ആദാമിന്റെ മകന്‍ അബു (Adaminte Makan Abu)

Published on: 6/25/2011 10:30:00 AM
Adaminte Makan Abu: A film by Salim Ahamed starring Salim Kumar, Zarina Wahab etc. Film Review by Haree for Chithravishesham.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരു വര്‍ഷം തന്നെ അംഗീകരിക്കപ്പെടുക എന്ന അപൂര്‍വ്വനേട്ടം കൈവരിച്ച ഒരു ചിത്രമായതിനാല്‍ തന്നെ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിന്‌ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. നവാഗതനായ സലിം അഹമ്മദ് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ അബുവിന്റെയും ഐഷയുടേയും കഥ പറയുന്ന ഈ ചിത്രം. അഷ്റഫ് ബേദിയോടൊപ്പം സലിം അഹമ്മദ് ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയാണ്‌. സലിം കുമാര്‍, സറീന വഹാബ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ മണി, നെടുമുടി വേണു തുടങ്ങിയവരൊക്കെ മറ്റു വേഷങ്ങളിലെത്തുന്നു. നിര്‍ദ്ധനരായ രണ്ടു വൃദ്ധദമ്പതികളുടെ ഹജ്ജിനു പോകുവാനുള്ള ശ്രമങ്ങള്‍ എന്ന് ഒറ്റവരിയില്‍ ചിത്രത്തിന്റെ കഥ ചുരുക്കാമെങ്കിലും, ഹൃദയസ്പര്‍ശിയായി ഈയൊരു ചെറുകഥാതന്തു വികസിപ്പിച്ചു പറയുവാന്‍ സലിം അഹമ്മദിനു കഴിഞ്ഞു എന്നതാണ്‌ ചിത്രത്തെ ഇത്രത്തോളം മികച്ചതാക്കുന്നത്.

ആകെത്തുക     : 8.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 8.00 / 10
: 8.00 / 10
: 8.00 / 10
: 4.50 / 05
: 4.50 / 05
വ്യക്തതയുള്ള ഒരു കഥാതന്തു, അതിഭാവുകത്വങ്ങളോ വലിച്ചു നീട്ടലുകളോ ഇല്ലാതെ യാഥാര്‍ത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു സലിം അഹമ്മദ്. ഓരോ സന്ദര്‍ഭത്തിനും ചേരുന്ന സംഭാഷണങ്ങള്‍, ആവശ്യത്തിനു മാത്രം ഉപയോഗിച്ചിരിക്കുന്നതും നന്ന്. ഒരൊറ്റ രംഗത്തിലെത്തുന്ന കഥാപാത്രങ്ങളെ പോലും വ്യക്തമായി വരച്ചിടുവാനും രചയിതാവിനായി. ജാഫര്‍ ഇടുക്കിയുടെ ഫോട്ടോഗ്രാഫര്‍, ശശി കലിംഗയുടെ കബീറെന്ന പോലീസുകാരന്‍, മീന്‍ കച്ചോടക്കാരനായ മൊയ്തീന്‍, എം.ആര്‍. ഗോപകുമാറിന്റെ സുലൈമാന്‍, അബുവിന്റെ സുഹൃത്തായ കുടപ്പണിക്കാരന്‍ തുടങ്ങിയകഥാപാത്രങ്ങളെയൊക്കെ ഈ പറഞ്ഞതിന്‌ ഉദാഹരണമായി എടുത്തു കാട്ടാം. സിനിമ കഴിഞ്ഞാലും അബുവും ഐഷയും ഉസ്‍താദും ജോണ്‍സണും അഷ്‍റഫുമെല്ലാം നമ്മോടൊപ്പം കൂടെപ്പോരുക തന്നെ ചെയ്യും. അത്രത്തോളം സ്വാധീനം കാണികളുടെ മനസിലുണ്ടാക്കുവാന്‍ ഈ കഥാപാത്രങ്ങള്‍ക്കൊക്കെയും കഴിയുന്നുണ്ട്. അഷ്റഫിന്റെ ചില സംഭാഷണങ്ങള്‍, അക്‍ബര്‍ ട്രാവത്സിന്റെ പരസ്യം പോലെ തോന്നിച്ചു എന്നതു മാത്രം ഒരു കുറവായി പറയാം. (പക്ഷെ, അക്ബര്‍ ട്രാവത്സിന്റെ മാനേജര്‍ ആ കമ്പനിയുടെ ഗുണങ്ങളെക്കുറിച്ച് വാചാലനാവുന്നതില്‍ പരാതിക്ക് വകുപ്പില്ല! അത് ഈ ചിത്രത്തില്‍ ഇത്രത്തോളം പ്രകടമാക്കേണ്ടിയിരുന്നോ എന്നൊരു സംശയം തോന്നിയെന്നു മാത്രം.)

നിശബ്ദതയ്ക്കു കൂടി ഇടം നല്‍കിയുള്ള സംഭാഷണങ്ങളിലെ മിതത്വം, ഒച്ചപ്പാടും ബഹളങ്ങളുമില്ലാത്ത അവതരണം, കഥാപാത്രങ്ങള്‍ക്ക് യോജിച്ച രീതിയില്‍ അഭിനേതാക്കളെ കണ്ടെത്തി അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ കൈവരിച്ചിരിക്കുന്ന പൂര്‍ണത, ചിത്രത്തോട് ചേര്‍ന്നു പോവുന്ന പാട്ടുകളുടെ അവസരത്തിനു ചേര്‍ന്ന ഉപയോഗം‍, അതിശയോക്തി കലര്‍ത്താത്ത യുക്തിപൂര്‍വ്വമായ സമീപനം; ഇങ്ങിനെ സംവിധായകനെന്ന നിലയില്‍ സലിം അഹമ്മദ് തികഞ്ഞ പക്വത കാട്ടിയിട്ടുണ്ട് ഇതില്‍. ഒരു നവാഗതന്റെ ചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാതെയാണ്‌ ചിത്രം പുരോഗമിക്കുന്നത്. സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ രംഗങ്ങള്‍ എന്നു തന്നെ പറയാവുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്. മലയാള സിനിമയില്‍ ഒരായിരം തവണയെങ്കിലും കണ്ടുമടുത്ത നാട്ടിന്‍ പുറത്തെ ചായക്കട പോലും ഒട്ടും മുഷിപ്പിക്കാതെ പോവുന്നു എന്നു പറയുമ്പോളറിയാമല്ലോ സലിം അഹമ്മദ് എത്ര നന്നായാണ്‌ തന്റെ കടമ നിര്‍വ്വഹിച്ചതെന്ന്. ഒടുവില്‍; പുതിയൊരു തൈ നട്ടു നനച്ച് അബു നടന്നു നീങ്ങുന്ന ഫ്രയിമില്‍ തന്നെ സിനിമ നിര്‍ത്താമായിരുന്നു എന്നൊരു ആഗ്രഹം മാത്രം സിനിമ തീര്‍ന്നപ്പോള്‍ അവശേഷിച്ചു.

Cast & Crew
Adaminte Makan Abu

Directed by
Salim Ahamed

Produced by
Salim Ahamed, Ashraf Bedi

Story, Screenplay, Dialogues by
Salim Ahamed

Starring
Salim Kumar, Zarina Wahab, Kalabhavan Mani, Mukesh, Suraj Venjarammoodu, Nedumudi Venu, T.S. Raju, Thampi Antony, M.R. Gopakumar, Jaffer Idukki, Sasi Kalinga, etc.

Cinematography (Camera) by
Madhu Ambat

Editing by
Vijay Shankar

Production Design (Art) by
Jyothish Shankar

Background Score by
Isaac Thomas Kottukapally

Sound Design by
Ajith M. George

Music by
Ramesh Narayan

Lyrics by
Rafeeq Ahmed

Make-Up by
Pattanam Rasheed

Costumes by
Rasaque Tirur

Banner
Allens Media

ദേശീയതലത്തിലും സംസ്ഥാനതലത്തിലും സിനിമയോടൊപ്പം തന്നെ മികച്ച നടനെന്ന ഇരട്ടനേട്ടവും കരസ്ഥമാക്കി ഈ ചിത്രത്തിലെ അബുവിലൂടെ സലിം കുമാര്‍. മലയാള സിനിമയില്‍ അടുത്തെങ്ങും ഇത്രത്തോളം ശക്തമായ ഒരു കഥാപാത്രത്തെ ഒരു നടനും അവതരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മദീന കിനാവു കാണുന്ന അബു, അടുത്തിരിക്കുന്നവര്‍ വയറു നിറച്ചുണ്ണുമ്പോള്‍ പരിപ്പുവടയും കട്ടനും കഴിക്കുന്ന അബു, ജോണ്‍സണും മാഷും സുലൈമാനുമൊക്കെ കാട്ടുന്ന സ്നേഹത്തിനു മുന്നില്‍ വിനയാന്വിതനാവുന്ന അബു, തങ്ങളെ വേണ്ടാത്ത മകനെക്കുറിച്ചോര്‍ത്ത് നീറുന്ന അബു, ഒറ്റയ്ക്ക് ഹജ്ജിനു പോകുവാന്‍ കൂട്ടാക്കാത്ത ഐഷയെ ജീവനുതുല്യം സ്നേഹിക്കുന്ന അബു; ഇങ്ങിനെ സലിം കുമാറെന്ന നടനു പകരം ആദാമിന്റെ മകനായ അബുവിനെ മാത്രമേ നാം ചിത്രത്തില്‍ കാണുകയുള്ളൂ. നീണ്ട സംഭാഷണങ്ങളിലൂടെയോ, അതിനാടകീയമായുള്ള വികാരപ്രകടനത്തിലൂടെയോ ഒന്നുമല്ല സലിം കുമാര്‍ ഇത് സാധ്യമാക്കിയിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതുണ്ട്. ഐഷയായെത്തിയ സറീന വഹാബ് വളരെ നന്നായി സലിം കുമാറിന്റെ അബുവിനെ പിന്തുണയ്ക്കുകയും ചെയ്തു. അബുവിന്റെ അത്രയും അവശതയോ വാര്‍ദ്ധക്യമോ ഐഷയില്‍ പ്രകടമായിരുന്നില്ല എന്നത് ഒരു കുറവായല്ല, മികവായാണ്‌ തോന്നിച്ചതും. സുരാജ് വെഞ്ഞാറമ്മൂട് ഇന്നോളം ചെയ്തിട്ടുള്ള കോമാളി വേഷങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തമായി കാണാം ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഹൈദര്‍ എന്ന വേഷം. ഇതര വേഷങ്ങളിലെത്തിയ കലാഭവന്‍ മണി, മുകേഷ്, തമ്പി ആന്റണി, നെടുമുടി വേണു, ടി.എസ്. രാജു, എം.ആര്‍. ഗോപകുമാര്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും ചിത്രത്തില്‍ മികച്ചു നിന്നു.

സംവിധായകന്‍ മനസില്‍ കണ്ടത് ക്യാമറയില്‍ കാണുകയും പകര്‍ത്തുകയും ചെയ്തു എന്ന് മധു അമ്പാട്ടിന്റെ ഛായാഗ്രഹണമികവിനെക്കുറിച്ച് ചുരുക്കത്തില്‍ പറയാം. കഥാപാത്രങ്ങളുടെ ഭാവത്തിനും രംഗത്തിനും യോജിച്ച വെളിച്ചക്രമീകരണങ്ങള്‍, അതിനൊപ്പം മികച്ച ഫ്രയിമുകള്‍; ഒരു നല്ല ദൃശ്യവിരുന്നു കൂടിയായി ഈ ചിത്രത്തെ മാറ്റിയെടുക്കുവാന്‍ മധു അമ്പാട്ടിനു സാധിച്ചു. സിലൂവെറ്റ് (silhouette) സ്വഭാവമുള്ള ദൃശ്യങ്ങള്‍, ചിത്രത്തിനുള്ളില്‍ ഇരുളുകൊണ്ടൊരു ഫ്രയിമുണ്ടാക്കി അതിനുള്ളിലൂടെയുള്ള കാഴ്ചകള്‍; ഈ സങ്കേതങ്ങളൊക്കെ യുക്തമായി ഉപയോഗിച്ചിരിക്കുന്നതും എടുത്തു പറയേണ്ടതായുണ്ട്. (ദേശിയതലത്തില്‍ മികച്ച ഛായാഗ്രാഹകനായി മാറിയിട്ടും, ഇത്ര നല്ലൊരു ശ്രമത്തിന്‌ സംസ്ഥാനതലത്തില്‍ എന്തുകൊണ്ട് അംഗീകാരം നേടിയില്ല എന്നൊരു ചോദ്യവും ഇവിടെയുണ്ട്!) കഥാപാത്രത്തിന്റെ സംഘര്‍ഷം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്ന തരത്തില്‍ ഷോട്ടുകളുടെ തിരഞ്ഞെടുപ്പിലും മധു അമ്പാട്ട് ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഛായാഗ്രാഹകന്‍ അറിഞ്ഞു പകര്‍ത്തിയിരിക്കുന്ന ഈ ദൃശ്യങ്ങളൊക്കെയും വിജയ് ശങ്കര്‍ ഒഴുക്കു നഷ്ടമാവാതെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിനുതകുന്ന കഥാപരിസരങ്ങള്‍ തയ്യാറാക്കിയതില്‍ കലാസംവിധായകനായ ജ്യോതിഷ് ശങ്കറും, അഭിനേതാക്കളെ കഥാപാത്രങ്ങളായി മാറ്റുന്നതില്‍ പട്ടണം റഷീദും (ചമയം), റസാഖ് തിരൂരും (വസ്‍ത്രാലങ്കാരം) പുലര്‍ത്തിയ മികവും എടുത്തു പറയേണ്ടതു തന്നെ.

ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതം രംഗങ്ങള്‍ക്ക് പ്രത്യേകിച്ചൊരു മാനം നല്‍കുന്നു. എല്ലായ്പോളും എന്തെങ്കിലുമിങ്ങിനെ കേള്‍പ്പിക്കുക എന്നല്ലാതെ; ആവശ്യമുള്ളയിടത്ത്, യുക്തമായ ശബ്ദവ്യതിയാനങ്ങളോടെ പശ്ചാത്തലസംഗീതം കലാപരമായി ഉപയോഗിക്കുക എന്ന നിലയ്ക്കാണ്‌ ഐസക് തോമസ് ശ്രദ്ധ നേടുന്നത്. ഐസക് തോമസിന്റെ സംഗീതത്തോടൊപ്പം സ്വാഭാവിക ശബ്ദങ്ങളൊക്കെ ആവശ്യാനുസരണം കൂട്ടിയിണക്കിയുള്ള അജിത്ത് എം. ജോര്‍ജ്ജിന്റെ ശബ്ദസംവിധാനമികവും ഇവിടെ സ്‍മരിക്കേണ്ടതുണ്ട്. റഫീഖ് അഹമ്മദ് എഴുതി രമേഷ് നാരായണന്‍ ഈണമിട്ട ഗാനങ്ങള്‍, ചിത്രത്തോട് നന്നായി ഇണങ്ങി പോവുന്നവയാണെന്നു മാത്രമല്ല, അവയൊക്കെയും ശ്രവണമധുരവുമാണ്‌. ശങ്കര്‍ മഹാദേവനും രമേഷ് നാരായണനും ചേര്‍ന്ന് പാടിയിരിക്കുന്ന "മക്ക, മദീനത്തില്‍... എത്തുവാനല്ലാതെ...", സുജാത ആലപിച്ചിരിക്കുന്ന "മുത്തോലക്കുന്നത്തെ..." എന്നീ ഗാനങ്ങളൊക്കെ സിനിമയുടെ 'മൂഡ്' അതേപടി ഒപ്പിവെച്ചിരിക്കുന്നവ തന്നെ! ഹരിഹരന്റെ ശബ്ദത്തിലുള്ള "കിനാവിന്റെ മിനാരത്തില്‍..." എന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്.

ഹജ്ജ് യാത്രയ്ക്കായി പണം സംഘടിപ്പിക്കുവാനുള്ള അബുവിന്റെ ശ്രമങ്ങള്‍, അതിനു ശേഷം യാത്രയ്ക്ക് മുന്നോടിയായി പൊരുത്തം ചോദിച്ചു കൊണ്ടുള്ള ചിലരുമായുള്ള കൂടിക്കാഴ്ചകള്‍; ഇതിലൂടെയൊക്കെ പറഞ്ഞുവെയ്ക്കുന്ന ചില കാര്യങ്ങള്‍, അതിലേക്ക് കാണികളെ നയിക്കുവാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു എന്നതാണ്‌ സിനിമയുടെ വിജയം. അബുവിന്റെയും ഐഷയുടേയും ഹജ്ജ് യാത്ര സിനിമ തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു വിഷയമേയല്ല, അതിനപ്പുറം നമുക്കേവര്‍ക്കും നഷ്ടമായിക്കൊണ്ടിരിക്കുന്ന ചില മാനുഷിക വശങ്ങള്‍, അവയെ തൊട്ടുണര്‍ത്തിയാണ്‌ ചിത്രം അവസാനിക്കുന്നത്. അതു ചെയ്യുവാനാവട്ടെ ഉപദേശ രൂപത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ചതുമില്ല, ഒടുവില്‍ സാരോപദേശം എഴുതിക്കാട്ടുന്നുമില്ല. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഈ ചിത്രത്തിനു കിട്ടിയ അംഗീകാരം പ്രേക്ഷകരുടെ കൂടെ അംഗീകാരത്തോടെ സാധൂകരിക്കപ്പെടണം എന്നു മാത്രമേ ചിത്രം കണ്ടിറങ്ങുന്നവര്‍ ആഗ്രഹിക്കുവാന്‍ സാധ്യതയുള്ളൂ. ഈ ചിത്രം കഴിവതും തിയേറ്ററില്‍ തന്നെ എല്ലാവരും കാണുവാന്‍ ശ്രമിക്കുക. ഇങ്ങിനെയൊരു നല്ല ചിത്രം മലയാളത്തില്‍ പുറത്തിറക്കിയ സംവിധായകനും, ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍!

 • കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ അബുവിനെ അവതരിപ്പിച്ച് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നെന്ന് കേട്ടു! ഷാരൂഖേ, കരണേ... അതു വേണോ? (അങ്ങിനെയൊന്ന് പ്ലാനില്ല എന്ന് കരണ്‍ തന്നെ പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞിട്ടുമുണ്ട്; ഭാഗ്യം!)
 • സാധാരണ മലയാള സിനിമകള്‍ കാണുമ്പോള്‍, ഇടവേളയില്‍ കാണിക്കുന്ന ട്രൈലറുകള്‍ ആശ്വാസമായാണ്‌ തോന്നാറുള്ളത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഇടയില്‍ 'ചാപ്പാ കുരിശി'ന്റെയും 'വയലിന്റെ'യും മറ്റും ട്രൈലറുകള്‍, അവ വ്യത്യസ്തമായിരുന്നിട്ടു പോലും, ഇടയില്‍ കാണേണ്ടിവന്നത് അലോസരപ്പെടുത്തി.
--

26 comments :

 1. നവാഗതനായ സലിം അഹമ്മദിന്റെ രചന-സംവിധാനത്തില്‍ സലിം കുമാര്‍, സറീന വഹാബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആദാമിന്റെ മകന്‍ അബു'വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #AdaminteMakanAbu: A good film which will touch your heart for sure. DO NOT miss it! #AMA
  13 hours ago via web
  --

  ReplyDelete
 2. കാത്തിരുന്ന ഒരു ചിത്രമാണിത്..നന്ദി ഹരി..

  “കലാഭവന്‍ മണി, സറീന വഹാബ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ മണി, നെടുമുടി വേണു തുടങ്ങിയവരൊക്കെ മറ്റു വേഷങ്ങളിലെത്തുന്നു.“ ഇതിൽ കലാഭവന്‍ മണി 2 തവണ എഴുതിയിരിക്കുന്നു...

  ReplyDelete
 3. നല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ.കൂടുതല്‍ ആളുകള്‍ കാണട്ടെ.സലിം കുമാറിനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 4. സലിം അഹമ്മദിൽ നിന്നും ഇനിയും നല്ല ചിത്രങ്ങൾ ഉണ്ടാവട്ടെ...

  ReplyDelete
 5. ഇനിയും, നല്ല ചിത്രങൾക്ക് റിവ്യൂ എഴുതാൻ ഭാഗ്യമുണ്ടാകട്ടെ..!

  ReplyDelete
 6. കരണ്‍ ജോഹറിനെപ്പറ്റി പറഞ്ഞതിനോട്‌ നേരിയ വിയോജിപ്പ്‌. മൈ നൈം ഇസ്‌ ഖാന്‍ അത്ര മോശം പടമല്ലായിരുന്നു എന്നാണെന്റെ ഓര്‍മ.

  ReplyDelete
 7. ചിത്രം കണ്ടു .ഇഷ്ടപ്പെട്ടു . ആകാശം കാ‍ണിക്കുന്ന സീനുകൾ അത്രഭംഗിയായെന്ന് തോന്നിയില്ല .

  ReplyDelete
 8. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  കരണ്‍ ജോഹറിനെ മോശമായി പറഞ്ഞതല്ല. അദ്ദേഹത്തിന്റെ ശൈലിയുമായി ഒട്ടും ചെര്‍ന്നു പോവാത്ത ഒരു ചിത്രമാണിത്. ഈയൊരു ചിത്രത്തിന്റെ മികവിലേക്ക് എത്തത്തക്കവണ്ണം കരണ്‍ ജോഹറിന്‌ ഷാരൂഖിനെ നായകനാക്കി ഇത് പുനഃസൃഷ്ടിക്കുവാന്‍ കഴിയുമോ എന്നത് സംശയമാണ്‌. മറ്റൊരു രീതിയില്‍ 'മൈ നെയിം ഈസ് ഖാന്‍' ഞാനും ആസ്വദിച്ച ഒരു ചിത്രം തന്നെ.
  --

  ReplyDelete
 9. നല്ല ഒരു സിനിമ.
  പക്ഷെ, സംസാരരീതി അത്ര ഗ്രാമീണമായി തോന്നിയില്ല. പ്രത്യേകിച്ചും സറീന വഹാബിന്റെ.....

  ഇത്തരം നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ...

  ReplyDelete
 10. ഒരു ചെറിയ, നല്ല സിനിമ യാണ് . പക്ഷെ ഒരു Excellent സിനിമയായി തോനിയില്ല.
  ഈ സിനിമയെ കുറിച്ചുള്ള റിവ്യൂ
  സംസ്ഥാന കേന്ദ്ര അവാര്ഡ് കള്ക് മുമ്പ് വന്നിരുന്നു വെങ്കില് ഒരു പക്ഷെ ഇത്രയും
  മികച്ചതാകുമെന്നു തോനുന്നില്ല. സിനെമോടോഗ്രഫി, make up ഇവ exellent ആയി തോന്നി.
  സംഭാഷണങ്ങളിലെ മിതത്വവും നന്ന്.
  അബു വിന്റെ കഥാപാത്രം മികച്ചതകുന്ന തും ഇതുകൊണ്ട് തന്നെ.
  സലിംകുമാര് അബുവായി മാറിയിട്ടുണ്ട്. പക്ഷെ അബുവിന്റെത് സിനിമയില് ഉടനീളം ഒരേ Expression ആണ്.
  ഒരു Challenging റോള് ആണോ? ബ്രിഡ്ജ് എന്ന സിനിമയേക്കാള് മികച്ച ഭാവം (Make up മാറ്റി നിര്ത്തിയാല്) ഇതിലുണ്ടെന്ന് പറയാമോ?
  ഒരു ഗ്രാമത്തിലെ എല്ലാ കഥാപാത്രങ്ങളെയും Noble ആയി ചിത്രീകരിക്കുക എന്നത് അത്ര realistic ആയ രീതി അല്ല.
  ആയിശുമ്മ യുടെ സംഭാഷണങ്ങള് കു മലബാറിലെ മുസ്ലിങ്ങളുടെ സംഭാഷണ രീതിയെ അല്ല എന്നത് ഒരു പിഴവാണ്.
  അബുവിന്റെ ശരീരത്തിന്റെയും പ്രായത്തിന്റെയും അവശത സംഭാഷണത്തിന് ഉണ്ടെന്നു തോനിയില്ല.
  ഹജ്ജ് ചെയ്യുവാന് മറ്റുള്ളവരുടെ സഹായം പോലും വാങ്ങരുത് എന്ന ബോധ്യമുള്ള അബു കയ്യില് കാശില്ലാതെ , അയല്വക്കത് ആരെങ്കിലും കഷ്ടപ്പെടുന്നെങ്കില് കൂടി ഹജ്ജ് ചെയ്യരുത് എന്ന ബേസിക് ആയ കാര്യം മറന്നുപോകുന്നത് ആ കഥാപാത്ര സൃഷ്ടിയുടെ ന്യുനതയാണ്.

  ReplyDelete
 11. Click the link below to read ADAMINTE MAKAN ABU review

  http://mollywoodniroopanam.blogspot.com/2011/06/blog-post_26.html

  ReplyDelete
 12. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

  അവാര്‍ഡുകള്‍ക്ക് മുന്‍പ് വന്നിരുന്നുവെങ്കില്‍ ഇത്രയും മികച്ചതാവുമെന്ന് തോന്നുന്നില്ലെന്നോ! മനസിലായില്ല. അവാര്‍ഡ് നേടിയാലും ഇല്ലെങ്കിലും ചിത്രം ഇതു തന്നെയല്ലേ? ഗ്രാമത്തിലെ എല്ലാ കഥാപാത്രങ്ങളും നന്മയുള്ളവരൊന്നുമല്ല. കുറച്ചു പേര്‍ നന്മയുള്ളവര്‍, കുറച്ചു പേര്‍ ന്യൂട്രല്‍, കുറച്ചു പേര്‍ അസൂയയും കുന്നായ്മയുമൊക്കെ ഉള്ളവര്‍, സുലൈമാനെപ്പോലെ ചില കെട്ടവരും. ഇതിനൊക്കെ പുറമേ ഇവര്‍ക്ക് തണലേകാത്ത മകന്‍ ഒരു അദൃശ്യവില്ലനായി ചിത്രത്തിലുണ്ട്. ഇനി ഇവരെ പിന്നാലെ നടന്ന് ദ്രോഹിക്കുന്ന ഒരു കഥാപാത്രമില്ലായിരുന്നു എന്നതാണോ പരാതിയുടെ കാരണം?

  അയല്‍പക്കത്ത് ആരാണ്‌ കഷ്ടപ്പെടുന്നത്? സുലൈമാനൊക്കെ വീടുമാറി പോയില്ലേ! കയ്യില്‍ കാശില്ലാത്തതുകൊണ്ടല്ലേ ഒടുവില്‍ വേണ്ടെന്നു വെച്ചത്?

  ReplyDelete
 13. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മത വിശ്വാസം കാത്തുസൂക്ഷിക്കുന്ന മത വിശ്വാസിയാണ് അബു. ജോന്സന്റെ കയ്യില്‍നിന്നു പണം വാങ്ങതിരിക്കുന്നത്‌ പോലും
  ആ വിശ്വാസത്തിന്റെ പ്രശ്നം കൊണ്ടാണ്. അങ്ങനെയുള്ള വിശ്വാസി ആദ്യം മനസ്സിലാക്കേണ്ടത് ഹജ്ജ് എന്ന കര്‍മം പണമില്ലാത്തവന്‍ കഷ്ടപ്പെട്ട് ചെയ്യേണ്ട ഒന്നല്ല എന്ന വളരെ ബേസിക് ആയ കാര്യമല്ലേ?
  പിന്നെ പണം ഇല്ലാത്തതുകൊണ്ട് വേണ്ടെന്നു വെക്കുന്നില്ല. അടുത്ത കൊല്ലം പോകാം എന്ന നിയ്യത്ത്‌ എടുക്കുകയാണ്
  ചെയ്യുന്നത്. അബുവിന്റെ ഹജ്ജിനു പോകാനുള്ള കഷ്ടപ്പാട് ഒരു വേദനയായി എനിക്ക് തോനതിരുന്നതും അതുകൊണ്ടാവാം.
  ഇസ്ലാം മതത്തിലെ ബേസിക് ആയ ഈ കാര്യം അറിയുന്ന ആര്‍കും അബുവിന്റെ ഈ ആഗ്രഹം genuine ആയി തോനില്ല
  എന്നെനിക്കു തോനുന്നു. സ്വന്തം സുഹൃത്ത്‌ ബാക്കിയുള്ള സ്ത്രീധനം കൊടുക്കാന്‍ കഷ്ടപ്പെട്ട് പോകുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.അത്തരം കഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ വിശ്വാസപ്രകാരം അയാളെ സഹായിക്കാതെ ഹജ്ജ്നു പോകാന്‍ കഴിയില്ല.(അബു എല്ലാ കാര്യത്തിനും വിശ്വാസം മുറുകെപിടിക്കുന്ന ഒരാളായതുകൊണ്ട് ).
  പതിനഞ്ചു മിനിറ്റില്‍ അന്‍വര്‍ റഷീദ് "ബ്രിഡ്ജ്" എന്ന സിനിമയില്‍ ഉണ്ടാക്കിയ അനുഭവം എനിക്കെന്തുകൊണ്ടോ ഇതുകണ്ടപ്പോള്‍ ഉണ്ടായില്ല.കാരണം ബ്രിഡ്ജ് ലെ കഷ്ടപ്പാട് genuine ആണ് എന്നാണ് എനിക്ക് തോനിയത്. പിന്നെ മലബാറിലെ നാട്ടുഭാഷ ചുരുക്കം ചിലരെ പറയുന്നുള്ളൂ എന്നത് ഒരു പാളിച്ച തന്നെയാണ്. അബുവിലും അയ്സുമ്മയിലും പോലും ആ accent ഇല്ലാതെ പോകുന്നുണ്ട്. ഹരി മലബാര് കാരനാണെങ്കില്‍ അത് ബോധ്യപ്പെടും. ഉസ്താദ് എന്ന കഥാപാത്രത്തിന് പൂര്‍ണതയില്ലെന്നും തോനി . നന്മയില്ലതവരും ചിത്രത്തില്‍ ഉണ്ടെന്നു പറയാം. പക്ഷെ എല്ലാ നന്മകളും ഉള്ള നായകന്‍, നായകനെ സഹായിക്കാനും ഒരുപാട് നന്മയുള്ളവര്‍ - ഇതൊരു ടിപികാല്‍ ഫിലിം രീതിയല്ലേ എന്ന് സംശയം.

  ReplyDelete
 14. ഹജ്ജ് എന്നത് മറ്റ് പലതും പറയുവാനൊരു നിമിത്തം, അത്രയേ തോന്നിയുള്ളൂ. സിനിമയുടെ അവസാനമാവുമ്പോള്‍ ഹജ്ജ് പ്രസക്തമാവുന്നില്ല എന്ന് വിശേഷത്തിലെഴുതിയത് അതിനാലാണ്‌. മലബാറിന്റെ വാമൊഴി ചിത്രത്തില്‍ ശരിയായി വന്നുവോ എന്നു പറയുവാന്‍ മലബാറിലെ മുസ്ലീങ്ങളുടെ സംസാരഭാഷ എനിക്ക് പരിചയമില്ല. എന്നാലത്, ഇവിടെയുള്ള മുസ്ലീങ്ങള്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായി തോന്നി. മൊത്തം നന്മ നിറഞ്ഞവര്‍ എന്നൊന്നും എനിക്ക് തോന്നിയില്ല. പലപ്പോഴും പലരിലേയും നന്മ മാത്രമേ അബു കാണുന്നുള്ളൂ, അതിനാല്‍ അത് പ്രസക്തമാവുന്നു എന്നു മാത്രം.

  "സ്വന്തം സുഹൃത്ത്‌ ബാക്കിയുള്ള സ്ത്രീധനം കൊടുക്കാന്‍ കഷ്ടപ്പെട്ട് പോകുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. അത്തരം കഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ വിശ്വാസപ്രകാരം അയാളെ സഹായിക്കാതെ ഹജ്ജ്നു പോകാന്‍ കഴിയില്ല." - ഇങ്ങിനെ നോക്കിയാല്‍ ആര്‍ക്കാണ്‌ ഹജ്ജ് ചെയ്യുവാന്‍ കഴിയുക? (ഹജ്ജിന്റെ നിയമങ്ങള്‍ പൂര്‍ണമായി അറിയില്ല. അതെവിടെയെങ്കിലും ലഭ്യമാണോ?) കാശില്ലാത്തവന്‍ പോവേണ്ടതില്ല, എന്നാല്‍ അബുവിന്റെയൊരു ആഗ്രഹമായിപ്പോയി അത്. അങ്ങിനെയൊരു ആഗ്രഹം നിവര്‍ത്തിക്കുവാന്‍ ഒരാള്‍ ശ്രമിച്ചാല്‍, അതില്‍ തെറ്റു പറയുവാനുണ്ടോ?

  ReplyDelete
 15. ആരും ഹജ്ജിനു പോകുന്നത് ഇത്തരം കാര്യങ്ങള്‍ നോക്കിയല്ല. പക്ഷെ അബു, മറ്റുള്ളവര്‍ സഹായിചിട്ട്ടും
  ഹജ്ജിനു പോകാതിരിക്കുന്നതിനു വിശ്വാസവുമായി ബന്ധപെട്ട ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാളായതുകൊണ്ട്
  പറഞ്ഞു എന്നേ ഉള്ളൂ. അബുവിന് ഹജ്ജിനു പോകണമെന്ന് ശക്തമായി ആഗ്രഹിക്കാം. അതൊരു തെറ്റല്ല. പക്ഷെ അതിനു
  സാധിക്കാത്തത് ഒരു ട്രാജഡി അല്ല എന്ന് മാത്രം. വടക്കന്‍ മലബാറിലെ നാട്ടു ഭാഷ " പലേരി മാണിക്യം ... സിനിമയില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. മീന്‍കാരന്‍ മൊയ്ദീന്‍ മാത്രമാണ് അനായാസമായി സംസാരിക്കുന്നതായി തോനിയത്. Realistic ആയ സിനിമകളില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് തോനുന്നു.
  ഹരീ, ഈ സിനിമയുമായി Compare ചെയ്യുന്നത് ശരിയാണോ എന്നറിയില്ല - അന്‍വര്‍ റഷീദിന്റെ "ബ്രിഡ്ജ്" ആണോ ഈ സിനിമയാണോ മുകളില്‍ ?
  ഒരു മേക് അപ്പും ഇല്ലാത്ത സലിംകുമാറിന്റെ ബ്രിഡ്ജ് ലെ അഭിനയം എനിക്കിതിനേക്കാള്‍ ഫീല്‍ ചെയ്തിരുന്നു.

  ReplyDelete
 16. സുന്ദരന്‍ ഫ്രെയിമുകളാല്‍ സമ്പന്നമായ ഒരു നന്മ നിറഞ്ഞ കൊച്ചു ചിത്രം എന്ന് പറയാം. അതില്‍ കവിഞ്ഞത് സിനിമ വളരെ നന്നായി എന്നൊരു അഭിപ്രായം ഇല്ല. പല കാര്യങ്ങളിലും rafeeqpc യുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഒപ്പം സലിം കുമാറിന്റെ ഏറ്റവും നല്ല അഭിനയം എന്ന് എനിക്കും തോന്നുന്നത് ബ്രിഡ്ജ് എന്ന സിനിമയിലെത് തന്നെയാണ് . ഈ സിനിമയിലെ സൌണ്ട് മോഡുലേഷന്‍ മുതല്‍ ഇരിപ്പും നടപ്പും വരെ സ്ഥിരതയില്ലായ്മയുള്ളതായി തോന്നി . എങ്കിലും സിനിമ കാണാത്തവര്‍ തീര്‍ച്ചയായും കാണേണ്ടതുണ്ട് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം :)

  ReplyDelete
 17. അബുവിനും ഐഷയ്ക്കും ഹജ്ജിനു പോകുവാന്‍ കഴിയാത്തത് ഒരു ട്രാജഡിയെന്ന നിലയില്‍ ആരും കാണുമെന്ന് തോന്നുന്നില്ല. വിശ്വാസത്തിന്റെ പ്രശ്നമാകയാല്‍, കൂട്ടുകാരനെ സഹായിച്ച് ഹജ്ജിന്‌ പോവാതിരിക്കണോ എന്നതൊക്കെ അബുവിന്റെ വിശ്വാസത്തിന്‌ അനുസരിച്ച് ചെയ്യാമല്ലോ?

  പത്ത് / പതിനഞ്ച് മിനിറ്റില്‍, ശരീരഭാഷയിലൊന്നും വ്യതിയാനം വേണ്ടിവരാത്ത 'ബ്രിഡ്ജ്' എന്ന ഹൃസ്വചിത്രത്തില്‍ അഭിനയിക്കുവാനുള്ള അധ്വാനം മതിയാവില്ലല്ലോ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷത്തെ, അതും പ്രായക്കൂടുതലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍! ഇരുപ്പിലും നടപ്പിലുമൊന്നും ആ ശരീരഭാഷയില്‍ അസ്ഥിരത ഉള്ളതായി തോന്നിയുമില്ല. ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അബു ഒരുപടി മുകളില്‍ തന്നെ എന്നു കരുതുന്നു.

  ReplyDelete
 18. അഭിനന്ദനങ്ങള്‍

  ReplyDelete
 19. റഫീഖിന്റെ അഭിപ്രായങ്ങള്‍ ശരിയല്ല .എന്റെ അറിവ് വച്ച് അയല്‍പക്കത്തെ കഷ്ടപാട് മുഴുവന്‍ മാറ്റി മാത്രമേ ഹജ്ജു ചെയ്യാകൂ എന്നാ നിയമമൊന്നുമില്ല .എങ്കില്‍ പിന്നെ ആരും ഹജ്ജ് ചെയ്യുകയുണ്ടാകില്ല .ഇസ്ലാമിന്റെ ഏറ്റവും പ്രധാനപെട്ട ആശയം ആഗോള സാഹോദര്യം ആണ് .മനുഷ്യരെ എല്ലാം സഹോദരന്മാരായി കാണുന്നത് ,അതിനു രാഷ്ട്ര ഭാഷ ,ജാതി അതിരുകള്‍ ഒന്നുമില്ല .അങ്ങനെ നോക്കുമ്പോള്‍ ഒരാള്കും ഹജ്ജ് ചെയ്യാന്‍ കഴിയില്ല ,കഷ്ടപെടുന്നവര്‍ മുസ്ലിംകള്‍ക്കിടയില്‍ തന്നെ ധാരാളമുണ്ട് ,സോമാലിയയിലും മറ്റും ധാരാളം പേര്‍ പട്ടിണി കിടക്കുന്നുണ്ട് .അപ്പോള്‍ അതൊക്കെ മാറ്റി ഹജ് ചെയ്യുക എന്നത് നടക്കില്ല .പിന്നെ ഏതൊരു മുസല്‍മന്റെയും ആഗ്രഹമാണ് ഹജ്ജ് ചെയ്യുക എന്നത് ,സാമ്പത്തികം ഉള്ളവര്‍ക് ഈ കര്‍മം must ആക്കിയിട്ടുണ്ട് .ഭാക്കിയുള്ളവര്‍ ഹജ്ജ് ചെയ്യണ്ട എന്നൊന്നും അതിനു അര്‍ത്ഥമില്ല .ഹജ്ജ് ചെയ്യുക എന്നതിനുപരി പ്രവാചകന്‍ ജീവിച്ചിരുന്ന ഇടം സന്ദര്‍ശിക്കുക എന്നാ വികാരവും ഇതിനു പിന്നിലുണ്ട് (ധാരാളം മുസ്ലിം സുഹൃത്തുകള്‍ എനിക്കുണ്ട് ,അങ്ങനെ മനസ്സിലായതാണ് ).പ്രവാചകന്‍ ജീവിച്ചു മരിച്ച സ്ഥലം സന്ദര്‍ശിക്കുക എന്നത് ഒരു വികാരമായി കൊണ്ട് നടക്കുന്ന ധാരാളം മുസ്ലിം സുഹൃത്തുകള്‍ എന്നിക്കുണ്ട് .അവര്‍ക്കൊക്കെ ഹജ്ജ് ചെയ്യാന്‍ കഴിയാത്തത് വലിയൊരു വേദന ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്നത്.പിന്നെ ചിത്രത്തിന്റെ rating കൂടിപോയി .ചിത്രത്തിനു കിട്ടിയ അവാര്‍ഡുകള്‍ ഹരിയെ ബാധിച്ചിട്ടുണ്ട് .സംസ്ഥാന അവാര്‍ഡ്‌ വൈകിയതിലും ദുരൂഹത ഉണ്ട് .സലിം കുമാര്‍ നല്ല അഭിനേതാവാണ് .പക്ഷെ അദ്ദേഹം അവാര്‍ഡിനായി ചരട് വലികള്‍ നടത്തിയിട്ടുണ്ട് .കോണ്‍ഗ്രസിന്‌ വേണ്ടി പ്രചാരതിനിരങ്ങിയതും മറ്റും അതിന്റെ ഭാഗമാണ് .അദ്ദേഹം കോളേജില്‍ ksu പ്രവര്‍ത്തകന്‍ ആയിരുന്നു എങ്കിലും സിനിമയില്‍ വന്നതിനു ശേഷം പരസ്യമായ നിലപാടൊന്നും എടുത്തിരുന്നില്ല .മുമ്പ് ഷര്‍മിള ടാഗോരെ ജൂറി chairperson ആയിരിക്കുമ്പോള്‍ ആണ് സൈഫിനു national അവാര്‍ഡ്‌ കൊടുത്തത് ,hum tum എന്നാ ചിത്രത്തിലെ ബോറന്‍ അഭിനയത്തിനായിരുന്നു അവാര്‍ഡ്‌ ,പെരുന്തച്ചനിലെ അഭിനയത്തിന് തിലകന് കിട്ടേണ്ടിയിരുന്ന ഭരത് അവാര്‍ഡ്‌ amitabh -എനെ പാട്ടിലാക്കാന്‍ വേണ്ടി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മറിച്ചിരുന്നു.amitabh അന്ന് sp യില്‍ ചേരാന്‍ നില്കുക്കയായിരുന്നു .സാധാരണ സംസ്ഥാന അവാര്‍ഡ്‌ ഇതിനു ഒരു മാസം മുമ്പേ പ്രഖ്യപിക്കെണ്ടാതാണ് .അവാര്‍ഡ്‌ കിട്ടുന്നതിനു മുമ്പാണ് റേറ്റ് ചെയ്യുന്നതെങ്ങില്‍ 6 മാര്‍ക്കെ ഹരി കൊടുക്കൂ .പടം അത്രക്കെ ഉള്ളൂ

  ReplyDelete
 20. ഹരി പറഞ്ഞതില്‍ നിന്ന് തന്നെ തുടങ്ങാം ... ബ്രിഡ്ജ് പരമാവധി ഇരുപതു മിനുറ്റ്(?) ദൈര്‍ഘ്യം ഉള്ള സിനിമ. അതില്‍ നടന്റെ സ്പേസ് വളരെ കുറവും ആണ്. തീര്‍ച്ചയായും ഒന്നോ രണ്ടോ ദിവസങ്ങളില്‍ നടനു സലാം ചൊല്ലി പിരിയാവുന്ന സിനിമ. അതെ സമയം ഇവിടെ സിനിമയുടെ ഷെഡ്യൂള്‍ കൂടുന്നു , ഒപ്പം നടന്റെ സ്പേസും കൂടുതല്‍ ഉണ്ട് . സലിം കുമാര്‍ ആവട്ടെ കോമഡിയില്‍ നിന്നും വേറിട്ട്‌ അങ്ങനെ വേഷങ്ങള്‍ ചെയ്തിട്ടില്ല എന്നിരിക്കെ കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിക്കുന്ന കഥാപാത്രത്തെ കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു . സലിം കുമാറിന്റെ അഭിനയം സിനിമയില്‍ നന്നായിരുന്നു , പക്ഷെ അത് ബ്രിഡ്ജില്‍ കാഴ്ചവെച്ച മികവിന്റെ അടുത്തു വരില്ല. ചില സന്ദര്‍ഭങ്ങളില്‍ അവശതയോടെ സംസാരിച്ചു വരുന്ന കഥാപാത്രം തുടര്‍ന്ന് മറ്റൊരു സീക്വന്‍സില്‍ സാധാരണ ശബ്ദത്തോടെ സംസാരിക്കുന്നത് ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ സിനിമ കാണുമ്പോള്‍ തന്നെ അഭിനേതാവിന്റെ കുറവായാണ് അനുഭവപ്പെട്ടത് . തമാശകള്‍ കാണിക്കുമ്പോള്‍ സലിം കുമാര്‍ കൊണ്ട് വരാറുള്ള സൌണ്ട് മോഡുലേഷന്‍ ഉണ്ട്. ഇത് അറിയാതെയെങ്കിലും സാധാരണ വര്‍ത്തമാനത്തിന്നിടക്ക് ചില സ്ഥലങ്ങളില്‍ വരുന്നുണ്ട് . ഈ കഥാപാത്രം സലിമിന്റെ മികച്ചത് എന്ന് തോന്നിയെങ്കില്‍ കുറച്ചു മാര്‍ക്ക്‌ മേക്കപ്പ് മാനും കൊടുക്കാം . ഇനി ബ്രിഡ്ജില്‍ സലിം അവതരിപ്പിച്ച കഥാപാത്രവും ഇതും തമ്മില്‍ ഹരി പറയുന്ന വ്യത്യാസം അധ്വാനം മാത്രമാണോ ?! ബ്രിഡ്ജില്‍ സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരേ സമയം തന്നെ വിവിധ വൈകാരിക തലങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നായിരുന്നു . അതു അഭിനയിച്ചു പ്രതിഫലി പ്പിക്കുന്നതില്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഇല്ലേ? അതിനെയാണ് അധ്വാനക്കൂടുതല്‍ ആയി എനിക്ക് തോന്നുന്നത് :)

  കൃഷിന്റെ , സിനിമക്ക് റേറ്റിംഗ് കൂടി എന്ന അഭിപ്രായത്തോട്‌ യോജിക്കുന്നു ...

  ReplyDelete
 21. മകന്‍ ഉപേക്ഷിച്ചു എന്ന വിഷമം, ഹജ്ജിനു പോകുവാനുള്ള ആഗ്രഹം, അതിനായുള്ള പണം സ്വരൂപിക്കുവാനുള്ള തത്രപ്പാടുകള്‍‍, മനസിനു ധൈര്യമായിരുന്ന ഉസ്താദിന്റെ മരണം, വിശ്വാസത്തിന്റേതായ പ്രശ്നങ്ങള്‍ - ഇത്തരത്തില്‍ വ്യത്യസ്തമായ വൈകാരിക തലങ്ങള്‍ അബുവിനുമുണ്ട്. 'ബ്രിഡ്‍ജി'ലെ കഥാപാത്രത്തിന്‌ അത്രത്തോളം വൈകാരിക തലങ്ങളൊന്നും വരുന്നില്ല. മാത്രമല്ല ആ കഥാപാത്രത്തിനു വേണ്ടി ശരീരഭാഷയിലൊന്നും മാറ്റം കൊണ്ടുവരേണ്ടതുമില്ല. ശബ്ദവ്യതിയാനവും അവിടെയൊരു പ്രശ്നമാവില്ല. അതൊക്കെ ഈ കഥാപാത്രത്തിന്‌ പ്രശ്നമാവുകയും ചെയ്യും, എന്നാല്‍ അതൊന്നും ഈ കഥാപാത്രത്തെ ബാധിക്കുന്ന തരത്തില്‍ പ്രകടമായതായി എനിക്ക് തോന്നുന്നില്ല. (വയസായവരെല്ലാം ക്ഷീണിച്ച് അവശരായാണോ എല്ലായ്പോഴും സംസാരിക്കുക? പലരും നല്ല വ്യക്തമായി സംസാരിക്കുകയും, സംസാരിച്ചോ സഞ്ചരിച്ചോ ഒക്കെ ക്ഷീണിതനാണെങ്കില്‍ സംസാരത്തില്‍ ക്ഷീണം വരികയും; ഇങ്ങിനെയും കാണാറുണ്ട് - ഈയൊരു രീതിയില്‍ സംസാരത്തിലെ മോഡുലേഷനും കുഴപ്പമുണ്ട് എന്നു തോന്നിയില്ല.) സാങ്കേതികമായും (മേക്കപ്പ് മാന്‍ ഉള്‍പ്പടെ) ചിത്രം മികവു പുലര്‍ത്തുന്നതിനാലാണ്‌ റേറ്റിംഗ് കൂടി നില്‍ക്കുന്നത്. അതിന്‌ അവാര്‍ഡ് ഒരു മാനദണ്ഡമല്ല. (അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച റേറ്റിംഗ് എന്നാണോ ഇവിടെ പറയാറുള്ളത്!) 6 മാര്‍ക്കാണ്‌ ചിത്രത്തിന്‌ അര്‍ഹതപ്പെട്ടതെങ്കില്‍‍, വിഭാഗം തിരിച്ച് എത്രവീതം നല്‍കാം എന്നു കൂടി അറിയുവാന്‍ ആഗ്രഹമുണ്ട്. :)

  ReplyDelete
 22. "മകന്‍ ഉപേക്ഷിച്ചു എന്ന വിഷമം, ഹജ്ജിനു പോകുവാനുള്ള ആഗ്രഹം, അതിനായുള്ള പണം സ്വരൂപിക്കുവാനുള്ള തത്രപ്പാടുകള്‍‍,
  മനസിനു ധൈര്യമായിരുന്ന ഉസ്താദിന്റെ മരണം, വിശ്വാസത്തിന്റേതായ പ്രശ്നങ്ങള്‍....." ഇവിടെയൊക്കെ അബുവിന് ഒരേ expression അല്ലെ?
  അതുതന്നെയല്ലേ ഈ സിനിമ ആവശ്യപ്പെടുന്നുള്ളൂ. പിന്നെ ശരീര ഭാഷ. അതിന്റെ 50% ക്രെഡിറ്റും മേകപ് മാനും കോസ്റ്യൂമര്‍ കും അവകാശപ്പെട്ടതാണ്.
  വൃദ്ധനായ ഒരാളുടെ വേച്ചു വേച്ചു നടത്തം - അത്രയല്ലേ ഈ കഥാപാത്രം ആവശ്യപ്പെടുന്നുള്ളൂ. മേകപ്പും കോസ്ട്യൂമും പെര്‍ഫെക്റ്റ്‌ ആയതുകൊണ്ട് ആകെ മൊത്തം ഒരു
  perfection ഉണ്ടെന്നത് ശരിയാണ്. പക്ഷെ ഈ വേച്ചു വേച്ചു നടത്തം വൃദ്ധരായി അഭിനയിക്കുന്ന എല്ലാവരും ചെയ്യുന്ന അത്ര difficult അല്ലാത്ത ഒരു ബോഡി ലാംഗ്വേജ് ആണ്.
  പക്ഷെ ഇത് പോലും പോസ്റ്റ്‌ ഓഫീസില്‍ പാസ്സ്പോര്ടിനു കാത്തിരിക്കുന്ന സീനില്‍ മറന്നു പോകുന്നതായി തോന്നി.
  കാര്യമായ dilogue modulation ഒന്നും ഇതില്‍ നടത്തിയിട്ടില്ല. മായാവി പോലുള്ള സിനിമകളുമായി compare ചെയ്യുമ്പോള്‍ വെത്യാസം തോനാമെങ്കിലും
  മലബാറിലെ മുസ്ലിം slang ചിലയിടങ്ങളില്‍ ഉപയോഗിക്കുകയും ചിലപ്പോള്‍ ഉപയോഗിക്കതിരിക്കുകയും ആണ് ചെയ്യുന്നത് . അയ്സുമ്മ തീരെ ഉപയോഗിക്കുന്നില്ല.
  വളരെ ക്ലോസെ അപ്പ്‌ ആയ ഇരിട്ടുലുള്ള ഷോട്ട് കളില്‍ ചായഗ്രഹകന്റെ മികവാണ് അബുവിനെ സഹായിക്കുന്നത്.
  @കൃഷ്‌
  ഭൂമിക്കു മുകളില്‍ നിങ്ങളെ പോലൊരു മകനുന്ടെങ്ങില്‍ ഭുമിക്കടിയിലേ നിങ്ങടെ വാപ്പക്കും ഉമ്മാക്കും നൂറു ഹജ്ജു ചെയ്ത പുണ്യം ഉണ്ടാകും…. സലിം കുമാര്‍ മുകേഷിനോട്‌
  പറയുന്നതാണിത്. Basically പുണ്യ പ്രവര്‍ത്തി ചെയ്യുകയ്യാണ് ഹജ്ജ് ചെയ്യുന്നതിനേക്കാള്‍ മഹത്തരം എന്ന് അബു തന്നെ പറഞ്ഞുവെക്കുന്നുണ്ട്. ഇതേപോലെ അയല്‍പക്കത്ത്‌
  ഒരാള്‍ ജീവിക്കാന്‍ ബുദ്ധിമ്ട്ടുന്നെങ്കില്‍ ഹജ്ജിനു പോകുന്നതും ധാര്‍മികമായി ശരിയല്ല. ആരും അങ്ങിനെയൊന്നും നോക്കിയല്ല പോകുന്നത് എന്നത് പരമാര്‍ത്ഥം. പക്ഷെ അബു ,
  അഷ്‌റഫ്‌ ബാക്കി പണം അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടും അത് സ്വീകരിക്കാതെ വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ മുറുകെപിടിക്കുന്ന ഒരാളാണല്ലോ. ശരിക്കും പറഞ്ഞാല്‍
  അബുവിന് ഇന്ത്യ govt . scheme അനുസരിച്ചുള്ള ഹജ്ജിനു പോലും പോകാന്‍ കഴിയില്ല - കാരണം അതും govt subsidy കൊടുത്തല്ലേ കൊണ്ടുപോകുന്നത് (അബുവിന്റെ വാദമനുസരിച്ച് ).

  ReplyDelete
 23. ചാപ്പ കുരിശു ഗോനോരിടുവിന്റെ(amores peroos,babel fame) 21 grams -ഇന്റ കോപ്പി ആണെന്നാണ് കേള്‍ക്കുന്നത്

  ReplyDelete
 24. നല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ...

  ReplyDelete
 25. >>സ്വന്തം സുഹൃത്ത്‌ ബാക്കിയുള്ള സ്ത്രീധനം കൊടുക്കാന്‍ കഷ്ടപ്പെട്ട് പോകുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.അത്തരം കഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ വിശ്വാസപ്രകാരം അയാളെ സഹായിക്കാതെ ഹജ്ജ്നു പോകാന്‍ കഴിയില്ല.<<

  സ്ത്രീധനം എന്ന നിഷിദ്ധമായ സംഗതിയെ സഹായിക്കുന്നത് ഒരിക്കലും ഇസ്ലാമികമല്ല. ഇസ്ലാമിനെ കുറിച്ച് പൂർണ്ണമായി അറിവുള്ള ഒരു പണ്ഡിതനൊന്നുമല്ല പ്രധാന കഥാപാത്രം, ഒരു ശരാശരി മുസ്ലിം

  ReplyDelete