വയലിന്‍ (Violin)

Published on: 7/02/2011 09:00:00 AM
2010 ജൂലൈയില്‍ പുറത്തിറങ്ങിയ 'അപൂര്‍വരാഗ'ത്തിനു ശേഷം സിബി മലയില്‍, യുവതാരങ്ങളായ ആസിഫ് അലി, നിത്യ മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ്‌ 'വയലിന്‍'. ഇതിനു മുന്‍പ് 'കയ'ത്തിനു വേണ്ടി രചന നിര്‍വ്വഹിച്ച വിജു രാമചന്ദ്രനാണ്‌ 'വയലിനി'ന്റെ രചയിതാവ്. AOPL എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. സംഗീതസാന്ദ്രമായൊരു പ്രണയകഥ പറയുവാനാണ്‌ സംവിധായകന്റെ ശ്രമമെന്നതിനാല്‍, ഇതു രണ്ടും ചിത്രത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ചിത്രത്തിലെ സംഗീതമോ പ്രണയമോ ഒരു ഘട്ടത്തിലും പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്നില്ല എന്നയിടത്ത് 'വയലിന്‍' പരാജയപ്പെടുന്നു.

ആകെത്തുക     : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 4.00 / 10
: 3.00 / 05
: 3.00 / 05
എവിടെയൊക്കെയോ കണ്ടുമറന്ന കുറേ സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ്‌ 'വയലിനി'ന്റെ പ്രമേയം. എന്താണ്‌ തന്റെ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിക്കുന്നത് എന്ന ധാരണയില്ലാതെയുള്ള രചന. പുരുഷവിദ്വേഷിയായ നായിക, സംഗീതത്തിലൂടെ അവളുടെ മനസിലിടം നേടുന്ന നായകന്‍, തമ്മിലുള്ള ചില്ലറ ഉടക്കുകള്‍, ഇവര്‍ക്കിടയില്‍ വരുന്നൊരു വില്ലന്‍, ഒരു ദുരന്തം, പിന്നെ ശുഭാന്ത്യം - പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഈയൊരു ഫോര്‍മ്മാറ്റ് അതേപടി ഈ ചിത്രത്തിലും തുടരുന്നു. രചനയിലുള്ള ഏക മികവെന്ന് പറയാവുന്നത് വിശേഷിച്ചും ഷാജഹാന്റെ സുഹൃത്തായ ജോസെന്ന കഥാപാത്രത്തിന്റെ നര്‍മ്മം നിറയുന്ന ചില സംഭാഷണ ശകലങ്ങളാണ്‌‍. ഈയൊരു ഗുണം മറ്റു പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങളില്‍ കാണുവാനില്ലതാനും. നായകനായ എബിയോ നായികയായ ഏയ്‍ഞ്ചലോ പോലും പ്രേക്ഷകരെ സ്പര്‍ശിക്കാതെ കടന്നു പോവുമ്പോള്‍ മറ്റ് കഥാപാത്രങ്ങളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ? പലയിടത്തും കഥാപാത്രങ്ങളുടെ, വിശേഷിച്ചും ഏയ്ഞ്ചലിന്റെ അതിവൈകാരികമായ പ്രകടനത്തിന്‌ നീതീകരണവുമില്ല. (എബിയുടെ അച്ഛനെക്കാണുമ്പോഴുള്ള ഏയ്ഞ്ചലിന്റെ പ്രകടനം ഒരു ഉദാഹരണം.)

Cast & Crew
Violin
Violin: A film by Sibi Malayil starring Asif Ali, Nithya Menon etc.

Directed by
Sibi Malayil

Produced by
AOPL Entertainment Pvt. Ltd.

Story, Screenplay, Dialogues by
Viju Ramachandran

Starring
Asif Ali, Nithya Menon, Lakshmi Ramakrishnan, Reena Basheer, Vijayaraghavan, Chembil Ashokan, Sreejith Ravi, Abhilash, Anil Murali, Janardanan, Vijay Menon, Nedumudi Venu, Neena Kurup etc.

Cinematography (Camera) by
Manoj Pillai

Editing by
Bijith Bala

Production Design (Art) by
Prasanth Madhav

Effects by
Murukesh

Music by
Bijibal / Anand Raj Anand

Lyrics by
Rafeeq Ahmed

Make-Up by
Ranjith Ambady

Costumes by
Sakhi Thomas

Choreography by
Santhi

Action (Stunts / Thrills) by
Mafia Sasi

Banner
AOPL Entertainment Pvt. Ltd.

യുവനിര അഭിനേതാക്കളില്‍ പ്രതീക്ഷ നല്‍കുന്ന രണ്ടു പേരാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലിയും നിത്യ മേനോനും. പക്ഷെ, ഇവരിരുവരും ഈ ചിത്രത്തില്‍ നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. എബിയുടേയും ഏയ്ഞ്ചലിന്റേയും പ്രണയമോ അവരുടെ സംഗീതത്തോടുള്ള അഭിനിവേശമോ ഒന്നും അനുഭവവേദ്യമാക്കുവാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. വൈകാരിക സന്ദര്‍ഭങ്ങളിലൊക്കെ ഇരുവരുടേയും അഭിനയത്തില്‍ തികഞ്ഞ കൃത്രിമത്വം അനുഭവപ്പെടുകയും ചെയ്യുന്നു. അല്‍പ നേരം മാത്രമേ കാണുവാനുള്ളൂവെങ്കിലും, എബിയുടെ കൂട്ടുകാരനായ ജോസിനെ അവതരിപ്പിച്ച അഭിലാഷാണ്‌ തിയേറ്ററില്‍ കയ്യടി നേടുന്നത്. തനിക്കു കിട്ടിയ സംഭാഷണങ്ങളൊക്കെ തന്മയത്വത്തോടെ പറഞ്ഞ് അഭിനയിക്കുന്നതില്‍ അഭിലാഷ് മിടുക്കു കാട്ടി. നായികയുടെ ആന്റിമാരായി വരുന്ന ലക്ഷ്മി രാമകൃഷ്ണന്‍, റീന ബഷീര്‍ എന്നിവര്‍ തരക്കേടില്ലാതെ പോവുന്നു. വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, നെടുമുടി വേണു എന്നിവരൊക്കെ തങ്ങളുടെ സ്ഥിരം ശൈലിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചേമ്പില്‍ അശോകന്‍, അനില്‍ മുരളി, ശ്രീജിത്ത് രവി, വിജയ് മേനോന്‍, നീന കുറുപ്പ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലുള്ള ഇതര അഭിനേതാക്കള്‍.

ഗംഭീരമെന്നു പറയുവാനില്ലെങ്കിലും മനോജ് പിള്ള ചില സുന്ദരന്‍ ഫ്രയിമുകളൊക്കെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുണ്ട്. ഒരുപക്ഷെ ചിത്രം ഇത്രയുമെങ്കിലും കണ്ടിരിക്കുവാനുള്ള പാകത്തിലാവുന്നതും മനോജ് പിള്ള പകര്‍ത്തിയ ഈ കാഴ്ചകളിലൂടെയാണ്‌ എന്നും പറയാം. ബിജിത്ത് ബാലയുടെ എഡിറ്റിംഗിനും ചിത്രത്തിന്റെ മെല്ലപ്പോക്കില്‍ പങ്കുണ്ട്. രണ്ടു രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനായി പലയിടത്തുമുള്ള ഇഫക്‍ടുകളുടെ വാരിക്കോരിയുള്ള ഉപയോഗവും ചിത്രത്തിന്‌ എത്രത്തോളം ഗുണം ചെയ്തു എന്ന സംശയവുമുണ്ട്. ഏയ്ഞ്ചലിന്റെ വീടിനുള്‍വശം കണ്ടാല്‍ ഉപയോഗത്തിലിരിക്കുന്ന വീടെന്നൊന്നും തോന്നില്ല എന്നൊരു പ്രശ്നം ഒഴിച്ചു നിര്‍ത്തിയാല്‍, പ്രശാന്ത് മാധവിന്റെ കലാസംവിധാനം ചിത്രത്തിനു ചേരുന്നു. രഞ്ജിത്ത് അമ്പാടിയുടെ ചമയം, സഖി തോമസിന്റെ വസ്‍ത്രാലങ്കാരം എന്നിവ മികവു പുലര്‍ത്തുന്നു. അധികം ബഹളമയമാവാതെ ബിജിബാലിന്റെ പശ്ചാത്തലവും മുരുകേശിന്റെ ഇഫക്ടുകളും ചിത്രത്തില്‍ ചേര്‍ന്നു പോവുന്നുണ്ട്.

സംഗീതം അവിഭാജ്യ ഘടകമാവുന്ന ഒരു ചിത്രം എന്ന നിലയ്ക്ക് നോക്കിയാല്‍ ഏറെ മികവൊന്നും ബിജിബാലിന്റെ സംഗീതത്തിന്‌ പറയുവാനില്ല. കൂട്ടത്തില്‍, മെച്ചമെന്നു തോന്നിയ "എന്റെ മോഹങ്ങളെല്ലാം..." എന്ന ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് ബോളിവുഡില്‍ നിന്നുമുള്ള ആനന്ദ് രാജ് ആനന്ദാണെന്നും കാണുന്നു. വിധു പ്രതാപും സിസിലിയും ചേര്‍ന്നാണ്‌ ഈ ഗാനം പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങളില്‍ ഗണേഷ് സുന്ദരത്തിന്റെയും ഗായത്രിയുടേയും ശബ്ദത്തിലുള്ള "ഹിമകണമൊരു..." എന്നീ ഗാനമാണ്‌ ശ്രദ്ധേയമായ മറ്റൊരു ഗാനം. ഗാനരംഗങ്ങളിലുള്ള ശാന്തിയുടെ നൃത്തച്ചുവടുകള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. സംഘട്ടന രംഗങ്ങളൊക്കെ യുക്തിസഹമായി, അമിതമാവാതെ ഒതുക്കത്തില്‍ ചെയ്യുവാന്‍ മാഫിയ ശശിക്കും കഴിഞ്ഞിട്ടുണ്ട്.

പ്രമേയത്തിലും അവതരണത്തിലുമെല്ലാം പുതുമവേണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല എന്ന് ഇതിനോടകം കാണികള്‍ക്ക് മനസിലായിട്ടുണ്ട്. പക്ഷെ, ഇതു രണ്ടില്‍ ഒന്നിലെങ്കിലും പ്രേക്ഷകര്‍ പുതുമ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റുപറയുവാനുണ്ടോ? ഒരു സംഗീത ആല്‍ബത്തിലോ മറ്റോ കാണിക്കുവാന്‍ മാത്രം കാമ്പുള്ള ഒരു പ്രമേയം ഒരു മുഴുനീള ചിത്രമാക്കുമ്പോളത് കാണികളെ മടുപ്പിക്കും എന്നത് സംവിധായകന്‌ അറിയായ്കയാവില്ല. സിബി മലയിലിനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകന്‌ അത്തരത്തില്‍ മടുപ്പില്ലാതെ ഒരു ചിത്രം പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ല എന്നാണെങ്കില്‍, സിനിമ പിടിക്കുക എന്ന സാഹസം ഇനി തുടരാതിരിക്കുകയാവും ഭംഗി. ആസിഫ് അലിയും നിത്യ മേനോനുമൊക്കെ ഉള്‍പ്പെടുന്ന യുവനിര അഭിനേതാക്കളെ ചേര്‍ത്തു തന്നെ തൊട്ടു മുന്‍പു ചെയ്ത 'അപൂര്‍വരാഗത്തി'ലൂടെ സംവിധായകന്‍ രണ്ട് ചുവട് മുന്നോട്ടു പോയെങ്കില്‍, 'വയലിനി'ലൂടെ നാലു ചുവട് പിന്നോട്ടും പോയിട്ടുണ്ട് എന്നു ചുരുക്കത്തില്‍ പറയാം!

തിരുവനന്തപുരം സിറ്റിയില്‍ സിനിമ റിലീസ് ചെയ്തിരിക്കുന്നത് ഈസ്റ്റ് ഫോര്‍ട്ടിലുള്ള ശ്രീപത്മനാഭ തിയേറ്ററിലാണ്‌. മെച്ചപ്പെട്ട ഇരിപ്പിട സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി, അടുത്ത കാലത്ത് പുതുക്കിയ തിരുവനന്തപുരത്തെ ഏക തിയേറ്ററാണ്‌ ശ്രീപത്മനാഭ. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളുള്‍പ്പടെ ഇതര തിയേറ്ററുകളിലൊക്കെ ബാല്‍ക്കണി / ഫസ്റ്റ്ക്ലാസ് ടിക്കറ്റ് ചാര്‍ജ്ജ് 50 / 40 രൂപ നിരക്കുകളിലേക്ക് മാറിയിട്ടും ഇവിടെയത് 40 / 35 രൂപ നിരക്കില്‍ തുടരുന്നു! എന്തുകൊണ്ടാണ്‌ തിയേറ്ററുകാര്‍ ചാര്‍ജ്ജ് കൂട്ടാത്തതെന്ന് വ്യക്തമല്ലെങ്കിലും, അടുത്ത കാലത്തു തന്നെ കൂട്ടേണ്ടി വന്നേക്കാമെങ്കിലും, ഇപ്പോള്‍ കൂട്ടാതിരിക്കുന്നതിന്‌ ഒരു കൈയ്യടി!

5 comments :

 1. നിത്യ മേനോന്‍, ആസിഫ് അലി എന്നിവരെ നായികാനായകന്മാരാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'വയലിനി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #Violin: The film has got love and music, but both fails to touch your heart! Coming soon: bit.ly/cv-reviews
  10 hours ago via web
  --

  ReplyDelete
 2. ഹരീ... സത്യത്തില്‍ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഈ ചിത്രം.. അപൂര്‍വരാഗം കണ്ട പ്രതീക്ഷയിലാണ് പോയത് പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി... പല പഴയ ചിത്രങ്ങളിലും കണ്ട കാര്യങ്ങള്‍ കൂട്ടിയിണക്കിയിരിക്കുന്നു എന്നല്ലാതെ ഒരു പുതുമയും തോന്നിയില്ല... ക്ലൈമാക്സ്‌ രംഗങ്ങളില്‍ ഒക്കെ കാണികള്‍ കൂവുകയായിരുന്നു.. തീര്‍ത്തും നിരാശപ്പെടുത്തി എന്ന് പറയാതിരിക്കാനാവില്ല..

  ReplyDelete
 3. എവിടെയൊക്കെയോ കണ്ടുമറന്ന കുറേ സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ്‌ 'വയലിനി'ന്റെ പ്രമേയം. എന്താണ്‌ തന്റെ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിക്കുന്നത് എന്ന ധാരണയില്ലാതെയുള്ള രചന. പുരുഷവിദ്വേഷിയായ നായിക, സംഗീതത്തിലൂടെ അവളുടെ മനസിലിടം നേടുന്ന നായകന്‍, തമ്മിലുള്ള ചില്ലറ ഉടക്കുകള്‍, ഇവര്‍ക്കിടയില്‍ വരുന്നൊരു വില്ലന്‍, ഒരു ദുരന്തം, പിന്നെ ശുഭാന്ത്യം
  ഇനി ഒന്നും പറയണ്ട ഇത്രയും കേട്ടാല്‍ മതി ബാകി ഞാന്‍ ഊഹിച്ചു പൂരിപ്പിച്ചോളാം

  ReplyDelete
 4. വയലിനിൽ വയലൻസില്ലാല്ലോ അല്ലെ

  ReplyDelete
 5. nayakanum nayikayum "chenda" ishtapedathathu bagyam, allenkil ICu vil oru panjarimelam nadanneene!
  binu arackal

  ReplyDelete