyone else will agree with yu in yur views.
  thirakadha,palery,kayoppu,indian rupee..
  dont know whether these are outstanding or not..but i enjoyed all these movies by ranjith.after all i spend 50 rs for a movie ticket just to enjoy a movie in theatre.
  i dont care whether the movie is 'outstanding' or not.if i am satisfied with the movie,i am happy.
  thats it....

  ReplyDelete
 33. പടം കണ്ടില്ല, പോസ്റ്റും വായിച്ചില്ല. കൃഷിന്റെ കമന്റുകളിൽ കണ്ണുടക്കി. ഏറെക്കാലം കൂടി ഇവിടെയൊന്നു വന്നതു വെറുതെയായില്ല.

  കൃഷിന്റെ കമന്റുകളോട് ഏറെക്കുറെ യോജിക്കുന്നു. രഞ്ജിത്ത് കെ,ജി ജോർജ്ജിനെപ്പോലെ സിനിമയെടുക്കുന്നതിലും എളുപ്പം സന്തോഷ് പണ്ഡിറ്റ് രഞ്ജിത്തിന്മെപ്പോലെ സിനിമയെടുക്കുന്നതായിരിക്കും. From where I look, Ranjith is closer to Santhosh than to George..:)

  ReplyDelete
 34. @krish
  You Have Been Asked to Name 10Classics of Malayalam Cinema... Could You Pls ....??? You escaped From 'sanal's question with some substandard Sarcasm... Dhayavu Cheythu Thankal ah Classic's ethoke anennu njangalku onnu paranju tharu

  ReplyDelete