ഡബിള്‍സ് (Doubles)

Published on: 4/17/2011 10:44:00 AM
Doubles: A film by Sohan Seenulal starring Mammootty, Nadia Moidu, Taapsee Pannu etc. Film Review by Haree for Chithravishesham.
റാഫി-മെക്കാര്‍ട്ടിന്റെ സംവിധാനത്തിലുള്ള 'ചൈനാടൗണാ'ണ്‌ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ വിഷു ചിത്രമെങ്കില്‍, നവാഗത സംവിധായകന്‍ സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന 'ഡബിള്‍സാ'ണ്‌ മമ്മൂട്ടിയുടേതായി വിഷുവിന്‌ തിയേറ്ററുകളില്‍. ഏറെക്കാലത്തിനു ശേഷം നദിയ മൊയ്തു ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. പോയവര്‍ഷം നടിയായി അരങ്ങേറ്റം കുറിച്ച്, 'ആടുകള'മെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താപ്‍സി പാനുവാണ്‌ ചിത്രത്തിലെ മറ്റൊരു നായിക‍. 'മേക്കപ്പ് മാനു' ശേഷം സച്ചിയും സേതുവും രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ്‌ റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ. നാരായണദാസ് നിര്‍മ്മിച്ചിരിക്കുന്ന 'ഡബിള്‍സ്'. ഇരട്ടപിറന്ന സഹോദരങ്ങളായി മമ്മൂട്ടിയും നദിയയും, ഈ പറഞ്ഞതു കേള്‍ക്കുമ്പോഴുള്ള കൗതുകം പോലും പടം കാണുമ്പോഴില്ല എന്നതിനാല്‍ നിരാശയും ഡബിളായി കാണികള്‍ക്കു കിട്ടും!

ആകെത്തുക     : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.50 / 10
: 2.50 / 10
: 2.50 / 05
: 1.50 / 05
മലയാള സിനിമയില്‍ അടുത്തീയടെയായി ഉപയോഗിച്ചു വരുന്ന സ്ഥിരം ഫോര്‍മുല തന്നെ സച്ചിയും സേതുവും ഇതിലും ആവര്‍ത്തിക്കുന്നു. അപകട സ്ഥലത്തു നിന്നും അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളെ ഒരാള്‍, പ്രത്യേകിച്ചൊരു കാരണവും വ്യക്തമാക്കാതെ, ഉടനെയെടുത്ത് വീട്ടില്‍ കൊണ്ടുപോയി സ്വന്തം മക്കളോടൊപ്പം വളര്‍ത്തുന്ന സിനിമയുടെ തുടക്കം മുതലുണ്ട് കഥയിലെ യുക്തിയില്ലായ്മ. സഹോദരങ്ങള്‍ തമ്മിലുള്ള അതിഗാഢമായ സ്നേഹബന്ധമൊക്കെ പറച്ചിലിലുണ്ട്, പ്രവര്‍ത്തിയിലത് കാണാനില്ലെന്ന് പോട്ടേ, ഇവരുടെ പല പെരുമാറ്റങ്ങളും ബോധമുള്ളവര്‍ ചെയ്യുന്നതല്ല എന്നതാണ്‌ പരിതാപകരം. പ്രത്യേകിച്ച് ഗൗരി എന്ന കഥാപാത്രത്തിന്‌ എന്തോ മനോരോഗമുണ്ടെന്ന് ആരും സംശയിച്ചു പോവുന്ന പരുവത്തിലാണ്‌. വില്ലന്മാരെക്കുറിച്ചും പരിണാമഗുപ്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഒക്കെ പറഞ്ഞാലത് രസംകൊല്ലിയാവും. അതൊക്കെ കണ്ടു തന്നെ അനുഭവിക്കണം, എഴുതിയാലത് എങ്ങുമെത്തില്ല. ഗിരിയുടേയും ഗൗരിയുടേയും വരുമാനമെന്തെന്ന് സൂചനയൊന്നുമില്ലെങ്കിലും ഇരുവരും നല്ല നിലയിലാണ്‌, പ്രതിഫലമൊന്നും മേടിക്കാതെ റോഡപകടങ്ങളില്‍ പെട്ടവരെയൊക്കെ രക്ഷിക്കുക എന്നതാണ്‌ ഇരുവരുടേയും ജീവിതലക്ഷ്യം. ഇതു കൂടാതെ മറ്റൊരു പുതുമ ചിത്രത്തിനുള്ളത്; ഇവരുടെ അച്ഛനമ്മമാര്‍ മരിച്ചത് ഒരു യഥാര്‍ത്ഥ അപകടത്തിലാണ്‌ എന്നുള്ളതാണ്‌. സാധാരണ അതു കൂടി വില്ലന്റെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ്‌ പതിവ്. എന്തൊരു പുതുമ, അല്ലേ?

Cast & Crew
Doubles

Directed by
Sohan Seenulal

Produced by
K.K. Narayanadas

Story, Screenplay, Dialogues by
Sachi-Sethu

Starring
Mammootty, Nadia Moidu, Taapsee Pannu, Avinash, Y.Gee. Mahendran, Suresh, Anand Raj, Suraj Venjaramoodu, Salim Kumar, Saiju Kurup, Anoop Chandran, Bijukkuttan etc.

Cinematography (Camera) by
P. Sukumar

Editing by
V. Saajan

Production Design (Art) by
Gokul Das

Effects by
Murukesh

Music by
James Vasanth

Lyrics by
Vayalar Sarathchandra Varma

Make-Up by
Ranjith Ambadi

Costumes by
Azeez Palakkad

Choreography by
Dinesh

Action (Stunts / Thrills) by
Anal Arasu, Mafia Sasi

Banner
Reels on Wheels Entertainment

നദിയ മൊയ്തു അവതരിപ്പിച്ച ഗൗരിയുടെ കാര്യം മുകളില്‍ പറഞ്ഞു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹത്തെ കണ്ടാല്‍ അധികം പ്രായം പറയില്ല, എഴുതിക്കൊടുത്ത വരികളൊക്കെ കൃത്യമായി പറയുന്നുമുണ്ട്. ഒരു പക്ഷെ, ഇപ്പോള്‍ പടം കാണുമ്പോള്‍ നദിയ തന്നെ സംശയിക്കുന്നുണ്ടാവാം, ശരിക്കും ഗൗരിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇനി ഗിരിയുടെ കാര്യമെടുത്താല്‍, 'ഇവന്‍ ചെയ്യുന്നതെന്താണെന്ന് ഇവന്‍ അറിയുന്നില്ല' എന്ന മട്ടിലാണ്‌. ഉദ്ദേശിച്ചത് പെങ്ങളോടുള്ള അമിതമായ സ്നേഹം കാരണം എല്ലാത്തിനും വഴങ്ങുന്ന ഒരുവന്‍ എന്നാണെങ്കിലും; മമ്മൂട്ടി അവതരിപ്പിച്ചു വന്നപ്പോളത് ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന 'പെങ്ങളെപ്പേടി' മാത്രമായി! ചിത്രത്തില്‍ കോമഡിക്കായി സുരാജിന്റെയൊരു വക്കീലും സലിം കുമാറിന്റെയൊരു പോലീസുമുണ്ട്, ബാക്കി വായനക്കാര്‍ ഊഹിച്ചു കൊള്ളുക. പക്ഷെ ചിരിപ്പിച്ച് കൊല്ലുന്നത് ഇവരല്ല, ഇതിലെ വില്ലന്മാരാണ്‌. തമിഴില്‍ നിന്നുള്ള ആനന്ദ് രാജും സുരേഷും പിന്നെ അവിനാശുമൊക്കെ ചേരുന്നതാണ്‌ ചിത്രത്തിലെ വില്ലന്മാരുടെ നിര. ഗിരിക്കും ഗൗരിക്കും കൂട്ടിന്‌ അനൂപ് ചന്ദ്രന്‍, സൈജു കുറുപ്, ബിജുക്കുട്ടന്‍ എന്നിവര്‍ അവതരിപ്പുക്കുന്ന കഥാപാത്രങ്ങളുമുണ്ട്. ഇവരുടെ ഇടയിലേക്കെത്തി കഥയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന (ടേണിംഗ് പോയിന്റ് എന്നുദ്ദേശം) സൈറ ഭാനു എന്ന പെണ്‍കുട്ടിയെയാണ്‌ താപ്‍സി പാനു അവതരിപ്പിക്കുന്നത്. കുറേ നേരം ആള്‌ പര്‍ദ്ദയ്ക്കുള്ളിലാണ്‌, പിന്നീട് അതില്‍ നിന്നും പുറത്തു വരുന്നുണ്ട്. തുടര്‍ന്നങ്ങോട്ട് സദാ സമയവും വെട്ടാന്‍ കൊണ്ടുവന്ന മുട്ടനാടിനെ ഓര്‍മ്മിപ്പിക്കുന്ന ദൈന്യതയാണ്‌ മുഖത്ത്!

പി. സുകുമാറിന്റെ ഛായാഗ്രഹണത്തില്‍ കാര്യമായെന്തോ പിണഞ്ഞിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും വെളിച്ചക്കുറവ് നന്നായി അനുഭവപ്പെടുന്നു, രാത്രിദൃശ്യങ്ങളിലാണിത് അധികവും. ഇനി രാത്രിയില്‍ / മൂടലുള്ള ദിവസങ്ങളില്‍ സ്വാഭാവിക വെളിച്ചത്തില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചതാണോ എന്നും സംശയിക്കാം! വി. സാജന്റെ ചിത്രസന്നിവേശവും മുരുകേഷിന്റെ ഇഫക്ടുകളും; ഇത് രണ്ടും ചേരുമ്പോള്‍ മമ്മൂട്ടിയുടെ മുഖം പീസ് പീസായി തെളിയുകയും മുറിഞ്ഞു മാറുകയുമൊക്കെ ചെയ്യുന്നത് കണ്ട് കയ്യടിക്കാം കാണികള്‍ക്ക്. കലാസംവിധായകന്‍ ഗോകുല്‍ ദാസിനോടൊപ്പം രഞ്ജിത് അമ്പാടി ചമയത്തിലും അസീസ് പാലക്കാട് വസ്ത്രാലങ്കാരത്തിലുമുണ്ട്. അപകടങ്ങളില്‍ പെട്ടവരെ രക്ഷിക്കുക എന്ന പണിയൊക്കെ ആയതുകൊണ്ട് ഉദ്വേഗജനകമായ രംഗങ്ങളൊക്കെ ചിത്രത്തില്‍ ആവാമായിരുന്നു. അതിനൊന്നും ശ്രമിച്ചില്ലെന്നത് മാത്രവുമല്ല, പേരിനുള്ള ഒരു രക്ഷപെടുത്തലിനു തന്നെ കാര്യമായ മികവൊന്നും പറയുവാനുമില്ല. അനല്‍ അരശ്, മാഫിയ ശശി എന്നിവരാണ്‌ അതിനുത്തരവാദികള്‍.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി ജയിംസ് വാസന്ത് ഈണമിട്ട പാട്ട് എന്നവകാശപ്പെടുന്ന രണ്ട് സംഭവങ്ങള്‍ ചിത്രത്തിലുണ്ട്. ഇതിലാദ്യത്തേതിന്‌ മലയാളം ഇങ്ങിനെയും പാടാം എന്നറിയുന്നതിന്റെ ഒരു കൗതുകമുണ്ട്. രണ്ടാമത്തെ ഗാനം കിരണ്‍ റാത്തോഡിന്റെ വകയായുള്ള ഐറ്റം ഡാന്‍സിനു പശ്ചാത്തലമാണ്‌. രണ്ടിലുമുണ്ട് ദിനേശിന്റെയും കൂട്ടരുടേയും വക നൃത്തനൃത്യങ്ങള്‍. മെഗാസ്റ്റാറിന്റെ ചുവടുകള്‍ കാത്തിരിക്കുന്ന ആരാധകര്‍ നിരാശപ്പെടും, അതിനുള്ള അവസരം രണ്ട് ഗാനത്തിലും അദ്ദേഹത്തിന്‌ നല്‍കിയിട്ടില്ല!

നവാഗതനായ സോഹന്‍ സീനുലാലിന്‌ എന്തെങ്കിലുമൊക്കെ പഠിക്കുവാന്‍ ഈ ചിത്രം ഉപകാരപ്പെട്ടിട്ടുണ്ടെങ്കില്‍ അത്രയുമായി. അതല്ലാതെ ഒരു കല എന്ന നിലയ്ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലുമൊരു പ്രയോജനം ഇതുകൊണ്ട് ഉണ്ടായെന്നു കരുതുവാനില്ല. ഒരു വ്യവസായമെന്ന നിലയ്ക്ക് കുറേപ്പേര്‍ക്ക് കുറച്ചു ദിവസത്തേക്ക് ജോലി നല്‍കുവാന്‍ കെ.കെ. നാരായണദാസിനു കഴിഞ്ഞു. കൊടുത്ത കാശൊക്കെ ബോക്സ് ഓഫീസില്‍ കിട്ടിയില്ലെങ്കിലും ഇതര മാര്‍ഗങ്ങളില്‍ കിട്ടുമെന്നു കരുതാം. ഏതായാലും നിര്‍മ്മാതാവിന്‌ നഷ്ടമുണ്ടാക്കാതെ നോക്കുക എന്നത് സാധാരണ പ്രേക്ഷകരുടെ ഉത്തരവാദിത്തമായി ഇതുവരെ നിയമം വന്നിട്ടില്ല, അതിനാല്‍ അവര്‍ക്കൊക്കെ രണ്ടാമതൊന്നാലോചിക്കാതെ ഇതോടുന്ന തിയേറ്ററുകള്‍ക്ക് അടുത്തു നിന്നും ഡബിള്‍ ബെല്ലടിച്ച് വണ്ടിവിടാം!

ചിത്രത്തിലെ പ്രധാനവില്ലന്റെയൊരു ഡയലോഗ്, ഒരു സാമ്പിളിന്‌: "അവരെയൊന്നും ചതിക്കണമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷെ, 'ഞങ്ങളെ ചതിക്കൂ...' എന്നും പറഞ്ഞ് മുന്നില്‍ വന്നു നിന്നു തന്നാല്‍ പിന്നെ ഞാനെന്തു ചെയ്യും?" പാവം വില്ലന്‍!
ചിലപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ ആരാധകരെക്കുറിച്ച് ചിന്തിക്കുന്നതും ഇങ്ങിനെ തന്നെയാവാം; "ഞങ്ങളെയൊന്ന് മണ്ടന്മാരാക്കൂ എന്ന് പറഞ്ഞ് തിക്കിത്തിരക്കിയാല്‍ പിന്നെ ഞങ്ങളെന്ത് ചെയ്യും!"
--

29 comments :

 1. നവാഗതനായ സോഹന്‍ സീനുലാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, നദിയ മൊയ്തു, താപ്‍സി പാനു തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഡബിള്‍‍സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹമ്മേ...!!! രക്ഷയില്ല.. അതും പോയിക്കിട്ടി:(

  ReplyDelete
 3. നന്നായി..... നിക്കറ് കീറിയിരിക്കുന്ന ടൈമാ... :)

  ReplyDelete
 4. അപ്പൊ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ തന്ന വിഷുകണി ഉഷാറായി. ഇനി എന്തൊക്കെയാണാവോ അടുത്ത പരിപാടികള്‍ ??

  ReplyDelete
 5. ഞങ്ങളെയൊന്ന് മണ്ടന്മാരാക്കൂ എന്ന് പറഞ്ഞ് തിക്കിത്തിരക്കിയാല്‍ പിന്നെ ഞങ്ങളെന്ത് ചെയ്യും!

  അതു കലക്കി..
  നന്ദി.

  ReplyDelete
 6. പടത്തിന്റെ ഷൂട്ടിങ്ങ് ഫോട്ടോസ് കണ്ടതോടെ തന്നെ കാര്യമായൊന്നും
  കാണില്ലെന്നുറപ്പായിരുന്നു.കൂടാതെ പുതുമകളൊന്നുമില്ലെന്നുറപ്പിക്കുന്ന
  കഥയുടെ വണ്‍ലൈനും..പുതുമുഖങ്ങള്‍ക്കവസരം കൊടുക്കുമ്പോള്‍ മമ്മൂട്ടി
  ഒന്നു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 7. ഛായാഗ്രഹണത്തില്‍ കാര്യമായെന്തോ പിണഞ്ഞിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും വെളിച്ചക്കുറവ് നന്നായി അനുഭവപ്പെടുന്നു,

  സിനിമ കണ്ട നാലു സുഹൃത്തുക്കള്‍ ഇതു തന്നെ പറഞ്ഞു.

  സച്ചി സേതു തന്നെ എഴുതിയ “ലോലിപോപ്പ്” എന്ന സിനിമയുടെ കഥാതന്തുവും അതിലെ സംഭവങ്ങളും തന്നെ ഇതില്‍ ഇന്നും കേട്ടു. ആണോ?!

  എന്തായാലും “ഞങ്ങളെയൊന്ന് മണ്ടന്മാരാക്കൂ എന്ന് പറഞ്ഞ് തിക്കിത്തിരക്കിയാല്‍“ ഇമ്മാതിരി ചിത്രങ്ങള്‍ ഇനിയുമിറങ്ങും. ഇതു മറന്ന് പ്രേക്ഷകന്‍ ഇനിയും കയറും. മൂന്നരത്തരം!!

  ReplyDelete
 8. ചോക്കലേറ്റ് ആണ് സച്ചി സേതു എഴുതിയത്.
  ആ മണ്ടന്‍ പടം ഹിറ്റാക്കിയ പ്രേക്ഷകര്‍ അനുഭവിക്കട്ടെ.
  ആഴചയില്‍ ഓരോ ഫിലിംസാ ഇറങ്ങുന്നത് ഈ ടീമിന്‍റെ
  മേക്കപ്പ് മാന്‍,ഡബിള്‍സ്,ഉടനെ സീനിയേര്‍സ്

  ReplyDelete
 9. ശ്ശെ! അപ്പൊ ആ പ്രതീക്ഷയും???

  ReplyDelete
 10. ആദ്യം ആഗസ്റ്റ്15.. പിന്നെ ദേ ഇതും. മമ്മുട്ടിയുടെ 2011 തുടക്കം ആകെമൊത്തം കൊളമായല്ലോ..

  ReplyDelete
 11. ഹരീ, റിവ്യൂ കൊള്ളാം. അതേയ്, മറ്റു സിനിമയുമായി ബന്ധപ്പെട്ട ബ്ലോഗുകള്‍ കാണിക്കുന്ന ഒരു സംഭവം ഉണ്ടായിരുന്നല്ലോ ചിത്രവിശേഷത്തില്‍. അത് എവിടെ പോയി??

  ReplyDelete
 12. സാധാരണ റിവ്യൂ എഴുതാനായി പല സിനിമകളും ആത്മഹത്യാപരമാണെന്നറിഞ്ഞുകൊണ്ട്‌ കാണാറുണ്ട്‌. ഇത്‌ പക്ഷേ, എനിക്കു വയ്യ. കാണുന്നുമില്ല, റിവ്യൂവുമില്ല... മനസ്സമാധാനമാണ്‌ വലുത്‌ :)

  ReplyDelete
 13. അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)

  പ്രിഥ്വിയും റോമയും ചേട്ടച്ചാരും അനിയത്തിയുമായി അഭിനയിക്കുന്ന പടമല്ലേ 'ലോലിപ്പോപ്പ്'? അതുമായി ബന്ധമൊന്നുമില്ല. അതില്‍ ഒടുവിലവര്‍ യഥാര്‍ത്ഥത്തില്‍ ചേട്ടനും അനിയത്തിയുമല്ല എന്ന ലൈനിലൊക്കെയല്ലേ കാര്യങ്ങളുടെ പോക്ക്. ഇതില്‍ അങ്ങിനെയൊന്നുമില്ല. (അതിന്റെ രചന ബെന്നി പി. നായരമ്പലവും സംവിധാനം ഷാഫിയുമാണ്‌.) 'ചോക്ലേറ്റി'നും ഈ ചിത്രവുമായി ബന്ധമൊന്നുമില്ല.

  മറ്റു സിനിമാ ബ്ലോഗുകളിലെ പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ ഹോം പേജില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഹോം പേജിലെത്തി വലത് വശത്ത് നോക്കിയാല്‍ കാണാം.

  കാണുന്നതിനു മുന്‍പ് രണ്ടുവട്ടം ഞാനും ആലോചിച്ചതാണ്‌. എന്തുചെയ്യാം, ഒടുവിലത് നമ്പൂരിച്ചന്‍ പോത്തിന്റെ കൊമ്പുകള്‍ക്കിടയില്‍ തലവെച്ചമാതിരിയായി. ആ കഥ അറിയാമല്ലോ, അല്ലേ?
  --

  ReplyDelete
 14. ചൈന തന്നെ ഭേദം ​.........

  ReplyDelete
 15. :) Am not going 4 that!  btw, there is a OT: ആകെത്തുക enna sectionte "ആക്ഷന്‍" got mixed with post's content in FF(3.6.16 )do check that in css.

  ReplyDelete
 16. ചൈന ടൌനും ഡബിള്‍സും ഇറങ്ങുന്നത് കൊണ്ട് നാട്ടില്‍ വരാം എന്ന് കരുതി ഇരുന്നതാ,ലീവ് കിട്ടിയില്ല.... എനിവേ ഭാഗ്യം രണ്ടില്‍ നിന്നും രക്ഷപെട്ടു മാനേജര്‍ക്കും ഹരിക്കും നന്ദി

  വൈകിയ വിഷു ആശംസകള്‍ !!

  ReplyDelete
 17. ഹേ ഹരീ മുമ്പ് ഇന്‍ഫോ കൈരളിയില്‍ എഴുതിയിരുന ഹരി എസ് നമ്പൂതിരി താങ്കള്‍ തന്നെയല്ലേ?

  ReplyDelete
 18. വാല്‍ക്കഷ്ണങ്ങള്‍ ഗംഭീരമാകുന്നുണ്ട്. :-)

  ReplyDelete
 19. ഒരു നിര്‍മാതാവ് തെറ്റ് ചൂണ്ടികാട്ടിയപ്പോള്‍..."മമ്മൂട്ടിയല്ലേ അഭിനയിക്കുന്നത് ജനങ്ങള് കണ്ടോളും" എന്ന മമ്മൂട്ടീടെ തന്നെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവന കടമെടുത്തു കൊണ്ട് പറയട്ടെ..ഇങ്ങനെയൊക്കെ ധരിച്ചു വശായി നടക്കുന്ന ഈ മുറിമൂക്കന്റെ മൂന്നാംകിട പടം റിവ്യൂ എഴുതാന്‍ വേണ്ടിയാണെങ്കിലും പോയി കണ്ട ഹരിയെ സമ്മതിക്കുന്നു...

  ReplyDelete
 20. സോഹന്‍ സീനുലാല്‍ നവാഗത സംവിധായകനല്ല എന്നാണറിവ്. കഴിഞ്ഞ വര്‍ഷം പുറത്ത്‌ വന്ന 'ഓര്‍ക്കുക വല്ലപ്പൊഴും' സംവിധാനം ചെയ്ത സോഹന്‍ലാലാണ് ഈ സോഹന്‍ സീനുലാല്‍ :)

  ReplyDelete
 21. @ഷാജി,
  ഓർക്കുക വല്ലപ്പോഴും സോഹൻലാൽ ആണ്..ഇത് ആള് വേറെയാണ് :-)

  ReplyDelete
 22. സോഹന്‍ ലാലിന്റെ വിക്കി പേജ്. 'ഡബിള്‍സി'ന്റെ വിക്കി പേജില്‍ പറയുന്നതും നവാഗതനെന്നു തന്നെ. Doubles is a 2011 Malayalam comedy-action drama film directed by debutant Sohan Seenulal and written by the Sachi-Sethu duo.

  ReplyDelete
 23. ഓ..! ശരിയാണ്. ഇപ്പോള്‍ തിരക്കി ഉറപ്പ്‌ വരുത്തി. സോഹന്‍ലാല്‍ , സോഹന്‍ സീനുലാല്‍ എന്ന് പേരു മാറ്റി എന്ന് എവിടെയോ എപ്പോഴോ വായിച്ചിരുന്നു. അതായിരുന്നു തെറ്റിദ്ധാരണക്ക് കാരണമായത് .

  ReplyDelete
 24. ഓ. ടോ ലോലിപോപ്പ് എന്ന ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് അത് "ജോഷ്‌" എന്ന ഷാരുക് ചിത്രത്തിന്റെ മോഷണമാണ് ‍

  ReplyDelete
 25. നാരായണ ദാസിനെ പറ്റി മാത്രം പറയരുത്. അദ്ദേഹം മലയാള സിനിമാവ്യവസായത്തിന് ആള്‍ദൈവതുല്യം ആദരണീയനാണ്. നാലഞ്ച് പടമെടുത്ത നാരായണദാസദ്യേഹത്തിന്റെ ഏയഞ്ചല്‍ ജോണും, ഡബിള്‍സും ഒക്കെ കാണുന്നവ്െ സമ്മതിക്കണം... ചുമ്മാ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെ പോലെ അദ്ദേഹത്തെ പോലെ ചിലര്‍ പടം എറ്റുക്കുന്നതാണ് മലയാള സിനിമയിലെ തൊഴിലാളികള്‍ ജീവിച്ച് പോകുന്നത്. അതിനാല്‍ ഒരു തൊഴിലുറപ്പ് സിനിമയായി ഇതിനേയും കാണുക. കൊള്ളാവുന്ന സംവിധായകരെയും തിരക്കഥയും കണ്ടാല്‍ “അയ്യേ” എന്ന് പറയുന്ന നിര്‍മ്മാതാക്കളാണ് ഇത്തരം ചിത്രങ്ങള്‍ മലയാളിക്ക് വിഷുക്കൈനീട്ടമായും പൊന്നോണസമ്മാനമായും ന്യൂയിയര്‍ പ്രെസന്റായും നല്‍കുന്നത്. തിരക്കഥ കണ്ടാല്‍ തിന്നാനുള്ളതാണോന്ന് ചോദിക്കുന്ന വങ്കന്മാരും പിന്നെ സംവിധാനം പഠിക്കാന്‍ ഇറങ്ങുന്ന കോന്തന്മാരും ഇനിയും വരും. അവര്‍ക്കായി ഈ മലയാള സിനിമ എന്നും ഉണ്ടാകും. ഒരു നാരാ‍യണദാസിനു കോടികള്‍ പോയാല്‍ മറ്റൊരു നാരായണദാസ് ഇറങ്ങും അല്ലെങ്കി ഇറക്കും. അമ്മയും-മാക്ടയും മറ്റേ പെപ്കയും ഒക്കെ കണക്കാ. പ്രേക്ഷകന്‍ ഇത്തരം എന്റോസള്‍ഫാന്‍ സിനിമ സിനിമകള്‍ നിരോധിക്കണം.

  ReplyDelete
 26. ഇതിനു തലവച്ചു... ഓടിയില്ല.. ഉറങ്ങി രക്ഷപ്പെട്ടു...

  ReplyDelete
 27. നവാഗതനായ സോഹന്‍ സീനുലാല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഡബിള്‍സ്. മമ്മൂട്ടിയും നാദിയ മൊയ്ദുവും ഇരട്ട സഹോദരങ്ങളായി അഭിനയിച്ച ഈ സിനിമയില്‍ തപസീ പന്നു, സയിജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജുകുട്ടന്‍, അനൂപ്‌ ചന്ദ്രന്‍, തമിഴ് നടന്‍ മഹേന്ദ്ര, സുരേഷ്, അവിനാഷ്, നാരായണന്‍കുട്ടി, ആനന്ദ്‌ രാജ്, ഗീത വിജയന്‍, ജയ മേനോന്‍, അബു സലിം എന്നിവരും അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും പുതിയ ഇരട്ട തിരക്കഥകൃത്തുക്കള്‍ സച്ചി-സേതു രചന നിര്‍വഹിച്ച ഡബിള്‍സ് നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ.നാരായണദാസ് ആണ്.

  ഗിരിയും, ഗൌരിയും ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപെട്ടവരാണ്. അവരുടെ കണ്മുമ്പില്‍ വെച്ച് തന്നെയാണ് അച്ഛനും അമ്മയും വാഹന അപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ ഗിരിയും ഗൌരിയും വാഹന അപകടങ്ങളില്‍ പെട്ടവരെ രക്ഷപെടുത്തുന്ന തൊഴില്‍ ഏറ്റെടുത്തു ജീവിക്കുന്നു. അങ്ങനെ ഒരിക്കല്‍...ഒരു വാഹന അപകടത്തില്‍ നിന്നും സൈറ ഭാനു എന്ന യുവതിയെ രക്ഷപെടുത്തുകയും...പിന്നീട് അവള്‍ അവരുടെ കൂടെ താമസിക്കുകയും ചെയ്യുന്നു. അവളുടെ വരവോടെ ഗിരിയും ഗൌരിയും തമ്മില്‍ വഴക്കാകുകയും, തമ്മില്‍തല്ലി പിരിയുകയും ചെയ്യുന്നു. തുടര്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കഥയുമായി ഒരു ബന്ധവുമില്ലാത്ത സുരാജിനെ കൊണ്ട് സിനിമയുടെ ആദ്യാവസാനം വളിപ്പ് പറയിപ്പിച്ചിട്ടുണ്ട്. താമശയ്ക്ക് വേണ്ടി ചായയില്‍ വിം കലക്കി കൊടുക്കുന്നത് വരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് സംവിധായകന്‍. സിനിമയുടെ അവസാനം...കൊക്കയില്‍ വീഴാന്‍ പോകുന്ന സഹോദരിയെ രക്ഷിക്കുന്ന രംഗം മുഴുവന്‍ കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അപാര ക്ഷമ വേണ്ടിവന്നേക്കും.

  തിരക്കഥയിലുള്ള എന്ത് സവിശേഷതയാണ് മമ്മൂട്ടിയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. മമ്മൂട്ടിക്ക് ഒരിക്കലും അനിയോജ്യമാകാത്ത കഥാപാത്രമാണ് ഈ സിനിമയിലേത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ സമ്പൂര്ണ പരാജയമാണ് സോഹന്‍ സീനുലാല്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് ഇതിന്റെ തിരക്കഥകൃത്തുകളും, സംവിധായകനും തന്നെ.

  ReplyDelete
 28. [ചിത്രത്തിലെ പ്രധാനവില്ലന്റെയൊരു ഡയലോഗ്, ഒരു സാമ്പിളിന്‌: "അവരെയൊന്നും ചതിക്കണമെന്ന് ഞാന്‍ കരുതിയതല്ല. പക്ഷെ, 'ഞങ്ങളെ ചതിക്കൂ...' എന്നും പറഞ്ഞ് മുന്നില്‍ വന്നു നിന്നു തന്നാല്‍ പിന്നെ ഞാനെന്തു ചെയ്യും?" പാവം വില്ലന്‍!
  ചിലപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ ആരാധകരെക്കുറിച്ച് ചിന്തിക്കുന്നതും ഇങ്ങിനെ തന്നെയാവാം; "ഞങ്ങളെയൊന്ന് മണ്ടന്മാരാക്കൂ എന്ന് പറഞ്ഞ് തിക്കിത്തിരക്കിയാല്‍ പിന്നെ ഞങ്ങളെന്ത് ചെയ്യും!] hats off for this cmmnt...hahaha..padam kanddu villianmarude idayil sathyamenthennariyathe parasparam poradikuna sahodarangal/..karanju poyi..nut ee cinemakar manasilakanum oru malayaliyum ee cinema theatre il poyi kanilla except fans..aprilil thanne nalla clear print internetil vannu..athu kandu thripriyadanju..mammuty vayasan alla ennu njangalk okke ariyam pinneyum enthinu panipetu athu bodhyapeduthanam.mammutide hair stylum dressingum parama bore..

  ReplyDelete