സിറ്റി ഓഫ് ഗോഡ് (City of God)

Published on: 4/25/2011 09:05:00 AM
City of God: A film by Lijo Jose Pellisseri starring Indrajith, Prithviraj, Rima Kallingal, Parvathi Menon, Swetha Menon etc. Film Review by Haree for Chithravishesham.
ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തിയ 'നായകനി'ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ രണ്ടാം സിനിമയാണ്‌ 'സിറ്റി ഓഫ് ഗോഡ്'. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം പാര്‍വതി മേനോന്‍, റീമ കല്ലിങ്കല്‍, ശ്വേത മേനോന്‍ തുടങ്ങിയവരൊക്ക പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം, മേരി മാത ക്രിയേഷന്‍സിന്റെ ബാനറില്‍ എം. അനിതയും അനില്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. പൃഥ്വിരാജ് നായകനായ 'വാസ്തവം', 'തലപ്പാവ്' തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച ബാബു ജനാര്‍ദ്ദനനാണ്‌ 'ദൈവത്തിന്റെ നഗര'ത്തിനു വേണ്ടിയും പേന ചലിപ്പിക്കുന്നത്. ഇതേ പേരിലിറങ്ങിയ ബ്രസീലിയന്‍ ചിത്രത്തിനു സമാനമായി നഗരങ്ങളിലെ മനുഷ്യരുടെ ദൈവത്തിനു നിരക്കാത്ത ചെയ്തികളുടെ കഥ തന്നെയാണ്‌ ഈ ചിത്രവും പറയുന്നതെങ്കിലും, ആ ചിത്രവുമായുള ഇതിന്റെ സാമ്യം പേരിനപ്പുറം പോവുന്നില്ല.

ആകെത്തുക     : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 6.50 / 10
: 3.50 / 05
: 4.00 / 05
ബ്രസീലിയന്‍ 'സിറ്റി ഓഫ് ഗോഡു'മായി പേരിലാണ്‌ സാദൃശ്യമെങ്കില്‍, 'അമോരെസ് പെരോസ്' എന്ന മിക്സിക്കന്‍ ചിത്രവുമായി പ്രമേയത്തിലല്‍പവും സ്വഭാവത്തിലേറെയും സമാനതകള്‍ മലയാളത്തിന്റെ 'സിറ്റി ഓഫ് ഗോഡി'നുണ്ട്. വാടകക്കൊലയാളി, ഭാര്യ-ഭര്‍ത്താവ് കുടുംബവഴക്കിനിടയില്‍ വരുന്ന മറ്റൊരാള്‍, പായുന്ന വണ്ടിക്കു പിന്നാലെയുള്ള കൊലയാളികള്‍, ഇവരൊക്കെ സന്ധിക്കുന്ന ഒരു വാഹനാപകടം; ഇതൊക്കെ രണ്ടു ചിത്രങ്ങളിലും കാണാം. ഇവയെയൊക്കെ സമര്‍ത്ഥമായി മറ്റൊരു തരത്തില്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍ പറയുവാനായി എന്നതിലാണ്‌ രചയിതാവിന്റെ മിടുക്ക്. സംവിധായകനും സാങ്കേതിക വിദഗ്ദ്ധര്‍ക്കും വേറിട്ടൊരു സ്വഭാവം ചിത്രത്തിനു നല്‍കുവാനുള്ള അവസരം നല്‍കിയാണ്‌ ബാബു ജനാര്‍ദ്ദനന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം അവസാനിക്കുമ്പോഴും പൃഥ്വിരാജ് അവതരിപ്പിച്ച ജ്യോതിലാല്‍ ഒരു കഥയില്ലാത്തവനായി അവശേഷിക്കുന്നു എന്നൊരു കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റുള്ള കഥാപാത്രങ്ങള്‍ക്കെല്ലാം ആവശ്യത്തിന്‌ ആഴവും പരപ്പും നല്‍കുവാന്‍ രചയിതാവിന്‌ കഴിഞ്ഞു. മിതത്വം പാലിക്കുന്ന സംഭാഷണങ്ങളുടെ മികവിനും ബാബു ജനാര്‍ദ്ദനന്‌ അഭിമാനിക്കുവാന്‍ വകയുണ്ട്. ചില കാര്യങ്ങളെങ്കിലും വ്യക്തമായി പറഞ്ഞു തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ ചിത്രത്തിനു വന്ന മറ്റൊരു പിഴവ്. (ഉദാ: ലിജിയും സോണിയും തമ്മിലുള്ള ഭൂമി ഇടപാട്; അതിനെക്കുറിച്ച് ഒരു സമയം കഴിഞ്ഞാല്‍ പിന്നെ ചിത്രമൊന്നും പറയുന്നില്ല.) ഒടുവില്‍ ചിത്രം പൂര്‍ണമാവുമ്പോള്‍ കാര്യമായെന്തെങ്കിലും പറഞ്ഞു വെയ്‍ക്കുന്നതുമില്ല എന്നതുമൊരു കുറവു തന്നെ. സങ്കേതത്തോടൊപ്പം കഥയിലും കൂടി എന്തെങ്കിലുമൊക്കെ പുതുമകള്‍ കരുതുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിത്രത്തിന്‌ ഇതിലുമധികം ശ്രദ്ധനേടുവാന്‍ കഴിയുമായിരുന്നു.

Cast & Crew
City of God

Directed by
Lijo Jose Pellissery

Produced by
M. Anitha, Anil Mathew

Story, Screenplay, Dialogues by
Babu Janardanan

Starring
Indrajith, Prithviraj, Rima Kallingal, Parvathy Menon, Swetha Menon, Rajeev Pillai, Rohini, Sudheer Karamana, Jagadeesh, Anil Murali etc.

Cinematography (Camera) by
Sujith Vasudev

Editing by
Manoj

Production Design (Art) by
Salu K. George

Background Score / Music by
Prashant Pillai

Sound Design by
Renganath Ravee

Lyrics by
Anil Panachooran

Make-Up by
Aji Sreekaryam, Pradep Rangan

Costumes by
Suresh Fitwell

Choreography by
Five Star Ganesh

Action (Stunts / Thrills) by
Different Dany

Banner
Mary Matha Creations

ആദ്യ ചിത്രത്തിലെ പോരായ്മകളൊക്കെ കഴിവതും പരിഹരിച്ചാണ്‌ ലിജോ ജോസ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രമാവശ്യപ്പെടുന്ന വേഗതയും ഒത്തിണക്കുവുമൊക്കെ നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞു. ഗാനങ്ങള്‍, സംഘട്ടനങ്ങള്‍ ഇവയൊന്നും അമിതമാവാതെ ചിത്രത്തിനുതകുന്ന രീതിയില്‍ ഉപയോഗിക്കുന്നതിലും സംവിധായകന്‍ മിടുക്കു കാട്ടി. എന്നാല്‍ ആദ്യ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഘ്യാന ശൈലിയിലാണ്‌ ഈ ചിത്രം എന്നതിനാല്‍ തന്നെ ബാധ്യതകളും കുറവല്ല. ചിത്രത്തിലെ പല രംഗങ്ങളും വിവിധ വീക്ഷണകോണില്‍ കാണിക്കുന്നെങ്കിലും, മര്‍മ്മപ്രധാന രംഗമായ തുടക്കത്തിലെ വാഹനാപകടം ഒരൊറ്റ ദൃശ്യകോണിലേ ചിത്രത്തിലുള്ളൂ എന്നത് നിരാശപ്പെടുത്തി. അതേ സമയം തന്നെ മറ്റു പല രംഗങ്ങളും പലരുടെ പക്ഷത്തു നിന്നും ആവര്‍ത്തിച്ചു കാണുകയെന്ന ബാധ്യതയും പ്രേക്ഷകര്‍ക്കുണ്ട്. ഒരു രംഗത്തില്‍ നിന്നും തുടങ്ങി മറ്റൊരിടത്ത് കൂട്ടിമുട്ടിച്ചു കഴിഞ്ഞാല്‍, പിന്നെയും മുന്‍പു കണ്ടതും കേട്ടതും തുടര്‍ന്നു കാണിക്കുന്നതും ആവശ്യമെന്നു തോന്നിയില്ല. മിക്ക കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ അഭിനേതാക്കളെയാണ്‌ കണ്ടെത്തി ഉപയോഗിച്ചിരിക്കുന്നതെങ്കിലും സോണി എന്ന കഥാപാത്രം ഇതിനൊരു അപവാദമാണ്‌. കൂടുതല്‍ മികച്ചൊരു അഭിനേതാവിനെ ആ കഥാപാത്രം ആവശ്യപ്പെടുന്നു.

സൂര്യപ്രഭ എന്ന സിനിമാനടിയായി റീമ കല്ലിംഗല്‍ തന്നെയാണ്‌ അഭിനേതാക്കളില്‍ മുന്നിട്ടു നില്‍ക്കുന്നത്. സ്വര്‍ണവേലായി ഇന്ദ്രജിത്ത്, മരതകമായി പാര്‍വതി മേനോന്‍, ലിജി പുന്നൂസായി ശ്വേത മേനോന്‍ തുടങ്ങിയവരും മികവു പുലര്‍ത്തുന്നു. വണ്ടിയോടിക്കലും തല്ലുണ്ടാക്കലുമല്ലാതെ മറ്റൊന്നും പൃഥ്വിരാജിന്‌ ജ്യോതിലാലായി ചെയ്യുവാനില്ല. അതിനാല്‍ തന്നെ കാര്യമായൊരു ശ്രദ്ധയും നേടാതെ ആ കഥാപാത്രം കടന്നു പോവുന്നു. സോണിയെ അവതരിപ്പിച്ച രാജീവ് പിള്ളയില്‍ നിന്ന് ഇതിലും മെച്ചപ്പെട്ട ഒരു ശ്രമം ആ കഥാപാത്രം ആവശ്യപ്പെടുന്നു. (സോണിയെ പൃഥ്വിരാജും ജ്യോതിലാലിനെ രാജീവും അവതരിപ്പിച്ചിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നില്ലേ?) സുധീര്‍ കരമന, രോഹിണി തുടങ്ങിയ അഭിനേതാക്കളും ശ്രദ്ധയര്‍ഹിക്കുന്ന ശ്രമമാണ്‌ ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. ജഗദീഷ്, അനില്‍ മുരളി തുടങ്ങി മറ്റു വേഷങ്ങളിലെത്തുന്ന അഭിനേതാക്കളും മോശമായില്ല.

സ്വര്‍ണവേല്‍, ജ്യോതിലാല്‍ എന്നിവര്‍ നായകസ്ഥാനത്തു വരുന്ന രണ്ട് പ്രധാന കഥകളാണ്‌ ചിത്രത്തിലുള്ളത്. (ജ്യോതിലാലിന്റെ കഥയില്‍ സൂര്യപ്രഭയുടേയും ലിജി പുന്നൂസിന്റെയും ഉപകഥകളുമുണ്ട്.) ഇവയിലെ കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്നുണ്ട് എന്നതൊഴിച്ചാല്‍, ഇതു രണ്ടും രണ്ട് വഴിക്കു തന്നെ പുരോഗമിക്കുന്നു. രണ്ട് പ്രധാന കഥകളും വ്യത്യസ്ത കളര്‍ പാറ്റേണിലാണ്‌ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് പകര്‍ത്തിയിരിക്കുന്നത്. താത്പര്യമുണര്‍ത്തുന്ന ചില വീക്ഷണ കോണുകളും സുജിത്ത് നമുക്ക് കാട്ടിത്തരുന്നുണ്ട്. ആവര്‍ത്തിച്ചുകാണിക്കുന്ന രംഗങ്ങളുടെ ദൈര്‍ഘ്യം ക്രമീകരിച്ച് ചിത്രത്തിന്‌ അല്‍പം കൂടി വേഗത നല്‍കുവാന്‍ ചിത്രസന്നിവേശകനായ മനോജിന്‌ ശ്രമിക്കാമായിരുന്നു. സംവിധായകനു കൂടി ഇതില്‍ പങ്കുണ്ട് എന്നത് വിസ്മരിക്കുന്നില്ല. (ഒരു ഉദാഹരണം: ജ്യോതിലാലിനെ സംതൃപ്തിക്ക് വേണ്ടി എസ്.ഐ. ലോക്കപ്പില്‍ കയറ്റുന്ന രംഗം. അവിടെ ലോക്കപ്പില്‍ കയറ്റിയതിനു ശേഷം അവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, അതിനകത്ത് അപ്പോഴുള്ള കള്ളന്റെ വീക്ഷണകോണില്‍ അതേ ദൃശ്യം വരുമ്പോള്‍ മതിയാവും. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നില്ലേ? ഇതിപ്പോള്‍ രണ്ടുവട്ടവും സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നു.) രംഗനാഥ് രവിയുടെ ശബ്ദ സംവിധാനം പല രംഗങ്ങളുടേയും തീവ്രത കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചിലപ്പോഴൊക്കെ പ്രശാന്ത് പിള്ള ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതം പൂര്‍വതല സംഭാഷണങ്ങളേക്കാള്‍ ഉയര്‍ന്നു പോവുന്നു എന്നൊരു ദോഷവും കൂട്ടത്തില്‍ പറയുവാനുണ്ട്. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനത്തോടൊപ്പം അജി ശ്രീകാര്യം, പ്രദീപ് രങ്കന്‍ എന്നിവരുടെ ചമയങ്ങളും സുരേഷ് ഫിറ്റ്‍വെല്ലിന്റെ വസ്ത്രാലങ്കാരവും ചിത്രത്തിനുതകുന്നവയാണ്‌. യഥാക്രമം സംഘട്ടന, നൃത്ത രംഗങ്ങളൊരുക്കിയ ഡിഫറന്റ് ഡാനി, ഫൈവ് സ്റ്റാര്‍ ഗണേഷ് എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സംഘട്ടനരംഗങ്ങള്‍ അമാനുഷിക പ്രകടനങ്ങളായി മാറുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. അനില്‍ പനച്ചൂരാനെഴുതി പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന മൂന്ന് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ചിത്രത്തിലവയുടെ ഉപയോഗം നന്നെങ്കിലും, സിനിമാഗാനങ്ങളെന്ന നിലയ്ക്ക് അവ എത്രത്തോളം ശ്രദ്ധനേടുമെന്ന് കണ്ടറിയണം.

ഒരു ചിത്രപ്രശ്നം പൂരിപ്പിക്കുന്ന പ്രതീതിയാണ്‌ ബഹുദിശയില്‍ പറയുന്ന ഈ സിനിമയുടെ ജനുസ്സില്‍ പെട്ട ചിത്രങ്ങള്‍ കാണുമ്പോഴുണ്ടാവുക. ചിത്രം പൂര്‍ണമാവുമ്പോള്‍ മാത്രമാണ്‌ മൊത്തത്തിലൊരു ആശയം കാണികള്‍ക്ക് ലഭിക്കുക. മുന്‍പു കണ്ടതൊക്കെ പിന്നീട് വീണ്ടുമൊന്നോര്‍ത്തെടുത്ത്, വിവിധ സംഭവങ്ങളെ യുക്തിപൂര്‍വ്വം കൂട്ടിയിണക്കി ആശയം കണ്ടെത്തുക എന്നത് മലയാള സിനിമ മാത്രം കണ്ടു ശീലിച്ചിട്ടുള്ളവര്‍ക്ക് അത്ര എളുപ്പത്തില്‍ വഴങ്ങണമെന്നില്ല. പ്രേക്ഷകരില്‍ നിന്നും മറ്റൊരു സമീപനവും കാഴ്ചശീലവും ഈ സിനിമ ആവശ്യപ്പെടുന്നു. അതൊന്നും നടക്കില്ല, നായകനെത്തി വില്ലനെ തോല്‍പിച്ച് പെണ്ണിനെ കൈക്കലാക്കുന്ന കഥയും ഇടയ്ക്കൊരു ഫൈറ്റും കോമഡിയും സോങ്ങുമൊക്കെ ചേരുകയും ചെയ്യുന്ന മസാലക്കൂട്ട് ചിത്രങ്ങള്‍ മാത്രമേ രുചിക്കൂ എന്നാണെങ്കില്‍ ഈ സമയം മറ്റു തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ചിത്രങ്ങള്‍ തന്നെയേ നിങ്ങള്‍ക്കിണങ്ങൂ. അങ്ങിനെയുള്ളവരോട് പറയുവാന്‍ ഒന്നേയുള്ളൂ; 'നിങ്ങള്‍ക്ക് നഷ്ടമാവുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല!'. പ്രേക്ഷകരെന്ന നിലയില്‍ നല്ല സിനിമയ്ക്കായി വിലപിച്ചാല്‍ മാത്രം പോര, അത്തരം സിനിമകള്‍ കാണുവാനും ആസ്വദിക്കുവാനുമുള്ള പക്വത നേടിയെടുക്കുക കൂടി ചെയ്യേണ്ടതുണ്ട്. അതിനൊരു തുടക്കമാവട്ടെ ലിജോ ജോസിന്റെ 'സിറ്റി ഓഫ് ഗോഡ്' പോലെയുള്ള ചിത്രങ്ങള്‍ എന്ന് പ്രത്യാശിക്കുന്നു.

പിന്‍കുറിപ്പ്: ചിത്രത്തിനൊടുവില്‍ തിയേറ്ററിലുയര്‍ന്നത് കൂവല്‍ (ഒരു ചെറിയ മൂലയില്‍ നിന്ന് കൈയ്യടിയും). യഥാര്‍ത്ഥത്തില്‍ കൂവി തോല്‍പിക്കുന്നത് ചിത്രത്തെയല്ല, നമ്മളെ തന്നെയാണെന്ന് ഇവരറിയുന്നുണ്ടോ?
--

18 comments :

 1. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'സിറ്റി ഓഫ് ഗോഡി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree #CityOfGod: A different attempt in #Malayalam. The crew needs an applause. Coming soon: http://bit.ly/reviews #CoG
  14 hours ago via web
  --

  ReplyDelete
 2. ഉറുമി എന്ന സിനിമയ്ക്ക് കൊടുത്ത സംവിധായക റേറ്റിംഗിലും കുറവ് ഇതിനു കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ. തിരക്കഥയിലെ കുറവുകൾ പറഞ്ഞതു വെച്ച് മാർക്ക് തരക്കേടില്ല. എന്നാലും കുറഞ്ഞു പോയി എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്(ഇത് എന്റെ തോന്നൽ എഴുതാനുള്ള ഇടമല്ല ഹരീടെ തോന്നലുകൾ എഴുതാനുള്ള ഇടമാണ് എന്നത് അംഗീകരിക്കുന്നു.).

  ഒരു താരതമ്യം കൂടി: ഉറുമി ദൃശ്യങ്ങളുടെ കോളാഷും...ഇത് മലയാളത്തിൽ ഇന്ന് അപൂർവ്വമായ സിനിമയും ആണ്...

  ReplyDelete
 3. @ Rakesh, should the style of, the same scenes repeating in different perspectives, were restricted to only a couple of important scenes, definitely, this would have been the best directed Malayalam movie in long time.
  But that was overdone and takes out a lot of credit, unfortunately.

  ReplyDelete
 4. @Rajesh

  I felt like he injected Memento style of narrative into multi-layered approach.

  ReplyDelete
 5. ഹിന്ദിയില് ഇറങ്ങിയ Kameene, Ishqiyaa ഒക്കെ പോലുള്ള ഒരു ചിത്രമാണോ ഇതു?

  ReplyDelete
 6. ബ്രസീലിയന്‍ സിറ്റി ഓഫ് ഗോഡ് സംവിധായകനെ വളരെയധികം സ്വാധീനം ചെലുതിയുട്ടുണ്ട് .മണിരത്നത്തിന്റെ ആയുത എഴുത്തിലും അമോരെസ് പേരെസിന്റെ സ്വാധീനം കാണാം സിനിമ വിജയിക്കാന്‍ സാധ്യത വളരെ കുറവാണു .ക്ലൈമാക്സ്‌ വളരെ ബോറയിരിന്നു .അവസാനത്തെ അഞ്ച് മിനിറ്റ് സംവിധായകന്റെ കയ്യില്നീനു പോയി .സിറ്റി ഓഫ് ഗോഡ് ഇലെ ചില രംഗങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തി ചിത്രത്തില്‍ കാണാം ടോരെന്റിനോയുടെ pulp fiction നിന്നുള്ള ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട് ,ട്രവോട്ട ,ഉമ തുര്‍മനെ കാണാന്‍ പോകുന്ന രംഗം മറ്റൊരു തരത്തില്‍ ചിത്രത്തിലുണ്ട് .കഥയുമായി ബന്ധമോന്നുമില്ലെങ്ങിലും
  amore peros,city of god,pulp fiction എന്നീ ചിത്രങ്ങളുടെ ആഖ്യാന രീതി കടമെടുതിട്ടുണ്ട് .
  .സിനിമ പക്ഷെ പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട് .ഉരുമിയെക്കള്‍ എത്രയോ നല്ലത്

  ReplyDelete
 7. രാജുമോന്റെ കല്യാണവും ഇന്ന് കഴിഞ്ഞു.രാജുമോന്‍ വനിതയിലെ അഭിമുഖത്തില്‍ പറയുന്നത് മുംബയിലെ പത്രക്കാരിയുമായി തനിക്കു ബന്ധമൊന്നുമില്ല എന്നാണ് ,അത് അച്ചടിച്ച്‌ വന്നു അതിന്റെ മഷി ഉണങ്ങും മുമ്പേ രാജുമോന്‍ അവളെ കെട്ടി .വനിതാ വാങ്ങി വായിച്ചവര്‍ വിദ്ടികളുമായി.എന്റെ പതിനഞ്ചു രൂപ വെറുതെ പോയി.

  ReplyDelete
 8. എന്തായാലും കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വിഡ്‌ഢികളാക്കിയാണ്‌ പൃഥ്വി വിവാഹിതനായത്‌. മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയുമായി പൃഥിരാജ്‌ പ്രണയത്തിലാണെന്ന്‌ വാര്‍ത്ത പ്രചരിച്ചപ്പോള്‍ അത്‌ മലയാളത്തിലെ പ്രമുഖ വനിതാ മാഗസിന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം നല്‍കി പൃഥ്വി നിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ള പത്രപ്രവര്‍ത്തനം നീചമാണെന്നു വരെ അന്ന്‌ പൃഥ്വി ഗീര്‍വാണം വിട്ടിരുന്നു. വിവാഹത്തലേന്ന്‌ വാര്‍ത്ത പുറത്തുവന്നപ്പോഴും സ്‌ഥിരീകരിക്കാനും അദ്ദേഹം തയാറായിരുന്നില്ല.

  ഇന്ന്‌ എല്ലാം വ്യക്‌തമാക്കാമെന്നായിരുന്നു പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികാ സുകുമാരന്‍ പറഞ്ഞത്‌. അമിതാഭ്‌ ബച്ചന്റെ മകനും ബോളിവുഡിലെ സൂപ്പര്‍ താരവുമായ അഭിഷേക്‌ ബച്ചനും മുന്‍ ലോക സുന്ദരിയും ഇന്ത്യന്‍ സിനിമയിലെതന്നെ താരറാണിയുമായ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം പോലും 'പുല്ലു'പോലെ നടന്നിടത്താണ്‌ പൃഥ്വിരാജിന്റെ താരജാഡ കേരളം കണ്ടത്‌. ഇത്രയും രഹസ്യമായി വച്ചിരുന്നില്ലെങ്കില്‍ പൃഥ്വിയുടെ വിവാഹത്തിലേക്ക്‌ മാധ്യമങ്ങളും ആരാധകരും തള്ളിക്കയറുമെന്നായിരിക്കാം അദ്ദേഹം സ്വപ്‌നം കണ്ടത്‌(mangalam online edition)

  ReplyDelete
 9. സിനിമ കണ്ടു...ഇഷ്ടപ്പെട്ടു..സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഒആര്‍മ വന്നത് ഉദയഭാനുവിന്റെ സിനിമയുടെ കാഴ്ച്ചപ്പാടാണു”നല്ല സിനിമകള്‍ ഇല്ലാത്തതുകൊണ്ടാണു ആളുകള്‍ കോമഡിക്ക് കൈയ്യടിക്കുന്നത്”

  ReplyDelete
 10. അവസാനത്തെ വാക്യം കലക്കി.....ഏതായാലും സിനിമ കാണാന്‍ തീരുമാനിച്ചു..

  ReplyDelete
 11. കഴിഞ്ഞ കുറച്ചു റിവ്യു വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ് ..താങ്കളുടെ ശൈലിയില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട് .എന്തോ നല്ലതാണോ എന്ന് ചോദിച്ചാല്‍ നല്ലത് ..പക്ഷെ പഴയ ശൈലി അല്പം കൂടി.. ഡൌണ്‍ ടൂ എര്‍ത്ത്.any way best wishes

  ReplyDelete
 12. Urumiyekal eniku ishtapettathu
  @krish raju monte kalyanavum COG yum thammilendu bendham

  ReplyDelete
 13. അടുത്തകാലത്തിറങ്ങിയ നല്ലൊരു സിനിമ പക്ഷെ പരാജയതിലെക്കാന് .എന്റെ കൂടെ വന്നവര്‍ക്കൊന്നും ചിത്രം തീരെ ഇഷ്ടപെട്ടില്ല .അവതാര്‍ സിനിമയ്ക്കു കയറി ഭൂരിപക്ഷം സമയം കിടന്നുറങ്ങി ,പക്ഷെ പുറത്തിറങ്ങി കിടിലന്‍ അഭിപ്രായം കാചിയവര്‍ ,ഈ ചിത്രത്തില്‍ അരമനിക്കൂരിനുള്ള കഥ മാത്രമേ ഉള്ളൂ എന്നാണ് പറയുന്നത് .സത്യം പറഞ്ഞാല്‍ അവതാര്‍ വളെരെ ബോറയിട്ടാണ് എനിക്ക് തോന്നിയത് (എനിക്കൊന്നും മനസിലായില്ല എന്നതാണ് സത്യം )പക്ഷെ മണ്ടനകതിരിക്കാന്‍ ഞാനും മികച്ച അഭിപ്രായം തന്നെ കാച്ചി .ഈ സിനിമ വിജയിച്ചിരുന്നു എങ്കില്‍ മറ്റൊരു ട്രെന്‍ഡ് സെറ്റെര്‍ ആയേനെ .മലയാള സിനിമ രക്ഷപെടും എന്നാ പ്രതീക്ഷ ഏതായാലും വേണ്ട .പോക്കിരി രാജയും കാര്യസ്ഥനും christaiin brothers തുടങ്ങിയ സിനിമകള്‍ കണ്ടിരിക്കാന്‍ മനക്കരുത്ത്‌ നേടിയവരാണ് നമ്മള്‍

  ReplyDelete
 14. ഇന്നലെ ഈ ഫിലിം കാണാന്‍ പോയപ്പോ തിയ്യടാറില്‍ നിന്ന് മാറിയിരുനു.
  മീരയുടേയും വിജയന്‍റെയും ക്ലാസിക് മൂവി മൊഹബത്ത് വന്നിരിക്കുന്നു.
  ഇങ്ങനെ കഴിവുള്ള ഡയറക്ടര്‍മ്മാരൊക്കെ മലയാളത്തില്‍ പടം എടുത്ത് കഷ്ടപെടാതെ
  വല്ല തമിഴിലോ ബോളിവുഡിലോ പോകുന്നതാ നല്ലതെന്ന് തോന്നുന്നു.

  ReplyDelete
 15. മലയാളത്തിന്‌ അത്ര പരിചിതമല്ലാത്ത സങ്കേതം ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം സംവിധായകന്‍ ഏറെ മികവ് പുലര്‍ത്തി എന്നു കരുതുവാന്‍ കഴിയില്ല. ആ സങ്കേതം ഉപയോഗിച്ചതില്‍ ചില പോരായ്മകള്‍ ഉണ്ടായി എന്നാണ്‌ എനിക്കു തോന്നിയത്. ഓരോ സംവിധായകരും അവരുടേതായ രീതിയില്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നു എന്നു കരുതാം. ഇത് സിനിമയാണ്‌, മറ്റൊന്ന് സിനിമയല്ല എന്നതൊക്കെ വ്യക്തിപരം മാത്രം.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  ഓഫ്: എന്തായാലും സത്യം പറയുന്നു എന്നും പറഞ്ഞ് ഒരു വാരികയില്‍ പ്രണയമില്ല എന്നു ശഠിക്കുകയും അതെല്ലാം കടന്ന് അങ്ങിനെയൊരു പെണ്‍കുട്ടി ഉണ്ടെന്നു പോലും പിന്നെയാണ്‌ അറിഞ്ഞത്, ആ കുട്ടിയുടെ ഭാവി ഓര്‍ക്കേണ്ടതല്ലേ എന്നൊക്കെ വിലപിക്കുകയും ചെയ്തതിനു ശേഷം; വാരിക ന്യൂസ് സ്റ്റാന്‍ഡുകളില്‍ വിറ്റു തീരുന്നതിനു മുന്‍പേ അതേ പെണ്ണിനെയും കെട്ടി വീട്ടിലെത്തിയത് നെറികേടായിപ്പോയി! പ്രണയം, വിവാഹം എന്നതൊക്കെ വ്യക്തിപരം - അതൊന്നും ആരേയും അറിയിക്കണമെന്ന് നിര്‍ബന്ധവുമില്ല. പക്ഷെ, അതിനായി ഇത്തരത്തില്‍ നുണ പ്രസിദ്ധീകരിക്കേണ്ടിയിരുന്നില്ല്ല.

  ReplyDelete
 16. ഈ ചിത്രത്തിന് pulp fiction -നു മായുള്ള connection ആരും എഴുതി കാണുന്നില്ല (ഇനി എന്റെ മാത്രം തോന്നലാണോ?).സിനിമ കണ്ട ഒന്ന് രണ്ടു സുഹൃത്തുകളും pulp fiction -നെ പറ്റി സൂചിപിച്ചിരുന്നു .രാജുമോന്‍ സ്വയം ഒരു നാര്‍സിസ്റ്റ് ആണ് താനെന്നു വെളിപെടുതിയിരിക്കുന്നു.വളരെ അഭിമാനത്തോടെയാണ് വെളിപെടുത്തല്‍.(ഇന്ത്യ ടുഡേ -യില്‍ കണ്ടതാണ് ).സുകുമാരനും പല വെല്ലുവിളികളും നടത്തിയതായി കേട്ടിട്ടുണ്ട് .ഭരതമുനിയുടെ നാട്യ ശാസ്ത്രവും ,marx ഇന്‍റെ das capital -ഉം വായിച്ച എത്ര നടന്‍മാര്‍ ഉണ്ടെന്നു അദ്ദേഹം മുമ്പൊരിക്കല്‍ വെല്ലുവിളിച്ചിരുന്നു .മല്ലിക സുകുമാരന് മുന്നില്‍ ശ്രീശാന്തിന്റെ അമ്മ പോലും ഒന്നുമല്ല (പാവം ജഗതിക്ക് ഒളിച്ചോടാന്‍ ഇവരെയെല്ലാതെ ആരെയും കിട്ടിയില്ലേ?)

  ReplyDelete
 17. നല്ലത് നായിക്കു പിടിക്കില്ലല്ലോ...

  ReplyDelete